2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

ഐഫലും ഡയാനയും വിട ചൊല്ലുമ്പോള്‍ (Paris Part 7)




ഡിസംബര്‍ മുപ്പത്തിയൊന്ന് (2013). പാരീസ് പര്യടനത്തിന്‍റെ പരിസമാപ്തിയായി. രാവിലെ പുറപ്പെട്ടു, ഐഫല്‍ എന്ന വിസ്മയം പകല്‍ വെളിച്ചത്തില്‍ നേരില്‍ കാണാന്‍.   നോവോട്ടെലില്‍ നിന്നും നടക്കാവുന്ന ദൂരമേയുള്ളൂ. അംബരചുംബിയായ ഗോപുരം  അകലെനിന്നു കാണുമ്പോള്‍ അഹങ്കാരത്തോടെ ആകാശത്തേക്ക് കുതിക്കാന്‍ നില്‍ക്കുന്ന ഒരു അസ്ഥിപഞ്ജരം! അടുത്തെത്തി നോക്കുമ്പോള്‍ ഒരു തകരക്കൂടം!
 


വ്യാവസായിക വിപ്ലവത്തിന്‍റെ തുടക്കത്തില്‍ ഫ്രാന്‍സിന്‍റെ പ്രശസ്തി ലോകമെമ്പാടും ഉയര്‍ത്തിക്കാണിക്കാനായി ഒരു പ്രദര്‍ശനത്തിന്‍റെ ഭാഗമായി കെട്ടിപ്പടുത്തതാണ് ഐഫല്‍ ഗോപുരം. ഗുസ്താവ് ഐഫല്‍ (Gustave Eiffal) എന്ന എഞ്ചിനീയറുടെ കീഴിലുള്ള ഒരു കമ്പനിയാണ് 1889 ല്‍ പാരീസിലെ ഏറ്റവും ഉയരം കൂടിയ ഈ രൂപഘടനയുണ്ടാക്കിയത്. മൂന്നു നിലകളിലായി മുന്നൂറ്റി ഇരുപത്തിനാല് മീറ്റര്‍ ( 324 m)ഉയരത്തില്‍ ഏഴായിരം ടണ്‍ ഇരുമ്പു കൊണ്ടുണ്ടാക്കിയ ഒരു ചട്ടക്കൂട്. ആദ്യത്തെ രണ്ടുനിലകളില്‍ സന്ദര്‍ശകര്‍ക്കായി ഭോജനശാലകളുണ്ട്. മൂന്നാം നിലയിലായി നിരീക്ഷണാലയവും.

ഇന്നത്തെ കാലഘട്ടത്തില്‍ ഐഫലിന്‍റെ പ്രസക്തി എന്ന് പറയാവുന്നത് അതിന്‍റെ ആകാരസൗഷ്ടവം മാത്രമാണ്. ചുറ്റുപാടുകളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന ഒരു ഗര്‍വിന്‍റെ സൗന്ദര്യവും ഐഫലിനുണ്ട്. ഉയരവും നീളവും വലുപ്പവും ആകാരവുമെല്ലാം കൊട്ടിഘോഷിക്കപ്പെട്ട ഒരുപാട് കെട്ടിടങ്ങള്‍ ലോകത്തിന്‍റെ പലഭാഗങ്ങളിലായി ആകാശത്തോളം ഉയര്‍ന്ന് ഊറ്റം കൊണ്ടെങ്കിലും ഐഫലിന്‍റെ കാല്പനികതയെ കവച്ചു വയ്ക്കുവാന്‍ അവക്കൊന്നിനും ആയില്ല എന്നതാണ് വാസ്തവം. മലേഷ്യയിലെ ഇരട്ടഗോപുരങ്ങളായ പെട്രോണാസ് പോലുള്ള പടുകൂറ്റന്‍ കെട്ടിടങ്ങളുടെ യെല്ലാം പ്രാധാന്യം അവ അംബരം ചുംബിച്ചതിനേക്കാള്‍ വേഗത്തില്‍ താഴോട്ട് കുതിക്കുകയായിരുന്നല്ലോ. അവയ്ക്കിടയില്‍ ഇന്നും അഹന്തയോടെ നില്‍ക്കുന്നു സാമ്യമകന്ന മനോഹാരിതയുടെ വശ്യമന്ത്രവുമായി ഐഫല്‍!

ഇന്ന് രാത്രി പുതുവത്സരാഘോഷം ഐഫലിനു താഴെ. പകല്‍ മുഴുവന്‍ ഒന്നുകൂടി ചുറ്റിക്കറങ്ങാനുള്ള അവസരം പാഴാക്കാതെ ഐഫലിനോട് ഒരു താല്‍ക്കാലികവന്ദനം പറഞ്ഞുകൊണ്ട് ഞങ്ങള്‍ ഒസ്സേയ് മ്യൂസിയത്തിലേക്ക് തിരിച്ചു.

സെയിന്‍ നദിയുടെ ഇടതു കരയില്‍ നീണ്ടുകിടക്കുന്ന മ്യൂസിയം മുന്‍കാലങ്ങളില്‍ ഒരു റെയില്‍വേ സ്റ്റേഷന്‍ ആയിരുന്നു. കെട്ടിടത്തിന്‍റെ ഇരുവശങ്ങളിലായി പഴയ രണ്ടു വലിയ നാഴികമണികളും കാണാം.

ഇതും ഒരു മഴ ദിവസം തന്നെ. ക്യൂവില്‍ നിന്ന് തളര്‍ന്ന ഞാന്‍ ചുമലില്‍ ചായ്ക്കുന്ന മകളെയും കൊണ്ട്, അവിടെ കണ്ട പടികളില്‍ ഒന്നില്‍ ഒരു മൂലയിലായി ഇരുപ്പുറപ്പിച്ചു. മഴത്തുള്ളികളില്‍ നിന്നും രക്ഷ നേടാന്‍ കയ്യില്‍ കരുതിയിരുന്ന പുതപ്പ് മോളെയും ചേര്‍ത്ത് ദേഹമാകെ ചുറ്റി. പരിസരം മറന്നങ്ങിനെ ഇരിക്കുന്നതിനിടയിലാണ് ആളുകള്‍ എന്‍റെ നേര്‍ക്കു തുറിച്ചു നോക്കുന്നത് ശ്രദ്ധിക്കുന്നത്. ആ നോട്ടത്തില്‍ എന്തോ ഒരു പന്തികേടില്ലേ.!! പൊടുന്നനെ ഓര്‍മ്മ വന്നത് പലയിടത്തായി കണ്ട ഭിക്ഷാടനത്തിന്‍റെ നേര്‍ക്കാഴ്ചകളാണ്. അതും സംഭവിച്ചു കൂടായ്കയില്ല. നാണയത്തുട്ടുകള്‍ എന്‍റെ മുന്‍പിലേക്ക് വീഴും മുന്‍പ് മരവിച്ച കാലുകള്‍ വലിച്ചു വെച്ച് കുഞ്ഞിനേയും കൊണ്ട് ഞാന്‍ ഓടുകയായിരുന്നു, ക്യൂവില്‍ മുന്‍പേ സ്ഥാനമുറപ്പിച്ചിരുന്ന എന്‍റെ കൂട്ടരുടെ അടുത്തേക്ക്!. കഷ്ടിച്ച് രക്ഷപ്പെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ!

വലിയ ബഹളങ്ങളൊന്നും ഇല്ലെങ്കിലും അത്യാവശ്യം ആസ്വാദകരുടെ തിരക്കുണ്ടായിരുന്നു ഗാലറികളില്‍. താരതമ്യേന ഇടുങ്ങിയ മുറികളിലായിരുന്നു ചിത്ര പ്രദര്‍ശനം.


 
കയ്യിലെ ക്യാമറ കണ്ടപ്പോള്‍ ജീവനക്കാര്‍ അടുത്തു വന്നു. ഫോട്ടോ എടുക്കുവാന്‍ പാടില്ലെന്ന് വളരെ സൗമ്യമായി നിര്‍ദ്ദേശിച്ചു. 1848- 1915 കാലയളവിലെ പെയിന്റിങ്ങുകളും ഛായാപടങ്ങളുമായിരുന്നു മ്യൂസിയത്തിലെ ശേഖരങ്ങളില്‍ ഉള്ളത്. 
 
അക്കാലത്ത് ഫ്രാന്‍സില്‍ ഉത്ഭവിച്ച ഒരു ചിത്ര രചനാ രീതിയാണ് ഇമ്പ്രെഷനിസവും പോസ്റ്റ്‌ ഇമ്പ്രെഷനിസവും. (Impressionism and Post Impressionism). വാന്‍ ഗോഗ്, ( Vincent Van Gogh) മോണേ(Monet) , മാനേ(Manet), പോള്‍ ഗോഗിന്‍ (Paul Gauguin) തുടങ്ങിയവരുടെ പെയിന്റിങ്ങുകളാണ് മുഖ്യ ആകര്‍ഷണം. 

