2013, സെപ്റ്റംബർ 14, ശനിയാഴ്‌ച

എനിക്കായൊരുങ്ങിയ പൊന്നോണങ്ങള്‍ !





കൊയ്ത്തും മെതീം കഴിഞ്ഞ് പത്തായങ്ങളില്‍ പുന്നെല്ല് ........... . കൊച്ചു കയ്യാലപ്പുരയില്‍ കായക്കുലകളും! നേന്ത്രപഴം, കണ്ണന്‍ , കദളി , പൂവന്‍ , പാളയന്തോടന്‍ , ഞാലിപ്പൂവന്‍ , റോബസ്റ്റ്..... കാഴ്ചയിലേ മനസ്സ് നിറയുന്ന ഒന്നിനൊന്നു മികച്ച പഴക്കുലകള്‍ !

കലവറയില്‍ തകര ചെപ്പുകളില്‍ , ഏത്തക്കായ വട്ടത്തിലരിഞ്ഞു വറുത്തു കോരിയതും  ശര്‍ക്കരവരട്ടിയും!



ഓണത്തിനുള്ള ഒരുക്കങ്ങളാണ്. 

“അമ്മിണികളേ......ബാ.... ഞമ്മക്ക് പാടത്ത് പോയി ചളി എടുത്തു കൊണ്ട് വരാം”.

മാമ്വേട്ടന്‍ വിളിക്കുമ്പോള്‍ , 

“എന്തിനാ മാമ്വേട്ടാ ചളി”? എന്ന് ഞാന്‍ ചോദിക്കും.

“ഞമ്മക്ക് തൃക്കാക്കരയപ്പനെ ഉണ്ടാക്കണ്ടേ വാവക്ടാവേ... അതിനു കളിമണ്ണു വേണം”.

ഞാന്‍ മാമ്വേട്ടന്റെ പിന്നാലെ നടക്കും.

പറമ്പിന്റെ അങ്ങേ അറ്റത്ത്‌ ഞാറു നടാനുള്ള നാല് കണ്ടങ്ങളുണ്ട്, മാമ്വേട്ടന്‍ കയ്ക്കോട്ടു കൊണ്ട് കണ്ടത്തില്‍ ആഞ്ഞു കിളച്ച് ഏറ്റവും അടിയിലെ പശപോലുള്ള മണ്ണെടുക്കും. പിന്നെ കളത്തില്‍ കൊണ്ടിട്ട് വെള്ളം ചേര്‍ത്ത് കുഴച്ച് ഉരുട്ടി, അടിച്ചു പരത്തി നീണ്ട ത്രികോണത്തിന്റെ ആകൃതിയിലാക്കുന്നതും നോക്കി നില്‍ക്കുന്ന അമ്മയോട് ചോദിക്കും,

“ചേടത്ത്യേയ് ..എത്ര എണ്ണം വേണം?”

“അഞ്ചാറെണ്ണം ആയിക്കോട്ടെ മമ്വോ... ഉമ്മറത്തും പിന്നെ മാവിന്‍ തറയിലും വയ്ക്കണ്ടേ”?

“വനജേ... ആ ചെങ്കല്ലെടുത്തു ഉരച്ചു ചാന്തുണ്ടാക്കി വയ്ക്കു..”

അമ്മ മറ്റു കാര്യങ്ങളിലേക്ക് കടക്കും..

മാമ്വേട്ടന്‍ എനിക്കും തരും ഒരു കുഞ്ഞു തൃക്കാക്കരയപ്പനെ! ഞാന്‍ അതിനെ മിനുക്കി കുട്ടപ്പനാക്കി വക്കും.

പൂക്കുലകള്‍ കുത്താനുള്ള കൊച്ചു സുഷിരങ്ങളിട്ട, ചെങ്കല്ലരച്ചു തേച്ച തൃക്കാക്കരയപ്പന്മാര്‍ വെയിലത്ത്‌ കിടന്നുണങ്ങി ഉറയ്ക്കുന്നതുവരെ കാത്തിരിക്കണം.

ഏതൊക്കെ പൂക്കള്‍ വയ്ക്കണം? അത്തക്കളമിടാന്‍ പറിക്കുന്ന പൂക്കളില്‍ എനിക്കേറ്റവും ഇഷ്ടം മഞ്ഞ കോളാമ്പിപ്പൂവും ചെമപ്പ് കൊങ്ങിണിപ്പൂവും പിന്നെ വേലിയില്‍ ഒരു കുറ്റിച്ചെടി പോലെ വലുതായി നില്‍ക്കുന്ന കണലി മരത്തില്‍ തുരുതുരാന്നു പൂക്കുന്ന നീല പൂക്കളുമാണ്. മഞ്ഞ നിറത്തില്‍ മണികള്‍ പോലുണ്ടാകുന്ന കണലിക്കായകള്‍ക്കും ചാരുതയേറെയാണ്. മാമ്വേട്ടന്‍ ഉണ്ടാക്കിത്തരുന്ന മുളകൊണ്ടുള്ള കൊട്ടത്തോക്കിനുള്ളില്‍ കണലിക്കായകളിട്ട് ഞാനും ഭരതനും “ടിഷ്യും…. ടിഷ്യും…” എന്ന് പൊട്ടിച്ചു കളിക്കാറുണ്ട്.

രണ്ടോ മൂന്നോ ഓണങ്ങള്‍ക്ക് അമ്മായിമാരും കുട്ട്യോളും വിരുന്നിനെത്തിയതോര്‍മ്മയുണ്ട്. ആ ഉത്രാട രാത്രികള്‍ വലിയവരുടെ ഉത്സവമേളമായിരുന്നു. പെങ്ങന്മാരെ കണ്ടാല്‍ പിന്നെ അച്ഛനു അവര് മതി എന്നും പറഞ്ഞു അമ്മ അടുക്കളവശത്ത് കെറുവിച്ചു നില്‍ക്കും. ഏറ്റവും ഇളയ അമ്മായി അമ്മയുടെ കഴുത്തിലൂടെ കൈച്ചുറ്റി പിടിച്ചു വലിച്ചു കൊണ്ട് പറയും, 

“ഡി മണിച്ചീ... ( എന്റെ അമ്മയെ കൊച്ചമ്മായി അങ്ങനെയാണ് വിളിക്കാറ്) നീ കുശുമ്പു വിചാരിച്ചിട്ട് കാര്യല്ല്യ, “കൊച്ചു കുഞ്ഞേട്ടന്” ഞങ്ങള്‍ കഴിഞ്ഞേ നീയുള്ളു, പക്ഷേ, ഇതിപ്പോ രണ്ടു ദിവസത്തെ കാര്യല്ലേ ഉള്ളൂ ? ഞങ്ങളങ്ങു പോകുമ്പോള്‍ എന്റെ കുഞ്ഞാങ്ങളയെ നീ മുഴുവനായും എടുത്തോളൂ”.

അപ്പോ അമ്മ ചിരിച്ചുകൊണ്ട് അവരുടെ കൂടെ കൂടും. പിന്നെ പാതിരാത്രിയാവോളം കഥപറച്ചിലായി, കളിയാക്കലായി...ഞങ്ങള്‍ ബഹളം വച്ചുകൊണ്ട് ഊഞ്ഞാലില്‍ മത്സരിച്ചാടും. അതിനിടയില്‍ തൃക്കാക്കരയപ്പനെ വെളുത്ത പുള്ളികള്‍ കൊണ്ട് അലങ്കരിക്കും. ഇലയില്‍ നിറച്ച തുമ്പപ്പൂക്കളില്‍ വച്ച് ചെത്തിപൂക്കുല ചാര്‍ത്തും, ഇലയടയുണ്ടാക്കി വയ്ക്കും.തേങ്ങ വെട്ടി അതില്‍ തുളസിയില ഇട്ട് ഓണം കൊള്ളും,അച്ഛനും മാമ്വേട്ടനും ഉറക്കെ ആര്‍പ്പാര്‍പ്പോ...... വിളിക്കും.

