2018, ജൂലൈ 31, ചൊവ്വാഴ്ച

എന്‍പ്രിയ ബാല്യമേ !



"അമ്മേ ഇത്തവണ എനിക്ക് അമ്മേടെ തറവാട്ടില്‍ കുറേ നാൾ പാർക്കണം. അവിടത്തെ മഴ നനയണം, പശുമ്പകളെ തൊടണം. കോഴിബാബകൾടെ പിന്നാലെ ഓടണം. അമ്മ പറയാറുള്ള കുളം കാണണം, അതിൽ നീന്തണം..അരുവിയിൽ മീമി പിടിയ്ക്കണം.. "



എന്റെ ബാല്യം അപ്പാടെ തലയിലേറ്റി നടക്കുന്ന പാവം കുട്ടി.. ഉണ്ണാനും ഉറങ്ങാനും ചിരിക്കാനും കരയാനും അവൾക്കെന്റെ ബാല്യകാലകഥകൾ മതി. 



ഇപ്രാവശ്യം എന്തായാലും എല്ലാം കാണിച്ചു കൊടുക്കാമെന്നും ആരുമില്ലാതെ അടച്ചിട്ടിരിക്കുന്ന വീട് വൃത്തിയാക്കി അതിൽ താമസിക്കാമെന്നും ഞാൻ മോൾക്ക് വാക്കു കൊടുത്തിരുന്നു. 

വീടിന്റെ പടിഞ്ഞാറേ പറമ്പിന്റെയറ്റം ചെന്നു മുട്ടുന്നത് കോലോത്തും കുളത്തിലേക്കുള്ള, വളരെ കുറച്ചു ദൂരം മാത്രമുള്ള ഇടുങ്ങിയ വഴിയിലേയ്ക്കാണ്. 

"കോവിലകത്തെ കുളം " ലോപിച്ചാണ് "കോലോത്തുംകുളം" ഉണ്ടാകുന്നത്. കോവിലകത്തുകാരുടെ പറമ്പുംകുളവുമടക്കം മുതുമുത്തച്ഛൻമാരുടെ കാലത്ത് വാങ്ങിയതാണെന്നാണ് കേട്ടുകേൾവി . 

എന്റെ ഓർമച്ചെപ്പിലെ മുത്തുകളിലൊന്നാണത്. 

ഓർമ്മിക്കാനാവുന്ന കാലം മുതൽ അച്ഛമ്മേടെ ഒപ്പം കുളത്തിലെ ഓളങ്ങളിൽ, ആഴങ്ങളിൽ മലക്കം മറിയാനും ഗിരിജേച്ചീടെ കൂടെ നല്ല കുട്ടിയായി , കരയിൽ നിന്നധികം നീങ്ങിപ്പോകാതെ കുളിച്ചു കയറാനുമുള്ള ഞങ്ങള്‍ടെ സ്വന്തം പച്ചക്കുളം. 

തട്ടുകളായി തിരിച്ച വീട്ടുവളപ്പിന്‍റെ വേലിപ്പത്തലിൽ നിന്നും പറിച്ചും ഒടിച്ചുമെടുക്കുന്ന പാടത്താളി,വെള്ളിലം ,നീരോലിത്താളി ഇവയിലേതെങ്കിലും, കുളത്തിലെ വെള്ളത്തിനെയും വെട്ടിച്ച് തലയുയർത്തി നിന്നിരുന്ന വലിയ പാറക്കല്ലിലിട്ട് ഉരച്ച് നീരെടുത്ത് തലയിൽ തേച്ചുള്ള നീരാട്ട്.. ചുവന്ന തൊണ്ടിപ്പഴം നിറഞ്ഞ മരത്തിലേക്കുള്ള വലിഞ്ഞുകയറ്റം, കൈതോലകൾക്കിടയിൽ പങ്ങിയിരിക്കുന്ന കുണുങ്ങുന്ന കുളക്കോഴികൾക്കായുള്ള തിരച്ചിൽ.. 

ഞാനെന്‍റെ മണിച്ചെപ്പില്‍ സൂക്ഷിക്കുന്ന കൈതപ്പൂവുകള്‍.. 