 

തല ഒരു വശത്തേക്ക് ചെരിച്ച് പിടിച്ച് ഒരു ചെവി മാത്രം കാണാവുന്നവിധത്തിലുള്ള വാന്‍ഗോഗിന്‍റെ സെല്‍ഫ് പോര്‍ട്രെയ്റ്റ്- മുറിച്ചുമാറ്റിയ ചെവിയുടെ വേദന ആ ചിത്രത്തിലും പടര്‍ന്നിട്ടുണ്ടോ.? 
 

വാന്‍ഗോഗിന്‍റെ പല ചിത്രങ്ങളിലും നാരില്ലാത്ത ബ്രഷോ, അല്ലെങ്കില്‍ ബ്രഷിന്‍റെ കടഭാഗമോ ഉപയോഗിച്ച് അമര്‍ത്തിയുള്ള വരകളാണ് തെളിഞ്ഞു കണ്ടത്. 

 
നല്ലൊരു ബ്രഷു പോലും സ്വന്തമാക്കാന്‍ കഴിവില്ലാതിരുന്ന ആ വിശ്വ ചിത്രകാരന്‍ ദരിദ്രനായി ജീവിച്ച് ദരിദ്രനായി മരിച്ചു എന്ന യാഥാര്‍ത്ഥ്യം പരിതാപകരം തന്നെ! എന്നാല്‍ ഇന്ന് അവ ഫ്രാന്‍സിന്‍റെ അമൂല്യ നിധികളായി മാറിയിരിക്കുന്നു എന്നത് തികച്ചും സ്തുത്യര്‍ഹവും!
മറ്റുള്ള      പെയിന്റിങ്ങുകളും കൂടി കണ്ടു   മടങ്ങുമ്പോള്‍ സായാഹ്നമായിരുന്നു. മുറിയില്‍ ചെന്നശേഷം ഒരു ചെറുമയക്കത്തിലേക്ക് വീണു. ഉണരുമ്പോള്‍ പുതുവത്സരത്തെ വരവേല്‍ക്കാന്‍ നഗരം ആകെ ഒരുങ്ങിക്കഴിഞ്ഞിരുന്നു. രാത്രിമഞ്ഞിന്‍റെ മൂടുപടവും അണിഞ്ഞുകൊണ്ട് കളകളാരവവുമായി കുണുങ്ങിയൊഴുകുന്ന സെയിന്‍! പുഴയോരത്തുകൂടെ മുട്ടിയുരുമ്മിയും കെട്ടുപിണഞ്ഞും നടക്കുന്ന കമിതാക്കള്‍.. മദ്യവും വീഞ്ഞും സിരകളില്‍ പകര്‍ന്ന ലഹരിയില്‍ കണ്ണുകള്‍ മിഴിയാതെ ചെറുപ്പക്കാര്‍... വണ്ടികളുടെ പ്രവാഹം വഴികളില്‍ നിശ്ചലമായി. എല്ലാ കണ്ണുകളും കാലുകളും ലക്ഷ്യം വയ്ക്കുന്നത് ഐഫലിലേക്ക്.
        പാതകളെല്ലാം അടഞ്ഞു, കവലകളില്‍ തിക്കിത്തിരക്കുന്ന ജനം. ഞങ്ങള്‍ പകുതി ദൂരം ടാക്സിയിലും ബാക്കി ദൂരം നടന്നും ഐഫലിനരികിലെത്തി. പ്രകാശത്തില്‍ മുങ്ങിക്കുളിച്ച് ഐഫല്‍ ഒരു നവോഢയെപോലെ അണിഞ്ഞൊരുങ്ങിയിരിക്കുന്നു. സര്‍വാഭരണഭൂഷിതയായ രൂപവതി! പകല്‍ കണ്ട കറുത്ത സുന്ദരിക്ക് രാത്രിയില്‍ ഈ അപ്സര സൗന്ദര്യം കൈവന്നതെങ്ങനെ ?

തൊട്ടു മുന്നില്‍ ഒരു യുവതി മദ്യ ലഹരിയില്‍ കാലിടറിക്കൊണ്ട് എന്തൊക്കെയോ പുലമ്പുന്നു. കൂട്ടുകാരി സമാശ്വസിപ്പിച്ചു കൊണ്ട് കൂടെയുണ്ട്. കയ്യിലുണ്ടായിരുന്ന ചഷകം അവള്‍ ഈര്‍ഷ്യയോടെ വലിച്ചെറിഞ്ഞു, ആരെയോ ചീത്ത വിളിച്ചു. പ്രേമനൈരാശ്യമാവാം... അവരെ ചുറ്റിപ്പറ്റി കുറച്ച് ചെറുപ്പക്കാര്‍.

കൗണ്ട് ഡൌണ്‍ തുടങ്ങി..ടിക്ക് ടിക്ക് ടിക്ക് .....മണി പന്ത്രണ്ടായത്തോടെ ഒരു വെടിക്കെട്ടില്‍ ഐഫലിന്‍റെ ധവള പ്രകാശം അലിഞ്ഞു. അമിട്ടുകള്‍ വിരിഞ്ഞമര്‍ന്നു. ഷാമ്പയിന്‍ ചിതറുന്നു. ഗ്ലാസ്സുകള്‍ നിറയുന്നു. ആരവങ്ങളില്‍ ആര്‍ത്തുല്ലസിച്ചു കൊണ്ട് പാരീസിയന്‍സും വിനോദ സഞ്ചാരികളും ആശംസകള്‍ കൈമാറുന്നു. 
ഒരു വര്‍ഷം കൂടി ഭൂമിയിലേക്ക്‌ പിറന്നു വീഴുന്നു. സ്വല്‍പനേരം കഴിഞ്ഞപ്പോള്‍ ആള്‍കൂട്ടം പതിയെ പിന്‍വാങ്ങവേ ലഹരി അപഹരിച്ച സ്വബോധം ചികഞ്ഞെടുക്കാന്‍ ഒരു വിഫല ശ്രമം നടത്തിക്കൊണ്ടു കുഴയുന്ന കാല്‍വയ്പ്പുകളോടെ യുവതി കൂട്ടുകാരോടൊത്ത് എങ്ങോ മറയുന്നു. ശുഭരാത്രി!

എയര്‍പോര്‍ട്ടിലേക്കു പോകാനുള്ള ടാക്സി നന്നേ പുലര്‍ച്ചക്ക് വന്നു.തലേന്ന് പാതിരാവില്‍ ആഘോഷങ്ങളില്‍ മന്ദീഭവിച്ചുപോയ നഗരം ഉണര്‍ന്നിട്ടില്ല ഇനിയും. ഡ്രൈവര്‍, മദ്ധ്യവയസ്കനായ ഒരു ശ്രീലങ്കനായിരുന്നു. ഞങ്ങള്‍ക്ക് നേരത്തെ എത്തിച്ചേരേണ്ടതുണ്ടെന്നു പറഞ്ഞപ്പോള്‍ അയാള്‍ എളുപ്പവഴികളിലൂടെ അല്പം വേഗത്തില്‍ തന്നെ വണ്ടിയോടിച്ചു. സംസാരപ്രിയനായ അയാള്‍ക്ക്‌ കാതോര്‍ത്തുകൊണ്ട് ഞങ്ങളിരുന്നു. ഇരുപതു വര്‍ഷത്തോളമായി അയാളിവിടെ കുടുംബസമേതം ജീവിക്കുന്നു. തലേന്നത്തെ കോലാഹലങ്ങള്‍ക്കിടയില്‍ അല്ലറചില്ലറ അപകടങ്ങളും ഐഫലിനു താഴെയായി ഒന്ന് രണ്ടു മരണങ്ങളും ഉണ്ടായെന്ന് അയാള്‍ പറഞ്ഞു. റോഡിന്‍റെ വലതു വശത്തായി അങ്ങകലെ ഐഫല്‍ എല്ലാത്തിനും മൂക സാക്ഷിയായി നില്‍പ്പുണ്ടായിരുന്നു. ഐഫല്‍ കണ്ണില്‍ നിന്നും മാഞ്ഞുകഴിഞ്ഞയുടന്‍ ഞങ്ങള്‍ ഒരു തുരങ്കത്തിലൂടെ സഞ്ചരിക്കാന്‍ തുടങ്ങി.

