2014, ഓഗസ്റ്റ് 17, ഞായറാഴ്‌ച

നിറവ്

നിറവ്



ഈ പൂക്കളിൽ നീ ദർശിച്ചത്

എന്റെ ചിരിയായിരുന്നു 



ഇലകളിൽ എന്റെ ശ്വാസവും 

കാറ്റിൽ എന്റെ സംഗീതവും 



നക്ഷത്രങ്ങളിൽ എന്റെ സ്വപ്നവും 

നിലാവിൽ എന്റെ സ്നേഹവും 

നീ ദരിദ്രനായിരുന്നുവെന്നും 
നിന്റെ പാനപാത്രം തികച്ചും 

ശൂന്യമായിരുന്നുവെന്നും 
ഞാൻ അറിഞ്ഞിരുന്നു

നിന്നിലേക്ക് ഞാൻ പകർന്നത് 
അളവില്ലാത്ത നിറവായിരുന്നു

എന്നിട്ടും നിഗൂഡമായ ശൂന്യതയുടെ 
നിഴലായി വർത്തിച്ചു നീ 

വെറുപ്പെന്ന വാക്കിന്റെ അർത്ഥം 
എനിക്ക് അജ്ഞാതമാകയാൽ 

അഭയം തേടുകയാണ് ഞാനിനി
ആഴങ്ങളിൽ എന്റെ വേരുകളിൽ




ആരും..


ആരും ചൂടാനില്ലാതെ


ഇരുട്ടിലേക്ക് അടരുന്നു 

ചില പൂക്കള്‍ 


ആരും തലോടാനില്ലാതെ


മറവിയിലേക്ക് കൊഴിയുന്നു 

ചില ഇലകള്‍

ആരും കേള്‍ക്കാനില്ലാതെ 

നിശബ്ദതയിലേക്ക് വീഴുന്നു 

ചില സ്വരങ്ങള്‍ 

ആരും വായിക്കാനില്ലാതെ 

താളുകളിലേക്ക് ചായുന്നു 

ചില വരികള്‍ 









ചിത്രം

ഒരിക്കൽ 
ജലമായി ഒഴുകിയത് 
ഇന്ന് മഞ്ഞായി 
ഉറയുമ്പോൾ 

തണുപ്പിന്റെ 
പുതപ്പിൽ 
അക്ഷരങ്ങൾ
വീണുറങ്ങുന്നു 

ഇനിയൊരു 
മഞ്ഞുരുക്കത്തിന്റെ
വേനലിനായി 
കാത്തിരിക്കുന്നില്ല 

പകരം കോടമഞ്ഞിൽ 
പൊഴിയുന്ന ഇലകളിൽ 
വരഞ്ഞിടാം ഞാൻ 
നിന്റെ ചിത്രം



തടവറ

ഇപ്പോൾ വാക്കുകൾ 
തടവറക്കുള്ളിലാണ് 
സാക്ഷ അനങ്ങാത്ത
ഒരു വാതിലുണ്ട് 
തുറക്കാനാവുന്നതല്ല 
തുറക്കപ്പെടുകയുമില്ല
ഈർപ്പം കെട്ടിയ അറയിൽ 
വാക്കുകൾക്ക് 
ശ്വാസം മുട്ടിയേക്കാം
ദ്രവിച്ചു മണ്ണോടു 
ചേർന്നേക്കാം 
കാഴ്ച മങ്ങിയ ഇരുളിൽ 
അവയെ ശ്രവിക്കാനായി 
നീയിനിയൊരു 
പാഴ്ശ്രമവും നടത്തേണ്ട




മയിൽ‌പ്പീലി

ഒന്ന് രണ്ട് മൂന്ന്...
പതിനായിരത്തിനുമൊടുവിൽ 
എണ്ണി തളരുമ്പോൾ 
പെറുക്കിക്കൂട്ടിയ 
സ്വന്തം ഹൃദയത്തുണ്ടുകളിൽ 
ഉരുണ്ടു വീഴുന്ന കണ്ണീരിൽ 
ഒരു കൃഷ്ണമണി 
ചിരിക്കുന്നു 
ഒരു മയിൽ‌പ്പീലി
നനയുന്നു 
വെണ്ണ പോലെ 
ഉരുകിയൊലിക്കുന്ന
ഹൃദയ തുണ്ടുകൾ 
ചെന്നെത്തുന്നിടം
നടനമാടുന്നു 
കാളിയ മർദ്ദനം




കടൽ 


ആര്‍ത്തലച്ചുവരുന്ന തിരകള്‍ 
അടുക്കിപ്പെറുക്കുന്നൊരു
പുറം കടലാകുന്നു ഞാന്‍ 

ഒരു തിരപോലുമലതല്ലാത്ത 
വിക്ഷോഭം അടിച്ചമര്‍ത്തുന്ന 
ഉള്‍ക്കടലാകുന്നു നീ 

എന്നില്‍ നിന്നും നിന്നിലേക്കുള്ള 
ദൂരത്തില്‍ തിളച്ചു മറിയുന്നൊരു 
പ്രണയക്കടലാകുന്നു നാം





വേണ്ടായ്മകൾ 


എനിക്കിനി കാണേണ്ട 
എന്‍റെ കണ്മുന്നില്‍
നീ എപ്പോഴും ഉണ്ടെങ്കിലും.

എനിക്കിനി കേള്‍ക്കേണ്ട
ഒരിക്കല്‍ അമൃത് പെയ്യിച്ച
നിന്‍റെ വാക്കുകളുടെ മാറ്റൊലി.

എനിക്കിനി നുണയേണ്ട
നിന്‍റെ ചുണ്ടില്‍ ഞാന്‍
മറന്നു വച്ച മുന്തിരിച്ചാറ്.


എനിക്കിനി മരിക്കേണ്ട 
നിന്‍റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന
കല്ലറയിൽ അടക്കം ചെയ്യപ്പെടാന്‍.


മറവിയിലെ ഓർമ്മ

തൊടിയിൽ നിശാഗന്ധികൾ വിടർന്ന രാവുകളിൽ 
വഴിമരങ്ങളിൽ രാപ്പാടി കേണ രാവുകളിൽ
ഇലത്തുമ്പുകളിൽ മഴ തുള്ളിയിട്ട രാവുകളിൽ

ഓര്‍നിലങ്ങളിൽ മഞ്ഞു വീണ രാവുകളിൽ 
വള്ളിക്കാവിൽ കൂമൻ മൂളിയ രാവുകളിൽ 
സർപ്പങ്ങൾ ശല്ക്കം പൊഴിച്ച രാവുകളിൽ 
ഓർത്തു വച്ചിരുന്നു നിനക്കായ്
മറന്നു പോയൊരാ വാക്കുകൾ..




2014, ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

ഇവിടെ കന്നുകാലികള്‍ക്ക് പ്രവേശനമില്ല




ഫെയ്സ് ബുക്കില്‍ ഞാനിട്ട ഒരു ഫോട്ടോക്ക് എന്‍റെ കൂട്ടുകാരി ശോഭന എഴുതിയ കമ്മന്റ് വായിച്ചപ്പോഴാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ചിലവഴിച്ച ആ മനോഹര കാലഘട്ടം കൂടുതല്‍ തെളിവാര്‍ന്നു വന്നത്. ഞാന്‍ പറഞ്ഞത് നേരു തന്നെ.. അന്ന്, ഞങ്ങളെ ഒരുപാട് ചിരിപ്പിച്ച ഒന്നായിരുന്നു കാമ്പസ് ഗെയ്റ്റില്‍ തൂങ്ങിയിരുന്ന " ഇവിടെ കന്നുകാലികള്‍ക്ക് പ്രവേശനമില്ല " എന്നെഴുതിയ ബോര്‍ഡ്!! സത്യം പറഞ്ഞാല്‍ അത് കണ്ട നിമിഷം നമ്മളെ ഒന്ന് ആക്കിയതാണോ എന്നുവരെ ഞങ്ങള്‍ പരസ്പരം ചോദിച്ചു. ആക്കിയത് തന്നെയാവാന്‍ വഴിയില്ല എന്ന് ഓരോരുത്തരും ഉള്ളില്‍ അഹങ്കരിച്ചിരുന്നു എന്നത് വേറെ കാര്യം!

തൃശൂര്‍ കേരളവര്‍മ്മയുടെ ഇട്ടാവട്ടം ഊട്ടി മാത്രം കണ്ടിട്ടുള്ള എനിക്ക് ഏക്കര്‍ കണക്കിന് നീണ്ടു പരന്നു കിടക്കുന്ന കാമ്പസ് കണ്ടും നടന്നും ഒരിക്കലും കൊതി തീര്‍ന്നിരുന്നില്ല. ഉന്നത വിദ്യാഭ്യാസം തേടിയെത്തിയവരില്‍ ഭൂരിഭാഗവും ഏതോ ലോകത്ത് എന്തൊക്കെയോ ചിന്തിച്ചു നടക്കുന്നവര്‍! വര്‍ഷങ്ങളോളം പി എച്ച് ഡി ക്ക് വേണ്ടി സമയം അര്‍പ്പിച്ച്  അവസാനം തലയ്ക്കു വട്ടായ, തോള്‍ സഞ്ചിയിട്ട്, താടീം മുടീം നീട്ടിയ ബുജികള്‍ ഒന്നും രണ്ടുമൊന്നും അല്ല ഒരുപാടുണ്ടായിരുന്നു കാമ്പസ്സില്‍ . ഹോസ്റ്റലില്‍ കുടിക്കിടപ്പാവകാശം വരെ കിട്ടാന്‍ പ്രാപ്തിയുള്ള ചില പി എച്ച് ഡി ചേച്ചിമാരും ഉണ്ടായിരുന്നു. ഒരേ മുറിയില്‍ പത്തും പന്ത്രണ്ടും വര്‍ഷങ്ങളായി കഴിയുന്നവര്‍! ( ഇക്കാരണങ്ങളാല്‍ പി എച്ച് ഡി ക്ക് ശ്രമിക്കണമെന്ന ഒരു വ്യാമോഹം എന്നെ തൊട്ടു തീണ്ടിയില്ല.!) .ലോകം ഒരുപാട് വലുതാണെന്നുള്ള തിരിച്ചറിവ് കിട്ടിയത് അവിടെനിന്നാണെങ്കിലും ഞാന്‍ അന്നും ഇന്നും ഒരു സ്വപ്നജീവി തന്നെ!

ലൈബ്രറി സയന്‍സ് എന്ന കോഴ്സിനു അന്നൊക്കെ സീറ്റ് കിട്ടുക എളുപ്പമുള്ള കാര്യമായിരുന്നില്ല. തിരുവനന്തപുരം, കാലിക്കറ്റ്, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റികളിലായി പതിനഞ്ചു സീറ്റുകള്‍ വീതം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അഡ്മിഷന്‍ കിട്ടിയതേ വലിയ കാര്യമായി തോന്നിയിരുന്ന കാലം.

അങ്ങനെ ഞങ്ങള്‍ ഒന്‍പതു പെണ്‍കുട്ടികളും അഞ്ചു ആണ്‍കുട്ടികളും സെന്‍ട്രല്‍ ലൈബ്രറിയില്‍ നടത്തുന്ന ഡിഗ്രി  കോഴ്സിനു ചേര്‍ന്നു. ആദ്യത്തെ ദിവസം തന്നെ ലൈബ്രറി ടൂര്‍ എന്ന പരിപാടിയുടെ ഭാഗമായി ഞങ്ങളെ ചുറ്റി കറങ്ങാന്‍ കൊണ്ട് പോയി. ഓരോ സെക്ഷനിലും പോയി അവിടെ നടക്കുന്ന കാര്യങ്ങള്‍ പഠിക്കണം എന്നുള്ളതായിരുന്നു ചുമതല. താഴത്തെ ഒരു സെക്ഷനില്‍ എത്തിയ ഞങ്ങളെ അതിന്‍റെ തലവന്‍ സ്വീകരിച്ചു, വിസ്താരം തുടങ്ങി. എന്‍റെ ശ്രദ്ധയില്‍ അന്നേരം പെട്ടത് മറ്റൊന്നും ആയിരുന്നില്ല, കരിക്ക് പോലെ പച്ച നിറത്തിലുള്ള മൊട്ട തലയുമായി (അന്ന് രാവിലെ വടിച്ചതാവാം) പുസ്തകങ്ങള്‍ക്കിടയിലൂടെ ഒരുവന്‍ മേപ്പോട്ടു നോക്കി നടന്നു പോകുന്ന കാഴ്ച! അതീവ ഗൗരവത്തില്‍ ക്ലാസ്സെടുത്തു കൊണ്ടിരിക്കുന്ന തലവന്‍റെ മുഖത്ത് നോക്കി ഞാന്‍ നിയന്ത്രണമില്ലാതെ ചിരിക്കാന്‍ തുടങ്ങി. കരിക്കിന്‍ തല കണ്ട എന്‍റെ  കൂട്ടുകാരി ലേഖയും എന്നോടൊപ്പം ചിരിച്ചു തല കുത്തി നിന്നു. ചിരിയുടെ കാരണം മനസ്സിലാവാതെ അപമാനിതനായ തലവന്‍ “തല തെറിച്ച കുട്ടികള്‍” എന്ന തലക്കെട്ട്‌ തന്ന് ഞങ്ങളെ തിരിച്ചയച്ചു.

അതിബുദ്ധിമാനായ ഒരു പ്രൊഫെസ്സര്‍ ആണ് കാറ്റലോഗിങ്ങ് ആന്‍ഡ്‌ ക്ളാസ്സിഫിക്കേഷന്‍ പഠിപ്പിച്ചിരുന്നത്. ഉച്ച കഴിഞ്ഞുള്ള ക്ലാസ്സുകളില്‍ ഉറക്കം തൂങ്ങിയാടിയ ഞങ്ങളില്‍ പലരെയും മാവിലെ എത്താകൊമ്പിലെ മാങ്ങ കല്ലെറിഞ്ഞു വീഴ്ത്തുന്ന ഊക്കോടെ പ്രൊഫസ്സര്‍ ചോക്കു കൊണ്ട് എറിഞ്ഞു വീഴ്ത്തി. ഏറു കൊണ്ടവര്‍ ഒന്നും സംഭവിക്കാത്ത പോലെ വീണ്ടും ഉറങ്ങി.

മറ്റൊരു സാര്‍ പറഞ്ഞു തന്നു, ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി എന്ന് വച്ചാല്‍ ഒരു കുന്തവും ഇല്ല്യ..മൈദ കൊണ്ട് പല പലഹാരങ്ങള്‍ ഉണ്ടാക്കുന്ന പോലെ ഈ ടെക്നോളജി കൊണ്ട് പലതും ഉണ്ടാക്കാം എന്ന്. പിന്നെ കുറെ ഉണങ്ങി വരണ്ട തിയറികളുമായി മറ്റു ക്ലാസ്സുകള്‍ ...തത്വശാസ്ത്രം മൂന്നു വര്‍ഷം  വിഴുങ്ങി ഗോള്‍ഡ്‌ മെഡല്‍ നേടിയ എനിക്ക് കൂടുതല്‍ ഉണക്കം പറ്റാനൊന്നും ഉണ്ടായിരുന്നില്ല, എങ്കിലും ചന്ദ്രികേ .... എന്നും പറഞ്ഞു ഞാനും കൂട്ടത്തില്‍ ഒരാളായി.

ശനിയാഴ്ചകളില്‍ ഊര് ചുറ്റാന്‍ പോകും. ഫലൂദാ പാര്‍ക്ക്, മാനാഞ്ചിറ മൈതാനം, കാപ്പാട് ബീച്ച്...മിഠായി തെരുവ് കൈരളി ശ്രീ... ബെയ്പൂര്‍ ബീച്ചിലെ ഡോള്‍ഫിന്‍സ്, അവിടെ കടല്‍ക്കരയില്‍ പണിതുകൊണ്ടിരുന്ന ജപ്പാനിലേക്ക് അയക്കാനുള്ള "കിയാംകി" എന്ന വലിയ മരക്കപ്പല്‍.. അങ്ങനെ എന്തെല്ലാം!

ഒരു വാരാന്ത്യത്തില്‍ സവാരി കഴിഞ്ഞു ഞങ്ങള്‍ ഹോസ്റ്റലിലേക്ക് ബസ്സ് കയറി. എല്ലാവരും പഴ്സ് അരിച്ചു പെറുക്കീട്ടും കാശ് തികഞ്ഞില്ല. അഞ്ചു പൈസ, പത്തു പൈസ ഒക്കെ കൂട്ടീട്ടും രക്ഷയുണ്ടായില്ല. കണ്ടക്ടറുടെ ഔദാര്യത്തില്‍ ജാള്യതയോടെ അന്നിറങ്ങി പോന്ന പോരല്‍...ഈ ജീവിതത്തില്‍ മറക്കൂല. 

കാമ്പസ്സിലെ ഓപണ്‍ എയര്‍ തിയറ്ററില്‍ ആരുമില്ലാത്ത പകലുകളില്‍ പോയി ഇല്ലാത്ത മൈക്ക് ഭാവനയില്‍ കണ്ട്  പാടിയും ആടിയും ഞങ്ങള്‍ ആഹ്ലാദിച്ചിരുന്നു. സന്ധ്യകളില്‍ ബ്യൂട്ടിസ്പോട്ട് എന്നറിയപ്പെട്ടിരുന്ന താഴവരയില്‍ പോയിരുന്ന് അസ്തമയസൂര്യന്‍റെ സൗന്ദര്യം ആസ്വദിച്ചിരുന്നു. 

ഓരോ മാസവും ഓരോ ഡിപ്പാര്‍ട്ട്മെന്റിനും മാറി മാറി വരുന്ന ഹോസ്റ്റല്‍ മെസ്സിന്‍റെ ചുമതല ഒരിക്കല്‍ ഞങ്ങള്‍ക്കും കിട്ടി. ജനത്തെ കയ്യിലെടുക്കാമെന്ന മോഹത്തില്‍ ഞങ്ങള്‍ പുട്ടിനു വാങ്ങിയ നേന്ത്രപ്പഴം മിച്ചം വന്നതെടുത്ത് വരട്ടാന്‍ നിര്‍ദേശം കൊടുത്തു.  ഒരു പ്ലെയിറ്റു പഴം വരട്ടിയതിനു പത്തുര്‍പ്പിക തുകയും നിശ്ചയിച്ചു. അത് വാങ്ങുന്നവര്‍ക്കായി ഒരു രജിസ്റ്റര്‍  വച്ചു. വരട്ടലിന്‍റെ  ഗുണവതിയാരം കൊണ്ട് കഴിച്ചവര്‍ രജിസ്റ്ററില്‍ എഴുതി വച്ചു, " പഴം വിരട്ടിയത് മേലാല്‍ വിരട്ടരുത്‌".

അതിന്‍റെ ക്ഷീണം മാറ്റാന്‍ അടുത്ത ഊഴം വന്നപ്പോള്‍ ഞങ്ങള്‍ വാഴക്കാ ബജി ഉണ്ടാക്കാമെന്ന കടുത്ത തീരുമാനം കൈക്കൊണ്ടു. ആ പരീക്ഷണത്തിന്‍റെ   അനന്തരഫലം അറിയാന്‍ ഞങ്ങളില്‍ ഒരാളെ  വെള്ളമെടുക്കാനെന്ന വ്യാജേന , സ്ഥിതി ഗതികള്‍ മനസ്സിലാക്കാന്‍ മെസ്സിലേക്ക് വിട്ടു.തിരിച്ചു വന്ന കൂട്ടുകാരി താക്കീത് നല്‍കി, 
"ആപരിസരത്തു കൂടി പോകണ്ട, പശുകടിച്ചുവലിക്കും പോലെ ജനം രോഷാകുലരായി ഇരുന്ന്  മൂത്ത കായുടെ നാരു ചവച്ചിറക്കുന്നുണ്ട്. തല്ലിന് ക്ഷാമം ഉണ്ടാവാന്‍ വഴിയില്ല  "എന്ന്. ഭാഗ്യം കൊണ്ട് ( ആരുടെ?) പിന്നെ ഒരു ഊഴം ഞങ്ങള്‍ക്ക് വന്നില്ല, അല്ലെങ്കില്‍ തന്നില്ല.

അങ്ങനെയിരിക്കുന്ന സമയത്തിങ്കല്‍ ഒരു ദിനം പരീക്ഷയുടെ കാഹളം മുഴങ്ങുന്നു. ഞാനും ശോഭനയും പുസ്തകവുമായി കാമ്പസ്സില്‍ പാറപ്പുറത്ത് ഇരുന്നു വായന തുടങ്ങി. അല്‍പ നേരം കഴിഞ്ഞപ്പോഴേക്കും മടുത്തു. പുസ്തകം പാറയില്‍ വച്ചിട്ട് ഞങ്ങള്‍ മാവിന്‍ തോപ്പിലൂടെ നടന്നു. അര മണിക്കൂര്‍ കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ ശോഭനയുടെ പുസ്തകമില്ല...ചുറ്റും നോക്കുമ്പോള്‍ ഒരു പശു.....മുക്കാല്‍ ഭാഗവും ചവച്ചിറക്കിയ പുസ്തകവുമായി തലയാട്ടി നില്‍ക്കുന്നു. "അയ്യോ..ഹേബീ....എന്‍റെ പുസ്തകം....." ശോഭന കരച്ചിലിന്‍റെ  വക്കില്‍....

അപ്പോള്‍ പാറപ്പുറത്ത് പശുവിനു പോലും വേണ്ടാതിരുന്ന എന്‍റെ പുസ്തകം നോക്കി ഞാന്‍ ചിന്തിച്ചു...

വെറുതെയല്ല ആ ബോര്‍ഡ് അവിടെ തൂങ്ങുന്നത്..

“ഇവിടെ കന്നുകാലികള്‍ക്ക് പ്രവേശനമില്ല....”

2014, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

ഉണക്കച്ചില്ല

ഉണങ്ങിയ ചില്ലയെ ഓര്‍ത്ത്
മരം അഗാധമായി ദുഖിച്ചിരുന്നു

ഒരിക്കല്‍ അത് തളിര്‍ക്കുംവരെ
മരം നിശബ്ദതയോളം നേര്‍ത്തു വന്നു

ഒരുനാള്‍ ഉണക്കച്ചില്ല
തളിരിട്ടു പൂവിട്ടു

കൊഴിയാന്‍വയ്യാതെ പൂക്കള്‍
തണ്ടുകളോട് പറ്റിച്ചേര്‍ന്നു

സ്വാതന്ത്ര്യത്തിന്‍റെ മഞ്ഞുതുള്ളികള്‍
അതില്‍ വീണു തിളങ്ങി

ജന്മാന്തരങ്ങളില്‍ വസന്തവും
ഗ്രീഷ്മവും ഹേമന്തവും

ഒരേ ചില്ലയില്‍
പരസ്പര പൂരകങ്ങളായി

അടരരുതെന്ന ഉല്‍ക്കടമായ
ദാഹത്തില്‍ ചില്ലക്ക് ഘനമേറി

കട പുഴകി വീണ മരത്തിന്‍റെ
സ്പന്ദനമായിമാറി പിന്നീട് ആ ചില്ല