2014, ജൂൺ 1, ഞായറാഴ്‌ച

അമ്മക്ക് പ്രണാമം…!


സ്വാധീനമുള്ള വലതുകൈ പ്രയാസപ്പെട്ട് പൊന്തിച്ച്‌ വലതുവശം കുഴിഞ്ഞ തലയോട്ടിയില്‍ തൊടാന്‍ ശ്രമിച്ചുകൊണ്ട്‌ അമ്മ ഉറ്റുനോക്കിയപ്പോൾ നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ അമ്മയില്‍ നിന്നും മറച്ചുപിടിക്കാന്‍ കഴിഞ്ഞില്ല. 


“വാവേ കരയണ്ട. അമ്മേടെ എല്ലാ അസുഖവും ഭേദാവും..കരയാതിരിക്ക്”. അവ്യക്തമായ വാക്കുകള്‍. 


കുഴയുന്ന നാവില്‍ അപ്പോഴും ആത്മവിശ്വാസവും സ്നേഹവും പിടയുന്നത്‌ അറിഞ്ഞു. 


വിഷാദത്തിന്റെ ചായം വീണ മുഖമായിരുന്നു അമ്മയ്ക്ക്.. അമ്മയുടെ ഓര്‍മ്മ എവിടെനിന്ന് തുടങ്ങുന്നു എന്ന് ആരും ചോദിക്കില്ലല്ലോ.. തുടക്കമോ ഒടുക്കമോ ഇല്ലാത്ത ജന്മജന്മാന്തരങ്ങളായുള്ള ബന്ധം.. 


ആകാരമൊത്ത പൂമേനിയില്‍ അമ്മ സാരി ചുറ്റുമ്പോള്‍ എന്തൊരു ചേലായിരുന്നു! 


“അമ്മേടെ ചന്തം എനിക്കെന്താ തരാതിരുന്നതമ്മേ...” അമ്മ എന്നും ചിരിച്ചൊഴിയുമായിരുന്ന ചോദ്യം. ചിരിക്കുമ്പോഴും അമ്മയുടെ മുഖം കരയും.


“അമ്മക്കെന്തിനാ എപ്പോഴും സങ്കടം?” 


ഒരു വാരിധി ഉള്ളിലൊളിപ്പിച്ച മൗനമായിരിയ്ക്കും അതിനുത്തരം..


ഒരു പകല്‍ കൃഷ്ണാശാന്‍ പൂമുഖത്ത് കവിടി നിരത്തീട്ടു അമ്മേടെ ആയുസ്സ് കുറിച്ചു. 


“അമ്പത്തിയെട്ടു വയസ്സ് വിട്ടു പോവില്ല്യാലോ” 


നെറ്റിയില്‍ നാല് ചുളിവുകളോടെ ആശാന്‍ അമ്മയെ നോക്കി. 


ഈ ലോകത്തിലെ സര്‍വത്രദുഖങ്ങളും പേറിക്കൊണ്ടുള്ള ഒരു ചിരി അപ്പോഴും അമ്മയുടെ ചുണ്ടില്‍. 


അമ്പത്തെട്ടു കഴിഞ്ഞാല്‍ അമ്മ ജീവിക്കില്ല്യാത്രേ! വാതില്‍ മറയില്‍ നിന്നു അതുകേട്ട പത്തു വയസ്സുള്ള താന്‍ കുടുകുടാ കണ്ണീരുമായി വാഴത്തോട്ടത്തിലേക്ക് പോയതും വെള്ളാരംകല്ലുകള്‍ പെറുക്കിതിന്ന് അമ്മക്കു മുന്‍പേ മരിച്ചു പോകുമെന്ന് തീരുമാനിക്കുകയും ചെയ്തത് മനസ്സിൽ സൂക്ഷിച്ച രഹസ്യം.. ആ അമ്മ..ഇപ്പോള്‍...ഇതാ പകുതി ഓര്‍മ്മയില്‍..ഒരു വശം തളര്‍ന്ന്..മിടിക്കുന്ന ഒരു ഹൃദയത്തിന്‍റെ മാത്രം ബലത്തില്‍ മുൻപിൽ കിടക്കുന്നു! 