മോളേയും കൂട്ടി, കുളത്തിലേക്കുള്ള കാടും പടലും പിടിച്ച വഴികളിലൂടെ നടന്നാണ് തുടങ്ങിയതെങ്കിലും പിന്നീടത്‌ 

ആകാംക്ഷയോടെയുള്ള ഓട്ടമായി മാറുകയായിരുന്നു..എന്നേക്കാള്‍ ധൃതിയായിരുന്നു മോള്‍ക്ക്. 

കുളക്കരയിലെത്തിയതും,ഞങ്ങള്‍ ആനന്ദനിർവൃതിയിൽ കുറേനേരമങ്ങനെ നോക്കിനിന്നു പോയി.. 

ദൈവീകമായൊരു സ്ഥലത്ത്,നൂറ്റാണ്ടുകള്‍ക്കു മുന്‍പുള്ളൊരു കാലത്ത്, എത്തിയ പ്രതീതി! ധ്യാനത്തില്‍ നിന്നും ഉണര്‍ത്തിക്കൊണ്ട്, ഓര്‍മകളുടെ നിലവിളിയുമായി ആരൊക്കെയോ അടുത്തെത്തുന്നതറിഞ്ഞു. 

"മഴവെള്ളം നെറഞ്ഞ് കൊളം നീലനെറായി കെടക്ക്വാര്‍ന്നു, . രണ്ടു ദൂസത്തെ തോർച്ചേല് പിന്ന്യേം പച്ചനെറായതാ . ആരും കുളിക്കാറില്ല ഇതിലിപ്പോ. വേനക്കാലത്ത് ഞാനെന്‍റെ പോത്തോ ളെ എര്‍ക്കും. " പോത്തുകളെ മേയ്ച്ച് കരയ്ക്ക് നിന്നിരുന്ന ചേട്ടൻ പറഞ്ഞു. 

ധൃതി പിടിച്ച് ചുറ്റിനും പരതിയ കണ്ണുകളിൽ തൊണ്ടിപ്പഴത്തിന്റെ മരമുടക്കിയില്ല, ഇത്രേം വർഷങ്ങളായില്ലേ.. കടയറ്റു പോയിക്കാണും.

കുളക്കരയിൽ സ്ഥിരതാമസമുറപ്പിച്ചിരുന്ന, ഒരുപാട് അലക്ക് കൊണ്ട, മുകൾ ഭാഗമല്പം മാത്രം പരന്ന ഉരുളൻ പാറയും കാണാനില്ല, വെള്ളത്തിൽ മുങ്ങിപ്പോയിരിക്കാം. കടവുപോലും മൂടിപ്പോയിരിക്കുന്നു.!കൈതക്കാടുകൾ അതുപോലെയുണ്ട്.. കുളക്കോഴികൾ ധ്യാനത്തിലാവണം, ഒന്നിനെയും പുറത്തു കാണാനില്ല.

കുളത്തിന് നടുവിൽ വലിയൊരു കുംഭം നിധി കുഴിച്ചിട്ടിട്ടുണ്ടെന്നുള്ള കേട്ടു തഴമ്പിച്ച കഥകളോർത്തു .. എന്നെങ്കിലുമൊരിയ്ക്കൽ കുളത്തിൽ നിന്നും സുന്ദരിയായ ജലദേവത പൊന്തി വന്ന് "വത്സേ പറയു നിനക്കെന്ത് വരമാണ് വേണ്ടത് " എന്ന് ചോദിക്കുമെന്ന് മോഹിച്ചിരുന്ന വാവക്കുട്ടി അക്കരെയിരുന്നു ഇക്കിളിയിട്ട പോലെ ചിരിച്ചു.

"അമ്മേ ഞാനീ കുളത്തിലൊന്നിറങ്ങട്ടെ ?"

"വേണ്ട മോളൂ .. എവിടെയാണ് നിരപ്പ് എവിടെയാണ് ചതുപ്പെന്നറിയില്ല, അപകടമാണ്. കേട്ടില്ല്യേ , കുറേക്കാലമായി ഇതിലാരും കുളിക്കാറില്ലെന്ന്.പോരാത്തേന് പോത്തും.! " 

ചിണുങ്ങിക്കൊണ്ടോടിയ മകൾ അരികിലുള്ള വയലിലെ നീർച്ചാലിലേക്കിറങ്ങി. തടുത്തില്ല.. ഇറങ്ങട്ടെ, ചേറും മണ്ണും ചെളിയും കാലിൽ പറ്റട്ടെ. എന്‍റെ കുട്ടിക്കാലം അവളിലും നിറയട്ടെ.

