2014, ജനുവരി 27, തിങ്കളാഴ്‌ച

ലൂപാരയിലെ മോണാലിസ (Paris Part 2)


 നാനൂറ്റി മൂന്നു മുറികളിലായി, മുപ്പത്തി അയ്യായിരത്തിലേറെ(35,000) വരുന്ന കലാവിസ്മയങ്ങളുടെ ഒരു മഹാപ്രപഞ്ചം ഒരുക്കി വച്ചിരിക്കുന്ന,എണ്ണൂറുവര്‍ഷത്തിലേറെ പഴക്കമുള്ള ലൂവര്‍ ( Paris) നമുക്ക് മുന്നില്‍ തുറക്കുന്നത് 8000BC മുതല്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ലോകകലയുടെ തന്നെ ഒരു വലിയ സംസ്കാരം!

ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയങ്ങളില്‍ ഒന്ന് എന്നതിലുപരി ഒരു ചരിത്രസ്മാരകവും കൂടിയായ ലൂവറിന്‍റെ പുരാവൃത്തത്തിലേക്കൊരു എത്തിനോട്ടം എന്തുകൊണ്ടും നന്നാവുമെന്ന് തോന്നുന്നു.

വിവിധ തലമുറകളിലൂടെ, നിരവധി ഘട്ടങ്ങളിലൂടെ പൂര്‍ത്തിയാക്കപ്പെട്ടതാണ് ഇന്ന് നാം കാണുന്ന ലൂവര്‍ മ്യൂസിയം. ആയിരത്തി ഒരുന്നൂറ്റി തൊണ്ണൂറില്‍ (1190) ഫിലിപ് അഗസ്റ്റസിന്‍റെ നേതൃത്വത്തില്‍, ഫ്രാന്‍സിന്‍റെ തലസ്ഥാനമായ പാരീസിന്‍റെ ഉറച്ച സുരക്ഷയ്ക്ക് വേണ്ടി പണിത കോട്ടയോടു കൂടിയ ഈ സൗധം സ്ഥിതി ചെയ്യുന്നത്, ലൂപാര (“lupara” ) എന്ന സ്ഥലത്തായതിനാല്‍ ആണ് ഇതിനു ലൂവര്‍ (“louvre”)എന്ന പേര് സിദ്ധിച്ചത്‌. മധ്യകാല ശൈലിയിലുള്ള ഈ കോട്ടയ്ക്കു ചുറ്റും ക്രമേണ ഒരു നഗരം ഉയര്‍ന്നു വരികയായിരുന്നു. ഇത് ഫ്രഞ്ച് രാജാക്കന്മാരുടെ രമ്യഹര്‍മ്മ്യമാവുന്നതൊക്കെ പിന്നീട്.

ആയിരത്തി അഞ്ഞൂറ്റി ഇരുപത്തി എട്ടില്‍ (1528) ഫ്രാന്‍സിസ് ഒന്നാമന്‍ (King Fransis 1) ഇവിടെ താമസമാക്കിയതോടെയാണ് ലൂവറിന് ശ്രേഷ്ഠമായ ഒരു രാജകൊട്ടാരത്തിന്‍റെ പദവി കൈവരുന്നത്. നല്ലൊരു ശില്‍പിയും കലയെ പരിപോഷിപ്പിക്കുന്നതില്‍ ശ്രദ്ധാലുവുമായിരുന്ന ഫ്രാന്‍സിസ് ഒന്നാമന്‍റെയും ഫ്രെഞ്ച് ആര്‍ക്കിടെക്റ്റായ പെരി ലെസ്കോയുടെയും (Pierre Lescot ) സംയുക്തമായ വിഭാവനയാണ് ഫ്രാന്‍സിലെ നവോത്ഥാനശൈലിയിലുള്ള കെട്ടിടങ്ങളുടെ ആവിര്‍ഭാവത്തിനു ഹേതുവായത്.

കൊട്ടാരത്തിന്‍റെ താഴത്തെ നിലയില്‍ ആഡംബരപൂര്‍വ്വമായ വലിയ മുറികള്‍ പണികഴിപ്പിച്ച ഹെന്റി രണ്ടാമന്‍റെ (1547- 1559) മരണശേഷം, അദ്ദേഹത്തിന്‍റെ വിധവ ട്യുലെരിസ് (Tuileries)കൊട്ടാരത്തിന്‍റെ നിര്‍മാണ മേല്‍നോട്ടം വഹിച്ചുവെങ്കിലും അത് മുഴുവനാക്കാനായില്ല.

ഹെന്രി നാലാമന്‍റെ കാലത്ത്, (1572-1610) മതിയാവോളം വിവാദങ്ങള്‍ക്ക് ശേഷം ലൂവറും ടുലെരിസും ഒരുമിപ്പിക്കുവാനുള്ള തീരുമാനമുണ്ടായി. അനന്തരം, സെയിന്‍ നദിയുടെ ഓരം ചേര്‍ന്ന് പണിത ഒന്നര കിലോമീറ്റര്‍ നീളമേറിയ ചിത്രമണ്ഡപവും ഇതിനോടൊപ്പം കൂട്ടിച്ചേര്‍ത്ത് അതിബൃഹത്തായ ഒരു സ്മാരകം രൂപം കൊള്ളുകയായിരുന്നു. 1793 ല്‍ ലൂയി പതിനാറാമന്‍റെ കാലത്ത് ഈ കൊട്ടാരം ഒരു പൊതുമ്യൂസിയമായി പ്രഖ്യാപിക്കപ്പെട്ടു.

ബാക്കിയുള്ളത് കണ്ടറിയേണ്ടുന്ന ചരിത്രം.

രാവിലെ ഒന്‍പതു മണിയോടെയാണ് മ്യൂസിയത്തിലെത്തിച്ചേര്‍ന്നത്. ടിക്കറ്റ് മുന്‍കൂട്ടി ഉറപ്പാക്കിയിട്ടില്ലാത്തതിനാല്‍ വരിയില്‍ നില്‍ക്കുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളു. ചില്ലു കൊണ്ടുണ്ടാക്കിയ പിരമിഡിനടുത്ത് കണ്‍കോര്‍ഡ്‌ മൈതാനിയിലായിരുന്നു( place de Concord) ആ നീണ്ട ക്യൂ. ലൂയി പതിനഞ്ചാമന്‍റെ ഭരണകാലത്ത് 1755 ല്‍ രൂപകല്പന ചെയ്ത വിസ്തൃതമായ ഈ മൈതാനം, പിന്നീട് ഫ്രഞ്ച് വിപ്ലവത്തില്‍ പതിനായിരക്കണക്കിനു ആളുകളുടെ ശിരസ്സറ്റ ശരീരങ്ങളില്‍ നിന്നും ഒഴുകിയ രക്തപ്പുഴയില്‍ കുളിച്ച് വിപ്ലവ മൈതാനമായി (place de revolution) പരിണമിക്കുകയായിരുന്നു!.

മധ്യഭാഗത്തായി നിലകൊള്ളുന്ന ഇളം റോസ് നിറത്തിലുള്ള വലിയ ശിലാസ്തംഭം, സൂക്ഷ്മതയോടെ കൊത്തിയിരിക്കുന്ന ഈജിപ്ത്യന്‍ ചിത്രപണികളാല്‍ സമ്പന്നമാണ്. ഏകദേശം എഴുപത്തിയഞ്ച് അടിയോളം ഉയരവും മൂവായിരമാണ്ടുകള്‍ക്കുമപ്പുറം പഴക്കവുമുള്ള ഒറ്റ കല്ലില്‍ തീര്‍ത്ത ആ ചാരുസ്തംഭം ഈജിപ്റ്റില്‍ നിന്നും ലൂയി ഫിലിപ്പിന് അന്നത്തെ വൈസ്രോയി പാരിതോഷികമായി കൊടുത്തയച്ചതാണ്. അങ്ങിങ്ങായി പ്രതിഷ്ഠിച്ചിട്ടുള്ള കല്‍പ്രതിമകളും ഫൌണ്ടനുകളും മൈതാനത്തെ കൂടുതല്‍ അലങ്കൃതമാക്കുന്നുണ്ട്.

ക്യൂവിന്‍റെ അവസാനത്തിലേക്ക് നടക്കുമ്പോള്‍ മഴ ചാറി തുടങ്ങിയിരുന്നു. ഒപ്പം വീശുന്ന മൂര്‍ച്ചയുള്ള തണുത്ത കാറ്റും. തൊട്ടു മുന്നില്‍ ഒരു സായിപ്പും മദാമ്മയും ആലിംഗനത്തില്‍ അലിയുന്നു.