അയാള്‍ പറഞ്ഞു, “ഈ തുരങ്കത്തില്‍ ഇതാ ഏതാണ്ട് ഇവിടെവച്ചാണ് ഡയാനാ രാജകുമാരിയുടെ  അപമൃത്യു സംഭവിച്ചത്.” ഞങ്ങളുടെ ആകാംക്ഷ മനസ്സിലാക്കിയെന്നോണം അയാള്‍ തുടര്‍ന്നു. “ഹാരോട്സ് (Harrods) കമ്പനികളുടെ ഉടമസ്ഥനും ഈജിപ്ഷ്യന്‍ കോടീശ്വരനുമായ മുഹമ്മദ്‌ അല്‍ ഫയിദ് ( Mohamed Al Fayed )ന്‍റെ മകനായ ഡോഡി ഫായെദ് ( Dodi Fayed) എന്ന തന്‍റെ കാമുകനുമൊത്ത് കാറില്‍ യാത്ര ചെയ്യവേ ഈ തുരങ്കത്തിനുള്ളില്‍ വച്ചാണ് ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു പേരും 1997 ആഗസ്റ്റ്‌ മുപ്പത്തി ഒന്നിന് മരണപ്പെട്ടത്”. പത്രപ്രവര്‍ത്തകരില്‍ നിന്നും ഓടിയൊളിക്കാന്‍ ശ്രമിക്കവെ യാദൃശ്ചികമായി സംഭവിച്ചുപോയെന്നുള്ള കഥയ്ക്കാണ് പ്രചാരമെങ്കിലും നടന്നത് മറ്റൊന്നാണ് എന്നാണ് ഡ്രൈവറുടെ പക്ഷം. ഫായെദില്‍ നിന്നും ഗര്‍ഭിണിയായ ഡയാന കൊട്ടാരത്തിനും ബ്രിട്ടണും അപകീര്‍ത്തി ഉണ്ടാക്കുമെന്ന ദീര്‍ഘവീക്ഷണത്തില്‍ ആസൂത്രണം ചെയ്യപ്പെട്ട കൊലപാതകമാണ് അതെന്ന് അയാള്‍ വിശദീകരിച്ചു. സുന്ദരിയായ രാജകുമാരിയുടെ അതിദാരുണമായ അന്ത്യമോര്‍ത്ത് ഒരിക്കല്‍ക്കൂടി ഞാന്‍ പരിതപിച്ചു. മരണം, ആര്‍ക്ക്, എങ്ങനെ, എപ്പോള്‍ എവിടെ വച്ച് എന്ന് നിര്‍ണ്ണയിക്കാന്‍ ആര്‍ക്കുമാവില്ല. ജനനം കൊട്ടാരത്തിലോ കുടിയിലോ എന്ന വ്യത്യാസമില്ലാതെ അത് നമ്മളെ പിന്തുടരുന്നു. 

പുലരിയില്‍ പാരീസ് വിളറി നിന്നു. ഒപ്പം എന്‍റെ മനസ്സും. എന്നെന്നേക്കുമായുള്ള ഒരു വിടവാങ്ങലോടെ ഞാന്‍ വിമാനത്താവളത്തിനകത്തേക്ക് പയ്യേ നടന്നു. ഓര്‍ക്കാന്‍ ഒരുപാട് സുന്ദര നിമിഷങ്ങളുടെ പീലിത്തലോടലിനൊപ്പം ഒരു വിഷാദ രാഗത്തിന്‍റെ നേര്‍ത്ത വിങ്ങലും മനസ്സില്‍ ബാക്കിയായി. പാരീസ് ഇനി വീണ്ടും ഒരു സ്വപ്നമാവുന്നു.....

മലമുകളില്‍ നിന്നും തെരുവീഥികളിലൂടെ ഒരു പ്രയാണം (Paris Part 6)


ഒരു കുന്നിനു മുകളില്‍ നിന്നുള്ള പാരീസിന്‍റെ രൂപലാവണ്യം കാണണമെങ്കില്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് മോണ്ട് മാര്‍ട്ട് എന്ന് കേട്ടപ്പോള്‍ അങ്ങോട്ട്‌ തിരിച്ചു. മുന്‍കാലങ്ങളില്‍ വധ ശിക്ഷയുടെ ഭാഗമായി തൂക്കിലേറ്റിയും കഴുത്തറുത്തും ആയിരക്കണക്കിനു ജീവനുകള്‍ ക്രൂശിക്കപ്പെട്ടിരുന്ന സ്ഥലം കൂടിയാണിത്. അതിനു ശേഷമാണ് അവിടെ ഇപ്പോഴുള്ള നൂറു വര്‍ഷത്തോളം പഴക്കമുള്ള ബസലിക്ക ഉയര്‍ന്നത്. 
 ചവിട്ടുപടികള്‍ ഒരു പിടി കയറിയിട്ടുവേണം വെളുത്ത താഴികക്കുടവുമായി അഴകോടെ നില്‍ക്കുന്ന മോണ്ട് മാര്‍ട്ടിലെത്തുവാന്‍. അന്ന് മഴയ്ക്ക് ശക്തി കൂടിയ ദിവസമായിരുന്നു. നാട്ടിലെ തരക്കേടില്ലാത്ത ഒരു മഴയിലേക്ക് കുടയില്ലാതെ ഇറങ്ങിയപോലെയായി.
തണുത്തു വിറച്ച് പല്ലുകള്‍ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു. ഒരു ചൂടു ചായ കുടിക്കാന്‍ ഞാന്‍ ഇത്രയേറെ ആഗ്രഹിച്ച ഒരു നിമിഷം വേറെ ഉണ്ടായിട്ടുണ്ടാവില്ല. പള്ളിയുടെ അകത്തേക്കൊന്നു എത്തിനോക്കിയ ശേഷം തിരിച്ച് പടികളിറങ്ങി. താഴെ ഒരു ഛായാ ചിത്രത്തിലെന്നപോലെ പാരിസ് നഗരം ലാസ്യതയോടെ കിടക്കുന്നു.

ഈ കുന്നിന്‍റെ അടിവാരത്തിലായി പരന്നു കിടക്കുന്ന മോണ്ട് മാര്‍ട്ട് വില്ലേജിന് ഇതുവരെ കണ്ടതില്‍ നിന്നൊക്കെ വ്യത്യസ്തമായ, തനതായ ഒരു ശൈലിയുണ്ട്. തെരുവിലുടനീളം കടകളാണ്.ഷോപ്പിങ്ങിനു പറ്റിയ സ്ഥലം. പണ്ടുകാലങ്ങളില്‍ ഈ പരിസരം കലാപ്രേമികളുടെ കേദാരമായിരുന്നു. നിപുണരായ കലാകാരന്മാര്‍ നിമിഷ നേരം കൊണ്ട് പെന്‍സില്‍ കൊണ്ടും വാട്ടര്‍ കളര്‍ കൊണ്ടും ഛായാചിത്രങ്ങള്‍ വരച്ചു തരുന്ന സ്ഥലങ്ങള്‍ ഇപ്പോഴും ഈ വീഥിയിലുണ്ട്. തോള്‍ സഞ്ചിയിലും കയ്യിലും നിരവധി കരകൗശല വസ്തുക്കള്‍ തൂക്കിയിട്ട തെരുവു വില്‍പ്പനക്കാര്‍ മഴ നനഞ്ഞും കീശ നിറക്കുന്നതില്‍ വ്യാപൃതരായിരുന്നു. അവരെ ബോധപൂര്‍വ്വം ഒഴിവാക്കിക്കൊണ്ട് ചെറിയ കടകളില്‍ കയറി ഒന്ന് രണ്ടു തൊപ്പികള്‍ വാങ്ങി. തൊട്ടടുത്തുള്ള ചിക്കന്‍ കോര്‍ണറില്‍ കയറി. പാക്കിസ്ഥാനികളാണ് നടത്തിപ്പുക്കാര്‍. നല്ല രുചിയുള്ള , ചുടുചുടുക്കന്‍ ചിക്കന്‍ പൊരിച്ചത് വാങ്ങി കഴിച്ചു. തണുപ്പിനൊരു ശമനം കിട്ടി, വിശപ്പിനും. ഇന്നിനി നഗര വീഥികളിലൂടെ ഒരുപാട് നടന്നു കാണാനുള്ളതാണ്. മൊത്തത്തിലുള്ള ഒരു അവലോകനം. തളര്‍ച്ചയും വിളര്‍ച്ചയും കാര്യമാക്കാതെ ഞങ്ങള്‍ യാത്ര തുടര്‍ന്നു.

പാരീസിന്‍റെ തണുത്ത രാത്രികള്‍ക്ക് മാദകത്വം പകരുന്ന കാബറേകള്‍ അരങ്ങേറുന്ന പ്രശസ്തമായ മോളെന്‍ റോഷിനു മുന്നിലൂടെയായിരുന്നു പിന്നെ നടന്നുകൊണ്ടിരുന്നത്‌. അവിടെ ദീപങ്ങള്‍ക്ക് ചുവപ്പ് നിറമായിരുന്നു. കാലേകൂട്ടി ടിക്കറ്റുകള്‍ ഉറപ്പാക്കിയാല്‍ മാത്രമേ ഇവിടത്തെ ഈ പ്രത്യേക നൃത്ത സംഗീത പ്രകടനം കാണുവാന്‍ കഴിയുകയുള്ളൂവത്രേ!. 


അവിടെനിന്നും ഒരു മെട്രോയില്‍ കയറി പോയത് ഷോസെലീസേ(champs Elysee) ലേക്കായിരുന്നു ലോകപ്രസിദ്ധമായ ഒരു രാജവീഥിയാണ് പാരീസിലെ ഷോസെലീസേ. വിലകൂടിയ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ കടകളാണ് അധികവും. എന്തിനും ഏതിനും പത്തിരട്ടിയോളം വില കൂടുതലും. 
 
ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും, അഭിനേതാക്കള്‍ ഉള്‍പ്പെടെ പ്രസിദ്ധരായ പലരും, , ആരാധകരില്‍ നിന്നും രക്ഷപ്പെട്ട്, ആരാലും തിരിച്ചറിയപ്പെടാതെ ജീവിതം ആസ്വദിക്കാനായി ഇടയ്ക്ക് ,ഈ വീഥികളില്‍ എത്താറുണ്ടുപോലും!.
                              
