2013, ഡിസംബർ 1, ഞായറാഴ്‌ച

കാത്തി... കാത്തിരുന്നു

“ആ ഓട്ടുരുളി കഴുകി തെക്കേ മുറിയിലെ കട്ടിലിനടിയിലേക്കു കമഴ്ത്തിക്കോളൂ കാത്ത്യേ.. വട്ടഭരണികള്‍ കയ്യാലയിലും. ഇരുട്ടും മുന്‍പേ അടുക്കളയുടെ ഓവുചാലൊന്ന് അടിച്ചു വൃത്തിയാക്കിയിട്ടോളൂ……………” 

മൂത്ത ആങ്ങളയുടെ ഭാര്യ ചന്ദ്രേടത്തീടെ കല്പന!

നീല നിറത്തിലുള്ള നീളന്‍ പാവാട കയറ്റികുത്തി, ഇടതുവശത്തേക്കൊന്നു ചെരിഞ്ഞ്, മുടന്തുള്ള വലതുകാല്‍ വലിച്ച് വച്ച് കാത്തി അടുക്കള വശത്തേക്ക് നടന്നു...... പച്ചമാങ്ങാ അച്ചാറിന്‍റെയും കാളന്‍റെയും പുളിയിഞ്ചീടെയും പായസത്തിന്‍റെയും സമ്മിശ്രമായ ഒരു ഗന്ധം മൂക്കില്‍ തുളച്ചുകയറി.

ഇളയ ആങ്ങളയുടെ കല്ല്യാണത്തിന്‍റെ ആഘോഷവും ബഹളവും കെട്ടടങ്ങി. തനിക്കുള്ള പണികള്‍ ഇനിയും ബാക്കി..സദ്യയുടെ അവശിഷ്ടങ്ങള്‍ അങ്ങിങ്ങായി ചിതറി കിടന്നതെല്ലാം വാരിക്കൂട്ടി തെങ്ങിന്‍റെ കടക്കലിട്ടു. സഹായത്തിന് ആളുണ്ടെങ്കിലും അവരുടെ കൂടെ നിന്നാലേ പറ്റു. ഞൊണ്ടുകാലും വലിച്ചു വച്ച് കാത്തി ആവുന്നത്ര പണികള്‍ തീര്‍ത്തു.

തെക്കേ മുറിയിലെത്തിയപ്പോള്‍, ചുമരില്‍ തൂക്കിയിട്ട കണ്ണാടി! അവള്‍ തന്‍റെ രൂപം നോക്കിനിന്നു.. അര ബ്ലൗസും നീളന്‍ പാവാടയും. ബ്ലൌസ് അവസാനിക്കുന്നിടത്ത് പാവാടയുടെ കെട്ടു മുറുകി കിടക്കുന്നു. മേല്‍മുണ്ടിടാറില്ല.

പ്രായം മുപ്പത്തിയേഴ് കഴിഞ്ഞു. ചടച്ചുണങ്ങിയ ദേഹത്ത് ഇതില്‍ കൂടുതല്‍ മറയ്ക്കാനായി ഒന്നുമില്ല. അല്ലെങ്കിലും ആരെങ്കിലും തന്നെ ഒന്ന് നോക്കിയിട്ട് വേണ്ടേ? ഒരാണിനെ ആകര്‍ഷിക്കാനുള്ള എന്തെങ്കിലും തന്നിലുണ്ടോ? ഈ ചട്ടുകാലിയെ ആര്‍ക്കു വേണം?

സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ തന്നെ എല്ലാവരും തരംതിരിച്ചു മാറ്റി നിര്‍ത്തിയിരുന്നു. ഓടാനും ചാടാനുമൊന്നും തനിക്കാവില്ലല്ലോ. ശരീര പുഷ്ടി ഇല്ലാത്ത തന്നെ അവര്‍ കളിയാക്കി ഉണക്കച്ചട്ടു എന്ന് വിളിക്കുന്നത്‌ കേള്‍ക്കുമ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞു പോകാറുണ്ട്.. അഞ്ചാം ക്ലാസ്സില്‍ നിര്‍ത്തിയതാണ് പഠിപ്പ്. പിന്നീടെന്നും വേലിക്കപ്പുറത്ത്‌ കൂടി കൂട്ടുകാര്‍ പോകുന്നതും നോക്കി നില്‍ക്കുമായിരുന്നു.

അവരെല്ലാം കല്ല്യാണം കഴിഞ്ഞ് ഓരോരോ സ്ഥലങ്ങളിലേക്ക് പോയി. കാത്തിയെ കൊണ്ട് പോകാന്‍ മാത്രം ആരുമെത്തിയില്ല. 

“നിനക്കും വരും കാത്തീ ഒരു ചെക്കന്‍” എന്ന് അമ്മ സമാധാനിപ്പിച്ചത് വെറുതേയായിരുന്നു.!

അവള്‍ ചായ്പ്പിന്‍റെ  വാതില്‍ ചാരിയിട്ടു.

മേല്‍ കഴുകി, വിളക്കണച്ച് കിടന്നത് ക്ഷീണത്തോടെയാണെങ്കിലും ഉറങ്ങാനായില്ല.. പുറത്ത് വവ്വാലുകള്‍ മാങ്ങ കരണ്ട് താഴേക്കിടുന്ന ശബ്ദം. പിന്നെ അവയുടെ ചിറകടിയും.

ഒരിക്കല്‍ താന്‍ കണ്ട സ്വപ്നത്തെക്കുറിച്ച് അവളോര്‍ത്തു.

സന്ധ്യ വിടപറഞ്ഞകന്ന നേരം, കുറേശ്ശെ ഇരുട്ടുണ്ട്. വടക്കേപ്പുറത്തെ അമ്മിത്തറയോട് ചേര്‍ന്ന് താന്‍ നില്‍ക്കുന്നു. തന്‍റെ കല്യാണമായിരുന്നു അന്ന്. നീണ്ട മുഖമുള്ള, കോലന്‍ മുടിയുള്ള ഒരു ചെറുപ്പക്കാരന്‍ തന്‍റെ കൈ കോര്‍ത്ത്‌ പിടിച്ചിട്ടുണ്ട്. താന്‍ അയാളെയും കൊണ്ട് മാവിന്‍ ചോട്ടിലേക്ക് നടക്കുന്നു... തന്‍റെ ചണ്ണക്കാലെവിടെ? അല്‍പ്പം കഴിഞ്ഞപ്പോള്‍ താന്‍ അയാളുടെ പിടി വിട്ടു ഓടിപ്പോയി ഊഞ്ഞാലില്‍ ഇരുന്നു...അടുക്കളയില്‍ പാത്രം വീണതിന്‍റെ ചിലമ്പല്‍ കേട്ട് അന്ന് ഞെട്ടി ഉണര്‍ന്നപ്പോള്‍ ഊഞ്ഞാലുമില്ല, ചെറുപ്പക്കാരനുമില്ല. എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മനസ്സിലായി, ചട്ടുകാല്‍ അവിടെത്തന്നെയുണ്ട്‌.

ആ സുമുഖനെ ഒന്നുകൂടി കാണാന്‍ കഴിഞ്ഞെങ്കില്‍..!

മുഖം , ഇപ്പോഴും മനസ്സിലുണ്ട്.

വരുമോ? ഒരിക്കലെങ്കിലും വരുമോ? വന്നാല്‍ എന്താവും അയാള്‍ക്ക്‌ തന്നോട് പറയാനുണ്ടാവുക?

കാത്തി തിരിഞ്ഞു കിടന്നു. അവള്‍ക്കുറങ്ങാനായില്ല. മുറ്റത്തെ മാവില്‍ കടവാവലുകള്‍ അവളുടെ മധുരസ്വപ്‌നങ്ങള്‍ തകര്‍ത്തുകൊണ്ട് തലങ്ങും വിലങ്ങും പറന്നു.

ഓട്ടു മൊന്തയിലെ വെള്ളം ഒരിറക്ക് കുടിച്ച് അവള്‍ വീണ്ടും കിടന്നു.

പ്രഭാതങ്ങള്‍, പ്രദോഷങ്ങള്‍! ദിനരാത്രങ്ങളിലൂടെ , ഋതുഭേദങ്ങളിലൂടെ കാലം ഞൊണ്ടിയും വലിഞ്ഞും ഒരു മുടന്തിയെ പോലെ നീങ്ങി ..

പ്രായമേറുന്തോറും ഉറക്കവും ഒളിച്ചു കളി തുടങ്ങിയിരിക്കുന്നു..

"ചിറ്റമ്മേ....

എന്തോര്‍ത്തു കിടക്കുകയാണ്? ഉറങ്ങുന്നില്ലേ? "

ആങ്ങളയുടെ മകളാണ്, ലച്ചു. ....കല്യാണ നിശ്ചയം കഴിഞ്ഞ പെണ്ണ്.

കുട്ട്യോള് വളര്‍ന്നതോ, തനിക്ക് വയസ്സായതോ ഒന്നും അറിഞ്ഞില്ല.. തൊടിയും തൊഴുത്തും അകത്തളവുമായി ജീവിതം കഴിഞ്ഞു പോയത് എത്ര വേഗം! തന്‍റെ ഷഷ്ടിപൂര്‍ത്തി കഴിഞ്ഞു.ആങ്ങളമാരുടെ മക്കള്‍ക്ക്‌ പ്രായപൂര്‍ത്തിയും ആയി.

കാത്തി കണ്ണുകള്‍ പൂട്ടി.

തക്കുടു എന്ന ചാത്തന്‍ കോഴി നാലഞ്ചു തവണ കൂവിയപ്പോള്‍ തട്ടിപ്പിടഞ്ഞു എഴുന്നേറ്റു. തന്‍റെ ജീവിതത്തിന്‍റെ  മുക്കാല്‍ ഭാഗവും എരിഞ്ഞു തീരുന്നത്, ആ അടുപ്പിനരികിലാണല്ലോ എന്നോര്‍ത്ത്കൊണ്ട് അവള്‍ അടുക്കളയിലേക്ക് നടന്നു.

പലഹാരമുണ്ടാക്കി അടച്ചു വച്ച് കുളത്തില്‍ പോയി കുളിയും തേവാരവും കഴിഞ്ഞു വന്നപ്പോള്‍ മണി പത്തര. അവള്‍ ഉമ്മറക്കോലായില്‍ ചെന്നിരുന്നു, മുറുക്കാന്‍ ചെല്ലമെടുത്തു.