തണുത്തുവിറച്ച് മഴനനഞ്ഞു നില്‍ക്കുമ്പോള്‍ ഒന്ന് പുണരാനുള്ള തോന്നല്‍ മനുഷ്യ സഹജം! പക്ഷേ ചൂടെന്നോ തണുപ്പെന്നോ ഉള്ള വ്യത്യാസമില്ലാതെ കാണുന്ന ഈ യൂറോപ്യന്‍ കാഴ്ച, മലയാളിക്കെന്നും കൗതുകം തന്നെ! പറഞ്ഞുകേട്ടിടത്തോളമൊന്നും കണ്ടില്ലെങ്കിലും, അവരുടെ സ്നേഹപ്രകടനങ്ങള്‍ക്ക് സീമകളില്ല എന്നുള്ളത് വ്യക്തം.

അരികിലൂടെ നടന്നുനീങ്ങിയ മദാമ്മകളുടെ മേല്ക്കുപ്പായത്തിലേക്കും കനത്ത ബൂട്ടിലേക്കും ചിത്രത്തുന്നല്‍ ചെയ്ത ഷോളിലേക്കുമായി എന്‍റെ ശ്രദ്ധ.

“ശൈത്യകാലമായതിനാലാണ് ഇവര്‍ ഇത്രയെങ്കിലും വസ്ത്രങ്ങള്‍ ധരിച്ചിരിക്കുന്നത്‌. മറ്റൊരു സീസണിലാണ്  വന്നിരുന്നതെങ്കില്‍ അല്‍പവസ്ത്രം പോലും ഇവര്‍ക്ക് ചതുര്‍ഥിയാവുന്നത് നേരില്‍ കാണാമായിരുന്നു.”.

കൂട്ടത്തില്‍ ഒരാള്‍ തന്‍റെ അനുഭവജ്ഞാനം പങ്കുവച്ചതാണ്.

എന്നിരുന്നാലും, മണിക്കൂറുകളോളം ക്യൂവില്‍ നിന്നു വലയേണ്ടി വരുമ്പോള്‍ പോലും, ഒട്ടും അക്ഷമരാവാതെ, ആത്മസംയമനം പാലിക്കുന്ന വിദേശികളില്‍ നിന്നും മര്യാദയുടെ പാഠങ്ങള്‍ നാം ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു.

ക്യൂ അകത്തേക്കെത്തിയതറിഞ്ഞില്ല. ചില്ലു പിരമിഡിനുള്ളിലൂടെ കടന്ന്, താഴോട്ടുള്ള പടികളിറങ്ങി, വേണം മ്യൂസിയത്തിലെത്താന്‍..

ടിക്കറ്റിനു പുറമേ, ഓഡിയോ ഗൈഡും വാങ്ങി കോണിപ്പടിയിലൂടെ മുകളിലേക്ക്. പെയിന്‍റിംഗ് വിഭാഗത്തിലേക്കാണ് ആദ്യം കടന്നത്‌. ഇതിഹാസചിത്രമായ മോണാലിസയായിരുന്നു പ്രഥമ ലക്ഷ്യം എന്ന് എടുത്തു പറയേണ്ടതില്ലല്ലോ.

സുദീര്‍ഘമായ മണ്ഡപം. വശങ്ങളിലേക്ക് പിന്നെയും മുറികള്‍. ചുമരുകളില്‍ ദൃശ്യ വിരുന്ന്. നടുവിലൂടെ ജനപ്രവാഹം. അനാവശ്യമായ ധൃതിയോ, പരിഭ്രാന്തിയോ ഇല്ലാത്ത, സഹൃദയരായ കലാസ്വാദകര്‍. ഉന്തിയും തള്ളിയും കലഹിച്ചും ക്യൂവില്‍ നിന്നിട്ടോ, വട്ടം ചാടിയിട്ടോ, ഒരു പ്രകാരത്തില്‍ അകത്തു പ്രവേശിച്ച്, വഴിപാടെന്നോണം ഒരു ഓട്ട പ്രദക്ഷിണം നടത്തി സ്ഥലം വിടുക എന്ന ചിരപരിചിതമായ കാഴ്ചയില്‍ നിന്നും വേറിട്ടൊരു അനുഭവം. പാരീസിലെ മ്യൂസിയങ്ങളില്‍ ഉടനീളം കാണാനായത് ആസ്വാദനത്തിന്‍റെ പുതിയൊരു മാനവും തലവുമാണ്. ഓരോ സൃഷ്ടിയുടെയും ആന്തരാര്‍ത്ഥങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ആസ്വാദനത്തില്‍ മുഴുകുന്നതിനായുള്ള ഇരിപ്പിടങ്ങളും സജീവം. സന്ദര്‍ശകരില്‍ ഏറിയ പങ്കും യൂറോപ്പുകാര്‍ തന്നെ. കുറഞ്ഞൊരു വിഭാഗം മാത്രം, ഏഷ്യ, ജപ്പാന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നും ഉള്ളവര്‍.എങ്ങോട്ടു നടക്കണം, എവിടെ നോക്കണം എന്നറിയാതെ കുറച്ചു നേരം വിഭ്രാന്തിയിലാണ്ടു. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ കാണുക എന്നതിനേക്കാള്‍, കാണുന്നത് മുഴുവനായും അറിയുക എന്ന രീതിയില്‍ പതുക്കെ നീങ്ങുമ്പോള്‍ മനസ്സിലായി, ഓരോ ചിത്രത്തിനും പറയാനുണ്ട് നിഗൂഢമായ കഥകളും നൂറ്റാണ്ടുകളുടെ ചരിത്രങ്ങളുമെന്ന്. ബൈബിളിലെ മുഹൂര്‍ത്തങ്ങളെ പ്രതിനിധീകരിക്കുന്ന നിരവധി ചിത്രങ്ങളില്‍ യുറോപ്പിലെ ക്രിസ്തുമതത്തിന്‍റെ വളര്‍ച്ചയുടെ ഒരു രൂപരേഖ അന്തര്‍ല്ലീനമായിക്കണ്ടു.

ആപല്‍ സൂചകമായ ഒരു മണിനാദം ഇടയ്ക്കിടെ ഉയരുമ്പോഴൊക്കെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മിന്നല്‍ പിണര്‍ പോലെ ഓടിയെത്തുന്നുണ്ടായിരുന്നു. നിശ്ചിത അകലത്തില്‍ അദൃശ്യമായി ഘടിപ്പിച്ചിട്ടുള്ള മോഷന്‍ സെന്‍സറിനെ ( motion sensor) ഛേദിക്കുമ്പോഴാണ് ഈ അപായസൂചന നല്‍കിയിരുന്നത്.

സമയം ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കുന്നില്ലല്ലോ! മോണാലിസയെ കാണാതെ മടങ്ങാനാവില്ല. സുരക്ഷാ പോലീസിനോട് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ഏറ്റവും ആദ്യം, ഹാളിലേക്ക് പ്രവേശിക്കുന്നിടത്താണ് വിശ്വവിഖ്യാതമായ മോണാലിസ എന്നായിരുന്നു. കടന്നുപോന്ന വഴികളത്രയും തിരികെ നടന്നു. എന്തുകൊണ്ടായിരിക്കാം ആ മഹനീയമായ രചന കണ്ണില്‍ പെടാതിരുന്നത്? ഒരു പക്ഷേ വലിയ ആള്‍കൂട്ടം കണ്ടപ്പോള്‍ അറിയാതെ ഒഴിവാക്കിയതാവാം.

