2014, മേയ് 1, വ്യാഴാഴ്‌ച

പൈതലേ ....




വെള്ളച്ചായമടിച്ച വാതില്‍ തുറന്നു തന്നത് മെലിഞ്ഞുണങ്ങിയ ന്ഴ്സായിരുന്നു. അകത്തേക്ക് കാലെടുത്തു വച്ചപ്പോള്‍ത്തന്നെ ഹൃദയം തള്ളി വന്ന് ഭയപ്പാടോടെ പടപടാന്നു മിടിച്ചു. അരണ്ട വെളിച്ചമുള്ള മുറിയില്‍ നിന്നും പ്രകാശമാനമായ മറ്റൊരു മുറിയിലേക്ക്..ഓപ്പറേഷന്‍ തിയറ്റര്‍! ജീവിതത്തിലാദ്യമായി കാണുകയാണ്.

അസുഖകരമായ ഗന്ധത്തിനൊപ്പം ഞരക്കവും മൂളലും! നാലഞ്ചു കട്ടിലുകളിലായി ഗര്‍ഭിണികളും അല്ലാത്തവരും കിടക്കുന്നുണ്ട്.ക്ഷീണിച്ച കണ്ണുകളില്‍ അസ്വസ്ഥതയുടെ കരിനിഴല്‍!!

രക്തത്തില്‍ കുളിച്ച കയ്യുറകളുമായി ഒരു ഡോക്ടര്‍ വാഷ്‌ബേസിനെ ലക്ഷ്യമാക്കി നടന്നു പോകുന്നത് കണ്ടപ്പോള്‍ ഒരു തുള്ളി രക്തം പോലും തന്‍റെ ശരീരത്തില്‍ അവശേഷിച്ചിട്ടില്ലെന്നു തോന്നി.

ഉള്ളില്‍ വിഷാദം സര്‍പ്പം പോലെ ചുരുണ്ടുകൂടി. ആരെങ്കിലും തന്നോട് അല്പം അനുകമ്പ കാണിച്ചിരുന്നെങ്കില്‍! പുറത്ത് കാത്തു നില്‍ക്കുന്ന ഭര്‍ത്താവിന്‍റെ അടുത്തേക്ക് ഓടി ചെല്ലാനും തല്ലിയലച്ചു കരയാനും കൊതിച്ചുപോയി.

“മൂത്ത കുട്ടിക്ക് ഏഴു വയസ്സായില്ലേ , പിന്നെന്തേ കളയാന്‍..ഒന്ന് കൂടി ആലോചിച്ചുകൂടെ?” നഴ്സിന്‍റെ ചോദ്യം കട്ടിലില്‍ ഇരിക്കുന്ന യുവതിയോട്.

“ഇല്ല.. ഉണ്ണിക്കുട്ടിയല്ലാതെ വേറെ ഒരു കുഞ്ഞിനെ പറ്റി ഇനി ചിന്തിക്കാന്‍ വയ്യ. അതോണ്ടാ..” നിസ്സംഗതയോടെ യുവതി.

പിന്നെ എന്തിനീ സാഹസത്തിനു മുതിര്‍ന്നു എന്ന ഭാവത്തോടെ നഴ്സ് കിടക്ക വിരിയിലെ ചുളിവുകള്‍ നിവര്‍ത്തി. മുഖത്ത് പുച്ഛത്തിന്‍റെ ഭംഗിയില്ലാത്ത ഞൊറിവുകള്‍!

അങ്ങേ തലക്കല്‍ വലിയൊരു മേശക്കരികില്‍ രണ്ട് ലേഡി ഡോക്ടര്‍മാര്‍ ചേര്‍ന്ന് കുനിഞ്ഞിരുന്നുകൊണ്ട് ഒരു ഡി ആന്‍ഡ്‌ സി ചെയ്യുന്നു. അത് കഴിഞ്ഞാവണം തന്‍റെ ഊഴം. അവള്‍ അടിമുടി വിറച്ചു.

“വസ്ത്രം മാറ്റിക്കോളു.. അതൊന്നും ഇവിടെ പറ്റില്ല്യ..” നഴ്സാണ്.

സംഘര്‍ഷം സങ്കടമായി വദനത്തില്‍ ഒളിഞ്ഞും തെളിഞ്ഞും നിന്നു.

ആരോ തന്നെ ഒരു കൊടും ചുഴിയിലേക്ക് വലിക്കുന്നുവോ!

“ദാ..പകരം ഇത് ധരിച്ചോളൂ” നീട്ടിപ്പിടിച്ച കയ്യില്‍ പച്ച നിറത്തിലുള്ള ഒരു വള്ളിയുടുപ്പുമായി നഴ്സ്!

