2017, ജൂൺ 20, ചൊവ്വാഴ്ച

തീപ്പക്ഷിക്കാലം

വിപുലമായതല്ലെങ്കിലും വായനയുണ്ട്, പുസ്തകങ്ങൾ മാത്രമല്ല, ജീവിതങ്ങളും മനസുകളും വായിക്കാറുണ്ട്.  അറിഞ്ഞതെത്രയോ തുച്ഛം എന്ന ബോധമുണ്ടെങ്കിലും അറിഞ്ഞതിനെക്കുറിച്ച് ചിന്തിക്കാനും, ചിലപ്പോഴൊക്കെ ആസ്വദിക്കാനും അതിലേറെ അത്ഭുതപ്പെടാനുമൊക്കെയായി പകുത്തുപകുത്തു പോകുമിങ്ങനെ സമയം.
ജീവിതം നീണ്ടൊരു പഠനമാണല്ലോ, സ്വന്തം ജീവിതവും ചുറ്റുവട്ടങ്ങളിൽ കണ്ടതും കേട്ടതും വായിച്ചതുമെല്ലാം  അതിൽ മാറിയും മറിഞ്ഞും തിരിഞ്ഞും വരും.

സോവിയറ്റ് നാടിന്റെ മിനുമിനുത്ത പേജുകളിലെ കാണാത്ത, അറിയാത്ത സ്ഥലകാലചിത്രങ്ങൾ മറിച്ചു നോക്കിക്കൊണ്ടായിരുന്നു  വായനയുടെ കന്നി കുറിമാനം ഒരുങ്ങിയത്. കഥയറിയാതെ ആട്ടം കാണുന്ന കുട്ടിക്കൗതുകം താളുകളുടെ പുതു മണത്തെ കെട്ടിപ്പിടിച്ചുറങ്ങുമ്പോൾ വയസ് ഏഴ്.

പൂമ്പാറ്റ, ബാലരമ, ബാലമംഗളം എന്നിവയേക്കാൾ പ്രിയം അമ്പിളിമാമനും അമർചിത്രകഥകളുമായിരുന്നു. വേതാളത്തെ തോളിലേറ്റുന്ന വിക്രമാദിത്യനും വേതാളകഥകളും ജിഞ്ജാസയുടെ മുനമ്പുകളായിരുന്നു.  ഉത്തരം പറയാനാകാതെ വിക്രമാദിത്യന്റെ തല ചിന്നിച്ചിതറുമോയെന്ന് ചെവി പൊത്തി തുടരുന്ന വായനയുടെ അന്ത്യത്തിൽ നിരാശയോടെ മരത്തിലേക്ക് മടങ്ങുന്ന വേതാളം നല്കിയ ആശ്വാസത്തിന് അടുത്ത വേതാളകഥ വായിച്ചു തുടങ്ങും വരേയേ ആയുസുണ്ടായിരുന്നുള്ളൂ.

പിന്നെയാണാ തീപ്പക്ഷിക്കാലം.

അടുത്ത ബന്ധുവീട്ടിലെ മരയലമാരയിലിടം പിടിച്ച "The Fire Bird " ന്റെ മലയാളതർജ്ജമ "തീപ്പക്ഷി ", എത്ര തവണയെന്ന് എനിക്ക് പോലും തീർച്ചയില്ലാത്തത്ര വായിച്ച ഏക പുസ്തകം. ആദ്യമായി സ്വന്തമാക്കണമെന്ന് കൊതിച്ച പുസ്തകവും  "തീപ്പക്ഷി "തന്നെ.  നീണ്ട വാലുകളുള്ള ചുവന്ന പക്ഷിയെത്തേടി   മിക്കവാറും ദിവസങ്ങളിൽ ഞാൻ  അവരുടെ വീട്ടിലെ ആ കുടുസുമുറിയിലേയ്ക്കെത്തുമായിരുന്നു. അവിടെയിരുന്ന് ഒറ്റശ്വാസത്തിന് തീപ്പക്ഷിയെ വായിച്ചു തീരുമ്പോൾ ഭാവനയുടെ കടലുകളും കാടുകളും താണ്ടി ഞാനുമാ മാന്ത്രികോദ്യാനത്തിലെത്തുമായിരുന്നു.
പക്ഷിയെ ഉപേക്ഷിച്ചു പോരും നേരമുള്ള  സങ്കടം മറികടക്കാനാവാതെ  ഒടുവിൽ കടമായി ചോദിച്ച് തീപ്പക്ഷിയെ എന്നോടൊപ്പം കൂട്ടി. എത്രയോ എത്രയോ  തവണ ഞാനാ പക്ഷിയോടൊപ്പം മാന്ത്രിക ആരാമത്തിലേയ്ക്ക് സ്വപ്നച്ചിറകടിച്ച് പറന്നു!  മനസില്ലാ മനസോടെയാണ്, കുറച്ചു കാലത്തിനു ശേഷം ഞാനതിനെ അവർക്ക് തിരികെ നൽകിയത്. ആ വീടോ അലമാരയോ പുസ്തകമോ ഇന്നീ ഭൂമിയിലില്ല.  പതിറ്റാണ്ടുകൾക്ക് മുമ്പേ എങ്ങുനിന്നോ  ആ പുസ്തകം എന്റെ ഗ്രാമത്തിലേയ്ക്കെത്തിയത് എന്നെ വായനയുടെ ലഹരിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാനായിരുന്നിരിക്കണം!