എത്രയോ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു, പക്ഷേ മോണാലിസ കാണുവാനുള്ളത്ര  തിരക്ക് മറ്റെവിടെയും കണ്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ നിഷ്കര്‍ഷതയോടെ നിയന്ത്രണമേര്‍പ്പെടുത്തുന്നു. ഒരു മണിക്കൂറോളം നിന്നാലും ആ ഛായാചിത്രത്തിനു മുന്‍പിലേക്ക് എത്തിപ്പെടാനാവുമെന്ന പ്രതീക്ഷ വേണ്ട, അത്ര തിരക്ക്. സമയം ഒട്ടും കളയാനില്ലാത്തതിനാല്‍ നൂഴ്ന്നു കയറി ഏകദേശം അടുത്തെത്തി. അഞ്ചു മിനിട്ടോളം തിക്കിലും തിരക്കിലും പിടിച്ച് നിന്നു. ഔല്‍സുക്യത്തോടെ വീണ്ടും നോക്കി. ലോകത്തില്‍ ഏറ്റവും അധികം അറിയപ്പെട്ട , സന്ദര്‍ശിക്കപ്പെട്ട, എഴുതപ്പെട്ട, പാടി പുകഴ്ത്തപ്പെട്ട അനുകരിക്കപ്പെട്ട, അഞ്ഞൂറിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു കലാസൃഷ്ടിയാണ് കണ്മുന്നില്‍ !എതിര്‍ ദിശയിലെ വലിയ ചുമരില്‍ ഉറപ്പിച്ച കാനായിലെ കല്ല്യാണം (“The Wedding Feast of Cana”) എന്ന അതിവിപുലമായ, വര്‍ണ്ണാഭമായ ചിത്രം പ്രശസ്തമായ മോണാലിസ ചിത്രത്തിന്‍റെ പ്രാമുഖ്യം കുറക്കുന്നില്ലേ എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ ചിന്തിക്കാതിരിക്കാന്‍ കഴിഞ്ഞില്ല എന്ന് വേണം പറയാന്‍. അവിടെ കണ്ട മറ്റു ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നന്നേ വലുപ്പം കുറഞ്ഞ, അതിസാധാരണവും, അനാകര്‍ഷകവുമായ ഒരു ചിത്രമാണല്ലോ മോണാലിസ എന്ന് തോന്നിപ്പോകുന്നത് സ്വാഭാവികം!. സൂക്ഷ്മമായ ഒരു വീക്ഷണം സാധ്യമായില്ല എന്നതും മറ്റൊരു വസ്തുതയാണ്.

പല തവണകളായി, ചുറ്റിക കൊണ്ടടിച്ചും, പാറ കഷണം കൊണ്ടെറിഞ്ഞും ആസിഡ് വീഴ്ത്തിയും, ചുവന്ന പെയിന്‍റ് കോരിയൊഴിച്ചും , മാനസിക വൈകല്യമുള്ളവരും അല്ലാത്തവരുമായ പലരും ലിസചിത്രത്തിനു ക്ഷതമേല്‍പ്പിച്ചതിനുശേഷം ബുള്ളറ്റ്പ്രൂഫ്‌ ഗ്ലാസ്സിനാല്‍ ചിത്രം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. സര്‍വോപരി, നാലഞ്ചു അടിയോളം അകലത്തില്‍ നിന്നുകൊണ്ടു മാത്രമേ ചിത്രം കാണുവാന്‍ അനുവദിച്ചിരുന്നുള്ളൂ. കനത്ത സുരക്ഷാ സംവിധാനം മൂലം നമുക്ക് നഷ്ടമാവുന്നത് നല്ലൊരു ആസ്വാദനത്തിനുള്ള അപൂര്‍വ്വമായ ഒരു അവസരം!

മോണാലിസയുടെ മഹത്വം എന്തായിരിക്കാം എന്ന് മനസിലാക്കാനുള്ള നിപുണത എനിക്കില്ലാതെ പോയതോ, എന്തോ അറിയില്ല. ഒന്ന് മാത്രം ഓര്‍ത്തു, ഡാവിഞ്ചിയുടേതടക്കം എണ്ണമറ്റ എത്രയോ ദൃഷ്ടികള്‍ പതിഞ്ഞ ആ അത്ഭുത സൃഷ്ടിയില്‍ മിഴിയൂന്നി ഇതാ ഒരു നിമിഷം ഞാനും! ചിത്രത്തിനു മുന്‍പില്‍ വിനയാന്വിതയായി നില്‍ക്കുമ്പോഴും വിശ്വസിക്കാന്‍ ബുദ്ധിമുട്ട് തോന്നി.! ഓരോ വരയും ഓരോ നിറവും ഒപ്പിയെടുക്കാനൊരു തീവ്ര ശ്രമം നടത്തിക്കൊണ്ടിരിക്കെ മുന്നോട്ടു നീങ്ങാനുള്ള ആജ്ഞ അനുസരിക്കേണ്ടി വന്നു. ഗൂഢസ്മിതത്തിലൊളിപ്പിച്ച ആ രഹസ്യം എന്തെന്നറിയാന്‍ കഴിയാഞ്ഞതിലുള്ള ദുഖത്തിന്‍റെ ലാഞ്ചനയോടെ, ചിത്രത്തില്‍ നിന്നും കണ്ണുകള്‍ പറിച്ചെടുക്കാന്‍ വിസമ്മതിച്ചുകൊണ്ട് , തിരിഞ്ഞു നോക്കിക്കൊണ്ട്, ഞാന്‍ നടന്നു നീങ്ങി.

നിഗൂഢതയുടെ മൂടുപടം അണിഞ്ഞ, മോണാലിസയെന്ന ഛായാചിത്രത്തെ പറ്റി ലൂവറിന്‍റെ വിവരണക്കുറിപ്പില്‍ പറയുന്നത് സംഭവിക്കാന്‍ സാധ്യതയുള്ള, നിഷ്പക്ഷമായ ചില കാര്യങ്ങളാണ്. ഫ്ലോറന്‍സിലെ ഒരു വസ്ത്രവ്യാപാരി തന്‍റെ ഭാര്യ ലിസയുടെ ( Lisa Gherardini) ഛായാചിത്രം വരയ്ക്കുവാന്‍ ഡാവിഞ്ചിയെ നിയോഗപ്പെടുത്തുകയായിരുന്നു. 1503-1506 കാലയളവില്‍ വരച്ച ആ ചിത്രം പൂര്‍ത്തിയായിട്ടില്ലെന്ന കാരണത്താല്‍ ഉടമസ്ഥര്‍ക്ക് കൊടുക്കാതെ ഡാവിഞ്ചി ഫ്രാന്‍സിലേക്ക് കൊണ്ട് പോകുകയും പിന്നീട് ഡാവിഞ്ചിയുടെ മരണശേഷം അദ്ദേഹത്തിന്‍റെ ശിഷ്യന്‍ സാലി ( Salai) ചിത്രം ഇറ്റലിയിലേക്ക് തിരിച്ചുകൊണ്ടുപോകുകയും ചെയ്തു. പക്ഷേ പില്‍ക്കാലത്ത്‌ ആ ചിത്രം ഫ്രാന്‍സിസ് ഒന്നാമന്‍റെ ശേഖരണത്തില്‍ എങ്ങനെ എത്തിച്ചേര്‍ന്നു എന്നുള്ളത് മോണാലിസയുടെ ചിരി പോലെതന്നെ നിഗൂഢവും അവ്യക്തവുമാണ്.

ചിത്രത്തിനു വേണ്ടി മാതൃകയായത്‌ ആര് എന്ന ചോദ്യം ഇപ്പോഴും ഒരു തര്‍ക്കവിഷയമായി തുടരുന്നു. ചിലര്‍ ഇതിന് ഒരു ഉഭയലിംഗഭാവം കല്പിക്കുന്നു. മറ്റു ചിലര്‍ ഡാവിഞ്ചിയുടെ തന്നെ ഛായാചിത്രമാണതെന്നു വാദിക്കുന്നു. പക്ഷേ സ്ത്രൈണതയുടെ മൂര്‍ത്തിമദ്ഭാവമാണ് മോണാലിസ എന്നുള്ളതില്‍ തര്‍ക്കമില്ല.

മോണാലിസയോട് വിടപറഞ്ഞ ശേഷം വീണ്ടും ശ്രദ്ധേയമായ മറ്റു പല ചിത്രങ്ങളും കണ്ടു. അധികവും മധ്യകാലഘട്ടത്തിലെ രചനകളായിരുന്നു. വൈവിധ്യമാര്‍ന്ന കലാസൃഷ്ടികളുടെ ആഴവും ഭംഗിയും ആസ്വദിച്ചുകൊണ്ട്‌ വര്‍ണ്ണ ചുമരുകളിലൂടെയുള്ള ആ യാത്ര ഒരു സ്വപ്നാടനമാണോ എന്ന് തോന്നി. 
മനസ്സില്‍ തട്ടിയ ഒന്നായിരുന്നു ഡെലിരോഷിന്‍റെ ദി മാര്‍ടയര്‍ (“ the martyr” ). രക്തസാക്ഷിത്വം വരിച്ച സുന്ദരിയായ യുവതി ജീവനുണ്ടെന്നു തോന്നിപ്പിക്കും പോലെ ജലോപരിതലത്തില്‍ പൊങ്ങി കിടക്കുന്ന ആ ചിത്രം മനസ്സില്‍ കൊളുത്തിവലിച്ചു.

