2015, ജനുവരി 17, ശനിയാഴ്‌ച

അയ്യട ഐഡി !



രണ്ടായിരാമാണ്ട്‌! ആ ആണ്ടിലാണ് ഞാന്‍ ഒമാനില്‍ എത്തുന്നതും ഒരു എന്ജിനീയറിംഗ് കോളേജില്‍ ലൈബ്രേറിയന്‍ ആയി ജോലിയില്‍ പ്രവേശിക്കുന്നതും.

ഇന്റര്‍വ്യൂവില്‍ അവസാനത്തെ ചോദ്യം “ വാട്ട്‌ ഈസ്‌ യുവര്‍ ഇ മെയില്‍ ഐഡി” എന്നായിരുന്നു.

അങ്ങനെ ഒരു ഐഡി ഉണ്ടെങ്കിലല്ലേ കൊടുക്കുക!

നാട്ടീന്നുഒരു വര്‍ഷത്തെ കമ്പ്യൂട്ടര്‍ കോഴ്സ് കഴിഞ്ഞൂന്നുള്ളത് നേര് തന്നെ! പഠിച്ചത് മനുഷ്യന് ജീവിതത്തില്‍ ഇന്നേവരെ പ്രയോജനപ്പെട്ടിട്ടില്ലാത്ത ബെയ്സിക്, കോബോള്‍, ബാസ്കറ്റ് ബോള്‍ പാസ്കല്‍.. റാസ്കല്‍ എന്നിങ്ങനെ കുറെ സാധനങ്ങള്‍! മെയില്‍ ഐഡി എങ്ങനെ ഉണ്ടാക്കുമെന്നോ എങ്ങനെ ഉപയോഗിക്കുമെന്നോ എനിക്കറിയില്ലായിരുന്നു. ( മറക്കണ്ട, രണ്ടായിരാമാണ്ട്‌..!) 


 ഞാന്‍ ചോദ്യകര്‍ത്താവിനെ ബ്ലിങ്കസ്യ നോക്കിയിരുന്നു.

അദ്ദേഹം വീണ്ടും പറഞ്ഞു “ ഇമെയില്‍ ഐഡി ഉണ്ടെങ്കില്‍ ഇന്റര്‍വ്യൂ റിസള്‍ട്ട് അതിലേക്ക് അയക്കാമായിരുന്നു” .

“ഇതെന്തൂട്ട് കുന്താണപ്പാ” എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാന്‍ തിരിച്ചു പോന്നു.

വീട്ടില്‍ വന്ന ശേഷം ഭര്‍ത്താവിനോട് പറഞ്ഞു,

“ഇമെയില്‍ ഐഡി ഉണ്ടോന്നു ചോദിച്ചു അവര്‍. എനിക്ക് അങ്ങനെ ഒരു കുന്ത്രാണ്ടം വാങ്ങിത്തരാന്‍ നിങ്ങള്‍ക്കിത് വരെ മനസ്സ് വന്നില്ലല്ലോ..ഗള്‍ഫുകാരനാത്രേ! ഗള്‍ഫുകാരന്‍!”

അപ്പൊ തനിക്കെന്റെ ഐഡി കൊടുക്കാമായിരുന്നില്ലേ.. “സുധന്‍ അറ്റ്‌ യാഹൂ.കോം”

“ന്തൂട്ട്”? ഞാന്‍ ചീറി.( ഒന്നും മനസ്സിലാവാത്തത്തിന്റെ ദേഷ്യം! അതെനിക്ക് മാത്രമല്ലേ അറിയൂ!)

“അതേയ് താനാദ്യം മൗസ് പിടിക്കാന്‍ പഠിക്കു..അതിനാണ് ഈ വിഡ്ഢിപ്പെട്ടി ഇവിടെ വീട്ടില്‍ വാങ്ങി വച്ചേക്കണേ..”  " ഫര്‍"  പറഞ്ഞു.

