2013, സെപ്റ്റംബർ 2, തിങ്കളാഴ്‌ച

തേത്തിക്കൊരു തത്തമ്മ...“തേത്തീ.... തേത്തീ തേത്തിക്കു നാന്‍ ഒറു തത്തമ്മയെ കുണ്ടാരത്തെ?”

ഞാന്‍ അവനെ കണ്ണെടുക്കാതെ നോക്കി.

അല്പം ബുദ്ധി മാന്ദ്യം ഉണ്ട് കറമ്പന്. കേട്ടു ശീലിച്ചവര്‍ക്കും, അടുത്തിടപഴകുന്നവര്‍ക്കും മാത്രമേ അവന്‍റെ സംസാരം തിരിയുകയുള്ളൂ. കുറച്ചകലെയാണ് വീടെന്നാലും, അവന്‍ നിത്യേന എന്‍റെ വീട്ടില്‍ വരുമായിരുന്നു.

കുടുക്കില്ലാത്ത ട്രൗസറിന്‍റെ അരപ്പട്ടയില്‍ , നാക്ക് പോലെ നീണ്ടു നില്‍ക്കുന്ന രണ്ടറ്റങ്ങള്‍ കൂട്ടിക്കെട്ടിയത് അവന്‍റെ ഒട്ടിയ വയറില്‍ നിന്നും തെറിച്ചു നിന്നു. ഇടയ്ക്കിടെ അഴിയാന്‍ വെമ്പല്‍ കൂട്ടുന്ന ട്രൌസര്‍ അവന്‍ ഒന്ന് കുണുങ്ങിക്കൊണ്ട് മുകളിലേക്ക് വലിച്ചു കയറ്റി വീണ്ടും കെട്ടുമ്പോഴൊക്കെ അവന്‍റെ വായ്‌ തുറന്നുതന്നെയിരുന്നു. കണ്ണിലേക്കു പാറിക്കിടന്ന കട്ടിയുള്ള കോലന്‍ മുടി. ഉണങ്ങി നീണ്ട കൈകാലുകളില്‍ അഴുക്കു പിടിച്ച മഞ്ഞ നഖങ്ങങ്ങള്‍ , എണ്ണി തിട്ടപ്പെടുത്താവുന്ന ഉന്തിയ വാരിയെല്ലുകളും. 

അവന്‍റെ അമ്മയാണ് ആ ഓമനപ്പേര് അവനു നല്‍കിയത്. “കറമ്പന്‍ ”. കറുപ്പെന്നു പറഞ്ഞാല്‍ പോര നല്ല കരിമഷിയുടെ നിറം! അവനെ തൊട്ടാല്‍ എന്‍റെ കണ്ണുകള്‍ എഴുതാമല്ലോ എന്ന് ഞാനോര്‍ത്തു. അപ്പോഴാണ്‌ ഞാന്‍ അവന്‍റെ കണ്ണുകള്‍ ശ്രദ്ധിച്ചത്. നിഷ്കളങ്കതയുടെ തിളക്കമുള്ള തെളിഞ്ഞ കണ്ണുകള്‍  . ഒരു നവജാത ശിശുവിന്‍റെ അതേ നൈര്‍മല്യമാണ് ആ മിഴികള്‍ക്ക്! ജീവിതത്തിന്‍റെ ഓരോ പടികള്‍ കടന്നു നാം മുന്നേറുമ്പോള്‍  , കൈമുതലാവുന്ന കാപട്യങ്ങളും, ചാപല്യങ്ങളും കണ്ണുകളില്‍ ചുവപ്പു രാശിയുടെ കലര്‍പ്പോ , മഞ്ഞളിപ്പിന്റെ മങ്ങലോ ആയി പടരുമ്പോള്‍ ,തെളിച്ചം നഷ്ടപ്പെടുന്നു. കറമ്പന് കാപട്യമില്ല, കള്ളത്തരമില്ല. അതാണ്‌ വെളുത്ത മാനം പോലെ അവന്‍റെ കണ്ണുകള്‍ എപ്പോഴും പ്രകാശഭരിതമായിരിക്കുന്നത്.

“തേ......ത്തീ” അവന്‍റെ ചൂണ്ടുവിരല്‍ നീണ്ടു വന്ന് എന്‍റെ കണ്ണില്‍ ഒറ്റ കുത്ത്! 

ഞാന്‍ പിറകോട്ട് തെന്നിമാറി.

അവന്‍ അങ്ങനെയാണ്, പ്രതീക്ഷിച്ചിരിക്കാത്ത നിമിഷത്തില്‍ എന്‍റെ കണ്ണില്‍ കുത്തും. എന്നിട്ട് വലിയ വെളുത്ത പലകപ്പല്ലുകള്‍ വെളിപ്പെടുത്തിക്കൊണ്ട്‌ പശുക്കിടാവ്‌ കരയുന്നപോലെ നിന്നു ചിരിക്കും.

