2016, ഫെബ്രുവരി 29, തിങ്കളാഴ്‌ച

ശബ്ദമില്ലാത്ത വാക്കുകള്‍

എപ്പോഴാണ് നമുക്കിടയില്‍ മൗനം ഒരു മുള്‍ച്ചെടിയായി വളര്‍ന്ന് പന്തലിച്ചത്? ഹൃദയം പൂക്കുന്ന  മുള്‍ച്ചെടി.  ഓരോ മുള്ളിലും ഹൃദയാകൃതിയില്‍  വാക്കുകള്‍ തൂങ്ങുകയാണ്.. ഉണങ്ങിയ രക്തത്തിന്‍റെ നിറത്തില്‍, കറ പുരണ്ട അക്ഷരങ്ങളില്‍. എന്തിനായ് ജനിച്ചു എന്ന കരച്ചില്‍ ഒതുക്കിക്കൊണ്ട്‌   മുള്ളില്‍ കൊരുത്ത് പിടയുകയാണവ.

ഒരിക്കല്‍ ജീവാമൃതമായി നിറഞ്ഞുപെയ്ത  വാക്കുകള്‍ മരണം കൊതിച്ച് കേഴുകയാണിന്ന്.. ഉയര്‍ന്നു പൊങ്ങി മേഘമായി ഘനീഭവിക്കുവാനായെങ്കിലെന്ന്‍, പെയ്യാതെ പോയൊരു മഴയുടെ  ഗര്‍ഭത്തില്‍ ഒളിക്കുവാനായെങ്കിലെന്ന് ഗദ്ഗദപ്പെടുകയാണ്. 

ബന്ധിതമല്ലാത്ത  ചിറകുകള്‍ വിരിച്ച്, ആകാശത്തിലുയരങ്ങളില്‍ പറക്കാന്‍ കഴിവുണ്ടായിരുന്ന പറവകളായിരുന്നു അവ !!

ഓരോ രാത്രിയും ഓരോ പകലും ചിത്രച്ചിറകുകള്‍ വീശിപ്പറന്ന്   ഏഴു കടലുകളും ഏഴു സ്വര്‍ഗ്ഗങ്ങളും കടന്ന് മാന്ത്രികോദ്യാനത്തിലെ  വിശിഷ്ട കനി തേടി പോയിരുന്ന  പറവകള്‍!

നിനക്കക്കോര്‍മ്മയില്ലേ, സ്നേഹത്തിന്‍റെ രുചിയുള്ള വിശുദ്ധഫലം..? ഏതു വിശപ്പിനേയും അടക്കാനാവുന്ന മാന്ത്രികക്കനി.
ഒരു സര്‍പ്പത്തിനും അതിനടുത്തെത്താനായിരുന്നില്ല...അതിനെ വിഷം തീണ്ടിയിരുന്നില്ല, അത് പാപം പേറിയിരുന്നുമില്ല.
അത് നമുക്ക് വേണ്ടി ഉണ്ടായതാണ്.

നിനക്കും എനിക്കും വേണ്ടി മാത്രം!

നിനക്കറിയാമോ, വാക്കുകള്‍ക്ക് അര്‍ത്ഥവും ജീവനും ഉണ്ട്.  

ജീവിതകുടുക്കുകളില്‍, ചിലപ്പോള്‍ മരണക്കുടുക്കിലും   വാക്കുകള്‍ രക്ഷകന്‍റെ പുതപ്പുമായെത്തും.  കുടുക്കുകള്‍ നിഷ്പ്രയാസം അഴിഞ്ഞ് മടിയിലെ സാന്ത്വനമാവും. കഴുത്തില്‍ വരിഞ്ഞമര്‍ന്ന മുറിപ്പാടിലെ തലോടലാവും. കണ്‍പീലികളിലെ പരിഭവമാവും. കണ്‍പോളകളിലെ ചുംബനമാവും..  ചുണ്ടുകളാല്‍  മുത്തിയെടുക്കുന്ന നെറ്റിയിലെ വിയര്‍പ്പുതുള്ളികളാവും...

