2013, ഒക്‌ടോബർ 1, ചൊവ്വാഴ്ച

സ്പ്രിംഗ് വാലിയിലെ കടലാസ്സുപൂക്കള്‍



“നീ എത്രയും പെട്ടെന്ന് വീട്ടിലേക്കു വരണം, അവര്‍ ഒരു കത്ത് അയച്ചിരിക്കുന്നു, കാര്യം ഗൗരവമുള്ളതാണ്”.

വീട്ടില്‍ നിന്നും വന്ന ഒരു ഫോണ്‍ കാള്‍ !

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ക്യാമ്പസ്സിലൂടെ അവള്‍ പരിഭ്രമം മറച്ചുവച്ചുകൊണ്ട് ഒറ്റയ്ക്ക് നടന്നു.

“മതി, ഒറ്റയ്ക്ക് മതി. ആര്‍ക്കും മനസ്സിലാവണമെന്നില്ല.” ആള്‍കൂട്ടത്തിനിടയിലൂടെ നടക്കുമ്പോഴും അവള്‍ ചിന്തിച്ചുകൊണ്ടേയിരുന്നു.

വിശാലമായി കിടക്കുന്ന ക്യാമ്പസ്സില്‍ എപ്പോഴും ആളും അനക്കവും ഉണ്ടാകും. അവധി ദിവസങ്ങളില്‍ പോലും ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടികളും ക്വാര്‍ട്ടേഴ്സില്‍ വസിക്കുന്ന ഉദ്യോഗസ്ഥരും അങ്ങിങ്ങായി ചിതറി നടക്കുന്നത് കാണാം.

ഓഫീസില്‍ എത്തി ,അര നേരത്തെ അവധിക്കു എഴുതിക്കൊടുക്കുമ്പോള്‍ സ്വര്‍ണ്ണക്കൂടിട്ട കണ്ണടക്കുള്ളിലൂടെയുള്ള മേലുദ്യോഗസ്ഥയുടെ ചോദ്യഭാവത്തിലുള്ള നോട്ടം അവഗണിച്ച് തിരിച്ചു നടന്നു.

കടുംമഞ്ഞ നിറത്തിലുള്ള തലപ്പാവ് ചുറ്റിക്കെട്ടിയ പഞ്ചാബി കുട്ടി വരാന്തയുടെ അറ്റത്തുനിന്നും കൈ വീശി കാണിച്ചു.

അവള്‍ ചിരിച്ചു.

ഒറ്റക്കും ഇരട്ടക്കും കൂട്ടമായും ദൃശ്യമാവുന്ന വിദ്യാര്‍ത്ഥികളുടെ നിര! മരം ചുറ്റി പ്രണയങ്ങളില്ല ഇവിടെ, യൗവനത്തില്‍ മുകുളമെടുക്കുന്ന പ്രണയത്തിനു പക്വതയും ഗൗരവവും ഏറെ! സുഗമമായി ഒഴുകുന്ന പുഴയുടെ കൈവഴികള്‍ പോലെ സുന്ദരമാണ് അവരുടെ അനുരാഗത്തിന്‍റെ വഴികളും! പഠിപ്പ് കഴിയുന്നതോടെ ഇവിടെ , ഈ ക്യാമ്പസ്സില്‍തന്നെ പൊലിഞ്ഞു തീരുമായിരിക്കും ഈ പ്രണയ പുഷ്പങ്ങളില്‍ പലതും! ! എന്നിട്ടും അവരുടെ കണ്ണുകളില്‍ സന്ധ്യാരാഗ പൂക്കള്‍ വിടര്‍ന്നു നിന്നു.

