2013, ഓഗസ്റ്റ് 28, ബുധനാഴ്‌ച

ശിവനേ !




ശിവപ്രിയയുടെ വീടിനടുത്ത് ഒരു ശിവക്ഷേത്രമുണ്ടായിരുന്നൂന്നല്ല, ഇപ്പോഴും ഉണ്ട്.

അതിസുന്ദരനായ ഉത്തമനായ ഒരു പുരുഷനെ വരിക്കണമെങ്കില്‍ ആ അമ്പലത്തിനു ചുറ്റും നൂറ്റൊന്നു വലമിട്ടാല്‍ മതിയെന്ന് കൂട്ടുകാരി രാധ പറഞ്ഞതനുസരിച്ച് ശിവപ്രിയ നൂറ്റഞ്ചു വലമിട്ടുണ്ട് അവിടെ. അതീവ സുന്ദരനെത്തന്നെ കിട്ടിക്കോട്ടെ എന്ന് വിചാരിച്ചുകാണും, പാവം!

അവളുടെ സൗന്ദര്യം ഒരു അളവുകോലാക്കുകയാണെങ്കില്‍ , അപ്പറഞ്ഞത്‌ നേരുതന്നെ! “ഈ ചതി എന്നോടു വേണമായിരുന്നോ ശിവനേ” എന്ന് പിന്നീട് അവളുടെ ഭര്‍ത്താവ് പലവട്ടം പറയുന്നത്‌ കേള്‍ക്കേണ്ടി വന്നെങ്കിലും ശിവപ്രിയയുടെ പ്രാര്‍ത്ഥന സാക്ഷാല്‍ പരമശിവന്‍ കേട്ടു എന്നുതന്നെ വേണം പറയാന്‍ .

അങ്ങനെ, ശക്തിയുള്ള പ്രതിഷ്ഠയുള്ള ആ അമ്പലത്തെകുറിച്ച് ഈയിടെ അവള്‍ വീണ്ടും ഓര്‍ക്കാനിടയായ ഒരു സംഭവമുണ്ടായി. സുന്ദരനായ ഭര്‍ത്താവ് അതിരാവിലെ ചെടികള്‍ക്ക് വെള്ളം പകരുന്നത് നോക്കി നില്‍ക്കുകയായിരുന്നു അവള്‍ . അടുത്ത പടിയായി പൂജക്കുള്ള നന്ദ്യാര്‍വട്ടപ്പൂക്കളും, രണ്ടു തുളസി കതിരുകളും പറിച്ചെടുത്ത ശേഷം അദ്ദേഹം പറഞ്ഞു, 

“ജാതിമതഭേദങ്ങളെല്ലാം അപ്രസക്തമായിക്കൊണ്ടിരിക്കുന്നു എന്നാണു ഞാന്‍ കരുതിയത്‌, പക്ഷെ ഇന്നലെ യുവകോമളനായ ഒരു എഞ്ചിനീയറെ പരിചയപ്പെടാനിടയായതു പറയാതെ വയ്യ. മലയാളിയാണെന്ന് മനസ്സിലാക്കി അയാള്‍ എന്നോട് ചോദിച്ചു”, 


“കേരളത്തില്‍ എവിട്യാ”.. 

“തൃശ്ശൂര്‍ ” 

“തൃശ്ശൂരെവിട്യാ”

“പൂങ്കുന്നം”

“ഓ അത് നമ്മടെ അടുത്ത്തന്ന്യാണല്ലോ, പൂങ്കുന്നത്തെവിട്യാ”.

“അമ്പലത്തിനടുത്ത്”. 

“ഓഹോ, അപ്പോ വീട്ടു പേര്” ?

വീട്ടുപേരും പറഞ്ഞു.

ഹൊ, കേട്ടുകേള്‍വിയില്ലാലോ, വെള്ളാപ്പിള്ളീടെ ആളാന്നു തോന്നണൂ, ആണോ?

“എന്താ, മനസ്സിലായില്ല.”

“ഇല്ല്യാ, ഒന്നൂല്ല്യാ ഞാന്‍ ചോദിച്ചൂന്ന് മാത്രം”. അയാള്‍ പോയി.

പിള്ളിയും പിള്ളയും പള്ളിയുമൊന്നും തലയിലേറ്റി നടക്കാത്ത ആളായതിനാല്‍ അദ്ദേഹത്തിനു ആശയം പെട്ടെന്ന് കത്തിയില്ല.

ഇപ്പോള്‍, ഈ പൂവിറുക്കുമ്പോള്‍ ശിവപ്രിയയുടെ ഭര്‍ത്താവിനു വെളിപാടുണ്ടായി, വെള്ളയും പുള്ളിയുമല്ല, തന്‍റെ ജാതി ഏതാണ്എന്നാണു അയാള്‍ ചോദിച്ചതെന്ന്. 

ഈ നൂറ്റാണ്ടിലും ഒരാള്‍ ജാതി ചോദിക്കുകയോ? അറിയണമെന്ന് ആഗ്രഹമുള്ളവര്‍ പോലും ഇങ്ങനെ മുഖത്തു നോക്കി ചോദിക്കുമോ?

ഇത്തരുണത്തിലാണ് അവള്‍ ആ പഴയ പ്രസിദ്ധമായ ശിവക്ഷേത്രത്തെക്കുറിച്ച് ഓര്‍ക്കാനിടയായത്.

അന്നവള്‍ക്ക് ചെറുപ്പം. പത്തുപതിനാലു വയസ്സേ ഉള്ളൂ. 

വൃത്തിയായി കുളിച്ചു അലക്കിതേച്ച വസ്ത്രങ്ങള്‍ അണിഞ്ഞ് ഭക്തിയോടെ കൈകൂപ്പി നടയില്‍ നില്‍ക്കുമ്പോള്‍ കേള്‍ക്കുന്നു ,

“മാറ്വാ..മാറ്വാ മാറ്വാ... നടേന്നു അങ്ങട് മാറ്വാ... വഴി അശുദ്ധാക്കാതെ മാറ്വാ”

തിരുമേനിക്ക് പോകാനാണത്രേ!

ശരി, നമ്മള്‍ അങ്ങ് മാറിയേക്കാം, പക്ഷെ ഇതൊന്നും ബാധകമല്ലെന്ന ഭാവത്തില്‍ , തിരുനടയില്‍ ചാഞ്ചാട്ടമില്ലാതെ നില്‍ക്കുന്ന കുറച്ചു കൂട്ടരുണ്ടല്ലോ,അവരെന്താണ് മാറാത്തത്? ശിവപ്രിയ അവരെ നോക്കി. കരിയും ചളിയും പുരണ്ട വെള്ളയെന്നു വിശേഷിപ്പിക്കാന്‍ ബുദ്ധിമുട്ട് തോന്നുന്ന നനഞ്ഞ തറ്റും താറുമുടുത്ത, അമ്പലവാസികളായ കുറച്ചു സ്ത്രീ രത്നങ്ങള്‍ തെല്ലൊരു അഹംഭാവത്തോടെ, പരിഹാസത്തോടെ, അയിത്തം കല്‍പ്പിച്ചു മാറ്റിയവരെ തിരഞ്ഞു പിടിച്ചു നോക്കുന്നു. മാറിക്കോള്വാ, മാറിക്കോള്വാ നിങ്ങളോടുതന്ന്യാ...അതാണ്‌ ആ നോട്ടത്തിന്റെ ഭാഷ. അമ്പലവും ഈശ്വരനും അവരുടെ കുത്തക!

തിരുമേനി അവര്‍ക്ക് പ്രസാദം നീട്ടി കയ്യില്‍ വച്ചു കൊടുക്കുന്നു, ശിവപ്രിയക്ക്‌ ഇലക്കീറിലെ ശിവപ്രസാദം എറിഞ്ഞു കൊടുക്കുന്നു, കയ്യില്‍ വീണാലായി, അല്ലെങ്കില്‍ നിലത്ത്! തൊടാന്‍ പാടില്ല്യാത്രേ, അയിത്തം. തിരുമേനി ദൈവത്തിനും മുകളിലുള്ള അവതാരമോ? ശിവ ശിവ!.

