2016, ജൂലൈ 25, തിങ്കളാഴ്‌ച

ചെന്തൊണ്ടിപ്പഴങ്ങൾ...മഴ ചെരിഞ്ഞു തൂളുകയാണ് . തിങ്ങിവിരിഞ്ഞ പച്ചപ്പൂക്കൾ പോലെ പായൽക്കൂട്ടങ്ങൾ കുളം മൂടുന്നു. അവയുടെ പതുപതുത്ത ഇതളുകളിൽ മഴത്തുള്ളികൾ ഉരുണ്ടുകൂടി വീഴാനൊരുങ്ങുന്നു . പൂക്കാലം കൊതിച്ചു നിന്ന കൈതത്തഴപ്പിന്നിടയിലൂടെ കുളക്കോഴികൾ സംശയത്തോടെ തല പുറത്തേയ്ക്കിട്ടു നോക്കി .നീണ്ടു മെലിഞ്ഞ കാലുകൾ പായൽപ്പരപ്പിൽ അമർത്തി കുണുങ്ങിനടക്കുന്നതിനിടയിൽ ചിലത് കാറ്റുലച്ചുകൊണ്ടുവന്ന ഒച്ച കേട്ട് കൈതക്കാട്ടിലേയ്ക്ക് തിരിഞ്ഞോടി . പെയ്ത്തിന് ശക്തി കൂടിവരുന്നു...കുളക്കരയിലുള്ള തൊണ്ടിമരത്തിന്റെ തോല് മുറിച്ചു പശയെടുക്കാനെന്നും പറഞ്ഞ് അമ്മമ്മ വിളിച്ചപ്പോ കൂടെ പോന്നതാണ്.


"തൊണ്ട വേദനയ്ക്ക് ഇത്രണ്ട് നല്ല ഔഷധം വേറെയൊന്നില്ല്യ കുട്ട്യേ . ഇങ്ക്ലീഷു മരുന്ന് വിഴുങ്ങി ഉള്ളു കേടാക്കണ്ടല്ലോ വെർതെ"


“ഉം..”


കുളവും കിണറും ചേരുന്നിടത്ത്, കരയ്ക്ക്‌ തഴച്ചു വളര്‍ന്ന് പന്തലിച്ച മണി മരുതിന് പറയാന്‍ കഥകളേറെ കാണും. അതിന്‍റെ ഏറ്റവും ഉയരമുള്ള ചില്ലയുടെ തുഞ്ചത്ത് നിന്നൊരു ഭീഷണി കാതടയ്ക്കുന്നു...


“ ഞാനിപ്പോ ചാടും , കിണറിന്റെ ആഴത്തില്‍ വീണാല്‍ ന്നെ പിന്നെ കാണൂല ചിന്നൂ നീ”


“ ഇല്ല്യ ഇനി പിണങ്ങൂല പൊന്നേ .. താഴെ വാ ..നിയ്ക്ക് പേട്യാവുന്നു..” ഒരു കരച്ചിലിനെ കാറ്റ് പറത്തിക്കൊണ്ടു പോകുന്നു..


“ എബട്യാ ഈ കുട്ടി...ചിന്നൂ ..” അമ്മമ്മ അടുത്തെത്തി..


“ഇന്ന് ഇത്ര മതി , തീരുമ്പോ ഇനീം വരാലോ ..വെക്കം നടന്നോ..മഴ ശെരിയ്ക്കും പെയ്ത്തിട്ടു... ഞാനൊരു വാഴെല മുറിച്ചു തരാം തല നയാതെ പിടിച്ചോ നീയ്..”


ഇല മുറിഞ്ഞു വീഴുമ്പോള്‍ പിന്നീന്നൊരു വിളി ..


“ ചിന്നൂ നോക്കൂ...പഴുത്ത ചെന്തൊണ്ടിപ്പഴങ്ങൾ..”


“ എവിടെ എവിടെ..” തിരക്കുകൂട്ടി മരത്തിനടുത്തേയ്ക്ക് ഓടിച്ചെന്നു..