പ്രശസ്തമായ ആര്‍ക്ക് ഡി ട്രിയോംഫ് അങ്ങേ അറ്റത്തായി ദീപങ്ങളില്‍ കുളിച്ചു നില്‍ക്കുന്നുണ്ട്. ഫ്രഞ്ച് വിപ്ലവത്തില്‍ പൊരുതിയ സൈനികരുടെ ഓര്‍മ്മകള്‍ അനശ്വരമാക്കുന്ന വിജയ ഗോപുരം! ഈ ആര്‍ച്ചിനു ലോകത്തിലെ ഏറ്റവും വലിയ ആര്‍ച്ച്‌ എന്ന ഖ്യാതിയും ഉണ്ട്. ആര്‍ച്ചിന്‍റെ അകത്തും പുറത്തുമെല്ലാം യുദ്ധങ്ങളുടെയും വിജയങ്ങളുടെയും വിശദാംശങ്ങള്‍ ചിത്രസഹിതം രേഖപ്പെടുത്തിവച്ചിട്ടുണ്ട്. 1806 ലാണ് ആര്‍ക്ക് ഡി ട്രിയോംഫ് രൂപകല്പന ചെയ്യപ്പെട്ടത്‌.
രാത്രിയില്‍ തണുപ്പിന് കാഠിന്യം കൂടി വരുന്നുണ്ടായിരുന്നു. അടുത്ത ദിവസത്തേക്കുള്ള പദ്ധതികള്‍ ആലോചിച്ചുറപ്പിച്ചുകൊണ്ട് മെട്രോ ലക്ഷ്യം വച്ച് നടന്നു. കുറച്ചു നേരം കാത്തിരിക്കേണ്ടതുണ്ട് വണ്ടി എത്താന്‍. കഴിഞ്ഞ ആറു ദിവസങ്ങളായി ഞങ്ങള്‍ മെട്രോയും ട്രാമും ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. കയ്യോ കാലോ എടുത്തു വയ്ക്കുന്നതില്‍ ഒരല്‍പ്പം പിഴവ് സംഭവിച്ചാല്‍ പിന്നെന്തുണ്ടാവുമെന്നു പറയുക വയ്യ. അത്രയ്ക്ക് കൃത്യതയും വേഗതയുമുള്ള വാഹനങ്ങളാണിവ. അപകടങ്ങള്‍ ഒന്നും ഉണ്ടായില്ലെന്ന് പറഞ്ഞുകൂടാ. ഒരിക്കല്‍ ഞങ്ങള്‍ എട്ട് പേരില്‍ നാല് പേര്‍ ട്രാമില്‍ കയറി, ബാക്കിയുള്ളവര്‍ കടക്കും മുന്‍പേ വാതിലുകള്‍ അടഞ്ഞ് വണ്ടി നീങ്ങി. ഇറങ്ങേണ്ടിടത്ത്‌ ഇറങ്ങിയെങ്കിലും, അടുത്ത വണ്ടിയില്‍ അവര്‍ എത്തും വരെ നെഞ്ചിടിപ്പോടെ കാത്തിരിക്കേണ്ടി വന്നു. തലയ്ക്കു മുകളില്‍ നഗരത്തെ വഹിച്ചുകൊണ്ട് അനന്തമായി കിടക്കുന്ന ഭൂഗര്‍ഭ തീവണ്ടിപ്പാതകളും സ്റ്റേഷനുകളും ഏതോ നിഗൂതാവളങ്ങളെ ഓര്‍മ്മിപ്പിച്ചു. ജാഗ്രതയോടെ നടന്നില്ലെങ്കില്‍ വഴിതെറ്റി പോകും എന്ന് മാത്രമല്ല മോഷണത്തിനും പിടിച്ചുപറിക്കും വരെ സാദ്ധ്യതകള്‍ ഏറെ. തികച്ചും അരക്ഷിതവും ഭീതിതവും ആയ ഒരു അന്തരീക്ഷം അവിടമാകെ മൂടിക്കെട്ടി നിന്നിരുന്നു. ഇത്തരം സ്ഥലങ്ങളില്‍ ഇരുണ്ട ഭൂഖണ്ഡത്തില്‍ നിന്നുമുള്ള ആളുകളെ കൂടുതലായി കാണാന്‍ കഴിഞ്ഞുവെന്നുള്ളതാണ് മറ്റൊരു കാര്യം. മയക്കുമരുന്നിന്‍റെ ലഹരിയില്‍, ചെവിയില്‍ തിരുകിയ ശ്രവണ സഹായിയിലൂടെ ഒഴുകുന്ന സംഗീതത്തില്‍ ലയിച്ച് ലക്ഷ്യമില്ലാതെ ഉഴറുന്ന, അല്പം അരക്കിറുക്കുള്ള ചെറുപ്പക്കാര്‍. ചിലപ്പോഴൊക്കെ അവര്‍ പരിസരം മറന്ന് നൃത്തച്ചുവടുകളും വച്ചു.

ട്രാം നീങ്ങിത്തുടങ്ങി. കാഴ്ചക്ക് ഒരു പരസ്യ സുന്ദരിയുടെ അഴകുള്ള ഒരു പെണ്‍കുട്ടി, ട്രാമില്‍ ഇരുന്ന എല്ലാവരുടെയും മടിയില്‍ ഓരോ കാര്‍ഡ്‌ ഇട്ടു നടന്നു നീങ്ങിയപ്പോള്‍ കാര്യം മനസ്സിലാവാതെ ഞാന്‍ പകച്ചു. വായിച്ചു നോക്കിയപ്പോള്‍, ഭിക്ഷക്കുള്ള യാചാനാപത്രം. പൈസ കൊടുക്കുമ്പോള്‍ നക്ഷത്രം പോലെ തിളങ്ങിയ ആ കണ്ണുകളെ ഒഴിവാക്കാന്‍ ഞാന്‍ പ്രയാസപ്പെട്ടു. അന്തസ്സായി ഭിക്ഷ യാചിക്കുന്ന ആളുകളെ ആദ്യമായി കാണുന്നതും ഈ യാത്രക്കിടയില്‍ തന്നെ. പാരീസിലെത്തിയ ആദ്യത്തെ ദിവസംതന്നെ റോഡ്‌ മുറിച്ച് കടക്കുന്നതിനിടയില്‍, വഴിയരികില്‍ ഒരു കമ്പിളി പുതപ്പു വിരിച്ച്, അതിന്മേല്‍ മഴ നനഞ്ഞിരിക്കുന്ന ഒരു യുവതിയെയും അവരുടെ മൂന്നു കുട്ടികളെയും കണ്ടിരുന്നു. ഭിക്ഷക്കാര്‍ എന്നാല്‍ എന്‍റെ സങ്കല്‍പ്പത്തില്‍ കീറി പറിഞ്ഞ വസ്ത്രം ധരിച്ച് ഒട്ടിയുണങ്ങിയ രൂപമുള്ള പട്ടിണിപ്പാവങ്ങള്‍ എന്നായിരുന്നു. ഇവിടെ കണ്ടവരെല്ലാം സിനിമാതാരങ്ങളെയും വെല്ലുന്ന, നല്ല ലക്ഷണമൊത്ത യാചകര്‍. ഒന്നാന്തരം കമ്പിളിക്കുപ്പായങ്ങളും കയ്യുറകളും കാലുറകളും ധരിച്ച ആഭിജാത്യമുള്ള ആളുകള്‍ എന്തിനിങ്ങനെ ഭിക്ഷ ഇരക്കേണ്ടി വരുന്നു എന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല. ഇതിനിടയില്‍ ട്രാമിലെ യാചകസുന്ദരി കിട്ടിയ പൈസ ശേഖരിച്ച് ഏതോ സ്റ്റേഷനില്‍ ഇറങ്ങിപ്പോയിരുന്നു. എനിക്കിറങ്ങാനുള്ള സ്റ്റേഷനില്‍ ശബ്ദത്തോടെ വണ്ടി നിന്നപ്പോഴേക്കും ഞാന്‍ പരിക്ഷീണയായിരുന്നു. നാളെയുടെ കാഴ്ചകള്‍ക്കായി, ഉണര്‍വോടെ ഒരു സുപ്രഭാതത്തെക്കൂടി വരവേല്‍ക്കാനായി ഇന്നിനി ഒരു സുഖനിദ്രക്കുള്ള ഒരുക്കം കൂട്ടട്ടെ.

2014, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

പ്രതിമയും കൊട്ടാരവും ഉദ്യാനശോഭയില്‍! (Paris Part 5)


മരങ്ങള്‍ ഓരം ചേര്‍ന്നു നിന്നിരുന്ന നടപ്പാതയിലൂടെ കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ അകലെ വേഴ്സായ് കൊട്ടാരത്തിന്‍റെ (versailles Palace Paris) വലിയ മൈതാനം പരന്നു കിടക്കുന്നത് കാണാമായിരുന്നു.
 

