2013, സെപ്റ്റംബർ 1, ഞായറാഴ്‌ച

മന്ദലം മയങ്ങികള്‍
“തേങ്ങാപ്പാല്‍ പിഴിഞ്ഞ് ദേഹത്ത് തേച്ച് ഒരു മണിക്കൂര്‍ അനങ്ങാതിരിക്കണം. അതാണ്‌ ഏറ്റവും ദുസ്സഹമായ കാര്യം! ഇനി കാച്ചിയ വെളിച്ചെണ്ണ തലയില്‍ പൊത്തും.എന്നിട്ട് വെള്ളിലം താളി മുടിയിലും ചെറുപയര്‍ പൊടി ദേഹത്തും തേച്ചു പിടിപ്പിച്ച് പീച്ചിങ്ങായിട്ടുരച്ച് ഒരു കുളിപ്പിക്കലും! ഹൊ! എനിക്കിവിടന്നു ഒന്ന് പോയാല്‍ മതി”.

ഞാന്‍ ആരോടെന്നില്ലാതെ പിറുപിറുത്തു.

“കയ്യൂന്നിയിട്ടു കാച്ചിയ വെളിച്ചെണ്ണയാണ്, പനങ്കുല പോലെ മുടി തഴച്ചു വളരും”. തലയോട്ടിയില്‍ തിരുമ്മി പിടിപ്പിക്കുന്നതിനിടയില്‍ അമ്മൂമ്മയുടെ വിശദീകരണം.

എണ്ണ തേച്ചാല്‍ വിയര്‍ക്കരുത്, കുളി കഴിഞ്ഞാലുടനെ വെയില്‍ കൊള്ളരുത്, കാലിന്മേല്‍ കാലു കയറ്റി വച്ചു ഇരിക്കരുത്, ഇരിക്കുമ്പോള്‍ കാലാട്ടരുത്, നടക്കുമ്പോള്‍ ശബ്ദമുണ്ടാക്കരുത്, അട്ടഹസിച്ചു ചിരിക്കരുത്, തറുതല പറയരുത്, ഭക്ഷിക്കുമ്പോള്‍ സംസാരിക്കരുത്, ആളുകളെ പരിഹസിക്കരുത്,...ഇങ്ങനെ നീളും അമ്മൂമ്മയുടെ കാര്‍ക്കശ്യത്തിന്‍റെ പട്ടിക.

നേരം തെറ്റാതെ ഭക്ഷണം കഴിച്ചാല്‍ മാത്രം പോര, ഉച്ചയ്ക്കും രാത്രീലും ഉറങ്ങണം. ചിട്ടയോടെ നാമം ചൊല്ലണം.

“നാളെ വല്ലോന്റെ വീട്ടില്‍ ചെന്നു പൊറുക്കേണ്ടവരാണ്, വളര്‍ത്തു ദോഷംന്ന് പറയിക്കരുത്‌”. അതാണ്‌ അമ്മൂമ്മയുടെ കാഴ്ചപ്പാട്.


ഇതിലും ഭേദം പട്ടാളത്തില്‍ ചേരാമായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് എനിക്ക്. 

ഊണിന്‍റെ നേരത്തു മിക്കപ്പോഴും വടം വലിയുണ്ടാകും.

“എനിക്ക് മത്തങ്ങാക്കൂട്ടാന്‍ വേണ്ടാ, ഞാന്‍ ചോറ് ഉണ്ണില്ല്യ...” ഞാനൊരിക്കല്‍ വാശി പിടിച്ചു.

“മത്തങ്ങയില്‍ സ്വര്‍ണ്ണത്തിന്‍റെ അംശമുണ്ട്, അത് കഴിച്ചാല്‍ സ്വര്‍ണ്ണ വര്‍ണ്ണമാകും”... അമ്മൂമ്മയുടെ സൂത്രം.

അമ്മൂമ്മയുടെ കണ്ണുതെറ്റിയപ്പോള്‍ ഞാന്‍ മത്തങ്ങാക്കൂട്ടാന്‍ വടക്കേതിലെ നായക്കു ഇട്ടു കൊടുത്തു.

എനിക്കിപ്പോ സ്വര്‍ണ്ണത്തിന്‍റെ  നിറം വേണ്ടാന്നാ കൂട്ടിക്കോളൂ. അല്ലാതെ പിന്നെ!