കൊതിപ്പിക്കുന്ന തൊണ്ടിപ്പഴത്തിന്റെ ചോപ്പിൽ , മഴ മറന്ന് മരത്തിൽ അള്ളിപ്പിടിയ്ക്കുമ്പോൾ അവൻ പറഞ്ഞു..


"മഴ പെയ്താൽ മരം വഴുക്കും. തെന്നി വീണ് കൈയ്യും കാലും ഒടിയ്ക്കണ്ട.. കൈ കുമ്പിൾ നീട്ടി പിടിച്ചു താഴെ നിന്നോളൂ..ഞാൻ പഴം ഇറുത്ത് താഴേയ്ക്കിടുമ്പോ മണ്ണിൽ വീഴാതെ പിടിച്ചാ മതി... "


"ഹൊ ചെക്കനിപ്പോ എന്താ സ്നേഹം.. നീയെന്നെ സൈക്കിളീന്ന് ഉന്തിയിട്ടിട്ട് മുട്ട് പൊട്ടി ചോര വന്നതിന്‍റെ പാട് ഇപ്പഴും മാഞ്ഞിട്ടില്ല്യ...മാവിന്‍റെ വേരുണ്ടായത് ഭാഗ്യം അല്ലെങ്കീ കല്ലില് ചെന്നിടിച്ചേനേന്ന് അമ്മമ്മ പറഞ്ഞു ന്നോട്..."


രണ്ടു കുല ചെന്തൊണ്ടിപ്പഴം പറിച്ചെടുത്ത് കയ്യിലേക്കിട്ടിട്ടു അവൻ , മരം പിടിച്ചു കുലുക്കി..


"ചിന്നുട്ടീ ഇത് കണ്ട്വോ.. ഇങ്ങന്യാ മരം പെയ്യുക .."


“ കുറുമ്പ് കാണിക്കാതെ ചെക്കാ..”


“ ചിന്നൂ നിനക്ക് നനയാനിഷ്ടല്ലേ... എനിയ്ക്കത് കാണാനുമിഷ്ടാ..”


അടഞ്ഞ ശബ്ദത്തിലുള്ള അവന്‍റെ വര്‍ത്തമാനം കേള്‍ക്കാന്‍ കൊത്യാണെങ്കിലും ഒന്നും അറിയാത്ത മട്ടില്‍ തൊണ്ടിപ്പഴം പൊളിച്ചുകൊണ്ടിരുന്നു..


“ ഇതിന്‍റെ പകുതി എനിയ്ക്ക്...നിന്റെ ചുണ്ടിന് എത്ര മധുരണ്ട്ന്നു നോക്കട്ടെ.” കഴിയ്ക്കാന്‍ തുടങ്ങിയ തൊണ്ടിപ്പഴം അവന്‍ പിടിച്ചുവാങ്ങി വായിലിട്ടു .


നാണം കൊണ്ട് ചുവന്ന കവിളില്‍ വിരലുകൊണ്ട് ഞൊടിച്ചിട്ട്‌ അവന്‍ പറഞ്ഞു...


“ ഹൊ ! എന്തൊരു മധുരാ ചിന്നൂ ഇതിന്...”


“ എവിടെ സൈക്കിളീന്ന് വീണിട്ടു പൊട്ടിയ പാട്.. കാണട്ടെ..”


വേണ്ട.. കാണണ്ട..


മുട്ടിറങ്ങിയ പാവാട ഒന്നൂടെ വലിച്ചിട്ടു..


“ അന്ന് നിനക്കു വേദനിച്ചു ലേ..സാരല്ല്യ...ഇനി ചെയ്യൂല...”


ചാര നിറമുള്ള കണ്ണുകളില്‍ ഈറന്‍ പൊടിഞ്ഞു..


“ ദാ ഇത് കഴിച്ചോളൂ “ അവന്‍റെ സംസാരം മുറിച്ചു കൊണ്ട് പറഞ്ഞു..


