2016, നവംബർ 21, തിങ്കളാഴ്‌ച

നക്ഷത്രരാവുകള്‍



നക്ഷത്രങ്ങൾ തേടിയായിരുന്നു വീണ്ടുമാ യാത്ര.... ഒരു ദശകം മുൻപ് എന്നെ അത്രയും കൊതിപ്പിച്ചൊരു കാഴ്ചയായിരുന്നു അത്. മൂന്നാം തവണ അതേ സ്ഥലത്തേയ്ക്ക് പോകുമ്പോഴും മണലിലൂടെ ഉരുകിയൊലിക്കുന്ന ഓറഞ്ചു സൂര്യനെക്കാൾ എന്നെ ഭ്രമിപ്പിച്ചുകൊണ്ടിരുന്നത് ഏകാന്തസുന്ദരമായ മരുഭൂവിന്റെ തണുപ്പിലേയ്ക്ക് അഴിഞ്ഞൂർന്നു വീഴുന്ന, നക്ഷത്രങ്ങൾ അടുക്കി തുന്നിച്ചേർത്ത നിശയുടെ തിരശ്ശീല തന്നെയാണ്.


" ഓ.. നിശീഥിനീ... എത്രയോ നാളുകളായി ഞാൻ എന്നെത്തന്നെയും എന്റെ പ്രേമാഭാജനത്തെയും തിരയുകയാണ് .സമയം എന്റെ കൈകളിലൂടെ ഓടിമറയുമ്പോൾ മണൽക്കാട്ടിലെ മഴയേയും പൂന്തോട്ടങ്ങളെയും സ്വപ്നം കണ്ടു കൊണ്ട് ഞാൻ ഉണരുന്നു...ഹേ! മരുപുഷ്പമേ .. നിന്റെ ഇതളുകൾ മൂടുപടമഴിക്കുമ്പോൾ ഉതിരുന്ന ആ സുഗന്ധത്തോളം മറ്റൊന്നും തന്നെ അത്രമേൽ എന്നെ മനോവ്യഥയിൽ ആഴ്ത്തിയിട്ടില്ല.. ഓ.. നിശീഥിനീ...”


ആരുടെയോ ഹൃദയത്തിൽ നിന്നും ഒഴുകുന്ന പാട്ടിലൂടെ വഹൈബയുടെ ഹൃദയത്തിലേയ്ക്കു വാഹനം തെന്നി നീങ്ങി . നിരപ്പായ പാതകൾ അവസാനിയ്ക്കുമ്പോൾ മണലാരണ്യത്തിന്റെ അനന്തതയിലേയ്ക്ക് നീളുന്ന അറ്റം കാണാത്ത വഴികളിലൂടെ കുതിച്ചും മദിച്ചും ഉയർന്നും താഴ്ന്നും ഒരു നാഴികയോളം ഉലഞ്ഞുലഞ്ഞങ്ങനെ . ദശലക്ഷം വർഷങ്ങൾക്കു മുൻപേ കടൽ വഴിമാറി രൂപപ്പെട്ടുണ്ടായ മണൽക്കൂനകൾ ഇരുവശങ്ങളിലും! മണൽക്കൂനകളിൽ പലയിടങ്ങളിലും വിരിഞ്ഞു കിടക്കുന്ന സ്ത്രീ സൌന്ദര്യം. മലർന്നും ചെരിഞ്ഞും ഇരുന്നും കിടന്നും വശ്യസുന്ദരരൂപങ്ങൾ. ഇടയ്ക്ക് മുളച്ചു നില്ക്കുന്ന കരുത്തൻ കുറ്റിച്ചെടികൾക്കിടയിൽ ഒറ്റയ്ക്കൊരു കിളി! വാഹനത്തിന്റെ ഇരമ്പൽ കേട്ട് അത് പറന്നകന്നു. 


ആയിരം രാവുകൾ എന്ന് പേരുള്ള രാജകീയ പാളയത്തിനകത്തേയ്ക്ക് ചെന്ന് നിന്നപ്പോൾ മാത്രമാണ് അതുവരെ ഇളകിയാടി ഉലഞ്ഞ ശരീരം സന്തുലനാവസ്ഥയിൽ എത്തിയത്. 


ഇന്റർനെറ്റിനുള്ള പരിധിയില്ല . ഒരു വിധത്തിൽ പറഞ്ഞാൽ സമാധാനം. ഒരു ഇടവേള അതിൽ നിന്നും ആഗ്രഹിച്ചിരുന്നു. ഒഴിവുദിനങ്ങൾ ഉത്കൃഷ്ടമാക്കാം.. 
ധ്യാനനിരതരായി അടുക്കോടെ അഴകോടെ കൊച്ചു കൊച്ചു കുടിലുകൾ! തണുപ്പ് കാലിന്നടിയിലൂടെ കയറാൻ തിരക്കു കൂട്ടി. അല്പമൊന്നു ക്ഷീണം മാറ്റിയിട്ടാവാം ബാക്കിയുള്ള പര്യവേക്ഷണം. മെത്തയെ പുല്കി കണ്ണുകളടച്ചു കിടന്നു. അസ്തമയം നഷ്ടപ്പെടുത്തിക്കൂടാ .. തട്ടിപിടഞ്ഞെഴുന്നേറ്റു.. തണുത്ത വെള്ളത്തിൽ സ്നാനം.. .മേല്ക്കൂരയില്ലാത്ത കുളിമുറികൾ..മുകളിലാകാശം. ഉയരത്തിൽ വളർന്നൊരു ഗാഫ് മരം കുളിമുറിയ്ക്ക് കുട പിടിയ്ക്കുന്നു. കഴുത്തിൽ തവിട്ടു നിറമുള്ള ഒരു കാക്കയും ചില ചെറു കിളികളും കൂടണയാൻ വെമ്പൽ കൊള്ളുന്നതാവാം, വല്ലാതെ ചിലയ്ക്കുന്നു. പ്രകൃതിയോടു ഇഴുകി ച്ചേർന്നൊരു കുളി.. തണുപ്പ് ശിരസ്സിലൂടെ അരിച്ചിറങ്ങി കണ്ണുകളിൽ ഉന്മേഷം പകർന്നു. പുറത്ത് ഒട്ടകത്തിന്റെ കാലൊച്ച..


കുന്നിൻ പുറത്ത് കുങ്കുമച്ചെപ്പു തുറന്നു വീഴുന്നു. സൂര്യൻ താഴുകയാണ്. മണലിൽ കാലുകൾ പൂഴ്ത്തി കുന്നു കയറാൻ ഇനി വയ്യ. മുന്പൊക്കെ ആവേശത്തോടെ ഓടിക്കയറിയിട്ടുണ്ട്. കുന്നിന്റെ നെറുകയിലെത്തി സൂര്യനെ തൊട്ടിട്ടുണ്ട്. പൂഴി മണലിലൂടെ ചുവന്നു ചുവന്നു താഴേയ്ക്ക് ഇഴുകിയിട്ടുമുണ്ട്‌. ഇന്ന് സൂര്യൻ എന്നിലേയ്ക്ക് ഇറങ്ങി വരട്ടെ. ഈ താഴ്വാരത്ത് ഞാൻ കാത്തിരിക്കട്ടെ. എന്റെ മനസ്സ് വായിച്ചിട്ടെന്നോണം രക്തപങ്കിലനായി ഒരു മന്ദസ്മിതം പടർത്തി സൂര്യൻ കുന്നിറങ്ങി എന്റെ നെഞ്ചിൽ വന്നസ്തമിച്ചു. ഉദയം കാക്കുന്നവർക്കായി തിരികെ പോകും വരെ ഇരുളിൽ എനിയ്ക്ക് ചൂട് പകർന്നു പഞ്ചാരമണലിലെ പൊന്നുസൂര്യൻ!
കസേരയെടുത്ത്‌ പുറത്തിട്ടു. നിശബ്ദത! ശൂന്യത. അരണ്ട വെളിച്ചത്തിൽ മടിയിലെ പുസ്തകത്താളുകളിൽ തത്വ ചിന്തകൾ വിളങ്ങുന്നു... ! 

“എല്ലാം ഒരേ ഉറവിടത്തിൽ നിന്നും ഉണർന്നു വരുന്നു. 
പല പേരുകളാൽ വിളിയ്ക്കപ്പെടുന്നു..
ആ ഉറവിടം ഇരുളെന്നുവിളിക്കപ്പെടുന്നു.
ഇരുട്ടിനുള്ളിൽ കൂരിരുട്ട്. 
എല്ലാ നിഗൂഢതകളിലേയ്ക്കുമുള്ള വാതായനം..”

ഒറ്റയ്ക്കാവണമെന്ന് ഞാൻ കൊതിയ്ക്കാറുള്ളത് ഇത്തരം ധന്യ മുഹൂർത്തങ്ങൾക്കു വേണ്ടിയാണ്! ഹോ! എന്തൊരു അപാരത! 
അരിക്കിലാമ്പുകൾ മുനിഞ്ഞു കത്തി നില്ക്കുന്ന വീതി കുറഞ്ഞ പാതയിലൂടെ നടന്നു. രാത്രിയിലും നീന്തൽക്കുളം സജീവം. കുളത്തിന്നരികിൽ സമുദ്രം ഉപേക്ഷിച്ച ഒരു കപ്പൽ. അതിൽ കുടിക്കാനുള്ള പാനീയങ്ങൾ ഒരുക്കി വെച്ചിരിയ്ക്കുന്നു . വെള്ളത്തിൽ കാലുകൾ മുട്ടിച്ചുനോക്കി. പല്ലുകൾ കൂട്ടിയിടിച്ചു.കരയിൽ വെറുതെ ഇരുന്നു..

പൂഴി മണലിൽ നിന്നും കണ്ടെടുക്കുന്ന കോടി വർഷങ്ങൾ പഴക്കമുള്ള ഫോസ്സിലുകൾ ഇവിടെ നിത്യസാധാരണമാണ്. ഒരു കൂറ്റൻ തിമിംഗലത്തിന്റെ അസ്ഥികൾ വഴിയരികിൽ സ്ഥാപിച്ചി രിക്കുന്നത് കണ്ടു. 

അത്താഴത്തിനുള്ള സമയമായി. ഭോജനശാലയിൽ ഒരു വശത്തായി പലതരം വിഭവങ്ങൾ ഒരുക്കിയിരിക്കുന്നു.. സ്വാദുള്ള ഭക്ഷണം..വിനോദ സഞ്ചാരികളിൽ ഭൂരിഭാഗവും പാശ്ചാത്യർ ആയിരുന്നു..ബഹളങ്ങളില്ല.. മാന്യമായ പെരുമാറ്റം.
സംഗീത ഉപകരണങ്ങളുമായി മൂന്നു നാല് സ്വദേശികൾ താഴെ വിരിച്ചിട്ട പരവതാനിയിൽ വന്നിരുന്നു..അവർ പാടാൻ തുടങ്ങി...ശ്രുതി മധുരമായ ഗാനങ്ങൾ..ഒരു പാട്ടിന്റെ അർത്ഥംചോദിച്ചു മനസ്സിലാക്കിയപ്പോൾ അതൊരിക്കൽ കൂടി പാടണം എന്ന് പറയാൻ തോന്നി. എനിക്ക് വേണ്ടി അവർ ഒരിക്കൽ കൂടി സന്തോഷത്തോടെ പാടി . എന്റെ ആത്മാവിൽ നിറയുകയായിരുന്നു ആ വരികൾ. 

"ഓ! നീയെത്ര അനിർവചനീയം..എത്ര ലഘുതരം.!. ഈ നിശ്ചലതയുടെ നീർച്ചുഴിയിൽ പെട്ട് ഞാനുഴറുമ്പോൾ എങ്ങനെ എന്റെ ആത്മാവിനു ഇളകാതിരിയ്ക്കാനാവും..എന്റെ കടൽ അതേ കടലിൽ തന്നെ മുങ്ങിപ്പോയി , ഞാൻ കരയില്ലാത്ത കടലായി മാറുന്നു.. ഹോ എത്ര വിചിത്രം ! ഞാനെന്റെ ആത്മാവിനോട് പറഞ്ഞു നീയാണെന്റെ കണ്ണുകളുടെ വെളിച്ചമെന്ന് ...അപ്പോൾ ആത്മാവ് പറഞ്ഞു ഞാനുണ്ടെങ്കിൽ നിനക്ക് കണ്ണുകളേ വേണ്ടെന്ന്‌. ചന്ദ്രനെപ്പോലെ , ശൂന്യതയിലൂടെ കാലുകളില്ലാതെ ഞാൻ എത്ര വേഗത്തിലോടുന്നു..ഓ! നീയെത്ര അനിർവചനീയം..എത്ര ലഘുതരം!.”


തണുപ്പ് കൂടി വന്നു.. തിരികെ മുറിയിലേയ്ക്ക് നടന്നു. .. ആകാശം കറുത്തിരിക്കുന്നു . നക്ഷത്രങ്ങളുടെ ഭംഗി അവർണ്ണനീയം. എന്നാലും ആയില്ല.. ഞാൻ കൊതിക്കുന്ന കാഴ്ച ആയില്ല..അതിനിനിയും കാത്തിരിക്കേണ്ടതുണ്ട് .. വീണ്ടും കുറച്ചു വായനയ്ക്ക് ശേഷം ഉറക്കം കാത്തു കിടന്നു. 