അമ്മൂമ്മ അത് കണ്ടുകൊണ്ട് വന്നു, ഒരു കലം മത്തങ്ങാക്കൂട്ടാന്‍ ഇരുന്ന ഇരിപ്പില്‍ എന്നെകൊണ്ട്‌ കഴിപ്പിച്ചു.

ഇത്യാദി പീഡനങ്ങളാല്‍ ഞാന്‍ ക്ഷുഭിതയായി കഴിയവേയാണ് അമ്മൂമ്മക്ക് ഒരിക്കല്‍ ഉണ്ണ്യപ്പത്തിന്‍റെ വിചാരം ഉണ്ടായത്.

“കുട്ട്യോള് പോയിട്ട് ഒരു റാത്തല്‍ ശര്‍ക്കര മേടിച്ചിട്ട് വര്വോ? ഉണ്ണ്യപ്പം ഉണ്ടാക്കിത്തരാം. വറീതിന്‍റെ  പീടിക ഇന്ന് അടവാണ്. ദിനേശന്‍റെ കട വരെ പോകേണ്ടി വരും, കൊറച്ച് അകല്യാണ്. ഒരരികു പിടിച്ചു നടക്കണം, വല്ല സൈക്കിളോ മിറ്റ്യോ മേല് വന്നിടിക്കണ്ട, പാലം കടക്കുമ്പോ സൂക്ഷിക്കണം” 

“ദാ പത്തുര്‍പ്പികണ്ട്, ബാക്കി എഴുര്‍പ്പിക കിട്ടും, കാശു കളയാതെ കൊണ്ട് വരണം.”.

ഞാനും കോവീം തലയാട്ടിക്കൊണ്ട് പുറപ്പെട്ടു. അമ്മാവന്‍റെ വീടിന്‍റെ പരിസരം എന്നെക്കാള്‍ നന്നായി അറിയുന്നത് കോവിക്കാണ്. അവളായിരുന്നല്ലോ അവിടത്തെ അന്തേവാസി! ഞാന്‍ വിരുന്നുകാരിയും.!

കയ്യില്‍ ചുരുട്ടി പിടിച്ച നോട്ടുമായി കണ്ട വേലീലും കുഴീലും എത്തി നോക്കി പായാരം പറഞ്ഞ് ഞങ്ങള്‍ മന്ദം മന്ദം നീങ്ങി.

പുഴയോരത്തെ ആ കൊച്ചു പീടികക്ക് പിന്നില്‍ ഒരു കടത്താണ്. നിര നിരയായി വളര്‍ന്നു നില്‍ക്കുന്ന തെങ്ങുകളുമുണ്ട്. അക്കരേക്കും ഇക്കരേക്കും ആളുകള്‍ തോണികളില്‍ യാത്ര ചെയ്യുന്നത് നോക്കി കുറച്ചു നേരം കാറ്റേറ്റ് നിന്ന ശേഷം ഞങ്ങള്‍ പീടികയില്‍ കയറി ശര്‍ക്കര വാങ്ങി തിരിച്ചു പോന്നു.

ഒരു അഞ്ചു രൂപയുടെ പച്ച നോട്ട്, പിന്നെ രണ്ട് ഒറ്റ നോട്ട്. അതാണ്‌ ബാക്കി കിട്ടിയത്. അമ്മൂമ്മ പറഞ്ഞ എഴുര്‍പ്പിക ഉണ്ട്. ഞാന്‍ ഭദ്രമായി കയ്യില്‍ വച്ചു.

ശര്‍ക്കര പിടിക്കേണ്ട ബാധ്യത രണ്ടു പേര്‍ക്കുമുണ്ട്. ആദ്യം കോവീടെ ഊഴം. കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ പൊതി എനിക്ക് കൈ മാറി.

“പൈസ ഞാന്‍ പിടിക്കാം, നീ പൊതി പിടിച്ചോളൂ”. അവള്‍ നിര്‍ദേശം മുന്നോട്ടു വച്ചു.

“വേണ്ടാ, നീയത് കളയും. രണ്ടു കൂടി ഞാന്‍ പിടിച്ചോളാം” ഞാന്‍ നിരസിച്ചുകൊണ്ട് പറഞ്ഞു.

അപ്പോഴാണ് ഞാന്‍ ഓര്‍ത്തത് അമ്മ, ബ്ലൌസിന്‍റെ ചുമല്‍ ഭാഗത്തു ഉള്ളിലേക്ക് തിരുകി പൈസ വക്കാറുണ്ട്, ഭദ്രമായി അവിടെ ഇരിക്കുകയും ചെയ്യും.