“ നിയ്ക്ക് വേണ്ട.. നീയല്ലേ കൊതിച്ചിപ്പാറു. മുഴോനും കഴിച്ചോ..”


വലിയമ്മേടെ ബന്ധുവാണ് രെഞ്ചു . കുഞ്ഞുനാള് തൊട്ടേ സ്കൂൾ അവധിയ്ക്കൊക്കെ അവൻ വലിയമ്മേടെ വീട്ടിൽ പാർക്കാൻ വരവുണ്ട്..മേടാസു കളിയിലും പുള്ളി കുത്തി കളിയിലും തോല്‍ക്കുമ്പോള്‍ അവനു പകയായിരുന്നു. ഓരോരോ കാരണങ്ങളും പറഞ്ഞ് എപ്പോഴും വഴക്കിനു വരും.


“ ഉണ്ടക്കണ്ണി ..ഇനി നീയെന്റെ കൂടെ കളിയ്ക്കാൻ കൂടണ്ട..” കോക്കിരിക്കിടയിൽ വേദനിപ്പിച്ചുകൊണ്ട് അവൻ പറയുമ്പോൾ തർക്കുത്തരം പറഞ്ഞ് വാശി കയറ്റാറുണ്ടെങ്കിലും പടിഞ്ഞാമ്പുറത്ത് കോണി ച്ചോട്ടിൽ പോയി ആരും കാണാതെ കണ്ണ് തുടയ്ക്കും..


വലിയമ്മേടെ മുറ്റത്ത് ഇലഞ്ഞിമരമുണ്ട്..ധനുമാസത്തിൽ ഇലഞ്ഞി പൂത്തു നിറയും..ഇളം മഞ്ഞ നിറത്തിൽ നക്ഷത്രം വരച്ച പോലെയുള്ള കുഞ്ഞുപൂക്കൾ..കിഴക്ക് നിന്നും വീശുന്ന കാറ്റിൽ മുറ്റത്തെത്തുന്ന അതിന്റെ സുഗന്ധം തൊട്ടു വിളിയ്ക്കുമ്പോൾ അങ്ങോട്ട്‌ ഓടിപ്പോകും..താഴത്തെ ചില്ലയിലെ പൂക്കൾ മതിയാവാതെ വരുമ്പോൾ താഴെ വീണവയും പെറുക്കിയെടുത്താണ് മാല കെട്ടാറുള്ളത്.. സൂക്ഷിച്ചു കെട്ടിയില്ലെങ്കിൽ പൂവ് അമർന്നു കേടുവരും..


“ നിനക്കെന്തിനാ രണ്ടു മാല..?”


“ ഒന്നെനിയ്ക്കും , ഒന്നെന്റെ കൃഷ്ണനും..”


പറഞ്ഞ് തീരും മുൻപേ അവൻ മാല തട്ടിപ്പറിച്ചു കൊണ്ടോടും..


കരഞ്ഞു പിന്നാലെ ചെന്ന് കെഞ്ചി പറഞ്ഞാൽ ഒരു മാല തന്നിട്ട് പറയും,


“ നിന്‍റെ മാല നീയെടുത്തോ, കണ്ണന്‍റെ മാല കണ്ണന്. അത് തരൂല..”


വാശി മൂത്ത് മാല വേണ്ടെന്നു വെയ്ക്കലാണ് അധികവും..


ചെക്കൻ ചൂടിക്കോട്ടേ..അഹങ്കാരി..കരയാതിരിയ്ക്കാൻ പാടുപെടും.. കണ്ടാൽ കളിയാക്കി ചിരിച്ചാലോ....


അഞ്ചാറു മാസം കഴിഞ്ഞാല്‍ ഇലഞ്ഞിക്കായ പഴുക്കും..ചില്ലകളില്‍ ചോന്ന മാല ബള്‍ബ്‌ ഇട്ടപോലെ നിറച്ചും ണ്ടാവും. കിളികള്‍ കൊത്തിത്തിന്നു തീര്‍ക്കും മുന്‍പേ മരത്തില്‍ കയറി അതൊക്കെ പറിച്ചെടുക്കണം ..ചെക്കന്‍ വരുമ്പോഴേയ്ക്കും എല്ലാം തീര്‍ക്കണം.. ഇനിയിങ്ങ് വരട്ടെ , കാണിച്ചു കൊടുക്കുന്നുണ്ട്.