വഴിയരികില്‍, തുറസ്സായ ഒരു സ്ഥലത്ത്, വിചിത്ര വേഷം കെട്ടിയ ഒരു പ്രതിമ നില്‍പ്പുണ്ടായിരുന്നു. അല്ല, വിചിത്ര വേഷമെന്ന് ആദ്യം തോന്നിയതാണ്, അടുത്ത് ചെന്നപ്പോള്‍ അതൊരു ഈജിപ്ഷ്യന്‍ മമ്മിയുടെ വേഷമണിഞ്ഞ മനുഷ്യപ്രതിമയാണെന്ന് മനസ്സിലായി. സ്വര്‍ണ്ണത്തിന്‍റെ നിറമുള്ള പളപളാ  മിന്നുന്ന കുപ്പായമിട്ട പ്രതിമ ചക്രവാളങ്ങളില്‍ ദൃഷ്ടികള്‍ ഉറപ്പിച്ച്, നിശ്ചലനായി ഒരേ നില്‍പ്പാണ്. 
                               

പി.പത്മരാജന്‍റെ “പ്രതിമയും രാജകുമാരിയും” വര്‍ഷങ്ങള്‍ക്ക് മുന്‍പ് വായിച്ചത് ഓര്‍മ്മയുണ്ടെങ്കിലും അത്തരം ഒരു പ്രതിമയെ നേരില്‍ കാണുന്നതാദ്യം. പാവം പ്രതിമ! അസ്ഥികള്‍ കോച്ചുന്ന ഈ തണുപ്പില്‍ പാരതന്ത്ര്യത്തിന്‍റെ ചങ്ങലകള്‍ അണിഞ്ഞ് എത്രനേരമിങ്ങിനെ നില്‍ക്കുന്നുണ്ടാവും! നിലാവുദിക്കുന്ന യാമങ്ങളില്‍ ഏതു സ്വര്‍ഗ്ഗ ദ്വീപിലെ ഉത്സവാരവങ്ങള്‍ക്കിടയിലാവും പ്രതിമ തന്‍റെ വന്യമായ വികാരങ്ങളുടെ കെട്ടഴിച്ചു വിടുന്നുണ്ടാവുക?!! തന്‍റെ അംഗലാവണ്യം പ്രദര്‍ശിപ്പിച്ച് പ്രതിമയുടെ മനസ്സും ഇമകളും ഒരു പോലെ ഇളക്കി തോല്‍വി സമ്മതിപ്പിക്കാനെത്തുന്ന ലാസ്യവതിയായ രാജകുമാരി എവിടെ?

താഴെ വച്ചിരിക്കുന്ന കൂടയില്‍ നാണയ തുട്ടുകളും നോട്ടുകളും വീണു കിടപ്പുണ്ടായിരുന്നു. ഞാന്‍ ഒരു ചെറിയ നോട്ട് ഇട്ടു കൊടുത്തപ്പോള്‍ പ്രതിമ അനങ്ങി, കുമ്പിട്ടു വണങ്ങി. ഇത് പച്ചയായ മനുഷ്യന്‍! ഈ കിട്ടുന്ന കാശുകൊണ്ട് ഉപജീവനം കഴിക്കുന്ന ഒരു സായിപ്പ്!


പ്രതിമയെ പിന്നിലാക്കി കൊട്ടാരമുറ്റത്തെത്തുമ്പോള്‍, എവിടെയുമെന്നപോലെ ഇവിടെയും കണ്ടു കണ്ണെത്താത്ത ദൂരത്തോളം നീണ്ടുവളഞ്ഞ ക്യൂ. മൂവന്തി വരെ നിന്നാലും അകത്തു കടക്കാനാവുമെന്ന് തോന്നുന്നില്ല. ഇത്തവണ ഞങ്ങള്‍ തനി മലയാളി സ്വഭാവം പുറത്തെടുത്തു. ക്യൂവിന്‍റെ അരികത്തുകൂടി ഒന്നുമറിയാത്ത പോലെ സൗഹൃദ സംഭാഷണത്തില്‍ മുഴുകി നടന്ന ഞങ്ങള്‍ ഇടയ്ക്കു വരിയില്‍ കയറി നിലയുറപ്പിച്ചത്, പക്ഷേ സംസ്കാരസമ്പന്നരായ, “സഹവരിയന്മാരായ” യൂറോപുകാര്‍ അറിഞ്ഞതുപോലുമില്ല. എവിടെയെങ്കിലും മറ്റൊരു മലയാളിത്തല ഉണ്ടായിരുന്നെങ്കില്‍ ചാടിവീണ് വഴക്കടിച്ച് ഞങ്ങളെ ഏറ്റവും പിറകില്‍ കൊണ്ട് നിര്‍ത്തുമായിരുന്നുവെന്നത് മൂന്നരത്തരം. ഭാഗ്യം! അതുണ്ടായില്ല. അങ്ങനെ ഞങ്ങള്‍ ഒട്ടും കാലവിളംബമില്ലാതെത്തന്നെ പ്രവേശനകവാടത്തിലെത്തിപ്പെട്ടു.


 

സ്വര്‍ണ്ണം പൂശിയ പടിവാതിലുള്ള വലിയ മതില്‍ക്കെട്ടിനുള്ളിലെ കൊട്ടാരത്തിനകത്തേക്ക് കാലെടുത്തു വയ്ക്കുമ്പോഴേ എനിക്ക് തോന്നി, പുസ്തകങ്ങളില്‍ മാത്രം വായിച്ച് പരിചയമുള്ള പാശ്ചാത്യ രീതിയിലുള്ള ഒരു കൊട്ടാരത്തിന് എന്‍റെ മനസ്സില്‍ ഇതേ രൂപവും, ഇതേ ഭാവവും തന്നെയായിരുന്നു എന്ന്. 

 നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഫ്രഞ്ച് രാജാക്കന്മാരുടെ ഔദ്യോഗിക വസതിയായിരുന്ന വേഴ്സായ് പാലസ്, രാജവാഴ്ചയില്‍ അധിഷ്ടിതമായ പുരാതമായ ഭരണ വ്യവസ്ഥയുടെ ഒരു ഉത്തമോദാഹരണമാണ്. 1979 ല്‍ ആണ് വേഴ്സായ് കൊട്ടാരവും, അതിന്‍റെ മതില്‍ക്കെട്ടിനുള്ളിലെ വിശാലമായ പൂങ്കാവനവും, ലോക സാംസ്കാരിക പൈതൃക സ്മാരകങ്ങളില്‍ ഒന്നായി UNESCO രേഖപ്പെടുത്തിയത്.


ആയിരത്തി അറന്നൂറ്റി മുപ്പത്തിനാലില്‍ (1634) ല്‍ ഇഷ്ടികയും കരിങ്കല്ലും ചേര്‍ത്തുണ്ടാക്കിയ ഈ കൊട്ടാരം, ആദ്യം ലൂയി പതിമൂന്നാമന്‍റെ വാസസ്ഥലമാകുകയും 1669ല്‍ ലൂയി പതിനാലാമന്‍റെ കാലത്ത് വീണ്ടും അതിവിപുലമായി പരിഷ്ക്കരിക്കപ്പെടുകയും ചെയ്തു. ചരിത്രത്തില്‍ എക്കാലത്തും പുകഴ്ത്തപ്പെട്ടിട്ടുള്ള ശ്രേഷ്ഠവും ആഡംബരസമൃദ്ധവുമായ അകത്തളത്തോടു കൂടിയ വേഴ്സായ് പാലസിനുള്ളിലെ മുഖ്യ ആകര്‍ഷണം കണ്ണാടി ചുമരുകളുള്ള ആ വലിയ നടപ്പുരയാണ്. ആര്‍ച്ചുകള്‍ക്കുള്ളില്‍ ഘടിപ്പിച്ചിട്ടുള്ള പതിനേഴു കണ്ണാടികള്‍, പതിനേഴു ജനലുകളെ അഭിമുഖീകരിച്ചു നില്‍ക്കുന്നു. ഓരോ ആര്‍ച്ചിലും ഇരുപത്തിയൊന്നു കണ്ണാടികള്‍ വീതം മൊത്തം മുന്നൂറ്റി അമ്പത്തിയേഴു ദര്‍പ്പണങ്ങളാണ് കാഴ്ചപ്രധാനമായ ഈ നടപ്പുരയില്‍ പ്രതിഷ്ഠിച്ചിട്ടുള്ളത്. മുറിയുടെ മുകള്‍ത്തട്ട് അലങ്കൃതമാക്കുന്ന ചിത്രങ്ങള്‍, വിശദാംശങ്ങളോടുകൂടി വരച്ചു ചേര്‍ത്തിട്ടുള്ളത്തിന്‍റെ പിന്നിലെ കഠിനപ്രയത്നം ആര്‍ക്കും നിസ്സംശയം ബോധ്യപ്പെടുന്ന ഒരു വസ്തുതയാണ്. ഇത്തരം ചിത്രപ്പണികളില്‍ സ്വയം മറന്ന് വ്യാപൃതനായിരുന്നതിനാലാണ് ഡാവിഞ്ചിക്ക് ഒടുവില്‍ കാഴ്ച പോലും നഷ്ടമായതെന്ന് പറയപ്പെടുന്നു.