അമ്മ എല്ലാവരെയും വിളിച്ചു ഓണപ്പുടവ തരും. ചേച്ചിക്ക് ചിന്നാടന്‍ പട്ടിന്‍റെ പാവാടേം ബ്ലൗസും, എനിക്കും കോവിക്കും പുള്ളിപാവാടേം കള്ളിപാവാടേം, കിളിക്കും ഉണ്ണിക്കും കൊച്ചുടുപ്പുകള്‍ , അമ്മക്കു പതിവ് പോലെ കറുത്ത ബ്ലൗസും വോയില്‍ സാരിയും.! വനജേച്ചിക്കും മാമ്വേട്ടനുമുള്ള ഓണപ്പുടവകള്‍ വേറെ! 

ഞാനും കോവീം ചേച്ചീടെ ചിന്നാടന്‍ പട്ടിന്മേല്‍ ദൃഷ്ടിയുറപ്പിച്ചു നില്‍ക്കുമ്പോള്‍ അച്ഛന്‍ ചോദിക്കും, 

“ഇഷ്ടായില്ലേ കുട്ട്യോള്‍ക്ക്”? 

ഞാന്‍ ഉവ്വെന്നു തലയാട്ടുമ്പോള്‍ തുമ്പപൂവിനും പൂവടയ്ക്കുമിടയിലിരുന്നു തൃക്കാക്കരപ്പനെന്നെ നോക്കി ചിരിക്കും.

പുത്തനുടുപ്പുകള്‍ അണിഞ്ഞ് പുല്ലു പായയില്‍ ചമ്രം പിണഞ്ഞിരുന്ന് നാക്കിലയില്‍ വിളമ്പിയ ഊണ് കഴിക്കാനുള്ള തിരക്കാണ് പിറ്റേന്ന്. ഓണസദ്യയില്‍ എന്നും കെങ്കേമന്‍ ഞങ്ങളുടെ വീട്ടുവളപ്പില്‍ ഉണ്ടാക്കിയിരുന്ന പച്ചപ്പയര്‍ ഉരിച്ച്‌ കാച്ചി ഉലര്‍ത്തിയ ആ വിഭവം തന്നെ!. വിറകടുപ്പില്‍ വച്ച വലിയ കുഴിയുള്ള കാഞ്ഞ ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് ഇടിച്ച മുളകും ചെറുള്ളിയും ചേര്‍ത്ത് അമ്മ ഉലര്‍ത്തിയെടുക്കുന്ന മണിപ്പയറോളം ഇഷ്ടപ്പെട്ട ഒരു ഓണ വിഭവം വേറെയുണ്ടെന്നു എനിക്ക് തോന്നിയിട്ടില്ല.

“മാമ്വോ... ആ കസേരകളൊക്കെ വട്ടത്തില്‍ ചേര്‍ത്തിട്ടേക്കൂ, ചീട്ടുകളി തുടങ്ങണ്ടേ?” 

അച്ഛന്‍ എന്നുമില്ലാത്ത ഉത്സാഹത്തോടെ പറയുമ്പോള്‍ അമ്മ മുഖം കനപ്പിക്കും. 

നാട്ടു പ്രമാണിയും അല്‍പ്പം അന്തര്‍മുഖനുമായ അച്ഛനെ ഭയഭക്തിബഹുമാനത്തോടെ മാത്രം കണ്ടിരുന്നവര്‍ക്ക് പോലും അടുത്തിരുന്നു ചീട്ടു കളിക്കാനുള്ള സുവര്‍ണ്ണാവസരമാണ്! വിരുന്നുകാര്‍ക്കു വേണ്ടി എപ്പോഴും ഒരുങ്ങിക്കിടന്നിരുന്ന കിഴക്കേ മുറി ചീട്ടുകളിക്കാര്‍ക്ക് ഇരിക്കാനുള്ള ഇടമായി മാറും. ഞങ്ങള്‍ക്ക് പ്രവേശനവും നിഷേധ്യമാവും. കയ്യില്‍ വിശറി പോലെ പരത്തിപ്പിടിച്ച ചീട്ടുകളുമായി അവര്‍ ഇരുട്ടും വരെയിരിക്കും. ചിലര്‍ പച്ചീര്‍ക്കിലിയില്‍ കോര്‍ത്ത മച്ചിങ്ങ കാതിലണിഞ്ഞും ചിലര്‍ പ്ലാവില കൊണ്ടുള്ള തൊപ്പി തലയില്‍ വച്ചും ഇരിക്കുന്നത് ഇടയ്ക്കിടെയുള്ള ഒളിഞ്ഞു നോട്ടങ്ങളില്‍ ഞാന്‍ കാണും. 

മുറിയിലെ കസേരകളും മേശകളും എന്ന് വേണ്ടാ കട്ടിലുപോലും, വലിച്ചും തിരിച്ചും മറിച്ചും കളിക്കാര്‍ ഒടിച്ചിട്ടു പോകുമ്പോള്‍ , സന്തോഷമോ, സങ്കടമോ എന്നറിയാത്ത ഒരു ഭാവത്തോടെ അമ്മ പൂമുഖത്തിരിക്കും. അന്ന് അമ്മ എങ്ങോട്ടും പോകില്ല. തറവാട്ടമ്മയായ എന്റെ അമ്മയെ കാണാന്‍ വല്യമ്മമാരും മറ്റു ബന്ധുക്കളും വീട്ടിലെത്തുകയാണ് പതിവ്. 

ഞങ്ങള്‍ മാമ്വേട്ടന്റെ കൂടെ ഓണംകളി കാണാന്‍ പോകും. ഓണംകളിയുടെ തലതൊട്ടപ്പന്മാരായ അമ്മിണ്യേച്ചീം സംഘവും വലിയ വട്ടത്തില്‍ നിരന്ന് ചാടി മറിഞ്ഞ് കൈകൊട്ടികളിക്കുന്നത് കാണാന്‍ നാട്ടുകാര്‍ ഒത്തു കൂടും. 

“കോഴി കൂവുന്നൊരു ശബ്ദം കേട്ടു....

ഗൗതമന്‍ സ്നാനത്തിനായി പോയീ .......”

പ്രത്യേക ഈണത്തില്‍ നീട്ടിപ്പാടുന്ന കൈക്കൊട്ടിക്കളിയുടെ പാട്ടുകള്‍ അധികവും പുരാണ കഥകളാകും.

ക്ഷീണമേതുമില്ലാതെ അവര്‍ തകര്‍ത്ത് മുന്നേറുമ്പോള്‍ മണ്ണിലും, മതിലിലും മരത്തിലുമൊക്കെ ഇരുന്നു മടുപ്പില്ലാതെ ഞങ്ങള്‍ കളി കാണും.

രണ്ടാം ഓണത്തിന് മാമുവേട്ടനോ അയല്‍പക്കത്തെ അമ്മായിയോ ഞങ്ങളെ സിനിമക്കു കൊണ്ടുപോകും. മാമ്വേട്ടന്റെയും അമ്മായീടെയും കുട്ട്യോളും കൂടെയുണ്ടാകും.. വയലുകളും പറമ്പുകളും താണ്ടി കൊടകരയുള്ള ഓല ടാക്കീസിലേക്ക്!. അമ്പാടി, ദ്വാരക, വൃന്ദാവന്‍ .... ഏതെങ്കിലുമൊന്നില്‍ മൂട്ട കടി കൊണ്ടുള്ള സിനിമ കാണല്‍ !  

തൃശൂര് രാഗത്തിലും സ്വപ്നയിലും രാമദാസിലും മാറുന്ന നല്ല സിനിമകള്‍ ഒന്ന് പോലും വിടാതെ കാണിക്കാന്‍ അമ്മയും അച്ഛനും കൊണ്ടുപോകാറുണ്ട്. പക്ഷേ ഓണത്തിന് ഈ ഓലടാക്കീസുവരെ നടന്നെത്തി ബെഞ്ചിലിരുന്നുകൊണ്ടുള്ള സിനിമ കാണല്‍ ഒരു പുതിയ അനുഭവമായിരുന്നു. 

