2014, ജനുവരി 16, വ്യാഴാഴ്‌ച

പാരീസ്...ഒരു സ്വപ്നമല്ലാതാവുമ്പോള്‍.. (Paris Part 1)ഇരുണ്ടു മങ്ങിയ പച്ച നിറമുള്ള വെളിച്ചത്തില്‍ അവളെ കാണാന്‍ എഴഴകായിരുന്നു. ചുണ്ടുകളില്‍ തിളങ്ങുന്ന ചായത്തിന് പല വര്‍ണ്ണങ്ങള്‍.. കണ്ണുകളില്‍ മാസ്മരികത! കാണുന്ന മാത്രയില്‍ ആരെയും വശീകരിച്ച് തന്നിലേക്കടുപ്പിക്കുന്ന, ആധുനികതയുടെ എടുപ്പുള്ള കൃശഗാത്രിയായ സുന്ദരി. എന്‍റെ മനസ്സില്‍ പാരീസിനു അങ്ങനെ ഒരു രൂപമായിരുന്നു. ഫാഷന്‍റെ ഔന്നത്യത്തില്‍ നില്‍ക്കുന്ന പാരീസ്.

ഫ്രാന്‍സിന്‍റെ ഹൃദയഭാഗം കയ്യടക്കിയ ആ തലസ്ഥാന നഗരിയില്‍ ചെന്നിറങ്ങിയപ്പോള്‍ മനസ്സേറ്റ് വാങ്ങിയത്, പക്ഷേ തണുപ്പിന്‍റെ ശുഭ്ര വസ്ത്രമണിഞ്ഞ്‌ പൌരാണികതയെ ഗാഢമായി ആലിംഗനം ചെയ്തു കിടക്കുന്ന മറ്റൊരു സുന്ദരിയെ! സെയിന്‍ നദിയുടെ തീരത്ത് ഇടയ്ക്ക് മയങ്ങിയും പിന്നെ ഉണര്‍ന്നും ആരെയും കൊതിപ്പിച്ച് കിടക്കുന്ന സുന്ദരിക്ക് പഴമയും പുതുമയും ഒരുപോലെ വഴങ്ങുന്നുവെന്ന് കൂടുതല്‍ അടുത്തപ്പോള്‍ മനസ്സിലായി! പ്രാചീനവും നൂതനവുമായ  ഇഴകള്‍ ഇട ചേര്‍ത്ത്  നെയ്തെടുത്ത മനോഹരമായ ഒരു പട്ടുറുമാലില്‍ പൊതിഞ്ഞ പറുദീസയാണ് പാരീസ്..

വഴിയരികിലുടനീളം,  ചുമരുകളില്‍ വലിയ അക്ഷരങ്ങളില്‍ നിറഞ്ഞു കിടക്കുന്ന ഗ്രഫിറ്റി. എനിക്കറിയാത്ത ഫ്രെഞ്ച് ഭാഷയില്‍ വരഞ്ഞിട്ടത് എന്താണെന്ന് അറിയാന്‍ കൗതുകം തോന്നി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ വളരെ ശ്രദ്ധയോടെ പരിരക്ഷിച്ചു നിര്‍ത്തിയിരിക്കുന്നു. വിട വാങ്ങുന്ന ഡിസംബറിനെ നോക്കി കൈ കൂപ്പി നില്‍ക്കും പോലെ, ഇടതടവില്ലാതെ കണ്ട ,ഇലകളില്ലാത്ത മരങ്ങള്‍! ആറു ഡിഗ്രിയായിരുന്നു ഊഷ്മാവ്. നനഞ്ഞ കാറ്റിന്‍റെ സ്പര്‍ശം അറിയാന്‍ കയ്യുറകള്‍ ഊരിയപ്പോള്‍ വിരലുകളിലൂടെ അരിച്ചരിച്ചു കയറിയ തണുപ്പില്‍ ശരീരം ചേതനയറ്റ പോലെയായി.