ഇത്തവണ ശിവരാത്രിപ്പിരിവെന്നും പറഞ്ഞു വരട്ടെ..ശിവപ്രിയ തീരുമാനിച്ചു, അച്ഛനോട് പറയണം, ഒന്നും കൊടുക്കരുതെന്ന്. പിരിവിനിറങ്ങുമ്പോള്‍ ഇക്കൂട്ടര്‍ക്ക് തിരുമേനിയെന്നോ, തിരുവുടയാടയെന്നോ ഉള്ള ചിന്തയില്ല. കാശു തരുന്നത് തിരുമ്പിയ മേനിയോ, തിരുമ്പാത്ത മേനിയോ എന്ന വകഭേദമില്ല. കാശുള്ള വീട്ടുകാരൊക്കെ അവര്‍ക്ക് അന്നേരം തിരുമുല്പ്പാടുമാരാകുകയും ചെയ്യും. നാണമില്ലെന്നു മാത്രമല്ല, ജാതിമഹിമകൊണ്ട് തൊലിക്ക് അപാര കട്ടിയുമാണിവര്‍ക്ക് ! ഇരുപതും മുപ്പതും വയസ്സിനു മൂത്തവരെപോലും ഇവര്‍ കൂസലില്ലാതെ പേരെടുത്തു വിളിക്കുന്നു! വയസ്സിനു മൂത്താലും ജാതികൊണ്ട്‌ ഇളപ്പമാണെന്നു വ്യംഗ്യാര്‍ത്ഥം! .ശംഭോ മഹാ ദേവാ! 

അതൊക്കെ കഴിഞ്ഞിട്ട് കാലമെത്രയായി! മനുഷ്യമനസ്സുകളില്‍ നിന്നും നാട്ടില്‍നിന്നുപോലുമേ അത്തരം നികൃഷ്ട ചിന്തകള്‍ തുടച്ചു നീക്കപ്പെട്ടുവെന്നാണ് ശിവപ്രിയ കരുതിയത്‌. എവിടെ! ഒന്നിനും ഒരു മാറ്റവും ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല.

ഈയിടെ ഒരു പ്രശസ്ത എഴുത്തുകാരന്‍ എഴുതിയത് വായിക്കാനിടയായത് അവളോര്‍ത്തു, തന്ത്രപൂര്‍വ്വം ഭരണം കയ്യിലെടുക്കാനായി സാക്ഷാല്‍ ശ്രീകൃഷ്ണഭഗവാനാണ് ജാതിവ്യവസ്ഥകള്‍ നമുക്കിടയില്‍ സൃഷ്ടിച്ചത് എന്ന്! കൃഷ്ണ കൃഷ്ണ!

2013, ഓഗസ്റ്റ് 22, വ്യാഴാഴ്‌ച

പളുങ്കുമണികള്‍


ഗോലികളി തകര്‍ത്തുകൊണ്ട് മുന്നേറുമ്പോഴായിരുന്നു അമ്മൂമ്മ മുറ്റത്തേക്ക് വന്നത്.

“അച്ചാറിടാന്‍ കുറച്ച് ചിനക്കാത്ത മാങ്ങ വേണംന്നാണ് പറഞ്ഞയച്ചത്, ചീഞ്ഞ മാങ്ങ തന്നു പറ്റിച്ചാല്‍ ബാക്ക്യുള്ളോര്‍ക്ക് കാഴ്ച്ച്യില്ലാണ്ടിരിക്ക്യാന്നാ വിചാരം!”.

സഞ്ചിയിലെ മാങ്ങകള്‍ ചീഞ്ഞതാണെന്ന് ഉറപ്പു വരുത്തിക്കൊണ്ട് അമ്മൂമ്മ പിറുപിറുത്തു.

“കുന്നത്ത് ശങ്കരന്‍റെ വീട് വരെ പോകണം വിവരം പറയാന്‍ , ഇനിയിത് മാറ്റി കിട്ട്വോ ആവോ”! കുട്ട്യോള് കൊണ്ട് പോയി നോക്കു” സന്ദേഹത്തോടെയാണ് അമ്മൂമ്മ സഞ്ചി നീട്ടിയത്.

കളിക്ക് വിഘ്നം വന്നതില്‍ ഖേദമുണ്ടായെങ്കിലും ചുറ്റിയടിക്കാനുള്ള അവസരമല്ലേ! ഞങ്ങള്‍ക്ക് അതൊരു ഘോഷയാത്രയായി. ബാലു, റോജന്‍ , കോവി, ഹേമ, നീതു, അയ്യപ്പന്‍ , ഞാന്‍… ഒരു ജാഥ പോകും പോലെ ഞങ്ങള്‍ വയല്‍വരമ്പത്തു കൂടി വരിവരിയായി നീങ്ങി. ഇളം വെയിലും കാറ്റും കിന്നാരം പറഞ്ഞുകൊണ്ട് ഞങ്ങളെ തഴുകി പോയി. വയലുകള്‍ക്കപ്പുറം കുന്നത്തെത്തുമ്പോള്‍ ആദ്യം കാണുന്ന ഓടിട്ട വീട്. അതാണ്‌ ലക്ഷ്യസ്ഥാനം.

ഏറ്റവും മുന്‍പില്‍ നടക്കുന്ന ബാലൂന്റെ തലയിലാണ് മാങ്ങ സഞ്ചി. അവനും എന്നെപ്പോലെ വേനലവധിക്ക് അമ്മവീട്ടില്‍ വിരുന്നു വന്നതാണ്. ഇല്ലാകഥകള്‍ ചമച്ച് അതിലെ ധീരനായകപ്പട്ടം സ്വമേധയാ നെറ്റിയില്‍ ചാര്‍ത്തി സായൂജ്യമടയുന്നത് ബാലുവിന്‍റെ ഒരു പരാധീനതയായിരുന്നു. തന്‍റെ വീരശൂര പരാക്രമങ്ങളുടെ കെട്ടഴിച്ചുവിളമ്പിക്കൊണ്ടാണ് ആ മഹാന്റെ വയല്‍ വരമ്പത്തു കൂടെയുള്ള നടപ്പ്.

“എന്‍റെ സ്കൂളിനടുത്തുള്ള കുറ്റിക്കാട്ടില്‍ ഒരു വലിയ വീപ്പയുണ്ട്. അതില്‍ നിറയെ ചാരായമാണ്. ആര്‍ക്കും അങ്ങോട്ട്‌ പോകാന്‍ ധൈര്യമില്ല്യ, പക്ഷേങ്കി ഞാന്‍ തനിച്ചു പോയി അതിലെ ചാരായമൊക്കെ എടുത്ത് കുംബാരന്മാര്‍ക്ക് കൊടുക്കും, ബാക്കിയുള്ളത് മണ്ണിലൊഴിച്ചു കളയും.”

ഒറ്റ ശ്വാസത്തില്‍ പറഞ്ഞുകൊണ്ട് ബാലു വരമ്പത്തുകൂടെ തിരിഞ്ഞു നോക്കാതെ നടന്നു.

ഒരു പത്തു വയസുകാരന്റെ വീമ്പ് പറച്ചില്‍ കേള്‍ക്കണേ!

അവനെ അനുഗമിക്കുന്ന ഞങ്ങള്‍ ഒരുമിച്ച് തിരിഞ്ഞു നിന്നു.

“മുത്തന്‍ നുണ! അവന്‍റെ വിചാരം നമ്മള്‍ വിശ്വസിച്ചൂന്നാണ്, ഹും!പെരും നുണയന്‍ !”. റോജന്‍ ഒരു മന്ദഹാസത്തോടെയാണത് പറഞ്ഞത്.

ഞങ്ങളുടെ മുറുമുറുപ്പ് കേട്ട് ബാലു തിരിഞ്ഞു നോക്കി.

“എന്താ?” കള്ളി വെളിച്ചത്തായോ എന്ന സംശയം ആ ചോദ്യത്തില്‍ നിഴലിച്ചു.