പിന്നെ കുറച്ചു നേരം നിര്‍ന്നിമേഷനായി എന്നെത്തന്നെ നോക്കി നില്‍ക്കും.

എന്‍റെ കണ്ണീന്ന് വെള്ളം വന്നാല്‍ അത് തുടക്കാനെന്ന ഭാവത്തില്‍ അവന്‍ അടുത്തു വരും, അപ്പോള്‍ ഓര്‍ക്കാപ്പുറത്ത് വീണ്ടും ഒരു കുത്തു കൂടി തരും. 

അന്നേരം ഞാനവനെ ചുള്ളി കംബെടുത്തു ഓടിക്കും. 

“വാവത്തേത്തിയോട് നാന്‍ ഇനി മിന്തില്ല്യ”. 

ഊര്‍ന്നിറങ്ങാന്‍ തുടങ്ങുന്ന ട്രൗസര്‍ മുറുകെ പിടിച്ചുകൊണ്ട് അവന്‍ പിണങ്ങി പോകുകയായി. 

രണ്ടു ദിവസം കഴിഞ്ഞ് അവന്‍ വന്നപ്പോള്‍ അവന്‍റെ കൈത്തണ്ടയില്‍ ഒരു കുഞ്ഞു തത്തയുണ്ടായിരുന്നു.

“ഇയ്ക്ക് മാവിന്തെ പൊത്തീന്നു കിത്തീതാ. തേത്തി എദുത്തോ നാന്‍ ഇതിനു പേരിത്തു. “ദാമന്‍ ”.

എന്റെ വീട്ടില്‍ ഒരു ഒഴിഞ്ഞ തത്തക്കൂടുണ്ടായിരുന്നു, അത് കണ്ടിട്ടാണ് അവന്‍ “രാമനെ” കൊണ്ടു വന്നത്.

കൂട്ടിലിട്ട തത്തകള്‍ എന്‍റെ സ്വന്തം പാരതന്ത്ര്യമായാണ് എനിക്ക് അനുഭവപ്പെടാറുള്ളത്. അതിനാല്‍ അമ്മ വളര്‍ത്താന്‍ വാങ്ങുന്ന തത്തകളെയും അണ്ണാന്‍ കുഞ്ഞുങ്ങളെയും ആരുമറിയാതെ ഞാന്‍ കൂട് തുറന്നു വിടാറുണ്ട്. വടക്കേപുറത്തെ ഇറയത്തു തൂങ്ങിക്കിടന്ന കൊച്ചു വാതിലുള്ള ആ കൂട് മിക്കപ്പോഴും ഒഴിഞ്ഞു തന്നെ കിടന്നു.

കറമ്പന്‍ സ്നേഹത്തോടെ തന്ന ആ തത്തയെ തിരിച്ചയക്കാനെനിക്ക് തോന്നിയില്ല. എന്‍റെ ഒഴിഞ്ഞ കൂട്ടില്‍ അങ്ങനെ വീണ്ടുമൊരു കിളി ചേക്കേറി.

തത്തയെ കാണാന്‍ കറമ്പന്‍ എന്നും വരികയും പോകുകയും ചെയ്തു. അപ്പോഴെല്ലാം അവന്‍ എന്‍റെ കണ്ണില്‍ കുത്തുകയും ചിരിക്കുകയും ചെയ്തു.

ഒരു ദിവസം കൂടിനകത്തേക്ക് കയ്യിട്ട് അവന്‍ രാമന് പഴവും പാലും കൊടുക്കുന്ന നേരത്ത് ഞാന്‍ പറഞ്ഞു,

“കറമ്പാ, രാമന്‍ പാവല്ല്യെ, നമുക്കതിനെ തുറന്നു വിടാം? അത് പറന്നു പോയ്ക്കോട്ടെ” 

“അതിന് പദക്കാനറിയില്ല്യാ വാവത്തേത്തീ” 

അവന്‍റെ സ്വരത്തില്‍ സങ്കടം തുളുമ്പി. 

“കൂട്ടില്‍ കിടന്നാല്‍ രാമന്‍ ഒരിക്കലും പറക്കാന്‍ പഠിക്കില്ല്യ കറമ്പാ” ഞാന്‍ അവന്‍റെ വാടിയ മുഖം നോക്കാതെ പറഞ്ഞു. 

“വിദാം, അത് പോയിക്കോത്തെ, പാവം” ദുഃഖം മറച്ചുവക്കാതെ അവന്‍ അത് ശരി വച്ചു.

ഞങ്ങള്‍ രാമനെ തുറന്നു വിട്ടു. 

