2013, മേയ് 31, വെള്ളിയാഴ്‌ച

അച്ഛമ്മ
“കറുത്ത പെണ്ണേ കരിങ്കുഴലീ
നിനക്കൊരുത്തന്‍ കിഴക്കുദിച്ചു ...

തിന തിന്നാന്‍ കിളിയിറങ്ങി

കിളീനാട്ടാന്‍ പെണ്ണിറങ്ങി

പെണ്ണിന്റൊരു വള കിലുങ്ങി
കിളികളൊക്കെ മലകേറിപോയ്‌ ...”.

അച്ഛമ്മ പാടിത്തരാറുള്ള പാട്ടാണ്. ചുമലുകളില്‍ മുട്ടി കിടക്കുന്ന വലിയ തുളയുള്ള കാതുകളാട്ടി പാട്ടിനൊപ്പം താളത്തിലങ്ങനെ മുന്നോട്ടും പിന്നോട്ടും ആഞ്ഞ് ചുണ്ണാമ്പു തേച്ച വെറ്റിലയും, പുകയിലയും, അടയ്ക്കനുറുക്കും കൂട്ടി കൊച്ചു ഉരലില്‍ വച്ചു ഇടിച്ചിടിച്ചു പൊടിക്കും. പുതിയവീട്ടിലെ പൂവിഷ്ടിക വിരിച്ച നടുവകത്തിരുന്നാണീ പണി. ഓരോ ഇടിയും കൊള്ളുന്നത്‌ അമ്മയുടെ നെഞ്ചത്താണ്. ആര് ഗൌനിക്കുന്നു? എന്റെ മകന്‍റെ വീടല്ലേ ,ഞാന്‍ ഇനീം ഇടിക്കും എന്ന ഭാവത്തില്‍ പൊടിഞ്ഞ മുറുക്കാന്‍ ഒന്നുകൂടി ഇടിയ്ക്കും അച്ഛമ്മ. തറവാട് പൊളിച്ചു പണിതതിന്‍റെ പ്രതിഷേധം ഓരോ ഇടിയിലും മുഴങ്ങും. ഒട്ടും കൂസലില്ലാതെ മുറുക്കാനെടുത്തു വായിലിട്ടു ഒരു വശത്തു വച്ചു കടിച്ചുചവച്ച് നീരിറക്കും. ചിലപ്പോള്‍ അവിടെത്തന്നെ ഇരുന്നു പുറത്തേക്കു നീട്ടി തുപ്പും. അമ്മ നിന്നു ജ്വലിക്കും. അച്ഛമ്മയുടെ ഒരു നോട്ടം ആ ജ്വാലകളെ വിഴുങ്ങും. എന്നിരുന്നാലും ഇഷ്ടികകളില്‍ ഒന്നിനു ചിന്നല്‍ വന്നതോടെ നടുവകത്തിരുന്നുള്ള മുറുക്കാനിടി നില്‍ക്കുകയും അച്ഛമ്മ പിണങ്ങുകയും ചെയ്തു.

പേരകുട്ടികളില്‍ ആരോടാണ് അച്ഛമ്മക്കു പെരുത്തിഷ്ടം എന്ന് ചോദിച്ചാല്‍ അച്ഛമ്മ ഒന്നും പറയില്ല. അച്ഛമ്മയുടെ ആറു ആണ്‍മക്കള്‍ക്കും നാല് പെണ്മക്കള്‍ക്കും കൂടി അമ്പതോളം പേരകുട്ടികളുണ്ട്. ഞങ്ങളുടെ കൂടെ കല്ല്‌ കളിക്കാനും കവടി കളിക്കാനും മച്ചിങ്ങകൊണ്ട് അമ്മാനമാടാനും വരും. മടുപ്പില്ലാതെ പാട്ടുകളും പാടിത്തരും. എങ്കിലും അച്ഛമ്മക്കിഷ്ടം അച്ഛമ്മയോടുതന്നെ!

രാവിലെ തലനിറയെ എണ്ണ തേച്ചു അച്ഛമ്മ കോലോത്തും കുളത്തിലേക്ക് പുറപ്പെടും. വടി കുത്തിപ്പിടിച്ചു ഇരുവശത്തേക്കും ചാഞ്ഞു ആടിയാടി അച്ഛമ്മ നടക്കും കുളത്തിലേക്ക്. വേലിയില്‍ പടര്‍ന്ന നീരോലിത്താളി ഒടിച്ചു കുളക്കരയിലെ അലക്കുകല്ലിലുരച്ചു നീരെടുത്ത് തലയില്‍ തേക്കും. കുളത്തിലിറങ്ങിയാല്‍ അച്ഛമ്മ പല അഭ്യാസങ്ങളും കാണിക്കും. മലക്കം മറിയും, മലര്‍ന്നും കമഴ്ന്നും ചെരിഞ്ഞും നീന്തും. മുങ്ങാങ്കുഴിയിട്ടെന്നെ പേടിപ്പിക്കും. ഏഴു വയസ്സു കഴിഞ്ഞ എന്നേക്കാള്‍ ചുറുചുറുക്കായിരുന്നു എഴുപതു കഴിഞ്ഞ അച്ഛമ്മക്ക്‌. കുളിക്കാന്‍ വന്നവരെല്ലാം കഥ മറന്നു നില്‍ക്കും. അവരെ കാണിക്കാനായി അച്ഛമ്മ മണിക്കൂറുകളോളം കുളത്തില്‍ പ്രകടനം നടത്തും.

കുളി കഴിഞ്ഞാല്‍ വെള്ള മുണ്ടും റൌക്കയും അണിഞ്ഞ് വടി കുത്തിപ്പിടിച്ച്‌ നേരെ പോകും കശുമാവിന്‍തോട്ടത്തിലേക്ക്. പഞ്ചാരമാങ്ങ ചക്കരമാങ്ങ അങ്ങനെ പലയിനങ്ങള്‍ ! തുടുത്തു പഴുത്ത കശുമാങ്ങകള്‍ പൊട്ടിച്ച്‌ നീരുവലിച്ചു കുടിക്കും. കശുവണ്ടി ഉരിഞ്ഞു ഒരു പാത്രത്തിലിടും. പച്ചകശുവണ്ടി പേനാക്കത്തി വച്ചു കീറി ഉള്ളിലെ പരിപ്പെടുത്തു കഴിക്കും. കറ പുരണ്ട വെള്ള മുണ്ടുകള്‍ വനജേച്ചി തല്ലിയലക്കും.

തൊണ്ണൂറിനോട് അടുത്തപ്പോള്‍ അച്ഛമ്മക്കു പഴയ ഉശിരൊക്കെ പോയി. മാങ്ങയുടെയും കശുവണ്ടിയുടെയും പശ വീണു പൊള്ളിയ വായ്ക്കു ചുറ്റും അമ്മ നെയ്യോ വെണ്ണയോ പുരട്ടി കൊടുക്കും.. പല്ലുകളെല്ലാം പോയി കറുമുറെ കടിച്ചുതിന്നാന്‍ പറ്റാതായപ്പോള്‍ അച്ഛമ്മക്ക്‌ മൂക്കിന്‍ തുമ്പത്തെ ശുണ്‍ഠി ഇരട്ടിയായി. അമ്മ കപ്പലണ്ടിയും കശുവണ്ടി ചുട്ടു തല്ലിയതും തൊലി കളഞ്ഞു ഇടിച്ചുപൊടിച്ചു കൊടുത്തു. തിരക്കിട്ടുള്ള ഓട്ടത്തിനിടയില്‍ അച്ഛമ്മ പലതവണ പറമ്പിലും പാടത്തും കുളത്തിലും വീണു കയ്യും കാലും മുതുകും ഒടിഞ്ഞു ഒരുവര്‍ഷത്തോളം കിടന്നു.

ജോലി കഴിഞ്ഞെത്തിയാല്‍ അച്ഛന്‍ അച്ഛമ്മയുടെ അടുത്തുപോയിരിക്കും. അച്ഛമ്മയുടെ അടുത്തിരിക്കാന്‍ ഞങ്ങളെയും നിര്‍ബന്ധിച്ചു. ശുശ്രൂഷിക്കാനായി പെണ്മക്കള്‍ എത്തുകയും ഇടയ്ക്ക് വഴക്കിട്ടു പോകുകയും ചെയ്തു. ആരുമില്ലാത്തപ്പോള്‍ അമ്മതന്നെ അഴുക്കു തുണികളും വിരികളും ഡെറ്റോള്‍ ഇട്ടു കഴുകി. അച്ഛമ്മയെ വാസനസോപ്പിട്ടു കുളിപ്പിച്ചു. ആഴമുള്ള വലിയ മുറിവുകള്‍ വൃത്തിയാക്കി മരുന്നു വയ്ക്കാന്‍ അടുത്തുള്ള ആശുപത്രിയിലെ കമ്പൌണ്ടര്‍ വന്നു. ഒടുവിലായപ്പോള്‍ അച്ഛമ്മക്ക്‌ ഓര്‍മ്മയും പോയി. ഒരു ദിവസം അച്ഛനും ഞങ്ങളും നോക്കിനില്‍ക്കെ അച്ഛമ്മ അവസാനത്തെ ശ്വാസം വലിച്ചു. അന്ന് എന്‍റെ അച്ഛന്‍ കരയുന്നത് ഞാന്‍ കണ്ടു. ചുമലില്‍ ഇട്ടിരുന്ന വെള്ളത്തോര്‍ത്തുകൊണ്ട് കണ്ണുകള്‍ അമര്‍ത്തിത്തുടക്കുന്നതും കണ്ടു.

“മുറ്റത്തു ഞാനോരു മുല്ല നട്ടു
മുല്ലക്കൊരു കുടം വെള്ളോഴിച്ചു
മുല്ല പടര്‍ന്നങ്ങു പന്തലിച്ചു”......


വിറയ്ക്കുന്ന ശബ്ദത്തില്‍ അച്ഛമ്മയുടെ പാട്ടുകള്‍ ഇന്നും  കാതുകളില്‍ .

കാത്തിരുന്ന കണ്മണി
ഒരു പാട് കാലം കാത്തിരുന്നിട്ടും കണ്മണി വന്നില്ല. മനസിന്‍റെ ഒരു കോണിൽ ആരോരും കാണാതെ അമ്മ സൂക്ഷിച്ചു വച്ച കിങ്ങിണിയും കണ്മഷിയും കരിവളയും അവിടെയിരുന്നു കനം തൂങ്ങി.

പ്രതീക്ഷകളെല്ലാം അസ്തമിക്കാൻ തുടങ്ങിയ ഒരു വേളയിൽ ഒരു കുഞ്ഞു മാലാഖ യായി അവൾ പിറന്നു വീണു. അമ്മ തന്‍റെ ഞെട്ടൽ മറയ്ക്കാൻ ശ്രമിച്ചുവെങ്കിലും ആ പിഞ്ചു പൈതല്‍ അതറിഞ്ഞു.