“വരമ്പത്ത് ഒരു ഞൌണിക്ക, ഞങ്ങള്‍ അതിനെ നോക്കിയതാണ്” ഒരേ സ്വരത്തില്‍ ഞങ്ങള്‍ പറഞ്ഞു.

“ഞൌനിക്കയുടെ വെളുത്ത മുട്ടകള്‍ കണ്ടാല്‍ എനിക്കറപ്പാണ്” കൂടുതല്‍ വിശ്വസനീയത വരുത്താന്‍ ഞാന്‍ കൂട്ടിച്ചേര്‍ത്തു.

അങ്ങനെ ഞങ്ങള്‍ തടി തപ്പും. അല്ലെങ്കില്‍ അവന്‍റെ മുട്ടന്‍ ഇടി സഹിക്കേണ്ടി വരുമെന്നത് നിശ്ചയമായ കാര്യമാണ്. 


കുറച്ചുകൂടി നടന്നാല്‍ കുന്നത്തുള്ള ആ വീടെത്തൂലോ. അതുവരെ സഹിക്കാതെ തരല്ല്യ.

വയലില്‍ കെട്ടികിടന്ന വെള്ളത്തില്‍  ഒരു പറ്റം കൊച്ചു പരലുകള്‍  വഴുതിക്കളിക്കുന്നത്  നോക്കി ഞങ്ങള്‍ അല്‍പ്പനേരം നിന്നു. വരമ്പുകള്‍ കടന്നുപോകുമ്പോള്‍ കണ്ടങ്ങളില്‍നിന്നും  കഴപൊട്ടി ഒഴുകുന്ന നല്ല കുളിര്‍മ്മയുള്ള വെള്ളം! കാലുകള്‍ നനച്ചപ്പോള്‍ എന്തൊരു തണുപ്പ്!

അധികം അകലെയല്ലാതെ , ഒരു വീടിന്‍റെ  ഉമ്മറത്തെ ചാരു കസേരയില്‍ പത്ര പാരായണത്തില്‍ മുഴുകി കിടക്കുന്ന  കാരണവരെ  കാണാറായപ്പോള്‍ ഞങ്ങള്‍ നെടുവീര്‍പ്പിട്ടു.

“ഇത് തന്ന്യാവും വീട്”.

ഞങ്ങളുടെ കലപില ശബ്ദം കേട്ടപ്പോള്‍ അദ്ദേഹം കറുത്ത ചതുരകൂടുള്ള കണ്ണാടിക്കു മുകളിലൂടെ കണ്ണുരുട്ടി നോക്കി.

സഞ്ചിയുമായി ഞങ്ങള്‍ നിന്നു പരുങ്ങി.

“എന്താത്?”

“മാങ്ങ ചീഞ്ഞൂന്നു പറയാന്‍ പറഞ്ഞു അമ്മൂമ്മ. ഇവിടന്നു മിനിഞ്ഞാന്ന് വാങ്ങീതാണ്‌”.

“കുട്ട്യോളെവിടുത്ത്യാ?”

“നടുവില്‍ത്തറ സൌദാമിനീടെ...........”

“ഓ.. മാങ്ങ ചീഞ്ഞ്വോ?”.

“സരോജിന്യേയ് പിള്ളേര്‍ക്ക് നല്ല മാങ്ങ കൊടുത്തയക്കു.”

പാടവരമ്പത്തൂടെ ജാഥയെ നയിച്ചുകൊണ്ട് തലയില്‍ മാങ്ങാ സഞ്ചിയേന്തി ബാലുവും പിന്നാലെ ഞങ്ങളും തിരിച്ചു നടന്നു.

“ഞാന്‍ വന്നില്ലായിരുന്നെങ്കില്‍ കാണാമായിരുന്നു! എന്‍റെ ഒറ്റ ഒരു നോട്ടത്തില്‍ ആ കാര്‍ന്നോര്‍ പതറി, അതാണ്‌ മാങ്ങ മാറ്റിക്കിട്ടിയത്!”

ബാലൂന്റെ വിടുവായത്തം ഞങ്ങള്‍ കേട്ടില്ലെന്നു നടിച്ചെങ്കിലും, ഭാവഭേദമില്ലാതെ  വമ്പന്‍ നുണകള്‍ പടച്ചു വിടുന്ന അവന്‍ അന്ന് പുതിയ നാമകരണത്തിനു വിധേയനായി. “ഗുണ്ടുബാലു”.

കളിക്കാന്‍ കൂടിയാലും ബാലു എപ്പോഴും തെറ്റിപിരിയും. ഇടക്കുണ്ടാവാറുള്ള ബല പ്രയോഗത്തില്‍ എപ്പോഴും അവനോടു തോല്‍വി സമ്മതിക്കേണ്ടിവരിക പതിവായിരുന്നു. അതുകൊണ്ട് റോജനോടായിരുന്നു എനിക്ക് കൂടുതല്‍ പ്രിയം.

കൈ കുമ്പിളില്‍ നിറച്ചു പിടിച്ച പല വര്‍ണ്ണങ്ങളിലുള്ള പളുങ്കു മണികളില്‍ റോജന്‍റെ നിഷ്കളങ്കമായ മുഖവും പ്രകൃതിയും ഒരുപോലെ പ്രതിഫലിക്കും. പളുങ്കുകള്‍ കൊണ്ടുള്ള രസികന്‍ ഗോലികളി അവനാണെന്നെ പഠിപ്പിച്ചത്. ഒരേ നിരയില്‍ കുഴിക്കുന്ന മൂന്നു കുഴികള്‍ , അതിലേക്കു വക്കന്‍ ഗോലി കൊണ്ട് തട്ടിയിടുന്ന ചെറിയ പളുങ്കു മണികള്‍ . കിലുകിലെ ശബ്ദമുണ്ടാക്കിക്കൊണ്ട് അവ കുഴിയിലേക്ക് തെന്നി വീഴുന്നതു നോക്കി ഞങ്ങള്‍ ആര്‍ത്തു വിളിക്കും. അത് കരച്ചിലായി മാറുന്നത് ഞൊടിയിടയിലായിരിക്കും. തോറ്റവര്‍ ചുരുട്ടിയ മുഷ്ടി മണ്ണില്‍ കുത്തിപടിക്കണം. ഉന്തി നില്‍ക്കുന്ന എല്ലുകളില്‍ പാഞ്ഞു വന്നു പതിക്കുന്ന പളുങ്കുകളില്‍ കണ്ണുനീര്‍ വീണു ചിതറും, വേദന കൊണ്ട് പുളയും. അതാണ്‌ തോറ്റവന്റെ ഗതി!

കുട്ടീം കോലും കളിക്കാന്‍ പഠിപ്പിച്ചതും റോജനാണ്. ഒരു കൊച്ചു കുഴിയുടെ മീതെ വിലങ്ങനെ വച്ചിരിക്കുന്ന ചെറിയ കോലിനെ കയ്യിലെ നീളന്‍ കോലുകൊണ്ട് ദൂരത്തേക്കു തെറിപ്പിക്കണം. ചിലപ്പോള്‍ ആ വടി തെറിച്ച് കണ്ണില്‍ വന്നു കൊള്ളും, അതാണ്‌ അമ്മൂമ്മക്കു ആ കളി അത്ര പിടിക്ക്യാത്തത്.

“കണ്ണും മൂക്കും കളയാത്ത വല്ല കളീം ഉണ്ടെങ്കില്‍ കളിച്ചാല്‍ മതി”


അമ്മൂമ്മ അതു പറയുന്നതോടെ കുട്ടീം കോലും കളിക്കു തിരശ്ശീല വീഴുകയായി.