അവനോടുള്ള ദേഷ്യം എപ്പോഴാണ് ഒരിഷ്ടത്തിലേയ്ക്ക് തെന്നി വീണതെന്ന് ഓർത്തെടുക്കാനാവുന്നില്ല..വഴിക്കണ്ണുമായി കാത്തിരുന്ന ഏതോ ഒരു അവധിക്കാലത്തുതന്നെയാവും.. ഒരിയ്ക്കൽ യാത്ര പറഞ്ഞ് അവൻ പടിയിറങ്ങുമ്പോൾ നെഞ്ചു കലങ്ങുന്ന വേദനയായിരുന്നു. അന്നാണെന്ന് തോന്നുന്നു ആദ്യമായി സ്നേഹിക്കുന്നു എന്നും സ്നേഹിക്കപ്പെടുന്നു എന്നും അറിഞ്ഞത്. തെക്കേ വളവിലെ അശോക മരവും കടന്നു മറയും മുൻപേ ഒരിയ്ക്കലെങ്കിലും തിരിഞ്ഞു നോക്കാത്തതെന്തേ എന്ന ഉത്‌കണ്‌ഠയോടെ നിൽക്കുമ്പോൾ കരച്ചിലോളമെത്തിയ വാടിയ മുഖം താഴ്ത്തി പിടിച്ച് ഒന്ന് നോക്കിയെന്നു വരുത്തി അവൻ നടന്നു മറഞ്ഞ ആ ദിവസം..


വലുതാവും തോറും നടക്കുന്നിടമെല്ലാം അമ്മയുടെയും അമ്മമ്മടെയും കനൽക്കണ്ണുകൾ പിന്തുടർന്നിരുന്നു.


"വെല്ല്യ പെണ്ണായി. ന്നിട്ടും അടക്കോം ഒതുക്കോം ഇല്ല്യാച്ചാ ഞാനിനി എന്താ കാണിയ്ക്ക്യാ, ഇത്രേം നാളും കുട്ട്യല്ലേന്നു വെച്ചു.. ഇനീപ്പോ അങ്ങന്യാണോ. കുറച്ചെങ്കിലും അടക്കോം ഒതുക്കോം വേണ്ടേ...ഇങ്ങനെ കാടോടി മരോം കേറി നടന്നാ മത്യോ...നീയൊന്നു പറഞ്ഞ് കൊടുക്ക്‌ വനജേ ...”


അമ്മയുടെ വേവലാതി..


“ അതൊന്നും കൊഴപ്പല്ല്യ ചേച്ച്യേ..കുട്ട്യോള് കളിച്ചു നടക്കട്ടെ.. ആണൊരുത്തൻ കെട്ടിക്കൊണ്ടു പോയാ കഴിഞ്ഞില്ല്യേ കൂത്ത്.. പിന്നെ ഉണ്ടും ഉറങ്ങീം അടച്ചു പൂട്ടി ഒരുത്തിലിരിക്ക്യാം...” പണിത്തിരക്കിനിടയിലും വനജേച്ചി എനിക്ക് ആശ്വാസവുമായെത്തും...


ചന്നംപിന്നം പെയ്തു നിന്ന ഇടവപ്പാതിയ്ക്കാണ് പിന്നെ അവൻ വന്നത്..


മുന്നിലേയ്ക്ക് ചെല്ലാൻ നാണിച്ചു നിന്നു.. ഭാരം കൂടിയ നീളൻ പാവാടയിൽ തെരുപ്പിടിച്ചു വാതിലിന്റെ മറയിൽ നിന്നും മുഖം കാണിക്കാൻ തുടങ്ങുമ്പോൾ ഒരു കള്ളച്ചിരി അവന്റെ ചുണ്ടിൽ നിന്നും പറന്നു വന്നു തോളിൽ വീണപ്പോള്‍ തല തിരിച്ചു.


