2015, സെപ്റ്റംബർ 30, ബുധനാഴ്‌ച

ശബ്ദമില്ലാത്ത വാക്കുകൾ.











എപ്പോഴാണ് നമുക്കിടയില്‍ മൗനം ഒരു മുള്‍ച്ചെടിയായി വളര്‍ന്ന് പന്തലിച്ചത്? ഹൃദയം പൂക്കുന്ന  മുള്‍ച്ചെടി.  ഓരോ മുള്ളിലും ഹൃദയാകൃതിയില്‍  വാക്കുകള്‍ തൂങ്ങുകയാണ്.. ഉണങ്ങിയ രക്തത്തിന്‍റെ നിറത്തില്‍, കറ പുരണ്ട അക്ഷരങ്ങളില്‍. എന്തിനായ് ജനിച്ചു എന്ന കരച്ചില്‍ ഒതുക്കിക്കൊണ്ട്‌  മുള്ളില്‍ കൊരുത്ത് പിടയുകയാണവ.

ഒരിക്കല്‍ ജീവാമൃതമായി നിറഞ്ഞുപെയ്ത  വാക്കുകള്‍ മരണം കൊതിച്ച് കേഴുകയാണിന്ന്.. ഉയര്‍ന്നു പൊങ്ങി മേഘമായി ഘനീഭവിക്കുവാനായെങ്കിലെന്ന്‍, പെയ്യാതെ പോയൊരു മഴയുടെ  ഗര്‍ഭത്തില്‍ ഒളിക്കുവാനായെങ്കിലെന്ന് ഗദ്ഗദപ്പെടുകയാണ്. 

ബന്ധിതമല്ലാത്ത  ചിറകുകള്‍ വിരിച്ച്, ആകാശത്തിലുയരങ്ങളില്‍ പറക്കാന്‍ കഴിവുണ്ടായിരുന്ന പറവകളായിരുന്നു അവ !!

ഓരോ രാത്രിയും ഓരോ പകലും ചിത്രച്ചിറകുകള്‍ വീശിപ്പറന്ന്   ഏഴു കടലുകളും ഏഴു സ്വര്‍ഗ്ഗങ്ങളും കടന്ന് മാന്ത്രികോദ്യാനത്തിലെ  വിശിഷ്ട കനി തേടി പോയിരുന്ന  പറവകള്‍!

നിനക്കക്കോര്‍മ്മയില്ലേ, സ്നേഹത്തിന്‍റെ രുചിയുള്ള വിശുദ്ധഫലം..? ഏതു വിശപ്പിനേയും അടക്കാനാവുന്ന മാന്ത്രികക്കനി.
ഒരു സര്‍പ്പത്തിനും അതിനടുത്തെത്താനായിരുന്നില്ല...അതിനെ വിഷം തീണ്ടിയിരുന്നില്ല, അത് പാപം പേറിയിരുന്നുമില്ല.
അത് നമുക്ക് വേണ്ടി ഉണ്ടായതാണ്.

നിനക്കും എനിക്കും വേണ്ടി മാത്രം!

നിനക്കറിയാമോ, വാക്കുകള്‍ക്ക് അര്‍ത്ഥവും ജീവനും ഉണ്ട്.  

ജീവിതകുടുക്കുകളില്‍, ചിലപ്പോള്‍ മരണക്കുടുക്കിലും   വാക്കുകള്‍ രക്ഷകന്‍റെ പുതപ്പുമായെത്തും.  കുടുക്കുകള്‍നിഷ്പ്രയാസം അഴിഞ്ഞ് മടിയിലെ സാന്ത്വനമാവും. കഴുത്തില്‍ വരിഞ്ഞമര്‍ന്ന മുറിപ്പാടിലെ തലോടലാവും. കണ്‍പീലികളിലെ പരിഭവമാവും. കണ്‍പോളകളിലെ ചുംബനമാവും..  ചുണ്ടുകളാല്‍  മുത്തിയെടുക്കുന്ന നെറ്റിയിലെ വിയര്‍പ്പുതുള്ളികളാവും...