പിന്നെ പുള്ളികുത്തി കളിയാണ്. എട്ടു പേരെ നാലു പേരുള്ള രണ്ടു വിഭാഗമാക്കും. വീടിന്‍റെ ഓരോ വശം ഓരോ വിഭാഗത്തിന് വീതിക്കും. പൂഴി മണല്‍ വാരി കയ്യിലെടുത്തു ഒളിച്ചിരുന്നു ഞങ്ങള്‍ പുള്ളികള്‍ കുത്തും. നിശ്ചയിച്ച സമയം  കഴിഞ്ഞാല്‍ “പുള്ളീം പുള്ളീം തീ പിടിച്ചേ...” എന്ന് പറഞ്ഞു കരഘോഷം മുഴക്കിക്കൊണ്ട് എതിരാളികളുടെ പുള്ളികള്‍ ഒന്നൊന്നായി മായ്ച്ചു തുടങ്ങും. കണ്ടു പിടിക്കാന്‍ പറ്റാത്ത പുള്ളികള്‍ എണ്ണി ആര്‍ക്കാണ് അധികം എന്ന് വച്ചാല്‍ അവര്‍ ജയിക്കും. തോറ്റ വിഭാഗത്തിനെ കൂക്കിവിളിച്ചു കൊണ്ട് വീടിനു ചുറ്റുമിട്ട് ഓടിക്കും. ആവേശം നിറഞ്ഞു നിന്നിരുന്ന കുട്ടിക്കാലം!.

പളുങ്കു മണികള്‍ കാണുമ്പോള്‍ റോജന്റെ അരുമയാര്‍ന്ന മുഖം ഇന്നും തെളിഞ്ഞു വരും. വിനയത്തില്‍ ചാലിച്ച ചിരിയുടെ ഒളിമങ്ങാത്ത, ഓമനത്തമുള്ള മുഖമുള്ള റോജന്‍ ഇന്ന് നിഴല്‍ വീണ ഒരു ഓര്‍മ്മ മാത്രമാണ്. പുഴയിലും, മണ്ണിലും മണലിലും, തൊടിയിലും നിറഞ്ഞു നിന്നിരുന്ന റോജന്‍ എനിക്ക് ഒരു കൊച്ചനുജനെ പോലെയായിരുന്നു.. പൊയ്പ്പോയ ഒഴിവുകാലങ്ങളെ കുറിച്ചുള്ള ഓര്‍മ്മകളില്‍ അവനിന്നൊരു ഉണങ്ങാത്ത മുറിവായി മാറുന്നു.

ഒരു ആഘോഷ വേളയില്‍ നെഞ്ചിലേക്ക് തെറിച്ചു വീണ  വൈദ്യുതി  കമ്പിയിലായിരുന്നു മരണം പതിയിരുന്നത്. ഇരുപതു വയസ്സ് തികച്ചില്ല.അതിനു മുന്‍പേ പോയി. റോജനില്ലാത്ത അമ്മാവന്‍റെ വീട്‌ ശൂന്യതയുടെ ഒരു കാവല്‍ക്കൊട്ടാരത്തെ അനുസ്മരിപ്പിക്കുമ്പോള്‍  ഒരു കാലം കൌതുകങ്ങളില്‍ ഇടം പിടിച്ച നിറമുള്ള പളുങ്കു മണികള്‍ ഇന്നലെകളുടെ നിറം വാര്‍ന്നു പോയ വിങ്ങലായിത്തീരുന്നു......!

2013, ഓഗസ്റ്റ് 17, ശനിയാഴ്‌ച

നിഴല്‍ പാമ്പുകള്‍



അമ്മാവന്‍റെ വീടിന്‍റെ തെക്കേ മുറ്റത്തോട് ചേര്‍ന്നു കിടക്കുന്ന തെങ്ങിന്‍ പറമ്പിന്‍റെ അറ്റത്താണ് ആ വലിയ പുഴ. പുഴമണ്ടയിലെ തെങ്ങുകള്‍ക്കെല്ലാം പുഴയിലേക്ക് ഒരു ചായ്‌വ് ഉണ്ട്. അതിലുണ്ടാകുന്ന കുരുടിച്ച തേങ്ങകള്‍ അധികവും പുഴയിലേക്ക് വീണൊഴുകി പോകും. നിശ്ചലമായ വെള്ളത്തിലേക്ക്‌ നോക്കിയാല്‍ തെങ്ങുകളുടെ നിഴലുകള്‍ കാണാം, വളഞ്ഞ പാമ്പുകള്‍ പോലെ. വെള്ളത്തിലുണ്ടാകുന്ന ചെറിയ ചലനങ്ങളില്‍ ആ പാമ്പുകള്‍ പുളഞ്ഞാടും. കോലോത്തും കുളത്തിന്‍റെ ആഴമില്ലാത്ത ഭാഗത്തു മാത്രം നീരാട്ടു നടത്തി ശീലിച്ച എനിക്ക് നിലയില്ലാത്ത, നീളമേറിയ, നിഗൂമായൊഴുകുന്ന ആ പുഴയെ പേടിയായിരുന്നു.

പുഴയിലേക്ക് വളഞ്ഞു ചാഞ്ഞു നില്‍ക്കുന്ന തെങ്ങുകളില്‍ അള്ളി പിടിച്ചു കയറുക എന്‍റെ ഒരു നേരം പോക്കായിരുന്നു. ആകാശത്തേക്ക് നോക്കികൊണ്ടാണ്‌ ഞാനതില്‍ കയറുക, താഴേക്കു നോക്കിയാല്‍ പുഴയില്‍ കാണുന്ന നിഴല്‍പാമ്പുകള്‍ എന്നെ കൊത്തുമോയെന്നു ഞാന്‍ ഭയപ്പെട്ടിരുന്നു. അമ്മൂമ്മ ഏറ്റവും അധികം എന്നെ ശകാരിച്ചിരുന്നത് ആ തെങ്ങു കയറ്റത്തിന്‍റെ പേരിലായിരുന്നു.

“കാലിടറി താഴേക്കു വീണാല്‍ ഒഴുക്കുള്ള പുഴയില്‍ മുങ്ങിത്താണ്‌ അവസാനം അങ്ങ് അറബിക്കടലിലെത്തും. നിന്‍റെ ഡാഡനോട് സമാധാനം പറയാന്‍ ഞാന്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യല്ല്യ”. തലയില്‍ കൈ വച്ചു അമ്മൂമ്മ ക്ഷോഭിതയാകും.

“ഇങ്ങടെറങ്ങി വാ,നിനക്കുള്ളത് ഞാന്‍ വച്ചിട്ടുണ്ട്”

അമ്മൂമ്മ അവിടെത്തെന്നെ നില്‍പ്പുണ്ടാകും.

താഴെ ഇറങ്ങിയാല്‍ അടി, ഇറങ്ങിയില്ലെങ്കില്‍ അറബിക്കടല്‍ !

ഞാന്‍ ത്രിശങ്കു വീഥിയിലെന്നപോലെയാവും.

“ഒരു മാസത്തെ സ്കൂളവധിക്കു നിര്‍ത്താന്‍ കൊണ്ട് വന്നതാണ്. ആ പെണ്ണിന് ഒരു സ്വൈര്യം കിട്ടിക്കോട്ടേന്നു വച്ചിട്ട്. ബാക്ക്യുള്ള രണ്ടെണ്ണത്തിനും അനുസരിക്കാന്‍ ഒരു കുഴപ്പോമില്ല്യ.”

ഒന്ന് രണ്ടു വര്‍ഷമായി അമ്മൂമ്മയോടൊപ്പം താമസിക്കുന്ന ചേച്ചീം കോവീം ഇതിനോടകം അമ്മൂമ്മയുടെ ശിക്ഷണത്തിനൊത്ത് തരപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്ന് വ്യക്തം.

ഞാന്‍ ഇറങ്ങാനുള്ള മട്ടില്ലെന്നു കാണുമ്പോള്‍ അമ്മൂമ്മ തെങ്ങോലയുടെ പട്ട ഒടിക്കാന്‍ തുടങ്ങും. അപ്പോള്‍ എന്‍റെ കാലുകളുടെ ശക്തിയെല്ലാം ചോര്‍ന്നു പോയി, ഞാന്‍ കരച്ചില്‍ തുടങ്ങും.