ഗാഢനിദ്രയിൽ നിന്നും ആരോ വിളിച്ചുണർത്തിയ പോലെ . പുലർച്ചെ മൂന്നു മണി.. .എഴുന്നേറ്റു ചെന്ന് വാതിൽ തുറന്നു.. ഒട്ടും പേടി തോന്നിയില്ല.. ഈ നിമിഷത്തിനു വേണ്ടിയാണ് ഞാൻ കാത്തത്.. ഈ കാഴ്ചക്ക് വേണ്ടി മാത്രം.. . തിങ്കൾ പോയ്‌ മറഞ്ഞിരുന്നു. കറുത്ത ആകാശത്ത്, ഇടയില്ലാതെ തുരു തുരാ വിതറിയ വെള്ളി നക്ഷത്രങ്ങൾ .. വന്യമായ മനോഹാരിത.. ഈ രമണീയഭൂമികയിൽ ഞാനും നക്ഷത്രങ്ങളും മാത്രമായ അസുലഭ നിമിഷങ്ങൾ.. കയ്യെത്തിച്ചും ചുംബിച്ചും കോരിയെടുത്തു ഞാനവയെ ..ആ അമൂർത്ത നിമിഷത്തിൽ അലിഞ്ഞില്ലാതാവുമായിരുന്നെങ്കിൽ ഞാൻ ധന്യയാകുമായിരുന്നു..അത്രമേൽ എന്നെ ഭ്രമിപ്പിച്ച കാഴ്ചയായിരുന്നു ആ നക്ഷത്ര രാവിലെ ഏകാന്ത സൌന്ദര്യം..

2016, നവംബർ 3, വ്യാഴാഴ്‌ച

കൊടുംവേദനയുടെയും , അതിജീവനത്തിന്റെയും പാഠപുസ്തകം -





http://thasrak.com/pusthaka_nadavazhiyile_nerambukal.php തസറാക്ക് ഇ മാഗസിനില്‍ വന്ന എന്‍റെ വായനാനുഭവം...

അറുന്നൂറ്റി മുപ്പത്തിയൊൻപതു താളുകളിൽ ഉള്ളടക്കം ചെയ്ത ‘കൊടുംവേദനയുടെ പുസ്തകം’ എന്നതിൽ കുറഞ്ഞൊരു വിശേഷണവും ഷെമിയുടെ "നടവഴിയിലെ നേരുകൾ"ക്കു നൽകാനാവില്ല. അല്പം ഭാവന കലർന്നിട്ടുണ്ടെന്ന് പറയുമ്പോഴും യാഥാർത്ഥ്യത്തെ മറികടക്കുന്ന ഒരു കാല്പനികതയും ഈ പുസ്തകം അടിച്ചേൽപ്പിക്കുന്നില്ല.വാക്കുകൾ കൊണ്ട് ഹൃദയത്തിൽ കോറിവരയ്ക്കും പോലുള്ള നീറ്റൽ. യാഥാര്‍ത്ഥ്യത്തിന്‍റെ തീപ്പൊള്ളല്‍ കൊണ്ട് അകം വേവുന്ന അസ്വസ്ഥത. ലോകത്തെ മുഴുവനായും എക്കാലത്തും ഭീതിയിലാഴ്ത്തിയിട്ടുള്ള വിശപ്പ്‌ എന്ന ഭീകരാവസ്ഥ. ഓരോ താളിലുമെന്നോണം അതിന്‍റെ അടയാളം ഊട്ടിയുറപ്പിക്കുന്നു ഷെമി തന്റെ നടവഴികളിൽ.


കയറിക്കിടക്കാൻ ഒരു മേൽക്കൂരയില്ലാതെ, ദേഹം ചൊറിഞ്ഞു പൊട്ടാതിരിയ്ക്കാന്‍ വല്ലപ്പോഴുമെങ്കിലും കുളിയ്ക്കാൻ ഒരിറ്റു വെള്ളമില്ലാതെ, കുളിച്ചുമാറാന്‍ ഒരു വസ്ത്രമില്ലാതെ, മണ്ണിലമർന്നിരുന്നല്ലാതെ ആർത്തവ രക്തം താഴെയിറ്റാതെ തടയാൻ ഒരു പഴന്തുണിക്കഷ്ണമെങ്കിലുമില്ലാതെ, വേദനയെന്ന വാക്ക് ഒരായിരം ദംഷ്ട്രങ്ങളോടെ, അക്ഷരാര്‍ത്ഥത്തില്‍ ആര്‍ത്തട്ടഹസിച്ചു ഭയപ്പെടുത്തുക തന്നെ ചെയ്യുന്നു ഈ പുസ്തകത്തിൽ.

തീയിൽ കുരുത്ത്ഒരു ചെടിയോ മരമോ ആവാനായുള്ള ശ്രമത്തിലൂടെ തോൽവിയെ അകലേ ക്ക്‌ ആട്ടിപ്പായിച്ച് അതിജീവനത്തിന്റെ അതിമഹത്തായ മാതൃകയാവലിലൂടെ പഠനത്തിൽ അത്രയേറെ മിടുക്കിയായിരുന്നിട്ടും അതിനുള്ള അവസരങ്ങള്‍ നിഷേധിയ്ക്കപ്പെട്ടതിലൂടെ ഈ തെരുവിന്റെ കുട്ടി, എഴുത്തുകാരി, ഷെമി നമ്മെ അനിർവചനീയമായ ഒരവസ്ഥയിലേക്ക് തള്ളിയിട്ട് നീറ്റുന്നു.

ഉപ്പയും ഉമ്മയും പതിമൂന്ന് സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തില്‍ എന്നും കൂട്ടിനുണ്ടായിരുന്നത്‌ പട്ടിണിയും പീഢനവും മോഹഭംഗങ്ങളും മാത്രം! 

വടക്കൻ 
 കേരളത്തിന്‍റെ തനതായ ഗ്രാമീണ ഭാഷയില്‍ വരച്ചിട്ട മലബാറിലെ മുസ്ലീം കുടുംബജീവിതങ്ങളുടെ തുറന്ന കാഴ്ചയാണ്കനലണയാത്ത അടുപ്പിലേയ്ക്ക് തലയിട്ടൂതുന്ന ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുമ്പോള്‍ പുകയേറ്റു നീറിയിട്ടല്ല മറിച്ച് ആഗ്രഹങ്ങളെ ആട്ടിയോടിച്ച കുഞ്ഞാമിയെന്ന സ്വന്തം ഉമ്മയുടെ അനാഥത്വത്തിന്‍റെ മായാത്ത ഓര്‍മയില്‍ നിന്നുമുതിരുന്ന കണ്ണുനീര്‍ തുള്ളികളാണ് അതെന്ന്‍ കൊച്ചുകഥാകാരി മനസ്സിലാക്കുന്നു. അഭിമാനം വെടിഞ്ഞ് വീടുവീടാന്തരം കയറി ഇരന്നും അവകാശപ്പെട്ട സക്കാത്ത് ചോദിച്ചു വാങ്ങിയും മക്കള്‍ക്കായി അന്നമെത്തിയ്ക്കുന്ന ഉമ്മയും ക്ഷയ രോഗിയായ ഉപ്പയും സഹോദരികളെ പിഴിഞ്ഞൂറ്റി ജീവിക്കുന്ന നാല് സഹോദരന്മാരും വായനക്കാരുടെ മനസ്സിലേയ്ക്ക് നിസ്സഹായതയായും വെറുപ്പായും നിഷ്പ്രയാസം കുടിയേറുന്നുണ്ട്.

ഉപ്പയുടെയും ഉമ്മയുടെയും മരണാനന്തരം പതിമൂന്നാം വയസ്സില്‍ സഹോദരങ്ങള്‍ക്കൊപ്പം തെരുവിലേയ്ക്കും അവിടെനിന്നും അനാഥാലയത്തിന്‍റെ അഴുകിയ ഉള്ളറയിലേയ്ക്കും ഗതികേടിനാല്‍ തളച്ചിടപ്പെടുന്ന കഥാകാരി വഴിവിട്ട ബന്ധങ്ങളുടെയും അവിഹിതഗര്‍ഭങ്ങളുടെയും ഇരുണ്ട വഴികള്‍ കണ്ട് പകച്ച്‌ രക്ഷപ്പെടാനുള്ള പഴുതുകള്‍ നിരന്തരം തേടുമ്പോള്‍ സഹായിക്കാനാവുന്നില്ലല്ലോ എന്ന ശ്വാസം മുട്ടൽ നമ്മെ വന്നു മൂടുന്നുണ്ട്.‘ജീവിതം മുളയിടാന്‍ ഗര്‍ഭപാത്രവും വളര്‍ത്താന്‍ സ്തനയിടവും ഉണ്ടായിപ്പോയതാണ് പെണ്ണിന്റെ ഭാഗ്യഭംഗം അത് മനുഷ്യനിലായാലും മൃഗങ്ങളിലായാലും’ എന്ന് പുസ്തകത്തിന്‍റെ ആദ്യഭാഗത്ത് കഥാകാരി പറയുമ്പോള്‍ മാതൃത്വം ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും കഥാകാരിയെ അങ്ങനെ ചിന്തിപ്പിച്ചതിന്റെ കാരണം തീയിലുരുകിയ ഈ ജീവിതം തന്നെയാണ് എന്ന് മനസ്സിലാക്കാൻ പ്രയാസമില്ല.


അത്രമേല്‍ ദുരിതപൂര്‍ണ്ണമായ ജീവിതത്താല്‍ വലിച്ചിഴയ്ക്കപ്പെട്ടു മുന്നോട്ടുപോകുമ്പോഴും, സഹജീവികളോടും കൂടപ്പിറപ്പുകളോടുമുള്ള കറയില്ലാത്ത സ്നേഹവും കരുണയും കഥാകാരിയുടെ ഹൃദയ വിശാലതയുടെ ആഴമറിയിയ്ക്കുകയാണ്.പുസ്തകത്തിന്‍റെ പുറംചട്ടയിൽ തട്ടമിട്ട് തലയെടുപ്പോടെ നിൽക്കുന്ന എഴുത്തുകാരിയുടെ ചിത്രം അകത്തെ താളുകളിലൂടെ കുഞ്ഞായും കുമാരിയായും കാമുകിയായും അമ്മയായും ഒത്തൊരു പെണ്ണായും തളർച്ചകളിലും തളരാതെ പതറിയിട്ടും പതറാതെ സഹനത്തിന്റെയും ക്ഷമയുടെയും ഉൾക്കരുത്തിന്റെയും തേജസുറ്റ മുദ്രയായി വായനക്കാരുടെ ഉള്ളിൽ കൊത്തിവയ്ക്കപ്പെടുന്നുണ്ട് .


പാകപ്പിഴകളിലേയ്ക്കും കുറവുകളിലേയ്ക്കും വിരല്‍ ചൂണ്ടാനുള്ള അവസരം ഒരുപാടൊന്നും ഒരുക്കാതെ മനസ്സിലിടം പിടിയ്ക്കുന്ന വേദനയുടെ ഈ പുസ്തകം സഹനത്തിന്റെയും അതിജീവനത്തിന്റെയും പാഠപുസ്തകം കൂടിയാണ്. അത് വാങ്ങുന്നതിലൂടെ തെരുവിന്റെ മക്കളിലേയ്ക്ക് നീളട്ടെ നാമോരുരത്തരുടേയും സഹായഹസ്തങ്ങള്‍.ബുദ്ധിമുട്ടുകൾ അനുഭവിച്ചു വളരുന്ന കുട്ടികളിലേക്ക് പകർന്നുകൊടുക്കേണ്ടുന്ന പുസ്തകമെന്നു എഴുത്തുകാരി സാക്ഷ്യപ്പെടുത്തുമ്പോഴും അതിലുമുപരി കഷ്ടപ്പെടുന്നവരും അല്ലാത്തവരുമായ ഓരോ വ്യക്തിയിലേയ്ക്കും "നടവഴികളിലെ നേരുകൾ" എത്തട്ടെ എന്ന് വായനക്കാർ ആശിച്ചുപോകുന്നത് ഷെമിയുടെ വാക്കുകളുടെ നന്മയും നേരും കൊണ്ടാണ്.

2016, ജൂലൈ 25, തിങ്കളാഴ്‌ച

ചെന്തൊണ്ടിപ്പഴങ്ങൾ...



മഴ ചെരിഞ്ഞു തൂളുകയാണ് . തിങ്ങിവിരിഞ്ഞ പച്ചപ്പൂക്കൾ പോലെ പായൽക്കൂട്ടങ്ങൾ കുളം മൂടുന്നു. അവയുടെ പതുപതുത്ത ഇതളുകളിൽ മഴത്തുള്ളികൾ ഉരുണ്ടുകൂടി വീഴാനൊരുങ്ങുന്നു . പൂക്കാലം കൊതിച്ചു നിന്ന കൈതത്തഴപ്പിന്നിടയിലൂടെ കുളക്കോഴികൾ സംശയത്തോടെ തല പുറത്തേയ്ക്കിട്ടു നോക്കി .നീണ്ടു മെലിഞ്ഞ കാലുകൾ പായൽപ്പരപ്പിൽ അമർത്തി കുണുങ്ങിനടക്കുന്നതിനിടയിൽ ചിലത് കാറ്റുലച്ചുകൊണ്ടുവന്ന ഒച്ച കേട്ട് കൈതക്കാട്ടിലേയ്ക്ക് തിരിഞ്ഞോടി . പെയ്ത്തിന് ശക്തി കൂടിവരുന്നു...



കുളക്കരയിലുള്ള തൊണ്ടിമരത്തിന്റെ തോല് മുറിച്ചു പശയെടുക്കാനെന്നും പറഞ്ഞ് അമ്മമ്മ വിളിച്ചപ്പോ കൂടെ പോന്നതാണ്.


"തൊണ്ട വേദനയ്ക്ക് ഇത്രണ്ട് നല്ല ഔഷധം വേറെയൊന്നില്ല്യ കുട്ട്യേ . ഇങ്ക്ലീഷു മരുന്ന് വിഴുങ്ങി ഉള്ളു കേടാക്കണ്ടല്ലോ വെർതെ"


“ഉം..”


കുളവും കിണറും ചേരുന്നിടത്ത്, കരയ്ക്ക്‌ തഴച്ചു വളര്‍ന്ന് പന്തലിച്ച മണി മരുതിന് പറയാന്‍ കഥകളേറെ കാണും. അതിന്‍റെ ഏറ്റവും ഉയരമുള്ള ചില്ലയുടെ തുഞ്ചത്ത് നിന്നൊരു ഭീഷണി കാതടയ്ക്കുന്നു...