ഒറ്റ നോട്ടത്തില്‍ത്തന്നെ, ആദ്യാനുരാഗത്തിന്‍റെ ഹൃദയമിടിപ്പോടെ, പുതുമയുള്ള ഒരു അനുഭവത്തിന്‍റെ നിറവോടെ ഈ നഗരവുമായി ആരും പ്രണയബദ്ധരായി പോകും.. “കാല്പനികതയുടെ നഗരം” എന്ന ഓമനപ്പേര് അന്വര്‍ത്ഥമാവുന്നതങ്ങിനെയാവാം. ഈ സ്വര്‍ഗ്ഗ ഭൂമിയിലേക്ക്‌ എത്തിപ്പെടുന്നവരും, ഇവിടെ ജീവിക്കുന്നവരും പ്രണയത്തില്‍ ബന്ധിതരാകും എന്ന കേട്ടുകേള്‍വിക്ക് ഒരു തിരുത്തലില്ലാതെ ഞാനും അനുരാഗിണിയായി മാറി . പ്രണയം, വശ്യസുന്ദരമായ പാരീസിനോടുതന്നെയായിരുന്നു എന്ന് മാത്രം. ഈ സ്വര്‍ഗ്ഗ സൗന്ദര്യം, ഒരിക്കല്‍ ഞാന്‍ ഹൃദയം തൊട്ടറിയും എന്നത് ഒരു പകല്‍ക്കിനാവായി കിടന്നിരുന്നു മനസ്സില്‍. ഒരു മഹാഭാഗ്യത്തിന്‍റെ തൂവല്‍ സ്പര്‍ശം, അതാണ്‌ എന്നെ ഇവിടേക്കെത്തിച്ചത്. 

ആശ്ചര്യത്തിന്‍റെ കൊടുമുടിയില്‍ അടക്കാനാവാത്ത ആഹ്ലാദത്തില്‍ സ്വയം മറന്നുപോയ ദിവസങ്ങള്‍...

കാറ്റകോംബ്സ് എന്ന മരണ ഖനിയില്‍...


പാരീസിന്‍റെ ഭൂഗര്‍ഭങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന മൃത്യു ഖനികളിലേക്കായിരുന്നു കന്നിയാത്ര. മരണമടഞ്ഞ ആറു ദശലക്ഷം പാരീസുകാരുടെ അവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന  മരണ ഖനികള്‍! ഇതിന്‍റെ ചരിത്രം ആരെയും ഉദ്വേഗഭരിതരാക്കുന്നതാണ്. ആയിരത്തി എഴുന്നൂറ്റി എണ്‍പതില്‍ (1780) പാരീസിലെ Les Halles എന്ന ജില്ലയിലെ ഏറ്റവും വലിയ സെമിത്തേരി ( “ The cimetiere des Saints- Innocents ) നിറഞ്ഞു കവിയാന്‍ തുടങ്ങിയപ്പോള്‍, പരിസരവാസികളുടെ അപേക്ഷപ്രകാരം, പൊതുജനാരോഗ്യം കണക്കിലെടുത്ത്, അത് അടച്ചുപൂട്ടി. ആയിരത്തി എഴുന്നൂറ്റി എണ്‍പത്തിയഞ്ചില്‍ (1785) അതിലെ അവശിഷ്ടങ്ങള്‍ എടുത്തു മാറ്റി മറ്റൊരിടത്ത്  സുരക്ഷിതമായി സൂക്ഷിക്കുവാന്‍ സ്റ്റേറ്റ് കൗണ്‍സിലിന്‍റെ തീരുമാനമുണ്ടായി. ഖനന വിഭാഗത്തിന്‍റെ നിര്‍ദേശ പ്രകാരം നഗരത്തിലെ എല്ലാ സെമിത്തേരികളില്‍ നിന്നുമുള്ള അസ്ഥികള്‍ , ഉപയോഗശൂന്യമായ, ഉപേക്ഷിക്കപ്പെട്ട ചുണ്ണാമ്പുകല്ല്‌ ഖനികളില്‍ നിക്ഷേപിക്കപ്പെടുമ്പോള്‍ മറുവശത്ത് നഗരപരിഷ്കരണവും നടക്കുകയായിരുന്നു. ആയിരത്തി എണ്ണൂറ്റി അറുപത് (1860) വരെ ഈ സംരംഭം തുടര്‍ന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ കാറ്റകോംബ്സ് എന്ന മ്യൂസിയമായി ഇത് പൊതുജനങ്ങള്‍ക്ക് വേണ്ടി തുറന്നു. സന്ദര്‍ശകര്‍ക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ള ലഘുലേഖയില്‍ നിന്നും വായിച്ചറിഞ്ഞതാണ് ഈ ചരിത്രമത്രയും.