"അമ്മക്കെന്തേ ഒരു സന്തോഷവും ഇല്ലാത്തത് ?". മുട്ടത്തോട് പൊട്ടിച്ചു പുറത്തുവന്ന ഒരു പക്ഷി കുഞ്ഞിനെപോലെ അമ്മയോട് പറ്റിച്ചേര്‍ന്നു കിടന്നുകൊണ്ട്  അവള്‍ ചോദിച്ചു.

“എണ്ണ കറുപ്പുള്ള ഈ മുടിയിഴകൾക്കിടയിൽ വെളുപ്പ്‌ നിറം പടരുവാനിനി താമസമില്ല... കരിമാംഗല്ല്യം വീണ കവിളുകളും ഞാൻ കാലേകൂട്ടി കാണുന്നു.! അമ്മക്ക് സന്ദേഹമാണ് കണ്മണീ.. . കൈകുമ്പിളില്‍ നിന്നെ കോരിയെടുത്ത് , ഹൃദയത്തോടു ചേര്‍ത്ത് വച്ച്, നന്മകളൊക്കെയും പകര്‍ന്നുതന്ന്, നേരിന്‍റെ വഴിയിലേക്ക് നിന്നെ യാത്രയാക്കുമ്പോഴേക്കും, അമ്മയ്ക്കും പുറപ്പെടാറാവില്ലേ മറ്റൊരു വഴിക്കു.....”

തളിരില പോലെ ചുവന്ന, ആ കുഞ്ഞു മാലാഖ, ചിരിക്കാന്‍ മറന്ന പൈതലായി, ഇമ വെട്ടാതെ അമ്മയെത്തന്നെ നോക്കികിടന്നു. വാരിയെടുക്കാന്‍ ശ്രമിച്ച അമ്മയുടെ ബലമില്ലാത്ത കൈകളില്‍ അത് ഒട്ടിപ്പിടിച്ചു, തന്നെ വിട്ടു പോകരുതേയെന്നു അപേക്ഷിക്കും പോലെ.

അമ്മ ഉറങ്ങിയില്ല. കാടുകള്‍ കടന്നു കടലുകള്‍ കടന്നു അമ്മയുടെ മനസ്സ് വരും കാലങ്ങളില്‍ , അനന്തതയില്‍ മേഞ്ഞു നടന്നു.

കാലചക്രം തിരിഞ്ഞു തുടങ്ങുംമുന്‍പേ, ഒരു നിമിഷവും പാഴാക്കാതെ അമ്മ തിരിച്ചുവന്നു. ഇരട്ടി ഊര്‍ജ്ജവും പതിന്മടങ്ങ്‌ ശോഭയും ഉള്‍ക്കൊണ്ടുകൊണ്ട് അമ്മ പുനര്‍ജനിച്ചു.

“തളരുവാനാവില്ല മകളേ എനിക്ക് നിന്‍
തളിരിളം മേനി തലോടിടുമ്പോള്‍ ”.....

അമ്മയുടെ കണ്ണും മെയ്യും ഉണര്‍ന്നു, കണ്മണിക്കൊപ്പം വളര്‍ന്നു. പുലരിയും സന്ധ്യയും രാത്രിയും പകലും മിഴികള്‍ ചിമ്മും പോലെ വന്നു പോയി. അമ്മയുടെ നോവിന്‍റെ നേരിപോടില്‍ ഹര്‍ഷബാഷ്പം തൂളിക്കൊണ്ട് കിങ്ങിണി കെട്ടി കണ്മണി ആടിപ്പാടി. കരിവളകള്‍ കിലുങ്ങി.. അമ്മ ചിരിച്ചു. നിറഞ്ഞ ചിരിയുടെ ഓളങ്ങളില്‍ കണ്മണി ഒഴുകി നടന്നു. വീഴാതെ, വിതുമ്പാതെ തളരാതെ, തൂവാതെ ഊഷ്മള സ്നേഹത്തില്‍ അമ്മയും കണ്മണിയും അലിഞ്ഞുചേര്‍ന്നു.

പാഷൻ ഫ്രൂട്ട്വെയിലിന്‍റെ മഞ്ഞച്ചിരിയില്‍, മതിലില്‍ പടര്‍ന്നു പിടിച്ച പച്ചപ്പിനു തിളക്കം കൂടി വരുന്നു. പാഷൻ ഫ്രൂട്ട് ചെടിയുടെ വള്ളികള്‍ നിറയെ പൂത്തിരിയ്ക്കുന്നു. നടുവില്‍ വയലറ്റ് നിറമുള്ള, മങ്ങിയ വെള്ളപ്പൂക്കൾ..


രണ്ടുമാസം മുൻപ് കൂട്ടുകാരി മാമി തന്നതാണ് മൂന്നു തൈകൾ! . 

“വിജിതയ്ക്കിപ്പോൾ ഈ പഴം മാത്രമേ കഴിക്കുവാൻ പറ്റൂ. അതും കഷ്ടിച്ച് ഒരെണ്ണം” .

“ അവൾക്കു വേണ്ടി പാകി മുളപ്പിച്ചതാണോ മാമി?”

“ഉം അതെ..”

“ ഇവിടെ നട്ടത് കണ്ടില്ല്യേ മതിലിലേയ്ക്ക് കേറിപ്പടർന്നു തുടങ്ങി,പൂവും വിരിഞ്ഞു.”

“ അവള്‍ക്കിഷ്ടാണോ ഇതിന്റെ പഴം?”

“ഇഷ്ടം നോക്കീട്ടല്ല.. വായ്ക്കു പിടിച്ച് ഒന്നും കഴിക്കാൻ പറ്റില്ല്യ..ഇതിനൊരു ചവർപ്പുംപുളിപ്പും കൊഴുപ്പും ഉണ്ടല്ലോ.. ഡോക്ടറും പറഞ്ഞു ഇത് കഴിക്ക്യാൻ. മറ്റെന്തു കഴിച്ചാലും ശർദ്ദ്യാണ് . ചിലപ്പോ ഒരു തുള്ളി വെള്ളം കുടിച്ചാൽ മതി നിർത്താതെ ഓക്കാനിക്കാൻ.”

“സങ്കടം എങ്ങനെ ഒതുക്കുന്നു അവൾ..?”

“ന്റെ കുട്ട്യേ..അതിനു നമ്മൾ അവളെ കണ്ടു പഠിക്കണം..അത്രയ്ക്ക് ഉറപ്പാ മനസ്സിന്.”
എനിക്കറിയാം അവള്‍ മനസ്സ് തുറക്കില്ല ആരോടും. വളരെ വിരളമായാണ് എന്നോടുപോലും...

“ മാമി കാണാറുണ്ടോ അവളെ ...?”

“ ഉവ്വ്, ഇപ്പോഴും ജോലിയ്ക്ക് വരുന്നുണ്ടല്ലോ. അവസാനസ്റ്റേജാണ്. രക്ഷപ്പെടാനുള്ള സാധ്യത തീരേ കുറവാണ്. ”

ഭ്രാന്തൻകോശങ്ങൾ നിലതെറ്റി പെരുമാറുന്ന അവളുടെ ശരീരം വേദനയുടെ കൂടാരമായി മാറിക്കാണുമെങ്കിലും പ്രത്യാശയുടെ ഒരു തരിമ്പെങ്കിലും ഇപ്പോഴും അവളുടെ മനസ്സില്‍ കാണാതിരിയ്ക്കില്ല. ചാട്ടുളി പോലെ എന്തോ ഒന്ന് എന്റെ നെഞ്ചിലേയ്ക്ക് തുളച്ചു കയറി മിന്നല്‍ പോലെ അസ്തമിച്ചു.

ജോലി മാറിപ്പോന്നതിനുശേഷം അവളെ കണ്ടിട്ടില്ല ..
നേരിടാനുള്ള മടികൊണ്ടോ , കാണാന്‍ ശക്തിയില്ലാഞ്ഞിട്ടോ .. പോയില്ല . ധൈര്യം സംഭരിച്ചു ഒരുനാൾ പോകാനൊരുങ്ങിയപ്പോൾ അറിഞ്ഞു, അവൾ ആരെയും കാണാൻ ഇഷ്ടപ്പെടുന്നില്ലെന്ന് .

തോട്ടത്തിൽനിന്നു പറിച്ച തക്കാളിയും മുരിങ്ങയ്ക്കായും പാഷൻ ഫ്രൂട്ടിന്റെ തൈകളും പൊതിഞ്ഞു കവറിലാക്കി തരുമ്പോള്‍ മാമി പറഞ്ഞു, 
“ ആളെ തിരിച്ചറിയാത്ത വണ്ണം പ്രകൃതം മാറിയിരിക്കുന്നു, തരിമ്പും മാംസമില്ലാതെ, ഒരു ഉണക്കത്തണ്ട് പോലെ..” .

ഇടറിയ സ്വരത്തിന് പതറിയ മറുപടി എന്നായപ്പോൾ സംസാരം നിർത്തി കാറിൽ കയറി. . ഇടയ്ക്കിങ്ങനെ വല്ലപ്പോഴുമേ കാണാറുള്ളൂ എങ്കിലും ആഴം കൂടിയ സൗഹൃദമാണ് മാമിയോട് ഉള്ളത്, വളരെ അടുത്ത ആരോടോ എന്നപോലെ.

മണ്ണിൽ തടമെടുക്കുമ്പോഴുംനടുമ്പോഴും പിന്നെ നനയ്ക്കുമ്പോഴൊക്കെയും വിജിതയെ ഓർക്കാതിരിക്കാനാവുമായിരുന്നില്ല. എങ്ങനെ മറക്കാനാവും..!

അന്നൊരു ചന്ദന കളറിൽ ഇളം നീല കൊച്ചു പൊട്ടുകളുള്ള ഒരു ചുരിദാ റായിരുന്നുഅവൾ ധരിച്ചിരുന്നതെന്ന് കൃത്യമായി ഓർമ്മയുണ്ട്.
“പുതിയ സ്റ്റാഫ് ആണല്ലേ.. ഇതിനു മുൻപ് എവിട്യാ ജോലി ചെയ്തിരുന്നേ..? എവിട്യാ താമസിക്കണേ , ഭർത്താവിന്എവിട്യാണ് ജോലി? എത്ര കുട്ട്യോളാ ? ...”

അങ്ങോട്ടൊന്നും ചോദിക്കേണ്ടി വന്നില്ല, അതിനുള്ള അവസരവും തന്നില്ല.

“ഞാൻ സയൻസ് ലാബിലാണ് , ഒഴിവുള്ളപ്പോൾ അങ്ങോട്ടിറങ്ങൂ”. തിരിച്ചു പോകുമ്പോള്‍ അവള്‍ പറഞ്ഞു. 

ഒരു സൗഹൃദത്തിന്റെ തുടക്കം ..