വായനയുടെ വഴികൾ പതിയെ മാറിത്തുടങ്ങിയത് അമ്മയുടെ മുറിയിലെ മേശപ്പുറത്ത് അടുക്കടുക്കായി സ്ഥാനം പിടിക്കുന്ന പുസ്തകങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോഴായിരുന്നു.  ഗ്രാമീണ വായനശാലയിൽ നിന്നും പതിവായി സൈക്കിളിലെത്തുന്ന പുസ്തകങ്ങൾ.! എല്ലാ ആഴ്ചയും സൈക്കിൾക്കാരൻ പുതിയവ  കൊണ്ടുവന്ന് പഴയവ തിരികെ കൊണ്ടു പോകും. മുട്ടത്തുവർക്കിയും കാനവും കോട്ടയം പുഷ്പനാഥും എന്റെ കാന്തിക വലയത്തിലേയ്ക്കടുത്തില്ല. അവയ്ക്കിടയിൽ നിന്നും എന്റെ കയ്യിലേയ്ക്കെത്തിയ  "ടാർസൻ " എന്ന പുസ്തക പരമ്പര  വായിച്ച കാലത്തെ ഞാൻ സുവർണ്ണകാലമെന്ന് രേഖപ്പെടുത്താൻ ഇഷ്ടപ്പെടുന്നു. പറമ്പായ പറമ്പൊക്കെയും കൊടും കാടുകളും വീട്ടിലെ പക്ഷിമൃഗാദികളെല്ലാം  വന്യജീവികളുമായി മാറുന്ന അത്ഭുതമായിരുന്നു പിന്നെ സംഭവിച്ചത്. ആരു പറഞ്ഞു എനിക്ക് ടാർസനെപ്പോലെ ഉച്ചത്തിലോളിയിടാനാവില്ലെന്ന്! ആരു പറഞ്ഞു എനിക്ക് വള്ളികളിലൂടെ മരത്തിൽ നിന്നും മരത്തിലേയ്ക്ക് നിഷ്പ്രയാസം കയറി മറിയാനാവില്ലെന്ന്!
തടസ്സങ്ങളേതുമില്ലാതെ, ഞാനെന്റെ ഭാവനാ ലോകത്ത് ടാർസനായി പരകായപ്രവേശം നടത്തി. അങ്ങനെ  ആദ്യമായി വായിച്ച നോവലായിരുന്നു, പല വോളിയങ്ങളിൽ വന്ന കാടിന്റെ കഥ പറയുന്ന ടാർസൻ. അത്രയും ആസ്വദിച്ച് വായിക്കാനും കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കാനുമായ പുസ്തകം.

പിന്നെയൊരെടുത്തു ചാട്ടം ഡ്രാക്കുളയിലേക്ക്! അന്ന് പഠിക്കുന്നത് അഞ്ചാം ക്ലാസിൽ.   രാത്രികളിൽ  ദാഹിച്ചു മരിച്ചാലും വെള്ളം കുടിക്കാനെഴുന്നേൽക്കാൻ ഭയന്നും  ഒരു  മുറിയിൽ നിന്നും അടുത്ത മുറിയിലേക്ക്  പോകാനാവാതെ വിറച്ചും കഴിയുന്നതിന്റെ കാരണം എന്റെ പാഠപുസ്തകത്തിലൊളിപ്പിച്ച ഡ്രാക്കുളയാണെന്ന് കണ്ടു പിടിച്ച അമ്മയുടെ കയ്യിന്റെ ചൂടിന് അന്ന്  ഡ്രാക്കുളക്കൊട്ടാരത്തേക്കാൾ ഭീകരതയുണ്ടായിരുന്നു.
കോമ്പല്ല് പുറത്തേക്ക് നീണ്ട് മുഖം വിണ്ടുകീറി ചോരയൊലിപ്പിച്ച ഡ്രാക്കുള എന്റെ കഴുത്തിനു നേരെ ചായുന്നതോർത്ത് വിളറിയ രാവുകളിൽ നിന്ന് മോചനം നേടുന്നത്  വർഷങ്ങൾ കഴിഞ്ഞാണ്.

പിന്നീടുള്ള വായന അടുക്കും ചിട്ടയും ഇല്ലാത്തത്! എന്തൊക്കെയോ ഏതൊക്കെയോ,  ഇംഗ്ലീഷും മലയാളവും..പത്മരാജനും പത്മനാഭനും മുകുന്ദനും മാധവിക്കുട്ടിയും എംടിയും ആൻ ഫ്രാങ്കും തൊട്ട് നീണ്ടു പോയ പട്ടിക..

 പറഞ്ഞല്ലോ പുസ്തകങ്ങൾ മാത്രമല്ല എന്റെ വായനയിലുൾപ്പെടുന്നത്. ഞാൻ മനുഷ്യരെ വായിക്കുന്നു, ജീവ ജാലങ്ങളെയൊക്കെയും വായിക്കുന്നു, ജീവിതങ്ങളെ വായിക്കുന്നു.
വായനയിലെന്റെ ഗുരുവായ എന്റെ അമ്മയിലൂടെ ഞാനെന്റെ ജീവിതം ജീവിക്കുന്നു.

വായന ലഹരിയാണ്, ഏകാന്ത രാവുകളിലെ വായന പ്രത്യേകിച്ചും. വായന കൂട്ടാണ്, അനുഭവമാണ്, ജീവിതത്തിനുള്ളിലെ ജീവിതമാണ്. എന്റെ എല്ലാ സുഹൃത്തുക്കൾക്കും നല്ല വായനാവാരം നേരുന്നു.