“ ഞാനിപ്പോ ചാടും , കിണറിന്റെ ആഴത്തില്‍ വീണാല്‍ ന്നെ പിന്നെ കാണൂല ചിന്നൂ നീ”


“ ഇല്ല്യ ഇനി പിണങ്ങൂല പൊന്നേ .. താഴെ വാ ..നിയ്ക്ക് പേട്യാവുന്നു..” ഒരു കരച്ചിലിനെ കാറ്റ് പറത്തിക്കൊണ്ടു പോകുന്നു..


“ എബട്യാ ഈ കുട്ടി...ചിന്നൂ ..” അമ്മമ്മ അടുത്തെത്തി..


“ഇന്ന് ഇത്ര മതി , തീരുമ്പോ ഇനീം വരാലോ ..വെക്കം നടന്നോ..മഴ ശെരിയ്ക്കും പെയ്ത്തിട്ടു... ഞാനൊരു വാഴെല മുറിച്ചു തരാം തല നയാതെ പിടിച്ചോ നീയ്..”


ഇല മുറിഞ്ഞു വീഴുമ്പോള്‍ പിന്നീന്നൊരു വിളി ..


“ ചിന്നൂ നോക്കൂ...പഴുത്ത ചെന്തൊണ്ടിപ്പഴങ്ങൾ..”


“ എവിടെ എവിടെ..” തിരക്കുകൂട്ടി മരത്തിനടുത്തേയ്ക്ക് ഓടിച്ചെന്നു..


കൊതിപ്പിക്കുന്ന തൊണ്ടിപ്പഴത്തിന്റെ ചോപ്പിൽ , മഴ മറന്ന് മരത്തിൽ അള്ളിപ്പിടിയ്ക്കുമ്പോൾ അവൻ പറഞ്ഞു..


"മഴ പെയ്താൽ മരം വഴുക്കും. തെന്നി വീണ് കൈയ്യും കാലും ഒടിയ്ക്കണ്ട.. കൈ കുമ്പിൾ നീട്ടി പിടിച്ചു താഴെ നിന്നോളൂ..ഞാൻ പഴം ഇറുത്ത് താഴേയ്ക്കിടുമ്പോ മണ്ണിൽ വീഴാതെ പിടിച്ചാ മതി... "


"ഹൊ ചെക്കനിപ്പോ എന്താ സ്നേഹം.. നീയെന്നെ സൈക്കിളീന്ന് ഉന്തിയിട്ടിട്ട് മുട്ട് പൊട്ടി ചോര വന്നതിന്‍റെ പാട് ഇപ്പഴും മാഞ്ഞിട്ടില്ല്യ...മാവിന്‍റെ വേരുണ്ടായത് ഭാഗ്യം അല്ലെങ്കീ കല്ലില് ചെന്നിടിച്ചേനേന്ന് അമ്മമ്മ പറഞ്ഞു ന്നോട്..."


രണ്ടു കുല ചെന്തൊണ്ടിപ്പഴം പറിച്ചെടുത്ത് കയ്യിലേക്കിട്ടിട്ടു അവൻ , മരം പിടിച്ചു കുലുക്കി..


"ചിന്നുട്ടീ ഇത് കണ്ട്വോ.. ഇങ്ങന്യാ മരം പെയ്യുക .."


“ കുറുമ്പ് കാണിക്കാതെ ചെക്കാ..”


“ ചിന്നൂ നിനക്ക് നനയാനിഷ്ടല്ലേ... എനിയ്ക്കത് കാണാനുമിഷ്ടാ..”


അടഞ്ഞ ശബ്ദത്തിലുള്ള അവന്‍റെ വര്‍ത്തമാനം കേള്‍ക്കാന്‍ കൊത്യാണെങ്കിലും ഒന്നും അറിയാത്ത മട്ടില്‍ തൊണ്ടിപ്പഴം പൊളിച്ചുകൊണ്ടിരുന്നു..


“ ഇതിന്‍റെ പകുതി എനിയ്ക്ക്...നിന്റെ ചുണ്ടിന് എത്ര മധുരണ്ട്ന്നു നോക്കട്ടെ.” കഴിയ്ക്കാന്‍ തുടങ്ങിയ തൊണ്ടിപ്പഴം അവന്‍ പിടിച്ചുവാങ്ങി വായിലിട്ടു .


നാണം കൊണ്ട് ചുവന്ന കവിളില്‍ വിരലുകൊണ്ട് ഞൊടിച്ചിട്ട്‌ അവന്‍ പറഞ്ഞു...


“ ഹൊ ! എന്തൊരു മധുരാ ചിന്നൂ ഇതിന്...”


“ എവിടെ സൈക്കിളീന്ന് വീണിട്ടു പൊട്ടിയ പാട്.. കാണട്ടെ..”


വേണ്ട.. കാണണ്ട..


മുട്ടിറങ്ങിയ പാവാട ഒന്നൂടെ വലിച്ചിട്ടു..


“ അന്ന് നിനക്കു വേദനിച്ചു ലേ..സാരല്ല്യ...ഇനി ചെയ്യൂല...”


ചാര നിറമുള്ള കണ്ണുകളില്‍ ഈറന്‍ പൊടിഞ്ഞു..


“ ദാ ഇത് കഴിച്ചോളൂ “ അവന്‍റെ സംസാരം മുറിച്ചു കൊണ്ട് പറഞ്ഞു..


“ നിയ്ക്ക് വേണ്ട.. നീയല്ലേ കൊതിച്ചിപ്പാറു. മുഴോനും കഴിച്ചോ..”


വലിയമ്മേടെ ബന്ധുവാണ് രെഞ്ചു . കുഞ്ഞുനാള് തൊട്ടേ സ്കൂൾ അവധിയ്ക്കൊക്കെ അവൻ വലിയമ്മേടെ വീട്ടിൽ പാർക്കാൻ വരവുണ്ട്..മേടാസു കളിയിലും പുള്ളി കുത്തി കളിയിലും തോല്‍ക്കുമ്പോള്‍ അവനു പകയായിരുന്നു. ഓരോരോ കാരണങ്ങളും പറഞ്ഞ് എപ്പോഴും വഴക്കിനു വരും.


“ ഉണ്ടക്കണ്ണി ..ഇനി നീയെന്റെ കൂടെ കളിയ്ക്കാൻ കൂടണ്ട..” കോക്കിരിക്കിടയിൽ വേദനിപ്പിച്ചുകൊണ്ട് അവൻ പറയുമ്പോൾ തർക്കുത്തരം പറഞ്ഞ് വാശി കയറ്റാറുണ്ടെങ്കിലും പടിഞ്ഞാമ്പുറത്ത് കോണി ച്ചോട്ടിൽ പോയി ആരും കാണാതെ കണ്ണ് തുടയ്ക്കും..


വലിയമ്മേടെ മുറ്റത്ത് ഇലഞ്ഞിമരമുണ്ട്..ധനുമാസത്തിൽ ഇലഞ്ഞി പൂത്തു നിറയും..ഇളം മഞ്ഞ നിറത്തിൽ നക്ഷത്രം വരച്ച പോലെയുള്ള കുഞ്ഞുപൂക്കൾ..കിഴക്ക് നിന്നും വീശുന്ന കാറ്റിൽ മുറ്റത്തെത്തുന്ന അതിന്റെ സുഗന്ധം തൊട്ടു വിളിയ്ക്കുമ്പോൾ അങ്ങോട്ട്‌ ഓടിപ്പോകും..താഴത്തെ ചില്ലയിലെ പൂക്കൾ മതിയാവാതെ വരുമ്പോൾ താഴെ വീണവയും പെറുക്കിയെടുത്താണ് മാല കെട്ടാറുള്ളത്.. സൂക്ഷിച്ചു കെട്ടിയില്ലെങ്കിൽ പൂവ് അമർന്നു കേടുവരും..


“ നിനക്കെന്തിനാ രണ്ടു മാല..?”


“ ഒന്നെനിയ്ക്കും , ഒന്നെന്റെ കൃഷ്ണനും..”


പറഞ്ഞ് തീരും മുൻപേ അവൻ മാല തട്ടിപ്പറിച്ചു കൊണ്ടോടും..


കരഞ്ഞു പിന്നാലെ ചെന്ന് കെഞ്ചി പറഞ്ഞാൽ ഒരു മാല തന്നിട്ട് പറയും,


“ നിന്‍റെ മാല നീയെടുത്തോ, കണ്ണന്‍റെ മാല കണ്ണന്. അത് തരൂല..”


വാശി മൂത്ത് മാല വേണ്ടെന്നു വെയ്ക്കലാണ് അധികവും..


ചെക്കൻ ചൂടിക്കോട്ടേ..അഹങ്കാരി..കരയാതിരിയ്ക്കാൻ പാടുപെടും.. കണ്ടാൽ കളിയാക്കി ചിരിച്ചാലോ....


അഞ്ചാറു മാസം കഴിഞ്ഞാല്‍ ഇലഞ്ഞിക്കായ പഴുക്കും..ചില്ലകളില്‍ ചോന്ന മാല ബള്‍ബ്‌ ഇട്ടപോലെ നിറച്ചും ണ്ടാവും. കിളികള്‍ കൊത്തിത്തിന്നു തീര്‍ക്കും മുന്‍പേ മരത്തില്‍ കയറി അതൊക്കെ പറിച്ചെടുക്കണം ..ചെക്കന്‍ വരുമ്പോഴേയ്ക്കും എല്ലാം തീര്‍ക്കണം.. ഇനിയിങ്ങ് വരട്ടെ , കാണിച്ചു കൊടുക്കുന്നുണ്ട്.


അവനോടുള്ള ദേഷ്യം എപ്പോഴാണ് ഒരിഷ്ടത്തിലേയ്ക്ക് തെന്നി വീണതെന്ന് ഓർത്തെടുക്കാനാവുന്നില്ല..വഴിക്കണ്ണുമായി കാത്തിരുന്ന ഏതോ ഒരു അവധിക്കാലത്തുതന്നെയാവും.. ഒരിയ്ക്കൽ യാത്ര പറഞ്ഞ് അവൻ പടിയിറങ്ങുമ്പോൾ നെഞ്ചു കലങ്ങുന്ന വേദനയായിരുന്നു. അന്നാണെന്ന് തോന്നുന്നു ആദ്യമായി സ്നേഹിക്കുന്നു എന്നും സ്നേഹിക്കപ്പെടുന്നു എന്നും അറിഞ്ഞത്. തെക്കേ വളവിലെ അശോക മരവും കടന്നു മറയും മുൻപേ ഒരിയ്ക്കലെങ്കിലും തിരിഞ്ഞു നോക്കാത്തതെന്തേ എന്ന ഉത്‌കണ്‌ഠയോടെ നിൽക്കുമ്പോൾ കരച്ചിലോളമെത്തിയ വാടിയ മുഖം താഴ്ത്തി പിടിച്ച് ഒന്ന് നോക്കിയെന്നു വരുത്തി അവൻ നടന്നു മറഞ്ഞ ആ ദിവസം..


വലുതാവും തോറും നടക്കുന്നിടമെല്ലാം അമ്മയുടെയും അമ്മമ്മടെയും കനൽക്കണ്ണുകൾ പിന്തുടർന്നിരുന്നു.


"വെല്ല്യ പെണ്ണായി. ന്നിട്ടും അടക്കോം ഒതുക്കോം ഇല്ല്യാച്ചാ ഞാനിനി എന്താ കാണിയ്ക്ക്യാ, ഇത്രേം നാളും കുട്ട്യല്ലേന്നു വെച്ചു.. ഇനീപ്പോ അങ്ങന്യാണോ. കുറച്ചെങ്കിലും അടക്കോം ഒതുക്കോം വേണ്ടേ...ഇങ്ങനെ കാടോടി മരോം കേറി നടന്നാ മത്യോ...നീയൊന്നു പറഞ്ഞ് കൊടുക്ക്‌ വനജേ ...”


അമ്മയുടെ വേവലാതി..


“ അതൊന്നും കൊഴപ്പല്ല്യ ചേച്ച്യേ..കുട്ട്യോള് കളിച്ചു നടക്കട്ടെ.. ആണൊരുത്തൻ കെട്ടിക്കൊണ്ടു പോയാ കഴിഞ്ഞില്ല്യേ കൂത്ത്.. പിന്നെ ഉണ്ടും ഉറങ്ങീം അടച്ചു പൂട്ടി ഒരുത്തിലിരിക്ക്യാം...” പണിത്തിരക്കിനിടയിലും വനജേച്ചി എനിക്ക് ആശ്വാസവുമായെത്തും...


ചന്നംപിന്നം പെയ്തു നിന്ന ഇടവപ്പാതിയ്ക്കാണ് പിന്നെ അവൻ വന്നത്..


മുന്നിലേയ്ക്ക് ചെല്ലാൻ നാണിച്ചു നിന്നു.. ഭാരം കൂടിയ നീളൻ പാവാടയിൽ തെരുപ്പിടിച്ചു വാതിലിന്റെ മറയിൽ നിന്നും മുഖം കാണിക്കാൻ തുടങ്ങുമ്പോൾ ഒരു കള്ളച്ചിരി അവന്റെ ചുണ്ടിൽ നിന്നും പറന്നു വന്നു തോളിൽ വീണപ്പോള്‍ തല തിരിച്ചു.


ഹൊ ! ചെക്കനിതെന്തൊരു ചന്തമാണ് . ചുണ്ടിനു മുകളില്‍ കരിമഷി പരന്ന പോലെ പൊടിമീശ ..


കണ്ണെടുക്കാന്‍ തോന്നീല്ല്യ ..ന്നാലും വിലക്കുകളും ശകാരങ്ങളും ഭയന്ന് അകന്നു തന്നെ നിന്നു..


പിറ്റേന്ന് സന്ധ്യക്ക്‌ ജനലിലൂടെ നീണ്ടു വന്ന, വാഴയിലയിൽ പൊതിഞ്ഞ ഇലഞ്ഞിപ്പൂമാല വാങ്ങുമ്പോൾ തമ്മിൽ മുട്ടിയ വിരലുകൾ വിടാൻ മടിച്ചു പരിഭ്രമിച്ചു നിന്നു..


“ നീയിതെങ്ങനെ കോര്‍ത്തെടുത്തു രെഞ്ചൂ ..”


