2015, നവംബർ 17, ചൊവ്വാഴ്ച

പിന്‍വിളികള്‍

സൂര്യൻ ഉച്ചിയിൽ കത്തിനിന്ന ഒരുച്ചയ്ക്ക് ശലഭങ്ങൾ വെയിലിൽ പ്രണയാക്ഷരങ്ങൾ എഴുതിച്ചേർക്കുന്നതും നോക്കിയിരിയ്ക്കുമ്പോൾ പടിയ്ക്ക് പുറത്ത് ഒരു രൂപം തെളിഞ്ഞു. അൽപനേരം സംശയിച്ചു നിന്ന ശേഷം പടിവാതിലിന്റെ പാളി തുറന്ന് ആ രൂപം മുറ്റത്തേയ്ക്ക് നടന്നടുത്തു. 

ചുരുണ്ട മുടിയും താടിയും വളര്‍ന്ന് ജട പിടിച്ച തല. ചെമ്പ് കലർന്ന മഞ്ഞ ലോഹത്തിന്റെ നിറം.. ചുവന്ന മോണ കാണിച്ച് വണ്ട് മുരളും പോലൊരു ശബ്ദത്തിൽ ആരോടെന്നില്ലാതെ അയാൾ നിന്നു ചിരിച്ചു. നീളന്‍കൈയ്യുള്ള ഷര്‍ട്ടും അലസമായി മടക്കിക്കുത്തിയ കള്ളിമുണ്ടുമാണ് വേഷം. ആകര്‍ഷകമായി തോന്നിയത് ചിത്ര ശലഭങ്ങൾ പറന്നുകളിക്കുന്ന തിളക്കമാര്‍ന്ന ആ കണ്ണുകളാണ് .ഒരാണിന് അത്രയും കറുപ്പുനിറമുള്ള, തിളക്കമുള്ള കണ്ണുകൾ അതിനു മുന്‍പോ, ശേഷമോ കണ്ടിട്ടില്ലെന്ന് ഓര്‍ത്തെടുക്കാനാവുന്നുണ്ട്.എവിടെയും ദൃഷ്ടി ഉറയ്ക്കാതെ അയാൾ എന്തിനെയോ ഭയപ്പെടുന്നപോലെയും എന്തോ പരതിക്കൊണ്ടിരിക്കുന്നതുപോലെയും കാണപ്പെട്ടു.

പൂമുഖത്ത് നിന്നിരുന്ന താൻ കണ്ണില്‍പ്പെട്ടപ്പോൾ ദീര്‍ഘനേരം ഇമയനക്കാതെ തുറിച്ചു നോക്കി. ചിത്രശലഭങ്ങൾ അയാൾക്ക് ചുറ്റും പാറിപ്പറന്നു. അയാൾ ഉറക്കെ ചിരിച്ചു. പേടിച്ചരണ്ട് അകത്തേക്ക് വലിഞ്ഞപ്പോൾ ആ കണ്ണുകളിൽ വിഷാദം പടരുന്നത്, ജനലഴികൾക്കിടയിലൂടെ കണ്ടു.

“ആരാണ്” ?

ഉമ്മറത്തേക്ക് എത്തിയ അമ്മ ചോദിച്ചു.

അയാൾ ചിരിച്ചു, കനത്ത ഒരു മുരള്‍ച്ചയോടെ ചിരി നിറുത്തുകയും ചെയ്തു. ചെമ്പിച്ച താടിരോമങ്ങളിൽ ചൊറിഞ്ഞുകൊണ്ട് തലചെരിച്ച് അമ്മയെ നോക്കിയ ആ കണ്ണുകളിൽ ഭയമായിരുന്നു.. അനുകമ്പയ്ക്കായുള്ള യാചനയും!

ഒട്ടിയ വയറിൽ തടവി താഴേക്കു നോക്കി അയാൾ നില്‍പ്പുറപ്പിച്ചു. ക്ഷണനേരംകൊണ്ട് എന്തോ ഓര്‍ത്തിട്ടെന്ന പോലെ ക്രമംതെറ്റി പൂട്ടിയ ഷര്‍ട്ടിന്റെ കുടുക്കുകൾ ശക്തിയോടെ വലിച്ചൂരി രണ്ടുവശത്തേക്കും അകത്തിപ്പിടിച്ച് വയറിൽ തൊട്ടുകൊണ്ട് പറഞ്ഞു,
“ചോറ്...”

ജനലിനരികിലേക്ക് തല തിരിച്ച് വീണ്ടും അതേ ചിരി!

അമ്മ തിരിഞ്ഞു നോക്കും മുന്‍പേ അടുക്കളവശത്തേക്ക് നടന്നു.

“വാവേ ഒരു വാഴയില ഇങ്ങു മുറിച്ചെടുത്തോളൂ.. ഈ ചെക്കന് ഇത്തിരി ചോറു കൊടുക്കാൻ .”