“ഞാന്‍ പറയും എന്‍റെ ഡാഡിയോട്, അമ്മൂമ്മ എന്നെ പട്ടവടി കൊണ്ട് തല്ലിയെന്ന്...”

തല്ലുന്നതിനു മുന്‍പുള്ള എന്‍റെ കരച്ചിലും എണ്ണിപ്പെറുക്കലും അമ്മൂമ്മയുടെ അരിശം കൂട്ടും.

“നിനക്ക് മാത്രം മിണ്ട്യാല്‍ തൊട്ടാല്‍ കരച്ചിലായി, അവള്‍ടൊരു ഡാഡനും കാടനും..”.

“എന്‍റെ അച്ഛനെ കാടനെന്നു വിളിച്ചൂന്ന് ഞാന്‍ പറഞ്ഞു കൊടുക്കും”.

ഞാനും വിട്ടുകൊടുക്കില്ല.

ബഹളം കേട്ട് മേമയെത്തും.

“അമ്മ പോയിക്കോളു, ഞാന്‍ അവളെ ഇറക്കിക്കൊണ്ട് വരാം”. മേമ തന്‍റെ ആത്മവിശ്വാസം പ്രകടിപ്പിക്കും.

“അമ്മൂമ്മ പൂവ്വാണ്ട് ഞാന്‍ ഇറങ്ങില്ല” ഞാന്‍ എന്‍റെ നിലപാടില്‍ വിറയലോടെ ഉറച്ചു നില്‍ക്കും.

അവസാനം അമ്മൂമ്മ പോകുമ്പോള്‍ ഞാന്‍ ഇറങ്ങി വരും, ശ്വാസമടക്കി മേമ കാത്തു നില്‍ക്കും.

“ഇനി ഇതുണ്ടായാല്‍ ഞാന്‍ വരില്ല്യ നിന്നെ രക്ഷിക്കാന്‍ , അമ്മൂമ്മയുടെ അടി മേടിക്ക്യാ നല്ലത്” മേമ നയം വ്യക്തമാക്കും.

അമിതമായി ഇടപെട്ടാല്‍ ചിലപ്പോള്‍ മേമക്കും കിട്ടും അമ്മൂമ്മയുടെ കയ്യീന്ന് അടി എന്നെനിക്കറിയാം. കല്ല്യാണ പ്രായമെത്തി നില്‍ക്ക്വാന്നു പറഞ്ഞിട്ടൊന്നും കാര്യല്ല്യ.

മേമ എന്നെ കുളിക്കടവിലേയ്ക്ക്‌   കൊണ്ട് പോകും.

കരയിലെ പുല്‍പ്പടര്‍പ്പില്‍ ഞാനിരിക്കും. ഇടത്തോട്ട് നോക്കിയാല്‍ അങ്ങകലെ നിന്നു പുഴ മദിച്ചൊഴുകി വരുന്നത് കാണാം. അക്കരെ കടവില്‍ രാഗിണി ചേച്ചീടെ വഞ്ചി നിശ്ചലമായി നിലകൊള്ളും. അയ്യപ്പഞ്ചേട്ടന്‍ വലിയ നീളമുള്ള കഴുക്കോല്‍ കുത്തി അകലേക്ക്‌ തുഴഞ്ഞ് പോകുന്നത് കാണാം.

ഓളത്തില്‍ മുങ്ങി പൊങ്ങി ഒന്ന് രണ്ടു കറുത്ത ആമകള്‍ ദൂരേനിന്നും ഒഴുകി വരും. ഞാന്‍ ആകാംക്ഷയോടെ കണ്ണെടുക്കാതെ നോക്കിയിരിക്കും, അടുത്തു വരുമ്പോള്‍ അത് തേങ്ങയാണെന്നു മനസ്സിലാവുമ്പോള്‍ എനിക്ക് നിരാശയാകും. ചിലപ്പോള്‍ , ഒരോ കുല പൂക്കളും അടക്കം പറഞ്ഞു കൊണ്ട് കടന്നു പോകും. കാണാമറയത്ത് എത്തും മുന്‍പേ ഒരു വേള അത് കൈതക്കാട്ടില്‍ നാണത്തോടെ തങ്ങി നില്‍ക്കും. കൈതപൂവിനോട് കുശലം പറയാനാവാം. വീണ്ടും തുടരുന്ന ആ യാത്രയില്‍ ഞാനുമൊരു കുഞ്ഞു പൂവായി മാറും. .

അഗാധമായ ഗര്‍ത്തങ്ങള്‍ ഒളിപ്പിച്ചുകൊണ്ട് ശാന്തമായി ഒഴുകുകയാണ് പുഴ. ആ പുഴയില്‍ മലര്‍ന്ന് കിടന്നു ആകാശം നോക്കിക്കൊണ്ട്‌ ഒഴുകാന്‍ , ഒഴുകിയൊഴുകി അങ്ങ് ദൂരെ അറബിക്കടല്‍ വരെ എത്താന്‍ എന്റെ മനസ്സ് കൊതിക്കാറുണ്ട്. പക്ഷേ, എങ്ങനെ? എനിക്ക് പുഴയിലെ നിഴല്‍ പാമ്പുകളെ പേടിയാണല്ലോ! കൂടാതെ അമ്മൂമ്മ പറഞ്ഞിട്ടുമുണ്ട്,

“വെള്ളത്തില്‍ നീരാളിയുണ്ട്, പിടിച്ചോണ്ട് പോകും” എന്ന്.

ആ പേടി മാറ്റി തന്നത് മേമയാണ്. രണ്ടു കയ്യും നീട്ടി മേമ വിളിക്കും,

“വാവ വാ... നീന്താന്‍ പഠിക്കണ്ടേ”?

“വേണ്ടാ, എനിക്ക് പേട്യാണ്” ഞാനൊരു വിളര്‍ച്ചയോടെപറയും.

ചേച്ചീം കോവീം നീന്തുന്നത് കണ്ടാല്‍ കൊതിയാവും. അപ്പോള്‍ ഞാനും പതിയേ ഇറങ്ങും വെള്ളത്തിലേക്ക്‌. മേമയുടെ കരങ്ങളില്‍ കമഴ്ന്നു കിടന്നു ഞാന്‍ കയ്യും കാലും അടിക്കാന്‍ പഠിച്ചു. അല്പം ധൈര്യം വന്നു തുടങ്ങിയപ്പോള്‍ ഞാന്‍ മേമയുടെ പുറത്തു കയറിയിരിക്കും, മേമ നീന്തും അക്കരേക്കും ഇക്കരേക്കും. മേമക്ക് ഒരു ക്ഷീണവുമില്ല്യ . കണ്ണിലും മൂക്കിലും വെള്ളം ചിന്നിച്ചിതറി എനിക്ക് ശ്വാസം നിലക്കും. എന്നാലും ഞാന്‍ പിടി വിടാതെ മേമയെ പറ്റിച്ചേര്‍ന്നു കിടക്കും.

മുങ്ങി തൊട്ടു കളിയില്‍ എന്നും ഞാന്‍ തോല്‍ക്കും, ചിലപ്പോ അവരെന്‍റെ തല മുക്കി പിടിക്കും. അപ്പോ മേമ രക്ഷകയാകും. ഒരിക്കല്‍ ഞാനൊരു അത്ഭുതക്കാഴ്ച കണ്ടു. എന്നെ കൊണ്ടു പോകാന്‍ അമ്മ വന്ന ദിവസമായിരുന്നു അത്. കഴുത്തില്‍ കുടുക്കകള്‍ കെട്ടി ഞാത്തിയിട്ടു കൊണ്ട് അമ്മയും മേമയും അമ്മൂമ്മയും പുഴയില്‍ മുങ്ങി താഴ്ന്നു. കുറെ കഴിഞ്ഞപ്പോള്‍ അവര്‍ പൊന്തി വന്നു.

“വെള്ളം കുറവായതുകൊണ്ട് ഇപ്പൊ മുങ്ങിത്തപ്പിയാല്‍ ഇഷ്ടംപോലെ കക്ക കിട്ടും” അമ്മ പറഞ്ഞു.