ഭാരമില്ലാത്ത  വാക്കുകള്‍! മുള്ളുകള്‍ക്ക് പകരം അന്നവയ്ക്ക് ചിറകുകളായിരുന്നു.!

എന്‍റെ   ഹൃദയത്തില്‍ പൂവിട്ടത് സ്നേഹസൗരഭ്യം പരത്തിയ നിര്‍മലസൂനങ്ങളായിരുന്നു. നീയവയെ തിരിച്ചറിഞ്ഞില്ലെന്നും അവ നിന്‍റെ കാലടിയില്‍ ഞെരിഞ്ഞ്‌ ചതഞ്ഞരഞ്ഞെന്നും  വിശ്വസിക്കുക പ്രയാസം!

നിനക്കറിയാമോ, വാക്കുകള്‍ക്ക് മരണമില്ല. അവയ്ക്ക്  ശബ്ദമില്ലാതെ കരയുവാനാകും.

നോക്കൂ... നിന്‍റെ  വാക്കുകള്‍.... നീല നിറമുള്ള  ഫലങ്ങളായി മുള്‍ച്ചെടിയില്‍  തൂങ്ങുകയാണവ.. വിഷഫലങ്ങള്‍! എന്നിട്ടും  അവയില്‍ ഇപ്പോഴും സ്നേഹബീജം തുടിക്കുന്നുണ്ടെന്ന് ഞാന്‍ അറിയുന്നുണ്ടല്ലോ...പക്ഷേ   അവയെ സ്പര്‍ശിക്കുവാന്‍  എനിക്ക് ഭയമാകുന്നു.

ആരാണ് അവയില്‍ വിഷം നിറച്ചത്?

നീതന്നെയോ?

എനിക്കിനി അത് അറിയേണ്ടതില്ല.

നമുക്കിടയില്‍ വളര്‍ന്ന ഈ മുള്‍ച്ചെടിപ്പടര്‍പ്പ് നോക്കി ഞാനിതേയിരിപ്പ് തുടങ്ങിയിട്ട് നേരമെത്രയായി!

നീ ഇത് കാണുന്നില്ലെന്നോ?

നിനക്കൊന്നും പറയുവാനില്ലെന്നോ?

ശരി. എനിക്ക് പോകുവാന്‍ നേരമാകുന്നു.

വാക്കുകള്‍...അവയെ എന്ത് ചെയ്യണം..?

മരണപ്പെടാതെ കുഴിച്ചു മൂടിയാല്‍ അവയ്ക്ക് ശ്വാസം മുട്ടുകയില്ലേ? ദാഹവും വിശപ്പും തോന്നുകയില്ലേ..?

വിഷവിമുക്തമാക്കുവാന്‍ കഴിയുമോയെന്ന് ഒരു അവസാനശ്രമമാവാം.
ഞാനവയെ മുള്‍ച്ചെടിയില്‍ നിന്നും മോചിപ്പിക്കട്ടെ...

ഒരാവര്‍ത്തികൂടി, ഹൃദയത്തോട് ചേര്‍ത്തു വെയ്ക്കട്ടെ.

ചുംബനങ്ങള്‍ കൊണ്ട് പുതുജീവനം നല്‍കട്ടെ.

ചന്തമുള്ള കിനാവുകള്‍ നിറയ്ക്കട്ടെ...

അവ മരിക്കാതിരിക്കട്ടെ.

പകരം ഞാന്‍ മരണം തേടി പോകുകയാണ്.

ശാപവാക്കുകള്‍ക്കായി തിരയുന്നില്ല

വിഷം പുരണ്ട വാക്കുകളോളം ശക്തി  ഒരു ശാപത്തിനുമില്ലല്ലോ..

ഒരു പുനര്‍ജ്ജന്മം പ്രതീക്ഷകളിലെങ്ങുമില്ല..
ജീവിച്ച് കൊതി തീരാത്തവരത്രേ പുനര്‍ജ്ജനിക്കുക!

നീ നല്കിയതെല്ലാം  ഞാന്‍ എന്നോടൊപ്പം എടുക്കുന്നു, ഒരു യാത്രയ്ക്കു വേണ്ടുന്നതെല്ലാം! കൂടെ നിന്നെയും....