“ ശ് .. അതൊക്കെ കോര്‍ത്തു.. അതില്ല്യേ , നാളെ രാവിലെ തൊണ്ടിപ്പഴം പറിയ്ക്കാൻ പോകാം..നിറയെ പഴുത്തു നിക്കുന്നു ഞാനിപ്പോ പോയി നോക്കീട്ടു വന്നേയുള്ളൂ..നീ വര്വോ നാളെ..”


“ ഉം.. വരാടാ.. നീയിപ്പോ പോയിക്കോളൂ..”


ഇലഞ്ഞിപ്പൂമണവും ചൂടി ഇരുട്ടത്തൊരു കാറ്റ് ജനല്‍പ്പാളിയിലൂടെ അകത്തേയ്ക്ക് എത്തിനോക്കി പോയി.


വര്‍ഷങ്ങള്‍ പിന്നെയും എത്രയോ പൊലിഞ്ഞു വീണു..


രാവിനു ദൈർഘ്യം കൂടിയോ..ഉറക്കം പിണങ്ങി നില്ക്കുന്നതെന്തേ..ടേബിൾ ലാമ്പിന്റെ മഞ്ഞ വെളിച്ചത്തിൽ , നിറം മങ്ങിത്തുടങ്ങിയ ഇൻലൻഡിൽ മഷി നനഞ്ഞു പടർന്നു പകുതിയും മാഞ്ഞ അക്ഷരങ്ങൾ.


“ഓരോ നിമിഷവുമോരോ നിമിഷവുമോര്‍മ്മയില്‍ മനസിന്‍റെ മണി മുറ്റത്ത് ഓടിയെത്തുന്നു നിന്‍മുഖം.” ... അന്നുമുതല്‍ വടിവൊത്ത ആ കയ്യക്ഷരത്തോടും അത്രമേല്‍ അനുരാഗമായിരുന്നു...


എത്ര നേരമിരുന്നെന്ന് ഓർമയില്ല. വനജേച്ചി തട്ടിയുണർത്തുമ്പോൾ മേശയിൽ തല വെച്ചു കിടക്കുകയായിരുന്നു..


ശോ..ഈ കുട്ടി എന്തേ ഇന്നലെ ഉറങ്ങീലെ..? അതോ നേരത്തെ ഉണർന്നതോ..


നീലയില്‍ പരന്ന അക്ഷരങ്ങളിൽ കണ്ണുകൾ ഉടക്കി നിന്നു.


അന്ന് ധൈര്യം സംഭരിച്ച് മറുപടി എഴുതി കണ്ണടച്ച് പ്രാർഥിച്ചു തപാൽ പെട്ടിയിലിടുമ്പോൾ നെഞ്ചിലൊരു ഇടികുടുക്കത്തെ ഒളിപ്പിച്ചു വെച്ചിരുന്നു.


ആദ്യത്തേയും അവസാനത്തേയും കത്ത്...


അപ്രതീക്ഷിതമായി, വല്ല്യമ്മയുടെയും അമ്മയുടെയും ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരം മുട്ടി തല താഴ്ത്തി നില്‍ക്കേണ്ടി വന്ന നിമിഷങ്ങളില്‍ ഹൃദയം പൊടിപൊടിയായി നുറുങ്ങിയിരുന്നെന്ന് അവന്‍ പിന്നീടെപ്പോഴെങ്കിലും അറിഞ്ഞിരുന്നോ..


വർഷവും വേനലും അവധിക്കാലങ്ങളും വന്നു പോയി. ഇലഞ്ഞി കായ്ച്ചു, പൂമരം പൂത്തു കൊഴിഞ്ഞു.. പിന്നെയൊരിക്കലും അവന്‍ മാത്രം വന്നില്ല.


"ട്യേ...തൊണ്ടിമരത്തിന്റെ പശ കൊണ്ടുവെച്ചിട്ടുണ്ട്.. മൂന്നാലീസം കൊണ്ട് ചുമ മാറും..ചുക്കും കുരുമുളകൂം ഇട്ട കാപ്പീം കുടിക്ക്യാ കൂടെക്കൂടെ..പെട്ടെന്ന് ശമനം കിട്ടും." അമ്മമ്മ കിണറ്റിന്‍കരയിലേയ്ക്ക് നടന്നു.


അമ്മ ചുമച്ചുകൊണ്ട് ഉമ്മറത്തേയ്ക്ക് വന്നു..


“ ആടലോടകത്തിന്റെ തയ്യൊരെണ്ണം നട്ടു പിടിപ്പിക്കണം ന്ന് എന്നും വിചാരിയ്ക്കും..പിന്നെ അതങ്ങട് മനസ്സീന്ന് വിടും. മാമൂനോട് പറയണം. ചിന്നു എവിടെ അമ്മേ ..?”


“ ദാ മഴേം നനഞ്ഞ് നിക്കണൂ “


" പോയി തല തോര്‍ത്തൂ പെണ്ണേ .എന്തോർത്താ മഴേത്ത് ഇങ്ങനെ മിഴിച്ചു നിക്കണേ , ഇനി നീയും വരുത്തിക്കോ നീര്‍ദോഷം .”


അമ്മ ചുമയ്ക്കുന്നതിനിടയിലും ദേഷ്യപ്പെടാന്‍ മറന്നില്ല..


കയ്യിലിറുക്കിപ്പിടിച്ച ചെന്തൊണ്ടിപ്പഴങ്ങൾ ഇറയത്ത്‌ വെച്ചിട്ട് അകത്തേയ്ക്ക് കയറി..


മഴക്കുമുമ്പേ എവിടെനിന്നെന്നു അറിയാതെ വന്നെത്തുന്ന ഈയാമ്പാറ്റകളെ പോലെ ഒരു പ്രണയം അല്പായുസ്സോടെ മഴയോടൊപ്പം അപ്രത്യക്ഷമായാതാണോ?. അതോ ഇനിയൊരു പുതുമഴയില്‍ വീണ്ടും മുളപൊട്ടി തളിര്‍ക്കാനായി അതിന്റെ വിത്തുകള്‍ മണ്ണിനടിയില്‍ ആരോരും കാണാതെ ഒരു സുഷുപ്തിയില്‍ അലിഞ്ഞതാണോ?


“ഓരോ നിമിഷവുമോരോ നിമിഷവും ഓര്‍മ്മയില്‍ ”...


തൊണ്ടിപ്പഴങ്ങള്‍ ചുവന്നു തുടുക്കുന്ന നേരത്ത് നീലാകാശത്തിന്‍റെ നിറമുള്ള കടലാസ്സില്‍ കുറിച്ചിട്ട വരികളുടെ ബാക്കി ഓര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കാലം മായ്ച്ച പ്രണയം, കാണാമറയത്ത് അവ്യക്തമായ ചിത്രങ്ങള്‍ തീര്‍ക്കുന്നു...

2016, ജൂൺ 10, വെള്ളിയാഴ്‌ച

കൈത പൂത്ത രാവുകള്‍...


"ന്നിട്ട് പിന്നെ ആ നിധി ആർക്കാ കിട്ട്യേ അച്ഛമ്മേ.. ?"

"ആർക്കും കിട്ടീല്ല്യ കുട്ട്യേ..അതിപ്ലും ആ കുളത്തിലുണ്ട്. കുളത്തിനോട് ചേർന്നുള്ള ആ കെണറു കണ്ടിട്ടില്ല്യേ നീ..അതിന്റെ വക്കത്തുള്ള എഴിലമ്പാലേല് നിധി കാക്കുന്ന യക്ഷികളുണ്ട്. തൊടീയ്ക്കില്ല്യ . തൊടാൻ നോക്ക്യോർക്കൊക്കെ മുഴുപ്പ്രാന്ത് വന്നിട്ടുണ്ട്. 
കോവിലകത്തെ തമ്പ്രാൻ വിശ്വസിച്ച് സൂക്ഷിക്കാൻ കൊടുത്തതല്ലേ നിധി. ഈ കോലോത്തും കുളോം അവരട്യായിരുന്നു.." 

"പിന്നെങ്ങനെ ഇപ്പൊ നമ്മട്യായി? "

"അതിങ്ങനെ ജന്മി കുടിയാൻ വ്യവസ്ഥയ്ക്കൊക്കെ മാറ്റം വന്നപ്പോ തിരിഞ്ഞും മറിഞ്ഞും നമ്മടെ കയ്യില് വന്നു പെട്ടതാ.കണ്ടില്ല്യേ, ഈ പറമ്പ് മുഴോനും തുളസിച്ചെടികൾ കാടുപോലെ വളർന്നു നിക്കണേ..നംബൂര്യാരടെ പറമ്പായിരുന്നൂന്നുള്ലേനു ഇതീക്കൂടുതൽ തെളിവെന്തു വേണം..?"

"ഈ തമ്പ്രാൻ ന്നു പറഞ്ഞാ എന്താ ? ദൈവാണോ..?"
"തമ്പ്രാനും തമ്പ്രാട്ടീമൊക്കെ മനുഷ്യര് തന്ന്യാ. ജാതീല് ഉന്നതരാന്നു മാത്രം."

“ജാതി ആരാണ്ടാക്ക്യേ ?”

“അതൊക്കെ അങ്ങനെ ണ്ടായി വന്നതാ. പണ്ട് കോലോത്തെ ആൾക്കാര് പൊറത്തെറങ്ങ്യാല് നമ്മളൊക്കെ ഓടി വഴി മാറണം..നിന്റെ കൂട്ടുകാരി ശ്യാമളേടെ അമ്മയും കൂട്ടരുമാണ് തമ്പ്രാട്ടി നീരാട്ടിനു വരുംബ്ലും പോകുമ്പ്ലും വഴീന്നു ആൾക്കാരെ ആട്ടിപ്പായിക്കാൻ മുന്നില് നടക്കാറുള്ളത്.. വിഷ്ണൂന്റെ അമ്പലല്ല്യെ , അതിന്റെ കെഴക്കോറെ ആണ് പണ്ടത്തെ ഇല്ലം. ഇപ്പൊ ഇടിഞ്ഞു പൊളിഞ്ഞ്, കഷ്ടാണ്‌ അവസ്ഥ. വെല്ല്യമ്പ്രാട്ടി വിഷംതീണ്ടി മരിച്ചു... കൊച്ചമ്പ്രാന് പ്രാന്ത് പിടിച്ചിട്ട് ചങ്ങലക്കിട്ടേർക്ക്വാ . അച്ഛനോട് ചോദിച്ചാൽ അറിയാം പഴയ കഥയെല്ലാം. അവനു നല്ല ഓർമ്മ കാണും.”

കാറ്റിനു തുളസിപ്പൂവിന്‍റെ മണം.!

അച്ഛമ്മ പറഞ്ഞത് ശെര്യാ. പറമ്പ് നിറയെ വയലറ്റ് തണ്ടുകളും നീലയുടെ കലർപ്പുള്ള പച്ച ഇലകളുമുള്ള കൃഷ്ണ തുളസീം , രാമ തുളസീം തടഞ്ഞിട്ടു നടക്കാൻ വയ്യ. പൊലി കൂട്ടുമ്പോ മാമ്വേട്ടൻ കൂട്ടത്തോടെ വെട്ടി നിരത്തും കാടു പിടിച്ച തുളസിക്കടകൾ. സന്ധ്യാദീപത്തിനു പൊട്ടിക്കണ തുളസ്യെല പൂജയ്ക്ക് ശേഷം മുടീല് തിരുക്യാല്‍ തലേല് പേൻ വരില്ല്യ. രണ്ടെണ്ണം കയ്യിലിട്ടു തിരുമ്മി ഉറങ്ങാൻ കിടന്നാൽ സുഗന്ധമുള്ള സ്വപ്നങ്ങൾ കാണാം .

അന്നു രാത്രി സ്വപ്നത്തിൽ സ്വർണ്ണകുംഭത്തിൽ നിധിയുമായി കോലോത്തുംകുളത്തീന്ന് ഒരു ദേവത പൊന്തി വന്നു.

നറു നിലാവ് തൂവുന്ന രാത്രിയിൽ കുളത്തിലെ വെള്ളത്തിൽ കാലിട്ടിളക്കി ഞാനിരിക്ക്യായിരുന്നു.
കണ്ണിലടിച്ച സ്വർണ്ണ പ്രഭയിൽ അറിയാതെ മുഖം പൊത്തിപ്പോയി..

ചിരി കേട്ട് കണ്ണ് തുറക്കാൻ ശ്രമിയ്ക്കുമ്പോൾ ദേവത അരികിൽ. 

അഴകുള്ള വിഗ്രഹം പോലെ ചിറകുള്ള ദേവത!!

തുറന്നു പിടിച്ച ഉള്ളം കയ്യീന്ന് വെളുത്ത മുത്തുകൾ കുളത്തിലെ വെള്ളത്തിലേയ്ക്ക് ഉതിർന്നു വീണു കൊണ്ടേയിരിയ്ക്കുന്നു.

മിഴിച്ചു നോക്കിയപ്പോള്‍  ദേവത ചോദിച്ചു.
"ഈ കുടത്തിൽ എന്തൊക്ക്യാ ഉള്ളേന്നറിയ്വോ കുട്ടിയ്ക്ക് ..?" 

"ഇല്ല്യ.."

"മാണിക്ക്യോം മരതകോം ഇന്ദ്രനീലോം പതിച്ച സ്വർണ്ണാഭരണങ്ങളാ..". "കുട്ടിയ്ക്ക് കാണണോ?"

ദേവത കുടത്തിന്റെ അടപ്പ് തുറക്കാൻ തുടങ്ങുമ്പോൾ രണ്ടു സ്വർണ്ണമത്സ്യങ്ങൾ വെള്ളത്തിന്‌ മുകളിലേയ്ക്ക് മത്സരിച്ചു പിടഞ്ഞു ചാടി. ഞാനവയെ തൊടാൻ കുനിഞ്ഞതും, 
പെട്ടെന്ന് ഒരു ഒച്ചപ്പാടും ബഹളോം. അമ്മേം വനജേച്ചീം തട്ടിപ്പിടഞ്ഞെഴുന്നേറ്റു. 
കോഴിക്കൂട്ടീന്നു കോഴികൾടെ കരച്ചിൽ. അമ്മ ടോർച്ചുമായി പുറത്തേയ്ക്ക് നടന്നു.