കിഴക്കേതിലെ വല്യമ്മയാണ് മുറുക്കാന്‍ പഠിപ്പിച്ചത്. വര്‍ഷങ്ങളായി ഈ പതിവ് തുടങ്ങീട്ട്. നല്ല വെളുത്ത പല്ലുകളായിരുന്നു, മൂന്നാലെണ്ണം കേടുവന്നു പോയി, ബാക്കിയുള്ളത് ചുവന്ന കറ പിടിച്ച് വൃത്തികേടായിരിക്കുന്നു. അതുകാരണം വായ്‌ തുറന്നു ചിരിക്കാന്‍ മടിയാണ്.

വേലിപ്പടി കടന്ന് ആരോ വരുന്നു, കണ്ണ് പിടിക്കുന്നില്ല.ഒരു കൈകൊണ്ടു കണ്ണിനു മറ പിടിച്ച് കാത്തി ചെരിഞ്ഞ് നോക്കി..

കല്യാണത്തിന്‍റെ ഇടനിലക്കാരിയാണ്.

“കല്ല്യാണം അടുത്തല്ലോ, ഒരുക്കങ്ങളൊക്കെ ആയില്ലേ?” ഒരു ചെവിയുടെ അടുത്ത് നിന്നും തുടങ്ങി മറ്റേ ചെവിയില്‍ അവസാനിക്കുന്ന വഞ്ചി പോലെ വളഞ്ഞ തന്‍റെ ചുണ്ടുകള്‍ മലര്‍ത്തി അവര്‍ ചിരിച്ചു.

“പൊന്നും പണോം പറഞ്ഞത്രയും ഒപ്പിച്ചില്ലേ?” അവര്‍ പുരികമുയര്‍ത്തി.

“ഉവ്വ്, ആങ്ങള കാര്യങ്ങള്‍ക്കായി ഓടിനടക്കുന്നുണ്ട്”. കാത്തി ബോധ്യപ്പെടുത്തി.

അവരും മുറുക്കാനെടുത്തു ചുരുട്ടി വായില്‍ വച്ചു.

“നൂറുകൂട്ടം പണികള്‍ ബാക്കിയാണ്, ഞാനങ്ങട് ചെല്ലട്ടെ”. കാത്തി കയ്യാലപ്പുരയിലേക്ക് നടന്നു.

നെല്ല് പുഴുങ്ങണം, അരി പൊടിച്ച് വറുക്കണം, മുളകും മല്ലിയും ഉണക്കിപ്പൊടിക്കണം, തൊട്ടു തൊട്ടു പണികളുടെ പൂരമാണിനി തനിക്ക്. ലച്ചൂന്‍റെ കല്ല്യാണം കഴിഞ്ഞാലും പണി തന്നെ! കുഴക്കലും മറിക്കലും വറുക്കലും, പൊരിക്കലും, ഒഴിഞ്ഞ നേരം കാണില്ല, വിരുന്നു കഴിയുവോളം.

കീറിത്തുടങ്ങിയ വലിയ പനമ്പ് കളത്തില്‍ വിരിച്ച്, മുളകും മല്ലിയും ഉണക്കാനിട്ടു.

മുറ്റത്ത്‌ കൂട്ടിയ വലിയ അടുപ്പില്‍ വിസ്താരമുള്ള ചെമ്പിന്‍റെ വട്ടയ കയറ്റി വച്ചു. പത്തിരുപതു കുടം വെള്ളം കോരി നിറച്ച് പറകുട്ടയില്‍ നെല്ല് അളന്നിട്ടു. ഓലക്കുടി കത്തിച്ചു തീ കൂട്ടി, വിറകു കത്തിച്ചു. കണ്ണിലേക്കടിച്ച പുക മുറം കൊണ്ട് വീശിമാറ്റി.

ആവി കയറാന്‍ തുടങ്ങിയപ്പോള്‍ പഴയ ചാക്ക് നനച്ചു നെല്ലിനു മുകളില്‍ വിരിച്ച് മൂടിയിട്ടു.

അടുപ്പിനരികില്‍ നിന്നു മാറാതെ വിറകിനൊപ്പം നിന്നു പുകഞ്ഞാലെ നെല്ല് പുഴുങ്ങികിട്ടുള്ളൂ. അവള്‍ വലിയ വിറകു മുട്ടികള്‍ അടുപ്പിലേക്ക് തള്ളി വച്ചു.

നേരം ഇരുട്ടിയതറിഞ്ഞില്ല.

ബാക്കിയായ പണികള്‍ തീര്‍ത്തു കഞ്ഞി കോരി കുടിച്ച് വന്നു കിടക്കുമ്പോള്‍ കാത്തി വീണ്ടും വെറുതേ ഓര്‍ത്തു ആ സുമുഖനായ ചെറുപ്പക്കാരനെ..അയാള്‍ക്കും ഇപ്പൊ തന്നെപോലെ വയസ്സൊരു പാടായിക്കാണില്ലേ?

ഇനി വരില്ല..വരികയും വേണ്ട...

പുറത്ത് കാടന്‍ പൂച്ചകള്‍ കടിപിടി കൂടുന്നു. ചക്കിപ്പൂച്ച വിറകുപുരയില്‍ ഒളിച്ചു കാണും. സ്വൈര്യം കൊടുക്കില്ല അതിന്!

പിറ്റേന്നേക്കുള്ള പണികള്‍ എന്തൊക്കെയെന്ന് ഒന്നുകൂടി തിട്ടപ്പെടുത്തി, പ്രാര്‍ത്ഥനയോടെ പാതി ഉറക്കത്തിലേക്കു വീഴും മുന്‍പ് അല്‍പ്പം ദൂരെ, തീവണ്ടിപ്പാതയിലൂടെ, ഒരു ചരക്കുവണ്ടി ശബ്ദമുണ്ടാക്കികൊണ്ട് പാഞ്ഞുപോയി. വിജനവീഥികളിലൂടെ ഇരുട്ടിനെ വകഞ്ഞ് ഒറ്റയ്ക്ക് കുതിക്കുന്ന ആ തീവണ്ടിയും തന്‍റെ സ്വപ്നങ്ങളും ഒരു പോലെയല്ലേ...

അല്ല...അതിനൊരു ലക്ഷ്യമുണ്ട്..തനിക്കോ?

2013, നവംബർ 16, ശനിയാഴ്‌ച

എന്‍റെ നാടോടി



ദൂരെ, മഞ്ഞു മലകള്‍ക്കിടയില്‍ നിന്നുമാണ് അവന്‍ വന്നത്. 

മുഖത്തും മുടിയിലും മഞ്ഞിന്‍ കണങ്ങള്‍ പൊടിഞ്ഞു പറ്റിയിരുന്നു.

ചുണ്ടില്‍ വിരിഞ്ഞ നേര്‍ത്ത പുഞ്ചിരിയുടെ തിളക്കം, ഒരു മഴവില്ല് പോലെ ആ ചെറിയ കണ്ണുകളില്‍ പ്രതിഫലിച്ചുനിന്നു. ഒരു സൂര്യരശ്മിയായി  എന്‍റെ കണ്ണുകളെ തുളച്ച്, ഹൃദയവും കടന്ന്, അവന്‍ എന്‍റെ ആത്മാവിനെ തഴുകി.

“ഒരുപാടു നാളുകളായി ഞാന്‍ കാത്തിരുന്നത് ഇവനെത്തന്നെയല്ലേ...” എന്‍റെ ഹൃദയം പിടഞ്ഞു. 

എന്നിട്ടും മനസ്സില്‍ ഒരു മറുചോദ്യം ഉണര്‍ന്നു. 

“പക്ഷേ ആരാണ് നീ..”? 

അവന്‍റെ തീക്ഷ്ണമായ നോട്ടത്തില്‍ ആ ചോദ്യം എന്‍റെ മനസ്സില്‍ കുരുങ്ങി.... 

ചിരപരിചിതരെന്ന പോലെ അവന്‍ സംസാരിച്ചു തുടങ്ങി.... 

അവന്‍ പറഞ്ഞത്, 

ശരത്കാലത്തില്‍ ഇലകള്‍ പൊഴിഞ്ഞുതീര്‍ന്ന് പ്രേതാത്മാക്കളെ പോലെ തലയുയര്‍ത്തിനിന്ന പടുവൃക്ഷങ്ങളെ കുറിച്ച്..

അവയില്‍ ചിലത് കടപുഴകി വീണതിനെ കുറിച്ച്.. 

അവയുടെ വേരുകളില്‍ ഇരുന്ന് കൂട്ടുകാര്‍ക്കൊപ്പം ലഹരി നുകര്‍ന്നതി നെക്കുറിച്ച്.. 

മരം കോച്ചുന്ന തണുപ്പില്‍, അസ്ഥികള്‍ നുറുങ്ങിയതിനെക്കുറിച്ച്..

അവന്‍ പറയുന്നത് ഞാന്‍ കേട്ടുകൊണ്ടിരുന്നു. 

“നിന്‍റെ കണ്ണുകള്‍ ആ ഹൃദയത്തിലേക്കുള്ള കവാടങ്ങളാണ്‌. എത്രയോ കാലങ്ങളായി എനിക്ക് നിന്നെ അറിയാമായിരുന്നു! ഇക്കാലമത്രയും ഞാന്‍ നിന്നെ തിരയുകയായിരുന്നു.” അവന്‍ അവകാശപ്പെട്ടു. 

“നിനക്കൊന്നും അറിയില്ല..അഥവാ നീ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല..” ഞാന്‍ തര്‍ക്കിച്ചു. 

“നീ നുണകള്‍ പറയുന്നു, എനിക്കറിയാവുന്ന പലതും നീ ഒളിക്കാന്‍ ശ്രമിക്കുന്നു..” അവന്‍റെ വാക്കുകളില്‍ ഈര്‍ഷ്യ നിറഞ്ഞു. 

“ഇല്ല..നിന്നില്‍ നിന്നും ഒളിപ്പിക്കാന്‍ എനിക്കൊന്നുമില്ല...നീയെന്‍റെ കണ്ണുകളില്‍ കാണുന്നത് എന്‍റെ നഷ്ടങ്ങളുടെ ദുഃഖഛായ. അവയ്ക്കൊളിക്കാനിടം വേണ്ട.. അവ എന്നോ എന്നില്‍നിന്നും അകന്നു പോയിക്കഴിഞ്ഞു!” ഞാനൊരു വിലാപം പോലെ പറഞ്ഞു. 

അവനതു കേട്ടതുപോലുമില്ല. 

“എന്തൊരു നിഷേധി!” ഞാന്‍ കോപം അടക്കി. 

