2020, ജനുവരി 31, വെള്ളിയാഴ്‌ച

യക്ഷിക്കഥകളിലെ മൺകൂനകള്‍

പടിഞ്ഞാറിനെ കിഴക്കുമായി ബന്ധിപ്പിച്ചിരുന്ന "പട്ടുപാത"യിലൂടെ (silk route) ശതാബ്ദങ്ങള്‍ക്കു മുന്‍പ് സാഹസികയാത്ര നടത്തിയിട്ടുള്ള വ്യാപാരികളെയത്രയും അമ്പരപ്പിച്ചിട്ടുള്ളതാണ് കപ്പഡോഷ്യയിലെ വിചിത്രസൗന്ദര്യമുള്ള ഫെയറി ചിമ്മിനികള്‍.


കോടാനുകോടിവര്‍ഷങ്ങള്‍ക്കുമുന്‍പ്, മനുഷ്യരുണ്ടാവുന്നതിനും എത്രയോ മുന്‍പുതന്നെ, സ്ഫോടനാത്മകമായ അഗ്നിപര്‍വ്വതങ്ങളുടെ വിസ്തൃതമേഖലയായിരുന്നു കപ്പഡോഷ്യ. വിസ്ഫോടനങ്ങളിലൂടെ പുറംതള്ളപ്പെട്ട ചാരവും ലാവയും അടുക്കുകളായി ആ പ്രദേശത്തെ ഒന്നായി മൂടുകയായിരുന്നു. സഹസ്രാബ്ദങ്ങളോളം ഋതുചക്രങ്ങളിലൂടെ പരിവര്‍ത്തനം ചെയ്യപ്പെട്ട് തേയ്മാനം സംഭവിച്ച പര്‍വ്വതശിഖരങ്ങളാണ് ഇന്ന് നാം കാണുന്ന ഫെയറിചിമ്മിനികള്‍ എന്നാണ് ഭൂമിശാസ്ത്രവിദഗ്ദരുടെ വിശദീകരണം.

എന്തുതന്നെയായിരുന്നാലും പ്രകൃതിയുടെ രഹസ്യങ്ങളും കരവിരുതും കൈകോര്‍ക്കുമ്പോള്‍ കാലാന്തരങ്ങളില്‍ ഉടലെടുക്കുന്ന അത്യത്ഭുതങ്ങള്‍ ചിലപ്പോള്‍ വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും  അതീതമായി നില്‍ക്കുമെന്ന് തീര്‍ത്തു പറയാനാവുമെന്നതില്‍ സംശയമില്ല. അത്രയും വശ്യസൗന്ദര്യമാണ് UNESCO പൈതൃകപ്പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുള്ള യക്ഷിക്കൂനകളുള്ള  ഗിരിശൃംഗങ്ങള്‍ക്ക്.

മലനിരകള്‍ക്കുമുന്നിലായി സമതലത്തില്‍  ഒരു ഒട്ടകത്തെ കെട്ടിയിട്ടിരുന്നിടത്താണ് വണ്ടി നിന്നത്. "മലകളിലും ഒട്ടകമോ " എന്ന് കളിയായി ചോദിച്ചപ്പോള്‍ അലി പറഞ്ഞത് തുര്‍ക്കിയുടെ ഒട്ടക ചരിത്രമാണ്. ഒട്ടകങ്ങള്‍ ഇല്ലാത്ത തുർക്കിയില്‍ ഒട്ടകങ്ങള്‍ തമ്മിലുള്ള ഗുസ്തിയുത്സവം നടക്കാറുണ്ടെത്രേ! രണ്ടായിരത്തോളം വർഷങ്ങൾ പഴക്കമുള്ള ആഘോഷമാണിത്. ഇതിനായി ഇറാന്‍ അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നും ഒട്ടകങ്ങളെ കൊണ്ട് വരാറുണ്ട് പോലും!. ഗുസ്തിയറിയുന്ന ഒട്ടകമാണെന്നു ബോധ്യപ്പെടാന്‍ താമസമുണ്ടായില്ല. അടുത്തേയ്ക്ക് ചെന്നതും ആ ജീവി തലയിളക്കി പേടിപ്പിച്ചു.