ഞാൻ ചെല്ലുമ്പോൾ മിക്കപ്പോഴും അവൾ നഖങ്ങളില്‍ പോളിഷ് ഇടുന്ന തിരക്കിലാവും. 
ചായം തേയ്ച്ച്, നഖങ്ങള്‍ക്ക് ഇത്രയും ഭംഗി വരുത്താമെന്ന് ഞാന്‍ പഠിച്ചത് അവളില്‍ നിന്നായിരുന്നു. നീണ്ട വിരലുകളായിരുന്നു അവൾക്ക്. നല്ല ആകൃതിയൊത്ത നഖങ്ങളും.ഒരു പ്രത്യേക തരം തവിട്ടു നിറത്തിലുള്ള പോളിഷായിരുന്നു അവൾക്ക് കൂടുതലിഷ്ടം. 

അരികുകളില്‍ പിടിയ്ക്കാതെ , ശ്രദ്ധയോടെ നല്ല വൃത്തിയായും ഭംഗിയായും അവൾ നഖം മിനുക്കുന്നത് നോക്കിയിരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു ,
“ ഡ്യൂട്ടി സമയത്ത് ഇതൊക്കെ ചെയ്‌താല്‍ ആരെങ്കിലും കാണില്ലേ...” 

“ ഹേയ് ഇല്ലെന്നേയ് .. ഇവിടെ ആരും വരില്ല... കുട്ടികള്‍ ഒഴിയുന്ന നേരം നോക്കിയല്ലേ ഞാനിത് ചെയ്യുന്നേ ..ന്നാലും നീയാരോടും പറയാന്‍ നിക്കണ്ട".

“ ഇല്ല്യ .” 

"ഇങ്ങു വാ പെണ്ണേ, ഞാൻ നിന്‍റെ വിരലുകളിൽ ഇട്ടു തരാം. ഉണങ്ങുംവരെ ക്ഷമിച്ചിവിടെ ഇരിക്കണം" . 

ഒരിക്കല്‍, തുറന്നു വെച്ച പോളിഷിന്റെ കുപ്പിയുമായി ഞങ്ങള്‍ കുനിഞ്ഞിരിക്കുമ്പോള്‍ കൂടെ ജോലി ചെയ്യുന്ന പഞ്ചാബി സുഹൃത്ത് വന്നു.

“ ഞാന്‍ ബോസ്സിനോട് പറഞ്ഞു കൊടുക്കും..” അവന്‍ ഹിന്ദിയില്‍ പറഞ്ഞു.

“ പോടാ കൊരങ്ങാ” ചുണ്ടുകള്‍ കൊണ്ട് കോക്കിരി കാണിച്ച് അവള്‍ പോളിഷിന്റെ കുപ്പി അടച്ചു വെച്ചു.

അയാള്‍ അര്‍ത്ഥം മനസ്സിലാവാതെ തലപ്പാവിളക്കി ചിരിച്ചു, 

“ ആ പൊട്ടന് ഞാന്‍ അവനെ കൊരങ്ങാന്നാണ് വിളിച്ചേന്ന് മനസ്സിലായിട്ടില്ല്യ.. ഇളിക്കുന്നത് കണ്ടില്ലേ ”

ഞാന്‍ പോകാനൊരുങ്ങിയപ്പോള്‍ ചെറിയ ശബ്ദത്തിൽ പാട്ട് വെച്ചുകൊണ്ട് അവള്‍ ജോലിയിലേയ്ക്ക് തിരിഞ്ഞു.

"ഇല കൊഴിയും ശിശിരത്തിൽ ചെറു കിളികൾ വരവായി... 

മനമുരുകും വേദനയാൽ ആണ്‍കിളിയാ കഥ പാടി..." 
മിക്കപ്പോഴും അവള്‍ ശ്രവിയ്ക്കാറുള്ള അതേ പാട്ട്..
വിവാഹ ജീവിതത്തിൽ അല്ലലുകൾ ഉണ്ടെന്ന് ഒരിക്കൽ അവൾ അസ്വസ്ഥതയോടെയാണ് സൂചിപ്പിച്ചത്. 

“ രണ്ടുപേരും സഞ്ചരിയ്ക്കുന്നത് ഇരുദിശകളിലേക്കാണ് , ഒത്തുപോകാനാവുമെന്ന് ഇനി പ്രതീക്ഷയില്ല..” 

“ അപ്പോള്‍ കൊച്ചിനെ എന്ത് ചെയ്യും..” 

“ ഞാന്‍ വളര്‍ത്തും..” 

“ രമ്യതയില്‍ കഴിയാന്‍ ഒന്നൂടെ ശ്രമിച്ചുകൂടെ?” 

“ സ്നേഹത്തിന്റെയോ സാന്ത്വനത്തിന്റെയോ ഒരു മുറുക്കിപിടുത്തം ഞങ്ങള്‍ക്കിടയിലില്ല.. വെറുപ്പും പകയും പെരുകുകയാണ് താനും! തൊടുന്നതെന്തും കുറ്റത്തിലേ ചെന്നവസാനിയ്ക്കുന്നുള്ളൂ.” 

ഇഴ ചേർക്കാൻ ശ്രമിക്കാൻ പറ്റാത്ത വിധം തകർന്നിരുന്നു അവളുടെ ജീവിതം എന്ന് മനസ്സിലാക്കാന്‍ അധികം വേണ്ടി വന്നില്ല.

വേര്‍പിരിയലും മറ്റൊരു വിവാഹം കഴിയ്ക്കലും എല്ലാം കണ്ണടച്ച് തുറക്കുന്ന വേഗത്തിലായെന്ന് തോന്നിപ്പോയി.

സന്തോഷം തേടി പോയ രണ്ടാം യാത്രയിലും അവളെ ഭാഗ്യം തുണച്ചില്ല...

അയാളുടെ സ്നേഹം അവളുടെ ബാങ്ക് അക്കൌണ്ടില്‍ മാത്രം തറഞ്ഞു കിടക്കുന്നതായിരുന്നു . 
അവള്‍ക്ക് തനിച്ചാവാമായിരുന്നില്ലേ ..എന്തിനു വീണ്ടും.. എന്ന് പലപ്പോഴും ചോദിക്കാനാഞ്ഞെങ്കിലും ഇഷ്ടക്കേടിന്റെ മതിലുകൾ പൊളിച്ച് അതിനകത്ത് കടക്കാൻ ഞാനും താല്പ്പര്യപ്പെട്ടില്ല..

നിരാശ സന്തത സഹചാരിയാവാന്‍ തുടങ്ങുന്ന ആ കാലഘട്ടത്തില്‍ തന്നെയാണ് എല്ലാവരേയും തകര്‍ത്തുകൊണ്ട് അവളൊരു അര്‍ബുദരോഗിയാണ് എന്ന വിധിയെഴുത്തുണ്ടായത് , മുപ്പത്തിമൂന്നാമത്തെ വയസ്സില്‍. വളരെ വൈകിയാണ് കണ്ടെത്തിയത് എന്നതിനാല്‍ അര്‍ബുദം ആന്തരീകാവയവങ്ങളെ പലതിനെയും കാര്‍ന്നുതിന്നാന്‍ തുടങ്ങിയിരുന്നു.

പൊയ്മുടി വെച്ച് അവളെക്കണ്ടപ്പോള്‍ അത് ശ്രദ്ധിക്കാതിരിക്കാന്‍ പണിപ്പെട്ടു.. രോഗത്തെക്കുറിച്ച് അവള്‍ ഒന്നും സംസാരിച്ചില്ല, ഞാന്‍ ചോദിയ്ക്കാനും മെനക്കെട്ടില്ല. . സ്വയം ധൈര്യം ആർജിക്കുകയായിരുന്നിരിയ്ക്കാം . ഒന്നും സംഭവിക്കാത്ത പോലെ , പഴയ പോലെ അവൾ കളിയോടെ ചിരിയോടെ നടന്നു. അപ്പോഴും നഖങ്ങളിൽ അവള്‍ക്കിഷ്ടപ്പെട്ട പല നിറങ്ങളിലുമുള്ള ചായങ്ങള്‍ കണ്ടു. ജീവിതത്തിന്റെ നിറക്കൂട്ടുകൾ കൈ വിടാതെ മുറുകെ പിടിക്കാൻ ശ്രമിക്കുകയായിരുന്നോ അവൾ? 

കാണെക്കാണെ അണഞ്ഞുകൊണ്ടിരുന്ന അവളിലെ ജീവന്റെ വെമ്പൽ പകപ്പോടെയാണ് ഞാൻ നോക്കി നിന്നത് . അവളോട്‌ പറയാന്‍ ബാക്കി വെച്ചതെല്ലാം എന്റെ നിര്‍വികാരതയായി പരിണമിച്ചു. 
വരാന്തയുടെ മൂലയില്‍ വെച്ച് അവളെ കണ്ടു മുട്ടിയ ഒരു ദിവസം വലിയൊരു കരച്ചില്‍, ശബ്ദത്തോടെ എന്റെ തോളില്‍ വന്നുവീണു..

“ ന്‍റെ മോന്‍.. ന്‍റെ ജീവിതത്തിന്‍റെ പ്രാര്‍ത്ഥനയാണവന്‍, ആ കുരുന്നിനെ ഒറ്റക്കു പേക്ഷിച്ചിട്ട്‌ ഞാന്‍ എങ്ങനെ പോകും ..എനിക്കിനിയും ജീവിച്ചു കൊതി തീര്‍ന്നില്ല്യ.. ആയുസ്സൊന്നു നീട്ടിക്കിട്ടിയിരുന്നെങ്കില്‍. അവന്‍ വലുതാവുംവരെയെങ്കിലും......” 

ഘനീഭവിച്ചുപോയ നിശബ്ദതയായിരുന്നു എന്‍റെ മറുപടി.

പുതിയ മേച്ചിൽപ്പുറം തേടി ഞാൻ പോരുമ്പോൾ ഒരു വാക്കുപോലും ഉച്ചരിയ്ക്കാന്‍ ആവാതെ മിഴിച്ചു നോക്കി കുറെ നേരം അവളുടെ അരികിലിരുന്നു..

ഒരു വര്‍ഷത്തിനു ശേഷം , ഒരു ക്രിസ്തുമസിനു മുൻപ് എനിക്കവളുടെ സന്ദേശം വന്നു. യാത്ര പോകും മുന്പുള്ള വേവലാതിയും അമ്പരപ്പും ദൈന്യതയും വരികൾക്കിടയിൽ മറഞ്ഞിരുന്നത് ഞാൻ വായിച്ചറിഞ്ഞു.

“ കൂടുതല്‍ ടൈപ്പ് ചെയ്യാന്‍ വിരലുകള്‍ സമതിക്കുന്നില്ല.. കുഴയുന്നു” എന്ന വാചകത്തോടെ അവസാനിച്ച അവസാന സന്ദേശം....

അടുത്ത രാവുകളിലൊന്നിൽ അവൾ മാലാഖമാരെ , അവളുടെ പുതിയ ചങ്ങാതിമാരെ, തേടി പോയി....

ഇടതൂര്‍ന്ന വള്ളികളുടെ ഇരുണ്ട പച്ചപ്പിലൂടെ ഒരു കാറ്റ് വന്നു തഴുകിത്തലോടി നിന്നു. പൂക്കളിലെ വയലറ്റ് നിറം അവസാന നിമിഷത്തിൽ അവളുടെ ചുണ്ടുകൾ എങ്ങനെ ആയിരുന്നിരിക്കാം എന്ന് ഓർമ്മപ്പെടുത്തുന്നുണ്ടായിരുന്നു..