അത് ചിറകുകള്‍ വിടര്‍ത്തി പടാപടാന്നു ശബ്ദമുണ്ടാക്കിക്കൊണ്ട് ആദ്യം കിണറിന്‍റെ വക്കില്‍ പോയിരുന്നു. കുറച്ചു നേരം സംശയിച്ചിരുന്നശേഷം പയ്യെ പറന്നു മാവിന്‍റെ താഴത്തെ ചില്ലയിലിരുന്ന് സംശയത്തോടെ ഞങ്ങളെ നോക്കി. 

പിറ്റേന്നു രാവിലെ കറമ്പന്‍ വന്നില്ല.

രാമന്‍ പോയ സങ്കടമാകുമെന്നു ഞാന്‍ കരുതി.

വൈകീട്ട്  വല്ല്യമ്മ പറഞ്ഞ വാര്‍ത്ത കേട്ട്  ഞാന്‍ തളര്‍ന്നിരുന്നു.

“ആ കറമ്പന്‍ ചെക്കന്‍ തീവണ്ടിയിടിച്ച് മരിച്ചു. വാരിക്കൂട്ടി പാതക്കരികില്‍ ഒരു പായേല് ഇട്ടിട്ടുണ്ട്. കാടോടി നടക്കുന്നതിനിടയില്‍, തീവണ്ടി വരുന്നത് കണ്ടു കാണില്ല്യ..”

നിഷ്കളങ്കനായ കറമ്പനെ ഇഷ്ടപ്പെട്ടിരുന്നത് ഞാന്‍ മാത്രമായിരുന്നില്ല, ഈശ്വരന്‍ അവനെ നേരത്തേ വിളിച്ചതും അവനോടുള്ള ഇഷ്ടം കൊണ്ടായിരുന്നില്ലേ?

“വാവത്തേത്തീ നാന്‍ കണ്ണില് കുത്തീലല്ലോ പിന്നെന്തിനാ കരയനദ്?” 

എവിടെയോ ഇരുന്ന്‌ കറമ്പന്‍ ചിരിക്കുന്നു. രാമന്‍ നന്ദിയോടെ ചിറകടിച്ച് പറന്നുയരുന്നു. 

എന്‍റെ ആളൊഴിഞ്ഞ കൂട് കാറ്റിന്‍റെ താളത്തില്‍ ഒന്നുലഞ്ഞാടി. 
11 അഭിപ്രായങ്ങൾ:

 1. രണ്ടു ദിവസം കഴിഞ്ഞ് അവന്‍ വന്നപ്പോള്‍ അവന്‍റെ കൈത്തണ്ടയില്‍ ഒരു കുഞ്ഞു തത്തയുണ്ടായിരുന്നു.

  “ഇയ്ക്ക് മാവിന്തെ പൊത്തീന്നു കിത്തീതാ. തേത്തി എദുത്തോ നാന്‍ ഇതിനു പേരിത്തു. “ദാമന്‍ ”.

  എന്റെ വീട്ടില്‍ ഒരു ഒഴിഞ്ഞ തത്തക്കൂടുണ്ടായിരുന്നു, അത് കണ്ടിട്ടാണ് അവന്‍ “രാമനെ” കൊണ്ടു വന്നത്.

  മറുപടിഇല്ലാതാക്കൂ
 2. ithupole ethra ethra katha pathrangal nammude lifil okke undu. athokke ingane ezhuthan pattuka ennathu thanne eeswaranugraham aanu Habby. keep writing

  മറുപടിഇല്ലാതാക്കൂ
 3. I m not sure if this is leaf from your life story if that’s the case I have nothing to say…
  Or is it pure imagination?

  മറുപടിഇല്ലാതാക്കൂ
 4. കൂട്ടിലിട്ട തത്തകള്‍
  എന്‍റെ സ്വന്തം പാരതന്ത്ര്യമായാണ് എനിക്ക് അനുഭവപ്പെടാറുള്ളത്.

  അതിനാല്‍ അമ്മ വളര്‍ത്താന്‍
  വാങ്ങുന്ന തത്തകളെയും , അണ്ണാന്‍ കുഞ്ഞുങ്ങളെയും , ആരുമറിയാതെ ഞാന്‍
  കൂട് തുറന്നു വിടാറുണ്ട്....
  വടക്കേപുറത്തെ ഇറയത്തു തൂങ്ങിക്കിടന്ന കൊച്ചു വാതിലുള്ള ആ കൂട് മിക്കപ്പോഴും ഒഴിഞ്ഞു തന്നെ കിടന്നു....

  മറുപടിഇല്ലാതാക്കൂ
 5. ഇരു കണ്ണുകളും നനഞ്ഞു. ഹൃദയസ്പർശി. ഒരു പാട് കാര്യങ്ങൾ നിറഞ്ഞ് കിടക്കുന്ന എഴുത്തിൽ നിറഞ്ഞു നിൽക്കുന്നത് സ്നേഹം തന്നെ.

  മറുപടിഇല്ലാതാക്കൂ