യാന്ത്രികമായി ഉടുപ്പ് വാങ്ങി ധരിച്ച് ഒരു വിഡ്ഢിയെ പോലെ അവള്‍ നഴ്സിനെ നോക്കി. മുന്നോട്ടു നടക്കണോ, പിന്നോട്ട് നടക്കണോ എന്നറിയാതെ സങ്കോചത്തോടെ നില്‍ക്കെ, അടുത്തുള്ള, പൊക്കത്തിലുള്ള കട്ടില്‍ ചൂണ്ടി നഴ്സ് പറഞ്ഞു,

”അവിടെ കയറി കിടന്നോളൂ”!!!

അവള്‍ ചലിച്ചു. കട്ടിലില്‍ കയറി കിടന്നു. പേടികൊണ്ട് മഞ്ഞുകട്ട പോലെ വെറുങ്ങലിച്ചു. വരണ്ടുണങ്ങിയ ചുണ്ടുകള്‍ പൊട്ടി രക്തം ഒലിച്ചിട്ടുണ്ടോ എന്ന് തൊട്ടു നോക്കി. ഉവ്വ്..മരവിച്ചിരിക്കുന്നു!

കരയാന്‍ കഴിയുന്നില്ല. എന്തൊരു നിസ്സഹായാവസ്ഥ! ഭീകരമായ ഒറ്റപ്പെടല്‍! എഴുന്നേറ്റോടാന്‍ ഒരു ശ്രമം നടത്തിയാലോ!. ഇല്ല, നിവൃത്തിയില്ല, ഇത് താന്‍ ഒറ്റയ്ക്ക് അറിയേണ്ടുന്ന ഒരു നോവ്‌!!

എട്ട് ആഴ്ചകള്‍ മാത്രം പ്രായമുള്ള, പിറക്കാനിരുന്ന തന്‍റെ ആദ്യത്തെ കുഞ്ഞ്..ആണ്‍ കുഞ്ഞോ പെണ് കുഞ്ഞോ..അറിയില്ല..ഹൃദയതാളം ശമിച്ചിരിക്കുന്നു.!!ജനിക്കും മുന്‍പേ നിലച്ചുപോയ ജീവന്‍റെ തുടിപ്പ്.

ഋതുക്കളില്‍ വന്ന ഗതി വിഗതികള്‍ ...അതറിഞ്ഞപ്പോഴുള്ള ആഹ്ലാദം! അടിവയറില്‍ ഒരു തലോടലോടെ അറിയാതെ ഒരു ലാളനം! പിറവിയുടെ നോവില്‍ പിടഞ്ഞുകൊണ്ട് താനമ്മയാവുന്നെന്നോ! വാത്സല്യത്തിന്‍റെ നിറകുടമായി കോരിച്ചൊരിയാന്‍ പോകുന്നെന്നോ?

ചോരകയ്യുകളില്‍, കുഞ്ഞിക്കാലുകളില്‍, തളിര്‍ മേനിയിലെ ഉണ്ണിമണത്തില്‍ ...അരുമച്ചുണ്ടിലെ അമ്മിഞ്ഞപ്പാല്‍മണത്തില്‍ ..കൃഷ്ണമണികളിലെ നിഷ്കളങ്കതയില്‍, പട്ടുനഖങ്ങങ്ങള്‍ വരയുന്ന രക്തപൊടിയലില്‍, വിതുമ്പല്‍ച്ചിരികളില്‍..

ഒരു രാത്രികൊണ്ടുണ്ടായ മോഹച്ചിറകുകളുമായി മേഘശകലങ്ങള്‍പോലെ പാറി മനസ്സ്.

എന്തിനു കുഞ്ഞേ, പിന്നെ ഒരു രക്തപുഴയായി നീയൊഴുകിയകന്നു?..

ഇടനെഞ്ചിലെ ചൂടു പോരാഞ്ഞിട്ടോ!

താരാട്ടിന്‍റെ താളം കിട്ടാഞ്ഞിട്ടോ..

എന്തിനു കുഞ്ഞേ നീ പിറന്നു വീഴാന്‍ മടിച്ചു?

ഈ ക്ലേശമത്രയും നല്‍കി എന്തിനെന്നിലെ അമ്മയെ മറന്നു?



മനക്കണ്ണില്‍ തെളിഞ്ഞു നിന്ന പൈതലിന്‍റെ രൂപം ..അശാന്തിയുടെ വിത്തായ് വീണ് മുള പൊട്ടി ചെടിയായ് വളര്‍ന്ന് കണ്ണീര്‍പൂക്കളായി പൊഴിഞ്ഞു.

മുന്നിലൂടെ മുഖം മൂടി രൂപങ്ങള്‍ ഒഴുകുന്നു. കണ്ണുകള്‍ മാത്രം സ്വതന്ത്രമായി ചിമ്മിയും തുറന്നും..! കത്രികയുടെയും കത്തിയുടെയും ഉരസല്‍ ഭേദിച്ച നിശബ്ദതയില്‍ അവരുടെ നെഞ്ചുകള്‍ ഉയര്‍ന്നു താഴുന്നത് നോക്കി അവള്‍ അതേ കിടപ്പ്! തന്നെ ആരും ശ്രദ്ധിക്കുന്നതുപോലുമില്ല!