സ്വപ്നത്തിൽ, കാണുമ്പോൾ അവൾക്ക് ചിറകുകളില്ലായിരുന്നു .. അവൾ ഒറ്റക്കായിരുന്നു .
കയ്യിലിരുന്ന തണുത്ത പഴച്ചാറു കുടിക്കാനാവാതെ ശിലപോലെയിരുന്ന ഞാൻ പ്രയാസപ്പെട്ടു ചോദിച്ചു , 
“നീ ചായ കുടിയ്ക്കുന്നില്ലേ..”

“ഞാൻ മരിച്ചെന്നു നിനക്കറിയാമല്ലോ ..എനിക്കിതു കുടിക്കാൻ കഴിയില്ലെന്നും..”

ഉവ്വ് , അവൾ മരിച്ചുവെന്ന് എനിക്കും അവൾക്കും അറിയാമായിരുന്നു ..

ക്ഷമാപാണത്തിന്റെ സ്വരത്തിൽ, .കഴിഞ്ഞ കാലങ്ങളിൽ ഉടക്കി നിന്ന സംസാരം അധികം നീണ്ടില്ല..

“പോകാൻ സമയമായി . ഇനി വരാനാവുമെന്നു തോന്നുന്നില്ല .” 

അവൾ എഴുന്നേറ്റു.. 

മരിച്ച പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും പിൻവിളികൾ ഇല്ലാതെ ആകാശത്തിന്റെ അനന്തതയിലേയ്ക്ക് അവൾ മാഞ്ഞുപോയി..

കയ്യിൽ നനവ്‌ തട്ടിയപ്പോഴാണ് ഉണർന്നത്. കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. രാത്രി അവസാനിക്കുകയായിരുന്നു.. 

അനിശ്ചിതത്വം മണക്കുന്ന വരണ്ട കാറ്റ് തങ്ങി നില്‍ക്കുന്ന, നീണ്ട പകലിലേയ്ക്കുള്ള ഉണർച്ച ....

ദ്രവിക്കാത്ത ഓർമ്മകളും വഹിച്ചുകൊണ്ട്, പാഷൻ ഫ്രൂട്ടിന്റെ ചെടി പിന്നെയും പടർന്നു. ഒരിയ്ക്കലും കായ്ക്കാത്ത വള്ളികളിൽ വയലറ്റ് നിറം മയങ്ങിക്കിടന്നു..

കളവാണ്യമ്മായി
കാറാങ്കിളികൾ മുറ്റത്തെ മാവിൻചുവട്ടിൽ ഇരുചെവി കേൾപ്പിക്കാതെ ചിലയ്ക്കുന്നത് കേട്ട്, വായിച്ചുകൊണ്ടിരുന്ന പത്രം മടിയിലിട്ട്, കുറച്ചു നേരം അവരെ നോക്കിയിരുന്നു . കളവാണ്യമ്മായി ഇങ്ങനെ ആയിരുന്നു. നിർത്താതെ ചിലയ്ക്കും.. കാറിക്കൊണ്ടിരിയ്ക്കും... 

അവജ്ഞയും അരിശവും കൂടിക്കലര്‍ന്ന ഒരു ഭാവമായിരുന്നു അമ്മായീടെ മുഖത്തെപ്പോഴും. വല്ലപ്പോഴുമേ ചിരിക്കാറുള്ളു. അപ്പോഴാണെങ്കില്‍ തെളിഞ്ഞ മാനം പോലെ, നല്ല ചന്തവും.. അടയ്ക്കാമരത്തിന്റെ നാല് കാലുകളിൽ വെച്ചുകെട്ടിയ കൂര ഭാഗീഗമായേ മറച്ചിരുന്നുള്ളൂ. അതിനകത്തായിരുന്നു , ആരോടോ വാശി തീർക്കും പോലെ അമ്മായീടെ ഒറ്റയ്ക്കുള്ള വാസം. 

നന്നേ ചെറുപ്പത്തിൽത്തന്നെ അമ്മായീടെ കല്ല്യാണം കഴിഞ്ഞിരുന്നു. അതിലൊരു മകളുമുണ്ടായി. ഇടക്കാലത്ത്, മറ്റൊരു സ്ത്രീയുമായുള്ള രഹസ്യ ബന്ധം അങ്ങാടിപ്പാട്ടായപ്പോഴാണ് അമ്മായി കുഞ്ഞയ്പ്പനമ്മാനെ ഉപേക്ഷിച്ചു ഒറ്റത്തടിയായത്. വർഷങ്ങളോളം അവർ വേർപിരിഞ്ഞു ജീവിച്ചു. മകളെ കല്ല്യാണം കഴിച്ചയച്ച ശേഷം അമ്മാവൻ വീണ്ടും അമ്മായീടെ സംബന്ധ ക്കാരനായി . ഇടയ്ക്ക് തല കാണിക്കാൻ എത്തുന്ന അമ്മാവൻ മുറ്റത്തെത്തും മുൻപേ, അമ്മായീടെ ചീറലും കാറലും കേൾക്കാം. 

“ഹെന്ത്യേയ് പോന്നേ ആ മൂദേവീടെ അടുത്തുന്ന്??..തന്തയ്ക്കു മത്യായാ..നാണല്ല്യാണ്ടേ വന്നിരിക്ക്യാ സംബന്ധത്തിന് !”
അവസാനിക്കാത്ത മാലപ്പടക്കത്തിനു തിരികൊളുത്തും അമ്മായി..

പയ്യെ പയ്യേ കോലാഹലങ്ങൾ കെട്ടടങ്ങുമ്പോൾ അപൂർവ്വമായി കേൾക്കാറുള്ള ചിരിയും കളിയുമാവും. രണ്ടോ മൂന്നോ ദിവസം അവരൊരുമി ച്ചുണ്ടാകും.. ഇടയ്ക്കിടെ ചീറ്റപ്പുലിയെ പോലെ ചീറിയടുത്തും കാറാങ്കിളിയെപ്പോലെ ചിലച്ചാട്ടിയുംവളരെ വിരളമായി മാത്രം , പ്രേമമയിയായി മാറിയും അമ്മായീടെ ഉത്സവക്കാലം .

എത്ര വഴക്ക് കേട്ടാലും "പ്രിയേ..ചാരുശീലേ ചന്ദ്ര മുഖീ" എന്ന് തുടങ്ങുന്ന ഈരടികൾ പലതും മൂളി അമ്മാവൻ ചാണം മെഴുകിയ തറയിൽ മരത്തൂണിൽ ചാരി നിർവികാരനായി ഇരിക്കുകയേ ഉള്ളൂ . 
ഇടയ്ക്ക് അമ്മായിയെ ചൊടിപ്പിയ്ക്കാൻ ചുവടു മാറ്റി പാടും..

“കല്ല്യാണീ കളവാണീ കുന്നത്ത് പുര കെട്ടി 
കോത്തായിരാമന്‍റെ ....... കട്ടു”....

“ കട്ടത് തന്റെ മൂദേവീടെ അച്ചാച്ചൻ...ദേ മനുഷ്യാ. എന്നെക്കൊണ്ട് വെറുതേ.. ഹ്ഉം.പറഞ്ഞില്ലെന്നു വേണ്ടാ.. ......” അമ്മായി കിട്ടിയത് കയ്യിലെടുത്ത് ഓങ്ങും.

അമ്മാവൻ പോയശേഷം ഒറ്റയ്ക്കാവുമ്പോൾ രാത്രി കിടക്കാൻ അമ്മായി എന്‍റെ വീട്ടിലേക്കു വരികയാണ് പതിവ്. തലയിലൂടെ ഒരു പുതപ്പിട്ടു മൂടി മുറിയുടെ മൂലയില്‍ വിരിച്ച തഴപ്പായയിൽ ചുരുണ്ടുകൂടി കിടക്കും. കഥ പറഞ്ഞു തരുമോ എന്ന് ചോദിച്ചു ചെന്നാല്‍ അമ്മായി ദേഷ്യത്തില്‍ നോക്കും. കുറെ നിര്‍ബന്ധിച്ചാല്‍ പ്രാകിയിട്ടാണെങ്കിലും കഥ പറയാന്‍ തുടങ്ങും. പ്രേതത്തിന്‍റെയും ചെകുത്താന്‍റെയും യക്ഷീടെയും കഥകള്‍ . അപ്പോ അമ്മായിക്ക് ദേഷ്യമൊക്കെ പോയി നല്ല ഉണര്‍വ്വാകും. കഥ പറഞ്ഞു തുടങ്ങുമ്പോഴേക്കും ഞാന്‍ വിറക്കാന്‍ തുടങ്ങും. തൊണ്ട വറ്റി വരളും. അമ്മായിയെ കെട്ടിപിടിച്ചു കഥ കേട്ട് കിടക്കും. രാത്രി ദുസ്വപ്നം കണ്ടു എഴുന്നേറ്റു കരയും. 

അമ്മയ്ക്ക് എന്നും പറയാനുണ്ടാവും “മനുഷ്യനെ കെടത്തി ഒറക്കില്ല്യ......” 

" മോളിങ്ങട്പോരെറീ ക്രാവേ ... നിനക്ക് ഞാൻ നങ്ങേലീടേം ഭൂതത്തിന്റെം കഥ പറഞ്ഞു തരാം.."
എന്നോട് മാത്രമായി ചിരിച്ച് അമ്മായി വിളിയ്ക്കും..

ചില വാരാന്ത്യങ്ങളിൽ ഞാൻ അമ്മായീടെ ഓലപുരയില്‍ പായ വിരിച്ചു കാറ്റുകൊണ്ടു കിടക്കും. ഒരേയൊരു മുറിയേ ഉള്ളൂ വീടിന്. കിഴക്ക് വടക്കേ മൂലയിലായി മൂന്നു കല്ലിട്ടു ഒരു അടുപ്പും. അതില്‍ ഓലക്കുടിയും ചുള്ളികമ്പുകളും വച്ചു തീ പിടിപ്പിച്ച്, അമ്മായി ഊതിയൂതി കത്തിക്കും.

കനലില്‍ ചുട്ട മുളകും പുളിയും ഉപ്പും കോര്വപലകയില്‍ വച്ചു അരച്ച ചമ്മന്തീം റേഷനരി അടുപ്പത്തിട്ട് തിളപ്പിച്ച്‌ കോരിയതും ആണ് അമ്മായീടെ കുടിയിലെ സ്ഥിരമായ ഭക്ഷണം.. അതിന്‍റെ രസം നുണയാന്‍ അമ്മേടെ കണ്ണ് വെട്ടിച്ച് വേലി ചാടി പോകുന്ന എന്നെ കയ്യോടെ പിടികൂടി അമ്മ പറയും,
“ഇതെന്തൊരു ജന്മം!. ഇവിടെ ഇമ്മാതിരി കഴിക്കാനുണ്ടായിട്ടാണ് അവള്‍ ആ ചമ്മന്തികൂട്ടി കൊടല് കത്തിക്കാന്‍ പോണേ”. 