ഹൊ ! ചെക്കനിതെന്തൊരു ചന്തമാണ് . ചുണ്ടിനു മുകളില്‍ കരിമഷി പരന്ന പോലെ പൊടിമീശ ..


കണ്ണെടുക്കാന്‍ തോന്നീല്ല്യ ..ന്നാലും വിലക്കുകളും ശകാരങ്ങളും ഭയന്ന് അകന്നു തന്നെ നിന്നു..


പിറ്റേന്ന് സന്ധ്യക്ക്‌ ജനലിലൂടെ നീണ്ടു വന്ന, വാഴയിലയിൽ പൊതിഞ്ഞ ഇലഞ്ഞിപ്പൂമാല വാങ്ങുമ്പോൾ തമ്മിൽ മുട്ടിയ വിരലുകൾ വിടാൻ മടിച്ചു പരിഭ്രമിച്ചു നിന്നു..


“ നീയിതെങ്ങനെ കോര്‍ത്തെടുത്തു രെഞ്ചൂ ..”


“ ശ് .. അതൊക്കെ കോര്‍ത്തു.. അതില്ല്യേ , നാളെ രാവിലെ തൊണ്ടിപ്പഴം പറിയ്ക്കാൻ പോകാം..നിറയെ പഴുത്തു നിക്കുന്നു ഞാനിപ്പോ പോയി നോക്കീട്ടു വന്നേയുള്ളൂ..നീ വര്വോ നാളെ..”


“ ഉം.. വരാടാ.. നീയിപ്പോ പോയിക്കോളൂ..”


ഇലഞ്ഞിപ്പൂമണവും ചൂടി ഇരുട്ടത്തൊരു കാറ്റ് ജനല്‍പ്പാളിയിലൂടെ അകത്തേയ്ക്ക് എത്തിനോക്കി പോയി.


വര്‍ഷങ്ങള്‍ പിന്നെയും എത്രയോ പൊലിഞ്ഞു വീണു..


രാവിനു ദൈർഘ്യം കൂടിയോ..ഉറക്കം പിണങ്ങി നില്ക്കുന്നതെന്തേ..ടേബിൾ ലാമ്പിന്റെ മഞ്ഞ വെളിച്ചത്തിൽ , നിറം മങ്ങിത്തുടങ്ങിയ ഇൻലൻഡിൽ മഷി നനഞ്ഞു പടർന്നു പകുതിയും മാഞ്ഞ അക്ഷരങ്ങൾ.


“ഓരോ നിമിഷവുമോരോ നിമിഷവുമോര്‍മ്മയില്‍ മനസിന്‍റെ മണി മുറ്റത്ത് ഓടിയെത്തുന്നു നിന്‍മുഖം.” ... അന്നുമുതല്‍ വടിവൊത്ത ആ കയ്യക്ഷരത്തോടും അത്രമേല്‍ അനുരാഗമായിരുന്നു...


എത്ര നേരമിരുന്നെന്ന് ഓർമയില്ല. വനജേച്ചി തട്ടിയുണർത്തുമ്പോൾ മേശയിൽ തല വെച്ചു കിടക്കുകയായിരുന്നു..


ശോ..ഈ കുട്ടി എന്തേ ഇന്നലെ ഉറങ്ങീലെ..? അതോ നേരത്തെ ഉണർന്നതോ..


നീലയില്‍ പരന്ന അക്ഷരങ്ങളിൽ കണ്ണുകൾ ഉടക്കി നിന്നു.


അന്ന് ധൈര്യം സംഭരിച്ച് മറുപടി എഴുതി കണ്ണടച്ച് പ്രാർഥിച്ചു തപാൽ പെട്ടിയിലിടുമ്പോൾ നെഞ്ചിലൊരു ഇടികുടുക്കത്തെ ഒളിപ്പിച്ചു വെച്ചിരുന്നു.


ആദ്യത്തേയും അവസാനത്തേയും കത്ത്...