ആശ്ചര്യം മായാത്ത കണ്ണുകളോടെ ഞാന്‍ കണ്ടു, കുടുക്ക നിറയെ പല വലുപ്പത്തില്‍ ചിപ്പികള്‍ .

കരയില്‍ വച്ചിരുന്ന വലിയ ചെപ്പുകുടങ്ങളില്‍ അവര്‍ കുടുക്കയിലെ കക്കകള്‍ ചെരിഞ്ഞു, വീണ്ടും മുങ്ങിതാഴ്ന്നു.

“വാവയ്ക്കും പെറുക്കണോ കക്കകള്‍ ”? അമ്മ എന്നോട് ചോദിച്ചപ്പോള്‍ ഞാന്‍ തലയാട്ടി പറഞ്ഞു,

“വേണം”

എന്‍റെ കഴുത്തിലും ഒരു കുഞ്ഞികുടുക്ക ഞാത്തിയിട്ടു, അമ്മ എന്നെയും കൊണ്ട് മുങ്ങി. താഴെ ചെളിയില്‍ കാല്‍ വിരലുകള്‍ കൊണ്ട് പരതിയെ ടുത്ത കക്കകള്‍ അമ്മ എന്‍റെ കയ്യില്‍ വച്ചു തന്നിട്ട് പറഞ്ഞു,

“വാവേടെ കുടുക്കയില്‍ ഇട്ടോളൂ”. എനിക്ക് സന്തോഷമായി.

അമ്മക്ക് നിറയെ കക്കകള്‍ കിട്ടുന്നതെങ്ങന്യാ... ഞാന്‍ അതിശയിച്ചു. ഏറെ ശ്രമിച്ച ശേഷം ഒന്ന് രണ്ടെണ്ണം എന്‍റെ വിരലുകള്‍ക്കിടയിലും തടഞ്ഞു നിന്നു. ഞാനവയെ കയ്യിലെടുത്തു, കരയിലേക്ക് നടന്നു. അവ  ഒരു വിശറി പോലെ വായ്‌ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നു. എനിക്ക് സങ്കടം വന്നു. ഞാനവയെ വെള്ളത്തിലേക്കിട്ടു. പടിഞ്ഞാറന്‍ കാറ്റിന്‍റെ കുളിരേറ്റു വാങ്ങി പുഴയിലെ ഓളങ്ങള്‍ നോക്കി ഞാന്‍ ഇരുന്നു. ആഴമില്ലാത്ത വെള്ളത്തില്‍ ആകൃതി നഷ്ടപ്പെട്ട നിഴല്‍ പാമ്പുകള്‍ കെട്ട് പിണയുന്നു.

ഞാന്‍ അങ്കലാപ്പോടെ അമ്മയെ കാത്തിരുന്നു. ചെപ്പുകുടങ്ങള്‍ നിറഞ്ഞു കവിഞ്ഞു. എന്റെ അമ്മ മാത്രം വന്നില്ല. പുഴയുടെ അന്തരാളങ്ങളില്‍ നീരാളികളുടെയും നിഴല്‍ പാമ്പുകളുടെയും പിടിയില്‍ പെട്ടുഴലുകയാണോ എന്‍റെ അമ്മ...?

വരില്ലേ അമ്മേ..ഇനിയൊരിക്കലും തിരിച്ചു വരില്ലേ...

അങ്ങു ദൂരെ അറബിക്കടലിന്‍റെ അടിത്തട്ടിലെ നീലിച്ച നിഗൂഢതകളിലേക്ക് നിഴല്‍ പാമ്പുകള്‍ക്കൊപ്പം അമ്മ ഒഴുകി മറഞ്ഞത് എന്നെ തനിച്ചാക്കുവാനോ?.....

ചെപ്പുകുടങ്ങളിലെ ചിപ്പികള്‍ കരയില്‍ ജീവസ്സറ്റു വീണു, ചിലത് മാത്രം  വായ്‌ പിളരുകയും  പിന്നെ പതിയേ  അടയ്ക്കുകയും ചെയ്തു.

ആകാശത്തിലെ നക്ഷത്രങ്ങള്‍



പിച്ചും പേയും പോലെ എന്തൊക്കെയോ ഉച്ചരിച്ചുകൊണ്ടേയിരിക്കുന്നുണ്ട് പാട്ട്യമ്മൂമ്മ.

“കാളിപ്ച്ച കോതപ്ച്ച ഹെംക്ഷ”.....

ഒന്നും പക്ഷേ വ്യക്തമല്ല. ശരീരം ചെറുതായി ഇളകുന്നുമുണ്ട്. ഇടയ്ക്കിടെ വിചിത്രമായ ശബ്ദത്തിന്‍റെ അകമ്പടിയോടെ പുറപ്പെടുന്ന കോട്ടുവായും അവരുടെ കണ്‍പോളകളുടെ വിടവിലൂടെ കാണുമാറാകുന്ന മേലോട്ടു മറിഞ്ഞ കൃഷ്ണമണികളും എന്നില്‍ ഭയമുളവാക്കി.

തള്ളവിരലും നടുവിരലും കൂട്ടിയുരസി ഞൊടിച്ചുക്കൊണ്ട് ചേച്ചീടെ തലയ്ക്കു ചുറ്റും ഉഴിയുകയാണ്. ചേച്ചിയെ ഒരു മുട്ടിപ്പലകയില്‍ ചമ്രം പിണച്ചിരുത്തീട്ടുണ്ട്. തലകുനിച്ച് ദുഖത്തോടെയുള്ള ആ ഇരിപ്പില്‍ അതൃപ്തിയും അസ്വസ്ഥതയും പ്രകടം.

“കൊറച്ച് കടുകും മുളകൂം ഉപ്പും കൂടി ആവശ്യണ്ട്”.

കണ്ണ് തുറക്കാതെത്തന്നെ അവര്‍ പറയുമ്പോള്‍ നീട്ടി പിടിച്ച കയ്യിലേക്ക് എന്‍റെ അമ്മൂമ്മ അതൊക്കെ കൊടുക്കും. എന്നിട്ട് വ്യാകുലതയോടെ അടുത്തു നില്‍ക്കും. അമ്മൂമ്മയുടെ വിയര്‍പ്പില്‍ കുളിച്ച നെറ്റിയില്‍ അപ്പോള്‍ നാലഞ്ചു ചുളിവിന്‍റെ പാടുകള്‍ തെളിയും.

പാട്ട്യമ്മൂമ്മ ഒരു പ്രത്യേക സ്വരത്തോടെ ശ്വാസം ഉള്ളിലേക്കെടുക്കും. കയ്യിലുള്ള മൂന്നു കൂട്ടം സാധനങ്ങള്‍ ചേച്ചീടെ തലയ്ക്കു ചുറ്റും മൂന്നു പ്രാവശ്യം ഉഴിഞ്ഞശേഷം അടുപ്പിലെ കനലില്‍ കൊണ്ടിട്ട് “ധൂ ധൂ” എന്ന് പുറത്തേക്കു തുപ്പും. അടുപ്പിലെ പൊട്ടല്‍ അവസാനിക്കുമ്പോള്‍ ആ പുക കൈകൊണ്ട് ചുറ്റിയെടുത്തു ചേച്ചീടെ ദേഹമാകെ ഉഴിയും.

ഇത് അവധിക്കാലത്ത്‌ അമ്മാവന്‍റെ വീട്ടില്‍ ചെല്ലുമ്പോള്‍ ഞാന്‍ കണ്ടിരുന്ന ഒരു പതിവ് കാഴ്ച.

വാതിലിന്‍റെ മറവില്‍ നിന്നുകൊണ്ട് ,കാതുകളും കണ്ണുകളും കൂര്‍പ്പിച്ചു ശ്രദ്ധിക്കുമെങ്കിലും എനിക്കാ മന്ത്രത്തിന്‍റെ പൊരുള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.

എന്നാല്‍ , അറിയാമായിരുന്ന ഒരു കാര്യം ഉണ്ടായിരുന്നു.