വന്നതുപോലെ ഒന്നും പറയാതെ അവന്‍ പോയി. 

അവന്‍ എന്തിനാണ് വന്നതെന്നോ, എന്താണ് പറഞ്ഞതെന്നോ മനസ്സിലാവാതെ ഞാന്‍ സ്തംഭിച്ചിരുന്നു. 

അവന്‍റെ ഓര്‍മ്മകള്‍ നിരന്തരം എന്‍റെ ഉറക്കം കെടുത്തി. 

ഹേമന്തത്തില്‍ അവനെ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ ചോദിച്ചു, 

“നീയെന്തിനാണ്‌ എന്നെ ഉപേക്ഷിച്ചു പോയത്?” 

മറുപടി പറയാതെ, തീരം തേടുന്ന തിരയെപ്പോലെ നുരയും പതയുമായി അവന്‍ എന്‍റെ പാദങ്ങളില്‍ വന്നു പതിച്ചു. എന്‍റെ കാല്‍കീഴിലെ പൂഴി മണല്‍ ഒലിച്ചുപോയി. കാലുകള്‍ തെന്നിയിടറി . 

വീണു പോകുമോ എന്ന് ഭയന്നു നിന്ന എന്നെ അവന്‍ കരുത്തുള്ള കൈകളില്‍ താങ്ങി. 

അവന്‍ വീണ്ടും പറഞ്ഞു തുടങ്ങി... 

നദികളില്‍ തണുത്തുറഞ്ഞ വെള്ളത്തെക്കുറിച്ച്... 

വായിച്ച പുസ്തകങ്ങളെ കുറിച്ച്..

കഥകളില്‍ അവന്‍ കണ്ട മനോരാജ്യത്തെ കുറിച്ച്...

അവന്‍ ഏറെ ഇഷ്ടപ്പെടുന്ന ഏകാന്തതയെക്കുറിച്ച്‌... 

തണുപ്പില്‍, ഏകാന്തതയില്‍ എന്നെ തേടിയതിനെ കുറിച്ച്... 

കേട്ട് കൊതിതീരാതെ ഞാനിരുന്നു. 

ഒരു അദൃശ്യശക്തി എന്നെ അവനിലേക്ക്‌ വലിച്ചടുപ്പിച്ചു. 

അവനെ മനസ്സിലാക്കാന്‍ ഞാന്‍ ഒരുപാട് പ്രയാസപ്പെട്ടു. 

അച്ചടക്കമുള്ള ഒരു നാടോടി..അതായിരുന്നു അവന്‍! 

അവന്‍റെ സ്നേഹത്തിന്‍റെയും ദുഖത്തിന്റെയും ആഴം ഞാന്‍ ഒരുപോലെ അറിഞ്ഞു. 

എനിക്കവനില്‍ നിന്നും അടര്‍ന്നു മാറാനായില്ല. 

അവനോടു സംസാരിക്കാന്‍ ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു. 

“എന്‍റെ ആരാമത്തിലെ പൂക്കളെ നീ കണ്ടിട്ടുണ്ടോ?” ഞാന്‍ ഒരിക്കല്‍ ചോദിച്ചു. 

“ഓരോ പൂക്കള്‍ക്കും ഓരോ അഴകാണ്. 

വളരെ നേര്‍മയുള്ള ,വിശേഷ സുഗന്ധമുള്ള മഞ്ഞ കോളാമ്പി, എന്‍റെ ബാല്യത്തെ ഓര്‍മ്മപ്പെടുത്തുന്നു... 

പല വര്‍ണങ്ങളില്‍ പൂക്കുന്ന കാശിത്തുമ്പയില്‍ ഞാന്‍ ഓണക്കാലം കാണുന്നു.. 

ബോഗയിന്‍വില്ല പൂക്കളില്‍ പതിയിരിക്കുന്നത്‌ കന്യാസ്ത്രീ  മഠത്തിന്‍റെ മതില്‍ക്കെട്ടും, ചൂരലിന്‍റെ  വേദനയും! 
നീ ഉഷമലരി കണ്ടിട്ടുണ്ടോ? എന്‍റെ ഉദ്യാനത്തില്‍ അവ പല നിറങ്ങളില്‍ പൂക്കുന്നു."

 ആവേശത്തില്‍ എന്‍റെ ശ്വാസത്തിന് വേഗം കൂടി. 

"അസുഖകരമായ ഗന്ധമുള്ള ഉഷമലരികളില്‍ തെളിയുന്നത് എന്താണെന്ന് നിനക്കറിയാമോ? സ്മശാനത്തിലേക്കുള്ള പാതകള്‍! എനിക്കവയെ ഇഷ്ടമാണ്. 

വന്യമായി പൂത്തു നില്‍ക്കുന്ന അരളിച്ചെടികളില്‍ എന്‍റെ അമ്മ ഉറങ്ങുന്നു... 

ഞാന്‍ വളര്‍ന്ന എന്‍റെ വീട്ടില്‍, മതിലിനരികില്‍ അമ്മ ശ്രദ്ധയോടെ നട്ടുനനച്ചു വളര്‍ത്തിയ അരളിചെടിയില്‍ ഇളം റോസ് നിറത്തിലുള്ള പൂക്കള്‍ ഇടതിങ്ങി വിരിഞ്ഞിരുന്നു.. 

മണ്ണും നനവും പോരാതെ , ഒരു വേനലില്‍, ഒറ്റപ്പെട്ടു നിന്ന ആ അരളി കരിഞ്ഞുണങ്ങി. എന്‍റെ അമ്മ വേദനിച്ചിരിക്കണം... 

അതാണ്‌ ഞാന്‍ എന്‍റെ ആരാമത്തില്‍ ഒന്നിനു പകരം ഒരു കൂട്ടം അരളികള്‍ നട്ടത്. അരളിപ്പൂക്കള്‍ പറിച്ച്, ഞാന്‍ സ്വര്‍ഗ്ഗവാതില്‍ക്കല്‍ വയ്ക്കുന്നു. എന്‍റെ അമ്മക്കായി...... 

മോര്‍ണിംഗ് സ്റ്റാര്‍... പ്രഭാതത്തില്‍ വിരിയുന്ന കൊച്ചു നീല നക്ഷത്രപൂക്കള്‍! അവയിലെ തേന്‍ നുകരുന്ന തേനീച്ചകള്‍ കൂടൊരുക്കിയിരിക്കുന്നത് എന്‍റെ നന്ദ്യാര്‍വട്ട ചെടിയിലാണ്. 

ഇനിയുമുണ്ട്, ഒരുപാട് പൂക്കള്‍... 

ഒരു വസന്തത്തില്‍, നീ വരുമെങ്കില്‍ എന്‍റെ ആരാമത്തില്‍ നമുക്കൊരുമിച്ചിരിക്കാം.

പൂക്കളുടെ സൗന്ദര്യവും,സൗരഭ്യവും ആസ്വദിക്കാം...രാത്രിയേറെ ചെല്ലും വരെ നമുക്ക് സംസാരിച്ചിരിക്കാം, പുലരിയില്‍ നമുക്കുറങ്ങാം....” 

ഒരു വിരാമമിട്ടുകൊണ്ട് ഞാന്‍ അവനെ നോക്കി. 

എന്‍റെ നിര്‍ത്താതെയുള്ള സംസാരം എനിക്കും അവനുമിടയിലുള്ള അന്തരം വര്‍ദ്ധിപ്പിച്ചുവോ? എന്‍റെ ഇഷ്ടങ്ങള്‍ അവന്‍റെയും ഇഷ്ടങ്ങളായിരുന്നില്ലേ? 

അവന്‍ എന്‍റെ കണ്ണുകളിലൂടെ വീണ്ടും എന്‍റെ ആത്മാവിനെ ആഴങ്ങളില്‍ തിരയുകയായിരുന്നു.

എന്നെ ഒരു നടുക്കത്തിലേക്ക് തള്ളിയിട്ടുകൊണ്ട് അവന്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു, 

“ഇല്ല... നിനക്ക് എന്നെ കാണാന്‍ ഇനിയും കഴിഞ്ഞിട്ടില്ല...” 

എന്‍റെ ഹൃദയത്തില്‍നിന്ന്‌ ഇറ്റുവീണ ചോരത്തുള്ളികളില്‍ ഞാന്‍ നിന്നെ തിരഞ്ഞു.. 

നിന്നെ ഞാന്‍ അവിടെ കണ്ടില്ല... 

നിനക്കെന്നെ അറിയില്ല...എനിക്ക് നിന്നെ അറിയുംപോലെ... 

എന്‍റെ ഏകാന്തതയില്‍, വന്യമായ ചിന്തകളില്‍, ഭ്രാന്തന്‍ സ്വപ്നങ്ങളില്‍ ഞാന്‍ ഒരു ഒറ്റയാനായി മേയാം.  എന്നെ ഉള്‍ക്കൊള്ളാന്‍ നിനക്കാവില്ല. "

എന്‍റെ പകപ്പ് കണ്ടിട്ടെന്നോണം അവന്‍ തുടര്‍ന്ന് പറഞ്ഞു, 

“നിനക്ക് ഭയമാണ്. നിന്‍റെ ഭയം നിന്നെ എന്നില്‍ നിന്നും അകറ്റുന്നു. 

ആദ്യമായും, അവസാനമായും ഞാന്‍ സ്നേഹിച്ചത് നിന്നെയാണ്.! 

എന്നോടോപ്പമേ ആ സ്നേഹത്തിന് ഇനി അവസാനമുള്ളൂ. 

ഞാന്‍ കൊതിച്ചത്...., 

നിന്‍റെ കൈകള്‍ കോര്‍ത്ത്‌ പിടിച്ച്, നിന്‍റെ കണ്ണുകളിലേക്ക് നോക്കി സമയം മറന്നിരിക്കാന്‍! 

ഒരിക്കല്‍ മാത്രം ഒന്ന് പുണരാന്‍...! 

എങ്കില്‍ എന്‍റെ ഈ ജന്മം സഫലമാകുമായിരുന്നു.... 

ഇനി ഞാനിവിടെ നില്‍ക്കുന്നില്ല... 

മഞ്ഞായോ, മഴയായോ, കാറ്റായോ, ഞാന്‍ നിന്നെ തേടി വരില്ല...” 

അവന്‍ മഞ്ഞുമലകള്‍ക്കിടയിലേക്ക് പൊടുന്നനെ അപ്രത്യക്ഷനായി. 

എന്‍റെ ഇടം നെഞ്ച് പൊട്ടി തകര്‍ന്നു..... 