“കോക്കാനാവും ..” 

അമ്മയ്ക്ക് ഒന്നിനേം പേടീല്ല്യ. എപ്പഴുമിങ്ങന്യാ. ശബ്ദം കേട്ടാൽ വാതില് തുറന്നു നോക്കും. ഉറക്കെ നായ്ക്കുട്ട്യേ വിളിയ്ക്കും. അവൻ വാലാട്ടി അടുത്ത് വരും വരെ അമ്മ അകത്തേയ്ക്ക് കേറൂല്ല്യ.
 
"പാതിരായ്ക്കൊന്നും മുറ്റത്തിറങ്ങണ്ട മണ്യേ.. തേർവാഴ്ചള്ളതാ.വല്ലോംകണ്ടു പേടിയ്ക്കണ്ട..".  
അച്ഛമ്മ ജനൽപ്പടിയിൽ കയ്യൂന്നി നിന്നുകൊണ്ട് താക്കീത് കൊടുത്തു.

സ്വപ്നം നഷ്ടപ്പെട്ട സങ്കടത്തിൽ പുതപ്പു വലിച്ചു തലയിലൂടെ ഇട്ട് ദേവതയെ ധ്യാനിച്ച്‌ ഉറക്കം കാത്തു കിടക്കുമ്പോ പുറത്ത് കോക്കാൻ പൂച്ച മോങ്ങുന്ന ശബ്ദം കേട്ടു. മാങ്കൊമ്പിലിരുന്ന കൂമന്റെ മൂളലിന് കാതു കൂർപ്പിച്ച് കിടന്ന ആ കിടപ്പിൽ നിധികുംഭം മറ്റൊരു സ്വപ്നത്തിലേക്ക് ഒഴുകിപ്പോയി.. ഓർത്തെടുക്കാനാവാത്ത വിധം ഉറക്കത്തിൽ ആണ്ടു പോയ അവ്യക്തസ്വപ്നം.. 

"എന്താ അച്ഛമ്മേ ഈ തേർവാഴ്ച..? "

രാവിലെ താളിയൊടിയ്ക്കാൻ നിക്കുമ്പോ, തലേന്ന് ചോദിയ്ക്കണമെന്ന് നിശ്ചയിച്ചിരുന്ന സംശയം ചോദിച്ചു.

"അത് ദുർദേവതകൾടെ കളിവിളയാട്ടം.. അവര് പടിഞ്ഞാറ്ന്ന് ങ്ങട് കേറി വരും. കോലോത്തുംകുളത്തിന്റെം അപ്രത്തുന്നാ വരവ്" .

"അതെന്തിനാ?"

"കെഴക്കേപ്ര്യല്ലേ മ്മടെ തറവാട്ടമ്പലം. ദേവ്യേകൂട്ടാന്‍വരണതാ അവര്. രാത്ര്യായാ ദേവി രൗദ്രരൂപം പൂണ്ട് അവരോടൊപ്പം കെഴക്കോട്ടും പടിഞ്ഞാട്ടും നടക്കും പുലരോളം. അതിന്യാ ഈ തേര്‍വാഴ്ച ന്നുപറയ്വാ.” 

അപ്പൊ ദുര്‍ദേവതകള്‍ മ്മടെ പറമ്പീക്കൂടി പൂവുമ്പോ മ്മക്ക് ദോഷല്ലേ അച്ഛമ്മേ..? "

"ആണ്കുട്ട്യേ,ആണ്. അതിനല്ലേ നീശനേം നമ്പൂര്യച്ചനേം കുടിയിരുത്ത്യേർക്കണേ..! "

നേരാ..തെക്ക് പടിഞ്ഞാറ് ഭാഗം കണ്ട് ഒരു കൂവള മരത്തിന്റെ ചോട്ടില് പ്രതിഷ്ഠിച്ചേക്കണ നമ്പൂര്യച്ചനു തിരി വെയ്ക്കാൻ അമ്മായീടെ കൂടെ ഞാനല്ലേ പോകാറ്! അവരാത്രേ ഈ വീടും പറമ്പും കാക്കണേ .!

ന്നാലും നിധീടെ കാര്യം പറഞ്ഞത് വിശ്വാസായില്ല്യ.. വാസ്തവമറിയാൻ അമ്മയോട് ചോദിയ്ക്കണം..
 
വെയിൽ ചായുന്നതും നോക്കി പടിഞ്ഞാറേ കളത്തിലിരിയ്ക്കുമ്പോ അമ്മ പനമ്പിൽ വിരിച്ചിട്ട നെല്ലിന്റെ ഉണക്കം നോക്കാൻ വന്നു..

“പുല്ലൂട്ടിൽ ഒന്നൂല്ല്യല്ലോ മാമ്വോ.. വൈക്കോത്തുറൂന്ന് കൊർച്ച്‌ വലിച്ചിട്ടു കൊടുക്ക്..”

സന്ധ്യക്ക്‌ മുൻപേ പുറം പണികളൊക്കെ ഒതുക്കുന്ന തിരക്കിലാണ് അമ്മ.. അരികെ പറ്റിക്കൂടി ചോദിച്ചു ,
“അമ്മേ അച്ഛമ്മ പറയ്യാ കോലോത്തും കുളത്തിൽ നിധീണ്ടെന്ന്. സത്യാണോ? . അമ്മയ്ക്കറിയ്വോ..?”

“ആ.. അങ്ങന്യൊക്കെ ആളുകള് പറയണുണ്ട്.. ടിപ്പൂന്റെ പടയോട്ടക്കാലത്ത് കുളത്തിൽ കൊണ്ടു മുക്കീതാന്നും കേള്‍ക്കണുണ്ട്.. ആരാപ്പോ ഇതൊക്കെ അന്വേഷിക്കാൻ പോണേ..”

" വിളക്കുവെടി കേൾക്കുംമുമ്പ് നീ വനജേടെ കൂടെ പോയി കുളിച്ചിട്ടു വാ . ഇരുട്ടാൻ നിക്കണ്ട.." 

കുളക്കടവില്‍ നല്ല തിരക്കാണ്. തുണികളലക്കി കഴിഞ്ഞാലേ വനജേച്ചി കുളത്തിലിറങ്ങാൻ സമ്മതിയ്ക്കൂ.. . തീവണ്ടി പാത കടന്നു വരുന്ന വെളൂരിയും കൂട്ടരും എത്തുന്ന നേരമാണ്. പാലുപോലെ വെളുത്ത വെളൂരീടെ ശരിക്കുള്ള പേര് എന്താണെന്ന് ആർക്കെങ്കിലും അറിയുമോന്നറിയില്ല്യ. ആ വിളിപ്പേരിൽ വെളൂരിയ്ക്കും പരിഭവല്ല്യായിരുന്നു. 

നാട്ടുവർത്തമാനത്തിന്റെ കെട്ടഴിച്ചു വിരിച്ച്
കുത്തി തിരുമ്മലും തല്ലിയലക്കലും ഊരലും പിഴിയലുമായി 
 ആകെ ബഹളമായപ്പോൾ വനജേച്ചീടെ കണ്ണ് വെട്ടിച്ച് കൈതക്കാടിന്നരികിലേയ്ക്ക് നീങ്ങി.

കൈതപൂത്ത മണം വരുന്നുണ്ട്. അച്ചമ്മേടെ പെട്ടീല് വയ്ക്കാൻ ഈ കാട്ടീന്നാ മമ്വേട്ടൻ കൈതപ്പൂ പറിച്ചുകൊടുക്കാറുള്ളത്. പന്ത്രണ്ടുവര്‍ഷത്തില്‍ ഒരിയ്ക്കലേ പൂക്കൈത പൂക്കൂ. ഇളംമഞ്ഞനിറമുള്ള പൂക്കുലയുടെ ഉള്ളില്‍നിന്നും വരുന്ന അറ്റംകൂര്‍ത്ത പോളകള്‍! മാസങ്ങളോളം മായാതെ നില്‍ക്കുന്ന സുഗന്ധം! 

വെളുത്ത മുഖവും മങ്ങിയകറുത്ത കൊച്ചുടലുമുള്ള കുളക്കോഴികൾ “ക്വക്ക് ക്വക്ക്”എന്ന് ശബ്ദമുണ്ടാക്കി കൂട്ടിൽ കയറാതെ മടിച്ചു നില്പ്പാണ്‌.. ചെറുമീനുകളെ കൊത്തി തിന്നു മതിയായില്ലേ? കൈതക്കാടിനുള്ളിൽ അവയുടെ കൂടുകൾ കാണും..ചിലതിൽ ചുവന്ന നിറമുള്ള മുട്ടകളും..

“വാവേ ..ആ കാട്ടിനുള്ളിൽ തലേടാൻ പൂവാൻ ആരേ പർഞ്ഞേ. വല്ലപാമ്പുംണ്ടാവും. .ഈ കുട്ട്യേക്കൊണ്ട് തോറ്റല്ലോ ഭഗവതീ..വേഗം വന്നു കുളിച്ചോളൂ...”

കടവൊഴിഞ്ഞതോ ഇരുട്ട് വീഴാന്‍ തുടങ്ങീതോ ഒന്നുമറിഞ്ഞില്ല. 
അസ്തമയസൂര്യന്റെ അവസാന കിരണങ്ങളേറ്റ് ഏഴിലംപാലയുടെ ഇലകള്‍ ചുവന്നു.

നീണ്ട നാരുകളുള്ള ചണ്ടികള്‍ വകഞ്ഞ് കുളത്തിലിറങ്ങിയപ്പോള്‍ ഭയമായി..

കഥകളുടെ സാഗരവുമായി മുങ്ങി നിവരുമ്പോ നിധി കാക്കുന്ന ദേവതയ്ക്ക് പകരം ഭൂതത്തെയാണ് മുന്നില്‍കണ്ടത്. ഒരു നിമിഷം ശ്വാസം കിട്ടാതായി. 

" ഇന്നെന്തേ  വാവേ വേഗം കുളിച്ചു കയറ്യെ ?" 

" ഒന്നൂല്ല്യ വനജേച്ചി ..ഇരുട്ടീല്ല്യെ ..അതാ.." 

രാത്രിയ്ക്ക് കനംകൂടിവന്നു. കൂമന്‍ ഇരുത്തിമൂളി. നിശബ്ദതകൾ പൂക്കുന്ന കൈതക്കാടുകളിൽ അന്തിയുറങ്ങുന്ന കുളക്കോഴികളെയോർത്ത് വെളുക്കുവോളം നെടുവീര്‍പ്പുകളില്‍ മുഖമമര്‍ത്തിക്കിടന്നു. വെളുത്ത ഉടലില്‍നിന്നും നീണ്ടുവന്ന എഴിലംപാലയുടെ കൈകള്‍ മാടിമാടി വിളിച്ചപ്പോള്‍ തണുത്തുമരവിച്ചു. 

യക്ഷികളും ദേവതകളും ഭൂതങ്ങളും നടത്തിയ തേര്‍വാഴ്ച്ചകളില്‍ പിന്നെയുമെത്രയോ രാത്രികള്‍ അപഹരിയ്ക്കപ്പെട്ടു. കോലോത്തുങ്കുളം പായല്‍വന്നുമൂടി. 
ഇളംചുവപ്പ്മുട്ടകള്‍ വിരിഞ്ഞ് കുളക്കോഴികള്‍ പെരുകി. കഥയറിഞ്ഞവരോ പറഞ്ഞവരോ മരിച്ചവരുടെ ലോകംപൂണ്ടു. 
നിഗൂഢമായ
 ഒരു അനുഭൂതി ബാക്കിവച്ചുകൊണ്ട് ഓര്‍മ്മയുടെ ചെപ്പുക്കുടത്തിലിപ്പോഴും ആ വനദേവതയുണ്ട്. കൈതപ്പൂവിന്റെ മണമുള്ള പനിച്ച രാത്രികളുമുണ്ട്.

2016, മേയ് 22, ഞായറാഴ്‌ച

കപ്പൽച്ചേതം വന്ന നാവികൻ: എന്റെ വായന..



വായനയെകുറിച്ചുള്ള വായനയും കാഴ്ചകളെപ്പറ്റിയുള്ള കാഴചപ്പാടുമായി ഓർമകളിലൂടെ, ജീവിതങ്ങളിലൂടെ , സ്‌നിഗ്‌ദ്ധമായ ഒരു യാത്രയാണ് കപ്പൽച്ചേതം വന്ന നാവികനിലൂടെ സാധ്യമാവുന്നത്..


തന്റെ ജീവിതത്തെ അത്രമേൽ സ്വാധീനിച്ച ലോകോത്തരസാഹിത്യകൃതികൾ , പ്രശസ്ത സിനിമകൾ ,വ്യക്തികൾ, ഓർമ്മകൾ, എന്നീ മേഖലകളെ കുറിച്ച് അതിസൂക്ഷമവും ആഴമേറിയതുമായ നിരീക്ഷണങ്ങളുടെ അത്യപൂർവ്വമായ ലേഖനങ്ങൾ, "വായന , ജീവിതം, ഓർമ്മ കാഴ്ച" എന്നീ നാലുഭാഗങ്ങളിലായി സമാഹരിച്ചിരിക്കുകയാണ്, കപ്പൽച്ചേതം വന്ന നാവികനിൽ , സാഹിത്യ നിരൂപകനും നാടകകൃത്തുമായ എൻ ശശിധരൻ. 