പിന്നെ ചതയാഘോഷം, പുലിക്കളി....നാലും അഞ്ചും ദിവസങ്ങള്‍ നീളുന്ന ആഘോഷങ്ങള്‍ അവസാനിക്കുമ്പോഴേക്കും സ്കൂളുകള്‍ തുറക്കും..... ഇനിയും വരുമെന്ന പ്രതീക്ഷകളില്‍ അടുത്ത ഓണത്തിനുള്ള ആവേശം അപ്പോഴും ബാക്കി വയ്ക്കും. 

പിന്നെ പിന്നെ മാറ്റത്തിന്‍റെ നാളുകള്‍ ! ഓരോ വര്‍ഷവും ഓരോന്നോരോന്നായ് അപ്രത്യക്ഷമായി. പൂവിളിയും ആര്‍പ്പു വിളിയും ഇല്ലാതായി, ഓണങ്ങള്‍ നാല് ചുമരുകളില്‍ , നാലാളുകളില്‍ ഒതുങ്ങി.

പാട്ടിന്റെയും, കളികളുടെയും, തുമ്പികളുടെയും, തുമ്പപ്പൂക്കളുടെയും സ്പന്ദനമേറ്റു വാങ്ങിയ പൊന്നോണങ്ങളൊക്കെയും എങ്ങെങ്ങോ പോയിമറഞ്ഞു! ഓര്‍മകളില്‍ നിന്നു പോലും അവ ഇന്നെത്രയോ ദൂരെ!

എങ്കിലും ഞാന്‍ വിസ്മരിക്കുന്നില്ല , ഇന്ന് ഞാനൊരുക്കീടുന്ന തിരുവോണത്തേക്കാള്‍ ഞാന്‍ ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്നു, അന്ന് എനിക്കായി മാത്രമൊരുങ്ങിയ ആ പോന്നോണങ്ങളെന്ന് !

2013, സെപ്റ്റംബർ 7, ശനിയാഴ്‌ച

ഓളങ്ങളില്‍ ഒരു പൂവ്

അയാള്‍ കാത്തു നില്‍ക്കുകയായിരുന്നു കായലോരത്ത്, കാറ്റിന്‍റെ മര്‍മരം ശ്രവിച്ചുകൊണ്ട് .

പച്ച പായലുകള്‍ക്കിടയില്‍ സമൃദ്ധിയില്‍ പടര്‍ന്നു കിടന്ന പാഴ്ച്ചെടികളില്‍ വയലറ്റ് നിറമുള്ള മണമില്ലാത്ത പൂക്കള്‍ കൂട്ടത്തോടെ വിരിഞ്ഞു നിന്നു. 

അവളോ അയാളെ കണ്ടെത്താനുള്ള ഉദ്വേഗത്തിലായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷമുള്ള കണ്ടുമുട്ടല്‍ . ഇല്ല,കാണാതിരിക്കാനാവില്ല.

കായലിന്റെ കാഴ്ചകളില്‍ , പടികടന്നുപോയ ഓര്‍മ്മകള്‍ ഒന്നൊന്നായി കേളികൊട്ടോടെ തിരികേയെത്തുകയായി.

അന്നൊരു നാള്‍ പകുതി ചാരിയ വാതിലിന്‍റെ വിടവിലൂടെ പുറത്തേക്കു നോക്കിയ അവള്‍ കണ്ടു, വിടര്‍ന്ന, വലിയ കണ്ണുകള്‍ . മുറ്റത്തു വിരിഞ്ഞുനിന്നിരുന്ന പത്തുമണി പൂക്കള്‍ക്കരികെയായിരുന്നു അയാള്‍ അപ്പോള്‍ . വിളിച്ചില്ല, പറഞ്ഞില്ല, എന്നിട്ടും ആ നോട്ടത്തിന്റെ അര്‍ത്ഥം അവളറിഞ്ഞു. പുറത്തേക്കു ചെന്നപ്പോള്‍ അയാള്‍ നടന്നു, കൂടെ അവളും.പാഴ്ച്ചെടികള്‍ വളര്‍ന്നു മറഞ്ഞു കിടന്നിരുന്ന കിണറിന്‍റെ വക്കത്ത് അയാളുടെ ഒപ്പം ഇരുന്നു. കിണറിനു ഉള്‍വശത്ത് എവിടെയോ ഇരുന്ന്‌ നീല പ്രാവുകള്‍ കുറുകുന്നുണ്ടായിരുന്നു. പച്ചപ്പടര്‍പ്പിന്റെ നിഴലുകള്‍ വീണു കിടന്ന വെള്ളം നിശ്ചലമായിരുന്നു.

"വിരസമായ ദിനങ്ങള്‍ക്ക് യുഗങ്ങളേക്കാള്‍ ദൈര്‍ഘ്യമായിരുന്നു.....! തിരിച്ചെത്താനുള്ള വെമ്പലിലായിരുന്നു ഞാന്‍ ”.

ഒരു ദൂര യാത്രയിലുളവായ ക്ഷീണത്തേക്കാള്‍ അയാളുടെ വാക്കുകളില്‍ നിറഞ്ഞത്‌ തന്നെ അകന്നു നിന്നതിന്‍റെ വേദനയാണെന്ന അറിവില്‍ അവള്‍ അഹങ്കരിച്ചു.

“കൈ കാണിക്കു” അയാള്‍ പറഞ്ഞു.

നാണത്തോടെ നീട്ടിയ കയ്യില്‍ അയാള്‍ വച്ചു കൊടുത്തത് ഒരു ചന്ദന ചെപ്പും, അതിലൊരു ഇന്ദ്ര നീലം പതിച്ച വെള്ളി മോതിരവും.

ആദ്യത്തെ സ്നേഹോപഹാരം!. അയാളത് അവളുടെ മോതിരവിരലിൽ അണിയിച്ചു.

അയാള്‍ നല്‍കിയ സമ്മാനങ്ങള്‍ ഓരോന്നും അലമാരിയിലെ പ്രത്യേക അറയ്ക്കുള്ളില്‍ അവള്‍ സൂക്ഷിച്ചു വച്ചു. കൂട്ടത്തില്‍ മിന്നുന്ന മഞ്ഞയില്‍ വാടാമല്ലികള്‍ വാരി വിതറിയ ഒരു പട്ടുചേലയും.
വാരിച്ചുറ്റിയ മഞ്ഞ ചേലയില്‍ അവളെ കണ്ടപ്പോഴുള്ള അയാളുടെ ഇമ വെട്ടാതെയുള്ള നോട്ടം, ആ പട്ടിന്‍റെ മിനുപ്പില്‍ പിന്നീടെല്ലായ്പ്പോഴും മയങ്ങിക്കിടന്നു.

“സാരിയില്‍ നീയൊരു കല്ല്യാണികുട്ടിയാണ്, നിനക്കേറ്റവും ചേരുന്നതും അത് തന്നെ”! അത് കേട്ട് അവളുടെ നുണക്കുഴികള്‍ വിരിഞ്ഞു.

ഓളങ്ങളില്‍ ഉലഞ്ഞ കെട്ടുവള്ളത്തില്‍ ചകിതയായിരുന്നപ്പോള്‍ അയാളെ ചുറ്റിപ്പിടിച്ച തന്‍റെ കരതലങ്ങളെടുത്ത് ലാളിച്ച ആ നിമിഷത്തിലായിരുന്നു ആദ്യ സ്പര്‍ശം. തുടിക്കുന്ന നെഞ്ചിന്‍റെ താളത്തില്‍ ലയിച്ച് സ്വയം മറന്നു നില്‍ക്കുമ്പോള്‍ നെറുകയില്‍ വീണ ചുടു നിശ്വാസങ്ങളേറ്റു ഉണര്‍ന്നത് പിന്നീട്.

ഒടുവില്‍ ഓര്‍മകളും ഒരു ചെപ്പിലാക്കി മനസ്സിന്‍റെ ഉള്ളറയില്‍ നിക്ഷേപിക്കേണ്ടിവരുമെന്ന് അവള്‍ നിനച്ചുകാണില്ല.

മഴ തൂളി തുടങ്ങിയിരുന്നു.