കുറച്ചൊഴുകിയ ശേഷം നീര്‍ച്ചാല്‍ ചെന്നുചേരുന്നത് പാറയ്ക്കലാണ്. അവിടെയെത്തുമ്പോൾ മുളങ്കാടുകൾക്കിടയിലൂടെ, ചെറിയൊരു കുറ്റിക്കാടിന്റെ തണലിലൂടെ വീതിവച്ചൊഴുകും ഈ നീർച്ചോല. വലിയൊരു പാറക്കൂട്ടവുമുണ്ടവിടെ - അങ്ങനെയാണ് അരുവിയ്ക്ക് പാറയ്ക്കലരുവിയെന്ന പേരു വീണത്. ചെറിയ ആഴമുള്ള കുഴികളിൽ സദാ ചെറുമീനുകളുടെ ചാഞ്ചാട്ടമാണ്. ഈരിഴത്തോർത്തിൽ അവയെ പിടിച്ച് കുപ്പിയിലെ വെള്ളത്തിലാക്കി പൂതി തീരുമ്പോൾ അരുവിയിലേക്കു തന്നെ ഒഴുക്കിവിടും, തിരികേ വിടുമ്പോള്‍ പിടഞ്ഞുകൊണ്ടോടുമാ തങ്കമീനുകള്‍..

പാതയോരത്തെ മുളങ്കൂട്ടം ആരോ മുറിച്ചിട്ടിരിയ്ക്കുന്നു, കൊഴിഞ്ഞ മുള്ളുകള്‍ വയലും വരമ്പും നിറയെ!.

ചെളിയില്‍ തറഞ്ഞുപോയ കാലുകള്‍ വലിച്ചെടുക്കാന്‍ പണിപ്പെടുന്നതിനിടയിലും വയലിന്‍റെ ഭംഗി ആസ്വദിയ്ക്കുന്നുണ്ട് മോള്‍.

അമ്മിണിപ്പശുവും പൂവാലിയും മൂരിക്കുട്ടനും വെളുമ്പിയാടും നിന്നുമേഞ്ഞ മേടുകള്‍, കാടുകളായിരിക്കുന്നു. 

ചേറില്‍പൂണ്ട കാലുകള്‍ തിരികേ കിട്ടിയ സന്തോഷത്തില്‍ മോള്‍ വീണ്ടും പാറിപ്പറന്ന് ഓടിക്കളിയ്ക്കാന്‍ തുടങ്ങി. 

"എന്‍റെ പ്രിയ ബാല്യമേ, തിരിച്ചൊന്നു വന്നിരുന്നെങ്കില്‍ ഞാന്‍ നിന്നെ എന്‍റെ കുട്ടിയ്ക്ക് സമ്മാനിയ്ക്കുമായിരുന്നല്ലോ.. " അറിയാതെ ചിന്തിച്ചുപോയ നേരത്താണ് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് മോളു പറഞ്ഞത്, 

" അമ്മേടെ കുട്ടിക്കാലം വാങ്ങാന്‍ കിട്ടുമായിരുന്നെങ്കില്‍ ഞാനെന്നേ അച്ഛനോട് പറയുമായിരുന്നു എനിയ്ക്കത് വാങ്ങിത്തരാന്‍.., അമ്മയെപ്പോലെ ഭാഗ്യം ആര്‍ക്കുണ്ടമ്മേ " 

നിറഞ്ഞ കണ്ണുകളില്‍ പീലികള്‍ കൂട്ടിമുട്ടി. 

എനിയ്ക്കറിയാം, ഞാന്‍ ഭാഗ്യവതിയാണെന്നും കുഞ്ഞുങ്ങളുടെ ബാല്യങ്ങളെല്ലാം ഇന്ന് ശൂന്യമാണെന്നും.അതുകൊണ്ടാണല്ലോ, , ഞാനെന്‍റെ ഓര്‍മ്മച്ചെപ്പിലെ പളുങ്കുമണികള്‍ അവര്‍ക്കായി എപ്പോഴും തുറന്നുവച്ചിരിയ്ക്കുന്നത്..