പൂത്തുലഞ്ഞ സ്പ്രിംഗ് വാലിയും കടന്ന് റോസിയുടെ ക്വാര്‍ട്ടേഴ്സിലേക്ക് നടക്കുമ്പോള്‍ അവള്‍ ആലോചിച്ചത് അമ്മയെ വിഷമിപ്പിച്ച ആ കത്തിനെക്കുറിച്ചായിരുന്നില്ല. ജീവിതത്തിന്‍റെ കടുപ്പം കൂടിയ തലങ്ങളിലേക്ക് താന്‍ എത്തിപ്പെടുന്നതിന്‍റെ ഭീതിയെ കുറിച്ച് മാത്രം!



ചെറിയൊരു ബാഗില്‍ വസ്ത്രങ്ങള്‍ തിരുകി അവള്‍ ബസ്‌സ്റ്റോപ്പിലേക്ക് നടന്നു. ഇനി രണ്ടു നാളുകള്‍ ശനിയും ഞായറും, അത് കഴിഞ്ഞ് തിരിച്ചെത്തിയാല്‍ മതിയാകും.

വണ്ടി വരാന്‍ സമയമുണ്ട്. നാല് മണിക്കൂര്‍ നീണ്ട യാത്രയില്‍ കഴിക്കാനായി കട്ടാങ്കല്ലിലെ പെട്ടിക്കടയില്‍ നിന്ന് കുറച്ചു മധുരനാരങ്ങ വാങ്ങി ബാഗിലിട്ടു. വയനാട്ടില്‍ നിന്നെത്തുന്ന നാരങ്ങക്ക് മധുരമാണ് മുന്നില്‍ .

ചുരങ്ങളുടെയും  മരങ്ങളുടെയും കാഴ്ച  പിന്നിലാക്കി ബസ്സ്‌ പായുകയാണ്.

കണ്ണുകളടച്ച് ഇരുന്നപ്പോള്‍ കാതുകളില്‍ അയാളുടെ വാക്കുകള്‍ മാത്രം.

“പുറപ്പെടുക, നമുക്ക് പരിഹാരമുണ്ടാക്കാം”.

അതേ, ഉണ്ടാവണം, ഞാനിതാ പുറപ്പെട്ടു കഴിഞ്ഞു.

ചെഞ്ചായചെപ്പ് തട്ടി മറിഞ്ഞു വീണ പോലെ മാനം. ഇരുട്ട് വീഴും മുന്‍പേ വീട്ടിലെത്തണം.

വയലുക്കള്‍ക്കിടയിലൂടെ ഒറ്റക്കു നടക്കുമ്പോള്‍ ചിവീടുകള്‍ ചിലക്കാന്‍ തുടങ്ങും. ഒരായിരം സംഗീതോപകരണങ്ങള്‍ ഒരുമിച്ചു പല താളത്തില്‍ പല വേഗത്തില്‍ പാടുന്ന പോലെ, ചെവികളിലൂടെ സിരകളും തുളഞ്ഞെത്തുന്ന ആ ശബ്ദം കേള്‍ക്കുമ്പോള്‍ താനേതോ ഒറ്റപ്പെട്ട തുരുത്തില്‍ എത്തിപ്പെട്ട പരിഭ്രാന്തിയാണ് അവള്‍ക്ക്!

ഇല്ല, ചിവീടുകള്‍ ഉറക്കമാണ്, ഇനി കഷ്ടി അര നാഴിക നടന്നാല്‍ വീട് പൂകാം.

തനിക്കൊപ്പം, അല്ലെങ്കില്‍ അല്‍പംകൂടി കഴിഞ്ഞ്, അയാളും എത്തിയേക്കും. ഇപ്പോള്‍ മനസ്സിലെ മഞ്ഞുരുകാന്‍ തുടങ്ങിയിരിക്കുന്നു.

തന്നെ കാത്തു കിടന്ന ആ കത്ത് അവള്‍ കണ്ടു.......

തികച്ചും ഔപചാരികമായ ഒന്നായിരുന്നു, അന്ന് അയാള്‍ അവരെകൂട്ടി വന്ന വരവ്.