“അയാള്‍ എവിടെയാണ് നില്‍ക്കാമെന്നു പറഞ്ഞത്”? അവള്‍ തിരഞ്ഞു.

അകലെ ഒരു കെട്ടുവള്ളം കാഴ്ചയില്‍ നിന്നും മറയുന്നു.

തണുത്ത കാറ്റില്‍ ഇളകിയ അളകങ്ങളെ മാടിയൊതുക്കി തിരിഞ്ഞപ്പോള്‍ അവള്‍ കണ്ടു, 
അവിടെത്തന്നെ, കായല്‍ക്കരയില്‍ , അതേ സ്ഥലത്ത് നില്‍പ്പുണ്ട്.

“വരില്ലെന്നാണ് കരുതിയത്‌”. വിവശമായ ഒരു ചിരിയോടെ അയാള്‍ അടുത്തേക്ക് ചെന്നു.

“വരാതിരിക്കാന്‍ കഴിയില്ലല്ലോ”! അവള്‍ മന്ദഹസിച്ചു.

ചെമ്പിച്ച മുടികളില്‍ പലയിടത്തും നരവീണിട്ടുണ്ട്. അല്പം തടിച്ചിട്ടുണ്ട്. കായലോളം ആഴമുള്ള വിടര്‍ന്ന കണ്ണുകളില്‍ ഇപ്പോഴും അതേ മാസ്മര ഭാവം! ഒരു നോക്കില്‍ അവള്‍ അയാളെ മുഴുവനായും ഒപ്പിയെടുത്തു.

തനിക്കും ഉണ്ടാവില്ലേ പ്രായം കോറിയിട്ട മുദ്രകള്‍ വരുത്തിയ മാറ്റങ്ങള്‍ .. എന്തെങ്കിലും പറയാതിരിക്കില്ല. ഒരു പക്ഷേ ,തന്‍റെ ഈ വരവുതന്നെ അയാള്‍ അപക്വമായി കരുതിക്കാണുമോ?! അതായിരുന്നു അവളെ കൂടുതല്‍ ജിജ്ഞാസുവാക്കിയത്.

തീക്ഷ്ണമായ കണ്ണുകള്‍ തന്നെ ചൂഴ്ന്നെടുക്കുന്നുവെന്ന തോന്നലില്‍ അവള്‍ക്കു വല്ലായ്മ തോന്നിയെങ്കിലും, എന്നത്തേയും പോലെ അവളതിഷ്ടപ്പെട്ടു.

എന്ത് പറഞ്ഞു തുടങ്ങണം?. കടലോളം കഥകള്‍ കൈമാറണമെന്ന് മോഹിച്ചതെല്ലാം വെറുതേയാവുമോ?.....

അവളുടെ ആത്മഗതം കേട്ടിട്ടെന്നോണം മൗനം ഭഞ്ജിച്ചുകൊണ്ട് അയാള്‍ പറഞ്ഞു,
“നമുക്കു നടക്കാം”
പറയും മുന്‍പേ അവളും നടന്നു തുടങ്ങിയിരുന്നു.

“ഒരുപാട് വൈകിയാല്‍ ബുദ്ധിമുട്ടാകും. ഭാര്യയുണ്ട്, ഒരു തൊട്ടാവാടിയാണ്. പിന്നെ മകളും”.

നാലഞ്ചു വർഷം മുൻപായിരുന്നു അയാളുടെ വിവാഹം. ബഹുകേമമായിരുന്നുവെന്നാണ് 
 കേട്ടത് . പൊന്നുകൊണ്ടു മൂടിയിട്ട് വധുവിനെ കാണാനില്ലായിരുന്നൂത്രേ!

കൂടുതല്‍ കേള്‍ക്കാനിഷ്ടപ്പെടാതെ അവള്‍ പറഞ്ഞു,

“ഉവ്വ്, ഞാന്‍ അറിയുന്നുണ്ടായിരുന്നു”.

തനിക്കിനി ആ ജീവിതത്തില്‍ ഇടമില്ലെന്നാണോ അര്‍ത്ഥമാക്കുന്നത്? താനുമത് ആഗ്രഹിക്കുന്നില്ലല്ലോ!. 

അവള്‍ അസ്വസ്ഥയായി.

“ഞങ്ങള്‍ കാനഡയില്‍ സ്ഥിരമാക്കി. അദ്ദേഹവും, മകനും ഇത്തവണ വന്നില്ല, അവര്‍ക്ക് നാടിനോടുള്ള ഇഷ്ടം എന്നോ നഷ്ടമായിക്കഴിഞ്ഞിരിക്കുന്നു!”. 

അവള്‍ നടത്തം നിര്‍ത്തിയിട്ട് ചോദിച്ചു , 

“പക്ഷേ....എനിക്കീ വേരുകള്‍ എളുപ്പത്തില്‍ മുറിച്ചു മാറ്റാനാവുമെന്നു കരുതുന്നുണ്ടോ”? 

“ഒന്നും ഇങ്ങനെയായിതീരരുതായിരുന്നു” അയാള്‍ വരണ്ട ശബ്ദത്തില്‍ തുടര്‍ന്നു.

“തെറ്റ് എന്റെതായിരുന്നില്ലല്ലോ.? അവള്‍ ചൊടിച്ചു .

“ആഗ്രഹിച്ചതെന്തോ...നേടിയത് മറ്റെന്തോ...” ഒരു പതര്‍ച്ചയോടെയാണ് അയാളത് പറഞ്ഞത്.

“ഇനിയും ഉണങ്ങാത്ത മുറിവുകള്‍ ..., എന്നിട്ടും ദാ നോക്കു ഞാന്‍ തേടി വന്നില്ലേ?”

അവള്‍ തന്‍റെ സ്നേഹത്തിന്‍റെ ആഴം അറിയിക്കാന്‍ ശ്രമിച്ചു..

“നീ ഇപ്പോഴും ആ പഴയ കാ‍ന്താരി തന്നെ”!

അയാള്‍ അവളുടെ മൂക്കിന്‍ തുമ്പു ഞെരിച്ചുകൊണ്ട് പറഞ്ഞു.

“ഒന്ന് കാണുവാനുള്ള ആഗ്രഹം തീവ്രമായിരുന്നു. ഇനിയൊരു വരവ് അടുത്തൊന്നും.........” 
അവള്‍ മുഴുവനാക്കിയില്ല.

“നീയെവിടെയായിരുന്നാലും എന്റെ മനസ്സിലെന്നും...” 

അയാളും അര്‍ദ്ധവിരാമത്തില്‍ നിര്‍ത്തി.

ഓര്‍ക്കാനിഷ്ടപ്പെടാത്ത ഇന്നലെകള്‍ .. എന്നിട്ടും, അവള്‍ സ്നേഹിച്ചു, നിഷ്കാമമായ സ്നേഹം.... 

ചാറ്റല്‍ മഴക്കു ശക്തി കൂടിയപ്പോള്‍ കായല്‍ പരപ്പില്‍ വീണ ഉദകപ്പോളകള്‍ കൊച്ചു വൃത്തങ്ങളായി നൃത്തം വച്ചു. 

അയാള്‍ അവളുടെ കയ്യിലിരുന്ന പൂക്കളുടെ ചിത്രമുള്ള കുട വാങ്ങി നിവര്‍ത്തി. തോളിലൂടെ ചുറ്റിപ്പിടിച്ച കൈകളേകിയ ചൂടിലും അവള്‍ മഴയുടെ കുളിരറിഞ്ഞു. മഴയില്‍ അലിഞ്ഞുചേര്‍ന്നു നടക്കുമ്പോള്‍ അവര്‍ക്കിടയിലുണ്ടായിരുന്ന അകലം നേര്‍ത്തു വന്നു. അവളുടെ വിരലിലെ ഇന്ദ്രനീലത്തിന്റെ മോതിരത്തിൽ അയാ
ള്‍
 ചുണ്ടുകൾ അമർത്തി.
 അവര്‍ നടന്നുകൊണ്ടേയിരുന്നു. ജന്മജന്മാന്തരങ്ങളായി അവര്‍ അതു തുടരുകയായിരുന്നുവെന്നപോലെ.  