നാട്ടില്‍ ഞാന്‍ പഠിക്കുമ്പോള്‍ അന്ന് മൗസ് എന്നൊരു സാധനം പ്രാബല്യത്തില്‍ വന്നിട്ടില്ല. അതുകൊണ്ട് വീട്ടിലെ കമ്പ്യൂട്ടറിന്‍റെ കൂടെയുള്ള ഈ എലിയെ ഒരു കൈ കൊണ്ട് പൊത്തിപ്പിടിക്കുകയും ഇടയ്ക്കു പത്തു വിരലുകള്‍ കൊണ്ട് സര്‍ക്കസ്സു കാണിച്ച് കീ ബോര്‍ഡില്‍ കുത്തുകയും മാന്തുകയും ചെയ്യുക എന്നത് ശ്രമകരമായിരുന്നു. ഇതിന്റെ പേരില്‍ അന്ന് കുടുംബകലഹം വരെ അരങ്ങേറിയിട്ടുണ്ട്. പഠിപ്പിക്കാന്‍ ക്ഷമയില്ലാത്ത ഫര്‍ത്താവും..പഠിച്ചേ അടങ്ങൂ എന്ന വാശിയുമായി ഞാനും.

ഒടുവില്‍ ഒരു ദിവസം ഇമെയില്‍ ഐഡി ഇല്ലാത്ത എനിക്ക് ഫോണില്‍ വിളി വന്നു. അപ്പോയിന്‍മെന്‍റ് ഒയിന്‍മെന്‍റ്! ഞാന്‍ കോളേജില്‍ ജോലിക്ക് ജോയിന്റ്!

ഒന്നു രണ്ടു ദിവസത്തിനകം ഒരുപാട് കൂട്ടുകാരെ കിട്ടി..സമപ്രായക്കാര്‍..ചിലര്‍ സമവട്ടുകാര്‍! അവരില്‍ രണ്ടുപേര്‍ എന്നെ ഇമെയില്‍ ഐഡി എടുക്കാന്‍ സഹായിച്ചു. ഞാന്‍ ഹേബി അറ്റ്‌ യാഹൂ, ഹേബി അറ്റ്‌ ഹോട്ട് മെയില്‍ തുടങ്ങിയ ഇമെയില്‍ ഐഡികളുടെ ഉടമയായി. കുറച്ചൊരു ഗര്‍വ്വോടെ ഫര്‍ത്താവിനോടും പറഞ്ഞു.. “ മനുഷ്യാ..ഇനി എന്നോട് വല്ലതും പറയാനുണ്ടെങ്കില്‍ ഇതാ എന്‍റെ ഐഡി..അതിലോട്ടങ്ങു അയക്കുക..”

അങ്ങനെ രണ്ടായിരാമാണ്ടിന്റെ തുടക്കത്തില്‍ ഞാനൊരു സമ്പന്നയായ ഇമെയില്‍ ഐഡിക്കാരിയായി. അന്ന് തുടങ്ങിയതാണ്‌ ഈ ഇന്റര്‍നെറ്റില്‍ ഉള്ള കൈലുകുത്തല്‍! എന്റെ കൂട്ടുകാര്‍ എം. എസ്. എന്‍ ( MSN) ചാറ്റ് റൂമിലും ..യാഹൂ ചാറ്റ് റൂമിലും എന്നെ കൈപിടിച്ച് കൊണ്ടുപോയി. നല്ല രസമായിരുന്നു അവിടെ...പൊരിഞ്ഞ ചാറ്റ്..പലതരക്കാര്‍, പല രാജ്യങ്ങളില്‍നിന്നുള്ളവര്‍ പല തരം ജോലിക്കാര്‍.. ചിലര്‍ വെറും തറ ചാറ്റിനു കച്ചകെട്ടിയിരിക്കുന്നവര്‍.... ആര്‍ക്കും പിടികൊടുക്കാതെ രസച്ചരട് പൊട്ടിക്കാതെ പിടിച്ചു നിന്നു. അങ്ങ് ഇങ്ക്ലണ്ടില്‍ നിന്നും ഒരു തൊപ്പി വില്‍പ്പനക്കാരന്‍ എനിക്ക് മെയിലില്‍ പലതരം തൊപ്പികളുടെ ചിത്രങ്ങള്‍ അയച്ചു തന്നിരുന്നു.. ഹോളണ്ടില്‍ നിന്നൊരു ചങ്ങാതി ടുലിപ്സ് പുഷ്പങ്ങളുടെ ചിത്രങ്ങളും... പിന്നെ തുടങ്ങി പ്രയാണം..ഒരായിരം സൈറ്റുകള്‍..ഗ്രീറ്റിങ്ങ്സ്..കഥകള്‍.. പാട്ടുകള്‍.. പാട്ടിന്റെ വരികള്‍ ഓണ്‍ലൈന്‍ യോഗാഭ്യാസം.. പാചകം... ആനന്ദലബ്ധിക്കിനിയെന്ത് വേണം!