ഭാരമില്ലാത്ത  വാക്കുകള്‍! മുള്ളുകള്‍ക്ക് പകരം അന്നവയ്ക്ക് ചിറകുകളായിരുന്നു.!

എന്‍റെ   ഹൃദയത്തില്‍ പൂവിട്ടത് സ്നേഹസൗരഭ്യം പരത്തിയ നിര്‍മ്മലസൂനങ്ങളായിരുന്നു. നീയവയെ തിരിച്ചറിഞ്ഞില്ലെന്നും അവ നിന്‍റെ കാലടിയില്‍ ഞെരിഞ്ഞ്‌ ചതഞ്ഞരഞ്ഞെന്നും  വിശ്വസിക്കുക പ്രയാസം!

നിനക്കറിയാമോ, വാക്കുകള്‍ക്ക് മരണമില്ല. അവയ്ക്ക്  ശബ്ദമില്ലാതെ കരയുവാനാകും.

നോക്കൂ... നിന്‍റെ  വാക്കുകള്‍.... നീല നിറമുള്ള  ഫലങ്ങളായി മുള്‍ച്ചെടിയില്‍  തൂങ്ങുകയാണവ.. വിഷഫലങ്ങള്‍! എന്നിട്ടും  അവയില്‍ ഇപ്പോഴും സ്നേഹബീജം തുടിക്കുന്നുണ്ടെന്ന് ഞാന്‍ അറിയുന്നുണ്ടല്ലോ...പക്ഷേ   അവയെ സ്പര്‍ശിക്കുവാന്‍  എനിക്ക് ഭയമാകുന്നു.

ആരാണ് അവയില്‍ വിഷം നിറച്ചത്?

നീതന്നെയോ?

എനിക്കിനി അത് അറിയേണ്ടതില്ല.

നമുക്കിടയില്‍ വളര്‍ന്ന ഈ മുള്‍ച്ചെടിപ്പടര്‍പ്പ് നോക്കി ഞാനിതേയിരിപ്പ് തുടങ്ങിയിട്ട് നേരമെത്രയായി!

നീ ഇത് കാണുന്നില്ലെന്നോ?

നിനക്കൊന്നും പറയുവാനില്ലെന്നോ?

ശരി. എനിക്ക് പോകുവാന്‍ നേരമാകുന്നു.

വാക്കുകള്‍...അവയെ എന്ത് ചെയ്യണം..?

മരണപ്പെടാതെ കുഴിച്ചു മൂടിയാല്‍ അവയ്ക്ക് ശ്വാസം മുട്ടുകയില്ലേ? ദാഹവും വിശപ്പും തോന്നുകയില്ലേ..?

വിഷവിമുക്തമാക്കുവാന്‍ കഴിയുമോയെന്ന് ഒരു അവസാനശ്രമമാവാം.
ഞാനവയെ മുള്‍ച്ചെടിയില്‍ നിന്നും മോചിപ്പിക്കട്ടെ...

ഒരാവര്‍ത്തികൂടി, ഹൃദയത്തോട് ചേര്‍ത്തു വെയ്ക്കട്ടെ.

ചുംബനങ്ങള്‍ കൊണ്ട് പുതുജീവനം നല്‍കട്ടെ.

ചന്തമുള്ള കിനാവുകള്‍ നിറയ്ക്കട്ടെ...

അവ മരിക്കാതിരിക്കട്ടെ.

പകരം ഞാന്‍ മരണം തേടി പോകുകയാണ്.

ശാപവാക്കുകള്‍ക്കായി തിരയുന്നില്ല

വിഷം പുരണ്ട വാക്കുകളോളം ശക്തി  ഒരു ശാപത്തിനുമില്ലല്ലോ..