ചേച്ചീടെ പരീക്ഷാകടലാസ്സുകള്‍ എല്ലാം കിട്ടികഴിയുമ്പോഴാണ് ഈ ചടങ്ങ് അവിടെ അരങ്ങേറുക പതിവുള്ളത്. ആറു, അഞ്ച്, പതിനൊന്ന്... മാര്‍ക്കുകളുടെ നിരയാണ്. അമ്പതിലാണ് മാര്‍ക്ക്. കഴിഞ്ഞ കൊല്ലം വരെ നല്ല മാര്‍ക്കോടെ ജയിച്ചു പോന്നിരുന്നതാണ്. അമ്മാവന്റെ വീട്ടില്‍ നിന്നു പഠിക്കാന്‍ തുടങ്ങിയത്തിനു ശേഷം കളിച്ചു മദിച്ചു നടക്കണമെന്ന ജ്വരം മാത്രം. പഠിപ്പ് സ്വാഹ!

“ഡാഡന്‍ അറിഞ്ഞാല്‍ എന്നെ വച്ചേക്കില്ല്യ”.

അമ്മൂമ്മ ഡാഡന്‍ എന്ന് വിളിക്കുന്നത്‌ എന്‍റെ അച്ഛനെയാണ്. അമ്മൂമ്മക്ക്‌ കൊമ്പന്‍ മീശയുള്ള എന്‍റെ അച്ഛനെ പേടിയുമാണ്. വലിയച്ഛന്‍മാരുടെ വീടുകളില്‍ പോയി സന്ധ്യക്ക്‌ മുന്‍പേ മടങ്ങുക എന്നതൊഴിച്ചാല്‍ ഞങ്ങളെ എങ്ങോട്ടും പാര്‍ക്കാന്‍ വിടുന്നത് അച്ഛനു ഇഷ്ടമുള്ള കാര്യമായിരുന്നില്ല. അച്ഛന്റെ അനിഷ്‌ടത്തോടെ, അമ്മയുടെ മാത്രം നിര്‍ബന്ധത്തിനാണ് എന്റെ രണ്ടു സഹോദരിമാരെയും അമ്മൂമ്മയുടെ കൂടെനിര്‍ത്തി പഠിക്കാനയച്ചത്. അമ്മയുടെ ആരോഗ്യ സ്ഥിതി മോശമായതാണ് കാരണം. എന്നെയും അയക്കാന്‍ അമ്മ ഒരു വിഫല ശ്രമം നടത്തി. വിവരം ഗ്രഹിച്ച ഞാന്‍ അലറി വിളിച്ചു കരഞ്ഞുകൊണ്ടേയിരുന്നു, “എന്നെ പറഞ്ഞയക്കല്ലേ അമ്മേ”..എന്ന് പറഞ്ഞ്, ശ്വാസമില്ലാതെ നിലവിളിച്ചു. അങ്ങനെ ഞാന്‍ രക്ഷപ്പെട്ടു. കൂടെ കൈകുഞ്ഞായതിനാല്‍ കിളി എന്ന് ചെല്ലപ്പേരുള്ള എന്‍റെ കൊച്ചന്യേത്തീം. നറുക്ക് വീണത്‌ എന്റെ ചേച്ചിക്കും പിന്നെ കോവിക്കും.

വേനല്‍ അവധിയായാല്‍ അമ്മ എന്നെയും കൊണ്ട് ബസ്സില്‍ കയറി പോകും അവരെ കാണാന്‍ . തൃശ്ശൂര് ചെല്ലുമ്പോള്‍ പുതിയ ഉടുപ്പുകള്‍ വാങ്ങും, എനിക്കും അവര്‍ക്കും. ഒരിക്കല്‍ നാരങ്ങാ മഞ്ഞയില്‍ നിറയെ വര്‍ണ്ണ ചിറകുകളുള്ള കൊച്ചുചിത്ര ശലഭങ്ങള്‍ പാറുന്ന ഒരു ഉടുപ്പ് വാങ്ങിത്തന്നു. പിന്നില്‍ കെട്ടുള്ള, ആ ഉടുപ്പിടുമ്പോഴൊക്കെ ഞാനൊരു ചിത്രശലഭമായി മാറുന്ന പോലെ തോന്നുമായിരുന്നു.

തൃശൂരുന്നു വേറെ ബസ്സ്‌ കയറിവേണം ചിറക്കലെത്താന്‍ . ചിലപ്പോള്‍ ബസ്സില്‍ ഇരുന്നുകൊണ്ടുതന്നെ അമ്മ എന്നെ പുതിയ ഉടുപ്പ് അണിയിക്കും. പുതിയ ഉടുപ്പണിഞ്ഞു എന്നെ അവര്‍ കാണാന്‍ പോകുന്നതാലോചിച്ച് ഞാന്‍ ആഹ്ലാദവദിയാകും. പക്ഷേ  ഉച്ചയോടെ, അമ്മാവന്‍റെ വീടിന്‍റെ സ്റ്റോപ്പില്‍ , ചിറക്കല്‍ , ബസ്സ്‌ ഇറങ്ങി നടക്കാന്‍ തുടങ്ങുമ്പോള്‍ മുതല്‍ എന്‍റെ മനസ്സ് ഭീതിദമാകും. വഴിയില്‍ കാണുന്ന പരിചിത മുഖങ്ങളോട് ചിരിച്ചും കുശലമന്വേഷിച്ചും അമ്മ എന്റെ കൈ പിടിച്ചു നടക്കും. വീട് അടുക്കുന്തോറും എന്‍റെ അസ്വസ്ഥത കൂടി വരും. എന്റെ വീട് പോലെ വല്ല്യ വീടല്ലെന്നു മാത്രല്ല, അവിടത്തെ ജീവിതവും എന്റെ വീട്ടിലേതില്‍ നിന്നും തുലോം വ്യത്യസ്തമായിരുന്നു..

“വര്വാ, വര്വാ , എന്താ ഇത്ര വൈകീത്‌? വെയിലത്ത് നിന്നും കയറിവര്വല്ലേ, വേഗം ക്ഷീണം മാറ്റി ഭക്ഷണം കഴിക്കു”, അമ്മൂമ്മ തിരക്ക് കൂട്ടും.

എനിക്ക് അമ്മൂമ്മയെ പേട്യായിരുന്നു. മേമയെ കാണുമ്പോള്‍ മാത്രമേ കുറച്ചെങ്കിലും സമാധാനം തോന്നിയിരുന്നുള്ളൂ.

ചേച്ചീം കോവീം ഓടി വരുമ്പോള്‍ അമ്മ അവരെ ചേര്‍ത്ത് പിടിക്കും. പുതിയ ഉടുപ്പിന്‍റെ പ്രൌഡിയില്‍ ഞാനവരോട് ഗമ കാണിച്ചു നില്‍ക്കുമ്പോള്‍ അമ്മ പറയും,

“നിങ്ങള്‍ക്കും വാങ്ങീട്ടുണ്ട്, പാകണ്ടോന്നു നോക്കു”.

ഊണ് കഴിഞ്ഞാല്‍ അമ്മ വടക്കേതിലെ വലിയച്ഛന്റെ വീട്ടില്‍ പോകും, അവിടെ അമ്മയുടെ സമപ്രായക്കാരുണ്ട്, ഇറയത്തെ തൂണും  ചാരി അവരോടു വര്‍ത്തമാനം പറഞ്ഞിരിക്കും. അമ്മേടെ സാരിത്തലപ്പു വിടാതെ തിരുപ്പിടിച്ചുകൊണ്ട്‌ ഞാന്‍ നില്‍ക്കും. കളിക്കാന്‍ പോലും പോകാതെ. പിന്നെ എപ്പോഴെങ്കിലും ഉറങ്ങിപോയിട്ടുണ്ടാകും.

ഉണര്‍ന്നു നോക്കുമ്പോള്‍ അമ്മയെ കാണാതെ ഞാന്‍ ചങ്കു പൊട്ടി കരയും. അപ്പോഴേക്കും അമ്മ എന്നെ തനിച്ചാക്കി മടങ്ങിയിട്ടുണ്ടാവും.