അപ്പോഴേക്കും അമ്മയോടൊപ്പം അയാളും വടക്കേപ്പുറത്തെത്തിയിരുന്നു.

“അവിടെ ഇരുന്നോളൂ ”

തുടച്ചുമിനുക്കിയിട്ട ഇറയം ചൂണ്ടി അമ്മ അയാളോട് പറഞ്ഞു.

അയാളിരുന്നില്ല. മുണ്ടിന്‍റെ തല ചുരുട്ടിക്കൂട്ടി കുമ്പിട്ടു നിന്നു. താഴെ ചവിട്ടുപടിയിലേക്ക് കയറാൻ ശ്രമിക്കുന്ന ഒരു കുനിയനുറുമ്പിനെ കാലിലെ തള്ളവിരൽ കൊണ്ട് ഞെരിച്ചു കൊല്ലുമ്പോൾ അയാളുടെ ശ്വാസം വേഗത്തിലായി.

ഇല മുറിച്ച് കഴുകി ഇറയത്ത് വയ്ക്കാന്‍ നേരം അയാളുടെ താഴ്ത്തിപ്പിടിച്ച മുഖത്തേക്ക് ചെരിഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചു,
“എന്താ പേര്?”
“ഗി ഗി ഗി” ചങ്ങലക്കിലുക്കം പോലൊരു ചിരിയോടെ പറഞ്ഞു "സനാതനൻ ".

കണ്ണുകൾ വട്ടംപിടിച്ച് എന്നെത്തന്നെ നോക്കുകയാണ്. കണ്ണിൽ നിന്നും കണ്ണെടുക്കാതെ ശലഭങ്ങൾ പാറുന്ന തറച്ചുനോട്ടം! ഇലയിൽ തങ്ങിനിന്ന വെള്ളത്തുള്ളികൾ കൈകൊണ്ടു തുടച്ചുനീക്കുമ്പോൾ നോട്ടം കൈതണ്ടയിലേയ്ക്ക് മാറുന്നതറിഞ്ഞു. 

അമ്മ ഇലയിൽ ചൂടുള്ള ചോറും എരിശ്ശേരിയും പച്ചമുളക് ചതച്ചിട്ട പച്ചമോരും വിളമ്പിയിട്ടു പറഞ്ഞു,
“കഴിച്ചോളൂ ”

“വാവേ കുടിയ്ക്കാൻ വെള്ളം കൊടുക്കു” സൗമ്യമായി പറഞ്ഞിട്ട് അമ്മ അകത്തേക്കുപോയി.

അയാൾ ഇറയത്ത് വലതു വശത്തേക്ക് കാലിട്ട് ഇടത്തേ കൈ കുത്തി ഇലയുടെ മുന്പിലിരുന്നു.

ഇരുമ്പിന്‍റെ ബക്കറ്റ് കിണറ്റിലേക്കിട്ട് മുക്കിത്തുടിച്ചു വെള്ളം കോരിയെടുക്കുമ്പോൾ കപ്പി ശബ്ദമുണ്ടാക്കി. പെട്ടെന്ന് ഇരുന്നിടത്തു നിന്നും ചാടി എഴുന്നേറ്റ അയാൾ ചെവിയിൽ വിരൽ തിരുകി, കണ്ണുകളടച്ച് മുഖം ചുളിച്ചു പിടിച്ചു.

“പേടിയ്ക്കണ്ട, കപ്പീല് എണ്ണ ഇല്ല്യാണ്ടായിരുന്നുട്ടോ. ചൂടാറും മുമ്പ് വേഗം ചോറുണ്ടോളൂ.” കപ്പിൽ വെള്ളവുമായി അടുത്തേക്ക് ചെന്ന് പറഞ്ഞപ്പോൾ കൊച്ചു കുട്ടിയെ പോലെ മിഴിച്ചു നോക്കി. അല്പനേരത്തെ പകപ്പിനു ശേഷം അയാൾ ആര്‍ത്തിയോടെ ചോറ് മുഴുവനും വാരിയുണ്ടു.

“എവിട്യാ വീട്?”

താടിയിലും മീശയിലും പറ്റിപ്പിടിച്ചിരുന്ന ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങളിലേക്ക് നോക്കാതിരിക്കാൻ പണിപ്പെട്ടുകൊണ്ട് ചോദിച്ചപ്പോൾ അതിനുത്തരമായി അയാൾ അകലേക്ക്, ആകാശത്തേയ്ക്ക് വിരൽ ചൂണ്ടി.

"ആകാശത്തോ.."?

"ഊഹും ..അതിന്റേം അപ്രത്ത് ."

അപ്പൊ അച്ഛനും അമ്മയും..?