തൊട്ടടുത്ത കട്ടിലില്‍ നിറവയറോടെ കിടന്ന സ്ത്രീക്ക് കരച്ചിലിനൊടുവില്‍ ബോധം നശിച്ചിരിക്കുന്നു, ഡോക്ടര്‍മാരുടെ ശബ്ദത്തിലും നോട്ടത്തിലും പകപ്പ്! അവര്‍ക്കും പതര്‍ച്ചയോ? തന്‍റെ ദൃഷ്ടി അങ്ങോട്ടായപ്പോള്‍ നഴ്സ് പച്ച നിറത്തിലുള്ള കര്‍ട്ടന്‍ നിവര്‍ത്തിയിട്ടു. തിരക്കിട്ട ഓട്ടങ്ങള്‍! ഒടുവില്‍ കിട്ടിയത് ചാപിള്ള! പിന്നെ മരണം മണക്കുന്ന മൂകത!

ഏറെ സമയം ആയിക്കാണണം, ഒരു തളികയില്‍ ഉപകരണങ്ങളുമായി രണ്ടു പേര്‍ തനിക്കിരു പുറവും.

നിലവിളിച്ചില്ല. സ്തംഭിച്ച ശരീരത്തില്‍ വേദനയില്ല. മനസ്സ് മുറിഞ്ഞു ധാരധാരയായി രക്തം വാര്‍ന്നതു മാത്രം അറിഞ്ഞു.

പുറത്തെടുത്തു. കഷ്ടി ഒരിഞ്ചോളം വലുപ്പം!!

തന്നെ കാണിച്ചപ്പോള്‍ ഒരു ഞെട്ടലില്‍ കണ്ണുകള്‍ ഇറുക്കിയടച്ചതാണ് ഓര്‍മ്മയില്‍.

കാണണ്ട..എനിക്ക് കാണണ്ട.

വേനല്‍ തളര്‍ത്തിയ ചില്ലകള്‍ പൊഴിച്ച വാടിയ പൂക്കളില്‍ ഒന്നായ് നീ മൃത്യുവിന്‍റെ തീരം തേടി പോകുമ്പോള്‍ വിളറിയ ആകാശത്തിലെ വെണ്മേഘ ചുരുളുകള്‍ക്കിടയില്‍ ഒരു കരി നിഴലായി ഞാനൊളിക്കട്ടെ.....

വീട്ടില്‍ തിരികെയെത്തുമ്പോള്‍ മുറ്റത്തു ശൂന്യത...മുറിയില്‍ അന്ധകാരം. വീട് ഒരു ഭ്രാന്താലയമായി മാറുന്നോ.. അകത്തും പുറത്തും വേദന!

“ഒരിക്കല്‍ ഉറയ്ക്കാതെ പോയാല്‍ ഇനി കയ്യില്‍ കിട്ടാന്‍ പാടാണ്..” കാണാന്‍ വന്ന ഒരു വൃദ്ധ പടിയിറങ്ങുന്നു.

കനലുകള്‍ എരിഞ്ഞു തീരുന്നില്ല. ചുവപ്പില്‍ നീറിയമരുന്നു കണ്ണീര്‍ മുത്തുകള്‍ .

കറങ്ങുന്ന പങ്കക്കൊപ്പം വട്ടപ്പാലം ചുറ്റുന്ന തല...

“അനങ്ങരുത്, ചെരിയരുത്, തുമ്മരുത്,ചീറ്റരുത്.....” തുടക്കത്തിലുണ്ടായ അരുതുകളുടെ പട്ടിക അവസാനത്തിലും!.

തലക്കകത്ത് കരിവണ്ടുകളുടെ ധൃതി പിടിച്ച പാച്ചിലും മുരളലും.....

സഹനത്തിന്‍റെ നീര്‍ച്ചാലുകള്‍ തേടി അവള്‍....

വ്രണിത ഹൃദയം! കടലോളം ആഴമുള്ള അദൃശ്യമായ മുറിവ്..

മിഴിനീരില്‍ കുതിരുന്ന നൊമ്പരത്തോടെ ഉള്ളിലിരുന്നൊരു അമ്മ തേങ്ങി ...

കുഞ്ഞേ നീ എന്നെങ്കിലും ഒരിക്കല്‍ വന്നണയില്ലേ എന്നിലേക്ക്‌!

നിനക്കായ് ശ്രുതി ചേര്‍ക്കാം ഞാനൊരു താരാട്ടിന്നീണം.

വരും, ഈ നെഞ്ചിലെ പാലാഴിയില്‍ ആടിത്തിമര്‍ക്കാനായി ഒരുനാള്‍ തന്‍റെ മണിപൈതല്‍ വരും.

ആശ്വാസവുമായൊരു തെന്നലെത്തി. നിദ്രയുടെ തീരത്ത്, ഇരമ്പിയാര്‍ക്കുന്ന കടലോരത്ത് ഒരു ശംഖിന്‍റെ മാറ്റൊലി കേട്ടുകൊണ്ട് അവളുറങ്ങി.