ഇന്നും മറക്കാന്‍ പറ്റില്ല.. ആ മനോവേദന! എന്‍റെ ദേഹത്ത് ആരോ വലിയൊരു കരിങ്കല്ല് കെട്ടിത്തൂക്കി ആഴമുള്ള പുഴയില്‍ മുക്കിയിട്ടപോലെ, ദുഖത്തിന്റെ കയങ്ങളില്‍ കൈകാലുകള്‍ ഇട്ടടിക്കുന്ന പ്രാണവേദന!

“വിളക്ക് തെളിയിച്ചു, വന്നിരുന്നു പ്രാര്‍ത്ഥിക്കു മക്കളേ” അമ്മൂമ്മ മയത്തില്‍ പറയും.

വെളിച്ചം വാര്‍ന്ന മുറ്റത്തേക്ക് നോക്കി ഞാന്‍ വാവിട്ടു കരഞ്ഞുകൊണ്ടേ യിരിക്കും..

മണിക്കൂറുകളോളം അമ്മേ...അമ്മേ എന്ന് വിളിച്ച് ഞാന്‍ എങ്ങലടിക്കുന്നതും ശ്രവിച്ചുകൊണ്ട്‌ ചേച്ചീം കോവീം അടുത്തിരിക്കും.

“ഇങ്ങനെ കരഞ്ഞോണ്ടിരുന്നാല്‍ അമ്മക്കാണ് ഉവ്വാവു വര്വാ. വന്നു ഊണ് കഴിക്കു.” അമ്മൂമ്മ അക്ഷമയാകും.

“എനിക്ക് വേണ്ടാ....” ഞാന്‍ പിന്നെയും കണ്ണീരില്‍ മുങ്ങും.

അപ്പോള്‍ അമ്മൂമ്മയുടെ സ്വരത്തിന് മൂര്‍ച്ച കൂടി വരും.ചെവിയില്‍ വണ്ട്‌ തുളച്ചു കയറുന്ന പോലെ..

രാത്രിയാകുമ്പോഴേക്കും അമ്മാവന്മാര്‍ വരും. ആറടിയോളം ഉയരമുള്ള രണ്ടു അമ്മാവന്മാരേയും എനിക്ക് പേടിയാണ്.

എത്ര നിര്‍ബന്ധിച്ചിട്ടും ഞാന്‍ ഉണ്ണാതാകുമ്പോള്‍ മുറ്റത്തിറങ്ങി അവരില്‍ ഒരാള്‍ വേലിയില്‍ നില്‍ക്കുന്ന ശീമകൊന്നയുടെ വടിയൊടിക്കും. മേമ സ്നേഹത്തോടെ ഉരുളകള്‍ ഉരുട്ടി എനിക്ക് വായില്‍ വച്ചു തരുമ്പോള്‍ വിശപ്പില്ലെങ്കിലും അടി പേടിച്ച് ഞാനത് ഉണ്ണും.

രാത്രി കിടക്കും മുന്‍പ് മേമ മുടി മുഴുവനും മുകളിലേക്ക് ഈരി ഒരു റിബണ്‍ കൊണ്ട് മത്തങ്ങാ കെട്ട് കെട്ടിതരും. അപ്പോഴും ഞാന്‍ മ്ലാനവദനയായിത്തന്നെ ഇരിക്കും. കോണിയകത്തു കറുത്ത് മിനുസമുള്ള നിലത്ത്, പായും, അതിനു മീതെ കിടക്കയും തണുത്ത വിരിയും വിരിക്കും. അതില്‍ കിടക്കുമ്പോഴുള്ള ആ തണുപ്പ് എനിക്ക് ഇമ്മിണി ഇഷ്ടായിരുന്നു. വെളിച്ചം അണച്ചാല്‍ എനിക്ക് സങ്കടം ആര്‍ത്തിരമ്പി വരും. ഞാന്‍ പിന്നെയും കരഞ്ഞു തളരും. എല്ലാവരും ഉറങ്ങിക്കഴിയുമ്പോള്‍ ഞാന്‍ മുറിയുടെ മൂലയില്‍ വച്ചിട്ടുള്ള, നേര്‍ത്ത അഴികളില്‍ കറുത്ത ചായം പൂശിയ പങ്ക തിരിയുന്ന ശബ്ദം കാതോര്‍ത്തു കിടക്കും. നിശബ്ദതയില്‍ ആ മൂളല്‍ എനിക്ക് താളമാകുമ്പോള്‍ ഞാന്‍ പതിയേ ഉറങ്ങിപോകും.

ഒരു ദിവസം രാത്രി അമ്മാവന്‍ ഞങ്ങളെ അടുത്തുള്ള ഒരു ടാക്കീസില്‍ സിനിമക്ക് കൊണ്ട് പോയി. “അപരാധി” എന്ന പടത്തിന്.

“തുമ്പീ തുമ്പീ തുള്ളാന്‍ വായോ...ചെമ്പകപ്പൂക്കള്‍ നുള്ളാന്‍ വായോ..”

തിരശീലയില്‍ പാട്ടിന്റെ ദൃശ്യങ്ങള്‍ തെളിഞ്ഞപ്പോള്‍ എനിക്കെന്റെ അമ്മയെ ഓര്‍മ്മ വന്നു. ഞാന്‍ ഉച്ചത്തില്‍ കരഞ്ഞു. അമ്മാവന്‍ എന്നെ പുറത്തേക്കു കൊണ്ട് പോയി, മധുര പലഹാരങ്ങള്‍ വാങ്ങി തന്നു, പക്ഷേ എന്റെ കരച്ചില്‍ ശമിച്ചില്ല. അന്നും ഞാന്‍ കണ്ണീരില്‍ നനഞ്ഞുറങ്ങി.

കുട്ട്യോള്‍ടെ കരച്ചിലല്ലേ, കുറച്ചു കഴിഞ്ഞാല്‍ മാറിക്കോളും എന്നാവും അവര്‍ വിചാരിച്ചിരിക്കുക. എന്‍റെ കുഞ്ഞു മനസ്സില്‍ അമ്മയെ വിട്ടുനില്‍ക്കുംമ്പോഴുണ്ടായ വേദന എത്ര തീവ്രമായിരുന്നു എന്ന് ആരും മനസ്സിലാക്കിയില്ല, എന്‍റെ അമ്മ പോലും.

പലനാളുകള്‍ കഴിയുമ്പോള്‍ , ഞാന്‍ ചേച്ചീം കോവീം മറ്റുള്ള കുട്ട്യോളും ഒക്കെയായി കളികളില്‍ ഏര്‍പ്പെട്ടു തുടങ്ങും. എങ്കിലും എല്ലാ ദിവസവും ഞാന്‍ പ്രത്യാശയോടെ നോക്കിയിരിക്കും, എന്റെ അമ്മ പടി കടന്ന് വന്ന് എന്നെ കൊണ്ടുപോകുന്നതെന്നാണ് !.

ഒടുവില്‍ ഒരു ദിവസം അമ്മ എത്തും. അന്നെന്റെ മനസ്സില്‍ സന്തോഷത്തിര തല്ലും. ഒട്ടുമേ സന്താപമോ സന്ദേഹമോ ഇല്ലാതെ ഞാന്‍ അമ്മയുടെ കൂടെ തിരിച്ചു പോകുന്നത് ചേച്ചീം കോവീം നിര്‍വികാരരായി നോക്കി നില്‍ക്കും.

പിരിയും മുന്‍പേ ചേച്ചി എന്‍റെ കാതില്‍ പറയും,

“എന്നും രാത്രി എട്ടുമണിക്ക് നീ മാനത്തെ നക്ഷത്രങ്ങളെ നോക്കി ഇരിക്കണം, ആ സമയത്ത് ഇവിടെയിരുന്നു ഞാനും നോക്കുന്നുണ്ടാകും. അപ്പോള്‍ നീ അടുത്തുണ്ടെന്ന ഒരു തോന്നലുണ്ടാവും എനിക്ക്....”