“രാത്രിയിൽ നക്ഷത്രങ്ങളായി വരും” . “ചോറ്...” അയാൾ നിവര്‍ന്നിരുന്നു.

ശലഭങ്ങൾ ഒഴിയുന്നില്ല .

രണ്ടാമതു ചോറ് വിളമ്പുമ്പോൾ അവ തന്‍റെ കൈത്തണ്ടയിലെ ചുവന്ന കുപ്പിവളകളിൽ പറന്നു വന്നിരിക്കുന്നതറിഞ്ഞു തലയുയര്‍ത്തി. അപ്പോൾ ചുവന്ന മോണ കാണിച്ച് അയാൾ ശബ്ദമില്ലാതെ ചിരിക്കുകയായിരുന്നു. വീണ്ടും കോര്‍ക്കുന്ന നോട്ടം. ശലഭനോട്ടം!

അനുസരണയില്ലാത്ത ചുരുണ്ട മുടിയിഴകൾ കണ്ണിലേക്ക് വീണപ്പോൾ ചോറ് വാരിയ കൈകൊണ്ടുതന്നെ അയാൾ മുടി തട്ടി മാറ്റാൻ ശ്രമിച്ചു.

“വാവേ...നീ പോയുണ്ണാൻ നോക്കു..” അമ്മയ്ക്ക്  എന്‍റെ നില്പ്പില്‍ ഇഷ്ടക്കേട് ഉണ്ടെന്നു വ്യക്തമായി.

“അമ്മേ.. സനാതനൻ ന്നാ പേര്....പാവം... ആരൂല്ല്യാന്നാ തോന്നണേ..”

“അതോണ്ടല്ലേ ഉണ്ടിട്ടു പോയിക്കോട്ടേന്ന് വച്ചത്.” അമ്മയ്ക്ക് ക്ഷമ കെട്ടുതുടങ്ങി. 

"ആകാശത്തിന്റേം അപ്രത്തൂന്നാ വരണേ ന്നു പറഞ്ഞു...” 

"നിനക്കും പ്രാന്തായോ പെണ്ണേ"? അമ്മ അത്ഭുതപ്പെട്ടു.

അകത്തേക്ക് കടക്കുന്നതിനിടയിൽ ഒന്നുകൂടെ തിരിഞ്ഞുനോക്കി . ആർത്തിയോടെ കഴിക്കുകയാണ് അയാൾ.

"കൂടുതൽ അടുപ്പം കാണിക്കണ്ട, തലയ്ക്കു സുഖല്ല്യാത്ത ചെക്കനാ...... നീ അപ്രത്ത് പോവൂ..” അടക്കത്തോടെ പറയുമ്പോഴും അമ്മയുടെ സ്വരത്തിലെ കാര്‍ക്കശ്യം അറിഞ്ഞു. 

ഊണ് കഴിഞ്ഞ് ഉമ്മറത്തേക്ക് ചെല്ലുമ്പോൾ അയാൾ പടി കടന്നുപോകുന്നു , ഏതോ പാട്ടിന്‍റെ വരികൾ ചൂളംകുത്തി പാടുന്നുണ്ട്. അഴിഞ്ഞു പോയേക്കുമോ എന്ന മട്ടിൽ ഉടുത്തിരുന്ന മുണ്ടിന്റെ കോന്തല മണ്ണിലൂടെ ഇഴഞ്ഞു. ഇടയ്ക്ക് കുനിഞ്ഞ് കല്ലുകൾ പെറുക്കി മുന്നോട്ടെറിഞ്ഞിട്ടു ഉറക്കെ കൈ കൊട്ടി. വഴിയുടെ നടുവിൽ നിന്നുകൊണ്ട് അയാൾ നിർത്താതെ വട്ടപ്പാലം തിരിയുന്നത് നോക്കി നിന്നപ്പോൾ തല കറങ്ങും പോലെ തോന്നി. പിന്നെ വേലിയിലിരുന്ന മൈനയെ ഓടിച്ചിട്ട് പിടിയ്ക്കായ്ക്കാനായുന്നത്‌ കണ്ടു. മൈന പരിഭ്രാന്തിയിൽ പറന്നകന്നു. എന്തൊക്കെയോ പുലമ്പിയും ആർത്തട്ടഹസിച്ചും അയാൾ ശലഭങ്ങൾക്കൊപ്പം മാഞ്ഞു മാഞ്ഞു പോയി. എന്‍റെ തലയ്ക്കു ചുറ്റും ഒരു ഭ്രമരം മാത്രമവശേഷിച്ചു.