ഒരു വര്‍ഷം മുന്‍പാണ് അമ്മയോട് എയര്‍പോര്‍ട്ടില്‍ വച്ച് യാത്ര പറഞ്ഞ് പോന്നത്. വെള്ളയില്‍ നിറയുന്ന പച്ച വള്ളികളില്‍ കൊച്ചുവയലറ്റു പൂക്കള്‍ ഒഴുകിക്കിടക്കുന്നൊരു സാരിയില്‍ തന്‍റെ സുന്ദരി അമ്മ. തിരിഞ്ഞുനോക്കി നടന്നകലുമ്പോള്‍ ആ കണ്ണുകളില്‍ നീര്‍മുത്തുകള്‍ ഉരുണ്ട് നിന്നിരുന്നു. ചുണ്ടുകള്‍ കനം വച്ചിരുന്നു. വാക്കുകളൊന്നും പുറത്തു വരാത്തൊരു അവസ്ഥയില്‍ വിട ചൊല്ലുന്ന കണ്ണുകളില്‍ ദുഃഖം പെയ്തു തോരാതെ.. അതായിരുന്നു ബോധത്തോടെയുള്ള അവസാന കാഴ്ച. 


ആ അവധിക്കാലത്ത്‌ അമ്മ പറമ്പിന്‍റെ മൂലയില്‍ ഉണങ്ങിയ ഓലക്കുടി കൂട്ടി കത്തിച്ച് കശുവണ്ടി ചുട്ട് ചിരട്ടപ്പുറത്തു വച്ച് തല്ലി പരിപ്പെടുത്തു തന്നത് ഇന്നുമൊരു പൊള്ളുന്ന പശയായി മനസ്സിനെ നീറ്റുന്നുണ്ട്. 


അമ്മക്ക് പെട്ടെന്ന് നിശ്ചയിച്ച ഓപ്പറേഷന്‍ ആയിരുന്നു !. നാലുനാള്‍ മാത്രം പ്രായമായ കുഞ്ഞിന്നരികിൽ ബന്ധിതയായായി കഴിയുമ്പോൾ എങ്ങനെ ഓടിയെത്തും അമ്മയുടെ അരികില്‍?!. കരഞ്ഞുകരഞ്ഞ്‌ നീരുവറ്റി ഉണങ്ങിപ്പോയി അന്ന് തന്‍റെ സങ്കടഗ്രന്ഥികള്‍. വിഷാദവും ഉന്മാദവും മാറിമാറി വന്നെത്തിനോക്കി. ഹൃദയം ഒരു കടന്നല്‍ക്കൂടായി.. അമ്മയെ കാണണം! ആരോട് പറയണം! ആര്‍ക്കു മനസ്സിലാവും! 


അലയൊടുങ്ങാതൊരു കടല്‍ ഇത്തിരി പോന്ന നെഞ്ചില്‍ പേറിയ അനുഭവം..! സിരകളില്‍ തിളയ്ക്കുന്ന അഗ്നിപര്‍വ്വതം രക്തസമ്മര്‍ദ്ദമായി പരിണമിച്ചു..മാസം തികയാതെ പ്രസവിച്ച കുഞ്ഞിനു ഇരുപത്തിയെട്ടു കഴിയാതെ യാത്ര നിഷേധ്യം! പുകഞ്ഞു തീര്‍ന്ന നാളുകള്‍ക്കൊടുവില്‍ ഒരു ദിനം ഭയന്നും വിറച്ചും അമ്മയെ കാണാന്‍ ഓടിയെത്തി. ജീവിതത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത അതിദാരുണമായ ഒരു കാഴ്ച കാണാന്‍!.. 


അമ്മയുടെ തലയുടെ പകുതിയോളം കുഴിഞ്ഞുപോയിരിക്കുന്നു. ആ തലച്ചോറ് ലക്ഷങ്ങളാക്കി മാറ്റിയ ശുംഭന്‍ ഡോക്ടറെ ഒരു നിമിഷനേരം കൊണ്ട് ശപിച്ചു വെണ്ണീറാക്കി.! ദൈവം പോലും മാപ്പര്‍ഹിക്കുന്നില്ലെന്നു തോന്നി. 


മുടിയില്ലാത്ത, പകുതിയോര്‍മ്മ മാത്രമുള്ള അമ്മ...ഒരു കണ്ണില്ല, ഒരു കാതില്ല, ഒരു കയ്യില്ല, ഒരു കാലില്ല..ഇല്ലെന്നല്ല, ശേഷിയില്ല ...ആ കാഴ്ച സഹിക്കാനാവാതെ അന്ന് ദിഗന്തങ്ങള്‍ പൊട്ടുമാറുച്ചത്തില്‍ അലറി..ചുമരില്‍ തലയടിച്ച് കാറിനിലവിളിച്ചു..ഭ്രാന്തിനും സുബോധത്തിനും ഇടയില്‍ ഒരു നേരിയ നൂലിഴയില്‍ തൂങ്ങിക്കിടന്നു..അപ്പോള്‍ പേടിച്ചരണ്ട കുഞ്ഞിനെ പോലെ അമ്മ അനക്കാന്‍ പറ്റാവുന്ന വലംകയ്യാല്‍ തന്നെ തൊടാനൊരു ശ്രമം നടത്തി.. 