മഴക്കാലത്ത് വീട്ടിലെ പറമ്പിലെ ചവറിൽ വീണു കിടന്നു കിളിർത്ത കശുവണ്ടിയുടെ പരിപ്പെടുത്തു അമ്മായി കറി ഉണ്ടാക്കും.. ഇളം പച്ച നിറത്തിൽ വിടർന്നു നില്ക്കുന്ന അണ്ടിപ്പരിപ്പ് അടർത്തിയെടുക്കുന്നതിൽ ഒട്ടുമുക്കാലും കറിയാക്കുംമുൻപേ ഞാൻ കഴിച്ചുതീർക്കും .

“നീയിങ്ങനെ തിന്നാ ഞാമ്പിന്നെ എന്തൂട്ടാടി കൂട്ടാൻ വെയ്ക്ക്യാ? 

അമ്മായീടെ നെറ്റി ചുളിയുമ്പോ ഞാൻ കയ്യിട്ടു വാരൽ നിർത്തും.

ഇടയ്ക്കു ഒരു പാത്രവുമായി അമ്മായി വീട്ടിലേക്കു വരും.

“ഇച്ചിരി കൂട്ടാന്‍ തന്നേറീ ക്രാവേ ..”

കൊടുത്താൽ ഉടനെ പാത്രത്തിലാക്കിയ കൂട്ടാന്‍ എടുത്തു വായിലിടും. അമേധ്യം വായിലിട്ട ഭാവത്തില്‍ നെറ്റി ചുളിച്ചു പിടിക്കും. എന്നിട്ട് പറയും,
“ഇതെന്തൂട്ട് പൊട്ട കൂട്ടാനണ്ടീ..ന്നാലും മേണ്ടില്ല്യ തെല്ലൂടി ഇങ്ങട് ഇട്”.

“ഈ തള്ളേടെ ഈ പുച്ചസ്വഭാവാ എനിക്ക് പിടിയ്ക്കാത്തേ.. ന്നാ പിന്നെ ന്റെ കൂട്ടാൻ വേടിയ്ക്കാൻ ങ്ങട് വരണാ..?”

വനജേച്ചി കെറുവിച്ചു അകത്തു കേറിപ്പോകും.
ഒരിയ്ക്കൽ , ഞാൻ അമ്മയിലരച്ച പച്ച മഞ്ഞൾ മുഖത്ത് തേയ്ച്ചു പിടിപ്പിക്കുന്നതിനിടയിൽ അമ്മായി “പൊട്ടക്കൂട്ടാൻ” വാങ്ങാൻ വന്നു.

“ഇതൊന്നും തേച്ചിട്ട് കാര്യല്ല്യ ക്രാവേ ..എന്റെ കയ്യില്‍ ഒരു ഒറ്റമൂലിണ്ട്. പക്ഷെ പറഞ്ഞു തരാമ്പറ്റില്ല്യാ ”

വെളുക്കുമെങ്കിൽ ചാണകം വരെ മുഖത്ത്‌ വാരി പൊത്താന്‍ തയാറായിരുന്ന ഞാന്‍ അമ്മായിയെ വിട്ടില്ല..

“എന്താമ്മായീ...ന്റെ പൊന്നമ്മായീ ഞാനൊന്ന് വെളുത്തു സുന്ദര്യായിക്കോട്ടേ...”

“ഇല്ല്യറി ക്രാവേ കേട്ടാലും നീയിതു ചെയ്യില്ല്യ..”

“ഉവ്വ്..എത്ര ബുദ്ധിമുട്ട്യാലും ഞാൻ ചെയ്യും..”

“അതിനു നീ വയസറിയിച്ചാ.. ?”

“ഉവ്വല്ലോ..എത്രയോ നാളായി!!..”

“തക തെയ് അപ്പൊ ഞാനീ പൂരമൊന്നും അറിഞ്ഞില്ലേ.. മണി പറഞ്ഞില്ലല്ലാ”

ന്നാ പറഞ്ഞു തരാം വാ.. പക്ഷെ നീയിതു വേറെ ആരോടും പറയരുത്..പറഞ്ഞാൽ ഫലം പൂവും...”
ന്നിട്ട് അമ്മായി സ്വകാര്യമായി ചെവിയില്‍ പറഞ്ഞു തന്നു....

ഞാൻ അസ്തപ്രജ്ഞയായിരുന്നുപോയി.. . കൂടെ ഒരു തലകറക്കം പോലെയും. അറപ്പുകൊണ്ട് ഞാൻ ചൂളി. രക്തത്തിൽ പുരണ്ട എന്റെ ഭീഭൽസമുഖം ഓർത്ത് ഞാൻ കൂടെക്കൂടെ ഞെട്ടി..

വിശ്വസിക്കാന്‍ പ്രയാസമുള്ള ആ രഹസ്യം ഇന്നോളം ആരോടെങ്കിലും പറയാനോ പരീക്ഷിച്ചു നോക്കാനോ ഞാന്‍ മെനക്കെട്ടിട്ടില്ലെന്നു മാത്രമല്ല അതിലും ഭേദം ഇത്തിരി കറുത്തിരിക്കുന്നതാണ് എന്ന നിഗമനത്തിൽ എത്തുകയും ചെയ്തു..

അമ്മായീടെ മകള്‍ ദമയന്തി സുന്ദരിയായിരുന്നു. തെക്കുനിന്ന് വന്ന കറുത്ത് മിനുത്ത ഗോപാലേട്ടനാണ് കുറെ വർഷങ്ങൾക്കു മുൻപ് ദമയന്ത്യേച്ചിയെ കല്ല്യാണം കഴിച്ചു ബോംബേക്കു കൊണ്ട് പോയത് . അതിനു ശേഷം രണ്ടോ മൂന്നോ കൊല്ലം കൂടുമ്പോൾ ദമയന്ത്യേച്ചി കുട്ട്യോളെയും കൊണ്ട് ഈ ഓലക്കുടിലിൽ പാർക്കാൻ വരുമായിരുന്നു. രണ്ടു പെണ്‍കുട്ട്യോളാണ്, എന്‍റെ സമപ്രായക്കാര്‍ . ബോംബയിലാണെങ്കിലും ദമയന്ത്യേച്ചി അവരെ മലയാളത്തില്‍ സംസാരിക്കാന്‍ പഠിപ്പിച്ചിരുന്നതുകൊണ്ട് ഞാനവരുമായി വേഗത്തിൽ ചങ്ങാത്തമായി.

ഒറ്റമുറി മാത്രമുള്ള അമ്മായീടെ ഓലപുരയില്‍ ഒന്നിനും സൌകര്യമില്ലാത്ത കാരണം അവര്‍ വന്നാല്‍ എന്‍റെ വീട്ടിലായിരുന്നു താമസം. രാത്രികളില്‍ , ഇരുണ്ട വെളിച്ചത്തിൽ ഞങ്ങള്‍ ഒളിച്ചു കളിച്ചു, ഓടിത്തൊട്ടു കളിച്ചു. കടലാസ്സു ചുരുട്ടി ഒരറ്റം കത്തിച്ചു മറ്റേയറ്റം വായില്‍ വച്ചൂതി സിഗരറ്റാക്കി വലിച്ചു രസിച്ചു. 

അവരെന്നെ ഹിന്ദി പഠിപ്പിക്കാമെന്ന് പറയുമ്പോൾ ആഗ്രഹമുണ്ടെങ്കിലും ക്ഷമയോടെ ഒരു നിമിഷം അടങ്ങിയിരിക്കാന്‍ ഇഷ്ടമില്ലാത്ത ഞാന്‍, ഹിന്ദി പഠിക്കുന്നതിന് പകരം, മരത്തിൽ കയറുന്നതെങ്ങനെയെന്ന് അവർക്ക് കാണിച്ചുകൊടുത്തു. പേരമരത്തിന്റെ തുഞ്ചത്താടി പഴുത്ത പേരക്കായ പറിച്ചു ഞാൻ അവർക്ക്നേരെ എറിഞ്ഞു കൊടുക്കുമായിരുന്നു..

ഒരു വേനലവധിയ്ക്ക് വന്നപ്പോഴാണ് ആ കുട്ട്യോൾ എന്നെ കേയ്ക്കുണ്ടാക്കാൻ പഠിപ്പിച്ചുതന്നത് . നല്ല ബ്രൌണ്‍ നിറത്തിലുള്ള പ്ലം കേക്ക്.അന്നാദ്യമായാണ് കേയ്ക്കുണ്ടാക്കുന്ന ഓവൻ ഞാൻ കാണുന്നതും.

അവധി കഴിയുമ്പോൾ അവരെ യാത്രയാക്കാന്‍ അമ്മ എന്നെയും കൊണ്ട് റെയില്‍വേ സ്റ്റേഷനില്‍ പോകാറുണ്ട്,. അവര്‍ക്ക് കായ വറുത്തതും ചക്ക വറുത്തതും പൊതിഞ്ഞു കൊടുക്കും..ട്രെയിന്‍ കയറി അവര്‍ പോകുമ്പോള്‍ എനിക്ക് സങ്കടം വരാറുണ്ട്. ബോംബേയില്‍ ചെന്നാല്‍ അവര്‍ എനിക്ക് കത്തുകളയക്കും. ഇങ്ക്ലീഷിലെഴുതിയ കത്തുകള്‍......വാക്കുകൾ പെറുക്കിക്കൂട്ടി വെച്ച് ഞാനെന്റെ ഒഴുക്കില്ലാത്ത ഇങ്ക്ലീഷിൽ അവരുമായി വിശേഷങ്ങൾ കൈമാറിപ്പോന്നിരുന്നു.

പിന്നെ അവര്‍ വരാതായി. അവര്‍ക്ക് ബോംബേയിലെ ജീവിതമേ പിടിക്കുള്ളൂത്രേ! ക്രമേണ കത്തെഴുത്തു നിന്നു. ഒരു തിരിച്ചു വരവില്ലെന്ന ഘട്ടവും വന്നു പിന്നീട്.

ശാസം മുട്ടും ദീനവും പിടിപെട്ട് അമ്മായി കിടപ്പിലായപ്പോൾ കുഞ്ഞയ്പ്പനമ്മാൻ അമ്മായീടെ കൂരയിൽ സ്ഥിരതാമസമുറപ്പിച്ചു .

കഞ്ഞീം വെള്ളോം വായിൽ കോരിക്കൊടുത്തും കുളിപ്പിച്ചും തോർത്തിയും അരികിൽ നിന്നും മാറാതെ അമ്മാവനുണ്ടായിരുന്നു കൂടെ . ഒരു പക്ഷെ അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല കാലമായിരുന്നിരിക്കണം ആ ദീനകാലം. ശബ്ദമില്ലാതെ ബഹളമില്ലാതെ ആ ഓലപ്പുരയിൽ സ്നേഹം നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. 