തെളിച്ചമില്ലാത്ത പച്ച ചായം തേച്ച ഒരു ചെറിയ കെട്ടിടത്തിന്‍റെ മുന്നില്‍ നിന്നും തുടങ്ങുന്ന നീണ്ട ക്യൂവിനു പിന്നിലായി, ഊഴവും കാത്ത് നില്‍ക്കേണ്ടി വന്നത് ഒന്നര മണിക്കൂറോളം! കെട്ടിടത്തിനകത്തു കയറി ഏതാണ്ട് ഇരുപതു മീറ്റര്‍  താഴ്ച്ചയില്‍ വളഞ്ഞും ചെരിഞ്ഞും ഇറങ്ങി പോകുന്ന ചവിട്ടു പടികള്‍ പിന്തുടരുമ്പോള്‍ അസ്ഥികൂടങ്ങളാണ് കാത്തിരിക്കുന്നതെന്ന അറിവ് അല്പം ഭീതി പരത്തിയെങ്കിലും എന്നിലെ സാഹസികതയുടെ അതിര് വിട്ട ആകാംക്ഷ ഭയത്തെ മറി കടന്നു. ഇടുങ്ങിയ വഴികളിലൂടെ, മങ്ങിയ വെളിച്ചത്തിലായിരുന്നു നടത്തം. തലയ്ക്കു മുകളിലെ ചുമരില്‍ നീരുറവകളില്‍ നിന്നും ഇറ്റുവീണ വെള്ളത്തുള്ളികള്‍ പടര്‍ന്ന് ചിലയിടങ്ങളില്‍ നടപ്പാതകള്‍ കുതിര്‍ന്നു  കിടന്നിരുന്നു. പകുതിയോളം വഴി പിന്നിട്ടപ്പോള്‍ ഒറ്റക്കും തെറ്റയ്ക്കുമായി കോട്ടയുടെ മാതൃകയിലുള്ള ശില്പങ്ങള്‍ കണ്ടു. De’cure എന്ന് പേരുള്ള ഒരു ഖനി തൊഴിലാളി ഉണ്ടാക്കിയ പോര്‍ട്ട്‌ മഹന്‍ ( Port Mahon) എന്ന കോട്ടയുടെ ശില്‍പം, കാറ്റകോംബ്സ് സന്ദര്‍ശനത്തിന്‍റെ ഒരു പ്രധാന ഭാഗമാണ്. ഒരിടത്ത് ഖനി തൊഴിലാളികള്‍ കാറ്റകോംബ്സിന്‍റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരുന്ന ഭൂഗര്‍ഭ ജലസ്ത്രോതസ്സ് സ്ഫടികം പോലെ തെളിഞ്ഞു കണ്ടു. അധികം താമസിയാതെ കറുത്ത നിറത്തില്‍, ഫ്രെഞ്ചു ലിപിയില്‍ കൊത്തി വച്ചിരിക്കുന്ന മുന്നറിയിപ്പ്.! പരിഭാഷപ്പെടുത്തിയാല്‍, “ നില്‍ക്കൂ, ഇതാണ് മരിച്ചവരുടെ സാമ്രാജ്യം” എന്ന് വായിക്കാം. അതിനുമപ്പുറം, നീണ്ട അസ്ഥികളും തലയോട്ടികളും, അടുക്കി വച്ചിട്ടുള്ള വളഞ്ഞതും ദൈര്‍ഘ്യമേറിയതുമായ ഇടനാഴികളുടെ ( mine shaft)  തുടക്കം. മൊത്തത്തില്‍ എഴുന്നൂറ്റി എണ്‍പതോളം മീറ്റര്‍ നീളം കാണും ഇതിന്. ആയിരത്തി എഴുന്നൂറ്റി എണ്‍പത്തിയാറിന്‍റെ (1786) തുടക്കത്തില്‍, അസ്ഥികള്‍ ഇതിനകത്തേക്ക് വലിച്ചെറിയപ്പെടുകയായിരുന്നുവത്രേ! പിന്നീട് ആയിരത്തി എണ്ണൂറ്റിപ്പത്തില്‍ (1810) അന്നത്തെ ജെനറല്‍ ഇന്‍സ്പെക്ടര്‍ ഓഫ് ക്വാറീസ്,( Hericart de Thury )(1776-1854) തലയോട്ടികളും നീളം കൂടിയ എല്ലുകളും അടുക്കോടെയും , ചിട്ടയോടെയും, ചതുര്‍ഭുജാകൃതിയില്‍ വിന്യസിക്കുന്ന , ആലങ്കാരികമായ ഒരു സജ്ജീകരമുണ്ടാക്കി.അസ്ഥികൂടങ്ങള്‍ അടുക്കുന്നതില്‍ പോലും കണ്ട കലാവിരുത് എന്നെ അതിശയപ്പെടുത്തി. അരണ്ട വെളിച്ചത്തില്‍ , മുന്നോട്ടുള്ള നീക്കത്തിനിടയില്‍, ഒരടുക്കു തലയോട്ടികളില്‍ കണ്ണുകള്‍ കോര്‍ത്തപ്പോള്‍ തോന്നിയത്,. വിസ്മയമോ വിഷാദമോ?!. ഹൃദയത്തിന്‍റെ ആകൃതിയില്‍ കൂടിചേര്‍ന്നിരുന്ന കുറെ തലയോട്ടികള്‍ കണ്ടപ്പോള്‍, മരണത്തിലും പ്രണയമുണ്ടോ എന്ന് സംശയിച്ചുപോയി. ചിലവയില്‍ കണ്ട കൃത്യമായ ദ്വാരങ്ങള്‍ വെടിയുണ്ടകള്‍ തുളച്ച് കയറിയതായിരിക്കുമോ എന്നറിയാന്‍ കുനിഞ്ഞപ്പോള്‍ അറിയാതെ കൈതട്ടി ഒരു തലയോട്ടി ഇളകി. കാവല്‍ക്കാരനെന്തോ പറഞ്ഞു. നീങ്ങി നടക്കാനാവണം!