ഉടനെ ആ എഴുര്‍പ്പിക ഞാനെന്‍റെ ഉടുപ്പിന്‍റെ ഉള്ളില്‍ തിരുകി വച്ചു.

“പൈസ വീണു പൂവുംട്ടാ..” കോവി മുന്നറിയിപ്പ് നല്‍കി.

ഒട്ടും കൂസാതെ ഞാന്‍ നടന്നു. വീണ്ടും ഞങ്ങള്‍ വര്‍ത്തമാനത്തില്‍ മുഴുകി പയ്യെ പയ്യേ നീങ്ങി. തോടുകളും, പാടങ്ങളും കടന്ന് വീടെത്താറായപ്പോഴാണ് പൈസയുടെ കാര്യം ഓര്‍ത്തത്, അമ്മൂമ്മ ചോദിക്കുമ്പോള്‍ കൊടുക്കണ്ടേ!. തപ്പി നോക്കി, പൈസയില്ല. ഉടുപ്പൂരി കുടഞ്ഞു, പൈസ കാണാനില്ല. വ്യസനത്തോടെ ഞങ്ങള്‍ തിരിഞ്ഞു നടന്നു, വന്ന വഴിയിലൊക്കെ നോക്കി. ആകെ തളര്‍ന്നുപോയി. 

കുറെ മുന്‍പ് ഞങ്ങള്‍ നടക്കുന്നതിനിടയില്‍ പിന്നില്‍ ഒരു സൈക്കിളിന്‍റെ ഒച്ച കേട്ട് തിരിഞ്ഞു നോക്കിയത് എനിക്കോര്‍മ്മ വന്നു. ഒരു പയ്യന്‍ കുനിഞ്ഞെന്തോ എടുത്തുകൊണ്ടു വീണ്ടും സൈക്കിളില്‍ പാഞ്ഞു പോയതും കണ്ടതാണ്. ആരാണെന്നറിയില്ല.

പൈസ ഇനി തിരിച്ചു കിട്ടില്ലെന്ന് ഉറപ്പായി. അതയാള്‍ എടുത്തുകാണും.

ഇനിയെങ്ങനെ അമ്മൂമ്മയെ അഭിമുഖീകരിക്കും? രണ്ടു പേരും “ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും” എന്ന അവസ്ഥാവിശേഷത്തിലായി.

വീട്ടിലേക്കു തിരിച്ചു പോകില്ല എന്ന തീരുമാനത്തില്‍ അവിടേം ഇവിടേം ചുറ്റിപറ്റി കുറെ നേരം നിന്നു. ഇരുട്ടാവാന്‍ തുടങ്ങിയപ്പോള്‍ പേടിയായി. വരാനുള്ളതെന്താണെന്ന് വ്യക്തമായിരുന്നു. അവശേഷിച്ച ജീവന്‍ ഇന്ന് അമ്മൂമ്മ എടുത്തതുതന്നെ! കുനിഞ്ഞ ശിരസ്സുമായി ഞങ്ങള്‍ വീട്ടില്‍ ചെന്നു കയറുമ്പോള്‍ അമ്മൂമ്മ വിളക്ക് വച്ച ശേഷം ചന്ദനത്തിരി കത്തിക്കുന്നു. 

“ഇതെവിട്യായിരുന്നു, ഞാന്‍ അന്വേഷിച്ചിറങ്ങാന്‍ നില്‍ക്ക്വായിരുന്നു”. നെറ്റി ചുളിച്ചുകൊണ്ട് അമ്മൂമ്മ.

കോവി ശര്‍ക്കര പൊതി നീട്ടി. അത് വാങ്ങിയ ശേഷം അമ്മൂമ്മ ബാക്കി പൈസക്ക് കൈ നീട്ടി.

ഞങ്ങള്‍ വീണ്ടും നമ്ര ശിരസ്കരായി.

“പൈസ വഴിയില്‍ കളഞ്ഞു പോയി”.

“വാച്ചി പൈസ ഉടുപ്പിനുള്ളില്‍ വച്ചതാ, വീണു പോയി, സൈക്കിളില്‍ വന്ന ആരോ എടുത്തുകൊണ്ട് പോയി.” കോവി വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.

“മന്ദലം മയങ്ങികള്‍ , മാനം നോക്കി നടന്നിട്ട് കാശും കളഞ്ഞു വന്നിരിക്ക്യാ” 

“ട്ടേ ട്ടേ ട്ടേ” കോവീടെ ചെവികുറ്റിക്കിട്ടാണ് അമ്മൂമ്മയുടെ പ്രഹരം. 