അവിടെ ചിതറിയ എന്‍റെ ചുടുരക്തത്തില്‍ അവന്‍, എന്‍റെ നാടോടി, അവന്‍റെ ആത്മാവിനെ കണ്ടുകാണുമോ...?

2013, നവംബർ 8, വെള്ളിയാഴ്‌ച

ഭാഗ്യം

ഭാഗ്യം! ഇരുപത്തിയേഴു വയസ്സുവരെ ഒരു ചെറ്റക്കുടിലിന്‍റെ ഓലമറക്കുള്ളിലെ നിശ്വാസങ്ങളില്‍ ഉരുകിയവള്‍!

മുറ്റമടിച്ചും പാത്രം കഴുകിയും തുണിയലക്കിയും അടുപ്പൂതിയും യൗവ്വനം ക്ലാവു പിടിക്കാന്‍ തുടങ്ങിയപ്പോള്‍ കണ്ണില്‍, ആശയുടെ ഒരു പൊന്‍തിരി കെടാതെ കത്തിച്ചു വച്ചവള്‍.!

ചത്ത മീനിന്‍റെ കണ്ണുകള്‍ പോലെ നിര്‍ജ്ജീവമായിരുന്നു, ഞാന്‍ കാണുമ്പോള്‍ ആ മിഴികള്‍. നൊമ്പരത്തിന്‍റെ നീര്‍മുത്തുകള്‍ അവയില്‍ ഉറഞ്ഞു കിടന്നിരുന്നു. അവളുടെ ഉള്ളില്‍ ബാക്കിയായ ജീവനില്‍നിന്നും ഒരു കഥയുടെ നാമ്പ് തല നീട്ടി.

വയസ്സനായ ഒരു ദല്ലാളാണ് അന്നവള്‍ക്ക് ആ ആലോചന കൊണ്ട് ചെന്നത്.

പേര് പുരുഷന്‍. നാള് പൂരോരുട്ടാതി. പൂരോരുട്ടാതി പിറന്ന പുരുഷന്‍ ഉത്തമത്തില്‍ ഉത്തമനെന്നു ദല്ലാള്‍. പക്ഷേ ആ ഉത്തമനൊരു വാലുണ്ട്, രണ്ടാംകെട്ടെന്ന ചെറിയ വാലല്ല, കുടിയനെന്ന വലിയ വാല്!

കവടി കോപ്പയില്‍ കട്ടന്‍ കാപ്പിയുമായി അയാളുടെ മുന്നില്‍ ചെന്ന് നിന്നപ്പോള്‍, മെടഞ്ഞെടുത്തു മേഞ്ഞ ഓലമറയുടെ വിടവിലൂടെ വന്ന ഇത്തിരി വെളിച്ചത്തില്‍, അവള്‍ ഇടം കണ്ണിട്ടു നോക്കിക്കണ്ടു, ചരങ്ങു വന്ന് പൊറുത്തപോലെ കുഴികളും കലകളുമുള്ള പരുപരുത്ത മുഖം..ചുവന്നു കലങ്ങിയ വട്ട കണ്ണുകള്‍.

ഉദിച്ചുയരും മുന്‍പേ തന്‍റെ മോഹങ്ങള്‍ അസ്തമിക്കുന്നുവോ?

താന്‍ എന്തിനെ വെറുത്തുവോ അതുതന്നെ തന്നെത്തേടി വന്നിരിക്കുന്നു!

“ഇച്ചിരി കള്ളു കുടിച്ചാലെന്താ..? നാല് കാശു സമ്പാദിച്ചിട്ടല്ലേ!”

ദല്ലാള്‍ പിന്നാമ്പുറത്ത് വന്ന് ന്യായം പറഞ്ഞു.

“വന്ന സൗഭാഗ്യം തട്ടി കളയാതെ പെണ്ണേ...” അന്യായമായ വേവലാതി അമ്മക്ക്!

പുരുഷന്‍ എന്ന ആ മനുഷ്യനു മുന്നില്‍ അങ്ങിനെയാണ് ഭാഗ്യം താലികെട്ടാനായി കഴുത്ത് നീട്ടി നിന്നത്.

കല്യാണ പെട്ടിയിലെ പുടവകളും മറ്റും കണ്ട് അവള്‍ അന്ധാളിച്ചിരുന്നു.

ഗള്‍ഫീന്നു കൊണ്ട് വന്ന സാരികളായിരുന്നു അധികവും. ഒരു പിടിയില്‍ ഒതുങ്ങുന്ന കനം കുറഞ്ഞ സാരികള്‍.

മൂന്ന് പട്ടുസാരികളും.!. കല്ല്യാണപ്പുടവക്ക് കടും നിറമായതിനാല്‍ തന്‍റെ ഇരുണ്ടമേനിക്കത് ചേരുന്നില്ലെന്നവള്‍ക്ക് തോന്നി. എന്നാലും ഇത്രയും വില പിടിച്ച കല്ല്യാണപ്പുടവ ഒന്ന് തൊടാന്‍ പോലും സാധിക്കുമെന്ന് വിചാരിച്ചിരുന്നതല്ലല്ലോ.

അതുവരെ ചീട്ടിതുണി കൊണ്ടുള്ള രണ്ടു ജോഡി പാവാടയും ബ്ലൗസും നനച്ചും ഉണക്കിയുമാണ് ഭാഗ്യം ധരിച്ചിരുന്നത്. യാതൊരു മെരുക്കവുമില്ലാത്ത ആ തുണിയിലുരസി ദേഹത്തെ തൊലി പൊട്ടാറുണ്ട്.

മിനുസമുള്ള സാരികള്‍ ഉടുക്കാന്‍ എന്ത് സുഖമായിരിക്കും! സാരിയില്‍ വിരലോടിച്ചുകൊണ്ട് അവളോര്‍ത്തു.

എല്ലാം ആ പാവം ഭ്രാന്തിപ്പെണ്ണ് വച്ചു നീട്ടിയതാണ്.

പെട്ടിയിലെ പുടവകളെല്ലാം ഭ്രാന്തിപെണ്ണിനായി വാങ്ങിയതായിരുന്നു. അതിലെ കല്ല്യാണപ്പുടവ, അന്നൊരിക്കല്‍ അവള്‍ അണിഞ്ഞതുമാണ്.

ഗള്‍ഫില്‍ നിന്നും അവധിക്കു വന്ന പുരുഷന്‍ തിടുക്കപ്പെട്ട് ഒരു കല്ല്യാണം കഴിച്ചു, നല്ലൊരു തറവാട്ടിലെ, കാണാന്‍ തരക്കേടില്ലാത്ത ഒരു പെണ്ണിനെ.

താലികെട്ടും കഴിഞ്ഞു പെണ്ണിനെ വീട്ടില്‍ കൊണ്ടുവന്നു. കയറിച്ചെന്നപാടെ മധുരമായി നല്‍കിയ പായസം രുചിച്ചു നോക്കി വധു തീര്‍പ്പു കല്‍പ്പിച്ചു ,

“പായസത്തില്‍ ഉപ്പില്ല.”

പോരേ പൂരം!

പുരുഷുവിന്‍റെ വീട്ടില്‍ ഒരു പുരുഷാരം അന്തംവിട്ടു നിന്നു.

രാവിലെ മുതല്‍ വധുവിന്‍റെ പെരുമാറ്റ വൈകല്യങ്ങള്‍ ചര്‍ച്ചാ വിഷയമായിരുന്നു.

പായസത്തിലെ ഉപ്പോടുകൂടി പെണ്ണിനെന്തോ ഗുലുമാല് ഉണ്ടെന്ന കാര്യം അരക്കിട്ടുറപ്പിക്കാറായി.

എന്നിട്ടും വൈകുന്നേരമായപ്പോള്‍ പുരുഷന്‍ വധുവിന്‍റെ കൂടെ വധൂഗൃഹത്തിലേക്ക് പോകാനൊരുങ്ങി. പുരുഷന്‍റെ അമ്മയും പെങ്ങന്മാരും, ബന്ധു മിത്രാദികളും നിറകണ്ണുകളോടെ, മനസ്സില്ലാമനസ്സോടെ പുരുഷനെ യാത്രയാക്കി.

പിറ്റേന്നു രാവിലെ പുരുഷന്‍ വീങ്ങിയ മുഖവുമായി ഒറ്റയ്ക്ക് തിരിച്ചെത്തി. പാകത്തിന് കിട്ടികാണണം.

“പെണ്ണിന് മുഴുത്ത വട്ടാണ്, പെട്ടുപോയി.!. അവരെന്‍റെ തലയില്‍ കെട്ടി വച്ചതാണ്!” പൗരുഷം ചോര്‍ന്നുപോയതു പോലെ, പുരുഷന്‍ വിഷാദത്തില്‍ തല താഴ്ത്തി.

“പുരുഷു... കരയാതെടാ മോനേ...നമുക്ക് വഴിയുണ്ടാക്കാം... .” പുരുഷുവിന്‍റെ അമ്മ കരയാതെ പറഞ്ഞു.

അങ്ങനെ കാരണവന്‍മാര്‍ ചേര്‍ന്നു നിശ്ചയിച്ച് ആ ബന്ധം ഒഴിവാക്കി.

അതേ പന്തലില്‍, ഒരാഴ്ച്ചക്കുശേഷം പുരുഷന്‍റെ രണ്ടാം കല്ല്യാണം നടന്നു, ഭാഗ്യമെന്ന ഈ ഹതഭാഗ്യ അങ്ങനെ പുരുഷനില്‍ അഭയം പ്രാപിച്ചു.!

കള്ളുകുടിയനാണെങ്കിലും പുരുഷേട്ടന്‍ തന്നെ സ്നേഹിക്കുമെന്നു ഭാഗ്യം പ്രത്യാശിച്ചു..

കല്യാണ രാത്രിയില്‍ മെത്ത വിരിപ്പിലെ പുള്ളികളില്‍ ദൃഷ്ടിയൂന്നി നാണിച്ചിരുന്ന തന്നെ പുരുഷേട്ടന്‍ ചുമലില്‍ പിടിച്ചു എഴുന്നേല്‍പ്പിക്കുമെന്നും ചേര്‍ത്തണക്കുമെന്നുമുള്ള സ്വപ്നങ്ങളില്‍ മുഴുകി പാരവശ്യത്തോടെ ഭാഗ്യം കാത്തിരുന്നു...

പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് വേച്ചുവേച്ചു മുറിയിലേക്ക് വന്നു കയറിയ പുരുഷന്‍, മുണ്ടിന്‍റെ കുത്തില്‍ തിരുകിയ മദ്യകുപ്പി എടുത്തു പെട്ടിക്കു മുകളില്‍ ശബ്ദത്തോടെ വച്ചപ്പോള്‍ അവളുടെ നാണം ഒരു ഞെട്ടലായി മാറി. അവള്‍ എഴുന്നേറ്റ് മുറിയുടെ മൂലയില്‍ വിറയലോടെ നിന്നു.

“അങ്ങട് മാറി നിക്കാതെ ഇബടെ വന്നിരിയെടി മൂദേവീ” എന്ന് അയാള്‍ അലറിയപ്പോള്‍ തന്‍റെ കണ്ണുകള്‍ തുറിച്ചു താഴേക്കു തൂങ്ങി കിടക്കുന്നതു പോലെ അവള്‍ക്കു തോന്നി.

കുപ്പിക്കുള്ളിലുള്ളതെല്ലാം ഒറ്റ വലിക്കകത്താക്കി ചിറി തുടച്ച് അയാള്‍ അവളെ അവഞ്ജയോടെ നോക്കിയത് തന്‍റെ വക്രിച്ച കണ്ണിലൂടെ അവള്‍ കണ്ടു. അത് മാത്രമേ അവള്‍ക്കോര്‍മ്മയുള്ളൂ. അന്ന് മുതല്‍ ഭാഗ്യം പുരുഷന്‍റെ അടിമയായി.


അയാള്‍ ജോലിക്കായി തിരിച്ചു പോയില്ല. കണ്ണീര്‍ ചാലിലൂടെ ദിശതെറ്റി ഒഴുകാന്‍ തുടങ്ങിയ ദിനങ്ങളെ നോക്കി ഭാഗ്യം പകച്ചിരുന്നു.

മദ്യമേ ജീവിതമെന്ന് ഊട്ടിയുറപ്പിച്ച് അയാളും, മദ്യമില്ലാതൊരു ജീവിതം കൊതിച്ച് ഭാഗ്യവും!!

മദ്യത്തിന്‍റെ മടുപ്പുളവാക്കുന്ന ഗന്ധമില്ലാത്ത ഒരു രാത്രിക്കു വേണ്ടി കൊതിച്ച് അവള്‍ ഉറങ്ങാതെ കിടന്നെങ്കിലും ഒരിക്കല്‍ പോലും ആ രാത്രി പിറവിയെടുത്തില്ല. ചവിട്ടും തൊഴിയും പുലഭ്യം പറച്ചിലും കൊണ്ടും കേട്ടും അവള്‍ കരഞ്ഞു തളര്‍ന്നു. വെറുപ്പ്‌ കൂടിക്കൂടി, ക്രമേണ അവള്‍ക്ക് കരയാനും കഴിയാതെയായി.

ചേക്കേറാനിടമില്ലാതെ അവളുടെ മോഹങ്ങള്‍ എങ്ങോ പറന്നു പോയി. പേടി സ്വപ്നങ്ങളുമായി ഒളിക്കാനൊരിടം തേടി, അവള്‍ അലഞ്ഞു.എട്ടു മാസം ഗര്‍ഭിണിയായ അവളെ കടവയറ്റില്‍ ചവിട്ടിയ ആ രാത്രി അവള്‍ അയാളെ മനസ്സാ ശപിച്ചു.

ചില രാത്രികളില്‍ മുറ്റത്ത്‌ നില്‍ക്കുന്ന ചീനി മുളക് പൊട്ടിച്ചെടുത്ത് അയാള്‍ അവളുടെ കണ്ണിലും ദേഹമാകെയും വച്ചു തേച്ചു. അലറി കരഞ്ഞുകൊണ്ട്‌ അവള്‍ വീടിനു ചുറ്റും ഓടി. പിന്നെ പ്രാണരക്ഷാര്‍ത്ഥം അടുത്ത വീടിന്‍റെ കമ്പി വേലിക്കിടയിലൂടെ നൂഴ്ന്നുകടന്ന് അവരുടെ കയ്യാലയുടെ പിന്നാമ്പുറത്ത് ഒളിച്ചിരുന്നു നേരം വെളുപ്പിക്കാന്‍ തുടങ്ങി.

പുലരുമ്പോള്‍ അയാളുടെ കണ്ണില്‍ പെടാതെ പമ്മിപ്പമ്മി വീട്ടിലേക്കു തിരിച്ചു ചെല്ലുമ്പോള്‍ അയാള്‍ എവിടെനിന്നെന്നില്ലാതെ ചാടി വീണ് അവളുടെ മുടിക്കുത്തിനു ചുറ്റി പിടിച്ച് വട്ടം കറക്കി അസഭ്യം വര്‍ഷിച്ചു. ഇതൊരു പതിവായതോടെ ഭാഗ്യത്തിന്‍റെ നിലവിളി കേട്ടാല്‍പോലും നാട്ടുകാരും തിരിഞ്ഞു നോക്കാതായി.

മണ്ണുകൊണ്ടുണ്ടാക്കിയ, ഓലമേഞ്ഞ, തന്‍റെ വീട്ടില്‍ താന്‍ എത്ര സന്തോഷവതിയായിരുന്നു!!! അവള്‍ പരിതപിച്ചു.

തിരിച്ചറിവുകള്‍ എപ്പോഴും വൈകിയാണല്ലോ സംഭവിക്കുക!

ഭാഗ്യം കരയുകയോ ചിരിക്കുകയോ ചെയ്തില്ല.

വിട വാങ്ങി, പടിയിറങ്ങി നടക്കുമ്പോള്‍ എന്‍റെ കണ്‍കോണുകളില്‍ നനവ്‌ പടര്‍ന്നിരുന്നു. അലട്ടുന്ന ചിന്തകളുമായി ചില നാളുകള്‍....അതിനു ശേഷം,

വരഞ്ഞു പൊള്ളിച്ചപോലെ ചേതനയറ്റ ഭാഗ്യത്തെ ഒരു പ്രഭാതത്തില്‍, ഒരു ഓലക്കീറില്‍ കണ്ടു. ഒരിക്കല്‍ക്കൂടി നോക്കാന്‍ എനിക്കു കഴിഞ്ഞില്ല...

പിന്നീട് അവള്‍ ചിന്തിച്ചുകാണണം,

“ഭ്രാന്തിനേക്കാള്‍ ഒട്ടും ഭയാനകമല്ല മരണം!

താന്‍ നില്‍ക്കുന്നത് ചിത്തഭ്രമത്തിനും മരണത്തിനും ഇടയിലുള്ള നേര്‍ത്ത നൂലില്‍!!

കാലിടറി വീഴും മുന്‍പേ , സമനില തെറ്റും മുന്‍പേ ,

മരിക്കാനായെങ്കില്‍ !

ചാരമായ് പാറുന്ന എന്‍റെ മോഹശകലങ്ങളുടെ വിലാപാഗ്നിയില്‍ ഞാന്‍ നീറിയമരട്ടെ!

മോഹങ്ങളേ വിട! മരണമേ സ്വാഗതം!

ഓര്‍മ്മകളുടെ ഒരു തരിമ്പും അവശേഷിപ്പിക്കാത്ത, അവസാനമില്ലാത്ത ഒരു ഗാഢനിദ്രയില്‍ ഇനി ഞാന്‍ ലയിക്കട്ടെ..!”

നിര്‍ഭാഗ്യയായ ഭാഗ്യം, തീര്‍ച്ചയായും, അത്രയും പറഞ്ഞിരിക്കണം...

ഇപ്പോഴെല്ലാം ശൂന്യം! പുരുഷനോ പ്രപഞ്ചമോ കാലമോ സമയമോ ഇല്ലാത്ത ശൂന്യതയില്‍ ,ഞാനും,   ഒരു വേള,  പ്രജ്ഞയറ്റിരുന്നുപോകുന്നുവോ?!

സര്‍പ്പഗന്ധികള്‍ ഉണരുമ്പോള്‍


ഇരുട്ട് കട്ടപിടിച്ചു നില്ക്കുകയാണ് പുറത്ത് . അവളയാളെ തിരഞ്ഞു. മുറിയിലോ, വീടിനകത്ത് പോലുമോ ഇല്ല. പിന്നെ എവിടെ?...



മുറ്റത്തേക്കിറങ്ങിയപ്പോള്‍,കൂരിരുട്ടില്‍ മാവിൻതറയിൽ ഒറ്റക്കിരിക്കുന്നു അയാള്‍ !

ഓറഞ്ചു നിറത്തില്‍ പച്ചക്കരയോടുകൂടി കസവു പൂക്കൾ നെയ്തുചേര്‍ത്ത കല്ല്യാണപ്പുടവയുടെ, സ്വര്‍ണ്ണനൂലുകൊണ്ടുള്ള കെട്ടുകള്‍ തൂങ്ങിക്കിടന്ന തലപ്പെടുത്ത് ഇടതുവശത്തേക്ക് കുത്തി അവള്‍ അടുത്തേക്ക് ചെന്നു! 

അയാൾ നോക്കി.. ഇരുട്ടിലൊരു തിരിനാളം പോലെ തന്റെ പ്രിയതമ..!

ഒന്നും കാണുന്നുണ്ടായിരുന്നില്ലെങ്കിലും പ്രണയം തിരതല്ലുന്ന കണ്ണുകൾ നക്ഷത്രങ്ങൾ പോലെ തിളങ്ങി.
അയാള്‍ ഇക്കിളിപ്പെടുത്താനാഞ്ഞപ്പോള്‍ അവള്‍ സ്നേഹത്തോടെ തടഞ്ഞു.

“എന്തേ ഇവിടെ തനിച്ച്?” കാലിനടിയിലെ മണ്‍തരികളിൽ വിരൽ ഞെരിച്ചുകൊണ്ട് അവള്‍ ചോദിച്ചു.

“ഇല്ല, വെറുതേ...”

"പരിചയക്കേടാവും ല്ലേ "

"ഏയ് അങ്ങനെയൊന്നുമില്ല.."

"ഇരുട്ടിനും നിലാവിനുമൊക്കെ ഇത്ര സൌന്ദര്യം ഉണ്ടെന്നറിയുന്നത്‌ ആദ്യായിട്ടാണ്‌. അവിടെ നഗരത്തിൽ എപ്പോഴും തെരുവ് വിളക്കുകൾ കത്തും. നിലാവ് ഉദിക്കുന്നത് അറിയുകപോലുമില്ല. നിന്റെ ഗ്രാമം നിന്നെ പോലെ സുന്ദരം.."