ഞാൻ കോളെയ്ജിൽ നിന്നും തിരിച്ചു വന്ന ഒരു സന്ധ്യയ്ക്ക് ആ കൂരയെ പൊതിഞ്ഞു ആളുകളെ കണ്ടു. ഉച്ചക്കെപ്പോഴോ അമ്മായി വിട ചൊല്ലിയിരുന്നു.

കശുമാവിൻ ചുവട്ടിൽ മൂകനായി ഇരുന്നിരുന്ന അമ്മാവനെ അകലെനിന്നു നോക്കിയേയുള്ളൂ. അടുത്ത് ചെല്ലാൻ, ആശ്വസിപ്പിക്കാൻ, ഞാൻ ധൈര്യപ്പെട്ടില്ല.

ഇരുട്ടും മുൻപേ കശുമാവിന്റെ ഇലകൾക്കിടയിലൂടെ ഉയരുന്ന പുകയിൽ പലതരം ഭാവങ്ങളിൽ അമ്മായി കാറിക്കാറി ചിരിച്ചു..

“പത്രം മടിയിലിട്ട് വാവയെന്താ ആലോചിച്ചിരിക്കണേ ...?”

മാമ്വേട്ടൻ സൈക്കിൾ മുറ്റത്തെ മാവിൽ ചാരി വെച്ച് വരാന്തയിലേയ്ക്കു കയറി..

വർഷങ്ങൾ എത്ര പിന്നിട്ടു..ഒരു മഴയിൽ ആ കൂര ഇടിഞ്ഞു വീണു..അതിനും എത്രയോ മുൻപേ അമ്മാവനും മരിച്ചുപോയി! 

ഞാനിപ്പോ അവരെ ഓർക്കുമെന്ന് ആരോർത്തു..!

ഒന്നും പറയാതിരുന്നപ്പോൾ മാമ്വേട്ടൻ പടിഞ്ഞാമ്പ്രത്തേയ്ക്കു പോയി.

കിളികൾ അടുത്ത മുറ്റമോ മരമോ തേടി പറന്നു പോയി .
പത്രം വായിക്കപ്പെടാതെ കസേരയിൽത്തന്നെ കിടന്നു..

“രെസ്തുതിമാനേ ആഹാ ആഹഹാ ”“രെസ്തുതിമാനേ ആഹാ... ആഹഹാ ”....വിശോകൻ ഹിന്ദിപ്പാട്ട് തുടങ്ങി.. മാങ്ങ എറിയാൻ നേരം അവൻ അങ്ങനെയാണ് .ന്നാലേ ഉന്നം കിട്ടുള്ളൂന്ന്! എന്റടുത്ത് ആളാവലും കൂട്യാണ് അത്. ഈ പത്തുവയസ്സുകാരിയ്ക്ക് ഹിന്ദി അറിയില്ല്യല്ലോ. അവൻ പാടുന്നത് കേട്ട് ഞാനും പാടും ..
“രെസ്തുതിമാനേ ആഹാ ആഹഹാാ”.

“ഡിസ്കോ ദിവാനേ ....” എന്ന പാട്ടിന്‍റെ വരികളാണ് വിശോകനാല്‍ ഇത്തരത്തില്‍ വികൃതഭാഷാരൂപം കൈകൊണ്ടതെന്ന്‍അന്നെനിയ്ക്ക് 
റിയില്ലായിരുന്നു.അവനുബോംബെയില്‍ ബന്ധുക്കളുണ്ട്. എനിക്കുമുണ്ട് അവിടെ ബന്ധുക്കള്. പക്ഷെ ഹിന്ദി പറയാനൊന്നും എനിക്കറിഞ്ഞൂടാ. അതോണ്ട് ഹിന്ദി പറയുന്ന അവനോടു ബഹുമാനം ഉണ്ടാവൂലോ.

മുകളിലെ പഴുത്ത മാങ്ങാക്കുലയിലേയ്ക്ക് കല്ലെറിഞ്ഞുകൊണ്ട് അവൻ പാടി. 
“പ്യാരുമേരേ പ്യാരുമേരേ പ്യാരേ
 മേത്ത് ഗയാ പ്യാരേ 
അപ്പ്യാ നിഷാഷാ.....അപ്പ്യാ നിഷാഷാ.....” 

ആ പാട്ടില്‍ മനം നൊന്ത് തൊലി കയ്പ്പന്‍ മാമ്പഴം കയ്പ്പോടെ വീണു... 

കാലങ്ങളോളം ഞാനും ഈ വരികള്‍ മൂളി നടന്നിരുന്നു . ഡിഗ്രി ക്ലാസ്സിലെ കൂട്ടുകാരി ഒരിക്കല്‍ പരിചിതമായ ആ ഈണത്തില്‍ പാടിയപ്പോഴാണ് അതിന്‍റെ ശരിയായ വരികള്‍ എന്തെന്ന് ഞാന്‍ മനസ്സിലാക്കിയത്. ചിറ്റ് ചോര്‍ എന്ന ഹിന്ദി പടത്തിലെ,
“ഗോരി തേരാ ഗാവ് ബഡാ പ്യാരാ
മേതൊ ഗയാ മാരാ 
ആഖേ യഹാരേ ആഖേ യഹാരേ ...”

അന്ന് വിശോകനു സാഷ്ടാംഗം നമസ്കാരം പറഞ്ഞു മനസ്സില്‍.. ഈ പാട്ട് രചിച്ചവരും പാടിയവരും പാടി അഭിനയിച്ചവരും കൂട്ട ആത്മഹത്യ ചെയ്യാന്‍ പാകത്തിന് വിശോകന്‍ അതിനെ പരിഷ്ക്കരിച്ചിരുന്നു .

അവനെ എല്ലാവരും ചട്ടമ്പി എന്നാണു വിളിച്ചിരുന്നത്‌. 
ഞാൻ കുഞ്ഞമ്മ എന്ന് വിളിയ്ക്കുന്ന അവന്റെ അമ്മ പറയും, 


"ന്റെ മോൻ പാവമാടി മോളേ.. എത്ര തല്ലാണ് അവൻ കൊള്ളുന്നത്‌ ദിവസോം..".!

ഞാൻ കണ്ടിട്ടുണ്ട് അവന്‍റെ ചേട്ടന്മാര്‍ അവനെ കശുമാവില്‍ കെട്ടിയിട്ടു തല്ലുന്നത്. എന്നാലും അവന്‍റെ കുറുമ്പ് കുറഞ്ഞില്ല. പക്ഷേ എന്നെ വലിയ ഇഷ്ടമായിരുന്നു . അതോണ്ടല്ലേ ഞാൻ അവന്റെ ഹിന്ദി സഹിയ്ക്കുന്നത് !

എറിഞ്ഞു വീഴ്ത്തിയ മാങ്ങകളിൽ പുരണ്ട മണ്‍തരികൾ തട്ടിക്കളയുമ്പോ കുഞ്ഞുണ്ണ്യാപ്പൻ അതിലേ വന്നു.

“ മണ്യേയ്.. പാപ്പൻ പടിഞ്ഞാറേ തലയ്ക്കന്നു പിടിയ്ക്കാം ട്ടോ.. കൊറച്ചു കഴിയുമ്പോ ഇച്ചിരി കാപ്പി കൊടുത്തു വിട്ടോളൂ കുട്ട്യോൾടെ കയ്യില് .”

ചുമലും തളർത്തിയിട്ട് കൈയ്യിൽ രണ്ടു തളപ്പുകളുമായി കുഞ്ഞുണ്ണ്യാപ്പൻ പറമ്പിന്റെ പടിഞ്ഞാറേ ഭാഗത്തേയ്ക്ക് നടന്നു.

തലപ്പത്ത് പച്ചപ്പൂക്കുട ചൂടി അടുത്തടുത്ത്‌ നിരന്നു നില്ക്കുന്ന വെളുത്തു മെലിഞ്ഞ അടയ്ക്കാമരങ്ങൾ..
കുഞ്ഞുണ്ണ്യാപ്പൻ കഞ്ഞിപ്പശയില്ലാത്ത മുണ്ടിന്റെ കോന്തലയെടുത്ത് താറുടുക്കും പോലെ വളച്ചൊതുക്കി പിന്നോട്ട് വലിച്ച് പന്ത് പോലെ ചുരുട്ടി ഉരുട്ടി അരയിൽ തിരുകി. വള്ളി പിരിച്ചുണ്ടാക്കിയ തളപ്പിലൂടെ രണ്ടു കാൽ പത്തികളും കടത്തിയിട്ടു അനായാസേന കൌങ്ങിൽ കയറി മുകളിലെത്തി പറിച്ചു താഴേയ്ക്കിടുകയാണ് , ഓറഞ്ചു നിറത്തിൽ പഴുത്തു വിളഞ്ഞ അടക്കകൾ. ന്നിട്ട് ഒറ്റ ആട്ടലാണ് മരം..അതാ പറക്കുന്നു ഒരു കൈ നീട്ടി അടുത്ത മരത്തിലേയ്ക്ക്‌! അതീന്നു അടുത്തതിലേയ്ക്ക്..പരിസരത്തുള്ള കവുങ്ങെല്ലാം വെളുപ്പിച്ചു കഴിഞ്ഞാൽ താഴേയ്ക്ക് ഊർന്നിറങ്ങുകയായി....

“വാവുട്ട്യേയ്.. പോയി കൊറച്ചു വെള്ളം കൊണ്ടാടാ അച്ചാച്ചന്..”
പാപ്പൻ അടുത്ത കവുങ്ങുംകൂട്ടത്തിലേയ്ക്ക് നടന്നു.

"ശരി കുഞ്ഞുണ്ണ്യാപ്പാ"
“ ഹെയ്..പാപ്പനോ ? അച്ചാച്ചനല്ലേടീ..”
"ഞാനും അമ്മ വിളിയ്ക്കണ പോല്യേ വിളിയ്ക്കുള്ളൂ, നിയ്ക്കതാ ഇഷ്ടം.."
“ന്നാ ചെല്ല് .. കാപ്പീം തെല്ല് വെള്ളോം എടുത്തോളൂ” 
“പ്പോ കൊണ്ടരാം ട്ടാ” 

ഓലപമ്പരം പറത്തി ഞാനും വിശോകനും വെള്ളോം കാപ്പീം കൊണ്ടുവന്ന് വേലിയരികിൽ വെച്ച് നോക്കി നില്പ്പായി ഒരുമരത്തീന്നു മറ്റൊന്നിലേയ്ക്കുള്ള ആകാശത്തെ പകർന്നാട്ടം.

"ഇന്ക്ക്യും കേറണംഅതുപോലെ..എന്ത് രസാ.."

"കേറാലോ" 

അവൻ മരക്കൊമ്പിൽ തൂങ്ങുന്ന തളപ്പ് എടുത്തു തന്നു. ഞാൻ അത് കാലിലിട്ടിട്ട്  കവുങ്ങിൽ പൊത്തിപ്പിടിച്ചു 
നെഞ്ഞുരച്ചുരച്ച്
 കുരങ്ങിനെപോലെ ചാടി കയറി.പകുതിയിൽ ഊർന്നു വീണു .ദേഹത്തെ തൊലിയൊക്കെ പോയി. 