അവള്‍ കാതിലിട്ടിരുന്ന സ്വര്‍ണത്തില്‍ തീര്‍ത്ത തത്തകൂടിന്‍റെ ആകൃതിയിലുള്ള ജിംക്കി തെറിച്ചു അകലെ വീണു. അമ്മ കഴിഞ്ഞ അവധിക്കു വന്നപ്പോള്‍ അവള്‍ക്കു കൊണ്ടു വന്നതാണ്‌ ആ ഭംഗിയുള്ള ജിംക്കി.

കോവി ഒരു നിലവിളിയോടെ അകത്തേക്കു ഓടിപ്പോയി.

ആ കരച്ചില്‍ ഞാനേറ്റു പിടിച്ചു. ഞാന്‍ ചെയ്ത തെറ്റിന് കോവിയെ തല്ലിയതെന്തിന്? എന്നിലെ പ്രതികരണശേഷി ഉണര്‍ന്നു. എന്നോട് കാണിച്ചത് വിരുന്നുകാരിയോടുള്ള പരിഗണനയാണ് എന്ന് എനിക്ക് അറിയാമായിരുന്നു എങ്കിലും...

അടി അത്ര ഈണത്തില്‍ ആകുമെന്ന് അമ്മൂമ്മയും ഓര്‍ത്തു കാണില്ല.

അമ്മൂമ്മ ദുഖാധിക്യത്താല്‍ ഞങ്ങളെ ആശ്ലേഷിച്ചുകൊണ്ട് പറഞ്ഞു,

“പെട്ടെന്ന് വന്ന ദേഷ്യത്തില്‍ ചെയ്തതാണ്, സാരല്ല്യ. അമ്മൂമ്മ വേറെ കമ്മല്‍ മേടിച്ചു തരാം.”

“ഡാഡനോട് പറയരുത്ട്ടോ വാവേ. പറഞ്ഞാല്‍ ഇനി ഇങ്ങോട്ട് പാര്‍ക്കാന്‍ വിടില്ല്യ.” അവധി കഴിഞ്ഞു തിരിച്ചു ചെന്നാല്‍ ഞാന്‍ ആദ്യം വിളമ്പാന്‍ പോകുന്ന കാര്യം അതാകുമെന്നു അമ്മൂമ്മ കൃത്യമായി ഊഹിച്ചു.

വിരുന്നു കഴിഞ്ഞു വീട്ടിലേക്കു മടങ്ങാനുള്ള ഒരുക്കങ്ങളായി. പതിവ് പോലെ ഞങ്ങള്‍ക്ക് ധരിക്കാനുള്ള കുപ്പായങ്ങള്‍ അമ്മൂമ്മ അന്നു രാത്രി ഉറക്കമിളച്ചിരുന്നു തുന്നി തന്നു. പോകും വഴി കമ്മലും വാങ്ങി. 

എന്തുകൊണ്ടോ തത്തക്കൂട്‌ ഒടിഞ്ഞ കാര്യം മാത്രം ഞാന്‍ അച്ഛനെ അറിയിച്ചില്ല.

പ്രത്യേകിച്ചൊരു ഫല സിദ്ധിയൊന്നും ഉണ്ടായില്ലെങ്കില്‍ കൂടി, പിന്നീടും  “മന്ദലംമയങ്ങി” എന്ന ശീര്‍ഷകത്തിനു 
ഞാന്‍ 
പലവുരു പാത്രമായി ഭവിച്ചു. അമ്മൂമ്മക്കിപ്പോള്‍ എണ്‍പത്തിനാല് വയസ്സ് കഴിഞ്ഞിരിക്കുന്നു. ഓരോ തവണ ഞാന്‍ നാട്ടില്‍ നിന്നും മടങ്ങുമ്പോഴും, അമ്മൂമ്മയുടെ സ്നേഹത്തിന്‍റെ ഓരോ കുഞ്ഞു പൊതികള്‍ എന്‍റെ പെട്ടിയില്‍ സ്ഥാനം പിടിക്കുന്നു, നിസ്വാര്‍ത്ഥസ്നേഹത്തിന്‍റെ, കരുതലിന്‍റെ ഒരു മായാത്ത മുദ്രയായി അവ എന്‍റെ  ഹൃദയത്തിലും ഇടം നേടുന്നു.!