വലുപ്പം നന്നേ കുറഞ്ഞ തലയോട്ടികളും നീണ്ട അസ്ഥികളും അടുക്കിയിട്ട വൃത്താകൃതിയില്‍ തീര്‍ത്ത ഒരു കുടുസ്സു മുറിയിലേക്ക് നീങ്ങുമ്പോള്‍ എന്നെ വന്നു പുതഞ്ഞത് വിമൂകമായ വിഷാദം തന്നെ!..ലക്ഷക്കണക്കിനു ജീവനുകള്‍ ഇതാ ഇവിടെ നിശ്ചലമായി, ഒതുക്കത്തോടെ, എളിമയോടെ എന്‍റെ ചുറ്റിലും.. ഓരോ തലയോട്ടിക്കും പറയാന്‍ എത്രയോ കഥകള്‍ കാണും! സൂക്ഷിച്ചു നോക്കും തോറും അവയില്‍ ജീവന്‍ തുടിക്കുന്നുണ്ടോ എന്ന ചിന്തയില്‍ എന്‍റെ അസ്ഥികള്‍ ഒന്നു വിറച്ചു.ചെറിയ കൂട്ടങ്ങളായി എത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ഖനിയുടെ സൂക്ഷിപ്പുകാരന്‍ എത്തിനോക്കി. ജീവിതത്തിന്‍റെ ഒട്ടു മുക്കാല്‍ ഭാഗവും മരിച്ചവരുടെ സാമ്രാജ്യത്തിന്‍റെ അധിപനായി കഴിയുന്ന അയാളുടെ കഴുത്തിനു മുകളില്‍ ഞാന്‍ കണ്ടത്, മറ്റൊരു നിര്‍ജ്ജീവമായ തലയോട്ടിയല്ലേ?! അതെന്‍റെ ദര്‍ശനം മാത്രമാവണം, എന്നിരുന്നാലും, പാതി സത്യം അതിലുണ്ടായിരുന്നിരിക്കണം.