അപ്രതീക്ഷിതമായി, വല്ല്യമ്മയുടെയും അമ്മയുടെയും ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരം മുട്ടി തല താഴ്ത്തി നില്‍ക്കേണ്ടി വന്ന നിമിഷങ്ങളില്‍ ഹൃദയം പൊടിപൊടിയായി നുറുങ്ങിയിരുന്നെന്ന് അവന്‍ പിന്നീടെപ്പോഴെങ്കിലും അറിഞ്ഞിരുന്നോ..


വർഷവും വേനലും അവധിക്കാലങ്ങളും വന്നു പോയി. ഇലഞ്ഞി കായ്ച്ചു, പൂമരം പൂത്തു കൊഴിഞ്ഞു.. പിന്നെയൊരിക്കലും അവന്‍ മാത്രം വന്നില്ല.


"ട്യേ...തൊണ്ടിമരത്തിന്റെ പശ കൊണ്ടുവെച്ചിട്ടുണ്ട്.. മൂന്നാലീസം കൊണ്ട് ചുമ മാറും..ചുക്കും കുരുമുളകൂം ഇട്ട കാപ്പീം കുടിക്ക്യാ കൂടെക്കൂടെ..പെട്ടെന്ന് ശമനം കിട്ടും." അമ്മമ്മ കിണറ്റിന്‍കരയിലേയ്ക്ക് നടന്നു.


അമ്മ ചുമച്ചുകൊണ്ട് ഉമ്മറത്തേയ്ക്ക് വന്നു..


“ ആടലോടകത്തിന്റെ തയ്യൊരെണ്ണം നട്ടു പിടിപ്പിക്കണം ന്ന് എന്നും വിചാരിയ്ക്കും..പിന്നെ അതങ്ങട് മനസ്സീന്ന് വിടും. മാമൂനോട് പറയണം. ചിന്നു എവിടെ അമ്മേ ..?”


“ ദാ മഴേം നനഞ്ഞ് നിക്കണൂ “


" പോയി തല തോര്‍ത്തൂ പെണ്ണേ .എന്തോർത്താ മഴേത്ത് ഇങ്ങനെ മിഴിച്ചു നിക്കണേ , ഇനി നീയും വരുത്തിക്കോ നീര്‍ദോഷം .”


അമ്മ ചുമയ്ക്കുന്നതിനിടയിലും ദേഷ്യപ്പെടാന്‍ മറന്നില്ല..


കയ്യിലിറുക്കിപ്പിടിച്ച ചെന്തൊണ്ടിപ്പഴങ്ങൾ ഇറയത്ത്‌ വെച്ചിട്ട് അകത്തേയ്ക്ക് കയറി..


മഴക്കുമുമ്പേ എവിടെനിന്നെന്നു അറിയാതെ വന്നെത്തുന്ന ഈയാമ്പാറ്റകളെ പോലെ ഒരു പ്രണയം അല്പായുസ്സോടെ മഴയോടൊപ്പം അപ്രത്യക്ഷമായാതാണോ?. അതോ ഇനിയൊരു പുതുമഴയില്‍ വീണ്ടും മുളപൊട്ടി തളിര്‍ക്കാനായി അതിന്റെ വിത്തുകള്‍ മണ്ണിനടിയില്‍ ആരോരും കാണാതെ ഒരു സുഷുപ്തിയില്‍ അലിഞ്ഞതാണോ?


“ഓരോ നിമിഷവുമോരോ നിമിഷവും ഓര്‍മ്മയില്‍ ”...


തൊണ്ടിപ്പഴങ്ങള്‍ ചുവന്നു തുടുക്കുന്ന നേരത്ത് നീലാകാശത്തിന്‍റെ നിറമുള്ള കടലാസ്സില്‍ കുറിച്ചിട്ട വരികളുടെ ബാക്കി ഓര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കാലം മായ്ച്ച പ്രണയം, കാണാമറയത്ത് അവ്യക്തമായ ചിത്രങ്ങള്‍ തീര്‍ക്കുന്നു...