"ഹും..ഇത് ശര്യാവൂല.."

"സാരല്ല്യ ഒന്നൂടെ നോക്ക് ശര്യാവും.." വിശോകൻ ധൈര്യം പകർന്നു. 

"ഉം.. നോക്കാം.."

രണ്ടാമതും മൂന്നാമതും വീണു . നാലാമത്തേതിൽ തുഞ്ചത്തെത്തി..

ഹായ്... അടയ്ക്കയുടെ ഇളം കുലകൾ..എന്തു ഭംഗി! ! ഒരു തണ്ടിനു ചുറ്റും പടർന്ന ഇളം മഞ്ഞ ചെറു തണ്ടുകൾ,,അതിൽ കുഞ്ഞുകുലകളിൽ സ്വർണ്ണഗോതമ്പുമണികൾ പോലെ അടയ്ക്കാ തരികൾ ! പൊട്ടിച്ചു വായിലിടുമ്പോ ഇളം മധുരം..ഇളം ലഹരി..

"ഇറങ്ങിക്കോ വാവേ അമ്മ കണ്ടോണ്ടു വരണ്ടാ.." വിശോകൻ അപകട സൂചന നല്കി. 

"എറങ്ങാടാ ധൃതി പിടിയ്ക്കല്ലേ " എനിയ്ക്ക് രസം മൂത്തു.

അവിടെയിരുന്നു താഴേയ്ക്ക് നോക്കുമ്പോ അഹങ്കാരം കൊണ്ട് 
 പരിസരം മറന്നു എന്നെ മറന്നു.. കുഞ്ഞുണ്ണ്യാപ്പനെ മനസ്സില് ധ്യാനിച്ച്‌ തുഞ്ചത്തിരുന്നാടിയാടി അടുത്ത കവുങ്ങിലേയ്ക്ക് കൈനീട്ടി ഒറ്റ പറത്തം. പിടി കിട്ടീ കിട്ടീല..മരത്തിലൂടെ ശ്ശുർന്നു താഴോട്ട് .ബാക്കീണ്ടായ തൊലീം പകുതിയോളം ബോധോം കൂടി ടാറ്റാ പറഞ്ഞു പോയി.. 


വീണിതല്ലോ കിടക്കുന്നു അടയ്ക്കാമര ചോട്ടിൽ പാവം ഞാൻ ..! 

കുഞ്ഞുണ്ണ്യാപ്പനും വിശോകനും ഓടി വന്നു.
"ന്തൂട്ട് അക്രമാ ഈ ക്ടാവ് കാണിച്ചേ ന്റെ പുത്തുക്കാവ് ഭഗവതീ "

കുടിക്ക്യാൻ കൊണ്ട് വെച്ച വെള്ളം മുഴോനും കുഞ്ഞുണ്ണ്യാപ്പൻ എന്റെ മുഖത്ത് തളിച്ചു.

"ഈ തല തെറിച്ച ചെക്കനാണ് ക്ടാവിനെ വേണ്ടാതീനങ്ങൾ പഠിപ്പിക്കണത്.. നിന്റമ്മേ കാണട്ടെഡാ നിനക്കുള്ളത് വെച്ചിട്ടുണ്ട്.". 

"മോളേ.. " കുഞ്ഞുണ്ണ്യാപ്പൻ ആകുലപ്പെട്ടു വിളിച്ചു.
കൈകൾക്കടിയിലൂടെ കോർത്തെടുത്ത്‌ എന്നെ ഇടത്തോട്ടും വലത്തോട്ടും വീശി. 
എനിയ്ക്ക് പതിയെ നിൽക്കാമെന്നായപ്പൊ അടയ്ക്കാകുലകൾ വലിച്ചു കൂട്ടി കുഞ്ഞുണ്ണ്യാപ്പൻ പിച്ചാത്തി കൊണ്ട് അടയ്ക്ക പൊളിയ്ക്കാൻ തുടങ്ങി. 


വിശോകന്റെ മുഖം വാടി.

മൂക്കാത്ത അടയ്ക്ക വായിലിട്ടു ചവച്ചു വിശോകൻ പറഞ്ഞു ,
"നിനക്ക് സമാധാനായല്ലോ നീ വികൃതി കാണിച്ചാലും വഴക്കെനിക്ക്. ഇതെവിടുത്തെ ന്യായം.."?

ഞാൻ കുണുങ്ങി ചിരിച്ചു..

"ഞാൻ പൂവ്വാ..".അവൻ വിഷമത്തോടെ പിണങ്ങിപ്പോയി.

അന്ന് പോയതിൽ പിന്നെ കുറെ നാളുകള്‍ അവനെ കണ്ടില്ല്യ.

" വിശോകൻ എവിട്യാ കുഞ്ഞമ്മേ കാണാറില്ലല്ലോ.."
വീട്ടില് പണിയ്ക്ക് വന്ന കുഞ്ഞമ്മയോടു തിരക്കി. 

"അവനു സുഖല്ല്യ മോളേ." 

അന്ന് കുഞ്ഞമ്മ ജോലി കഴിഞ്ഞു പോകുമ്പോള്‍ ഞാനും കൂടെ പോയി വിശോകനെ കാണാന്‍.. ഓടു മേഞ്ഞ കൊച്ചു വീടിന്‍റെ ഉമ്മറത്തിരിക്കുന്നു അവന്‍.
കാലിലെന്തോ മുറിവുണ്ടെന്നും നല്ല വേദനയുണ്ടെന്നും കണ്ടപ്പോള്‍ മനസ്സിലായി.

“എന്ത് പറ്റി” ഞാന്‍ ചോദിച്ചു.

“ഇരുമ്പു കമ്പി അടുപ്പിലിട്ടു പഴുപ്പിച്ചു ചൂടു വച്ചതാണ്”. അവന്‍ പറഞ്ഞു.

“ആര്? "

“ ചേട്ടൻ”. 

ഞാന്‍ ഞെട്ടി. ഇവനാരാണു വിശോകന്‍ എന്ന് പേരിട്ടത്! ഈ ശോകം ഇവന്‍ എങ്ങനെ സഹിക്കും!
തുടയില്‍ നീളത്തില്‍ പഴുത്തു കിടക്കുന്ന വ്രണം കണ്ടു. ചുവന്ന നിറത്തിലുള്ള എന്തോ ഒരു കുഴമ്പു പുരട്ടീട്ടുണ്ട്. 

“എന്തിനാ ചൂടു വച്ചത്” ? എനിക്ക് ആകാംക്ഷയായി. 

“കക്കാന്‍ പോയിട്ട്”. അവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ പിന്നെയും ഞെട്ടി. 

വീട്ടിലെത്തി അമ്മയോട് പറഞ്ഞു “പാവം വിശോകനെ ചൂടു വച്ചു അമ്മേ”.

“താന്തോന്നിത്തരം കാണിച്ചാല്‍ പഴുപ്പിച്ചു വയ്ക്കാന്‍ ഇവിടേമുണ്ട് ഒരു ഇരുമ്പു കമ്പി”. അമ്മ കനപ്പിച്ചു പറഞ്ഞു.

"ശോകമയം ഈ ജീവിതം "എന്ന് ഞാന്‍ മനസ്സില്‍ പാടി. 

അടയ്ക്കാമരങ്ങൾക്കിടയിലൂടെ മൂകമായി നടക്കുമ്പോൾ മുകളീന്ന് കുഞ്ഞുണ്ണ്യാപ്പൻ വിളിച്ചു ചോദിയ്ക്കും..

“അവൻ വന്നില്ലാലേ.. നല്ല പെട കിട്ട്യാലേ അവൻ നന്നാവുള്ളൂ കുട്ട്യേ.. നീ വെഷമിയ്ക്കണ്ട ..വരും... ദീനമെല്ലാം മാറട്ടെ..”.

വിശോകന്‍ പിന്നെ മാങ്ങ എറിയാനോ അടയ്ക്ക പെറുക്കിക്കൂട്ടാനോ വന്നില്ല.. 
മാന്തോപ്പിലുണ്ടായിരുന്നു അന്നൊരു രാജകുമാരി..

നാരായ വേര് പാതാളത്തോളം ഇറങ്ങീട്ടുണ്ടാവണം, കിഴക്കുവശത്തെ മുറ്റം നിറഞ്ഞു പടര്‍ന്നു പന്തലിച്ച വയസ്സൻ പ്രിയൂര് മാവിന്റെ. ചില്ലകളിൽ ചിലതിനു മാത്രമുണ്ട് ഒരു ബലക്ഷയം. രക്തമൂറ്റിക്കൊണ്ട് മാവിനെ വരിഞ്ഞു മുറുക്കുന്ന ഇത്തിക്കണ്ണി റോസ് നിറത്തിലുള്ള കുഞ്ഞു കുഴൽപ്പൂക്കളെ പ്രസവിച്ചു കൂട്ടും. യാതൊരു പരിഭവവും കൂടാതെ വട്ടത്തിൽ ഇളകിച്ചിരിയ്ക്കും മുത്തശ്ശൻ മാവ് ! മാമ്പഴക്കാലം കഴിഞ്ഞാൽ മാവിന് കൂട്ട് മധുരമുള്ളതും പശിമയാർന്നതുമായ ഇത്തിക്കണ്ണിപ്പഴങ്ങൾ കൊത്തിത്തിന്നാനെത്തുന്ന ചെറുകിളികളാണെന്നതാണ് കാരണം! മാമുവേട്ടന്‍റെ അച്ഛന്‍റെയും കേശുചാച്ചന്‍റെയും ഭൂമി വാങ്ങി കൂട്ടിച്ചേര്‍ത്ത് എന്റെ അച്ഛൻ അതിലൊരു വീട് വെച്ച കാലം മുതലേ ആ മാന്ത്രികത്തോ പ്പിലെ രാജകുമാരിയായിരുന്നു ഞാൻ. തിങ്ങിവിങ്ങി നിന്നിരുന്ന പച്ചച്ച മരങ്ങളും വള്ളിച്ചെടികളും അഴകെഴും പൂക്കളും കിളികളും സമ്പന്നമാക്കിയ സ്വർഗ്ഗഭൂവിലെ വീട്. കിളികളോടുള്ള എന്റെ ചങ്ങാത്തം തുടങ്ങുന്നത് അവിടെവെച്ചാണ്. പതിവായെത്തുന്ന പലയിനം കിളികൾ! തേൻ കിളികൾ, മൈനകൾ , കുരുവികൾ. കുരുവികൾ തന്നെ ഒട്ടനവധി. റോസക്കുരുവി, ഇലക്കുരുവി, പുൽക്കുരുവി, തൂക്കണാം കുരുവി അങ്ങനെ..പൂവരശുകളിൽ പാടിയാടിയിരുന്ന കുയിലുകൾ.തെക്കേ കിണറ്റിലെ നീലപ്രാവുകൾ,. വേലിത്തത്തകൾ , പനന്തത്തകൾ! പിന്നേമുണ്ട് വിശറിവാലൻ, ചിലപ്പൻ, വാലുകുലുക്കി , സ്വർഗ്ഗപ്പക്ഷി, മഞ്ഞക്കിളി, കാറാങ്കിളി, തൊപ്പിക്കിളി, വാനമ്പാടി, വേഴാമ്പൽ, മൂങ്ങ, മണ്ണാത്തിക്കിളി. കൂടാതെ കുറെ പേരറിയാക്കിളികളും ..അവരുടെയെല്ലാം വാസസ്ഥലമായിരുന്നു പ്രിയൂരുമാവിന്റെ കരുത്തൻ ചില്ലകൾ.ശബ്ദ മുഖരിതമായിരുന്നു എന്റെ മണിമുറ്റം. 