ഒടുവിലായി കണ്ടത് പ്രശസ്ത പോപ്പ് ഗായികയായ ലേഡി ഗാഗയുടെ ഡിജിറ്റല്‍ ഛായാചിത്രമാണ്(Digital portrait). നോക്കി നില്‍ക്കെ, ഒരേ ചിത്രത്തില്‍ തന്നെ പലഭാവങ്ങള്‍ പ്രകടമാക്കുന്ന ഗായിക. കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഈ കലയുടെ സ്രഷ്ടാവ് ബോബ് വിത്സണ്‍ (U.S. artist Bob Wilson) എന്ന അമേരിക്കന്‍ കലാകാരനാണ്.ഒന്‍പതു വിഭാഗങ്ങളിലായി ഇനിയും എണ്ണമറ്റ പ്രദര്‍ശനങ്ങള്‍ കണ്ടുതീരാന്‍ കിടക്കുമ്പോള്‍ എനിക്ക് ബാക്കിയുള്ളത് ഏതാനും മണിക്കൂറുകള്‍ മാത്രമാണ്. ഉള്ള സമയം വിനിയോഗിച്ച്, ചുരുക്കം ചില സൃഷ്ടികള്‍ കൂടി കണ്ടു.


“ Near Eastern Antiquities “ വിഭാഗത്തില്‍ മെസപോട്ടാമിയന്‍ യുഗത്തിലെ “ കോഡ് ഓഫ് ഹാമുറാബി” ബാബിലോണിയന്‍ സംസ്കാരത്തിന്‍റെ സ്മാരകമായി നിലകൊള്ളുന്നുണ്ട്.

തൊട്ടടുത്ത സെക്ഷനായ ഈജിപ്ഷ്യന്‍ ആന്‍റിക്വിറ്റിയില്‍ ( “ Egyptian Antiquity”) തരക്കേടില്ലാത്ത ജനപ്രവാഹം ഉണ്ടായിരുന്നു. സ്ഫിങ്ങ്സ് (“Sphinx “)എന്ന് കേള്‍ക്കുമ്പോള്‍ ഈജിപ്തിലെ “ദ ഗ്രേറ്റ്‌ പിരമിഡ്” ന്‍റെ അടുത്തുള്ള, ഒരു ബഹുനില കെട്ടിടത്തിന്‍റെ വലുപ്പമുള്ള പ്രതിമയായിരുന്നു ഓര്‍മ്മയില്‍ തെളിഞ്ഞിരുന്നത്. അതല്ലാതെ, സ്ഫിങ്ങ്സിന്‍റെ തനതായ ചെറിയ പതിപ്പുകളും നിലനില്‍ക്കുന്നുണ്ടെന്നതായിരുന്നു അവിടെ കണ്ട കൊച്ചു പ്രതിമകളുടെ സാക്ഷ്യപ്പെടുത്തല്‍.മമ്മികള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന,ചിത്രവേലകള്‍ ചെയ്ത ശവപ്പെട്ടികളും കാണാനിടയായി.

ദൈര്‍ഘ്യമുള്ള തലയോട്ടികളോടുകൂടിയ ശില്പങ്ങളായിരുന്നു സവിശേഷത തോന്നിയ മറ്റൊരു കലാരൂപം. ഈജിപ്ഷ്യന്‍ സംസ്കാരത്തിന് അന്യഗ്രഹ ജീവികളുമായി ബന്ധമുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന രീതിയില്‍, അടുത്തയിടെ ഡിസ്കവറി ചാനലില്‍ പ്രക്ഷേപണംചെയ്ത ഒരു പരിപാടിയാണ് (ancient aliens ) അപ്പോള്‍ ഓര്‍മ്മവന്നത്. അവിടെ കണ്ട, ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള, നീണ്ട കഴുത്തും, നീളമേറിയ തലയോട്ടികളും ഉള്ള ശില്പങ്ങള്‍ ആ കാഴ്ചപ്പാടിനെ പിന്താങ്ങുന്നില്ലേ എന്നും സംശയിച്ചുപോയി.കാലഘട്ടംപോലും കൃത്യമായി രേഖപ്പെടുത്താന്‍ സാധിക്കാത്ത അതിപുരാതനമായ ശില്പങ്ങളിലൂടെ മനുഷ്യ ശരീരത്തിന്‍റെ സൗന്ദര്യം ഒരു ആഘോഷമാക്കി മാറ്റിയിരിക്കുന്നു, ഗ്രീക്കോ റോമന്‍ (Greek and Roman Antiquities) വിഭാഗത്തില്‍!. കാനായി കുഞ്ഞിരാമനെന്ന പ്രഗല്‍ഭനായ ശില്പിയുടെ മലമ്പുഴയക്ഷിയും, കന്യാകുമാരിയിലെ സാഗരകന്യകയും, കേരളത്തില്‍ ഉയര്‍ത്തിയ പ്രതിഷേധമോര്‍ത്ത് ലജ്ജിക്കാതിരിക്കാന്‍ നിവൃത്തിയില്ല. ശില്പങ്ങളില്‍, വെറും ശരീര വടിവ് മാത്രമല്ല, മറിച്ച്, ഭാവഭേദങ്ങളും ലക്ഷണങ്ങളും ആണ് ആലേഖ്യം ചെയ്തിരിക്കുന്നത്. ഇക്കാരണം കൊണ്ട് തന്നെയാണ് വിസ്തരിച്ചുള്ള വസ്ത്രാവരണമോ, പരുഷമായ മേനിയോ ഈ ശില്പങ്ങളില്‍ കാണാന്‍ കഴിയാത്തതും. ഒരു കാവ്യരചന പോലെ അതി മനോഹരമായ നഗ്നശരീരങ്ങളിലൂടെ പ്രകടമാവുന്ന ചിന്താധാരയും അതിശയിപ്പിക്കുന്ന കാഴ്ചകളില്‍ ഒന്നാണ്.

സമാനമായ ഭാവനയാണ് സ്കള്‍പ്ച്ചേഴ്സ് (“ sculptures”) എന്ന വിഭാഗത്തിലും പ്രതിഫലിക്കുന്നത്. ഫ്രഞ്ച് ശില്പങ്ങളെന്നും ഫോറിന്‍ ശില്പങ്ങളെന്നും തരം തിരിച്ചിട്ടുണ്ട്. ഇവയില്‍ എടുത്തു പറയേണ്ടുന്ന ഒന്നാണ് മൈക്കല്‍ ആഞ്ചലോയുടെ അടിമ (“slave” also called “dying slave” )എന്ന ശില്‍പം. പോപ്പ് ജൂലിയസ് രണ്ടാമന്‍റെ ശവകുടീരം അലങ്കരിക്കാനായി 1513-1515 കാലയളവില്‍ കൊത്തിയതാണ് ഈ ശില്‍പം. മാനുഷികവികാരങ്ങളുടെ തടവറയിലാക്കപ്പെട്ട ആത്മാവിനെ പ്രതിനിധീകരിക്കുന്നു, പണി പൂര്‍ത്തിയായിട്ടില്ലാത്ത ഈ അടിമ ശില്‍പം.

ശേഷിച്ച നാല് വിഭാഗങ്ങളും (graphic Arts, Decorative Arts, Islamic Arts, Arts of Africa, Asia , Oceania and the Americans) കാണാക്കാഴ്ചകളുടെ ഉള്ളറയില്‍ ഒതുക്കി വച്ചു.

മൂന്നു ദിവസമല്ല, മൂന്നു ആഴ്ചയല്ല, മൂന്നു മാസങ്ങള്‍ പോലും മതിയാകില്ല, ലൂവറിനകത്തെ കുതൂഹലമുണര്‍ത്തുന്ന ചരിത്ര സ്മൃതികള്‍ ഒന്ന് കണ്ട് ആസ്വദിച്ചുതീരണമെങ്കിലെന്നു തികച്ചും ബോധ്യമായി.

ഗതകാല സ്മരണകളില്‍ നമ്മെ മുക്കി താഴ്ത്തുന്ന, നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന ആ അമൂല്യ ശേഖരം അടുത്തറിയണമെങ്കില്‍ ഒരു ജന്മം തന്നെ മതിയാകുമോ എന്ന സന്ദേഹത്തോടെയാണ് ഞാന്‍ ലൂവറിന്‍റെ പടികളിറങ്ങിയത്.2014, ജനുവരി 16, വ്യാഴാഴ്‌ച

പാരീസ്...ഒരു സ്വപ്നമല്ലാതാവുമ്പോള്‍.. (Paris Part 1)ഇരുണ്ടു മങ്ങിയ പച്ച നിറമുള്ള വെളിച്ചത്തില്‍ അവളെ കാണാന്‍ എഴഴകായിരുന്നു. ചുണ്ടുകളില്‍ തിളങ്ങുന്ന ചായത്തിന് പല വര്‍ണ്ണങ്ങള്‍.. കണ്ണുകളില്‍ മാസ്മരികത! കാണുന്ന മാത്രയില്‍ ആരെയും വശീകരിച്ച് തന്നിലേക്കടുപ്പിക്കുന്ന, ആധുനികതയുടെ എടുപ്പുള്ള കൃശഗാത്രിയായ സുന്ദരി. എന്‍റെ മനസ്സില്‍ പാരീസിനു അങ്ങനെ ഒരു രൂപമായിരുന്നു. ഫാഷന്‍റെ ഔന്നത്യത്തില്‍ നില്‍ക്കുന്ന പാരീസ്.