മുറ്റത്ത്‌ വന്നു നിന്ന ചന്ദനനിറത്തിലുള്ള മാരുതിയില്‍ നിന്നും അയാളാണ് ആദ്യം ഇറങ്ങിയത്‌. ഡ്രൈവര്‍ തിടുക്കപ്പെട്ടിറങ്ങി, പിന്‍വശത്തെ ഡോര്‍ തുറന്നുപിടിച്ച്‌ ഭവ്യതയോടെ നിന്നപ്പോള്‍ നീല പട്ടു സാരിയുടുത്ത്‌, രണ്ടു വയസുള്ള കുഞ്ഞിനെയുമെടുത്ത് അയാളുടെ പെങ്ങളും കൂടെ ഭര്‍ത്താവും ഇറങ്ങി. അകത്തേക്കു കയറും മുന്‍പ് സാരിയില്‍ മണ്ണു പറ്റാതിരിക്കാന്‍ പെങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നത് കണ്ടു.

ഉള്ളതില്‍ ഏറ്റവും ഭംഗിയെന്ന് തനിക്ക് തോന്നിയ ഒരു സാരിയാണ് അന്നുടുത്തത്. ഒരു ചുവന്ന ബ്ലൗസും. എണ്ണ പുരണ്ട മുടി വിരിച്ചിട്ടിരുന്നു. വല്ലാത്ത വൈക്ലബ്യത്തോടെയാണ് അവരുടെ മുന്‍പില്‍ നിന്നത്.

“ഒരു ഫോട്ടോ വേണം, വീട്ടിലുള്ളവരെ കാണിക്കാനാണ്.”

പെങ്ങളുടെ ഭര്‍ത്താവാണ് ആവശ്യം ഉന്നയിച്ചത്.

അവള്‍ വെപ്രാളത്തില്‍ ആല്‍ബം പരതി. ഇളം നീലയില്‍ വയലറ്റ് മുന്താണിയുള്ള ഒരു സാരിയില്‍ താന്‍ ചിരിച്ചു നില്‍ക്കുന്നു, മുള്ള് കൈയ്യില്‍ തട്ടാതെ ഒരു ബോഗൈന്‍വില്ലയുടെ ചില്ല, സൂക്ഷ്മതയോടെ താഴ്ത്തിപ്പിടിച്ചിട്ടുമുണ്ട്.

ചിത്രം പുറത്തേക്കെടുത്തു ആവശ്യക്കാരന് കൈമാറുമ്പോള്‍ അവള്‍ അയാളെ തിരിഞ്ഞൊന്നു നോക്കി, ഒരു പുഞ്ചിരിയോടെ അവളെ നോക്കിയിരിക്കുന്നു അയാള്‍ !

ചായ മാത്രം കുടിച്ച് അവര്‍ ഇറങ്ങുമ്പോള്‍ , വടക്കേപ്പുറത്ത് കൂട്ടിലിട്ട തത്ത ചിലച്ചുകൊണ്ടിരുന്നു. പട്ടു സാരിയുടെ ഞൊറികള്‍ ഒന്നുകൂടെ നേരെയാക്കിക്കൊണ്ട് പെങ്ങള്‍ തത്തക്കൂടിനടുത്തു ചെന്ന്, കുഞ്ഞിനോട് പറഞ്ഞു,

“പി ഫോര്‍ പാരറ്റ്”

അമ്മ പറഞ്ഞതൊന്നും മനസ്സിലാവാതെ കുഞ്ഞ് കൂട്ടില്‍ തത്തിക്കളിക്കുന്ന കിളിയെ മാത്രം നോക്കി.

കുഞ്ഞിന്‍റെ തല പിടിച്ചു തിരിച്ചു കൊണ്ട് അമ്മ വീണ്ടും പറഞ്ഞു,

“പാരറ്റ് ഈസ്‌ ഗ്രീന്‍ ”

കുഞ്ഞു പകച്ചു നോക്കി.