ഒരു പുനര്‍ജ്ജന്മം പ്രതീക്ഷകളിലെങ്ങുമില്ല..
ജീവിച്ച് കൊതി തീരാത്തവരത്രേ പുനര്‍ജ്ജനിക്കുക!

നീ നല്കിയതെല്ലാം  ഞാന്‍ എന്നോടൊപ്പം എടുക്കുന്നു, ഒരു യാത്രയ്ക്കു വേണ്ടുന്നതെല്ലാം! കൂടെ നിന്നെയും....

നമ്മുടെ വാക്കുകള്‍ക്ക് മരണമില്ല.

അവ അനശ്വരമാണ്!

പരിപാവനമാണ്‌.

നമുക്ക് ശേഷവും അവയില്‍  ജീവന്‍ തുടിക്കട്ടെ..

അവ സ്നേഹം വര്‍ഷിക്കട്ടെ...

ആയിരം നക്ഷത്രങ്ങളായി തിളങ്ങട്ടെ..

കടയിളകി വീഴുന്ന ഈ  മുള്‍ച്ചെടിയോടൊപ്പം  ഞാനും അവസാനിക്കുകയാണ്.

മുള്ളുകള്‍ ഒന്നായി എന്നെ ചുറ്റിവരിയട്ടെ....

കാതുകള്‍ മൂടട്ടെ...കണ്ണുകള്‍ അടയട്ടെ...

വേദന ഞാന്‍ ഒറ്റയ്ക്ക് ഏറ്റു വാങ്ങട്ടെ...

ശ്വാസം നിലയ്ക്കും മുന്‍പ് , വാക്കുകളേ, ശബ്ദമുണ്ടാക്കാതെ നിങ്ങളെന്നെ മുറുകെ പുണരുവിന്‍!

പകരം വയ്ക്കുകയാണ് ഞാനീ  ജീവന്‍....

ഇനിയാവാം നീണ്ട നിശബ്ദത.....


വഴക്കുപക്ഷി ബ്ലോഗ്‌ മാഗസിനിൽ പ്രസിദ്ധീകരിച്ചു വന്നത്...

http://vazhakkupakshi.blogspot.in/2015/07/blog-post.html

2015, സെപ്റ്റംബർ 22, ചൊവ്വാഴ്ച

പ്രബോധനം..



ഞാൻ ജോലി ചെയ്യുന്ന കോളെയ്ജിലെ വിദ്യാർഥിയാണ് അബ്ദുള്ള. മിനിസ്റ്റ്രിയിൽ ജോലിയുള്ള അബ്ദുള്ള. എന്നെ കണ്ടാൽ അബ്ദുള്ള തുടങ്ങുകയായി ഇസ്ലാമിനെ കുറിച്ചുള്ള പ്രബോധന ക്ലാസ് .


"മിസ്സ്‌ തല മറയ്ക്കണം ഇത് ഇസ്ലാമിനു എതിരാണ്..ഇസ്ലാമിൽ പലതും പറയുന്നുണ്ട് മിസ്സിന് അറിയാത്തത് പലതും..."


പറഞ്ഞു പറഞ്ഞ് അവൻ ദൈവ ചിന്തകളിൽ കാട് കയറും. 


അവനെ പിണക്കാതെ ഞാൻ എല്ലാം ചിരിച്ചുകൊണ്ട് കേട്ടിരിക്കും.


ഇടയിൽ എന്നോട് ചോദ്യങ്ങൾ ചോദിക്കും..ഞാൻ ഉത്തരം പറയും. 


ചിലപ്പോൾ എനിക്ക് കിട്ടുന്ന അവസരങ്ങളിൽ ഞാൻ അവനോടു പറയും, 



"നീ കൂടുതൽ പഠിക്കണം..പഠിച്ചവർ, പ്രായോഗിക ബുദ്ധിയുള്ളവർ, ഇവിടെ നിന്റെ രാജ്യത്ത് കുറവാണ്.. നീ പരിശ്രമിച്ചാൽ നിനക്ക് വലിയ ഉദ്യോഗസ്ഥനാവാം, ഉയരങ്ങളിൽ എത്താം.."