അവൾ നാണത്താൽ കൂമ്പി നിന്നു.

"വരൂ അടുത്തിരിയ്ക്കൂ" അയാൾ അവളുടെ വിരലുകളിൽ തൊട്ടുകൊണ്ട്‌ പറഞ്ഞു..

ചെമ്പകം പൂത്ത മണം പേറി ഒരു കാറ്റ്..!

"മൂന്നു നിറങ്ങളിലുള്ള ചെമ്പകപ്പൂക്കൾ ഉണ്ടാവും ഇവിടെ . നോക്കു ഇതാ 
ഇവിടെ ഒന്നുണ്ടായിരുന്നതാണ് മുൻപ്. പുരയോളം ഉയർന്നാൽ ഗൃഹനാഥന് ദോഷമെന്ന് പണിയ്ക്കര് പറഞ്ഞിട്ട് അമ്മ അത് വെട്ടി മാറ്റിച്ചു. അത് വെളുത്ത ചെമ്പകമായിരുന്നു."


"ആണോ.. പിന്നെ എവിടുന്നാ ഈ സുഗന്ധം.."?

"അതവിടെ.. അങ്ങേപ്പുറത്തുന്നാ അവിടെ വെള്ള, മഞ്ഞ ഇളം ചുവപ്പ് എന്നീ നിറങ്ങളിൽ ഉള്ള ചെമ്പകങ്ങൾ ഉണ്ട്. മൂന്നിനും മൂന്നു തരം സുഗന്ധമാണ്."

"ആണോ നിനക്കേത് നിറത്തിലുള്ള ചെമ്പകമാണ് ഇഷ്ടം ?"

"എനിക്കോ.. എനിയ്ക്ക് ഇളം ചുവപ്പ് നിറമുള്ള ചെമ്പകപ്പൂക്കളാണിഷ്ടം.."

"അതെന്താ ? "

"അതിനു ഒരു വശ്യഗന്ധമാണ് ." അവൾ തല കുനിച്ചു. ചുവന്ന ചെമ്പകപ്പൂ പോലെ അവളുടെ അധരങ്ങൾ തുടുത്തു നിന്നു.

"വരൂ ..നമുക്ക് ഇപ്പോൾ വിരിഞ്ഞുതുടങ്ങുന്ന ആ പൂക്കൾ പറിച്ചെടുത്തിട്ടു വരാം. "

" വേണ്ട.. പാമ്പുണ്ടാവും.. മത്തുപിടിപ്പിക്കുന്ന മണത്തിൽ മയങ്ങിക്കിടപ്പുണ്ടാവും ആ പരിസരത്തെവിടെയെങ്കിലും. നമുക്കവ നാളെ പറിച്ചെടുക്കാം "

"ഇത്ര പേടിയാണോ..എന്നാ പോകണ്ട "

അയാള്‍ എഴുന്നേറ്റു. അവര്‍ മുറിയിലേക്ക് പോയി. ജാലകത്തിലൂടെ എത്തി നോക്കുന്ന ഇരുട്ട്! 

"നമുക്കുറങ്ങാം.. "


അയാൾ ക്ഷീണിതനായിരുന്നു, അയാള്‍ ഉറങ്ങുന്നതും നോക്കി അവളിരുന്നു.


ഇത് സത്യമോ? അതോ സ്വപ്നമോ? അവിശ്വാസത്തില്‍ അയാളെ ഉറ്റുനോക്കിക്കൊണ്ടിരുന്നപ്പോള്‍ ഉറക്കം പോലും അവളെ ആശ്ലേഷിക്കാന്‍ മറന്നുപോയിരുന്നു.

വിരിയാന്‍ തുടങ്ങുന്ന മുല്ലമൊട്ടുകൾ കൈക്കുടന്നയിലെടുത്ത്, അതിലവള്‍ മുഖമമര്‍ത്തുമ്പോള്‍ അയാള്‍ ഗാഢനിദ്രയിലേക്ക് വീണിരുന്നു. ഒരു പൈതലിനോടെന്നപോലെ വാത്സല്യം ചുരത്തി അവള്‍ അയാളെ തഴുകിക്കൊണ്ടിരുന്നു. 

ഉറക്കത്തില്‍ പുഞ്ചിരി തൂകുന്ന മുഖം... അവള്‍ അരുമയോടെ നോക്കി .

അതിരാവിലെ ഗുരുവായൂര്‍ക്ക് പോകേണ്ടതാണ്, ഒന്ന് മയങ്ങാന്‍ ശ്രമിക്കാം. അവളും കിടന്നു.

അമ്പലക്കുളക്കടവില്‍ തിരക്കുണ്ടായിരുന്നു. കസവു സാരിയില്‍ വെള്ളം തട്ടാതെ കാലുകള്‍ നനക്കാന്‍ നോക്കിയതാണ്. അതാ കിടക്കുന്നു വെള്ളത്തില്‍! കാലൊന്നു തെന്നി. പുതുമോടിയില്‍ വീണതിന്റെ ചമ്മല്‍ മറയ്ക്കാനുള്ള വിഫലശ്രമം ഉപേക്ഷിച്ച്, അയാള്‍ നീട്ടിയ കൈ മുറുകെ പിടിച്ചുകൊണ്ട് കരക്ക്‌ കയറിയപ്പോഴും അവളുടെ അമ്പരപ്പ് വിട്ടുമാറിയിരുന്നില്ല.

ആള്‍രൂപങ്ങള്‍ എടുത്ത് നടയ്ക്കല്‍ വച്ചു പ്രാര്‍ത്ഥിച്ചാല്‍ ദോഷം മാറുമത്രേ! അതിനായിരുന്നു ഈ വരവുതന്നെ! നടയിലെത്തും മുന്‍പേ തട്ടിയിട്ടതെന്തേ കൃഷ്ണാ...കൃഷ്ണനും പിണങ്ങിയോ? എന്തിനാണാവോ?

നനഞ്ഞൊട്ടിയ ചേലയോടെ അയാളെ അനുഗമിച്ചു.
തൊഴുതു മടങ്ങുമ്പോള്‍ മനസ്സാകെ ശൂന്യത!!

അവധി തീര്‍ന്നപ്പോൾ അവളെ ജോലിസ്ഥലത്തേക്കയക്കാന്‍ അയാള്‍ കൂടെ ചെന്നു.
അവര്‍ ബസ്സിലെ ജനലിനരികിലുള്ള ഇരിപ്പിടം തിരഞ്ഞെടുത്തു. വോക്ക് മാന്‍ അയാളുടെ മടിയിലായിരുന്നു. ഇയര്‍ ഫോണിന്‍റെ ഒരറ്റം അവളും മറ്റേ അറ്റം അയാളും ചെവിയില്‍ വച്ചു.
"ഏക് ലട്ക്കീ കൊ ദേഖാ തൊ ഏസാ ലഗാ ....." ഹൃദയം തൊട്ടു തലോടുന്ന സംഗീതത്തിന്‍റെ അലകള്‍ ... അവര്‍ പരസ്പരം നോക്കി.. പുറമേ മൂടിക്കെട്ടിയ ആകാശം...ചാറ്റല്‍ മഴക്കുള്ള വട്ടമുണ്ട്.

ബസ്സ്‌ ഹെയര്‍ പിന്‍ വളവുകള്‍ കയറാന്‍ തുടങ്ങിയപ്പോള്‍ അവള്‍ അയാളോടു കൂടുതല്‍ ചേര്‍ന്നിരുന്നു.

കിളികള്‍ കൂടുതേടി പറന്നകന്നു. അവര്‍ക്കും പറക്കാന്‍ തോന്നി.

എന്തേ ചിറകുകള്‍ക്ക് ഇത്ര കനം?

അനന്തമായ വിഹായസ്സില്‍ എവിടേക്കെന്നില്ലാതെ ചിറകുകള്‍ തല്ലി ഉയരാനുള്ള ആഗ്രഹത്തിന്‍റെ പുറത്തൊരു ശ്രമം!...

സ്വപ്നങ്ങളുടെ മായാലോകത്തെത്തിയപ്പോള്‍ അവരൊരുമിച്ചു മിഴികള്‍ കൂമ്പി..
പിന്നെ ഒട്ടക പക്ഷിയുടെ കരുത്തോടെ ഓടി.വിശക്കുമ്പോള്‍ പ്രതീക്ഷകളും, ദാഹിക്കുമ്പോള്‍ മോഹങ്ങളും അവര്‍ ആവോളം കോരിക്കുടിച്ചു.


ഒരു ജീവിതത്തിന്‍റെ തുടക്കം. ഒടുക്കമില്ലാത്ത കടപ്പാടുകള്‍ കെട്ടുപിണഞ്ഞ് സര്‍പ്പരൂപിയായി ഫണമുയര്‍ത്തി തലയ്ക്കു മുകളില്‍!

ആത്മവീര്യം മാത്രം ഒടുങ്ങരുതേയെന്ന കരുതലോടെ ഓരോ കാല്‍വെപ്പും.. അത്താണികള്‍ പോലും വിഷവാഹികളായി  രൂ
പാന്തരപ്പെട്ടു.ഗത്യന്തരമില്ലാതെ അവയെ സ്പര്‍ശിച്ച നിമിഷങ്ങളിലെല്ലാം അവരെ വിഷം തീണ്ടി. സര്‍പ്പങ്ങളും പരസ്പരം വിഷദംശമേറ്റു പിടഞ്ഞു. അവര്‍ കാവുകളില്‍ അഭയം തേടി. 


സര്‍പ്പങ്ങളൊഴിഞ്ഞ കാവുകളില്‍ രാപ്പാര്‍ത്തത് ആരായിരുന്നു?അവരറിയാത്ത, അവരെ അറിഞ്ഞ ആരൊക്കെയോ! 

നീലാകാശം അവര്‍ക്ക് എത്രയോ അടുത്തായി! അപ്പോള്‍ ആകാശത്തിന് സപ്തവര്‍ണ്ണമാണെന്ന അറിവ് അവര്‍ക്കുണ്ടായി. തീപന്തമേന്തിയ കൊള്ളിയാനുകളുടെ താഴേക്കു ഊളിയിട്ടുകൊണ്ടുള്ള പതനം അവർ നോക്കി നിന്നു. നക്ഷത്രങ്ങളെ കയ്യെത്തിച്ചു പിടിക്കാനായി പിന്നെ അവരുടെ ആവേശം!. 