“നിനക്കിപ്പോഴും അരിമുല്ലപ്പൂവിന്‍റെ മണമാണ്”!
അയാള്‍ പറഞ്ഞപ്പോള്‍ കാറ്റില്‍ പരന്ന കൊച്ചരിമുല്ലയുടെ സുഗന്ധം ഒരത്ഭുതമായി അവളും അറിഞ്ഞു.

കാറിന്‍റെ സീറ്റില്‍ അവള്‍ ചാഞ്ഞിരുന്നു. വണ്ടിയോടിക്കുന്നതിനിടയില്‍ ഒരു നോട്ടത്തില്‍ ഉടക്കിയ കണ്ണുകള്‍ പിന്‍വലിക്കാനാവാതെ അവള്‍ വ്രീളാവിവശയായി. ജനിമൃതികള്‍ മറന്നിരുന്ന കുറെ നിമിഷങ്ങള്‍ അവര്‍ക്ക് മാത്രമായി പിറന്നുവീണു.

“ഇങ്ങനെ നോക്കാതെ!..”

ആ പ്രായത്തിലും അവളുടെ കവിളുകളില്‍ മിന്നിമറയുന്ന അരുണോദയം!

അയാള്‍ കണ്ണാടിയിലൂടെ നോക്കി ചിരിച്ചു..

“ഇനിയും കുറേ ദൂരമുണ്ടോ”? അവള്‍ ചോദിച്ചു.

“ഇല്ല, ഏതാനും നിമിഷങ്ങള്‍ ”.

“കുറെ നേരം കൂടി ഇങ്ങനെ യാത്ര ചെയ്യാമായിരുന്നു”! അവള്‍ നൈരാശ്യം പ്രകടിപ്പിച്ചു.

“വിമാന താവളത്തിലെത്താന്‍ വൈകും”. അയാള്‍ തിടുക്കപ്പെട്ടു.

അയാള്‍ക്കായിരുന്നു എപ്പോഴും തിരക്കെന്ന് അവള്‍ ഓര്‍ക്കാതിരുന്നില്ല.

വിട പറയുമ്പോള്‍ വാക്കുകള്‍ക്കായി ചികഞ്ഞു.

മനസ്സിലാരോ ഒരു പിടി തീക്കനല്‍ കോരിയിട്ട പ്രതീതി.!

ഒരു പേമാരിക്കുള്ള ഒരുക്കത്തില്‍ ആകാശം വീണ്ടും തമോവൃതമായി.
തന്‍റെ തപ്തനിശ്വാസങ്ങളില്‍ നിന്നും ഒരു ചക്രവാതം ഉരുത്തിരിഞ്ഞു വരുന്നതറിഞ്ഞുകൊണ്ട് അവള്‍ തിരിഞ്ഞു നോക്കാതെ നടന്നകന്നു.

2013, സെപ്റ്റംബർ 2, തിങ്കളാഴ്‌ച

തേത്തിക്കൊരു തത്തമ്മ...



“തേത്തീ.... തേത്തീ തേത്തിക്കു നാന്‍ ഒറു തത്തമ്മയെ കുണ്ടാരത്തെ?”


ഞാന്‍ അവനെ കണ്ണെടുക്കാതെ നോക്കി.

അല്പം ബുദ്ധി മാന്ദ്യം ഉണ്ട് കറമ്പന്. കേട്ടു ശീലിച്ചവര്‍ക്കും, അടുത്തിടപഴകുന്നവര്‍ക്കും മാത്രമേ അവന്‍റെ സംസാരം തിരിയുകയുള്ളൂ. കുറച്ചകലെയാണ് വീടെന്നാലും, അവന്‍ നിത്യേന എന്‍റെ വീട്ടില്‍ വരുമായിരുന്നു.

കുടുക്കില്ലാത്ത ട്രൗസറിന്‍റെ അരപ്പട്ടയില്‍ , നാക്ക് പോലെ നീണ്ടു നില്‍ക്കുന്ന രണ്ടറ്റങ്ങള്‍ കൂട്ടിക്കെട്ടിയത് അവന്‍റെ ഒട്ടിയ വയറില്‍ നിന്നും തെറിച്ചു നിന്നു. ഇടയ്ക്കിടെ അഴിയാന്‍ വെമ്പല്‍ കൂട്ടുന്ന ട്രൌസര്‍ അവന്‍ ഒന്ന് കുണുങ്ങിക്കൊണ്ട് മുകളിലേക്ക് വലിച്ചു കയറ്റി വീണ്ടും കെട്ടുമ്പോഴൊക്കെ അവന്‍റെ വായ്‌ തുറന്നുതന്നെയിരുന്നു. കണ്ണിലേക്കു പാറിക്കിടന്ന കട്ടിയുള്ള കോലന്‍ മുടി. ഉണങ്ങി നീണ്ട കൈകാലുകളില്‍ അഴുക്കു പിടിച്ച മഞ്ഞ നഖങ്ങങ്ങള്‍ , എണ്ണി തിട്ടപ്പെടുത്താവുന്ന ഉന്തിയ വാരിയെല്ലുകളും. 

അവന്‍റെ അമ്മയാണ് ആ ഓമനപ്പേര് അവനു നല്‍കിയത്. “കറമ്പന്‍ ”. കറുപ്പെന്നു പറഞ്ഞാല്‍ പോര നല്ല കരിമഷിയുടെ നിറം! അവനെ തൊട്ടാല്‍ എന്‍റെ കണ്ണുകള്‍ എഴുതാമല്ലോ എന്ന് ഞാനോര്‍ത്തു. അപ്പോഴാണ്‌ ഞാന്‍ അവന്‍റെ കണ്ണുകള്‍ ശ്രദ്ധിച്ചത്. നിഷ്കളങ്കതയുടെ തിളക്കമുള്ള തെളിഞ്ഞ കണ്ണുകള്‍  . ഒരു നവജാത ശിശുവിന്‍റെ അതേ നൈര്‍മല്യമാണ് ആ മിഴികള്‍ക്ക്! ജീവിതത്തിന്‍റെ ഓരോ പടികള്‍ കടന്നു നാം മുന്നേറുമ്പോള്‍  , കൈമുതലാവുന്ന കാപട്യങ്ങളും, ചാപല്യങ്ങളും കണ്ണുകളില്‍ ചുവപ്പു രാശിയുടെ കലര്‍പ്പോ , മഞ്ഞളിപ്പിന്റെ മങ്ങലോ ആയി പടരുമ്പോള്‍ ,തെളിച്ചം നഷ്ടപ്പെടുന്നു. കറമ്പന് കാപട്യമില്ല, കള്ളത്തരമില്ല. അതാണ്‌ വെളുത്ത മാനം പോലെ അവന്‍റെ കണ്ണുകള്‍ എപ്പോഴും പ്രകാശഭരിതമായിരിക്കുന്നത്.

“തേ......ത്തീ” അവന്‍റെ ചൂണ്ടുവിരല്‍ നീണ്ടു വന്ന് എന്‍റെ കണ്ണില്‍ ഒറ്റ കുത്ത്! 

ഞാന്‍ പിറകോട്ട് തെന്നിമാറി.

അവന്‍ അങ്ങനെയാണ്, പ്രതീക്ഷിച്ചിരിക്കാത്ത നിമിഷത്തില്‍ എന്‍റെ കണ്ണില്‍ കുത്തും. എന്നിട്ട് വലിയ വെളുത്ത പലകപ്പല്ലുകള്‍ വെളിപ്പെടുത്തിക്കൊണ്ട്‌ പശുക്കിടാവ്‌ കരയുന്നപോലെ നിന്നു ചിരിക്കും.

പിന്നെ കുറച്ചു നേരം നിര്‍ന്നിമേഷനായി എന്നെത്തന്നെ നോക്കി നില്‍ക്കും.