എന്നിട്ടാണ് പറഞ്ഞത്.. 


“കരയല്ലേ വാവേ..എനിക്കെല്ലാം മാറും..കരയല്ലേ..” 


“വേണ്ടായിരുന്നൂല്ലേ അമ്മേ ഓപ്പറേഷന്‍.. അതോണ്ടാ ന്‍റെ അമ്മ...പ്പോ...ങ്ങനെ..” 


മുഖം പൊത്തി തേങ്ങലടക്കി. 


“സാരല്ല്യ...വേദന മാറാനല്ലേ ചെയ്തത് ..ഇനീപ്പോ പറഞ്ഞിട്ടെന്താ....” 


അമ്മ ആശ്വസിപ്പിക്കുന്നു.. 


നാല് വര്‍ഷങ്ങള്‍ ! അമ്മ ഒരേ കിടപ്പ് തുടര്‍ന്നു. നാള്‍ക്കുനാള്‍ ഓര്‍മ്മയും ക്ഷയിച്ചുവന്നു. വല്ലപ്പോഴും മിന്നി തെളിയുന്ന ഓര്‍മ്മയില്‍ അമ്മയുടെ കണ്ണുകള്‍ കരകവിഞ്ഞ പുഴയായി.. 


എന്തായിരിക്കാം ആ മനസ്സില്‍? എപ്പോഴും ഒരു ശ്വാസം മുട്ടലോടെ ഓര്‍ത്തിട്ടുണ്ട് .


“അമ്മ എന്താ ചിന്തിക്കണേ?.” 


അമ്മയുടെ മൗനത്തില്‍ തന്‍റെ ചോദ്യം തണുത്തുറഞ്ഞു. 


അങ്ങനെ ഓര്‍ത്തിരുന്ന ഒരു നിമിഷം അമ്മയുടെ തൊണ്ട കീറിയുള്ള ശബ്ദം കേട്ടു.. 


“ എന്‍റെ എല്ലാം കഴിഞ്ഞു...ഇനി ശരിയാവില്ല ഒന്നും.” 


ഞെട്ടി തെറിച്ചു നോക്കുമ്പോള്‍ അമ്മ കൊച്ചു കുഞ്ഞിനെ പോലെ അമ്മയുടെ ഉടുപ്പിലെ മഞ്ഞപൂക്കള്‍ പറിച്ചെടുക്കാന്‍ നോക്കുന്നു...എവിടെയോ നഷ്ടപ്പെട്ടു അമ്മ വീണ്ടും... 


സ്വന്തം തീരാദുഖങ്ങളെന്നും ഗുണപാഠകഥകളായി പകര്‍ന്ന് നല്‍കിയ അമ്മ.. എത്ര കരിഞ്ഞാലും ആശകള്‍ പുതു പുഷ്പങ്ങളായി പുനര്‍ജ്ജനിപ്പിച്ചിരുന്ന അമ്മ. മനസ്സെന്ന പൂമ്പാറ്റയെ മാനം മുട്ടോളം പറക്കാന്‍ പഠിപ്പിച്ച അമ്മ.. അമ്മക്കിപ്പോള്‍ ദുഃഖങ്ങള്‍ ഒന്നുമില്ല..ഓര്‍മ്മകള്‍ ആണല്ലോ ദുഃഖങ്ങള്‍..അവയില്ലെങ്കില്‍ സന്തോഷമെവിടെ, സങ്കടമെവിടെ.?!. ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ചോദിക്കുന്നതിനെല്ലാം വലിയ ശബ്ദത്തില്‍ മൂളും..ഒറ്റവാക്കില്‍ ചിലതിനു മറുപടി. പിന്നെ അമ്മ അമ്മേടെ ലോകത്തില്‍ നഷ്ടപ്പെട്ടു പോകും. എന്തൊക്കെയാവാം അമ്മ ഓർക്കുന്നതെന്ന് അറിയാൻ കഴിഞ്ഞെങ്കിൽ എന്ന് തീവ്രമായി ആഗ്രഹിച്ചിട്ടുണ്ട്..