അലി ഞങ്ങളെയും കൂട്ടി മലകൾക്കിടയിലുള്ള വീതി കുറഞ്ഞ വഴികളിലൂടെ കുറച്ചു ദൂരം നടന്നു. 

മായക്കാഴ്ചയോ യാഥാർത്ഥ്യമോ എന്ന് ഒരു വേള ചിന്തിച്ചുപോകുന്നവിധം അത്ഭുതപ്പെടുത്തുന്നതാണ് ഉന്നതസമതലങ്ങളില്‍ കാണാനാവുന്ന കുഴലുകള്‍ പോലെ മേലോട്ടുനോക്കിനില്ക്കുന്ന ഫെയറി ചിമ്നികള്‍. ഋതുഭേദങ്ങള്‍ ശോഷിപ്പിച്ച പാറമൺകൂനകള്‍ പലതരം മഴക്കൂണുകളുടെ രൂപത്തില്‍ എങ്ങും നിറഞ്ഞുനില്‍ക്കുന്നു. ഇന്ദ്രജാലം കൊണ്ടുണ്ടായതാണോ ഇവയെന്ന് ആര്‍ക്കെങ്കിലും തോന്നിപ്പോയാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല .


"അമ്പരപ്പിക്കുന്ന സൗന്ദര്യം" എന്നാണ് ആ കാഴ്ചയെ ഞാനെന്‍റെ മനസ്സില്‍ ചുരുക്കിയെഴുതിയിട്ടത്. മറ്റൊരു ലോകത്ത്, മറ്റൊരു കാലത്തില്‍, മറ്റൊരു  അനുഭൂതിയില്‍ ആ ദൃശ്യം എന്നെ തളച്ചിട്ടു.! 
ഭൌമാന്തര്‍ഗുഹകള്‍ക്കെന്ന പോലെ യക്ഷിക്കൂനകള്‍ക്കും പറയാനുണ്ടാകും ഒരുപാട് പഴങ്കഥകള്‍ .നൂറ്റാണ്ടുകള്‍ക്കപ്പുറം മനുഷ്യര്‍ക്ക്‌ യുദ്ധങ്ങളില്‍നിന്നും ശത്രുക്കളില്‍നിന്നും രക്ഷപ്പെട്ടോടിയൊളിയ്ക്കാനുള്ള അഭയകേന്ദ്രങ്ങളായി വര്‍ത്തിച്ചിരുന്നു ഈ അത്ഭുത സൃഷ്ടികള്‍  .

കുറേക്കാലം തദ്ദേശവാസികള്‍ ഈ ചിമ്മിനികള്‍ കൊട്ടാരങ്ങളായും പള്ളികളായും മറ്റു താമസസ്ഥലങ്ങളായും ഉപയോഗിച്ചിരുന്നതിന്റെ തെളിവുകള്‍ ഇന്നും ശേഷിക്കുന്നുണ്ടെന്നും ചില ചിമ്മിനികള്‍ ഇന്നും വാസയോഗ്യമാണെന്നും അലി പറഞ്ഞു. ടൂറിസത്തിന്റെ ഭാഗമായി ഇതിനോട് ചേർന്ന് കൂടുതല്‍ താമസ സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 




ഫെയറി ചിമ്നികള്‍ക്കിടയിലൂടെ കുറച്ചു ദൂരം ചെന്നപ്പോഴാണ് അലി മുസ്തഫയെ പരിചയപ്പെടുത്തി തന്നത്. 
ഒരു കലത്തില്‍ കുറേ പഴങ്ങളും മറ്റെന്തൊക്കെയോ കൂട്ടുകളും ഇട്ട് അടുപ്പില്‍ ചുള്ളിക്കമ്പുകള്‍ വച്ചുകത്തിച്ച് തിളപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു മുസ്തഫ. പ്രാദേശികമായി വീഞ്ഞുണ്ടാക്കലാണ് മുസ്തഫയുടെ തൊഴില്‍. കണ്ടാലും ഒരു മാന്ത്രികന്റെ മുഖച്ഛായ തോന്നും. മാന്ത്രികതാഴ്വാരത്തിലൊരു മാന്ത്രികനെയല്ലേ കണ്ടെത്താനാകൂ, മറിച്ച് വരില്ലല്ലോ.!