കോഴ്സ് കഴിഞ്ഞു പോകുമ്പോൾ ഞാൻ അവനോടു പറഞ്ഞിരുന്നു,


" നീ എന്റെ പ്രിയപ്പെട്ട വിദ്യാർഥിയാണ് ഇടക്കൊക്കെ എന്നെ കാണാൻ വരിക..നിന്നോട് സംസാരിച്ചിരിക്ക്യാൻ എനിക്കിഷ്ടമാണ്..."


അന്ന് ഒരു പാക്കറ്റ് കാപ്പിപ്പൊടി എനിക്ക് സമ്മാനമായി നല്കി അവൻ പോയി.

നീണ്ട അവധിക്കു ശേഷം ഇന്നലെയാണ് അബ്ദുള്ള വീണ്ടും വന്നത്. 


എന്റെ മുൻപിൽ കിടന്നിരുന്ന കസേര വലിച്ചിട്ട് അതിൽ ഇരുന്നുകൊണ്ട് സംസാരത്തിന്റെ പാരാവാരം തുറന്നിട്ടു. 

അല്പം ജോലികൾക്കിടയിലായിരുന്ന ഞാൻ അത് നിർത്തി അവനെ നോക്കി ചോദിച്ചു . 


"നീ എവിടെയായിരുന്നു കുട്ടീ.. "?


" മിസ്സ്‌ എന്റെ ഇവിടത്തെ കോഴ്സ് കഴിഞ്ഞത് ഞാൻ പറഞ്ഞിരുന്നില്ലേ...മിനിസ്ട്രിയിലെ ജോലി തുടരുന്നു.. " 


"ഗുഡ്. ന്നാൽ പറയു..എന്തൊക്കെയുണ്ട് നിന്റെ വിശേഷങ്ങൾ?"


" സുഖം ( ആ വാക്ക് ഞാൻ അവനെ പഠിപ്പിച്ചിരുന്നു..).ഞാൻ മിസ്സിനെ കാണാൻ വേണ്ടി മാത്രം വന്നതാണ്".


"ഉവ്വോ.. നന്നായി.."


"മിസ്സിനറിയാമോ എനിക്ക് കുറ്റബോധം കൊണ്ട് ഉറങ്ങാൻ കഴിയുന്നില്ല അതാണ്‌ ഞാൻ വന്നത്.."


"അതിനു നീ എന്ത് തെറ്റ് ചെയ്തു കുട്ടീ..? "


"മിസ്സിന് എന്നെ എങ്ങനെ വേണമെങ്കിലും ശിക്ഷിക്കാം...ഞാൻ അത് അർഹിക്കുന്നു."


എന്റെ പുരികം ഉയർന്നു.


അവൻ തുടർന്നു..


"പുസ്‌തകങ്ങൾ..ഒന്നല്ല...ഒൻപതു പുസ്‌തകങ്ങൾ, ഈ ലൈബ്രറിയിൽ നിന്നും ഞാൻ മോഷ്ടിച്ചിരുന്നു . രണ്ടു വർഷം മുൻപ്.."


"ഓ ഗോഡ്"


ഞാൻ അറിയാതെ പറഞ്ഞുപോയി..


അവൻ കയ്യിലിരുന്ന വലിയ സഞ്ചിയിലെപുസ്‌തകങ്ങൾ ഓരോന്നായി മേശപ്പുറത്തു വച്ചു..


"ഹും.. ഗോഡ് ഈസ് ഗ്രേയ്റ്റ് മിസ്സ്‌.. മിസ്സിനോട് ഈ ചതി ചെയ്യാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല . പിഴയായി ഞാൻ എന്ത് തരണം..? "

"നീ ഒന്നും തരണ്ട.."