ഫ്രാന്‍സിന്‍റെ ഹൃദയഭാഗം കയ്യടക്കിയ ആ തലസ്ഥാന നഗരിയില്‍ ചെന്നിറങ്ങിയപ്പോള്‍ മനസ്സേറ്റ് വാങ്ങിയത്, പക്ഷേ തണുപ്പിന്‍റെ ശുഭ്ര വസ്ത്രമണിഞ്ഞ്‌ പൌരാണികതയെ ഗാഢമായി ആലിംഗനം ചെയ്തു കിടക്കുന്ന മറ്റൊരു സുന്ദരിയെ! സെയിന്‍ നദിയുടെ തീരത്ത് ഇടയ്ക്ക് മയങ്ങിയും പിന്നെ ഉണര്‍ന്നും ആരെയും കൊതിപ്പിച്ച് കിടക്കുന്ന സുന്ദരിക്ക് പഴമയും പുതുമയും ഒരുപോലെ വഴങ്ങുന്നുവെന്ന് കൂടുതല്‍ അടുത്തപ്പോള്‍ മനസ്സിലായി! പ്രാചീനവും നൂതനവുമായ  ഇഴകള്‍ ഇട ചേര്‍ത്ത്  നെയ്തെടുത്ത മനോഹരമായ ഒരു പട്ടുറുമാലില്‍ പൊതിഞ്ഞ പറുദീസയാണ് പാരീസ്..

വഴിയരികിലുടനീളം,  ചുമരുകളില്‍ വലിയ അക്ഷരങ്ങളില്‍ നിറഞ്ഞു കിടക്കുന്ന ഗ്രഫിറ്റി. എനിക്കറിയാത്ത ഫ്രെഞ്ച് ഭാഷയില്‍ വരഞ്ഞിട്ടത് എന്താണെന്ന് അറിയാന്‍ കൗതുകം തോന്നി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ വളരെ ശ്രദ്ധയോടെ പരിരക്ഷിച്ചു നിര്‍ത്തിയിരിക്കുന്നു. വിട വാങ്ങുന്ന ഡിസംബറിനെ നോക്കി കൈ കൂപ്പി നില്‍ക്കും പോലെ, ഇടതടവില്ലാതെ കണ്ട ,ഇലകളില്ലാത്ത മരങ്ങള്‍! ആറു ഡിഗ്രിയായിരുന്നു ഊഷ്മാവ്. നനഞ്ഞ കാറ്റിന്‍റെ സ്പര്‍ശം അറിയാന്‍ കയ്യുറകള്‍ ഊരിയപ്പോള്‍ വിരലുകളിലൂടെ അരിച്ചരിച്ചു കയറിയ തണുപ്പില്‍ ശരീരം ചേതനയറ്റ പോലെയായി.

ഒറ്റ നോട്ടത്തില്‍ത്തന്നെ, ആദ്യാനുരാഗത്തിന്‍റെ ഹൃദയമിടിപ്പോടെ, പുതുമയുള്ള ഒരു അനുഭവത്തിന്‍റെ നിറവോടെ ഈ നഗരവുമായി ആരും പ്രണയബദ്ധരായി പോകും.. “കാല്പനികതയുടെ നഗരം” എന്ന ഓമനപ്പേര് അന്വര്‍ത്ഥമാവുന്നതങ്ങിനെയാവാം. ഈ സ്വര്‍ഗ്ഗ ഭൂമിയിലേക്ക്‌ എത്തിപ്പെടുന്നവരും, ഇവിടെ ജീവിക്കുന്നവരും പ്രണയത്തില്‍ ബന്ധിതരാകും എന്ന കേട്ടുകേള്‍വിക്ക് ഒരു തിരുത്തലില്ലാതെ ഞാനും അനുരാഗിണിയായി മാറി . പ്രണയം, വശ്യസുന്ദരമായ പാരീസിനോടുതന്നെയായിരുന്നു എന്ന് മാത്രം. ഈ സ്വര്‍ഗ്ഗ സൗന്ദര്യം, ഒരിക്കല്‍ ഞാന്‍ ഹൃദയം തൊട്ടറിയും എന്നത് ഒരു പകല്‍ക്കിനാവായി കിടന്നിരുന്നു മനസ്സില്‍. ഒരു മഹാഭാഗ്യത്തിന്‍റെ തൂവല്‍ സ്പര്‍ശം, അതാണ്‌ എന്നെ ഇവിടേക്കെത്തിച്ചത്. 

ആശ്ചര്യത്തിന്‍റെ കൊടുമുടിയില്‍ അടക്കാനാവാത്ത ആഹ്ലാദത്തില്‍ സ്വയം മറന്നുപോയ ദിവസങ്ങള്‍...

കാറ്റകോംബ്സ് എന്ന മരണ ഖനിയില്‍...


പാരീസിന്‍റെ ഭൂഗര്‍ഭങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന മൃത്യു ഖനികളിലേക്കായിരുന്നു കന്നിയാത്ര. മരണമടഞ്ഞ ആറു ദശലക്ഷം പാരീസുകാരുടെ അവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന  മരണ ഖനികള്‍! ഇതിന്‍റെ ചരിത്രം ആരെയും ഉദ്വേഗഭരിതരാക്കുന്നതാണ്. ആയിരത്തി എഴുന്നൂറ്റി എണ്‍പതില്‍ (1780) പാരീസിലെ Les Halles എന്ന ജില്ലയിലെ ഏറ്റവും വലിയ സെമിത്തേരി ( “ The cimetiere des Saints- Innocents ) നിറഞ്ഞു കവിയാന്‍ തുടങ്ങിയപ്പോള്‍, പരിസരവാസികളുടെ അപേക്ഷപ്രകാരം, പൊതുജനാരോഗ്യം കണക്കിലെടുത്ത്, അത് അടച്ചുപൂട്ടി. ആയിരത്തി എഴുന്നൂറ്റി എണ്‍പത്തിയഞ്ചില്‍ (1785) അതിലെ അവശിഷ്ടങ്ങള്‍ എടുത്തു മാറ്റി മറ്റൊരിടത്ത്  സുരക്ഷിതമായി സൂക്ഷിക്കുവാന്‍ സ്റ്റേറ്റ് കൗണ്‍സിലിന്‍റെ തീരുമാനമുണ്ടായി. ഖനന വിഭാഗത്തിന്‍റെ നിര്‍ദേശ പ്രകാരം നഗരത്തിലെ എല്ലാ സെമിത്തേരികളില്‍ നിന്നുമുള്ള അസ്ഥികള്‍ , ഉപയോഗശൂന്യമായ, ഉപേക്ഷിക്കപ്പെട്ട ചുണ്ണാമ്പുകല്ല്‌ ഖനികളില്‍ നിക്ഷേപിക്കപ്പെടുമ്പോള്‍ മറുവശത്ത് നഗരപരിഷ്കരണവും നടക്കുകയായിരുന്നു. ആയിരത്തി എണ്ണൂറ്റി അറുപത് (1860) വരെ ഈ സംരംഭം തുടര്‍ന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ കാറ്റകോംബ്സ് എന്ന മ്യൂസിയമായി ഇത് പൊതുജനങ്ങള്‍ക്ക് വേണ്ടി തുറന്നു. സന്ദര്‍ശകര്‍ക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ള ലഘുലേഖയില്‍ നിന്നും വായിച്ചറിഞ്ഞതാണ് ഈ ചരിത്രമത്രയും.