അയാള്‍ ഒരു ഗ്ലാസ്സില്‍ നീട്ടിയ വീഞ്ഞ് വാങ്ങി കുടിച്ചുനോക്കി. ചൂടുള്ള വീഞ്ഞ്! ചവർപ്പും മധുരവും കലർന്ന വ്യത്യസ്തമായ രുചിയായിരുന്നു അതിന്. 

ഫെയറിലാന്റിനെ പിന്നിലാക്കി, പ്രാവുകളുടെ താഴ്വാരം ലക്ഷ്യമാക്കി വണ്ടി നീങ്ങി. മേല്‍ത്തട്ടില്‍ നിന്നുകൊണ്ട് നോക്കുമ്പോള്‍ കാണുന്നത്  വിശാലമായ താഴ്വരയാണ്. 

മലയുടെ ചെരിവുകളില്‍ നിറയെ കൊച്ചുകൊച്ച് പ്രാവിൻകൂടുകള്‍ ! കാലങ്ങള്‍ക്ക് മുന്‍പ് മനുഷ്യരുണ്ടാക്കിയതാണ്. പണ്ട് തുർക്കികള്‍ പ്രാവുകളെ ഭക്ഷണത്തിനായി വളര്‍ത്തിയിരുന്നു. അവയുടെ കാഷ്ഠം വളമായും ഉപയോഗിച്ചിരുന്നു. ഇതിനായി അഗ്നിപർവ്വതസ്ഫോടനം നടന്ന മലകളുടെ പഞ്ഞിത്തുണ്ട് പോലെ മൃദുലമായ ചെരിവുകളില്‍ അവര്‍ പ്രാവുകൾക്ക് പാർക്കാനായി കൊച്ചു കൂടുകള്‍ കൊത്തിയുണ്ടാക്കി. ആയിരക്കണക്കിന് പ്രാവുകളെ അവര്‍ ഉപയോഗത്തിനായി ഇങ്ങനെ വളർത്തിയിരുന്നു. അകലെനിന്ന് നോക്കുമ്പോള്‍ പോലും മലഞ്ചെരുവുകളില്‍ പടർന്ന നീല, പച്ച, പിങ്ക്, ഓറഞ്ച് എന്നിവയുടെ നിറഭേദങ്ങള്‍ കാണാനാകും. പ്രാവിന്റെ കാഷ്ഠം പാറമണ്ണില്‍ കിടന്ന് രാസപ്രവർത്തനം നടന്നാണ് മലകൾക്ക് അത്രയും നിറഭേദങ്ങള്‍ ഉണ്ടായതെന്നാണ് ശാസ്ത്രം.



പീജിയൻ വാലിയിൽ വന്നിറങ്ങിയപ്പോഴേ വണ്ടി നിർത്തിയിടത്ത് ഒരു മരത്തില്‍ തൂക്കിയിട്ടിരുന്ന വെള്ളയും ആകാശനീലയും കരിനീലയും നിറങ്ങളുപയോഗിച്ചുണ്ടാക്കിയ കണ്ണിന്റെ ആകൃതിയിലുള്ള മുത്തുകളില്‍ തീര്‍ത്ത അലങ്കാരങ്ങള്‍ ശ്രദ്ധിച്ചിരുന്നു. 

മരത്തില്‍നിന്നും ഏതാനും മാലകള്‍ ഊരിയെടുത്ത്‌ കഥകളുടെ രാജകുമാരനായ അലി തുടങ്ങുകയായി,

“നിങ്ങൾക്കറിയാമോ ദൃഷ്ടിദോഷം വരാതിരിക്കാനായി ഉപയോഗിച്ചുവരുന്ന ഈ മുത്തുമണികള്‍ ലോകം മുഴുവനും വ്യാപിച്ചത് തുർക്കിയിലെ ഒരു പട്ടണത്തില്‍ നിന്നാണെന്ന്?”