15 അഭിപ്രായങ്ങൾ:

 1. “എനിക്ക് മത്തങ്ങാക്കൂട്ടാന്‍ വേണ്ടാ, ഞാന്‍ ചോറ് ഉണ്ണില്ല്യ...” ഞാനൊരിക്കല്‍ പ്രഖ്യാപിച്ചു.

  “മത്തങ്ങയില്‍ സ്വര്‍ണ്ണത്തിന്‍റെ അംശമുണ്ട്, അത് കഴിച്ചാല്‍ സ്വര്‍ണ്ണ വര്‍ണ്ണമാകും”... അമ്മൂമ്മയുടെ സൂത്രം.

  മറുപടിഇല്ലാതാക്കൂ
 2. അമ്മൂമ്മേടെ വീട്ടിലുണ്ട് കുട്ടീ

  മറുപടിഇല്ലാതാക്കൂ
 3. എണ്ണ തേച്ചാല്‍ വിയര്‍ക്കരുത്, കുളി കഴിഞ്ഞാലുടനെ വെയില്‍ കൊള്ളരുത്, കാലിന്മേല്‍ കാലു കയറ്റി വച്ചു ഇരിക്കരുത്, ഇരിക്കുമ്പോള്‍ കാലാട്ടരുത്, നടക്കുമ്പോള്‍ ശബ്ദമുണ്ടാക്കരുത്, അട്ടഹസിച്ചു ചിരിക്കരുത്, തറുതല പറയരുത്, ഭക്ഷിക്കുമ്പോള്‍ സംസാരിക്കരുത്, ആളുകളെ പരിഹസിക്കരുത്,...ഇങ്ങനെ നീളും അമ്മൂമ്മയുടെ കാര്‍ക്കശ്യത്തിന്‍റെ പട്ടിക............ nalla vivaranam habby nice ee pattika ellaveetilum undennu thonnunnu.. njangalude kuttkalathu sthiram kettirunnathanu

  മറുപടിഇല്ലാതാക്കൂ

 4. i dont know when was the last time i saw a 1 rupee note, like that, this post brings back a lot of sweet memories...
  like the note, we are slowly missing so many things that we had had in our childhood...hmmm

  by the way, i would like to see that വടക്കേതിലെ നായ... it must be golden color ha? :P

  മറുപടിഇല്ലാതാക്കൂ
 5. മന്ദലം മയങ്ങികള്‍ ..

  ഇതിലും നല്ല ഒരു പേർ ഇവർക്കൊക്കെ എങ്ങിനെയിടാനാ അല്ലേ എന്റെ അമ്മാമ്മേ

  മറുപടിഇല്ലാതാക്കൂ
 6. മുരള്യേട്ടാ....ചിരിച്ചു മരിച്ചു കമന്റ്‌ വായിച്ചിട്ട്...

  മറുപടിഇല്ലാതാക്കൂ
 7. "എണ്ണ തേച്ചാല്‍ വിയര്‍ക്കരുത്, കുളി കഴിഞ്ഞാലുടനെ വെയില്‍ കൊള്ളരുത്, കാലിന്മേല്‍ കാലു കയറ്റി വച്ചു ഇരിക്കരുത്, ഇരിക്കുമ്പോള്‍ കാലാട്ടരുത്, നടക്കുമ്പോള്‍ ശബ്ദമുണ്ടാക്കരുത്, അട്ടഹസിച്ചു ചിരിക്കരുത്, തറുതല പറയരുത്, ഭക്ഷിക്കുമ്പോള്‍ സംസാരിക്കരുത്, ആളുകളെ പരിഹസിക്കരുത്".പെൺകുട്ടികൾക്കുള്ള പെരുമാറ്റച്ചട്ടങ്ങൾ.

  മറുപടിഇല്ലാതാക്കൂ
 8. അവര്‍ പകര്‍ന്നുനല്‍കിയ സ്നേഹവും ഉപദേശങ്ങളും അമൂല്യമല്ലേ!

  മറുപടിഇല്ലാതാക്കൂ
 9. വളരെ നല്ല എഴുത്ത് വിശദമായി ഓരോ കുഞ്ഞു കാര്യങ്ങളും
  ഒരു ദിവസത്തിന്റെ ഫോട്ടോ സ്റ്റാറ്റ് എടുത്തൽ പോലും ഇത്ര വ്യക്തം ആവില്ല, ആസ്വദിച്ചു എത്രയോ കാലം പുറകോട്ടു നടന്നു തന്നെ

  മറുപടിഇല്ലാതാക്കൂ