നമ്മുടെ വാക്കുകള്‍ക്ക് മരണമില്ല.

അവ അനശ്വരമാണ്!

പരിപാവനമാണ്‌.

നമുക്ക് ശേഷവും അവയില്‍  ജീവന്‍ തുടിക്കട്ടെ..

അവ സ്നേഹം വര്‍ഷിക്കട്ടെ...

ആയിരം നക്ഷത്രങ്ങളായി തിളങ്ങട്ടെ..

കടയിളകി വീഴുന്ന ഈ  മുള്‍ച്ചെടിയോടൊപ്പം  ഞാനും അവസാനിക്കുകയാണ്.

മുള്ളുകള്‍ ഒന്നായി എന്നെ ചുറ്റിവരിയട്ടെ....

കാതുകള്‍ മൂടട്ടെ...കണ്ണുകള്‍ അടയട്ടെ...

വേദന ഞാന്‍ ഒറ്റയ്ക്ക് ഏറ്റു വാങ്ങട്ടെ...

ശ്വാസം നിലയ്ക്കും മുന്‍പ് , വാക്കുകളേ, ശബ്ദമുണ്ടാക്കാതെ നിങ്ങളെന്നെ മുറുകെ  പുണരുവിന്‍!

പകരം വയ്ക്കുകയാണ് ഞാനീ  ജീവന്‍....


ഇനിയാവാം നീണ്ട നിശബ്ദത.....

പടിയിറങ്ങിയ കോമരം
കാവിലെ വേലയാണ്! എത്രയോ വർഷങ്ങൾക്ക്ശേഷമുള്ള വരവാണ്. കണ്ണിനും മനസ്സിനുമൊക്കെ ആർത്തി. ഓർമകൾക്ക് ജീവൻ വെച്ച പോലെ.. അവിടെ അമ്പലപ്പറമ്പിൽ, ശങ്കൂന്റച്ഛൻ പുതിയ കുപ്പിവളകളും മാലേം ചാന്തും കൊണ്ട് വന്നു നിരത്തും.കോര്‍ക്കടപ്പുള്ള കുഴൽ പോലൊരു കുഞ്ഞു ചില്ല് കുപ്പിയിൽ ചോന്ന ചാന്തുണ്ടാവും. എന്തൊരു വാസനയാണ്!! നെറ്റിയിൽ തൊട്ടാൽ ഇളവെയിലിൽ തിളങ്ങും. പൊടിപൊടിയായി വിയർത്തു കലങ്ങും.. ഭാഗോതീടെ നിറമല്ലേ ചോപ്പ്..ഇന്ക്ക്യും അതെന്ന്യാ ഇഷ്ടം.

അപ്രത്തും ഇപ്രത്തും ബലൂണുകളുടെ മേളമാണ് . ഇൻയ്ക്ക് ഇഷ്ടം ചായപ്പൊട്ടുകൾ ചിതറിയ മടക്കു മടക്കായുള്ള നീളൻ ബലൂൺ ആണ്. അതിനെ ഒട്ടിപ്പിടിച്ച് ഹനുമാന്റെ വാലിനു പൂക്കെട്ടിട്ട പോലൊരു കുഞ്ഞുപടവലംബലൂണുംണ്ടാവും. ഉള്ളിലെ കടുകുമണികൾ കിരികിരികിരീ ന്നു ശബ്ദിച്ചോണ്ടിരിക്ക്യും . ശങ്കൂനു പീപ്പി ബലൂൺ ആണ് ഇഷ്ടം..

വള പാകണ്ടോന്നു നോക്കി മണ്ണിൽ മുട്ടുകുത്തി ഇരിക്ക്യുന്ന എന്റെ ചെവീലാണ് “പ്യാ പ്യാ” ന്നും പറഞ്ഞ് അവൻ പീപ്പി ഊതുക.. നിയ്ക്കങ്ങട് ദേഷ്യം പിടിയ്ക്കും.. ന്നാലും ശങ്കൂനോട് ദേഷ്യപ്പെട്ടാൽ അവന്റ അച്ഛൻ ഇന്ക്ക്യു വള തന്നില്ലെങ്കിലോ! ചെവി പൊട്ട്യാലും മേണ്ടില്ല്യ.. ഞാൻ സഹിച്ചിരിയ്ക്കും.