എന്‍റെ കണ്ണീന്ന് വെള്ളം വന്നാല്‍ അത് തുടക്കാനെന്ന ഭാവത്തില്‍ അവന്‍ അടുത്തു വരും, അപ്പോള്‍ ഓര്‍ക്കാപ്പുറത്ത് വീണ്ടും ഒരു കുത്തു കൂടി തരും. 

അന്നേരം ഞാനവനെ ചുള്ളി കംബെടുത്തു ഓടിക്കും. 

“വാവത്തേത്തിയോട് നാന്‍ ഇനി മിന്തില്ല്യ”. 

ഊര്‍ന്നിറങ്ങാന്‍ തുടങ്ങുന്ന ട്രൗസര്‍ മുറുകെ പിടിച്ചുകൊണ്ട് അവന്‍ പിണങ്ങി പോകുകയായി. 

രണ്ടു ദിവസം കഴിഞ്ഞ് അവന്‍ വന്നപ്പോള്‍ അവന്‍റെ കൈത്തണ്ടയില്‍ ഒരു കുഞ്ഞു തത്തയുണ്ടായിരുന്നു.

“ഇയ്ക്ക് മാവിന്തെ പൊത്തീന്നു കിത്തീതാ. തേത്തി എദുത്തോ നാന്‍ ഇതിനു പേരിത്തു. “ദാമന്‍ ”.

എന്റെ വീട്ടില്‍ ഒരു ഒഴിഞ്ഞ തത്തക്കൂടുണ്ടായിരുന്നു, അത് കണ്ടിട്ടാണ് അവന്‍ “രാമനെ” കൊണ്ടു വന്നത്.

കൂട്ടിലിട്ട തത്തകള്‍ എന്‍റെ സ്വന്തം പാരതന്ത്ര്യമായാണ് എനിക്ക് അനുഭവപ്പെടാറുള്ളത്. അതിനാല്‍ അമ്മ വളര്‍ത്താന്‍ വാങ്ങുന്ന തത്തകളെയും അണ്ണാന്‍ കുഞ്ഞുങ്ങളെയും ആരുമറിയാതെ ഞാന്‍ കൂട് തുറന്നു വിടാറുണ്ട്. വടക്കേപുറത്തെ ഇറയത്തു തൂങ്ങിക്കിടന്ന കൊച്ചു വാതിലുള്ള ആ കൂട് മിക്കപ്പോഴും ഒഴിഞ്ഞു തന്നെ കിടന്നു.

കറമ്പന്‍ സ്നേഹത്തോടെ തന്ന ആ തത്തയെ തിരിച്ചയക്കാനെനിക്ക് തോന്നിയില്ല. എന്‍റെ ഒഴിഞ്ഞ കൂട്ടില്‍ അങ്ങനെ വീണ്ടുമൊരു കിളി ചേക്കേറി.

തത്തയെ കാണാന്‍ കറമ്പന്‍ എന്നും വരികയും പോകുകയും ചെയ്തു. അപ്പോഴെല്ലാം അവന്‍ എന്‍റെ കണ്ണില്‍ കുത്തുകയും ചിരിക്കുകയും ചെയ്തു.

ഒരു ദിവസം കൂടിനകത്തേക്ക് കയ്യിട്ട് അവന്‍ രാമന് പഴവും പാലും കൊടുക്കുന്ന നേരത്ത് ഞാന്‍ പറഞ്ഞു,

“കറമ്പാ, രാമന്‍ പാവല്ല്യെ, നമുക്കതിനെ തുറന്നു വിടാം? അത് പറന്നു പോയ്ക്കോട്ടെ” 

“അതിന് പദക്കാനറിയില്ല്യാ വാവത്തേത്തീ” 

അവന്‍റെ സ്വരത്തില്‍ സങ്കടം തുളുമ്പി. 

“കൂട്ടില്‍ കിടന്നാല്‍ രാമന്‍ ഒരിക്കലും പറക്കാന്‍ പഠിക്കില്ല്യ കറമ്പാ” ഞാന്‍ അവന്‍റെ വാടിയ മുഖം നോക്കാതെ പറഞ്ഞു. 

“വിദാം, അത് പോയിക്കോത്തെ, പാവം” ദുഃഖം മറച്ചുവക്കാതെ അവന്‍ അത് ശരി വച്ചു.

ഞങ്ങള്‍ രാമനെ തുറന്നു വിട്ടു. 

അത് ചിറകുകള്‍ വിടര്‍ത്തി പടാപടാന്നു ശബ്ദമുണ്ടാക്കിക്കൊണ്ട് ആദ്യം കിണറിന്‍റെ വക്കില്‍ പോയിരുന്നു. കുറച്ചു നേരം സംശയിച്ചിരുന്നശേഷം പയ്യെ പറന്നു മാവിന്‍റെ താഴത്തെ ചില്ലയിലിരുന്ന് സംശയത്തോടെ ഞങ്ങളെ നോക്കി. 

പിറ്റേന്നു രാവിലെ കറമ്പന്‍ വന്നില്ല.

രാമന്‍ പോയ സങ്കടമാകുമെന്നു ഞാന്‍ കരുതി.

വൈകീട്ട്  വല്ല്യമ്മ പറഞ്ഞ വാര്‍ത്ത കേട്ട്  ഞാന്‍ തളര്‍ന്നിരുന്നു.

“ആ കറമ്പന്‍ ചെക്കന്‍ തീവണ്ടിയിടിച്ച് മരിച്ചു. വാരിക്കൂട്ടി പാതക്കരികില്‍ ഒരു പായേല് ഇട്ടിട്ടുണ്ട്. കാടോടി നടക്കുന്നതിനിടയില്‍, തീവണ്ടി വരുന്നത് കണ്ടു കാണില്ല്യ..”

നിഷ്കളങ്കനായ കറമ്പനെ ഇഷ്ടപ്പെട്ടിരുന്നത് ഞാന്‍ മാത്രമായിരുന്നില്ല, ഈശ്വരന്‍ അവനെ നേരത്തേ വിളിച്ചതും അവനോടുള്ള ഇഷ്ടം കൊണ്ടായിരുന്നില്ലേ?

“വാവത്തേത്തീ നാന്‍ കണ്ണില് കുത്തീലല്ലോ പിന്നെന്തിനാ കരയനദ്?” 

കാണാമറയത്തിരുന്ന്‍  കറമ്പന്‍ വിതുംബുകയാണ്. എത്താമര ക്കൊമ്പിലില്‍ നിന്നും  രാമന്‍റെ ചിറകടി കേട്ടു.
ആളൊഴിഞ്ഞ കൂട് കാറ്റിന്‍റെ താളത്തില്‍ ഒന്നുലഞ്ഞാടി. 




2013, സെപ്റ്റംബർ 1, ഞായറാഴ്‌ച

മന്ദലം മയങ്ങികള്‍




“തേങ്ങാപ്പാല്‍ പിഴിഞ്ഞ് ദേഹത്ത് തേച്ച് ഒരു മണിക്കൂര്‍ അനങ്ങാതിരിക്കണം. അതാണ്‌ ഏറ്റവും ദുസ്സഹമായ കാര്യം! ഇനി കാച്ചിയ വെളിച്ചെണ്ണ തലയില്‍ പൊത്തും.എന്നിട്ട് വെള്ളിലം താളി മുടിയിലും ചെറുപയര്‍ പൊടി ദേഹത്തും തേച്ചു പിടിപ്പിച്ച് പീച്ചിങ്ങായിട്ടുരച്ച് ഒരു കുളിപ്പിക്കലും! ഹൊ! എനിക്കിവിടന്നു ഒന്ന് പോയാല്‍ മതി”.

ഞാന്‍ ആരോടെന്നില്ലാതെ പിറുപിറുത്തു.

“കയ്യൂന്നിയിട്ടു കാച്ചിയ വെളിച്ചെണ്ണയാണ്, പനങ്കുല പോലെ മുടി തഴച്ചു വളരും”. തലയോട്ടിയില്‍ തിരുമ്മി പിടിപ്പിക്കുന്നതിനിടയില്‍ അമ്മൂമ്മയുടെ വിശദീകരണം.