ഒരു താരോദായത്തിന്റെ പ്രഭ അവരെ അനുസ്യൂതം വലയം ചെയ്തു.

ജീവിതത്തിനു അര്‍ത്ഥങ്ങളേറെ , അതിനായി അറിവിന്‍റെ, നിറവിന്‍റെ വഴികളും ഏറെ!!

ആള്‍ക്കൂട്ടത്തില്‍ പെടാതെ അവര്‍ ഒഴിഞ്ഞുമാറി. നാടോടിയ വഴിയെ, അവര്‍ നടുവേ ഓടിയില്ല. അവര്‍ക്ക് അവരുടേതായ വഴികളുണ്ടായിരുന്നു. !
പരിഷ്ക്കാരി എന്നോ കാട്ടുമാക്കാന്‍ എന്നോ ആരെങ്കിലും അവരെ പേരുചൊല്ലി വിളിച്ചത് അവര്‍ കേട്ടില്ല.

അത് കേള്‍ക്കാനുള്ളതായിരുന്നില്ല. 

അപരിഷ്കൃതരെന്നോ അധകൃതരെന്നോ അജ്ഞാനിയെന്നോ ദരിദ്രനെന്നോ തരം തിരിവുകളുണ്ടെന്നു അവര്‍ പറഞ്ഞില്ല.

അത് പറയാനുള്ളതായിരുന്നില്ല.

തോല്‍വിയുടെ വിജയം, ശത്രുവിന്‍റെ ആഹ്ലാദം.. അവരറിഞ്ഞില്ല..

അതറിയാനുള്ളതും ആയിരുന്നില്ല.
ഭാരപ്പെട്ട ചിറകുകള്‍ ആയത്തില്‍ വീശി ഒന്നിച്ചു പറക്കുമ്പോള്‍ അവരുടെ നെടുവീര്‍പ്പില്‍ അലിഞ്ഞ മന്ത്രവും ഒന്നായിരുന്നു.

“ജീവിതം എത്ര മധുരതരം... ജീവിക്കാന്‍ അറിയാമെങ്കില്‍” !

ജീവിതം ജീവിച്ചുതന്നെ തീര്‍ക്കണം, ഓരോ തുള്ളിയും സ്വാദോടെ....

ഒരു പാട്ടിന്‍റെ ഈരടികള്‍ അവര്‍ക്ക് മാത്രമായി പിറന്നു.

അവര്‍ ഇപ്പോഴും കാതങ്ങള്‍ താണ്ടി യാത്ര തുടരുകയാണ്.

അങ്ങകലെ അവരുടെ കാല്‍പ്പാടുകള്‍ തറഞ്ഞ വഴികളിലൂടെ ആരണ്യകത്തിലേക്ക്, ഉള്‍ക്കാടുകളില്‍ സര്‍പ്പഗന്ധികള്‍ കൂട്ടംകൂട്ടമായി ഉണര്‍ന്നുനിന്ന കാവുകളിലേക്ക്.

അവിടെ വച്ച് അവളൊരു സര്‍പ്പമായി പരിണാമം പ്രാപിച്ചു. മാണിക്യപ്രഭയില്‍ ഒരു കാവല്‍ സര്‍പ്പം!...
സുതാര്യമല്ലാത്ത ഒരു പടത്താല്‍ രക്ഷാകവചം തീര്‍ത്തുകൊണ്ട് അയാളെ ശിരസ്സിലേറ്റി ജ്വലിച്ചു നിന്ന സര്‍പ്പം! കാവുകള്‍ അവര്‍ക്ക് സ്വന്തമായി. മാണിക്യം അവളുടെ മകുടത്തിലിരുന്നു വിളങ്ങി.

വര്‍ഷങ്ങള്‍ക്കിപ്പുറം,
ഇലകള്‍ കൊഴിഞ്ഞു വീണ തണുത്ത രാത്രികളിലൊന്നില്‍ അവള്‍ ആവര്‍ത്തിക്കുന്നു, അതേ ചോദ്യം...
“എന്തേ ഇവിടെ തനിച്ച്...?”
ചുവന്നനിറമുള്ള മധുചഷകം അയാള്‍ അവള്‍ക്കുനേരെ നീട്ടുന്നു. ലഹരി നുകര്‍ന്ന് അവള്‍ കാറ്റിനൊപ്പം ഒഴുകുന്നു..കൂടെ അയാളും.
അയാള്‍ മന്ത്രിച്ചു ,
“ഞാന്‍ തനിച്ചല്ല..., നിന്നെ.... നിന്നെ മാത്രം കാത്തിരുന്നതാണ്.
പ്രിയമുള്ളവളേ, ഇനി നമുക്ക്, ഉണര്‍ന്നിരിക്കാം... നഷ്ടപ്പെട്ട  
പരിമളരാത്രികളെ ഒന്നിച്ച് വരവേല്‍ക്കാം..”


ഒഴിഞ്ഞ ചഷകങ്ങളില്‍ സര്‍പ്പഗന്ധിയുടെ മണം വന്നു നിറഞ്ഞു.

ആ നിമിഷത്തില്‍,
അവളുടെ നനുത്ത വിരലുകള്‍ അയാളുടെ നരച്ച താടിരോമങ്ങളെ ലാളിക്കുകയായിരുന്നു. 
വിരിയാന്‍ വെമ്പുന്ന കുടമുല്ലപൂക്കളുടെ മൊട്ടുകൾ വിദൂര സ്മൃതികളില്‍നിന്നും, കൈക്കുടന്നയില്‍ കോരിയെടുത്ത് അയാളുടെ മേലാകെ വര്‍ഷിക്കുകയായിരുന്നു....


ഒരു കാമിനിയെപ്പോലെ....

2013, ഒക്‌ടോബർ 1, ചൊവ്വാഴ്ച

സ്പ്രിംഗ് വാലിയിലെ കടലാസ്സുപൂക്കള്‍



“നീ എത്രയും പെട്ടെന്ന് വീട്ടിലേക്കു വരണം, അവര്‍ ഒരു കത്ത് അയച്ചിരിക്കുന്നു, കാര്യം ഗൗരവമുള്ളതാണ്”.

വീട്ടില്‍ നിന്നും വന്ന ഒരു ഫോണ്‍ കാള്‍ !

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ക്യാമ്പസ്സിലൂടെ അവള്‍ പരിഭ്രമം മറച്ചുവച്ചുകൊണ്ട് ഒറ്റയ്ക്ക് നടന്നു.

“മതി, ഒറ്റയ്ക്ക് മതി. ആര്‍ക്കും മനസ്സിലാവണമെന്നില്ല.” ആള്‍കൂട്ടത്തിനിടയിലൂടെ നടക്കുമ്പോഴും അവള്‍ ചിന്തിച്ചുകൊണ്ടേയിരുന്നു.

വിശാലമായി കിടക്കുന്ന ക്യാമ്പസ്സില്‍ എപ്പോഴും ആളും അനക്കവും ഉണ്ടാകും. അവധി ദിവസങ്ങളില്‍ പോലും ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടികളും ക്വാര്‍ട്ടേഴ്സില്‍ വസിക്കുന്ന ഉദ്യോഗസ്ഥരും അങ്ങിങ്ങായി ചിതറി നടക്കുന്നത് കാണാം.

ഓഫീസില്‍ എത്തി ,അര നേരത്തെ അവധിക്കു എഴുതിക്കൊടുക്കുമ്പോള്‍ സ്വര്‍ണ്ണക്കൂടിട്ട കണ്ണടക്കുള്ളിലൂടെയുള്ള മേലുദ്യോഗസ്ഥയുടെ ചോദ്യഭാവത്തിലുള്ള നോട്ടം അവഗണിച്ച് തിരിച്ചു നടന്നു.

കടുംമഞ്ഞ നിറത്തിലുള്ള തലപ്പാവ് ചുറ്റിക്കെട്ടിയ പഞ്ചാബി കുട്ടി വരാന്തയുടെ അറ്റത്തുനിന്നും കൈ വീശി കാണിച്ചു.

അവള്‍ ചിരിച്ചു.

ഒറ്റക്കും ഇരട്ടക്കും കൂട്ടമായും ദൃശ്യമാവുന്ന വിദ്യാര്‍ത്ഥികളുടെ നിര! മരം ചുറ്റി പ്രണയങ്ങളില്ല ഇവിടെ, യൗവനത്തില്‍ മുകുളമെടുക്കുന്ന പ്രണയത്തിനു പക്വതയും ഗൗരവവും ഏറെ! സുഗമമായി ഒഴുകുന്ന പുഴയുടെ കൈവഴികള്‍ പോലെ സുന്ദരമാണ് അവരുടെ അനുരാഗത്തിന്‍റെ വഴികളും! പഠിപ്പ് കഴിയുന്നതോടെ ഇവിടെ , ഈ ക്യാമ്പസ്സില്‍തന്നെ പൊലിഞ്ഞു തീരുമായിരിക്കും ഈ പ്രണയ പുഷ്പങ്ങളില്‍ പലതും! ! എന്നിട്ടും അവരുടെ കണ്ണുകളില്‍ സന്ധ്യാരാഗ പൂക്കള്‍ വിടര്‍ന്നു നിന്നു.

പൂത്തുലഞ്ഞ സ്പ്രിംഗ് വാലിയും കടന്ന് റോസിയുടെ ക്വാര്‍ട്ടേഴ്സിലേക്ക് നടക്കുമ്പോള്‍ അവള്‍ ആലോചിച്ചത് അമ്മയെ വിഷമിപ്പിച്ച ആ കത്തിനെക്കുറിച്ചായിരുന്നില്ല. ജീവിതത്തിന്‍റെ കടുപ്പം കൂടിയ തലങ്ങളിലേക്ക് താന്‍ എത്തിപ്പെടുന്നതിന്‍റെ ഭീതിയെ കുറിച്ച് മാത്രം!



ചെറിയൊരു ബാഗില്‍ വസ്ത്രങ്ങള്‍ തിരുകി അവള്‍ ബസ്‌സ്റ്റോപ്പിലേക്ക് നടന്നു. ഇനി രണ്ടു നാളുകള്‍ ശനിയും ഞായറും, അത് കഴിഞ്ഞ് തിരിച്ചെത്തിയാല്‍ മതിയാകും.

വണ്ടി വരാന്‍ സമയമുണ്ട്. നാല് മണിക്കൂര്‍ നീണ്ട യാത്രയില്‍ കഴിക്കാനായി കട്ടാങ്കല്ലിലെ പെട്ടിക്കടയില്‍ നിന്ന് കുറച്ചു മധുരനാരങ്ങ വാങ്ങി ബാഗിലിട്ടു. വയനാട്ടില്‍ നിന്നെത്തുന്ന നാരങ്ങക്ക് മധുരമാണ് മുന്നില്‍ .