ഊതി ഊതി പീപ്പിബലൂൺ കേടാവും.. അവൻ “ഫൂ.. ഫൂ” ന്നു ഊതുമ്പോൾ “ത്ധൂ ത്ധൂ” ന്നു തുപ്പല് വരും പുറത്തേയ്ക്ക്. 

ഐസ് കാരൻ “പാലൈസ് പാലൈസ് “ ന്നും പറഞ്ഞ് “പോം പോം” അടിയ്ക്കും..വാങ്ങിച്ചു കഴിച്ചാൽ വയറു വേദനിച്ചു ചത്തുപൂവും. ഇന്ക്ക്യു വേണ്ട. അപ്രത്താണ് ചുടു കടലേം കപ്പലണ്ടീം. എല്ലാരടേം കണ്ണ് വെട്ടിച്ചു അവിടന്ന് കടല മേടിക്കാൻ പറ്റില്ല്യ. അശോകൻ ചേട്ടനോട് പറഞ്ഞാൽ വലിയൊരു കടലാസുകുമ്പിൾ കപ്പലണ്ടി കിട്ടും. 

“മണിക്കുട്ടി കഴിച്ചോട്ടോ” ന്നും പറഞ്ഞ് സ്നേഹം തൂവും ആ കണ്ണുകൾ. 

അരമണി കിലുക്കി കയ്യിലെ വാളും ചിലമ്പും “ഛിൽ..ഛിൽ..ഛിൽ” ന്നു കുലുക്കി കുലുക്കി വെളിച്ചപ്പാട് തുള്ളിതുള്ളി കലി കയറ്റുന്നു.

“എന്തിനാ ശ്രീയേട്ടാ വെളിച്ചപ്പാട് ഇങ്ങനെ നിക്കാതെ തുള്ളണേ “?

“വെളിച്ചപ്പാടിന് നിക്കാൻ പാടില്ല്യ , മണിക്കുട്ട്യേ ..ചാടിക്കൊണ്ടും തുള്ളിക്കൊണ്ടുമിരിക്കണം” . 

ശ്രീയേട്ടൻ എന്റെ കയ്യിൽ മുറുക്കിപ്പിടിച്ചോണ്ട് നിക്കും. വെളിച്ചപ്പാട് ന്റെ തലേല് വാളിന്റെ തല വെയ്ക്കും . "ഹു ഊഹുഹു ഊഹുഹു ഹു" ന്നും പറഞ്ഞ് ഉറഞ്ഞു തുള്ളീട്ടു പറയും ..

“ഭാഗോതീടെ ഉണ്ണ്യല്ലേ.. ഇഷ്ടംപോലെ ണ്ട് അനുഗ്രഹം. 
നോമിന്റേംഅനുഗ്രഹണ്ടാവും...നന്നായി വരട്ടെ ..”


വെളിച്ചപ്പാട് തുള്ളി വിയർക്കുമ്പോ ഞാൻ പേടിച്ചു വിയർക്കും... ശ്രീയേട്ടന്റെ പിടുത്തം മുറുകിവരും.

"മോളേ..."

തിരിഞ്ഞു നോക്കാതെ മനസ്സിലായി , ശ്രീയേട്ടന്റെ അമ്മ! 

ഓർമകളിൽ നിന്നും പുറത്ത് വന്നതപ്പോഴാണ്. 

“മോളെപ്പോഴാ വന്നത് ?”

“ഞാൻ ഇന്നലെ .."

“ ശ്രീയേട്ടൻ”?

“ഇവിടെ ഉണ്ടാവുമല്ലോ. ഇന്ന് വെളിച്ചപ്പാട് തുള്ളുന്നത് അവനാണ്..” 

ഉള്ളിൽ വെച്ചുപൂട്ടിയ ഇഷ്ടം കൊണ്ട് നടന്നതാണ് കുഞ്ഞുനാൾ മുതൽ..
വലുതായപ്പോഴും കണ്ണുകൾ കൊണ്ട് കഥപറഞ്ഞും മനസ്സുകൊണ്ട് അറിഞ്ഞും ആരുമറിയാതെ സ്നേഹിച്ചു.