"വായന"യെന്ന ഒന്നാം ഭാഗത്ത് വിശ്വോത്തരസാഹിത്യത്തിലെ മികവുറ്റ എഴുത്തുകാരിലൂടെയും അവരുടെ കൃതികളിലൂടെയുമുള്ള സഞ്ചാരമാണ് ഒരുക്കി വച്ചിരിയ്ക്കുന്നത്.. "കഥകളില്ലായിരുന്നെങ്കിൽ വെറുമൊരു ഓട്ടക്കലം മാത്രമായി എന്റെ സ്വത്വം കാലത്തിന്റെ പുറമ്പോക്കിൽ എന്നേ ഉടഞ്ഞു ചിതറിയേനെ”, എന്ന ലേഖകന്റെ തുറന്നു പറച്ചിലിൽതന്നെ നമുക്ക് മനസ്സിലാവും, കഥയാണ്‌ അദ്ധേഹത്തിന്റെ ശ്വാസവും, വിശ്വാസവും ആശ്വാസവും എന്ന്. തികച്ചും പ്രാകൃതവും ഉല്ലാസരഹിതവുമായ ജീവിത പരിസരങ്ങളിൽ നിന്നും ഒളിച്ചോടി കഥയെന്ന ഗുഹയിൽ അഭയം തേടി, അതിന്റെ മാസ്മരികതയിൽ എല്ലാം മറക്കാൻ ശ്രമിയ്ക്കുന്ന ഒരു ബാലന്റെ, വായനയിലെ വളർച്ച താളുകളിലൂടെ നമുക്ക് അനുഭവപ്പെടും..

ആർത്തുപെയ്യുന്ന മഴയുടെ സംഹാരാത്മകതയും വെയിലിന്റെ മുട്ടകളുമായി മരത്തോപ്പുകളിൽ ഒളിച്ചു നടന്ന വേനലിന്റെ ഊഷ്മളതയും നെയ്പ്പുല്ലിന്റെ മണവും കിളിയൊച്ചകളുമായി എതിരേറ്റ മഞ്ഞുകാല പുലരികളുടെ ഗൃഹാതുരതയും കഥകളിൽ ചാലിച്ച വർണ്ണങ്ങളും ചിത്രങ്ങളുമായി മനസ്സിൽ കോറിയിട്ടിരുന്ന , ഏതു കാലവും കാലാവസ്ഥയും അനുഭവവും ഏതെങ്കിലുമൊരു കഥയുടെ അഥവാ പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ മാത്രം ഓർമ്മിച്ചെടുക്കാനാവുന്ന , വിശേഷാൽ സ്വഭാവത്തിന്റെ ഉടമയായ ലേഖകന് , കഥകളിലൂടെ സ്വരൂപിക്കപ്പെട്ട ഒരു ഗ്രന്ഥപ്പുര മാത്രമാണ് ഓർമ്മകൾ.. 

മുട്ടത്തു വർക്കിയുടെ "ഇണപ്രാവുകൾ" വായിച്ചു തീർന്ന് തട്ടിൻ പുറത്തെ നീണ്ട മേശമേൽ കമഴ്ന്നു കിടന്ന്പൊട്ടിക്കരഞ്ഞ , ഓർമ്മയിലെ ആ നനഞ്ഞ സായാഹ്നം, വായനയുടെ ജ്ഞാനസ്നാനമാണ് ഈ എഴുത്തുകാരന് സമ്മാനിയ്ക്കുന്നത്. അവിടന്നങ്ങോട്ട് വായിച്ച ആയിരക്കണക്കിന് എഴുത്തുകാർക്കിടയിലും വായനയുടെ തലതൊട്ടപ്പനായി ലേഖകൻ കാണുന്നത് മുട്ടത്തു വർക്കിയെയാണ്. 


വായനക്കാരന് ജീവിക്കാൻ മറ്റൊരു അപരലോകം നിർമ്മിച്ച്‌ കൊടുക്കുന്നു എന്നതാണ് ഫിക്ഷൻ എന്ന സാഹിത്യ സംവർഗ്ഗത്തിന്റെ മൗലീകമായസവിശേഷതയായി ഇദ്ദേഹം കാണുന്നത്.


"ദസ്തയേവ്സ്കിയുടെ കാരമസോവ്‌ സഹോദരന്മാർ" ആദ്യം വായിക്കുന്ന ആൾക്ക് മുന്നിൽ ലോകത്തിന്റെ വാതിലുകൾ വലിയ ശബ്ദത്തോടെ തുറക്കപ്പെടുന്നതും പലവട്ടം അത് വായിച്ചു തീർത്ത ഒരാൾ , മറ്റൊരു കൃതി വന്നു തന്നെ തൊട്ടുണർത്തുംവരെ ആ വാതിലുകൾ കൊട്ടിയടയ്ക്കുന്നതും വിസ്മയത്തോടെയല്ലാതെ വായിക്കാനാവില്ല. മനുഷ്യന്റെ ഏകാന്തതയേയും ഓർമ്മകളെയും സ്വരൂപിച്ചു സർഗ്ഗാത്മകമാക്കുന്ന പ്രവൃത്തിയാണ്‌ കഥയെഴുത്തെന്നു ലേഖകൻ സ്ഥാപിയ്ക്കുമ്പോൾ , "ഒരാൾ ജീവിച്ചു തീർത്തത് എന്ത് എന്നല്ല , ഒരാൾ എന്ത് ഓർമ്മിക്കുന്നു എന്നതാണ് അയാളുടെ ജീവിത” മെന്ന് മാർകേസ് പറഞ്ഞു വെച്ചിട്ടുള്ളതിന്റെ അർത്ഥംകൂടുതൽ വ്യക്തമാവുന്നു..


"ഏകാന്തതയുടെ നൂറുവർഷങ്ങ"ളുടെ വായനയിൽ , മക്കെണ്ടോ എന്ന സാങ്കല്പ്പികനഗരത്തിന്റെ ജൈവ പ്രകൃതിയും മനുഷ്യപ്രകൃതിയും ഒരുക്കുന്ന രാവണൻ കോട്ടയിലൂടെ വെടികൊണ്ട പന്നിയെപ്പോലെ തന്റെ "ഏകാന്തത" മുരണ്ടു നടക്കുന്ന അനുഭവം വിവരിക്കുന്നതിലൂടെ , വായനയെ, സ്വന്തമായ ഭൂമിയും ആകാശവുമുള്ള ഒരു സ്വതന്ത്രസ്വത്വമായി കാണുന്ന ലേഖകനെ നമുക്ക് അടുത്തറിയാനാവും..


പാറപ്പുറത്തിന്റെ, "തേൻ വരിക്ക" എന്ന നോവൽ, തന്റെ വായനയുടെ പ്രകൃതത്തെ കുറിച്ചുള്ള ആദ്യത്തെ ഓർമയായി കൊണ്ടുനടക്കുന്നുണ്ട് ലേഖകൻ. കാടകത്തെ വാടകവീടിന്റെ വരാന്തയിലിരുന്നു ദസ്തയേവ്സ്കിയുടെ " ഭൂതാവിഷ്ടർ" വായിച്ചു തീർന്നശേഷം, ശ്വാസം നിലയ്ക്കുമെന്ന അവസ്ഥയിൽ ഒന്ന് കണ്ണടയ്ക്കാൻ ഭാവിക്കവേ തന്റെ മുന്നിൽ വന്നു നില്ക്കുന്ന പറമ്പ് കിളക്കാരൻ "ചന്ത"നിലൂടെ , സ്ഥലകാലങ്ങൾ കീഴ്മേൽ മറിഞ്ഞ് 1967 ലെ ഓണക്കാലത്ത് ആകാശവാണിയിൽ എം ടി നേരിട്ടവതരിപ്പിച്ച 12 വർഷം ഉറങ്ങിയ പൂക്കളിലെ "ചന്ദ"നിലേയ്ക്ക് എത്തുമ്പോൾ , എം ടിയുടെ ശബ്ദത്തിൽ കഥയുടെ അവസാന വാക്യങ്ങൾ ലേഖകൻ വീണ്ടും കേൾക്കുന്നതിങ്ങനെ:


"ചന്ദൻ"


"എന്റെ പേര് ചന്ദനെന്നല്ല സ്വാമീ .." 

"അതേ എനിയ്ക്ക് മാത്രമറിയുന്ന രഹസ്യം ! 

പ്രഭാതത്തിൽ 12 വർഷം കഴിഞ്ഞ് വിടർന്ന പൂക്കളെ അന്വേഷിച്ചു വന്ന മനുഷ്യനെത്തേടി ഒരു സുന്ദരി വരും..അപ്പോൾ പറയേണ്ടത് ഇത്രമാത്രം: 

അദ്ദേഹം കയറിപ്പോയ വഴി ഇതിലേ ഇതിലേ !" 



വായനക്കാരനെയും അമ്പരപ്പിക്കുന്ന തരത്തിലുള്ള  മാസ്മരികതയാണ്  ഈ വരികളിലൂടെ തൊട്ടറിയുന്നത്.


തുടർന്ന് , പാരീസ് നഗരത്തിന്റെ സ്വത്വമുദ്രയുള്ള എഴുത്തുകാരൻ പാട്രിക് മോദിയാനോ , അർജ്ജന്റീനിയൻ എഴുത്തുകാരൻ തൊമസ് എലോയ് മാർത്തിനെസ്സ്, "ഞാൻ കഥകൾ പറയുന്നു, കഥപറയാൻ എനിയ്ക്ക് എന്റേതായ രീതികളുണ്ട് , പക്ഷെ നിങ്ങൾ വായിക്കേണ്ടത് ഞാനെഴുതിയ കഥയല്ല, നിങ്ങൾ സ്വയം നിർമ്മിച്ച നിങ്ങളുടെ കഥകളാണ് "എന്ന എഴുതപ്പെടാത്ത സത്യവാങ്ങ് മൂലത്തിന്റെ അകമ്പടിയോടെ വായനക്കാർക്ക് തന്റെ ഓരോ രചനയും സമർപ്പിക്കുന്ന ഒർഹാൻ പാമുക്‌ , സ്ത്രീ കഥാ പാത്രങ്ങള്ക്കു കൂടുതൽ തിളക്കവും ആഴവും കൊടുക്കുന്ന ജാപ്പനീസ് എഴുത്തുകാരൻ ഹാരുകി മുറാകാമി, ചിലിയൻ എഴുത്തുകാരൻ അന്റോണിയോ സ്കാർമെത്ത, , സെർബിയൻ എഴുത്തുകാരി സ്ലാവങ്ക ഡ്രാക്കുലിക്ക്, ഹ്യൂഗി എന്ന വൃദ്ധന്റെ കഥ ആഖ്യാനം ചെയ്യുന്ന, യൂഹ്വായുടെ ചൈനീസ് നോവലിന്റെ മലയാള പരിഭാഷയായ "ജീവിക്കാനായി", ഇതേ പുസ്തക വിചാരത്തിലൂടെ എടുത്തു പറയുന്ന , സ്വാതന്ത്ര്യാനന്തര കാലത്ത് , ഇന്ത്യയിലെയും കേരളത്തിലെയും യുവത്വം ഏറ്റവും ആവേശപൂർവ്വം നോക്കിയിരുന്ന മാവോയിസ്റ്റ് ചൈന , നൂറുപൂക്കൾ വിരിയട്ടെ എന്ന വിമോചന സ്വപ്നത്തിന്റെ സൂത്രവാക്യത്തിന്റെ ഓർമ്മപ്പെടുത്തൽ എന്നിങ്ങനെ , എഴുത്തുകാരിലെയും എഴുത്തിലെയും സൂക്ഷ്മത അനാവരണം ചെയ്യുന്ന വിശകലനത്തിന്റെ വായനാപർവ്വം ചെന്നവസാനിക്കുന്നത്, കെ ജി ശങ്കരപ്പിള്ളയുടെ കവിതകളിലും വിക്ടർ യൂഗോയുടെ പാവങ്ങളിലുമാണ്.

"വായനയെ കുറിച്ച് വായിച്ചവസാനിപ്പിക്കുന്ന ഏതൊരു വായനക്കാരനെയും/ക്കാരിയെയും പുതിയൊരു ലോകത്തേയ്ക്ക് കൊണ്ടെത്തിയ്ക്കുന്ന സവിശേഷമായ ഒരു കാന്തിക വലയം വാക്കുകളിൽ തീർക്കാൻ ലേഖകന് നിഷ്പ്രയാസം സാധിച്ചിട്ടുണ്ട് എന്നത് തർക്കമില്ലാത്ത വിഷയമാണ്. 

ജീവിതത്തിൽ, തന്നെ അങ്ങേയറ്റം സ്വാധീനിച്ച വ്യക്തികളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകളാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. അരങ്ങിൽ തിളങ്ങിനിന്നിരുന്ന പ്രതിഭാശാലികളായ കെ. ഭാസ്കരനെയും ബാബു അന്നൂരിനെയും ഓർമ്മിക്കുമ്പോൾ, മലയാളത്തിന്റെ വേദികളിൽ അവർ പകർന്നാടിയ വേഷങ്ങളുടെ സാംസ്കാരീക മൂല്യങ്ങളുടെ തിരുശേഷിപ്പുകൾ ഒന്നും തന്നെ പുതിയ തലമുറക്കായി ഇല്ലെന്നുള്ള ഖേദം, ലേഖകൻ വരികളിൽ വരച്ചിടുന്നുണ്ട്. 


അഹന്തയോ ആത്മ നിന്ദയോ ഇല്ലാതെ "സ്വപ്ന പ്രഭു" എന്ന് സ്വയം വിശേഷിപ്പിക്കുന്ന ലേഖകന് വായിച്ച പുസ്തകങ്ങളിൽ പലതും സ്വപ്നാനുഭവങ്ങളും കണ്ട സ്വപ്നങ്ങളിൽ ചിലത് പുസ്തകാനുഭവങ്ങളും ആണ്. വരും കാലങ്ങളിൽ ഒരു പുരാവസ്തു മൂല്യം മാത്രമുള്ള ഒന്നായി മാറിയേക്കാവുന്ന, കറ പുരളാത്ത ഒരു സംസ്കൃതിയുടെ അവശേഷിപ്പുകൾ മനസ്സുകളിൽ സൃഷ്ട്ടിച്ചിരുന്ന ,വാസുവേട്ടന്റെത് പോലുള്ള ചായപ്പീടികകളെ കുറിച്ചും സ്വത്വം വീണ്ടെടുക്കാൻ മറ്റു മാർഗ്ഗങ്ങളില്ലാത്ത, മരിച്ചു കൊണ്ടിരിയ്ക്കുന്ന , തലശ്ശേരി എന്ന നഗരത്തിലെ ജനപഥത്തെ കുറിച്ചുമുള്ള ആശങ്കകളോടെയാണ് , ജീവിതമെന്ന രണ്ടാം ഭാഗത്തിന് ലേഖകൻ വിരാമമിടുന്നത്‌.