എണ്ണ തേച്ചാല്‍ വിയര്‍ക്കരുത്, കുളി കഴിഞ്ഞാലുടനെ വെയില്‍ കൊള്ളരുത്, കാലിന്മേല്‍ കാലു കയറ്റി വച്ചു ഇരിക്കരുത്, ഇരിക്കുമ്പോള്‍ കാലാട്ടരുത്, നടക്കുമ്പോള്‍ ശബ്ദമുണ്ടാക്കരുത്, അട്ടഹസിച്ചു ചിരിക്കരുത്, തറുതല പറയരുത്, ഭക്ഷിക്കുമ്പോള്‍ സംസാരിക്കരുത്, ആളുകളെ പരിഹസിക്കരുത്,...ഇങ്ങനെ നീളും അമ്മൂമ്മയുടെ കാര്‍ക്കശ്യത്തിന്‍റെ പട്ടിക.

നേരം തെറ്റാതെ ഭക്ഷണം കഴിച്ചാല്‍ മാത്രം പോര, ഉച്ചയ്ക്കും രാത്രീലും ഉറങ്ങണം. ചിട്ടയോടെ നാമം ചൊല്ലണം.

“നാളെ വല്ലോന്റെ വീട്ടില്‍ ചെന്നു പൊറുക്കേണ്ടവരാണ്, വളര്‍ത്തു ദോഷംന്ന് പറയിക്കരുത്‌”. അതാണ്‌ അമ്മൂമ്മയുടെ കാഴ്ചപ്പാട്.


ഇതിലും ഭേദം പട്ടാളത്തില്‍ ചേരാമായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് എനിക്ക്. 

ഊണിന്‍റെ നേരത്തു മിക്കപ്പോഴും വടം വലിയുണ്ടാകും.

“എനിക്ക് മത്തങ്ങാക്കൂട്ടാന്‍ വേണ്ടാ, ഞാന്‍ ചോറ് ഉണ്ണില്ല്യ...” ഞാനൊരിക്കല്‍ വാശി പിടിച്ചു.

“മത്തങ്ങയില്‍ സ്വര്‍ണ്ണത്തിന്‍റെ അംശമുണ്ട്, അത് കഴിച്ചാല്‍ സ്വര്‍ണ്ണ വര്‍ണ്ണമാകും”... അമ്മൂമ്മയുടെ സൂത്രം.

അമ്മൂമ്മയുടെ കണ്ണുതെറ്റിയപ്പോള്‍ ഞാന്‍ മത്തങ്ങാക്കൂട്ടാന്‍ വടക്കേതിലെ നായക്കു ഇട്ടു കൊടുത്തു.

എനിക്കിപ്പോ സ്വര്‍ണ്ണത്തിന്‍റെ  നിറം വേണ്ടാന്നാ കൂട്ടിക്കോളൂ. അല്ലാതെ പിന്നെ!

അമ്മൂമ്മ അത് കണ്ടുകൊണ്ട് വന്നു, ഒരു കലം മത്തങ്ങാക്കൂട്ടാന്‍ ഇരുന്ന ഇരിപ്പില്‍ എന്നെകൊണ്ട്‌ കഴിപ്പിച്ചു.

ഇത്യാദി പീഡനങ്ങളാല്‍ ഞാന്‍ ക്ഷുഭിതയായി കഴിയവേയാണ് അമ്മൂമ്മക്ക് ഒരിക്കല്‍ ഉണ്ണ്യപ്പത്തിന്‍റെ വിചാരം ഉണ്ടായത്.

“കുട്ട്യോള് പോയിട്ട് ഒരു റാത്തല്‍ ശര്‍ക്കര മേടിച്ചിട്ട് വര്വോ? ഉണ്ണ്യപ്പം ഉണ്ടാക്കിത്തരാം. വറീതിന്‍റെ  പീടിക ഇന്ന് അടവാണ്. ദിനേശന്‍റെ കട വരെ പോകേണ്ടി വരും, കൊറച്ച് അകല്യാണ്. ഒരരികു പിടിച്ചു നടക്കണം, വല്ല സൈക്കിളോ മിറ്റ്യോ മേല് വന്നിടിക്കണ്ട, പാലം കടക്കുമ്പോ സൂക്ഷിക്കണം” 

“ദാ പത്തുര്‍പ്പികണ്ട്, ബാക്കി എഴുര്‍പ്പിക കിട്ടും, കാശു കളയാതെ കൊണ്ട് വരണം.”.

ഞാനും കോവീം തലയാട്ടിക്കൊണ്ട് പുറപ്പെട്ടു. അമ്മാവന്‍റെ വീടിന്‍റെ പരിസരം എന്നെക്കാള്‍ നന്നായി അറിയുന്നത് കോവിക്കാണ്. അവളായിരുന്നല്ലോ അവിടത്തെ അന്തേവാസി! ഞാന്‍ വിരുന്നുകാരിയും.!

കയ്യില്‍ ചുരുട്ടി പിടിച്ച നോട്ടുമായി കണ്ട വേലീലും കുഴീലും എത്തി നോക്കി പായാരം പറഞ്ഞ് ഞങ്ങള്‍ മന്ദം മന്ദം നീങ്ങി.

പുഴയോരത്തെ ആ കൊച്ചു പീടികക്ക് പിന്നില്‍ ഒരു കടത്താണ്. നിര നിരയായി വളര്‍ന്നു നില്‍ക്കുന്ന തെങ്ങുകളുമുണ്ട്. അക്കരേക്കും ഇക്കരേക്കും ആളുകള്‍ തോണികളില്‍ യാത്ര ചെയ്യുന്നത് നോക്കി കുറച്ചു നേരം കാറ്റേറ്റ് നിന്ന ശേഷം ഞങ്ങള്‍ പീടികയില്‍ കയറി ശര്‍ക്കര വാങ്ങി തിരിച്ചു പോന്നു.

ഒരു അഞ്ചു രൂപയുടെ പച്ച നോട്ട്, പിന്നെ രണ്ട് ഒറ്റ നോട്ട്. അതാണ്‌ ബാക്കി കിട്ടിയത്. അമ്മൂമ്മ പറഞ്ഞ എഴുര്‍പ്പിക ഉണ്ട്. ഞാന്‍ ഭദ്രമായി കയ്യില്‍ വച്ചു.

ശര്‍ക്കര പിടിക്കേണ്ട ബാധ്യത രണ്ടു പേര്‍ക്കുമുണ്ട്. ആദ്യം കോവീടെ ഊഴം. കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ പൊതി എനിക്ക് കൈ മാറി.

“പൈസ ഞാന്‍ പിടിക്കാം, നീ പൊതി പിടിച്ചോളൂ”. അവള്‍ നിര്‍ദേശം മുന്നോട്ടു വച്ചു.

“വേണ്ടാ, നീയത് കളയും. രണ്ടു കൂടി ഞാന്‍ പിടിച്ചോളാം” ഞാന്‍ നിരസിച്ചുകൊണ്ട് പറഞ്ഞു.

അപ്പോഴാണ് ഞാന്‍ ഓര്‍ത്തത് അമ്മ, ബ്ലൌസിന്‍റെ ചുമല്‍ ഭാഗത്തു ഉള്ളിലേക്ക് തിരുകി പൈസ വക്കാറുണ്ട്, ഭദ്രമായി അവിടെ ഇരിക്കുകയും ചെയ്യും.

ഉടനെ ആ എഴുര്‍പ്പിക ഞാനെന്‍റെ ഉടുപ്പിന്‍റെ ഉള്ളില്‍ തിരുകി വച്ചു.

“പൈസ വീണു പൂവുംട്ടാ..” കോവി മുന്നറിയിപ്പ് നല്‍കി.