അങ്ങനെ പരതി പരതി കണ്ടെത്തിയതാണ് ഹോം ഇന്‍ഡ്യ ഡോട്ട് കോം എന്ന ഒരു സൈറ്റ്.. ഇപ്പോള്‍ നിലവിലുണ്ടോ എന്നറിയില്ല. അതില്‍ നമ്മള്‍ കത്തുകള്‍ മംഗ്ലീഷിലോ മലയാളത്തിലോ എഴുതി അയക്കുക കിട്ടേണ്ട ആളുടെ വിലാസവും മറ്റു വിവരങ്ങളും കൊടുക്കുക. നാട്ടില്‍ എവിടെ ആയിരുന്നാലും അയാളെ തേടിപ്പിടിച്ച് ഈ ഡോട്ട് കോം കാര്‍ നമ്മള്‍ അയച്ച കത്ത് കൊടുത്തിരിക്കും..( എന്നൊക്കെയാണ് സൈറ്റില്‍ പറഞ്ഞിരുന്നത്.) ഫ്രീ സര്‍വീസ് അല്ലേ..ഞാന്‍ നാട്ടിലെ എന്റെ എല്ലാ ബന്ധു ജനങ്ങള്‍ക്കും നിരത്തിപ്പിടിച്ചു കത്തുകള്‍ എഴുതി.. എല്ലാവര്‍ക്കും കിട്ടി..ആര് “മറുവെടി” അയക്കാന്‍?! എനിക്ക് തലയ്ക്കു ഓളം, പത്ത് പൈസ ചെലവും ഇല്ല്യ കത്തയക്കാന്‍..അതുപോലാണോ അവര്‍ക്ക് ഇങ്ങോട്ട് കത്തയക്കാനുള്ള നൂലാമാല..എത്ര ഉര്‍പ്യേടെ കവറും സ്ടാമ്പും വേണം! എന്ന് വച്ച് ഞാന്‍ കത്തയക്കല്‍ നിര്‍ത്തിയില്ല.. ചേദം ഇല്ലാത്ത ഉപകാരമല്ലിയോ..!

എന്റെ ഒരു സഹപ്രവര്‍ത്തകന്‍, കല്ല്യാണം കഴിഞ്ഞ് പുതുമോടി വിടാത്ത പുതിയാപ്ല, എന്‍റെ ഉപദേശപ്രകാരം ഈ ഡോട്ട് കോം വഴി ഭാര്യക്ക് കത്തയച്ചു..പഞ്ചാര കല്‍ക്കണ്ടം ചക്കര തേന്‍..അങ്ങട് വഴിഞ്ഞൊഴുകല്ലാര്‍ന്നോ!

പിന്നത്തെ ആഴ്ച ഭാര്യ ഇതിയാനെ നാട്ടില്‍ നിന്നും വിളിച്ച് ശകാരഡോട്ട്കോം വര്‍ഷം!

“ഇതിയാന് അവിടെ വേറെ പണീം തൊഴിലും ഇല്ലെങ്കില്‍ മിണ്ടാതിരുന്നോളണം. ഇനി മേലാല്‍ ഇമ്മാതിരി തരം താഴ്ന്ന വേല കാണിച്ചാല്‍..ബാക്കി ഞാന്‍ അപ്പൊ പറയാം...” ഹൂറി ഉറഞ്ഞുതുള്ളി..