ഓർമ്മ പർവ്വതത്തിൽ, വീണ്ടും, ചുറ്റിപ്പറക്കുന്ന ശലഭക്കൂട്ടങ്ങളായി മാർകേസും, കാതറീന വിഡ് മർഎന്ന സുന്ദരിയിലൂടെ കസാന്ദ് സാക്കീസും, ജീവിതത്തെയും മരണത്തെയും സ്നേഹത്തെയും കുറിച്ചുള്ള അറിവുകളുടെ സത്യവചനങ്ങൾ ഓതിക്കൊടുത്ത ചടയൻ ഗോവിന്ദനും , മലയാളിയുടെ പരമ്പരാഗതമായ മൂല്യബോധത്തിലും സദാചാര സങ്കല്പ്പങ്ങളിലും അത്രയേറെ അഴിച്ചുപണി നടത്തിയ , ആൺക്കോയ്മയുടെ ധർമ്മബോധത്തിനെതിരെ സ്നേഹ സങ്കല്പ്പങ്ങളെക്കൊണ്ട് പൊരുതിയ , മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയും, ഒരു ചേങ്ങിലയുടെ മുഴക്കത്തോടെ മനസ്സിൽ തെളിയുന്ന കടമ്മനിട്ടയും , മലയാളിയുടെ സ്വത്വപ്രതിനിധാനങ്ങളായ കാഴ്ചകൾക്കും കല്പനകൾക്കും സ്വപ്നതുല്യമായ ഗാനലോകം നല്കിയ പി ഭാസ്കരനും , ബാബുരാജും നിറയുന്നതിനോടൊപ്പം ആത്മഗന്ധങ്ങളും പെരുമഴക്കാലവും കൂട്ടിനെത്തുന്നുണ്ട്.


ഗന്ധങ്ങൾ ഓർമ്മകളുടെ പിൻവിളിയാണെന്നും ആത്മഗന്ധങ്ങൾ ചേർത്തുവെച്ചാൽ ആത്മകഥയായെന്നും നിരീക്ഷിയ്ക്കുന്ന ലേഖകൻ ജീവിതത്തിന്റെ ഗന്ധങ്ങളിലേയ്ക്ക് തിരിഞ്ഞു നോക്കുന്നത്, കാലത്തോടൊപ്പം ചോർന്നുപോകാത്ത തനിമ നിലനിർത്തിക്കൊണ്ടാണ്‌. വമനേച്ഛയുടെ വിദ്യുദ്‌പ്രവാഹമുണർത്തുന്ന കൊട്ടോപ്പട്ടിക്ക യുടെ രൂക്ഷ ഗന്ധം , ആനന്ദത്തിന്റെ വാതിൽ തുറക്കുന്ന അരിപ്പൂവിന്റെ ഗന്ധം, തീയിലുരുകുന്ന ചക്ക വെളഞ്ഞറിന്റെ ഗന്ധം, , അമൂർത്തമായ ആദ്യാനുരാഗത്തിന്റെ ഓര്മ ഉണർത്തുന്ന നന്ദ്യാർവട്ടത്ത്തിന്റെ പ്രണയ ഗന്ധം, പാപ ബോധമുണർത്തുന്ന കുമലുകളിലെ രേതസ്സിന്റെ ഗന്ധം, പാൽക്കഞ്ഞിയുടെയും പുഴുക്കിന്റെയും ബാല്യകാല ഗന്ധം, , ചീഞ്ഞ കളയുടെ കർക്കിടക ഗന്ധം, അച്ചിങ്ങയുടെ ജൈവ ഗന്ധം, കറിവേപ്പിന്റെ പൌരാണിക ഗന്ധം, കീഴാർനെല്ലിയുടെ മനം പുരട്ടിക്കുന്ന ഗന്ധം , അച്ഛന്റെ വിയർപ്പിലെ സ്നേഹത്തിന്റെ പച്ച ഗന്ധം , സ്ത്രീ ശരീരത്തിന്റെ പുതുധാന്യ ഗന്ധം, വാർദ്ധക്യത്തിന്റെ പൂത്ത ഗന്ധം. 

ഗന്ധങ്ങളിലെ ഈ അലിഞ്ഞു ചേരലിനൊടുവിൽ ലേഖകൻ സ്വയം ചോദിയ്ക്കുന്നു, "ഈ നൂറായിരം മണങ്ങളിൽഈ മണ്ണും പ്രകൃതിയും വിട്ടുപോകുമ്പോൾ ഏതാവും എന്റെ കൂടെ പോരിക.."! 




കാലം തെറ്റി, പെയ്യാതെ പോകുന്ന കാലവർഷക്കാലത്തിൽ മഴച്ചില്ലകളിൽചേക്കേറിയ തന്റെ വായനയുടെ ഓർമ്മകൾ പങ്കുവയ്ക്കുമ്പോഴും പെയ്യാത്ത മഴകളെ ജീവന്റെ പുസ്തകത്തിലെ നഷ്ടപ്പെട്ട താളുകളായി അടയാളപ്പെടുത്തുമ്പോഴും ഓരോ മഴയും ഓരോ മനുഷ്യനിലും പലതായി പെരുകുന്ന ജീവ ചൈതന്യമാണെന്നും ഒരേ മഴ ആരും നനയുന്നില്ലെന്നും ലേഖകൻ തിരിച്ചറിയുന്നു. ഇന്ന് കുറുക്കന്റെ കല്ല്യാണം പോലെ പെയ്തൊടുങ്ങുന്ന മഴ നോക്കിയിരിക്കുമ്പോൾ , നാല് വർഷവും പതിനൊന്നു മാസവും രണ്ടു ദിവസവും നിർത്താതെ നിന്ന് പെയ്ത ആ മഴ, മാർകേസിന്റെ, മക്കൊണ്ടോയിലെ ആ മഹാമാരി , ലേഖകനോടൊപ്പം , ഏതൊരുവായനക്കാരനും കൊതിച്ചു പോകും.





നാലാം ഖണ്ഡത്തിൽ, സിനിമയിലെ കലയും ജീവിതവും കണ്ടു വിസ്മയിക്കുന്ന ലേഖകനിലൂടെ ലോകചലച്ചിത്രരംഗത്തെ പ്രധാനപ്പെട്ട സംവിധായകരെയും രചനകളെയും പരിചയപ്പടുത്തുന്നതിലൂടെ ആന്ദ്രേ താര്‍ക്കോവ്‌സ്‌കി, ഗില്ലര്‍മോ ദെല്‍ തോറോ, ഋത്വിക് ഘട്ടക്, ഫ്‌ളോറിയന്‍ ഹെങ്കല്‍വോണ്‍ ഡോണര്‍സ്മാര്‍ക്ക്, ലൂയി ഫര്‍ണാന്റോ കാര്‍വാലോ തുടങ്ങി പ്രതിഭാധനരുടെ കലാവൈഭവ്യം നേരിട്ടനുഭവിക്കാനാവുന്നുണ്ട്. 




പുസ്തകം വായിച്ചു തീരുന്നതോടെ, അത്രമേൽ വായനയെ , കലയെ, സാഹിത്യത്തെ നെഞ്ചോട്‌ ചേർത്ത എൻ ശശിധരൻ എന്ന മഹദ് വ്യക്തിയുടെ , കപ്പൽച്ചേതം വന്ന നാവികനിൽ നിന്നും , വിട്ടുപോരാൻ കഴിയാതെ വായനക്കാരന്റെ മനസ്സും, പുസ്തകം നല്കുന്ന അറിവിന്റെ അപാരതയിൽ നങ്കൂരമിട്ടു കൊണ്ട് വ്യത്യസ്ത ചിന്തകളാൽ നിറഞ്ഞ പുതിയൊരു ലോകത്തെ കുറിച്ച് അതിശയത്തോടെ ഓർത്തുകൊണ്ടിരിയ്ക്കും..

2016, ഫെബ്രുവരി 29, തിങ്കളാഴ്‌ച

ശബ്ദമില്ലാത്ത വാക്കുകള്‍

എപ്പോഴാണ് നമുക്കിടയില്‍ മൗനം ഒരു മുള്‍ച്ചെടിയായി വളര്‍ന്ന് പന്തലിച്ചത്? ഹൃദയം പൂക്കുന്ന  മുള്‍ച്ചെടി.  ഓരോ മുള്ളിലും ഹൃദയാകൃതിയില്‍  വാക്കുകള്‍ തൂങ്ങുകയാണ്.. ഉണങ്ങിയ രക്തത്തിന്‍റെ നിറത്തില്‍, കറ പുരണ്ട അക്ഷരങ്ങളില്‍. എന്തിനായ് ജനിച്ചു എന്ന കരച്ചില്‍ ഒതുക്കിക്കൊണ്ട്‌   മുള്ളില്‍ കൊരുത്ത് പിടയുകയാണവ.

ഒരിക്കല്‍ ജീവാമൃതമായി നിറഞ്ഞുപെയ്ത  വാക്കുകള്‍ മരണം കൊതിച്ച് കേഴുകയാണിന്ന്.. ഉയര്‍ന്നു പൊങ്ങി മേഘമായി ഘനീഭവിക്കുവാനായെങ്കിലെന്ന്‍, പെയ്യാതെ പോയൊരു മഴയുടെ  ഗര്‍ഭത്തില്‍ ഒളിക്കുവാനായെങ്കിലെന്ന് ഗദ്ഗദപ്പെടുകയാണ്. 

ബന്ധിതമല്ലാത്ത  ചിറകുകള്‍ വിരിച്ച്, ആകാശത്തിലുയരങ്ങളില്‍ പറക്കാന്‍ കഴിവുണ്ടായിരുന്ന പറവകളായിരുന്നു അവ !!

ഓരോ രാത്രിയും ഓരോ പകലും ചിത്രച്ചിറകുകള്‍ വീശിപ്പറന്ന്   ഏഴു കടലുകളും ഏഴു സ്വര്‍ഗ്ഗങ്ങളും കടന്ന് മാന്ത്രികോദ്യാനത്തിലെ  വിശിഷ്ട കനി തേടി പോയിരുന്ന  പറവകള്‍!

നിനക്കക്കോര്‍മ്മയില്ലേ, സ്നേഹത്തിന്‍റെ രുചിയുള്ള വിശുദ്ധഫലം..? ഏതു വിശപ്പിനേയും അടക്കാനാവുന്ന മാന്ത്രികക്കനി.
ഒരു സര്‍പ്പത്തിനും അതിനടുത്തെത്താനായിരുന്നില്ല...അതിനെ വിഷം തീണ്ടിയിരുന്നില്ല, അത് പാപം പേറിയിരുന്നുമില്ല.
അത് നമുക്ക് വേണ്ടി ഉണ്ടായതാണ്.

നിനക്കും എനിക്കും വേണ്ടി മാത്രം!

നിനക്കറിയാമോ, വാക്കുകള്‍ക്ക് അര്‍ത്ഥവും ജീവനും ഉണ്ട്.  

ജീവിതകുടുക്കുകളില്‍, ചിലപ്പോള്‍ മരണക്കുടുക്കിലും   വാക്കുകള്‍ രക്ഷകന്‍റെ പുതപ്പുമായെത്തും.  കുടുക്കുകള്‍ നിഷ്പ്രയാസം അഴിഞ്ഞ് മടിയിലെ സാന്ത്വനമാവും. കഴുത്തില്‍ വരിഞ്ഞമര്‍ന്ന മുറിപ്പാടിലെ തലോടലാവും. കണ്‍പീലികളിലെ പരിഭവമാവും. കണ്‍പോളകളിലെ ചുംബനമാവും..  ചുണ്ടുകളാല്‍  മുത്തിയെടുക്കുന്ന നെറ്റിയിലെ വിയര്‍പ്പുതുള്ളികളാവും...

ഭാരമില്ലാത്ത  വാക്കുകള്‍! മുള്ളുകള്‍ക്ക് പകരം അന്നവയ്ക്ക് ചിറകുകളായിരുന്നു.!

എന്‍റെ   ഹൃദയത്തില്‍ പൂവിട്ടത് സ്നേഹസൗരഭ്യം പരത്തിയ നിര്‍മലസൂനങ്ങളായിരുന്നു. നീയവയെ തിരിച്ചറിഞ്ഞില്ലെന്നും അവ നിന്‍റെ കാലടിയില്‍ ഞെരിഞ്ഞ്‌ ചതഞ്ഞരഞ്ഞെന്നും  വിശ്വസിക്കുക പ്രയാസം!

നിനക്കറിയാമോ, വാക്കുകള്‍ക്ക് മരണമില്ല. അവയ്ക്ക്  ശബ്ദമില്ലാതെ കരയുവാനാകും.

നോക്കൂ... നിന്‍റെ  വാക്കുകള്‍.... നീല നിറമുള്ള  ഫലങ്ങളായി മുള്‍ച്ചെടിയില്‍  തൂങ്ങുകയാണവ.. വിഷഫലങ്ങള്‍! എന്നിട്ടും  അവയില്‍ ഇപ്പോഴും സ്നേഹബീജം തുടിക്കുന്നുണ്ടെന്ന് ഞാന്‍ അറിയുന്നുണ്ടല്ലോ...പക്ഷേ   അവയെ സ്പര്‍ശിക്കുവാന്‍  എനിക്ക് ഭയമാകുന്നു.

ആരാണ് അവയില്‍ വിഷം നിറച്ചത്?

നീതന്നെയോ?

എനിക്കിനി അത് അറിയേണ്ടതില്ല.

നമുക്കിടയില്‍ വളര്‍ന്ന ഈ മുള്‍ച്ചെടിപ്പടര്‍പ്പ് നോക്കി ഞാനിതേയിരിപ്പ് തുടങ്ങിയിട്ട് നേരമെത്രയായി!