തെളിച്ചമില്ലാത്ത പച്ച ചായം തേച്ച ഒരു ചെറിയ കെട്ടിടത്തിന്‍റെ മുന്നില്‍ നിന്നും തുടങ്ങുന്ന നീണ്ട ക്യൂവിനു പിന്നിലായി, ഊഴവും കാത്ത് നില്‍ക്കേണ്ടി വന്നത് ഒന്നര മണിക്കൂറോളം! കെട്ടിടത്തിനകത്തു കയറി ഏതാണ്ട് ഇരുപതു മീറ്റര്‍  താഴ്ച്ചയില്‍ വളഞ്ഞും ചെരിഞ്ഞും ഇറങ്ങി പോകുന്ന ചവിട്ടു പടികള്‍ പിന്തുടരുമ്പോള്‍ അസ്ഥികൂടങ്ങളാണ് കാത്തിരിക്കുന്നതെന്ന അറിവ് അല്പം ഭീതി പരത്തിയെങ്കിലും എന്നിലെ സാഹസികതയുടെ അതിര് വിട്ട ആകാംക്ഷ ഭയത്തെ മറി കടന്നു. ഇടുങ്ങിയ വഴികളിലൂടെ, മങ്ങിയ വെളിച്ചത്തിലായിരുന്നു നടത്തം. തലയ്ക്കു മുകളിലെ ചുമരില്‍ നീരുറവകളില്‍ നിന്നും ഇറ്റുവീണ വെള്ളത്തുള്ളികള്‍ പടര്‍ന്ന് ചിലയിടങ്ങളില്‍ നടപ്പാതകള്‍ കുതിര്‍ന്നു  കിടന്നിരുന്നു. പകുതിയോളം വഴി പിന്നിട്ടപ്പോള്‍ ഒറ്റക്കും തെറ്റയ്ക്കുമായി കോട്ടയുടെ മാതൃകയിലുള്ള ശില്പങ്ങള്‍ കണ്ടു. De’cure എന്ന് പേരുള്ള ഒരു ഖനി തൊഴിലാളി ഉണ്ടാക്കിയ പോര്‍ട്ട്‌ മഹന്‍ ( Port Mahon) എന്ന കോട്ടയുടെ ശില്‍പം, കാറ്റകോംബ്സ് സന്ദര്‍ശനത്തിന്‍റെ ഒരു പ്രധാന ഭാഗമാണ്. ഒരിടത്ത് ഖനി തൊഴിലാളികള്‍ കാറ്റകോംബ്സിന്‍റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരുന്ന ഭൂഗര്‍ഭ ജലസ്ത്രോതസ്സ് സ്ഫടികം പോലെ തെളിഞ്ഞു കണ്ടു. അധികം താമസിയാതെ കറുത്ത നിറത്തില്‍, ഫ്രെഞ്ചു ലിപിയില്‍ കൊത്തി വച്ചിരിക്കുന്ന മുന്നറിയിപ്പ്.! പരിഭാഷപ്പെടുത്തിയാല്‍, “ നില്‍ക്കൂ, ഇതാണ് മരിച്ചവരുടെ സാമ്രാജ്യം” എന്ന് വായിക്കാം. അതിനുമപ്പുറം, നീണ്ട അസ്ഥികളും തലയോട്ടികളും, അടുക്കി വച്ചിട്ടുള്ള വളഞ്ഞതും ദൈര്‍ഘ്യമേറിയതുമായ ഇടനാഴികളുടെ ( mine shaft)  തുടക്കം. മൊത്തത്തില്‍ എഴുന്നൂറ്റി എണ്‍പതോളം മീറ്റര്‍ നീളം കാണും ഇതിന്. ആയിരത്തി എഴുന്നൂറ്റി എണ്‍പത്തിയാറിന്‍റെ (1786) തുടക്കത്തില്‍, അസ്ഥികള്‍ ഇതിനകത്തേക്ക് വലിച്ചെറിയപ്പെടുകയായിരുന്നുവത്രേ! പിന്നീട് ആയിരത്തി എണ്ണൂറ്റിപ്പത്തില്‍ (1810) അന്നത്തെ ജെനറല്‍ ഇന്‍സ്പെക്ടര്‍ ഓഫ് ക്വാറീസ്,( Hericart de Thury )(1776-1854) തലയോട്ടികളും നീളം കൂടിയ എല്ലുകളും അടുക്കോടെയും , ചിട്ടയോടെയും, ചതുര്‍ഭുജാകൃതിയില്‍ വിന്യസിക്കുന്ന , ആലങ്കാരികമായ ഒരു സജ്ജീകരമുണ്ടാക്കി.അസ്ഥികൂടങ്ങള്‍ അടുക്കുന്നതില്‍ പോലും കണ്ട കലാവിരുത് എന്നെ അതിശയപ്പെടുത്തി. അരണ്ട വെളിച്ചത്തില്‍ , മുന്നോട്ടുള്ള നീക്കത്തിനിടയില്‍, ഒരടുക്കു തലയോട്ടികളില്‍ കണ്ണുകള്‍ കോര്‍ത്തപ്പോള്‍ തോന്നിയത്,. വിസ്മയമോ വിഷാദമോ?!. ഹൃദയത്തിന്‍റെ ആകൃതിയില്‍ കൂടിചേര്‍ന്നിരുന്ന കുറെ തലയോട്ടികള്‍ കണ്ടപ്പോള്‍, മരണത്തിലും പ്രണയമുണ്ടോ എന്ന് സംശയിച്ചുപോയി. ചിലവയില്‍ കണ്ട കൃത്യമായ ദ്വാരങ്ങള്‍ വെടിയുണ്ടകള്‍ തുളച്ച് കയറിയതായിരിക്കുമോ എന്നറിയാന്‍ കുനിഞ്ഞപ്പോള്‍ അറിയാതെ കൈതട്ടി ഒരു തലയോട്ടി ഇളകി. കാവല്‍ക്കാരനെന്തോ പറഞ്ഞു. നീങ്ങി നടക്കാനാവണം!

വലുപ്പം നന്നേ കുറഞ്ഞ തലയോട്ടികളും നീണ്ട അസ്ഥികളും അടുക്കിയിട്ട വൃത്താകൃതിയില്‍ തീര്‍ത്ത ഒരു കുടുസ്സു മുറിയിലേക്ക് നീങ്ങുമ്പോള്‍ എന്നെ വന്നു പുതഞ്ഞത് വിമൂകമായ വിഷാദം തന്നെ!..ലക്ഷക്കണക്കിനു ജീവനുകള്‍ ഇതാ ഇവിടെ നിശ്ചലമായി, ഒതുക്കത്തോടെ, എളിമയോടെ എന്‍റെ ചുറ്റിലും.. ഓരോ തലയോട്ടിക്കും പറയാന്‍ എത്രയോ കഥകള്‍ കാണും! സൂക്ഷിച്ചു നോക്കും തോറും അവയില്‍ ജീവന്‍ തുടിക്കുന്നുണ്ടോ എന്ന ചിന്തയില്‍ എന്‍റെ അസ്ഥികള്‍ ഒന്നു വിറച്ചു.ചെറിയ കൂട്ടങ്ങളായി എത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ഖനിയുടെ സൂക്ഷിപ്പുകാരന്‍ എത്തിനോക്കി. ജീവിതത്തിന്‍റെ ഒട്ടു മുക്കാല്‍ ഭാഗവും മരിച്ചവരുടെ സാമ്രാജ്യത്തിന്‍റെ അധിപനായി കഴിയുന്ന അയാളുടെ കഴുത്തിനു മുകളില്‍ ഞാന്‍ കണ്ടത്, മറ്റൊരു നിര്‍ജ്ജീവമായ തലയോട്ടിയല്ലേ?! അതെന്‍റെ ദര്‍ശനം മാത്രമാവണം, എന്നിരുന്നാലും, പാതി സത്യം അതിലുണ്ടായിരുന്നിരിക്കണം.

തുടക്കത്തില്‍ അനുഭവപ്പെട്ട ഭീതി എങ്ങോ അപ്രത്യക്ഷമായി. പകരം മ്ലാനമായ ഒരു ശാന്തത എന്നെ വലയം ചെയ്തു. ആ മരണഖനിയില്‍ ഞാന്‍ തേടിയതും നേടിയതും ജീവിതത്തിന്‍റെ വലിയ പൊരുള്‍!

മനുഷ്യന്‍റെ നിസ്സഹായത ഇതുപോലെ തൊട്ടറിയാന്‍ ഇനി വേറെന്തു അനുഭവസമ്പത്ത് വേണം എനിക്ക്! അതിരുകാണാത്ത ആശകളുടെ, സ്വപ്നങ്ങളുടെ, അഹങ്കാരത്തിന്‍റെ ഉത്തുംഗശൃംഗങ്ങളില്‍ രമിക്കുന്ന മനുഷ്യാ....നീ ഒടുവില്‍ എത്തിച്ചേരുന്നത്, ക്ഷയിക്കാത്ത അസ്ഥികൂടങ്ങളായി മൃത്യുവിന്‍റെ ഈ സാമ്രാജ്യത്തിലേക്ക് ...അല്ലെങ്കില്‍ മറ്റേതോ മണ്ണില്‍ ഓര്‍മകളുടെ അവശേഷിപ്പു പോലുമില്ലാതെ ക്ഷയിച്ചു തീരുവാന്‍!!...