കൊട്ടാരത്തിനകത്ത് രാജാവിന്‍റെയും രാജ്ഞിയുടെയും അന്തപ്പുരങ്ങള്‍,, വായനാമുറി, തുടങ്ങി, പലയിടങ്ങളും അറ്റകുറ്റപ്പണികള്‍ ചെയ്ത് സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. 
 

 
പെയിന്റിങ്ങുകള്‍ക്കു പുറമേ നിരവധി ശില്പങ്ങളും പ്രദര്‍ശനവസ്തുക്കളില്‍ പെടും.


 

 
ഇവിടെ നിന്നും ജനലിലൂടെ പുറത്തേക്കു നോക്കിയാല്‍ കാണുന്നത് മനം കവരുന്ന സുന്ദരോദ്യാനമാണ്. എണ്ണൂറ് ഹെക്ടറില്‍ വിസ്തൃതമായി കിടക്കുന്ന, സവിശേഷമായ ശൈലിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഫ്രഞ്ച് ഗാര്‍ഡനില്‍, ഓരോ ഋതുവിലും ഓരോ നിറങ്ങളില്‍ കാവടി വിരിച്ചാടുന്ന മരങ്ങളും, പ്രത്യേകം വച്ചു പിടിപ്പിച്ചിരിക്കുന്നു. 

 ആന്ത്രെ ലെ നൂതൃ (André Le Nôtre) എന്ന പേരുകേട്ട ഫ്രെഞ്ച് ഉദ്യാനപാലകന്‍ ആണ് ഇതിന്‍റെ ശില്പി. അദ്ദേഹത്തിന്‍റെ നാനൂറാം (400) ജന്മ വാര്‍ഷികം (1613-2013) പ്രമാണിച്ച് വേഴ്സായ് കൊട്ടാരം അടിച്ചിറക്കിയ ഒരു നാണയവും സ്വന്തമാക്കാന്‍ മറന്നില്ല. 








ഫ്രഞ്ച് വിപ്ലവത്തിനു ശേഷം കൊട്ടാരവും പൂന്തോട്ടവുമെല്ലാം ഗണ്യമായ തോതില്‍ നാശനഷ്ടങ്ങള്‍ നേരിട്ടുവെങ്കിലും, പിന്നീടത്‌ ശ്രദ്ധയോടെ സംരക്ഷിച്ച് പൂര്‍വസ്ഥിതിയിലാക്കുകയായിരുന്നു. ആയിരക്കണക്കിനു ചിത്രങ്ങളും ശില്‍പ്പങ്ങളും ഇനിയും പ്രദര്‍ശിപ്പിക്കപ്പെടാതെ കൊട്ടാരത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നും പറഞ്ഞു കേള്‍ക്കുന്നു. 
 
കൊട്ടാരത്തിന്‍റെ പടിഞ്ഞാറേവശത്തായി അനന്തമായി കിടക്കുന്ന, വിശ്വവിശ്രുതമായ ഉദ്യാനത്തിലേക്കിറങ്ങിയപ്പോള്‍ തുളഞ്ഞു കയറിയ ശീതക്കാറ്റില്‍ എല്ലുകള്‍ പോലും തണുത്തുറഞ്ഞുവെങ്കിലും, ഇടക്കുദിച്ച നല്ല തെളിഞ്ഞ വെയിലേകിയ ചൂടേറ്റു നില്‍ക്കുന്നത് സുഖകരമായ അനുഭവമായി. 

മനസ്സ് കടിഞ്ഞാണ്‍ വിട്ട കുതിരയെപ്പോലെ കാണാക്കാഴ്ചകള്‍ക്കായി അകലങ്ങളില്‍ മേഞ്ഞു നടന്നു. ഇടതൂര്‍ന്നു വളര്‍ന്നു നിന്നിരുന്ന മരങ്ങളില്‍ നിറങ്ങളുടെ നൃത്തം. മദ്ധ്യേ അനന്തമായിക്കണ്ട നടപ്പാതകളും ഫൌണ്ടനുകളും ചേര്‍ന്നു സുന്ദരമായ, ആ ആരാമം ഏതൊരു വര്‍ണ്ണനക്കും അതീതമായി തോന്നി. ഒരു കാലം, സുഖലോലുപതയുടെ ഔന്നത്യത്തില്‍ വിളങ്ങിയ മായാപ്രപഞ്ചം. കാടുകള്‍ക്കിടയിലെവിടെയോ വിദൂരമായ കുതിരക്കുളമ്പടികള്‍, നായാട്ടിന്‍റെ വിളികള്‍, ആഹ്ലാദത്തിമര്‍പ്പുകള്‍.. ഇടക്കെപ്പോഴോ വഴി മാറി വന്നു വേറെയും ചിന്തകള്‍.. പള്ളിത്തേരിലിറങ്ങി വരുന്ന രാജാവും രാജ്ഞിയും! എങ്ങനെയായിരുന്നിരിക്കാം ആ കാലങ്ങള്‍! എല്ലാത്തിനും സാക്ഷിയായി നിന്ന ഈ ചൊല്‍ക്കൊണ്ട പൂങ്കാവനത്തിനും പറയാനുണ്ടാവാം ഒത്തിരിയൊത്തിരി കാല്പനികത വിരിയുന്ന കഥകളും കവിതകളും ...

ഒരു ഉണര്‍ച്ചയിലെന്നോണം എന്‍റെ കാഴ്ചകളില്‍ ചുവപ്പ് രാശി വീണു..രമണീയമായ ആ കാലങ്ങള്‍ക്കൊടുവില്‍, ഫ്രെഞ്ചു വിപ്ലവങ്ങളുടെ ക്ലേശങ്ങളേറെയും ഏറ്റുവാങ്ങിയ കൊട്ടാരക്കെട്ടിനു പറയാന്‍ നെഞ്ച് പിളര്‍ന്ന് ചീറ്റിയ ചോരയുടെ നോവുള്ള ഓര്‍മ്മകളും കാണില്ലേ....

രാജവാഴ്ചയുടെ ആര്‍ഭാടത്തിലമര്‍ന്ന പദസ്വനങ്ങളും, എല്ലാം തകര്‍ത്തു തൂത്തെറിഞ്ഞ വിപ്ലവത്തിന്‍റെ നിശ്വാസങ്ങളും ഇളവെയിലില്‍, അകലെ, മരങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയുടെ നിഴലുകളായി വീണുകിടന്നു..

ഓരോ കാലഘട്ടത്തിലായി മനുഷ്യന്‍ മണ്ണില്‍ ഉയര്‍ത്തിയ പ്രൌഢിയുടെ പ്രതീകങ്ങള്‍, കാഴ്ചക്കാരന്‍റെ ചിന്തകളെ ഉദ്വീപിപ്പിക്കുവാന്‍ ഉതകുന്ന തരത്തില്‍, അത്ഭുതങ്ങളായ ചരിത്ര സ്മാരകങ്ങളായിമാറി, തനിമയോടെ നില നില്‍ക്കുന്നുവെന്നത് തന്നെ ആശ്ച്ചര്യമുളവാക്കുന്ന ഒരു വസ്തുതയാകുമ്പോള്‍, കൂടുതല്‍ ചിന്തകള്‍ അപ്രസക്തമാവുന്നു എന്ന് വേണം പറയാന്‍.

2014, ഫെബ്രുവരി 8, ശനിയാഴ്‌ച

മഞ്ഞിലലിഞ്ഞ ഡിസ്നി ലാന്‍ഡും ഇരുളില്‍ മറഞ്ഞ യപ്പിലോപ്പിയും (Paris Part 4)



കൃത്രിമത്വത്തിന്‍റെ പാരമ്യം! ഒരു ദിവസം മുഴുവനും കഴിഞ്ഞുകൂടേണ്ടിവന്നു, കുട്ടികളുടെ ആ ഭാവനാലോകത്തില്‍. നിരാശ ഒഴിവാക്കണമെങ്കില്‍ മകളോടൊപ്പം ഏഴു വയസ്സുകാരിയായിമാറാതെ തരമില്ലെന്നു മനസ്സിലായി. ഈ അത്ഭുത ദ്വീപില്‍ എന്നെ ഭ്രമിപ്പിച്ച ആശ്ച്ചര്യങ്ങള്‍ വിരലില്‍ എണ്ണാവുന്നതേ ഉണ്ടായിരുന്നുള്ളൂ.


മഞ്ഞുമൂടിയ ഒരു പ്രഭാതത്തിലാണ് ഞങ്ങള്‍ അവിടെ എത്തുന്നത്. അകലെയായി ഡിസ്നി ലാന്‍ഡ്‌ ഹോട്ടലും താഴെ അതിനു നടുവിലൂടെയായി പാര്‍ക്കിലേക്കുള്ള പ്രവേശന കവാടവും ഒരു കാര്‍ട്ടൂണ്‍ ചിത്രം പോലെ ദൃശ്യമായി. ടിക്കറ്റെടുത്ത് അകത്തു കയറുമ്പോള്‍ കര്‍ണ്ണകഠോരമായ ശബ്ദത്തിലുള്ള കൊട്ടുകേട്ടു. എന്തെങ്കിലും ആഘോഷത്തിന്‍റെ ഭാഗമാവാം എന്നേ കരുതിയുള്ളൂ. ഉള്ളില്‍ ചെന്നപ്പോഴാണ് അറിയുന്നത്, ജീവനക്കാരുടെ സമരമായിരുന്നു അതെന്ന്. അവര്‍ വലിയ ശബ്ദത്തില്‍ താളമടിച്ചു നശിപ്പിച്ചുകൊണ്ടിരിക്കുന്നത് ലോഹനിര്‍മ്മിതമായ മാലിന്യകുട്ടകളായിരുന്നു. ആളുകള്‍ അതിനു വലിയ പ്രാധാന്യം കല്‍പ്പിക്കാതെ മുന്നോട്ടു നീങ്ങുന്നുണ്ട്. 