ഡ്രൈവര്‍ തുറന്നു കൊടുത്ത കാറിലേക്ക് കയറിയിരിക്കുമ്പോള്‍ , അരുതാത്ത എന്തിനോവേണ്ടി വന്നുപോയെന്ന ഒരു ഭാവത്തോടെ ഒന്ന് നോക്കി, അവര്‍ തിരിഞ്ഞിരുന്നു.  അയാള്‍ മാത്രം ചിരിച്ചു. സമാധാനത്തിന്‍റെ ഒരു അലമാല അപ്പോള്‍ തന്നിലേക്ക് വന്നെത്തിയില്ലേ?...

അതിനു ശേഷം ഒരാഴ്ചയേ ആയുള്ളൂ, ആ കത്ത് കിട്ടുമ്പോള്‍ . ഒരു പുറം മാത്രം എഴുതിയ കത്തിനോടൊപ്പം, തന്‍റെ ചിത്രം തിരിച്ചയച്ചിരിക്കുന്നു!. ആകാശത്ത് ദര്‍ശിച്ച ചെഞ്ചായക്കൂട്ട് ഇപ്പോള്‍ തട്ടിത്തൂവിയത് അവളുടെ മനസ്സില്‍ !.

ബോഗൈന്‍ വില്ലയുടെ മുള്ളുകള്‍ , പുഞ്ചിരി തൂകി നിന്ന തന്‍റെ ഹൃദയത്തില്‍ കോറി വരഞ്ഞു രക്തം വാര്‍ന്നൊഴുകുന്നില്ലേ?......

താന്‍ ഉപേക്ഷിക്കപ്പെട്ടവളായിരിക്കുന്നു. അയാളെ താന്‍ മറക്കണമെന്ന് അവര്‍ ആജ്ഞാപിക്കുന്നു. അതാണ് കത്തിന്‍റെ രത്നച്ചുരുക്കം!.

ജീവിതം മറ്റൊരു തിരിവിലേക്ക് യാത്രയാകുന്നു.

ഭാഗ്യമോ, നിര്‍ഭാഗ്യമോ എന്താണ് തന്നെ കാത്തിരിക്കുന്നതെന്നവളറിഞ്ഞില്ല. മിടിക്കുന്ന ഹൃദയത്തിന്‍റെ താളം തെറ്റുന്നുണ്ടോ?

ഒടുവില്‍ അയാള്‍ എത്തി, സുഹൃത്തുക്കള്‍ക്കൊപ്പം!

അവള്‍ക്കു കരയണമെന്നു തോന്നിയെങ്കിലും, കഴിഞ്ഞില്ല.

അപമാനിതയെപ്പോലെ അവള്‍ തല താഴ്ത്തി നിന്നു.

കറുത്ത മഷിയില്‍ കുനുകുനെ എഴുതിയ ആ കടലാസ്സ് വാങ്ങി, വായിച്ചുപോലും നോക്കാതെ അയാള്‍ തുണ്ടംതുണ്ടമായി കീറികളഞ്ഞു.

വ്രണപ്പെട്ട ആ മനസ്സ് അവള്‍ക്കു വായിക്കാനായി.

“ഭയപ്പെടേണ്ട, ഞാന്‍ നിന്നോടു കൂടെയുണ്ട്”. അയാള്‍ പറഞ്ഞത് ഒരു ദൈവവിളിപോലെ, അവളറിഞ്ഞു,

ഉവ്വ്! താന്‍ അയാളോടുകൂടി ഉണ്ടാവേണ്ടതുണ്ട്!

മുള്ളുകള്‍കൊണ്ട് കീറിയ ഹൃദയത്തില്‍ സ്നേഹത്തിന്‍റെ ധാര വീണു തണുത്തു. പക്ഷേ രക്തം ഉറഞ്ഞു കിടന്നു.

അപ്പോഴും തനിക്ക് കൈവരാന്‍ പോകുന്ന ഒരു മഹാസൗഭാഗ്യത്തിന്‍റെ ഉള്‍വിളിക്കായി കാതോര്‍ക്കുകയായിരുന്നു അവള്‍ .......