തുർക്കിയില്‍ എവിടെ തിരിഞ്ഞാലും ഈ മുത്തുകള്‍കൊണ്ട് അലങ്കരിച്ച വസ്തുക്കളാണല്ലോ എന്ന കാര്യം ആദ്യമേ ശ്രദ്ധിച്ചതാണ്. മാല , വള, കമ്മല്‍, തുടങ്ങി, കാറിലും താക്കോലിലും ഇടാനുമുള്ള തൂങ്ങലുകള്‍ വരെ പലരൂപങ്ങളില്‍ ഇവ എവിടെയും നിറഞ്ഞുകിടപ്പുണ്ട്. ഇവയുടെ സാന്നിധ്യം ദൃഷ്ടിദോഷത്തെ അകറ്റുമെന്നാണ് വിശ്വാസം. മുത്തുകളില്‍ വിള്ളലുകള്‍ വീഴാനിടയായാല്‍ അത് ദോഷത്തെ ക്ഷണിച്ചു വരുത്തുമെന്നും തുര്‍ക്കികള്‍ ഭയപ്പെടുന്നു. പ്രത്യേക താപനിലയില്‍ മുത്തുകള്‍ പഴുപ്പിച്ച് പരമ്പരാഗത രഹസ്യക്കൂട്ടുകള്‍ ചേർത്ത് നിറം നല്‍കി ആകൃതിവരുത്തിയെടുക്കുന്ന കര കൌശല വിദ്യയുടെ ആയിരക്കണക്കിന് വർഷങ്ങള്‍ പഴക്കമുള്ള നിർമ്മാണ സൂത്രം അവര്‍ ഇന്നും കാത്തുസൂക്ഷിക്കുന്നു. 

മടക്കയാത്രയില്‍ ഒരിടത്ത് നിർത്തി രുചികരമായ ടർക്കിഷ് ഭക്ഷണം കഴിക്കാനുള്ള ഏർപ്പാട് അലി ചെയ്തിരുന്നു. വഴുതനങ്ങ കൊണ്ടുള്ള വിഭവങ്ങള്‍ തുർക്കികളുടെ വിശിഷ്ടഭക്ഷണമാണെന്ന് അലി പറഞ്ഞാണ് അറിഞ്ഞത്‌. കെന്റ കെബാബ് (Kenda kebab) ഉൾപ്പെടെ പരമ്പരാഗതമായ വിഭവങ്ങളും പല രുചിയിലും നിറത്തിലുമുള്ള വീഞ്ഞും മേശപ്പുറത്ത് നിരന്നു. 

ഭക്ഷണം കഴിക്കുന്നതിനിടയിലാണ് അലി തുര്‍ക്കിയിലെ നീലക്കല്ലുകളെക്കുറിച്ച് പറഞ്ഞത്. ടർക്കോയിസിനെ കുറിച്ച് കുറച്ച് വിവരങ്ങള്‍ അലിയില്‍ നിന്ന് ശേഖരിയ്ക്കാനായി.

തുർക്കിയിലാണ് ടർക്കോയിസ്സിന്റെ ഉത്ഭവം. ഇവിടത്തെ പ്രശസ്തമായ ടർക്കോയിസ് തീരം അഥവാ നീലതീരം കാണേണ്ടതുതന്നെയാണ്. ഒറിജിനല്‍ ടർക്കോയിസ് കിട്ടുന്നിടത്തേയ്ക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞ് അലി ഞങ്ങളെ കൊണ്ടുപോയത് കേരളത്തിലെ ഖാദി പോലുള്ള ഒരു സ്ഥാപനത്തിലേക്കായിരുന്നു. നീലക്കല്ലുകളുടെ ഒരു ലോകത്തേയ്ക്ക്! നല്ല വിലയുണ്ടെങ്കിലും ഒരിഷ്ടത്തിന് മഴത്തുള്ളിയുടെ ആകൃതിയിലുള്ള നാല് വലിയ കല്ലുകള്‍ വാങ്ങി. തൊട്ടടുത്തുണ്ടായിരുന്ന ലെതര്‍ ഫാക്ടറിയുടെ ഷോറൂമില്‍ നിന്നും വാങ്ങിയ ജാക്കെറ്റിന്റെ കൂടെ കല്ലുകളും സൂക്ഷിച്ചു വച്ചു. തുർക്കിയാത്രയുടെ ഓർമ്മയ്ക്കായിരിയ്ക്കട്ടെ കുറച്ചു നീലക്കല്ലുകള്‍..



2 അഭിപ്രായങ്ങൾ: