2016, നവംബർ 21, തിങ്കളാഴ്‌ച

നക്ഷത്രരാവുകള്‍



നക്ഷത്രങ്ങൾ തേടിയായിരുന്നു വീണ്ടുമാ യാത്ര.... ഒരു ദശകം മുൻപ് എന്നെ അത്രയും കൊതിപ്പിച്ചൊരു കാഴ്ചയായിരുന്നു അത്. മൂന്നാം തവണ അതേ സ്ഥലത്തേയ്ക്ക് പോകുമ്പോഴും മണലിലൂടെ ഉരുകിയൊലിക്കുന്ന ഓറഞ്ചു സൂര്യനെക്കാൾ എന്നെ ഭ്രമിപ്പിച്ചുകൊണ്ടിരുന്നത് ഏകാന്തസുന്ദരമായ മരുഭൂവിന്റെ തണുപ്പിലേയ്ക്ക് അഴിഞ്ഞൂർന്നു വീഴുന്ന, നക്ഷത്രങ്ങൾ അടുക്കി തുന്നിച്ചേർത്ത നിശയുടെ തിരശ്ശീല തന്നെയാണ്.


" ഓ.. നിശീഥിനീ... എത്രയോ നാളുകളായി ഞാൻ എന്നെത്തന്നെയും എന്റെ പ്രേമാഭാജനത്തെയും തിരയുകയാണ് .സമയം എന്റെ കൈകളിലൂടെ ഓടിമറയുമ്പോൾ മണൽക്കാട്ടിലെ മഴയേയും പൂന്തോട്ടങ്ങളെയും സ്വപ്നം കണ്ടു കൊണ്ട് ഞാൻ ഉണരുന്നു...ഹേ! മരുപുഷ്പമേ .. നിന്റെ ഇതളുകൾ മൂടുപടമഴിക്കുമ്പോൾ ഉതിരുന്ന ആ സുഗന്ധത്തോളം മറ്റൊന്നും തന്നെ അത്രമേൽ എന്നെ മനോവ്യഥയിൽ ആഴ്ത്തിയിട്ടില്ല.. ഓ.. നിശീഥിനീ...”


ആരുടെയോ ഹൃദയത്തിൽ നിന്നും ഒഴുകുന്ന പാട്ടിലൂടെ വഹൈബയുടെ ഹൃദയത്തിലേയ്ക്കു വാഹനം തെന്നി നീങ്ങി . നിരപ്പായ പാതകൾ അവസാനിയ്ക്കുമ്പോൾ മണലാരണ്യത്തിന്റെ അനന്തതയിലേയ്ക്ക് നീളുന്ന അറ്റം കാണാത്ത വഴികളിലൂടെ കുതിച്ചും മദിച്ചും ഉയർന്നും താഴ്ന്നും ഒരു നാഴികയോളം ഉലഞ്ഞുലഞ്ഞങ്ങനെ . ദശലക്ഷം വർഷങ്ങൾക്കു മുൻപേ കടൽ വഴിമാറി രൂപപ്പെട്ടുണ്ടായ മണൽക്കൂനകൾ ഇരുവശങ്ങളിലും! മണൽക്കൂനകളിൽ പലയിടങ്ങളിലും വിരിഞ്ഞു കിടക്കുന്ന സ്ത്രീ സൌന്ദര്യം. മലർന്നും ചെരിഞ്ഞും ഇരുന്നും കിടന്നും വശ്യസുന്ദരരൂപങ്ങൾ. ഇടയ്ക്ക് മുളച്ചു നില്ക്കുന്ന കരുത്തൻ കുറ്റിച്ചെടികൾക്കിടയിൽ ഒറ്റയ്ക്കൊരു കിളി! വാഹനത്തിന്റെ ഇരമ്പൽ കേട്ട് അത് പറന്നകന്നു. 


ആയിരം രാവുകൾ എന്ന് പേരുള്ള രാജകീയ പാളയത്തിനകത്തേയ്ക്ക് ചെന്ന് നിന്നപ്പോൾ മാത്രമാണ് അതുവരെ ഇളകിയാടി ഉലഞ്ഞ ശരീരം സന്തുലനാവസ്ഥയിൽ എത്തിയത്. 


ഇന്റർനെറ്റിനുള്ള പരിധിയില്ല . ഒരു വിധത്തിൽ പറഞ്ഞാൽ സമാധാനം. ഒരു ഇടവേള അതിൽ നിന്നും ആഗ്രഹിച്ചിരുന്നു. ഒഴിവുദിനങ്ങൾ ഉത്കൃഷ്ടമാക്കാം.. 
ധ്യാനനിരതരായി അടുക്കോടെ അഴകോടെ കൊച്ചു കൊച്ചു കുടിലുകൾ! തണുപ്പ് കാലിന്നടിയിലൂടെ കയറാൻ തിരക്കു കൂട്ടി. അല്പമൊന്നു ക്ഷീണം മാറ്റിയിട്ടാവാം ബാക്കിയുള്ള പര്യവേക്ഷണം. മെത്തയെ പുല്കി കണ്ണുകളടച്ചു കിടന്നു. അസ്തമയം നഷ്ടപ്പെടുത്തിക്കൂടാ .. തട്ടിപിടഞ്ഞെഴുന്നേറ്റു.. തണുത്ത വെള്ളത്തിൽ സ്നാനം.. .മേല്ക്കൂരയില്ലാത്ത കുളിമുറികൾ..മുകളിലാകാശം. ഉയരത്തിൽ വളർന്നൊരു ഗാഫ് മരം കുളിമുറിയ്ക്ക് കുട പിടിയ്ക്കുന്നു. കഴുത്തിൽ തവിട്ടു നിറമുള്ള ഒരു കാക്കയും ചില ചെറു കിളികളും കൂടണയാൻ വെമ്പൽ കൊള്ളുന്നതാവാം, വല്ലാതെ ചിലയ്ക്കുന്നു. പ്രകൃതിയോടു ഇഴുകി ച്ചേർന്നൊരു കുളി.. തണുപ്പ് ശിരസ്സിലൂടെ അരിച്ചിറങ്ങി കണ്ണുകളിൽ ഉന്മേഷം പകർന്നു. പുറത്ത് ഒട്ടകത്തിന്റെ കാലൊച്ച..


കുന്നിൻ പുറത്ത് കുങ്കുമച്ചെപ്പു തുറന്നു വീഴുന്നു. സൂര്യൻ താഴുകയാണ്. മണലിൽ കാലുകൾ പൂഴ്ത്തി കുന്നു കയറാൻ ഇനി വയ്യ. മുന്പൊക്കെ ആവേശത്തോടെ ഓടിക്കയറിയിട്ടുണ്ട്. കുന്നിന്റെ നെറുകയിലെത്തി സൂര്യനെ തൊട്ടിട്ടുണ്ട്. പൂഴി മണലിലൂടെ ചുവന്നു ചുവന്നു താഴേയ്ക്ക് ഇഴുകിയിട്ടുമുണ്ട്‌. ഇന്ന് സൂര്യൻ എന്നിലേയ്ക്ക് ഇറങ്ങി വരട്ടെ. ഈ താഴ്വാരത്ത് ഞാൻ കാത്തിരിക്കട്ടെ. എന്റെ മനസ്സ് വായിച്ചിട്ടെന്നോണം രക്തപങ്കിലനായി ഒരു മന്ദസ്മിതം പടർത്തി സൂര്യൻ കുന്നിറങ്ങി എന്റെ നെഞ്ചിൽ വന്നസ്തമിച്ചു. ഉദയം കാക്കുന്നവർക്കായി തിരികെ പോകും വരെ ഇരുളിൽ എനിയ്ക്ക് ചൂട് പകർന്നു പഞ്ചാരമണലിലെ പൊന്നുസൂര്യൻ!
കസേരയെടുത്ത്‌ പുറത്തിട്ടു. നിശബ്ദത! ശൂന്യത. അരണ്ട വെളിച്ചത്തിൽ മടിയിലെ പുസ്തകത്താളുകളിൽ തത്വ ചിന്തകൾ വിളങ്ങുന്നു... ! 

“എല്ലാം ഒരേ ഉറവിടത്തിൽ നിന്നും ഉണർന്നു വരുന്നു. 
പല പേരുകളാൽ വിളിയ്ക്കപ്പെടുന്നു..
ആ ഉറവിടം ഇരുളെന്നുവിളിക്കപ്പെടുന്നു.
ഇരുട്ടിനുള്ളിൽ കൂരിരുട്ട്. 
എല്ലാ നിഗൂഢതകളിലേയ്ക്കുമുള്ള വാതായനം..”

ഒറ്റയ്ക്കാവണമെന്ന് ഞാൻ കൊതിയ്ക്കാറുള്ളത് ഇത്തരം ധന്യ മുഹൂർത്തങ്ങൾക്കു വേണ്ടിയാണ്! ഹോ! എന്തൊരു അപാരത! 
അരിക്കിലാമ്പുകൾ മുനിഞ്ഞു കത്തി നില്ക്കുന്ന വീതി കുറഞ്ഞ പാതയിലൂടെ നടന്നു. രാത്രിയിലും നീന്തൽക്കുളം സജീവം. കുളത്തിന്നരികിൽ സമുദ്രം ഉപേക്ഷിച്ച ഒരു കപ്പൽ. അതിൽ കുടിക്കാനുള്ള പാനീയങ്ങൾ ഒരുക്കി വെച്ചിരിയ്ക്കുന്നു . വെള്ളത്തിൽ കാലുകൾ മുട്ടിച്ചുനോക്കി. പല്ലുകൾ കൂട്ടിയിടിച്ചു.കരയിൽ വെറുതെ ഇരുന്നു..

പൂഴി മണലിൽ നിന്നും കണ്ടെടുക്കുന്ന കോടി വർഷങ്ങൾ പഴക്കമുള്ള ഫോസ്സിലുകൾ ഇവിടെ നിത്യസാധാരണമാണ്. ഒരു കൂറ്റൻ തിമിംഗലത്തിന്റെ അസ്ഥികൾ വഴിയരികിൽ സ്ഥാപിച്ചി രിക്കുന്നത് കണ്ടു. 

അത്താഴത്തിനുള്ള സമയമായി. ഭോജനശാലയിൽ ഒരു വശത്തായി പലതരം വിഭവങ്ങൾ ഒരുക്കിയിരിക്കുന്നു.. സ്വാദുള്ള ഭക്ഷണം..വിനോദ സഞ്ചാരികളിൽ ഭൂരിഭാഗവും പാശ്ചാത്യർ ആയിരുന്നു..ബഹളങ്ങളില്ല.. മാന്യമായ പെരുമാറ്റം.
സംഗീത ഉപകരണങ്ങളുമായി മൂന്നു നാല് സ്വദേശികൾ താഴെ വിരിച്ചിട്ട പരവതാനിയിൽ വന്നിരുന്നു..അവർ പാടാൻ തുടങ്ങി...ശ്രുതി മധുരമായ ഗാനങ്ങൾ..ഒരു പാട്ടിന്റെ അർത്ഥംചോദിച്ചു മനസ്സിലാക്കിയപ്പോൾ അതൊരിക്കൽ കൂടി പാടണം എന്ന് പറയാൻ തോന്നി. എനിക്ക് വേണ്ടി അവർ ഒരിക്കൽ കൂടി സന്തോഷത്തോടെ പാടി . എന്റെ ആത്മാവിൽ നിറയുകയായിരുന്നു ആ വരികൾ. 

"ഓ! നീയെത്ര അനിർവചനീയം..എത്ര ലഘുതരം.!. ഈ നിശ്ചലതയുടെ നീർച്ചുഴിയിൽ പെട്ട് ഞാനുഴറുമ്പോൾ എങ്ങനെ എന്റെ ആത്മാവിനു ഇളകാതിരിയ്ക്കാനാവും..എന്റെ കടൽ അതേ കടലിൽ തന്നെ മുങ്ങിപ്പോയി , ഞാൻ കരയില്ലാത്ത കടലായി മാറുന്നു.. ഹോ എത്ര വിചിത്രം ! ഞാനെന്റെ ആത്മാവിനോട് പറഞ്ഞു നീയാണെന്റെ കണ്ണുകളുടെ വെളിച്ചമെന്ന് ...അപ്പോൾ ആത്മാവ് പറഞ്ഞു ഞാനുണ്ടെങ്കിൽ നിനക്ക് കണ്ണുകളേ വേണ്ടെന്ന്‌. ചന്ദ്രനെപ്പോലെ , ശൂന്യതയിലൂടെ കാലുകളില്ലാതെ ഞാൻ എത്ര വേഗത്തിലോടുന്നു..ഓ! നീയെത്ര അനിർവചനീയം..എത്ര ലഘുതരം!.”


തണുപ്പ് കൂടി വന്നു.. തിരികെ മുറിയിലേയ്ക്ക് നടന്നു. .. ആകാശം കറുത്തിരിക്കുന്നു . നക്ഷത്രങ്ങളുടെ ഭംഗി അവർണ്ണനീയം. എന്നാലും ആയില്ല.. ഞാൻ കൊതിക്കുന്ന കാഴ്ച ആയില്ല..അതിനിനിയും കാത്തിരിക്കേണ്ടതുണ്ട് .. വീണ്ടും കുറച്ചു വായനയ്ക്ക് ശേഷം ഉറക്കം കാത്തു കിടന്നു. 


ഗാഢനിദ്രയിൽ നിന്നും ആരോ വിളിച്ചുണർത്തിയ പോലെ . പുലർച്ചെ മൂന്നു മണി.. .എഴുന്നേറ്റു ചെന്ന് വാതിൽ തുറന്നു.. ഒട്ടും പേടി തോന്നിയില്ല.. ഈ നിമിഷത്തിനു വേണ്ടിയാണ് ഞാൻ കാത്തത്.. ഈ കാഴ്ചക്ക് വേണ്ടി മാത്രം.. . തിങ്കൾ പോയ്‌ മറഞ്ഞിരുന്നു. കറുത്ത ആകാശത്ത്, ഇടയില്ലാതെ തുരു തുരാ വിതറിയ വെള്ളി നക്ഷത്രങ്ങൾ .. വന്യമായ മനോഹാരിത.. ഈ രമണീയഭൂമികയിൽ ഞാനും നക്ഷത്രങ്ങളും മാത്രമായ അസുലഭ നിമിഷങ്ങൾ.. കയ്യെത്തിച്ചും ചുംബിച്ചും കോരിയെടുത്തു ഞാനവയെ ..ആ അമൂർത്ത നിമിഷത്തിൽ അലിഞ്ഞില്ലാതാവുമായിരുന്നെങ്കിൽ ഞാൻ ധന്യയാകുമായിരുന്നു..അത്രമേൽ എന്നെ ഭ്രമിപ്പിച്ച കാഴ്ചയായിരുന്നു ആ നക്ഷത്ര രാവിലെ ഏകാന്ത സൌന്ദര്യം..

2016, നവംബർ 3, വ്യാഴാഴ്‌ച

കൊടുംവേദനയുടെയും , അതിജീവനത്തിന്റെയും പാഠപുസ്തകം -





http://thasrak.com/pusthaka_nadavazhiyile_nerambukal.php തസറാക്ക് ഇ മാഗസിനില്‍ വന്ന എന്‍റെ വായനാനുഭവം...

അറുന്നൂറ്റി മുപ്പത്തിയൊൻപതു താളുകളിൽ ഉള്ളടക്കം ചെയ്ത ‘കൊടുംവേദനയുടെ പുസ്തകം’ എന്നതിൽ കുറഞ്ഞൊരു വിശേഷണവും ഷെമിയുടെ "നടവഴിയിലെ നേരുകൾ"ക്കു നൽകാനാവില്ല. അല്പം ഭാവന കലർന്നിട്ടുണ്ടെന്ന് പറയുമ്പോഴും യാഥാർത്ഥ്യത്തെ മറികടക്കുന്ന ഒരു കാല്പനികതയും ഈ പുസ്തകം അടിച്ചേൽപ്പിക്കുന്നില്ല.വാക്കുകൾ കൊണ്ട് ഹൃദയത്തിൽ കോറിവരയ്ക്കും പോലുള്ള നീറ്റൽ. യാഥാര്‍ത്ഥ്യത്തിന്‍റെ തീപ്പൊള്ളല്‍ കൊണ്ട് അകം വേവുന്ന അസ്വസ്ഥത. ലോകത്തെ മുഴുവനായും എക്കാലത്തും ഭീതിയിലാഴ്ത്തിയിട്ടുള്ള വിശപ്പ്‌ എന്ന ഭീകരാവസ്ഥ. ഓരോ താളിലുമെന്നോണം അതിന്‍റെ അടയാളം ഊട്ടിയുറപ്പിക്കുന്നു ഷെമി തന്റെ നടവഴികളിൽ.


കയറിക്കിടക്കാൻ ഒരു മേൽക്കൂരയില്ലാതെ, ദേഹം ചൊറിഞ്ഞു പൊട്ടാതിരിയ്ക്കാന്‍ വല്ലപ്പോഴുമെങ്കിലും കുളിയ്ക്കാൻ ഒരിറ്റു വെള്ളമില്ലാതെ, കുളിച്ചുമാറാന്‍ ഒരു വസ്ത്രമില്ലാതെ, മണ്ണിലമർന്നിരുന്നല്ലാതെ ആർത്തവ രക്തം താഴെയിറ്റാതെ തടയാൻ ഒരു പഴന്തുണിക്കഷ്ണമെങ്കിലുമില്ലാതെ, വേദനയെന്ന വാക്ക് ഒരായിരം ദംഷ്ട്രങ്ങളോടെ, അക്ഷരാര്‍ത്ഥത്തില്‍ ആര്‍ത്തട്ടഹസിച്ചു ഭയപ്പെടുത്തുക തന്നെ ചെയ്യുന്നു ഈ പുസ്തകത്തിൽ.

തീയിൽ കുരുത്ത്ഒരു ചെടിയോ മരമോ ആവാനായുള്ള ശ്രമത്തിലൂടെ തോൽവിയെ അകലേ ക്ക്‌ ആട്ടിപ്പായിച്ച് അതിജീവനത്തിന്റെ അതിമഹത്തായ മാതൃകയാവലിലൂടെ പഠനത്തിൽ അത്രയേറെ മിടുക്കിയായിരുന്നിട്ടും അതിനുള്ള അവസരങ്ങള്‍ നിഷേധിയ്ക്കപ്പെട്ടതിലൂടെ ഈ തെരുവിന്റെ കുട്ടി, എഴുത്തുകാരി, ഷെമി നമ്മെ അനിർവചനീയമായ ഒരവസ്ഥയിലേക്ക് തള്ളിയിട്ട് നീറ്റുന്നു.

ഉപ്പയും ഉമ്മയും പതിമൂന്ന് സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തില്‍ എന്നും കൂട്ടിനുണ്ടായിരുന്നത്‌ പട്ടിണിയും പീഢനവും മോഹഭംഗങ്ങളും മാത്രം! 

വടക്കൻ 
 കേരളത്തിന്‍റെ തനതായ ഗ്രാമീണ ഭാഷയില്‍ വരച്ചിട്ട മലബാറിലെ മുസ്ലീം കുടുംബജീവിതങ്ങളുടെ തുറന്ന കാഴ്ചയാണ്കനലണയാത്ത അടുപ്പിലേയ്ക്ക് തലയിട്ടൂതുന്ന ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുമ്പോള്‍ പുകയേറ്റു നീറിയിട്ടല്ല മറിച്ച് ആഗ്രഹങ്ങളെ ആട്ടിയോടിച്ച കുഞ്ഞാമിയെന്ന സ്വന്തം ഉമ്മയുടെ അനാഥത്വത്തിന്‍റെ മായാത്ത ഓര്‍മയില്‍ നിന്നുമുതിരുന്ന കണ്ണുനീര്‍ തുള്ളികളാണ് അതെന്ന്‍ കൊച്ചുകഥാകാരി മനസ്സിലാക്കുന്നു. അഭിമാനം വെടിഞ്ഞ് വീടുവീടാന്തരം കയറി ഇരന്നും അവകാശപ്പെട്ട സക്കാത്ത് ചോദിച്ചു വാങ്ങിയും മക്കള്‍ക്കായി അന്നമെത്തിയ്ക്കുന്ന ഉമ്മയും ക്ഷയ രോഗിയായ ഉപ്പയും സഹോദരികളെ പിഴിഞ്ഞൂറ്റി ജീവിക്കുന്ന നാല് സഹോദരന്മാരും വായനക്കാരുടെ മനസ്സിലേയ്ക്ക് നിസ്സഹായതയായും വെറുപ്പായും നിഷ്പ്രയാസം കുടിയേറുന്നുണ്ട്.

ഉപ്പയുടെയും ഉമ്മയുടെയും മരണാനന്തരം പതിമൂന്നാം വയസ്സില്‍ സഹോദരങ്ങള്‍ക്കൊപ്പം തെരുവിലേയ്ക്കും അവിടെനിന്നും അനാഥാലയത്തിന്‍റെ അഴുകിയ ഉള്ളറയിലേയ്ക്കും ഗതികേടിനാല്‍ തളച്ചിടപ്പെടുന്ന കഥാകാരി വഴിവിട്ട ബന്ധങ്ങളുടെയും അവിഹിതഗര്‍ഭങ്ങളുടെയും ഇരുണ്ട വഴികള്‍ കണ്ട് പകച്ച്‌ രക്ഷപ്പെടാനുള്ള പഴുതുകള്‍ നിരന്തരം തേടുമ്പോള്‍ സഹായിക്കാനാവുന്നില്ലല്ലോ എന്ന ശ്വാസം മുട്ടൽ നമ്മെ വന്നു മൂടുന്നുണ്ട്.‘ജീവിതം മുളയിടാന്‍ ഗര്‍ഭപാത്രവും വളര്‍ത്താന്‍ സ്തനയിടവും ഉണ്ടായിപ്പോയതാണ് പെണ്ണിന്റെ ഭാഗ്യഭംഗം അത് മനുഷ്യനിലായാലും മൃഗങ്ങളിലായാലും’ എന്ന് പുസ്തകത്തിന്‍റെ ആദ്യഭാഗത്ത് കഥാകാരി പറയുമ്പോള്‍ മാതൃത്വം ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും കഥാകാരിയെ അങ്ങനെ ചിന്തിപ്പിച്ചതിന്റെ കാരണം തീയിലുരുകിയ ഈ ജീവിതം തന്നെയാണ് എന്ന് മനസ്സിലാക്കാൻ പ്രയാസമില്ല.


അത്രമേല്‍ ദുരിതപൂര്‍ണ്ണമായ ജീവിതത്താല്‍ വലിച്ചിഴയ്ക്കപ്പെട്ടു മുന്നോട്ടുപോകുമ്പോഴും, സഹജീവികളോടും കൂടപ്പിറപ്പുകളോടുമുള്ള കറയില്ലാത്ത സ്നേഹവും കരുണയും കഥാകാരിയുടെ ഹൃദയ വിശാലതയുടെ ആഴമറിയിയ്ക്കുകയാണ്.പുസ്തകത്തിന്‍റെ പുറംചട്ടയിൽ തട്ടമിട്ട് തലയെടുപ്പോടെ നിൽക്കുന്ന എഴുത്തുകാരിയുടെ ചിത്രം അകത്തെ താളുകളിലൂടെ കുഞ്ഞായും കുമാരിയായും കാമുകിയായും അമ്മയായും ഒത്തൊരു പെണ്ണായും തളർച്ചകളിലും തളരാതെ പതറിയിട്ടും പതറാതെ സഹനത്തിന്റെയും ക്ഷമയുടെയും ഉൾക്കരുത്തിന്റെയും തേജസുറ്റ മുദ്രയായി വായനക്കാരുടെ ഉള്ളിൽ കൊത്തിവയ്ക്കപ്പെടുന്നുണ്ട് .


പാകപ്പിഴകളിലേയ്ക്കും കുറവുകളിലേയ്ക്കും വിരല്‍ ചൂണ്ടാനുള്ള അവസരം ഒരുപാടൊന്നും ഒരുക്കാതെ മനസ്സിലിടം പിടിയ്ക്കുന്ന വേദനയുടെ ഈ പുസ്തകം സഹനത്തിന്റെയും അതിജീവനത്തിന്റെയും പാഠപുസ്തകം കൂടിയാണ്. അത് വാങ്ങുന്നതിലൂടെ തെരുവിന്റെ മക്കളിലേയ്ക്ക് നീളട്ടെ നാമോരുരത്തരുടേയും സഹായഹസ്തങ്ങള്‍.ബുദ്ധിമുട്ടുകൾ അനുഭവിച്ചു വളരുന്ന കുട്ടികളിലേക്ക് പകർന്നുകൊടുക്കേണ്ടുന്ന പുസ്തകമെന്നു എഴുത്തുകാരി സാക്ഷ്യപ്പെടുത്തുമ്പോഴും അതിലുമുപരി കഷ്ടപ്പെടുന്നവരും അല്ലാത്തവരുമായ ഓരോ വ്യക്തിയിലേയ്ക്കും "നടവഴികളിലെ നേരുകൾ" എത്തട്ടെ എന്ന് വായനക്കാർ ആശിച്ചുപോകുന്നത് ഷെമിയുടെ വാക്കുകളുടെ നന്മയും നേരും കൊണ്ടാണ്.