കാണണം എന്ന് തോന്നുമ്പോഴെല്ലാം അമ്മേടെ അടുത്തെത്തിയിരുന്നു. ഇടക്കൊക്കെ മാറി നില്‍ക്കേണ്ടി വന്നപ്പോള്‍ കുറ്റബോധം കൊണ്ട് നീറി. 


അസുഖകരമായ, അസ്വസ്ഥതകളും വേദനകളും നീറി പടര്‍ന്ന ദിവസങ്ങള്‍.. അമ്മക്ക് ഇനിയൊരു തിരിച്ചു വരവുണ്ടാവില്ലെന്നു ബോധ്യം വന്നപ്പോഴുള്ള മരവിപ്പ്....സമനില കൈവെടിയാതെയുള്ള ഒരു മനസ്സിന് വേണ്ടി വര്‍ഷങ്ങളോളം ഉഴറി.!! 


പുലരാന്‍ തുടങ്ങിയ ഒരു തണുത്ത രാത്രിയുടെ ഒടുവില്‍ ഒരു നാള്‍ വിറകു പോലെ ഉണങ്ങി കണ്ണുകള്‍ അടച്ചു കിടന്നു, ഒരു കരിക്കട്ടയെ ഓര്‍മിപ്പിച്ചുകൊണ്ട് അമ്മ! അവസാനനോക്കിലും അമ്മയുടെ മുഖം സമുദ്രശാന്തം...അലകളെല്ലാം തന്‍റെ ഉള്ളിലേക്ക് ചൊരിഞ്ഞുകൊണ്ട്‌ അമ്മ നരകയാതനയില്‍ നിന്നും വിമോചിതയായി. 


മക്കളെ പോറ്റുന്നു...അമ്മമാര്‍..ജീവിതം മുഴുവനും മക്കള്‍ക്കായ് ബലിയര്‍പ്പിച്ചുകൊണ്ട്‌...ആഗ്രഹങ്ങളെല്ലാം അടക്കിപിടിച്ചുകൊണ്ട്...പ്രതിഫലേച്ഛയില്ലാതെ..ശാന്തം, പവിത്രം അമ്മ ജന്മം! എന്നിട്ടും അമ്മയേക്കാള്‍ മുന്‍‌തൂക്കം കല്‍പ്പിച്ചെത്തുന്ന ബാധ്യതകള്‍ക്കിടയിൽ ചതഞ്ഞമരുന്നു പലപ്പോഴും പലരുടെയും മാതൃസ്നേഹം! 


“ഓടിയെത്തും നേരമെന്നെ ഓമനിക്കും അമ്മ 


പാല് തരും പാവതരും പീപ്പി തരും അമ്മ 


അച്ഛനെന്നെ തല്ലിടുമ്പോള്‍ ഉമ്മ തരും അമ്മ 


അമ്മായാണീ പാരിടത്തില്‍ എന്നുമെന്‍റെ ദൈവം 


അമ്മയെ മറന്നിടുമോ ജീവനുള്ള കാലം” 


അമ്മ പാടിയിരുന്ന താരാട്ടിൽ തളിരണിഞ്ഞ ബാല്യം.. ആ വരികള്‍ ഓർത്തെടുത്ത് മൂളാന്‍ ശ്രമിച്ചാല്‍ ഇപ്പോഴും ഇടറിപ്പോകുന്ന സ്വരം..


മിഴികളില്‍ നിറയുന്ന ഓര്‍മ്മയായി അമ്മ.. 


വേദനകളെ വാക്കിന്‍റെ വേദാന്തമായി മാറ്റുമായിരുന്ന, നേരിന്‍റെ നെരിപ്പോടില്‍ വഴി കാട്ടിയായിരുന്ന, പാരിന്‍റെ പഴികളില്‍ പതറാതിരുന്ന ജ്വാലാമുഖിയായ അമ്മ. 


"അമ്മയെ മറന്നിടുമോ ജീവനുള്ള കാലം" താരാട്ടിൽ അങ്ങനെയൊരു വരിപോലും അപ്രസക്തമല്ലേ എന്ന് തോന്നിയിട്ടുണ്ട്.... 


ഇന്നും ജീവിക്കുന്നു ഓരോ മാത്രയും അമ്മയിലൂടെ ! എന്നും ഉദിച്ചു നില്‍ക്കുന്നു സൂര്യതേജസ്സോടെ അകമാകെ..പുറമാകെ..സ്വര്‍ണ്ണ കിരണങ്ങള്‍ തൂവിക്കൊണ്ട്! അമ്മക്ക് പ്രണാമം!