ചുരങ്ങളുടെയും  മരങ്ങളുടെയും കാഴ്ച  പിന്നിലാക്കി ബസ്സ്‌ പായുകയാണ്.

കണ്ണുകളടച്ച് ഇരുന്നപ്പോള്‍ കാതുകളില്‍ അയാളുടെ വാക്കുകള്‍ മാത്രം.

“പുറപ്പെടുക, നമുക്ക് പരിഹാരമുണ്ടാക്കാം”.

അതേ, ഉണ്ടാവണം, ഞാനിതാ പുറപ്പെട്ടു കഴിഞ്ഞു.

ചെഞ്ചായചെപ്പ് തട്ടി മറിഞ്ഞു വീണ പോലെ മാനം. ഇരുട്ട് വീഴും മുന്‍പേ വീട്ടിലെത്തണം.

വയലുക്കള്‍ക്കിടയിലൂടെ ഒറ്റക്കു നടക്കുമ്പോള്‍ ചിവീടുകള്‍ ചിലക്കാന്‍ തുടങ്ങും. ഒരായിരം സംഗീതോപകരണങ്ങള്‍ ഒരുമിച്ചു പല താളത്തില്‍ പല വേഗത്തില്‍ പാടുന്ന പോലെ, ചെവികളിലൂടെ സിരകളും തുളഞ്ഞെത്തുന്ന ആ ശബ്ദം കേള്‍ക്കുമ്പോള്‍ താനേതോ ഒറ്റപ്പെട്ട തുരുത്തില്‍ എത്തിപ്പെട്ട പരിഭ്രാന്തിയാണ് അവള്‍ക്ക്!

ഇല്ല, ചിവീടുകള്‍ ഉറക്കമാണ്, ഇനി കഷ്ടി അര നാഴിക നടന്നാല്‍ വീട് പൂകാം.

തനിക്കൊപ്പം, അല്ലെങ്കില്‍ അല്‍പംകൂടി കഴിഞ്ഞ്, അയാളും എത്തിയേക്കും. ഇപ്പോള്‍ മനസ്സിലെ മഞ്ഞുരുകാന്‍ തുടങ്ങിയിരിക്കുന്നു.

തന്നെ കാത്തു കിടന്ന ആ കത്ത് അവള്‍ കണ്ടു.......

തികച്ചും ഔപചാരികമായ ഒന്നായിരുന്നു, അന്ന് അയാള്‍ അവരെകൂട്ടി വന്ന വരവ്.

മുറ്റത്ത്‌ വന്നു നിന്ന ചന്ദനനിറത്തിലുള്ള മാരുതിയില്‍ നിന്നും അയാളാണ് ആദ്യം ഇറങ്ങിയത്‌. ഡ്രൈവര്‍ തിടുക്കപ്പെട്ടിറങ്ങി, പിന്‍വശത്തെ ഡോര്‍ തുറന്നുപിടിച്ച്‌ ഭവ്യതയോടെ നിന്നപ്പോള്‍ നീല പട്ടു സാരിയുടുത്ത്‌, രണ്ടു വയസുള്ള കുഞ്ഞിനെയുമെടുത്ത് അയാളുടെ പെങ്ങളും കൂടെ ഭര്‍ത്താവും ഇറങ്ങി. അകത്തേക്കു കയറും മുന്‍പ് സാരിയില്‍ മണ്ണു പറ്റാതിരിക്കാന്‍ പെങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നത് കണ്ടു.

ഉള്ളതില്‍ ഏറ്റവും ഭംഗിയെന്ന് തനിക്ക് തോന്നിയ ഒരു സാരിയാണ് അന്നുടുത്തത്. ഒരു ചുവന്ന ബ്ലൗസും. എണ്ണ പുരണ്ട മുടി വിരിച്ചിട്ടിരുന്നു. വല്ലാത്ത വൈക്ലബ്യത്തോടെയാണ് അവരുടെ മുന്‍പില്‍ നിന്നത്.

“ഒരു ഫോട്ടോ വേണം, വീട്ടിലുള്ളവരെ കാണിക്കാനാണ്.”

പെങ്ങളുടെ ഭര്‍ത്താവാണ് ആവശ്യം ഉന്നയിച്ചത്.

അവള്‍ വെപ്രാളത്തില്‍ ആല്‍ബം പരതി. ഇളം നീലയില്‍ വയലറ്റ് മുന്താണിയുള്ള ഒരു സാരിയില്‍ താന്‍ ചിരിച്ചു നില്‍ക്കുന്നു, മുള്ള് കൈയ്യില്‍ തട്ടാതെ ഒരു ബോഗൈന്‍വില്ലയുടെ ചില്ല, സൂക്ഷ്മതയോടെ താഴ്ത്തിപ്പിടിച്ചിട്ടുമുണ്ട്.

ചിത്രം പുറത്തേക്കെടുത്തു ആവശ്യക്കാരന് കൈമാറുമ്പോള്‍ അവള്‍ അയാളെ തിരിഞ്ഞൊന്നു നോക്കി, ഒരു പുഞ്ചിരിയോടെ അവളെ നോക്കിയിരിക്കുന്നു അയാള്‍ !

ചായ മാത്രം കുടിച്ച് അവര്‍ ഇറങ്ങുമ്പോള്‍ , വടക്കേപ്പുറത്ത് കൂട്ടിലിട്ട തത്ത ചിലച്ചുകൊണ്ടിരുന്നു. പട്ടു സാരിയുടെ ഞൊറികള്‍ ഒന്നുകൂടെ നേരെയാക്കിക്കൊണ്ട് പെങ്ങള്‍ തത്തക്കൂടിനടുത്തു ചെന്ന്, കുഞ്ഞിനോട് പറഞ്ഞു,

“പി ഫോര്‍ പാരറ്റ്”

അമ്മ പറഞ്ഞതൊന്നും മനസ്സിലാവാതെ കുഞ്ഞ് കൂട്ടില്‍ തത്തിക്കളിക്കുന്ന കിളിയെ മാത്രം നോക്കി.

കുഞ്ഞിന്‍റെ തല പിടിച്ചു തിരിച്ചു കൊണ്ട് അമ്മ വീണ്ടും പറഞ്ഞു,

“പാരറ്റ് ഈസ്‌ ഗ്രീന്‍ ”

കുഞ്ഞു പകച്ചു നോക്കി.

ഡ്രൈവര്‍ തുറന്നു കൊടുത്ത കാറിലേക്ക് കയറിയിരിക്കുമ്പോള്‍ , അരുതാത്ത എന്തിനോവേണ്ടി വന്നുപോയെന്ന ഒരു ഭാവത്തോടെ ഒന്ന് നോക്കി, അവര്‍ തിരിഞ്ഞിരുന്നു.  അയാള്‍ മാത്രം ചിരിച്ചു. സമാധാനത്തിന്‍റെ ഒരു അലമാല അപ്പോള്‍ തന്നിലേക്ക് വന്നെത്തിയില്ലേ?...

അതിനു ശേഷം ഒരാഴ്ചയേ ആയുള്ളൂ, ആ കത്ത് കിട്ടുമ്പോള്‍ . ഒരു പുറം മാത്രം എഴുതിയ കത്തിനോടൊപ്പം, തന്‍റെ ചിത്രം തിരിച്ചയച്ചിരിക്കുന്നു!. ആകാശത്ത് ദര്‍ശിച്ച ചെഞ്ചായക്കൂട്ട് ഇപ്പോള്‍ തട്ടിത്തൂവിയത് അവളുടെ മനസ്സില്‍ !.

ബോഗൈന്‍ വില്ലയുടെ മുള്ളുകള്‍ , പുഞ്ചിരി തൂകി നിന്ന തന്‍റെ ഹൃദയത്തില്‍ കോറി വരഞ്ഞു രക്തം വാര്‍ന്നൊഴുകുന്നില്ലേ?......

താന്‍ ഉപേക്ഷിക്കപ്പെട്ടവളായിരിക്കുന്നു. അയാളെ താന്‍ മറക്കണമെന്ന് അവര്‍ ആജ്ഞാപിക്കുന്നു. അതാണ് കത്തിന്‍റെ രത്നച്ചുരുക്കം!.

ജീവിതം മറ്റൊരു തിരിവിലേക്ക് യാത്രയാകുന്നു.

ഭാഗ്യമോ, നിര്‍ഭാഗ്യമോ എന്താണ് തന്നെ കാത്തിരിക്കുന്നതെന്നവളറിഞ്ഞില്ല. മിടിക്കുന്ന ഹൃദയത്തിന്‍റെ താളം തെറ്റുന്നുണ്ടോ?

ഒടുവില്‍ അയാള്‍ എത്തി, സുഹൃത്തുക്കള്‍ക്കൊപ്പം!

അവള്‍ക്കു കരയണമെന്നു തോന്നിയെങ്കിലും, കഴിഞ്ഞില്ല.

അപമാനിതയെപ്പോലെ അവള്‍ തല താഴ്ത്തി നിന്നു.

കറുത്ത മഷിയില്‍ കുനുകുനെ എഴുതിയ ആ കടലാസ്സ് വാങ്ങി, വായിച്ചുപോലും നോക്കാതെ അയാള്‍ തുണ്ടംതുണ്ടമായി കീറികളഞ്ഞു.

വ്രണപ്പെട്ട ആ മനസ്സ് അവള്‍ക്കു വായിക്കാനായി.

“ഭയപ്പെടേണ്ട, ഞാന്‍ നിന്നോടു കൂടെയുണ്ട്”. അയാള്‍ പറഞ്ഞത് ഒരു ദൈവവിളിപോലെ, അവളറിഞ്ഞു,

ഉവ്വ്! താന്‍ അയാളോടുകൂടി ഉണ്ടാവേണ്ടതുണ്ട്!

മുള്ളുകള്‍കൊണ്ട് കീറിയ ഹൃദയത്തില്‍ സ്നേഹത്തിന്‍റെ ധാര വീണു തണുത്തു. പക്ഷേ രക്തം ഉറഞ്ഞു കിടന്നു.

അപ്പോഴും തനിക്ക് കൈവരാന്‍ പോകുന്ന ഒരു മഹാസൗഭാഗ്യത്തിന്‍റെ ഉള്‍വിളിക്കായി കാതോര്‍ക്കുകയായിരുന്നു അവള്‍ .......