ആദ്യം ദൃഷ്ടിപഥത്തില്‍ വന്നത് ഒരു വശത്തായി പടര്‍ന്ന് കയറിയ ബീന്‍സ് സ്റ്റോക്ക്‌ ആയിരുന്നു. നൂറുതവണയില്‍ കുറയാതെ മകനും മകള്‍ക്കുമായി വായിച്ചും പറഞ്ഞും കേള്‍പ്പിച്ചിട്ടുള്ള കഥയിലെ ( Jack and the beans stalk) ആകാശം മുട്ടനെ വളര്‍ന്ന് രാക്ഷസന്‍റെ കൊട്ടാരമുറ്റം വരെ എത്തുന്ന ബീന്‍സ് ചെടി കണ്ടപ്പോള്‍ വല്ലാത്ത ഒരിഷ്ടം തോന്നിയെന്നത് നേര്.

പാര്‍ക്കിനു നടുവിലായി ദീപ്തമായി നില്‍ക്കുന്ന കൊച്ചു മഞ്ഞുമരങ്ങളിലും കരിമ്പച്ച നിറത്തിലുള്ള വലിയ ക്രിസ്മസ്മരത്തിലും ഇനിയും ചൂടാറാത്ത ക്രിസ്മസ്സ് ആഘോഷം അലങ്കാരങ്ങളായി ബാക്കി വച്ചിട്ടുണ്ട്. നോക്കി നില്‍ക്കെ, അതിലേ വന്ന ഒരു വിന്‍റെയ്ജ് വണ്ടിയില്‍ കൈവീശിക്കാണിച്ചുകൊണ്ട് ഒരു സുന്ദരി കടന്നു പോയി. എന്താണെന്ന് മനസ്സിലായില്ല. അതും കാഴ്ചകളുടെ ഒരു ഭാഗമാവാം.

പല വിധം സവാരികളുടെ വിശാലമായ ഒരു ലോകം തന്നെയുണ്ട്‌ തീം പാര്‍ക്കിനുള്ളില്‍. യാത്ര പുറപ്പെടും മുന്‍പുതന്നെ പലരും റൈഡുകളിലെ അപകട മരണങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിച്ചിരുന്നു. തന്നെയുമല്ല, ഓരോ റൈഡിനും നീണ്ട ക്യൂവും കണ്ടു. അതൊക്കെ ഒഴിവാക്കിക്കൊണ്ട് ബാര്‍ബി കാസിലിനുനേരെ നടക്കുമ്പോള്‍ തരക്കേടില്ലാത്ത ശക്തിയില്‍ മഴ പൊഴിയുന്നുണ്ടായിരുന്നു.

അഡ്വെഞ്ചര്‍ ലാന്‍ഡിലേക്ക് പ്രവേശിക്കുന്നിടത്ത് തന്നെ അറേബ്യന്‍ രീതിയില്‍ കളിമണ്ണു കൊണ്ടുള്ള കൊച്ചു വീടുകളും മദ്ധ്യത്തില്‍ ലെബനീസ് റെസ്റ്ററണ്ടും ഉണ്ട്. മരുഭൂമിയില്‍ ഓടിത്തളര്‍ന്നതെന്നു തോന്നിപ്പിക്കുന്ന പഴയ ഒരു റേയ്ഞ്ചു റോവര്‍ ഒരു വശത്ത് നിര്‍ജ്ജീവമായി കിടപ്പുണ്ട്. 

 ഒരു പാലം കടന്ന് ചെല്ലുന്നിടത്താണ് “Pirates of the Caribbean"എന്ന സിനിമയുടെ പശ്ചാത്തലം സജ്ജീകരിച്ചിട്ടുള്ളത്. പാലത്തിനടിയിലെ വെള്ളത്തില്‍ ഒരു വലിയ കപ്പല്‍ നങ്കൂരമിട്ടു നിര്‍ത്തിയിട്ടുണ്ട്. 


രഹസ്യ ഗുഹകളുടെ ഒരു ശ്രേണിയിലൂടെ കടന്നു പോകുന്ന സന്ദര്‍ശകര്‍ക്ക് പൈറൈറ്റ് ലൈഫിലൂടെ കടന്നു പോകുന്നു എന്ന തോന്നലുണ്ടാക്കുന്നു എന്നതാണ് പ്രമേയം. ഇരുളടഞ്ഞ ഗുഹകളിലൂടെ തീജ്വാലയില്‍ തിളങ്ങുന്ന അസ്ഥിക്കൂടങ്ങള്‍ക്കിടയിലൂടെയുള്ള ആ യാത്ര കുട്ടികളെ മാത്രമല്ല, വലിയവരേയും കുറച്ച് ഭയപ്പെടുത്തും.





അവിടെനിന്ന് തിരിച്ചു പോരുമ്പോള്‍ പാര്‍ക്കിന്‍റെ നടുവിലൂടെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ആഡംബരപൂര്‍വ്വമായ പ്രകടനം തുടങ്ങിയിരുന്നു. മിക്കിയും മിന്നിയും തൊട്ട് ഒട്ടനവധി കഥാപാത്രങ്ങള്‍ രഥത്തിലേറി ആഘോഷത്തിമര്‍പ്പോടെ നീങ്ങുമ്പോള്‍ കുട്ടികളും വലിയവരും ഒരുപോലെ പരിസരം മറന്ന് നില്‍ക്കുന്ന കാഴ്ചയും കണ്ടു.



“മീറ്റ്‌ മിക്കി മൌസ്” എന്ന വലിയ ബോര്‍ഡ് കണ്ടപ്പോള്‍ എന്താകാം ഉള്ളിലെന്ന ആകാംക്ഷയായി. കുട്ടികള്‍ക്കായി, ഒരു പക്ഷേ മിക്കി മൌസിന്‍റെ ചരിത്രമോ, അല്ലെങ്കില്‍ ആനിമേഷന്‍ യുഗത്തിനു മുന്‍പും പിന്‍പും ഉള്ള കാര്‍ട്ടൂണ്‍ എന്നോ മറ്റോ ആയി, ചുരുങ്ങിയത് അര മണിക്കൂര്‍ നേരത്തെ ഒരു പ്രദര്‍ശനമെങ്കിലും പ്രതീക്ഷിച്ച്  നീണ്ട വരിക്കൊടുവില്‍ രണ്ടു മണിക്കൂറില്‍ ഒട്ടും കുറയാതെ കാത്തുകെട്ടി നിന്നു. ഊഴം വന്നപ്പോള്‍, മിക്കിയെ അടുത്ത് കണ്ടപ്പോള്‍ നിരാശയുടെ കൊടുമുടിയില്‍ നിന്നും കൂപ്പും കുത്തി വീണു. നാട്ടിലും ഗള്‍ഫിലുമായി വലിയ ഷോപ്പിംഗ്‌ മോളുകളില്‍ വേഷം കെട്ടി നില്‍ക്കുന്ന ക്രിസ്മസ് അപ്പൂപ്പനെയോ, ആനയേയോ കരടിയെയോ ഒക്കെ പോലെ ഒരു മനുഷ്യനോളം വലിപ്പമുള്ള മിക്കി മൗസ്. കൂടെ നിന്നു ഫോട്ടോ എടുക്കുമ്പോള്‍ ചിരിയിലും കലര്‍ന്നു കൃത്രിമത. ഇതിനായിരുന്നോ രണ്ടു മണിക്കൂര്‍ ഉന്തിയും തള്ളിയും സമയം കളഞ്ഞത്? അല്ലെങ്കില്‍ത്തന്നെ ആര് പറഞ്ഞു കൂടുതല്‍ പ്രതീക്ഷിക്കാന്‍ അല്ലേ? 




ആ ക്ഷീണം മാറാനായി നേരെ ചെന്ന് “ടീ കപ്പ്” (tea cup ) റൈഡില്‍ കയറി യപ്പോള്‍ മകള്‍ക്ക് സന്തോഷമായി. കഷ്ടിച്ച് പത്തു മിനിറ്റേ ക്യൂവില്‍ നില്‍ക്കേണ്ടി വന്നുള്ളൂ. വലിയ ചായ കപ്പുകളില്‍ രണ്ടോ മൂന്നോ പേര്‍ക്കിരിക്കാം. അത് എങ്ങനെയൊക്കെയോ മൂന്നുനാലു മിനിറ്റോളം വളഞ്ഞും തിരിഞ്ഞും പിരിഞ്ഞും വട്ടത്തിലോടി. പിന്നെ നിന്നു.