ഗുഹയുടെ പുറത്തേക്കുള്ള കവാടം തുറക്കുന്നത്  പഴയ കെട്ടിടങ്ങള്‍ നിറഞ്ഞ ശാന്തമായ ഒരു തെരുവിലേക്കാണ് . താഴെ , അസ്ഥികളെ  നിത്യഗര്‍ഭത്തില്‍ ഒളിപ്പിച്ചതിന്‍റെ  വിളര്‍ച്ചയുടെ ഒരു ലാഞ്ചന  പോലും പുറത്ത് കാണിക്കാതെ  , പാരീസ് നെഞ്ച് വിരിക്കുന്നു, ഒഴുകിക്കൊണ്ടിരിക്കുന്ന  ജീവിതത്തിനെ ആശ്ലേഷിക്കുവാനായി..     ഇരുട്ടി തുടങ്ങും മുന്‍പേ വേഗം നടന്നു. രാത്രി മൌണ്ട് പാര്‍ണസ് ടവറിന്‍റെ മുകളില്‍ നിന്ന് കത്തിനില്‍ക്കുന്ന ഈഫലിനു ചുറ്റും വെളിച്ചത്തിന്‍റെ പ്രഭയില്‍ കണ്ണ് ചിമ്മി കിടന്ന സുന്ദരിയായ പാരീസിനെ കാണുമ്പോഴും ഓര്‍മ്മകള്‍ അസ്ഥികൂടങ്ങളില്‍ ഉരുമ്മി എല്ലുപൊടിയുടെ മണമായി മൂക്കില്‍ തുളഞ്ഞു കയറുന്നുണ്ടായിരുന്നു.
2014, ജനുവരി 4, ശനിയാഴ്‌ച

ചാരപ്പടത്തി


കടലോളം ആഴത്തില്‍ സ്നേഹമുണ്ട്, എന്നോടെന്ന് ഒരിക്കല്‍ മണല്‍ തിട്ടയില്‍ ചാരിയിരുന്നുകൊണ്ട് നീ പറഞ്ഞു. സമുദ്രാന്തര്‍ഭാഗം വരെ എന്നെ മുക്കി താഴ്ത്തി, എന്‍റെ ശ്വാസം നിന്റേതു മാത്രമായി മാറുമ്പോഴാണ് ആ സ്നേഹത്തിന്‍റെ ഒടുക്കം എന്ന വസ്ത്രമില്ലാത്ത സത്യം നിന്‍റെ വാക്കുകള്‍ക്കിടയില്‍ അണലി വിഷം പോലെ ഒളിഞ്ഞുകിടന്നത് ഞാന്‍ അറിയാന്‍ വൈകി.


“ചാരപ്പടത്തിപ്പൂവന്‍റെ നിറമാണാ പെണ്ണിനെന്നു ഭാസി പറഞ്ഞു”വെന്നു പറഞ്ഞ് ഐസാവുമ്മ ചിരിച്ചു.

“ക്രീ ക്രീ”.


“അല്ലെങ്കിലും കമലൂ നിനക്കിങ്ങനെയൊരു മുതുക്കിപ്പെണ്ണല്ലല്ലോ മരുമകളായി വരേണ്ടിയിരുന്നത്..” അവര്‍ പിന്നെയും കാറിച്ചിരിച്ചു.പൊളിഞ്ഞുവീണ മതിലിലെ ഇഷ്ടിക വീണ്ടും അടുക്കി വച്ചപോലെ അകന്നും ഉന്തിയും കണ്ട പെണ്ണിന്‍റെ പല്ലുകള്‍ കമലുവിനു നീര്‍ദോഷം വരുത്തി. അവര്‍ ആഞ്ഞാഞ്ഞു തുമ്മിക്കൊണ്ടിരുന്നു, എന്നാലെങ്കിലും ആ പല്ലൊന്നു തെറിച്ചു വീണെങ്കില്‍!

എന്‍റെ പേര് കേള്‍ക്കുമ്പോള്‍ പോലും അവരുടെ കരുത്തുള്ള പൊടിമീശ വിറച്ചു. നിന്നെ തട്ടിയെടുക്കാന്‍ പോന്ന കരാള ഹസ്തങ്ങള്‍ എനിക്കുണ്ടെന്ന് അവര്‍ വിശ്വസിച്ചു.അരപ്പട്ട കെട്ടിയ മരുമകളെ വരവേല്‍ക്കാനിരുന്നവരെയല്ലേ നീ നിരാശരാക്കിയത്...നിന്നെ അവര്‍ പ്രാകിക്കൊല്ലുമെന്നു ഞാന്‍  പറഞ്ഞു. അപ്പോഴും അണലിയുടെ സീല്‍ക്കാരം നീയെന്‍റെ ചുണ്ടുകള്‍ക്കിടയില്‍ അടക്കിയമര്‍ത്തി. ഞാനതില്‍ പുളകം കൊണ്ടു.

എന്‍റെ പച്ച ഞരമ്പുകളിലെ ചോര കക്കിയ പാടുകളില്‍ വിരലമര്‍ത്തി നീ ചോദിച്ചു, “വേദനിപ്പിച്ചുവോ പ്രിയേ”? ഞാനപ്പോള്‍ ആകാശ തേരിലേറി ചിറകുകള്‍ തിരഞ്ഞ് പറന്നുകൊണ്ടിരുന്നു.


കുന്നിന്‍ ചെരിവിലെ അസ്തമനം കണ്ടുകൊണ്ടു എന്‍റെ മടിയില്‍ തലയമര്‍ത്തി നീ പറഞ്ഞു സമാധാനത്തിന്‍റെ വെള്ളരിപ്രാവുകള്‍ കൂകിക്കുറുകി ഉരുമ്മുന്ന ശബ്ദം കേട്ടെന്ന്. ഞാന്‍ ബന്ധിതയായെന്നു മാത്രമേ ആ വെള്ള ചിറകുകള്‍ എന്നോട് പറഞ്ഞുള്ളൂ. എന്‍റെ കണ്ണുകളിലെ നീലിമ, ചിറകുകളില്‍ പടര്‍ന്ന്, അവ നീലപ്രാവുകളായി. വിഷത്തിനും നീല നിറമാണല്ലോ എന്ന് അപ്പോഴും ഞാനോര്‍ത്തില്ല.എന്‍റെ മടിത്തട്ടില്‍ നിന്നും പ്രാവുകള്‍ സഹതാപത്തോടെ പറന്നകന്നപ്പോള്‍ കാലുകളിലെ സ്വര്‍ണ്ണ വളയം ഒന്ന് വലിഞ്ഞമര്‍ന്നത് ഞാനറിഞ്ഞു. പ്രാവുകള്‍ പാറിയ വഴികളിലൂടെ നീയൊരു കാറ്റായി ഉയര്‍ന്നു. അതൊരു പേമാരിയുടെ തുടക്കമായി. വെള്ളി മേഘങ്ങളില്‍ വീണ രക്ത രേണുക്കള്‍ മഴത്തുള്ളികളായി എന്‍റെ സിന്ദൂരരേഖയിലൂടെ ഒലിച്ചിറങ്ങി.. മണ്ണില്‍നിന്നും ഉതിര്‍ന്ന രോദനം മഴയില്‍ അലിഞ്ഞത് ആരും കേട്ടില്ല. അന്നെന്‍റെ കണ്ണുകള്‍ കലങ്ങി ചുവന്നു.


നിന്‍റെ ചോദ്യം.. “സ്നേഹത്തിനൊടുവില്‍, എന്തേ പ്രിയേ നിന്‍റെ കണ്ണുകള്‍ എപ്പോഴും ചുവക്കുന്നു”? നിനക്കുകൂടി മനസ്സിലാവാത്ത ആ ചുവപ്പിനെപ്പറ്റി എനിക്കെങ്ങനെ പറയാന്‍ കഴിയും? എന്‍റെ മൗനത്തിന്‍റെ ശാന്തിതീരങ്ങളില്‍ നീ ഋഷിയെ പോലെ വിളങ്ങി.

ത്രസിച്ച പച്ച ഞെരമ്പുകളും കലങ്ങിച്ചുവന്ന കണ്ണുകളും നീല ചിറകുകളും ക്രമേണ നിന്‍റെ ഉറക്കത്തിന്‍റെ സുഖം കവര്‍ന്നു.ഇടിവെട്ടും മിന്നല്‍പിണറും ആകാശം കീഴടക്കിയ രാത്രി നീ പറഞ്ഞു,

“ഞാന്‍ നിന്നോട് കാണിച്ചത് അര്‍ഹിക്കാത്ത ദയവ്”.