നീ ഇത് കാണുന്നില്ലെന്നോ?

നിനക്കൊന്നും പറയുവാനില്ലെന്നോ?

ശരി. എനിക്ക് പോകുവാന്‍ നേരമാകുന്നു.

വാക്കുകള്‍...അവയെ എന്ത് ചെയ്യണം..?

മരണപ്പെടാതെ കുഴിച്ചു മൂടിയാല്‍ അവയ്ക്ക് ശ്വാസം മുട്ടുകയില്ലേ? ദാഹവും വിശപ്പും തോന്നുകയില്ലേ..?

വിഷവിമുക്തമാക്കുവാന്‍ കഴിയുമോയെന്ന് ഒരു അവസാനശ്രമമാവാം.
ഞാനവയെ മുള്‍ച്ചെടിയില്‍ നിന്നും മോചിപ്പിക്കട്ടെ...

ഒരാവര്‍ത്തികൂടി, ഹൃദയത്തോട് ചേര്‍ത്തു വെയ്ക്കട്ടെ.

ചുംബനങ്ങള്‍ കൊണ്ട് പുതുജീവനം നല്‍കട്ടെ.

ചന്തമുള്ള കിനാവുകള്‍ നിറയ്ക്കട്ടെ...

അവ മരിക്കാതിരിക്കട്ടെ.

പകരം ഞാന്‍ മരണം തേടി പോകുകയാണ്.

ശാപവാക്കുകള്‍ക്കായി തിരയുന്നില്ല

വിഷം പുരണ്ട വാക്കുകളോളം ശക്തി  ഒരു ശാപത്തിനുമില്ലല്ലോ..

ഒരു പുനര്‍ജ്ജന്മം പ്രതീക്ഷകളിലെങ്ങുമില്ല..
ജീവിച്ച് കൊതി തീരാത്തവരത്രേ പുനര്‍ജ്ജനിക്കുക!

നീ നല്കിയതെല്ലാം  ഞാന്‍ എന്നോടൊപ്പം എടുക്കുന്നു, ഒരു യാത്രയ്ക്കു വേണ്ടുന്നതെല്ലാം! കൂടെ നിന്നെയും....

നമ്മുടെ വാക്കുകള്‍ക്ക് മരണമില്ല.

അവ അനശ്വരമാണ്!

പരിപാവനമാണ്‌.

നമുക്ക് ശേഷവും അവയില്‍  ജീവന്‍ തുടിക്കട്ടെ..

അവ സ്നേഹം വര്‍ഷിക്കട്ടെ...

ആയിരം നക്ഷത്രങ്ങളായി തിളങ്ങട്ടെ..

കടയിളകി വീഴുന്ന ഈ  മുള്‍ച്ചെടിയോടൊപ്പം  ഞാനും അവസാനിക്കുകയാണ്.

മുള്ളുകള്‍ ഒന്നായി എന്നെ ചുറ്റിവരിയട്ടെ....

കാതുകള്‍ മൂടട്ടെ...കണ്ണുകള്‍ അടയട്ടെ...

വേദന ഞാന്‍ ഒറ്റയ്ക്ക് ഏറ്റു വാങ്ങട്ടെ...

ശ്വാസം നിലയ്ക്കും മുന്‍പ് , വാക്കുകളേ, ശബ്ദമുണ്ടാക്കാതെ നിങ്ങളെന്നെ മുറുകെ  പുണരുവിന്‍!

പകരം വയ്ക്കുകയാണ് ഞാനീ  ജീവന്‍....


ഇനിയാവാം നീണ്ട നിശബ്ദത.....

പടിയിറങ്ങിയ കോമരം




കാവിലെ വേലയാണ്! എത്രയോ വർഷങ്ങൾക്ക്ശേഷമുള്ള വരവാണ്. കണ്ണിനും മനസ്സിനുമൊക്കെ ആർത്തി. ഓർമകൾക്ക് ജീവൻ വെച്ച പോലെ.. അവിടെ അമ്പലപ്പറമ്പിൽ, ശങ്കൂന്റച്ഛൻ പുതിയ കുപ്പിവളകളും മാലേം ചാന്തും കൊണ്ട് വന്നു നിരത്തും.കോര്‍ക്കടപ്പുള്ള കുഴൽ പോലൊരു കുഞ്ഞു ചില്ല് കുപ്പിയിൽ ചോന്ന ചാന്തുണ്ടാവും. എന്തൊരു വാസനയാണ്!! നെറ്റിയിൽ തൊട്ടാൽ ഇളവെയിലിൽ തിളങ്ങും. പൊടിപൊടിയായി വിയർത്തു കലങ്ങും.. ഭാഗോതീടെ നിറമല്ലേ ചോപ്പ്..ഇന്ക്ക്യും അതെന്ന്യാ ഇഷ്ടം.

അപ്രത്തും ഇപ്രത്തും ബലൂണുകളുടെ മേളമാണ് . ഇൻയ്ക്ക് ഇഷ്ടം ചായപ്പൊട്ടുകൾ ചിതറിയ മടക്കു മടക്കായുള്ള നീളൻ ബലൂൺ ആണ്. അതിനെ ഒട്ടിപ്പിടിച്ച് ഹനുമാന്റെ വാലിനു പൂക്കെട്ടിട്ട പോലൊരു കുഞ്ഞുപടവലംബലൂണുംണ്ടാവും. ഉള്ളിലെ കടുകുമണികൾ കിരികിരികിരീ ന്നു ശബ്ദിച്ചോണ്ടിരിക്ക്യും . ശങ്കൂനു പീപ്പി ബലൂൺ ആണ് ഇഷ്ടം..

വള പാകണ്ടോന്നു നോക്കി മണ്ണിൽ മുട്ടുകുത്തി ഇരിക്ക്യുന്ന എന്റെ ചെവീലാണ് “പ്യാ പ്യാ” ന്നും പറഞ്ഞ് അവൻ പീപ്പി ഊതുക.. നിയ്ക്കങ്ങട് ദേഷ്യം പിടിയ്ക്കും.. ന്നാലും ശങ്കൂനോട് ദേഷ്യപ്പെട്ടാൽ അവന്റ അച്ഛൻ ഇന്ക്ക്യു വള തന്നില്ലെങ്കിലോ! ചെവി പൊട്ട്യാലും മേണ്ടില്ല്യ.. ഞാൻ സഹിച്ചിരിയ്ക്കും.

ഊതി ഊതി പീപ്പിബലൂൺ കേടാവും.. അവൻ “ഫൂ.. ഫൂ” ന്നു ഊതുമ്പോൾ “ത്ധൂ ത്ധൂ” ന്നു തുപ്പല് വരും പുറത്തേയ്ക്ക്. 

ഐസ് കാരൻ “പാലൈസ് പാലൈസ് “ ന്നും പറഞ്ഞ് “പോം പോം” അടിയ്ക്കും..വാങ്ങിച്ചു കഴിച്ചാൽ വയറു വേദനിച്ചു ചത്തുപൂവും. ഇന്ക്ക്യു വേണ്ട. അപ്രത്താണ് ചുടു കടലേം കപ്പലണ്ടീം. എല്ലാരടേം കണ്ണ് വെട്ടിച്ചു അവിടന്ന് കടല മേടിക്കാൻ പറ്റില്ല്യ. അശോകൻ ചേട്ടനോട് പറഞ്ഞാൽ വലിയൊരു കടലാസുകുമ്പിൾ കപ്പലണ്ടി കിട്ടും. 

“മണിക്കുട്ടി കഴിച്ചോട്ടോ” ന്നും പറഞ്ഞ് സ്നേഹം തൂവും ആ കണ്ണുകൾ. 

അരമണി കിലുക്കി കയ്യിലെ വാളും ചിലമ്പും “ഛിൽ..ഛിൽ..ഛിൽ” ന്നു കുലുക്കി കുലുക്കി വെളിച്ചപ്പാട് തുള്ളിതുള്ളി കലി കയറ്റുന്നു.

“എന്തിനാ ശ്രീയേട്ടാ വെളിച്ചപ്പാട് ഇങ്ങനെ നിക്കാതെ തുള്ളണേ “?

“വെളിച്ചപ്പാടിന് നിക്കാൻ പാടില്ല്യ , മണിക്കുട്ട്യേ ..ചാടിക്കൊണ്ടും തുള്ളിക്കൊണ്ടുമിരിക്കണം” . 

ശ്രീയേട്ടൻ എന്റെ കയ്യിൽ മുറുക്കിപ്പിടിച്ചോണ്ട് നിക്കും. വെളിച്ചപ്പാട് ന്റെ തലേല് വാളിന്റെ തല വെയ്ക്കും . "ഹു ഊഹുഹു ഊഹുഹു ഹു" ന്നും പറഞ്ഞ് ഉറഞ്ഞു തുള്ളീട്ടു പറയും ..

“ഭാഗോതീടെ ഉണ്ണ്യല്ലേ.. ഇഷ്ടംപോലെ ണ്ട് അനുഗ്രഹം. 
നോമിന്റേംഅനുഗ്രഹണ്ടാവും...നന്നായി വരട്ടെ ..”


വെളിച്ചപ്പാട് തുള്ളി വിയർക്കുമ്പോ ഞാൻ പേടിച്ചു വിയർക്കും... ശ്രീയേട്ടന്റെ പിടുത്തം മുറുകിവരും.

"മോളേ..."

തിരിഞ്ഞു നോക്കാതെ മനസ്സിലായി , ശ്രീയേട്ടന്റെ അമ്മ! 

ഓർമകളിൽ നിന്നും പുറത്ത് വന്നതപ്പോഴാണ്. 

“മോളെപ്പോഴാ വന്നത് ?”

“ഞാൻ ഇന്നലെ .."

“ ശ്രീയേട്ടൻ”?

“ഇവിടെ ഉണ്ടാവുമല്ലോ. ഇന്ന് വെളിച്ചപ്പാട് തുള്ളുന്നത് അവനാണ്..” 

ഉള്ളിൽ വെച്ചുപൂട്ടിയ ഇഷ്ടം കൊണ്ട് നടന്നതാണ് കുഞ്ഞുനാൾ മുതൽ..
വലുതായപ്പോഴും കണ്ണുകൾ കൊണ്ട് കഥപറഞ്ഞും മനസ്സുകൊണ്ട് അറിഞ്ഞും ആരുമറിയാതെ സ്നേഹിച്ചു.


അച്ഛന് മുന്നിൽ ധൈര്യം ചോരാതിരിയ്ക്കാൻ പാടുപെട്ടിട്ടാണ് ശ്രീയേട്ടൻ പറഞ്ഞു മുഴുവനാക്കിയത് .

"മണിക്കുട്ട്യെ എനിയ്ക്ക് കല്ല്യാണം കഴിച്ചു തരണം."

അച്ഛന്റെ മുഖം ചുവക്കുന്നതു കണ്ടിട്ടു അന്ന് തന്റെ കവിളുകൾ വിളറി വെളുത്തു..

രണ്ടാഴ്ച കൊണ്ടായിരുന്നു കല്ല്യാണം ..

ഒച്ച അടഞ്ഞ പിടയ്ക്കുന്ന ചങ്കിൽ ഒരു താലി കുത്തിത്തറഞ്ഞു നിന്നു. 
യാത്ര ചോദിക്കാൻ പോലും കണ്ടില്ല പിന്നെയാ കണ്ണുകൾ..


അവധിയ്ക്ക് നാട്ടിൽ ചെല്ലുമ്പോഴൊക്കെ ചോദിക്കാതെത്തന്നെ അമ്മ പറയും ,
“ശ്രീയ്ക്ക് ഒന്നും ശെര്യായി ല്ല്യ ഇതുവരെ ..” 
“ശ്രീയേെട്ടനൊരു കൂട്ട് വരണം അമ്മേ .. ന്നാലേ എനിയ്ക്ക്...”
കരിമഷി പടർന്ന കണ്ണിലേയ്ക്കു നോക്കി അമ്മ പറയും, 
“ഒക്കെ ശെര്യാവും കുട്ട്യേ.. ജീവിതം ന്നു പറഞ്ഞാൽ ഇങ്ങന്യൊക്ക്യാ” .

വേറൊരു നിവൃത്തിയും ഇല്ലായിരുന്നു അന്ന്. ഉള്ളിലെ ഭീരു എന്നെ ജയിച്ചു കാലം കഴിയ്ക്കുന്നു ഇപ്പോഴും . 
പൂപ്പറയും മലർപറയും കഴിച്ചു നിവരുമ്പോൾ നെറുകയിൽ വാള്..ഉറഞ്ഞുറഞ്ഞുതുള്ളുന്നു കോമരം .വാൾമുന നെറ്റിയിൽ കോറിയപ്പോഴും മിണ്ടാതെ കണ്ണടച്ച് നിന്നു..

രണ്ടു വിരലുകൾക്കിടയിൽ ഒരു നുള്ള് കുങ്കുമം! 

നെറ്റിയിൽ നിന്നു തുടങ്ങി അമർത്തി വരയ്ക്കുന്നു മുകളിലേയ്ക്ക്. സിന്ദൂര രേഖയും കടന്ന് നെറുകയിലെത്തിനിന്ന വിരലുകളിലെ വിറയൽ ഹൃദയ താളമായി പിടഞ്ഞു. 
ചാന്ത് നെറ്റിയിലൂടെ ഒലിച്ച് മൂക്കിൻ തുമ്പിലൂടെ ചുണ്ടിലൂടെ നെഞ്ചിൽ പടർന്നു . 


ഒരു അനുരാഗക്കാലം ചിലമ്പൊലിയോടെ കടന്നുപോയി. .

ഇരുട്ടിൽ വിയർപ്പിൽ അമർന്ന് ഒരു നിശ്വാസം ഉരുകിയില്ലാതായ ഉടലിൽ പതിക്കുന്നു. കുങ്കുമം പടരുന്നു...വസ്ത്രമില്ലാതെ ഭീരുത്വം മുറവിളി കൂട്ടുന്നത്‌ അരമണികളുടെ കിലുക്കത്തിൽ മുങ്ങിപ്പോകുന്നു. 
കോമരം അകന്നുപോകുന്നു.