അത്രയായപ്പോഴേക്കും വിശപ്പിന്‍റെ വിളി കേട്ടില്ലെന്നു നടിക്കാനായില്ല. അഡ്വെഞ്ചര്‍ ലാന്‍ഡിലെ ലെബനീസ് റെസ്റ്റോറണ്ടില്‍ നിന്നും ബുഫേ ലഞ്ച് കഴിച്ചിറങ്ങുംനേരം ഒരു തൊപ്പിയും ഇയര്‍ ക്യാപ്പും കാണാതായി. എവിടെയെങ്കിലും ചോര്‍ന്നതോ അതോ ആരെങ്കിലും എടുത്തതോ എന്ന് വ്യക്തമല്ല. "മോഷണം സൂക്ഷിക്കുക" എന്ന്‍ പലയിടങ്ങളിലായി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് തമാശക്കല്ല എന്ന്‍ അതോടെ ബോധ്യപ്പെട്ടു. 


നേരം ഇരുട്ടാന്‍ തുടങ്ങി. തണുപ്പും കൂടിക്കൊണ്ടിരുന്നു. കുട്ടികളെ സങ്കടപ്പെടുത്തേണ്ട എന്ന് കരുതി ഫ്ലയിംഗ് എലഫന്റ് റൈഡിനുള്ള ക്യൂവില്‍ അര മണിക്കൂര്‍ നിന്നു. ഇതിനിടയില്‍ എന്‍റെ തൊട്ടു മുന്നില്‍ നിന്നിരുന്ന ഒരു ഫ്രഞ്ച് കുട്ടി എന്‍റെ മകളുമായി ചങ്ങാത്തത്തിലായി. അവളുടെ പേര്, “ഈഫൈ” എന്നായിരുന്നു. ചെല്ലപ്പേര് യപ്പിലോപ്പി. യപ്പിലോപ്പി വലുപ്പത്തിലുണ്ടെങ്കിലും എന്‍റെ മകള്‍ക്കും അവള്‍ക്കും ഒരേ പ്രായം.  അവള്‍ക്കു ഇങ്ക്ലീഷ് അറിയാത്തതിനാല്‍ എന്‍റെ മകള്‍ അവളോട്‌ ചോദിക്കുന്ന ഓരോ ചോദ്യവും അവള്‍ അവളുടെ അമ്മയോട് ചോദിക്കാന്‍ ആംഗ്യം കാണിച്ചു. എല്ലാത്തിനും അമ്മയാണ് ഉത്തരം പറഞ്ഞുകൊണ്ടിരുന്നത്. യപ്പിലോപ്പിയുടെ അമ്മ എന്നോട് പറഞ്ഞു, “നിങ്ങളുടെ മകള്‍ എന്ത് നന്നായി ഇങ്ക്ലീഷ് സംസാരിക്കുന്നു, എന്‍റെ മകള്‍ക്ക് ഇപ്പോഴും ഇങ്ക്ലീഷ് അറിയില്ല, ഫ്രഞ്ച് മാത്രമേ അറിയൂ” എന്ന്. ഇങ്ക്ലീഷുകാരോടുള്ള വിമുഖത അവര്‍ക്ക് ഇങ്ക്ലീഷ് ഭാഷയോടും ഉണ്ടെന്ന് അത് വ്യക്തമാക്കി. റൈഡില്‍ നിന്നും ഇറങ്ങുമ്പോള്‍ യപ്പിലോപ്പി എന്‍റെ മകളുടെ കയ്യില്‍ നിന്നും പിടുത്തം വിട്ടില്ല. അവള്‍ക്കു കൂട്ടുകാരിയെ ഇഷ്ടമായി. ഞാന്‍ അവരെ ഒരുമിച്ചു നിര്‍ത്തി ഒരു ഫോട്ടോ എടുത്തു. നാല് മണിക്കൂര്‍ യാത്ര ചെയ്താണ് വന്നതെന്നും ഇരുട്ടും മുന്‍പേ തിരിക്കണം എന്നും പറഞ്ഞ് അവര്‍ പോയി.

 


യപ്പിലോപ്പിയെ വിട്ടു ഞങ്ങള്‍ പോയത് ഡിസ്നി സ്റ്റുഡിയോയിലേക്കാണ്. രാത്രി ഏഴുമണി ആയിരുന്നു. അവിടെ ട്രാമില്‍ ഒരു രാത്രി സവാരി. ഹോളിവുഡ് സിനിമക്കു ഉപയോഗിച്ചിട്ടുള്ള സെറ്റിങ്ങുകള്‍ എല്ലാം തനിമയോടെ പകര്‍ത്തിയിരിക്കുന്നു. ട്രാമിന് ഇരുവശങ്ങളിലുമായി കാണാന്‍ കഴിഞ്ഞത്, കൃത്രിമമായി ഉണ്ടാക്കിയ തകര്‍ന്ന റോമന്‍ സാമ്രാജ്യവും ഈജിപ്ഷ്യന്‍ സാമ്രാജ്യവും മാത്രമല്ല, തര്‍ക്കപ്പെട്ട ലണ്ടനും ന്യൂയോര്‍ക്കും വരെ! “1000 ലീഗ്സ് അണ്ടര്‍ ദി സീ” എന്ന ചലച്ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ള മുങ്ങിക്കപ്പലിന്‍റെയും പിന്നെ യുദ്ധവിമാനങ്ങളുടെയും മാതൃകകള്‍ കണ്ടതും ഓര്‍ക്കുന്നു.


 ഒരിടത്ത് ട്രാം നിശ്ചലമായപ്പോള്‍, ഇടതുവശത്ത് നിര്‍ത്തിയിട്ട ഒരു പെട്രോള്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചു. തീ നാളങ്ങള്‍ ട്രാമിനകത്തേക്ക് കൈനീട്ടിയപ്പോള്‍ ഞങ്ങള്‍ പേടിച്ചു പിന്മാറി. പെട്ടെന്ന് മലകള്‍ക്കിടയിലെ അണക്കെട്ട് പൊട്ടിയൊഴുകി, അവിടമാകെ പ്രളയം. ട്രാമിനു മുകളിലൂടെയും വശങ്ങളിലൂടെയും വെള്ളം ചീറ്റിത്തെറിച്ചു. ശരിക്കും ഭയന്നുപോയ നിമിഷങ്ങള്‍. ഹോളിവുഡ് പടങ്ങളിലെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിലെ സാങ്കേതിക വശങ്ങള്‍ മനസ്സിലാക്കിച്ചു തരുന്ന നല്ല ഒരു അനുഭവമായിരുന്നു അത്.



ട്രാം ചലിച്ചു തുടങ്ങി. വീണ്ടും കാഴ്ചയില്‍, പല സിനിമകളിലായി പ്രദര്‍ശിപ്പിച്ചിട്ടുള്ള പലയിനം വണ്ടികളുടെ നിര. ചിലത് ഒറിജിനലും ചിലത് അനുകരണങ്ങളും.

രാത്രിയായത്തോടെ എല്ലാവരും തിരിച്ചു പോകാന്‍ തുടങ്ങിയിരുന്നു, ഡിസ്നി ലാന്‍ഡ്‌ ഹോട്ടലില്‍ താമസിച്ച് പിറ്റേ ദിവസവും കാഴ്ചകള്‍ കാണാന്‍ തയ്യാറായി വന്നവരും കുറവായിരുന്നില്ല. ഫെയറി ടെയിലിലെ കൊട്ടാരങ്ങള്‍ രാത്രിമഴയില്‍ ദീപ്തിമത്തായി.



കുട്ടികളോടൊപ്പം ഡിസ്നി വേള്‍ഡ് ഞാനും ഏറെക്കുറെ ആസ്വദിച്ചു എന്ന് വരുത്തി മടങ്ങാനൊരുങ്ങവേ മകള്‍ ചോദിച്ചു,

“ അമ്മേ, നമ്മള്‍ ഇനി എപ്പോഴാ യപ്പിലോപ്പിയെ കാണുക” ?.

“ജീവിതത്തില്‍ ഒരിക്കലും നമ്മള്‍ ഇനി യപ്പിലോപ്പിയെ കാണില്ല കുട്ടീ..” എന്ന് പറയാന്‍ തുടങ്ങും മുന്‍പ് ഞാന്‍ ചിന്തിച്ചു, വെറുതെ എന്തിനു ആ കുഞ്ഞു മനസ്സ് വേദനിപ്പിക്കണം!..

“കാണും..എന്നെങ്കിലും ഒരിക്കല്‍ കാണും” എന്നുതന്നെ ഞാന്‍ പറഞ്ഞു.

അവളുടെ നക്ഷത്രക്കണ്ണുകള്‍, ഇരുളില്‍,  തിരക്കിനിടയില്‍ യപ്പിലോപ്പിയെ തിരഞ്ഞപ്പോള്‍ എനിക്ക് അല്പം വിഷമം തോന്നാതിരുന്നില്ല. ഫോണ്‍ നമ്പറോ ഇമെയില്‍ വിലാസമോ  വാങ്ങാമായിരുന്നു!. ഒരു ദിവസം മുഴുവനും കുട്ടികളുടെ മനസ്സുമായി നടന്നപ്പോള്‍ ഞാനും ബാലിശമായ ചിന്തകളുടെ അധീനതയിലായോ!