കാതുകളടച്ച് നിന്ന ഞാന്‍ ചാരനിറം വിട്ട് കറുത്തിരുണ്ട ഒരു രുദ്രാക്ഷമായി.കമലു വായിലെ കൊന്ത്രന്‍പല്ലുകള്‍ നീട്ടി തുപ്പി. “ഹാവൂ ആശ്വാസമായി”. മകന്‍ വരുതിയില്‍.പണിയായുധമായ തലകൂര്‍ത്ത കത്തി ചെരിച്ച് വീശി ഭാസി ചാടി വീണു.അരിഞ്ഞു വീഴ്ത്തപ്പെട്ട എന്‍റെ മിനുസമുള്ള കറുത്ത മുടിയില്‍ അയാള്‍ പുളിച്ച നോട്ടം അര്‍പ്പിച്ചുകൊണ്ട് നിന്നപ്പോള്‍ നിന്‍റെ നാക്കും ആരോ അരിഞ്ഞു വീഴ്ത്തിയതായി എനിക്ക് സങ്കല്പ്പിക്കേണ്ടി വന്നു. ശേഷിച്ച മുടിയില്‍ നിന്‍റെ മുഷ്ടി മുറുകിയപ്പോള്‍ മാത്രമാണ് ഞാന്‍ അറപ്പോടെ മനസ്സിലാക്കിയത്, നിന്‍റെ നാക്കിനു എന്‍റെ മുടിയോളം നീളവും കറുപ്പും ഉണ്ടെന്ന്.അതാ ആ കാണുന്ന ജനല്‍പടിവരെ ഞാന്‍ വലിഞ്ഞിഴഞ്ഞു, അല്ല, നീ തീ തുപ്പുന്ന ഭൂതത്താനെപ്പോലെ എന്നെ വലിക്കുകയായിരുന്നു.ഭാസിയും കമലുവും പിന്നെ അവരുടെ ഉരുക്കുപുത്രി ജടജയും നിന്നെ വലയം ചെയ്തു, നീ പ്രഭയില്‍ കുളിച്ചു നിന്നു. ഞാന്‍ അവരെ സ്നേഹിക്കാന്‍ തയ്യാറായിരുന്നു, കുരിശു കണ്ട പിശാചിനെ പോലെ അവര്‍ വിളറുമ്പോള്‍ എന്‍റെ നെറ്റിയില്‍ നീ ആണിയടിച്ചിറക്കുന്നതെന്തിന്? ചിന്തിയ ചോരപ്പാടുകളുള്ള മണ്ണില്‍ മാന്തി നീ കുഴിച്ചു മൂടുന്നതെന്താണ്?


ഒറ്റത്തുരുത്തിലെ കൊറ്റിയെപ്പോലെ വിഷാദം നിറഞ്ഞ ദിനരാത്രങ്ങളില്‍ പറക്കാനിഷ്ടമില്ലാതെ ഞാന്‍ നില്‍ക്കുമ്പോഴും ഹൃദയം തുളുമ്പിയത്‌ നിന്നോടുള്ള സ്നേഹത്തിന്‍റെ നിറവുകൊണ്ട് മാത്രം..എന്നോടുണ്ടെന്നു നീ അവകാശപ്പെട്ട ആ സ്നേഹത്തിനു എന്തിന്‍റെ ആകൃതിയായിരുന്നു? എന്തിന്‍റെ സുഗന്ധമായിരുന്നു? ഏതു നിറമായിരുന്നു? എനിക്കത് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. എപ്പോഴെങ്കിലും അത് എന്നെ സ്പര്‍ശിച്ചിരുന്നുവോ..അതുപോലും എനിക്കിപ്പോള്‍ സംശയമാണ്.വെള്ളം വറ്റിയ കുളത്തിലെ ചണ്ടിപോലെ ചളിയില്‍ പുതഞ്ഞു പോയ സ്നേഹം! കൊച്ചു നീരുറവകള്‍ ചുരത്തിയ പാലരുവികളില്‍ ഞാന്‍ വരണ്ടുണങ്ങിയ ചുണ്ടുകള്‍ നനച്ചു. ഒരിക്കലും കൈകുടന്ന നീട്ടി ഞാന്‍ തല താഴ്ത്തി നിന്നില്ല. ദാഹവും മറവിയില്‍ പൂണ്ടു കിടന്നു.പഴുത്ത മണലില്‍ പാദങ്ങള്‍ ഇഴുകിയമരുന്നു. കറുത്ത തൊലിപ്പുറത്ത് പരുപരുപ്പുള്ള വ്രണങ്ങള്‍. ഒരു ഒട്ടക പക്ഷി അള്ളിപ്പിടിച്ച നഖങ്ങളാല്‍ ആഴത്തില്‍ കോറിയപ്പോള്‍ രുദ്രാക്ഷത്തിന്‍റെ നിറമുള്ള, ചന്ദനത്തിന്‍റെ മണമുള്ള നിണം പൊട്ടിയൊഴുകി. ഒഴുക്കിന്‍റെ ശക്തി കുറഞ്ഞു വന്ന്, ഹൃദയാകൃതിയില്‍ കറുത്ത രക്തം നിശ്ചലമായത് ആരുടെ കാല്‍പ്പാദങ്ങള്‍ക്കരികിലെന്നു ഞാന്‍ തലയുയര്‍ത്തിനോക്കി....ഒരു തീ നോട്ടമെറിഞ്ഞു കൊണ്ട് നില്‍ക്കുന്നതാരാണ്‌..?നിനക്ക് കാണാമോ..?ഉത്തരത്തിനായി ഞാന്‍ കാക്കുന്നില്ല, യാത്രാമൊഴിയും ഇല്ല.
...........................................................................................................................................

ചന്ദനമരങ്ങളുടെ കാവല്‍ക്കാരാ ..ഞാന്‍ ഇതാ നിന്നിലേക്ക്‌ അണയുന്നു. ബന്ധനത്തിന്‍റെ ചോരപ്പാടുകളില്‍ വിരല്‍ ചേര്‍ത്ത് നീ പാടിയ ഈണങ്ങള്‍ ഞാന്‍ മറന്നിട്ടില്ല.ഇന്ന് ഞാന്‍ ഉപേക്ഷിക്കപ്പെട്ടവള്‍.., ചവിട്ടി കയറാന്‍ ഉപയോഗിക്കപ്പെട്ട ഏണിപ്പടിയായ എന്‍റെ മുതുകില്‍ ഇനിയാ വാമന പാദങ്ങള്‍ ഒതുങ്ങുകയില്ല..


രക്തചന്ദനത്തിന്‍റെ ചീളുകള്‍ വലിഞ്ഞു മുറുകിയ നിന്‍റെ പേശികള്‍ക്ക് ഇനി വിജയഭേരി മുഴക്കാം. വിരിഞ്ഞ നെഞ്ചിലേക്ക്, കൂനിക്കൂടിയ എന്‍റെ ശിരസ്സ്‌ ചേര്‍ത്തുവക്കാം. വാര്‍ന്നുപോയ രക്തം ചുണ്ടുകളിലൂടെ നിനക്കെന്‍റെ സിരകളിലേക്ക് തിരിച്ചെത്തിക്കാം. ഒരു ദിവസം മാത്രമെങ്കില്‍ക്കൂടി , അത്രയും...നിന്‍റെ കൂടെ ഞാന്‍ ജീവിച്ചു മരിക്കാം..നിന്‍റെ സ്നേഹം എന്നെ ഉയിര്‍ത്തെഴുന്നേല്പ്പിക്കും എന്ന നിന്‍റെ വാദം പ്രത്യാശ പകരുന്നതാണ്, എങ്കിലും ഇനിയൊരു പുനര്‍ജന്മത്തിനായി കൈകള്‍ കൂപ്പണോ?? അതോ എന്നെന്നേക്കുമായി നിന്നില്‍ വീണു മരിക്കണോ ..?

ഒരു തീക്കനലായി ഞാന്‍ എരിഞ്ഞു തീരും വരെ, ഒരു പിടി ചാരം മാത്രം ബാക്കിയാവും വരെ..... അത്രയേ ഉള്ളൂ നിനക്കൊപ്പം...ചാരപ്പടത്തിപ്പൂവന്‍റെ നിറമുള്ള എന്‍റെ ഉടല്‍ ഇനി ആര്‍ക്കും സ്വന്തമല്ല.


ഗ്വാക്ക്..ഗ്വാക്ക്... കമലു ചര്‍ദ്ദിച്ചു.


ഐസാവുമ്മക്ക് പാടി നടക്കാന്‍ പുതിയൊരു കഥയുണ്ടായി.