പെരുമ്പറ കൊട്ടിക്കൊണ്ടായിരുന്നു പിന്നത്തെ വരവ്, ഒരു നട്ടുച്ചയ്ക്ക്. കഴുത്തിൽ തൂക്കിയ ചരടിൽ ഞെങ്ങി ഞെളങ്ങിയ ഒരു പാട്ടയുടെ കഷ്ണം. അയാൾ അതിൽ ഒരു കുറുവടി കൊണ്ട് അമർത്തി അടിച്ച്‌ ശബ്ദമുണ്ടാക്കി. മുടി കൂടുതൽ ചെമ്പിച്ചിരുന്നു. വെയിലേറ്റ് വിയർത്തൊഴുകുന്നുണ്ടായിരുന്നു
മറഞ്ഞു നിന്നുകൊണ്ട് നോക്കിയപ്പോൾ അനേകായിരം വർണ്ണങ്ങളിൽ ശലഭങ്ങൾ പറക്കുന്നു അയാൾക്ക്‌ ചുറ്റും.... അവയുടെ ചിറകുകളിലെ ചിത്രങ്ങളിൽ പലതരം ചായങ്ങൾ തെളിഞ്ഞു പരക്കുന്നു.

" ഇപ്രത്തേയ്ക്ക് പോന്നോളൂ.." 

അമ്മ അയാളെ അടുക്കളവശത്തേയ്ക്ക് വിളിച്ചു.

അസ്വസ്ഥമായ നിമിഷങ്ങൾ നീങ്ങിക്കൊണ്ടിരുന്നു.

വയറു നിറഞ്ഞതിന്റെ സംതൃപ്തിയോടെ ഉമ്മറത്തു കൂടി തിരികെപ്പോകുമ്പോൾ അയാൾ വീടിനകത്തെ ഇരുട്ടിലേയ്ക്ക് തുറിച്ചു നോക്കി, "ഗി ഗി ഗി ഗി.." എന്ന് ശബ്ദമുണ്ടാക്കി. മാവിൻ ചുവട്ടിലെ ഉറുമ്പിൻ കൂട്ടിൽ ഒരു പിടി മണ്ണ് വാരിയിട്ടിട്ട് ഒന്നുകൂടെ ഉച്ചത്തിൽ ചിരിച്ചു. പിന്നെ പാട്ടും പാടി പോയി ആ ശലഭമിഴികൾ .

വേരുകൾ ഉപേക്ഷിച്ച മരമായിരുന്നു അയാൾ. തണൽ കൊതിയ്ക്കുന്ന മരം. അതിനെ ഒരു ചില്ലയോളമെങ്കിലും ഉയർന്ന് തലോടണം എന്നു തോന്നി.സ്നേഹത്തിനെ ഭ്രാന്തെന്നോ ഭ്രാന്തിനെ സ്നേഹമെന്നോ വിളിയ്ക്കാനാവുമെന്ന വിശ്വാസം ശക്തിപ്പെട്ടതന്നാണ്. 

ആഴ്ചകൾ കൂടുമ്പോഴോ മാസത്തിലൊരിക്കലോ അയാൾ അധികാരത്തോടെ വന്നപ്പോഴൊക്കെ ആരെന്നറിയാതെ, എവിടെനിന്ന് വരുന്നുവെന്ന് അറിയാതെ , കണ്ണിൽ വന്നു തറച്ച ഭ്രാന്തമായ ആ നിഷ്കളങ്കതയെ തൂത്തെറിയാനാവാതെ പരിഭ്രമിച്ചു നിൽക്കാനേ കഴിഞ്ഞുള്ളു. അമ്മയുടെ ശകാരം ഭയന്ന് ഭ്രാന്തിന്‍റെ കണ്ണിൽ പെടാതിരിയ്ക്കാൻ കരുതലെടുക്കുമ്പോഴും തന്നെ തിരയുന്നുണ്ടാകുമോ അയാളെന്ന ജിജ്ഞാസയുണ്ടായിരുന്നു. 

ഞാന്‍ പോലുമറിയാതെയായിരുന്നു ഉന്മാദത്തിന്റെ നാളുകള്‍ ഓര്‍മയുടെ പിന്നാമ്പുറങ്ങളില്‍ സ്വയം ഇടം തേടിപ്പോയത്.    ഓര്‍ത്തെടുക്കലിന്റെ നേരങ്ങളില്‍   മനസ്സില്‍ ചിതറിപ്പോയ  ചായം കൊണ്ട്  വരച്ചു തീര്‍ക്കാൻ കഴിയാത്ത ഒരു അപൂർണ്ണ ചിത്രമായി അയാൾ തെളിയുമ്പോൾ ചുവന്ന കുപ്പിവളകളിൽ നീല ചിത്ര ശലഭങ്ങൾ നിഴലുകൾ വീഴ്ത്തുന്നു. നിഴലിന്റെ മറയിൽ നിന്നും ഇടയ്ക്കൊക്കെ എത്തിനോക്കുകയാണ് ആ ഭ്രാന്ത്.