ഒട്ടും കൂസാതെ ഞാന്‍ നടന്നു. വീണ്ടും ഞങ്ങള്‍ വര്‍ത്തമാനത്തില്‍ മുഴുകി പയ്യെ പയ്യേ നീങ്ങി. തോടുകളും, പാടങ്ങളും കടന്ന് വീടെത്താറായപ്പോഴാണ് പൈസയുടെ കാര്യം ഓര്‍ത്തത്, അമ്മൂമ്മ ചോദിക്കുമ്പോള്‍ കൊടുക്കണ്ടേ!. തപ്പി നോക്കി, പൈസയില്ല. ഉടുപ്പൂരി കുടഞ്ഞു, പൈസ കാണാനില്ല. വ്യസനത്തോടെ ഞങ്ങള്‍ തിരിഞ്ഞു നടന്നു, വന്ന വഴിയിലൊക്കെ നോക്കി. ആകെ തളര്‍ന്നുപോയി. 

കുറെ മുന്‍പ് ഞങ്ങള്‍ നടക്കുന്നതിനിടയില്‍ പിന്നില്‍ ഒരു സൈക്കിളിന്‍റെ ഒച്ച കേട്ട് തിരിഞ്ഞു നോക്കിയത് എനിക്കോര്‍മ്മ വന്നു. ഒരു പയ്യന്‍ കുനിഞ്ഞെന്തോ എടുത്തുകൊണ്ടു വീണ്ടും സൈക്കിളില്‍ പാഞ്ഞു പോയതും കണ്ടതാണ്. ആരാണെന്നറിയില്ല.

പൈസ ഇനി തിരിച്ചു കിട്ടില്ലെന്ന് ഉറപ്പായി. അതയാള്‍ എടുത്തുകാണും.

ഇനിയെങ്ങനെ അമ്മൂമ്മയെ അഭിമുഖീകരിക്കും? രണ്ടു പേരും “ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും” എന്ന അവസ്ഥാവിശേഷത്തിലായി.

വീട്ടിലേക്കു തിരിച്ചു പോകില്ല എന്ന തീരുമാനത്തില്‍ അവിടേം ഇവിടേം ചുറ്റിപറ്റി കുറെ നേരം നിന്നു. ഇരുട്ടാവാന്‍ തുടങ്ങിയപ്പോള്‍ പേടിയായി. വരാനുള്ളതെന്താണെന്ന് വ്യക്തമായിരുന്നു. അവശേഷിച്ച ജീവന്‍ ഇന്ന് അമ്മൂമ്മ എടുത്തതുതന്നെ! കുനിഞ്ഞ ശിരസ്സുമായി ഞങ്ങള്‍ വീട്ടില്‍ ചെന്നു കയറുമ്പോള്‍ അമ്മൂമ്മ വിളക്ക് വച്ച ശേഷം ചന്ദനത്തിരി കത്തിക്കുന്നു. 

“ഇതെവിട്യായിരുന്നു, ഞാന്‍ അന്വേഷിച്ചിറങ്ങാന്‍ നില്‍ക്ക്വായിരുന്നു”. നെറ്റി ചുളിച്ചുകൊണ്ട് അമ്മൂമ്മ.

കോവി ശര്‍ക്കര പൊതി നീട്ടി. അത് വാങ്ങിയ ശേഷം അമ്മൂമ്മ ബാക്കി പൈസക്ക് കൈ നീട്ടി.

ഞങ്ങള്‍ വീണ്ടും നമ്ര ശിരസ്കരായി.

“പൈസ വഴിയില്‍ കളഞ്ഞു പോയി”.

“വാച്ചി പൈസ ഉടുപ്പിനുള്ളില്‍ വച്ചതാ, വീണു പോയി, സൈക്കിളില്‍ വന്ന ആരോ എടുത്തുകൊണ്ട് പോയി.” കോവി വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.

“മന്ദലം മയങ്ങികള്‍ , മാനം നോക്കി നടന്നിട്ട് കാശും കളഞ്ഞു വന്നിരിക്ക്യാ” 

“ട്ടേ ട്ടേ ട്ടേ” കോവീടെ ചെവികുറ്റിക്കിട്ടാണ് അമ്മൂമ്മയുടെ പ്രഹരം. 

അവള്‍ കാതിലിട്ടിരുന്ന സ്വര്‍ണത്തില്‍ തീര്‍ത്ത തത്തകൂടിന്‍റെ ആകൃതിയിലുള്ള ജിംക്കി തെറിച്ചു അകലെ വീണു. അമ്മ കഴിഞ്ഞ അവധിക്കു വന്നപ്പോള്‍ അവള്‍ക്കു കൊണ്ടു വന്നതാണ്‌ ആ ഭംഗിയുള്ള ജിംക്കി.

കോവി ഒരു നിലവിളിയോടെ അകത്തേക്കു ഓടിപ്പോയി.

ആ കരച്ചില്‍ ഞാനേറ്റു പിടിച്ചു. ഞാന്‍ ചെയ്ത തെറ്റിന് കോവിയെ തല്ലിയതെന്തിന്? എന്നിലെ പ്രതികരണശേഷി ഉണര്‍ന്നു. എന്നോട് കാണിച്ചത് വിരുന്നുകാരിയോടുള്ള പരിഗണനയാണ് എന്ന് എനിക്ക് അറിയാമായിരുന്നു എങ്കിലും...

അടി അത്ര ഈണത്തില്‍ ആകുമെന്ന് അമ്മൂമ്മയും ഓര്‍ത്തു കാണില്ല.

അമ്മൂമ്മ ദുഖാധിക്യത്താല്‍ ഞങ്ങളെ ആശ്ലേഷിച്ചുകൊണ്ട് പറഞ്ഞു,

“പെട്ടെന്ന് വന്ന ദേഷ്യത്തില്‍ ചെയ്തതാണ്, സാരല്ല്യ. അമ്മൂമ്മ വേറെ കമ്മല്‍ മേടിച്ചു തരാം.”

“ഡാഡനോട് പറയരുത്ട്ടോ വാവേ. പറഞ്ഞാല്‍ ഇനി ഇങ്ങോട്ട് പാര്‍ക്കാന്‍ വിടില്ല്യ.” അവധി കഴിഞ്ഞു തിരിച്ചു ചെന്നാല്‍ ഞാന്‍ ആദ്യം വിളമ്പാന്‍ പോകുന്ന കാര്യം അതാകുമെന്നു അമ്മൂമ്മ കൃത്യമായി ഊഹിച്ചു.

വിരുന്നു കഴിഞ്ഞു വീട്ടിലേക്കു മടങ്ങാനുള്ള ഒരുക്കങ്ങളായി. പതിവ് പോലെ ഞങ്ങള്‍ക്ക് ധരിക്കാനുള്ള കുപ്പായങ്ങള്‍ അമ്മൂമ്മ അന്നു രാത്രി ഉറക്കമിളച്ചിരുന്നു തുന്നി തന്നു. പോകും വഴി കമ്മലും വാങ്ങി. 

എന്തുകൊണ്ടോ തത്തക്കൂട്‌ ഒടിഞ്ഞ കാര്യം മാത്രം ഞാന്‍ അച്ഛനെ അറിയിച്ചില്ല.

പ്രത്യേകിച്ചൊരു ഫല സിദ്ധിയൊന്നും ഉണ്ടായില്ലെങ്കില്‍ കൂടി, പിന്നീടും  “മന്ദലംമയങ്ങി” എന്ന ശീര്‍ഷകത്തിനു 
ഞാന്‍ 
പലവുരു പാത്രമായി ഭവിച്ചു. 



അമ്മൂമ്മക്കിപ്പോള്‍ എണ്‍പത്തിനാല് വയസ്സ് കഴിഞ്ഞിരിക്കുന്നു. ഓരോ തവണ ഞാന്‍ നാട്ടില്‍ നിന്നും മടങ്ങുമ്പോഴും, അമ്മൂമ്മയുടെ സ്നേഹത്തിന്‍റെ ഓരോ കുഞ്ഞു പൊതികള്‍ എന്‍റെ പെട്ടിയില്‍ സ്ഥാനം പിടിക്കുന്നു, നിസ്വാര്‍ത്ഥസ്നേഹത്തിന്‍റെ, കരുതലിന്‍റെ ഒരു മായാത്ത മുദ്രയായി അവ എന്‍റെ  ഹൃദയത്തിലും ഇടം നേടുന്നു.!