"അപ്പൊ മേലധികാരികൾ..?"

"ഇത് തല്ക്കാലം എന്റെ അധികാര പരിധിയിൽ പെടുന്നതാണ് .ഞാൻ അവരെ അറിയിക്കില്ല.."

"എങ്കിൽ പിഴ.?"

"ഇല്ല..നിന്റെ സത്യസന്ധതക്കു പിഴയില്ല.."

"അല്ല മിസ്സ്‌ ഞാൻ മോഷ്ടിച്ചതാണ് ..."

"സാരമില്ല ക്ഷമിക്കാവുന്ന കുറ്റം മാത്രം.."


"നിനക്ക് വേണമെങ്കിൽ ഈ പുസ്‌തകങ്ങൾ മടക്കാതിരിക്കാമായിരുന്നു . എന്നോടുള്ള ഇഷ്ടം കൊണ്ടോ..നിന്റെ തിരിച്ചറിവുകൊണ്ടോ നീ ഇവ മടക്കിതന്നല്ലോ... സന്തോഷം കുട്ടീ...നിനക്കെന്താണ് ഞാൻ പാരിതോഷികമായി തരേണ്ടതെന്നുആലോചിക്കുകയാണ്"

അവന്റെ മുഖത്ത് പ്രകാശം പരന്നു..


"മിസ്സ്‌..ഇസ്ലാമിൽ പറയുന്നുണ്ട്..."


അവൻ തുടർന്നു..

"സംശയത്തോടെ എന്നെ നോക്കി, ബോറടിക്കുന്നുണ്ടോ..ഞാൻ മിസ്സിനെ ശല്ല്യപ്പെടുത്തുന്നുണ്ടോ.."?


ഞാൻ പറഞ്ഞു, 


"ഇല്ല...ഒരിക്കലും ഇല്ല..ഒന്ന് ചോദിക്കട്ടെ?"

"ഉം.."

"നീ എന്നാണു കല്ല്യാണം കഴിക്കുന്നത്‌ ?"

"കല്ല്യാണം കഴിക്കണം..പെണ്‍കുട്ടിയെ തിരയുകയാണ് പക്ഷെ മിസ്സിനറിയാമല്ലോ.. ഞങ്ങൾക്ക് കല്ല്യാണം കഴിക്കണമെങ്കിൽ ഒരുപാട് പൈസ വേണം..വലിയ ബാധ്യതയാണ് ..ഏതായാലും കുറച്ചുകൂടി കഴിയട്ടെ.."

ഞാൻ പറഞ്ഞു, 

"ഒരു പെണ്‍കുട്ടി നിന്റെ ജീവിതത്തിലേക്ക് വന്നാൽ നീയവളെ ബോറടിപ്പിക്കരുത്...ലോകം വളരെ വലുതാണ്‌ കുറച്ചുകൂടെ വിശാലമായി ചിന്തിക്കാൻ നീ പഠിക്കണം..അവളെയും പഠിപ്പിക്കണം.. നിനക്ക് സൌകര്യപ്പെടുമ്പോൾ എന്നെ കാണാൻ വരിക...ഖുറാനിൽപറഞ്ഞിരിക്കുന്ന കാര്യങ്ങൾ എന്നെ പഠിപ്പിക്കുക..പക്ഷെ ഞാൻ എന്റെ തല മറയ്ക്കില്ല..."


അവൻ കൊച്ചു കുട്ടിയെ പോലെ ചിരിച്ചു...ഞാനും അവനോടൊപ്പം പൊട്ടിപൊട്ടി ചിരിച്ചു...


മതത്തിന്റെയോ ജാതിയുടെയോ വിദ്വേഷത്തിന്റെയോ കെട്ടുകളില്ലാത്ത തുറന്ന ചിരി..