എന്റെ ബന്ധുജനങ്ങള്‍ എനിക്ക് മറുപടി അയക്കാഞ്ഞതിനാലും യാതൊരു വിവരങ്ങളും ഞാന്‍ അറിയാഞ്ഞതിനാലും ഈ ഡോട്ട്‌കോം കത്തിന്റെ ഗുട്ടന്‍സ് മുഴുവനും എനിക്കും അറിയില്ലായിരുന്നു. നമ്മള്‍ ആത്മാര്‍ഥത കോരിയൊഴിച്ച്, സ്വകാര്യതയുടെ ഒരു മൂടുപടം അണിയിച്ച് ഒരുക്കി വിടുന്ന ഈ കത്തുകള്‍ നാട്ടിലിരിക്കുന്ന ഡോട്ട് കോം “കൊശവര്‍” പ്രിന്‍റ് ഔട്ട്‌ എടുക്കുമത്രേ! എന്നിട്ട് വീടുകളുടെ അഡ്രസ്‌ തേടിപ്പിടിച്ച് ചെന്ന് ഒരു കവര്‍ പോലും ഇടാത്ത നഗ്നമായ കത്തുകള്‍ വീട്ടു പടിക്കല്‍ എറിഞ്ഞിട്ടു പോകുംപോലും!

പത്രക്കാരന്‍ മിന്നം വെളുക്കും മുന്‍പ് മാവിന്‍ മുകളിലേക്കും കിണറ്റി
ലേക്കും ടെറസ്സിലേക്കുമൊക്കെയാണ് പത്രം എറിഞ്ഞു സൈക്കിളില്‍ പാഞ്ഞു പോകുന്നതെങ്കില്‍ ഡോട്ട്കോം കാര്‍ ഈ നഗ്നലേഖനങ്ങള്‍ വീട്ടു പടിക്കല്‍ നിക്ഷേപിച്ചു സ്ഥലം വിടും.... വഴിയേ പോകുന്നവരും വരുന്നവരും അതെടുത്തു വായിച്ചു ഒന്നുമറിയാത്തപോലെ തിരികെ ഇടും...നാട്ടുകാരുടെയൊക്കെ വായന കഴിയുമ്പോള്‍ വിലാസത്തിന്റെ ഉടമക്ക് കിട്ടിയെങ്കിലായി! 

ഞാനയച്ച കത്തുകളുടെ കാര്യം മറക്കാമെന്നു വയ്ക്കാം....  എന്റെ വിദഗ്ദോപദേശം ശിരസ്സാ വഹിച്ച്  "ചക്കരക്കുടമേ..." എന്ന് തുടങ്ങുന്ന കത്ത് സ്വന്തം ഭാര്യക്കെന്ന വ്യാജേന നാട്ടുകാര്‍ക്കയച്ച്  പുതുമോടിയില്‍ തന്നെ ഭാര്യയുടെ വായിലിരിക്കുന്ന പുളിച്ച “പദാനുപദങ്ങള്‍” കേള്‍ക്കേണ്ടി വന്ന പാവത്താന്‍ പുതിയാപ്ലയുടെ കാര്യമോ..കട്ടപ്പുക!!! 

ഇതൊന്നും നമ്മുടെ ശുഷ്കാന്തിയെ ബാധിച്ചില്ല്യ..ഇരുപത്തിനാല് മണിക്കൂറും ഈ വലയില്‍ കുടുങ്ങി പിന്നീട് എന്റെ ജീവിതം..ടൈപ്പിംഗ് സ്പീഡില്‍ എന്നെ വെല്ലാന്‍ ലോകത്താരും ഇല്ലെന്നു പോലും എനിക്ക് തോന്നി..ചടപടാന്ന് ചാറ്റ്.. പടപടാന്ന് ബ്രൌസിംഗ്..രണ്ടായിരത്തി അഞ്ചോടെ റിസള്‍ട്ട് അറിഞ്ഞു.. കഴുത്തനക്കാന്‍ വയ്യാതായി.. ഡോക്ടര്‍മാര്‍ വല്ല്യ പേരാണ് പറഞ്ഞത്..സ്പോണ്ടലൈറ്റിസ്!! എന്‍റെ പെടലീടെ പണികുറ്റം തീര്‍ന്നു കിട്ടി.. അത്രെന്നെ! സൂക്ഷിച്ചില്ലെങ്കില്‍ ഇത് കഴുത്തും കൊണ്ടേ പോവൂത്രെ! ന്നാലോ എന്റെ കയ്യിലിരിപ്പിന് വല്ല കുറവും ഉണ്ടോ.. പതിനഞ്ചാമത്തെ വര്‍ഷത്തിലും അരക്കഴുത്തുമായി ഞാന്‍  ജൈത്രയാത്ര തുടരുന്നു...