തുടക്കത്തില്‍ അനുഭവപ്പെട്ട ഭീതി എങ്ങോ അപ്രത്യക്ഷമായി. പകരം മ്ലാനമായ ഒരു ശാന്തത എന്നെ വലയം ചെയ്തു. ആ മരണഖനിയില്‍ ഞാന്‍ തേടിയതും നേടിയതും ജീവിതത്തിന്‍റെ വലിയ പൊരുള്‍!

മനുഷ്യന്‍റെ നിസ്സഹായത ഇതുപോലെ തൊട്ടറിയാന്‍ ഇനി വേറെന്തു അനുഭവസമ്പത്ത് വേണം എനിക്ക്! അതിരുകാണാത്ത ആശകളുടെ, സ്വപ്നങ്ങളുടെ, അഹങ്കാരത്തിന്‍റെ ഉത്തുംഗശൃംഗങ്ങളില്‍ രമിക്കുന്ന മനുഷ്യാ....നീ ഒടുവില്‍ എത്തിച്ചേരുന്നത്, ക്ഷയിക്കാത്ത അസ്ഥികൂടങ്ങളായി മൃത്യുവിന്‍റെ ഈ സാമ്രാജ്യത്തിലേക്ക് ...അല്ലെങ്കില്‍ മറ്റേതോ മണ്ണില്‍ ഓര്‍മകളുടെ അവശേഷിപ്പു പോലുമില്ലാതെ ക്ഷയിച്ചു തീരുവാന്‍!!...

ഗുഹയുടെ പുറത്തേക്കുള്ള കവാടം തുറക്കുന്നത്  പഴയ കെട്ടിടങ്ങള്‍ നിറഞ്ഞ ശാന്തമായ ഒരു തെരുവിലേക്കാണ് . താഴെ , അസ്ഥികളെ  നിത്യഗര്‍ഭത്തില്‍ ഒളിപ്പിച്ചതിന്‍റെ  വിളര്‍ച്ചയുടെ ഒരു ലാഞ്ചന  പോലും പുറത്ത് കാണിക്കാതെ  , പാരീസ് നെഞ്ച് വിരിക്കുന്നു, ഒഴുകിക്കൊണ്ടിരിക്കുന്ന  ജീവിതത്തിനെ ആശ്ലേഷിക്കുവാനായി..     ഇരുട്ടി തുടങ്ങും മുന്‍പേ വേഗം നടന്നു. രാത്രി മൌണ്ട് പാര്‍ണസ് ടവറിന്‍റെ മുകളില്‍ നിന്ന് കത്തിനില്‍ക്കുന്ന ഈഫലിനു ചുറ്റും വെളിച്ചത്തിന്‍റെ പ്രഭയില്‍ കണ്ണ് ചിമ്മി കിടന്ന സുന്ദരിയായ പാരീസിനെ കാണുമ്പോഴും ഓര്‍മ്മകള്‍ അസ്ഥികൂടങ്ങളില്‍ ഉരുമ്മി എല്ലുപൊടിയുടെ മണമായി മൂക്കില്‍ തുളഞ്ഞു കയറുന്നുണ്ടായിരുന്നു.
20 അഭിപ്രായങ്ങൾ:

 1. മനുഷ്യന്‍റെ നിസ്സഹായത ഇതുപോലെ തൊട്ടറിയാന്‍ ഇനി വേറെന്തു അനുഭവസമ്പത്ത് വേണം എനിക്ക്! അതിരുകാണാത്ത ആശകളുടെ, സ്വപ്നങ്ങളുടെ, അഹങ്കാരത്തിന്‍റെ ഉത്തുംഗശൃംഗങ്ങളില്‍ രമിക്കുന്ന മനുഷ്യാ....നീ ഒടുവില്‍ എത്തിച്ചേരുന്നത്, ക്ഷയിക്കാത്ത അസ്ഥികൂടങ്ങളായി മൃത്യുവിന്‍റെ ഈ സാമ്രാജ്യത്തിലേക്ക് ...അല്ലെങ്കില്‍ മറ്റേതോ മണ്ണില്‍ ഓര്‍മകളുടെ അവശേഷിപ്പു പോലുമില്ലാതെ ക്ഷയിച്ചു തീരുവാന്‍!!...

  മറുപടിഇല്ലാതാക്കൂ
 2. തിലകം ചാര്‍ത്തി ചീകിയുമഴകായ്
  പലനാള്‍ പോറ്റിയ പുണ്യശിരസ്സേ!!!

  മറുപടിഇല്ലാതാക്കൂ
 3. പാരീസിനെപോലെ മനോഹരമായ എഴുത്ത്. ഒരു കഥ വായിക്കുന്ന ഉത്സാഹത്തോടെ അടുത്ത ഓരോ വരിയും എന്തെന്നറിയാനുള്ള ആകാംക്ഷയോടെ വായിച്ചു പോകാന്‍ തിടുക്കപ്പെടുത്തുന്ന ശൈലി ഏറെ ഇഷ്ടായി.
  മൃത്യു ഖനികളുടെ ചരിത്രം സൂക്ഷ്മാമായി മനസ്സില്‍ പതിയുന്നു വായന തീരുമ്പോള്‍. അവസാനം തലയോട്ടികളെ മനുഷ്യന്റെ ജീവിതവുമായി യാത്രാവിവരണം അവസാനിപ്പിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധേയമായി.

  "ഹൃദയത്തിന്‍റെ ആകൃതിയില്‍ കൂടിചേര്‍ന്നിരുന്ന കുറെ തലയോട്ടികള്‍ കണ്ടപ്പോള്‍, മരണത്തിലും പ്രണയമുണ്ടോ എന്ന് സംശയിച്ചുപോയി."
  ഓരോ വാചകങ്ങളിലും ഇത്തരം ഭംഗി നല്‍കാന്‍ പ്രത്യേകം ശദ്ധിച്ചിരിക്കുന്നു
  .
  വളരെയധികം ഇഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
 4. നല്ല അഭിപ്രായങ്ങള്‍..എല്ലാവര്‍ക്കും നന്ദി..

  മറുപടിഇല്ലാതാക്കൂ
 5. യാത്ര വിവരണം കൊള്ളാം. ഞാൻ പല തവണ പോയിട്ടുള്ള ഇടമായതിനാൽ ഒന്ന് ഓടിച്ച് വായിച്ചതേ ഉള്ളൂ...
  പിന്നെ ഫോട്ടോസ് TIGHT FIT ചെയ്താൽ കൂടുതൽ ഭംഗിയുള്ള പേജുകൾ ആയിത്തീരും.

  മറുപടിഇല്ലാതാക്കൂ
 6. വളരെ മനോഹരമായ യാത്രാവിവരണം.. ഇതു ഷെയർ ചെയ്ത റാംജി സാറിനു നന്ദി.

  മറുപടിഇല്ലാതാക്കൂ
 7. യാത്ര കുറിപ്പ് വളരെ നന്നായി എഴുതിയിരിക്കുന്നു .പാരീസ് ആരും കാണുവാന്‍ ആഗ്രഹിക്കുന്ന ഇടം തന്നെ അവിടെ എത്തിപെടുക എന്നത് ഭാഗ്യം .നാം ഒടുവില്‍ എത്തിച്ചേരുന്നത്, ക്ഷയിക്കാത്ത അസ്ഥികൂടങ്ങളായി മൃത്യുവിന്‍റെ സാമ്രാജ്യത്തിലേക്ക് എന്ന തിരിച്ചറിവ് മാനവര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ ഈ ലോകം എത്ര മനോഹരം .ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 8. നല്ല ഭാഷ. നല്ല എഴുത്ത്‌. ഇഷ്ടമായി.

  മറുപടിഇല്ലാതാക്കൂ
 9. ആദ്യായിട്ടാണ്‌ ഈ വഴി വന്നത്..ഇഷ്ട്ടായി ഈ എഴുത്തിന്റെ രീതി .

  മറുപടിഇല്ലാതാക്കൂ
 10. പാരീസിന്റെ കാണാത്ത
  മുഖങ്ങൾ പലതും ആവരണം
  ചെയ്തുള്ള ഈ കുറിപ്പുകൾ നന്നായിട്ടുണ്ട്.
  കുറച്ച് കൂടി മറ്റ് ഫോട്ടൊകൾ കൂടി ചേർത്തിരുന്നുവെങ്കിൾ അത്യൌജ്വലമായേനെ
  ഈ സഞ്ചാര കുറിപ്പ് കേട്ടൊ ഹാബി

  മറുപടിഇല്ലാതാക്കൂ
 11. That’s one hell of a take off…
  Your usual trissur slang and background just sank in the graveyard dreadfulness of Catacombes de Paris…usually people have a lot to glorify about the romantic and classical city Paris, but your version is different…and certainly not one everyone dreams of

  മറുപടിഇല്ലാതാക്കൂ
 12. not many can look around and wonder at the nature, you are then lucky.
  looking forward to read more about paris

  മറുപടിഇല്ലാതാക്കൂ
 13. ഹൊ! വല്ലാത്തൊരു അനുഭവമാണല്ലോ....

  നല്ല പോസ്റ്റ്!

  മറുപടിഇല്ലാതാക്കൂ
 14. സഞ്ചാരത്തിന്റെ പാരിസിലെക്കുള്ള ഈ ലക്കം കവിത പോലെ മനോഹരം !

  മറുപടിഇല്ലാതാക്കൂ
 15. മനുഷ്യന്‍റെ നിസ്സഹായത ഇതുപോലെ തൊട്ടറിയാന്‍ ഇനി വേറെന്തു അനുഭവസമ്പത്ത് വേണം എനിക്ക്! അതിരുകാണാത്ത ആശകളുടെ, സ്വപ്നങ്ങളുടെ, അഹങ്കാരത്തിന്‍റെ ഉത്തുംഗശൃംഗങ്ങളില്‍ രമിക്കുന്ന മനുഷ്യാ....നീ ഒടുവില്‍ എത്തിച്ചേരുന്നത്, ക്ഷയിക്കാത്ത അസ്ഥികൂടങ്ങളായി മൃത്യുവിന്‍റെ ഈ സാമ്രാജ്യത്തിലേക്ക് ...അല്ലെങ്കില്‍ മറ്റേതോ മണ്ണില്‍ ഓര്‍മകളുടെ അവശേഷിപ്പു പോലുമില്ലാതെ ക്ഷയിച്ചു തീരുവാന്‍!!...
  ethra sathyam
  Superb! Habby keep writing :)

  മറുപടിഇല്ലാതാക്കൂ
 16. ഈ പോസ്റ്റ് വായിച്ചപ്പോൾ ആത്മവിദ്യാലയമേ എന്ന ഒരു പഴയ പാട്ട് ഓർമ വന്നു..

  മറുപടിഇല്ലാതാക്കൂ
 17. നല്ല ഭാഷ. പ്രേതലോകത്ത് പേടിക്കാതെ നിന്നല്ലോ! പാരഗ്രാഫുകള്‍ ഒന്ന് അലൈന്‍ ചെയ്യുക. പിന്നെ കാലയളവുകള്‍ അക്കത്തില്‍ മാത്രം മതി. കൂടാതെ ചിത്രങ്ങള്‍ മീഡിയം എക്സ്ട്രാ ലാര്‍ജ് ആക്കി ഫിറ്റ് ചെയ്‌താല്‍ മനോഹാരിത കൂടും. ഭാവുകങ്ങള്‍.

  മറുപടിഇല്ലാതാക്കൂ