അച്ഛന് മുന്നിൽ ധൈര്യം ചോരാതിരിയ്ക്കാൻ പാടുപെട്ടിട്ടാണ് ശ്രീയേട്ടൻ പറഞ്ഞു മുഴുവനാക്കിയത് .

"മണിക്കുട്ട്യെ എനിയ്ക്ക് കല്ല്യാണം കഴിച്ചു തരണം."

അച്ഛന്റെ മുഖം ചുവക്കുന്നതു കണ്ടിട്ടു അന്ന് തന്റെ കവിളുകൾ വിളറി വെളുത്തു..

രണ്ടാഴ്ച കൊണ്ടായിരുന്നു കല്ല്യാണം ..

ഒച്ച അടഞ്ഞ പിടയ്ക്കുന്ന ചങ്കിൽ ഒരു താലി കുത്തിത്തറഞ്ഞു നിന്നു. 
യാത്ര ചോദിക്കാൻ പോലും കണ്ടില്ല പിന്നെയാ കണ്ണുകൾ..


അവധിയ്ക്ക് നാട്ടിൽ ചെല്ലുമ്പോഴൊക്കെ ചോദിക്കാതെത്തന്നെ അമ്മ പറയും ,
“ശ്രീയ്ക്ക് ഒന്നും ശെര്യായി ല്ല്യ ഇതുവരെ ..” 
“ശ്രീയേെട്ടനൊരു കൂട്ട് വരണം അമ്മേ .. ന്നാലേ എനിയ്ക്ക്...”
കരിമഷി പടർന്ന കണ്ണിലേയ്ക്കു നോക്കി അമ്മ പറയും, 
“ഒക്കെ ശെര്യാവും കുട്ട്യേ.. ജീവിതം ന്നു പറഞ്ഞാൽ ഇങ്ങന്യൊക്ക്യാ” .

വേറൊരു നിവൃത്തിയും ഇല്ലായിരുന്നു അന്ന്. ഉള്ളിലെ ഭീരു എന്നെ ജയിച്ചു കാലം കഴിയ്ക്കുന്നു ഇപ്പോഴും . 
പൂപ്പറയും മലർപറയും കഴിച്ചു നിവരുമ്പോൾ നെറുകയിൽ വാള്..ഉറഞ്ഞുറഞ്ഞുതുള്ളുന്നു കോമരം .വാൾമുന നെറ്റിയിൽ കോറിയപ്പോഴും മിണ്ടാതെ കണ്ണടച്ച് നിന്നു..

രണ്ടു വിരലുകൾക്കിടയിൽ ഒരു നുള്ള് കുങ്കുമം! 

നെറ്റിയിൽ നിന്നു തുടങ്ങി അമർത്തി വരയ്ക്കുന്നു മുകളിലേയ്ക്ക്. സിന്ദൂര രേഖയും കടന്ന് നെറുകയിലെത്തിനിന്ന വിരലുകളിലെ വിറയൽ ഹൃദയ താളമായി പിടഞ്ഞു. 
ചാന്ത് നെറ്റിയിലൂടെ ഒലിച്ച് മൂക്കിൻ തുമ്പിലൂടെ ചുണ്ടിലൂടെ നെഞ്ചിൽ പടർന്നു . 


ഒരു അനുരാഗക്കാലം ചിലമ്പൊലിയോടെ കടന്നുപോയി. .

ഇരുട്ടിൽ വിയർപ്പിൽ അമർന്ന് ഒരു നിശ്വാസം ഉരുകിയില്ലാതായ ഉടലിൽ പതിക്കുന്നു. കുങ്കുമം പടരുന്നു...വസ്ത്രമില്ലാതെ ഭീരുത്വം മുറവിളി കൂട്ടുന്നത്‌ അരമണികളുടെ കിലുക്കത്തിൽ മുങ്ങിപ്പോകുന്നു. 
കോമരം അകന്നുപോകുന്നു.