വേനൽ ചൂടിൽ ചില്ലകൾ മാങ്ങകളുടെ ഭാരംകൊണ്ട് ചായ്ഞ്ഞു നിലം മുട്ടി തണൽക്കൂടാരമാവും. തൊട്ടും തഴുകിയും ഞെട്ട് പൊട്ടിച്ചെടുത്ത് കഴിച്ചിട്ടും കഴിച്ചിട്ടും തീരാത്ത പേരയ്ക്കയുടെ സ്വാദുള്ള, ഇളം പച്ച നിറത്തിലുള്ള മാങ്ങകള്‍! . 
മാമുവേട്ടന്‍റെ മുത്തച്ഛന്‍റെ പ്രായമുണ്ട് ആ മാവിനെന്നാണ് കേള്‍വി. മുത്തച്ഛനും , അച്ഛനും അമ്മയും എല്ലാം മാമുവേട്ടന്‍റെ ഓർമ്മയിൽ പൂമാലയണിഞ്ഞു നിന്നിട്ടും യൗവ്വനം വഴി മാറി വാര്‍ദ്ധക്യത്തിന്റെ ക്ഷീണം കാണിക്കാതെ ,പ്രിയങ്കരനായ പ്രിയൂര് മാവ് ഇപ്പോഴും ഞങ്ങളുടെ ആളൊഴിഞ്ഞ വീടിനു കാവലാൾ!


മാവിനു ചുറ്റും കെട്ടിയ കരിങ്കൽത്തറയില്‍ സായഹ്നങ്ങളില്‍ അച്ഛനും അമ്മയുംകാറ്റുകൊണ്ടിരിക്കും. ഓണവും വിഷുവും പിന്നെ വേനലവധിയും വന്നാല്‍ അവിടം കുട്ടിക്കുറുമ്പുകൾ കൊണ്ട് നിറയും.. ഉറപ്പുള്ള ഒന്നോ രണ്ടോ കൊമ്പുകളില്‍ മാമുവേട്ടന്‍ കയറുകൊണ്ട് ഊഞ്ഞാല് കെട്ടി അതില്‍ തെങ്ങിന്‍റെ പട്ട വച്ച് തരും. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അങ്ങേത്തലയ്ക്കലിങ്ങേത്തലക്കൽ ആകാശം ആരുടെ 
സ്വന്തം എന്ന മത്സരമാണ് പിന്നെ.. 

മാങ്ങകള്‍ മൂപ്പെത്തിയാൽ മാമ്വേട്ടൻ ചാക്കുമായി മാവില്‍ കയറും. വലകെട്ടിയ തോട്ടി കൊണ്ട് ശ്രദ്ധയോടെ മാങ്ങകള്‍ പറിച്ചെടുത്ത്‌ കൊമ്പില്‍ കെട്ടിയുറപ്പിച്ച ചാക്കില്‍ നിറച്ച് കയറില്‍ കെട്ടി താഴേക്ക് ഇറക്കി തരം തിരിച്ചു വൈക്കോലും ചേര്‍ത്ത് കുട്ടകളിലാക്കി കയ്യാലപ്പുരയിലെ പത്തായത്തില്‍ വയ്ക്കും.

സ്ഥാനത്തിൽ കേമൻ പ്രിയൂരെങ്കിലും മറ്റു മാവുകൾ ഒട്ടും പിറകിലായിരുന്നില്ല.
കിണറിനടുത്തുള്ള മയില്‍‌പീലിമാവിനോ മാങ്ങയ്ക്കോ മയില്‍‌പീലിയുമായി എന്തെങ്കിലും സാമ്യം ഉണ്ടെന്നു എനിക്ക് തോന്നിയിട്ടില്ല. പഴുത്താല്‍ അതിന്റ തൊലിപ്പുറത്ത് ഓറഞ്ചു വര്‍ണ്ണത്തില്‍ പുള്ളികള്‍ കാണും. വ്യത്യസ്തമായൊരു മണവും സ്വാദുമുള്ള മാങ്ങയുടെ ഉള്‍വശം ചകിരി പോലെ ഉറപ്പുള്ളതായതിനാല്‍ ഇതിനെ ചകിരി മാങ്ങ എന്നും വിളിച്ചിരുന്നു.

അമ്മിത്തറയോട് ചേർന്ന് വട്ടമാവ്‌!.വട്ടമാങ്ങ കൊണ്ട് പലതാണ് കാര്യം... ടെറസ്സിലേക്ക് ചാഞ്ഞ കൊമ്പില്‍ നിന്നും എളുപ്പം പറിച്ചെടുക്കാവുന്ന മാങ്ങകള്‍ നേരെ അമ്മിയില്‍ വച്ച് കുത്തി ഉപ്പും മുളകും ചേര്‍ത്ത് ചതച്ചു പല്ലിന്റെ പുളിപ്പ് സഹിക്കാനാവാതെയാവുംവരെ കഴിക്കും. കനലില്‍ ചുട്ട വറ്റല്‍ മുളകും ചെറിയ ഉള്ളിയും തേങ്ങയും ഉപ്പും വട്ടമാങ്ങയും ചേര്‍ത്ത് അമ്മിയില്‍ വച്ചരച്ച് ഉണ്ടാക്കുന്ന ചമ്മന്തിയും കഞ്ഞിയും! പഴുത്ത മാങ്ങ കഷ്ണങ്ങളില്‍ ഉണക്കമുളക് ചതച്ചതും ലേശം വെളിച്ചെണ്ണയും ഉപ്പും ചേര്‍ത്ത് തിരുമ്മിയാൽ അച്ഛന്‍റെ ഇഷ്ടവിഭവം! .

മരം കേറ്റത്തിന്റെ ഉസ്താദ് ആണ് ഞാനെന്നതിന് തെളിവായിരുന്നു പടിഞ്ഞാറേ അറ്റത്തുണ്ടായിരുന്ന, ആകാശം തുളച്ചു വളർന്ന് അഹങ്കാരത്തോടെ നിന്നിരുന്ന നാട്ടുമാവ്. പത്തും മുപ്പതും മാങ്ങകള്‍ വീതം പേറുന്ന ഒരുപാട് കുലകൾ . മൂപ്പെത്തും മുന്‍പേ മാമുവേട്ടന്‍ കുറെ മാങ്ങകൾ പറിക്കും, അമ്മ കടുമാങ്ങാ അച്ചാറു ഇടും. ആദ്യപടി കഴുകി തുടച്ചു ഉപ്പിലിടലാണ് . ഒരു മാസം കഴിഞ്ഞാൽ അപ്പൊ പൊടിച്ചെടുത്ത ചുകച്ചുകാന്നുള്ള മുളകുപൊടിയും കടുകിന്‍റെ പരിപ്പും ചേര്‍ത്ത് ഭരണികളില്‍ നിറച്ച് മീതെ നല്ലെണ്ണയില്‍ മുക്കിയ വെള്ള തുണി ഇട്ടു അടച്ചു മുറുക്കി കെട്ടിവക്കും. ഒരു വര്‍ഷത്തേക്കുള്ള കരുതിവക്കല്‍ . .

പഴുത്ത മാങ്ങകള്‍ ചടപടാന്ന് വീഴാൻ തുടങ്ങിയാൽ അതിരാവിലെ ഉറക്കപിച്ചയിൽ മാഞ്ചോട്ടിലേയ്ക്കുള്ള ഓട്ടങ്ങൾ . ഇറക്കമായതിനാല്‍ ഓട്ടത്തിനിടയില്‍ മൂക്കും കുത്തി വീഴും, മുട്ട് പൊട്ടിയും കയ്യുരഞ്ഞും പിന്നെയും ഓടും. ആദ്യമെത്തുന്ന ആള്‍ ആര്‍ത്തി മൂത്ത് തലങ്ങും വിലങ്ങും ഓടിക്കൊണ്ട്‌ ഉറക്കെപ്പറയും 
“ഈ ഭാഗത്തുള്ളതെല്ലാം എന്‍റെ മാങ്ങയാണ്‌, ഇങ്ങോട്ട് പ്രവേശനമില്ല” 

"പിന്നേ ഒന്ന് മിണ്ടാതിരി ബുദ്ദൂസേ കിട്ടിയ മാങ്ങ പെറുക്കി സ്ഥലം വിട്ടോളൂ ."
കുട്ടയിലും,പാവാടയിലും മാങ്ങ പെറുക്കി നിറയ്ക്കുന്നതിനിടയിൽ ആരെങ്കിലും അതിനു മറുപടിയും പറയും.

ഉയരത്തിലുള്ള ചില്ലകളില്‍ , ഇലകളുടെ മറവില്‍ പഴുത്തു നിന്നിരുന്ന മാങ്ങകളിലായിരിയ്ക്കും എന്റെ ഉന്നം . മാവില്‍കയറി,കൊമ്പിലിരുന്നു കാലാട്ടി ഉടച്ചു കുടിച്ചിരുന്ന നാട്ടുമാങ്ങകള്‍ . ഏതു മരത്തിലും അനായാസം കയറിയിരുന്ന എനിക്ക് നാട്ടു മാവില്‍ കയറിപ്പറ്റുക അത്ര എളുപ്പമായിരുന്നില്ല. ഏതാണ്ട് പതിനഞ്ചടി ഉയരത്തിലായിരുന്നു ആദ്യത്തെ കൊമ്പ് നിന്നിരുന്നത്. ആഞ്ഞുവലിഞ്ഞു കയറാന്‍ ശ്രമിക്കുമെങ്കിലും നടുവും കുത്തി വീഴും. അന്യേത്തിയെ വളച്ചു നിര്‍ത്തി പുറത്തു ചവിട്ടി നിന്നു കൊണ്ട് മാവിനെ വട്ടം കെട്ടിപിടിച്ചു വലിഞ്ഞു കയറും, എന്നിട്ട് ചില്ലയില്‍ കമഴ്ന്നുകിടക്കും. ഒരു കൈകൊണ്ട് ചില്ലയില്‍ മുറുകെ പിടിച്ച്‌, മറ്റേ കൈ താഴേക്കു നീട്ടി അന്യേത്തിയെയും വലിച്ചു കയറ്റും. പിന്നെ അണ്ണാന്‍ കുഞ്ഞുങ്ങളെ പോലെ പരുങ്ങി പരതി ചില്ലകളില്‍ നിന്നും ചില്ലകളിലേക്കുള്ള പ്രായാണം. വിളഞ്ഞു പഴുത്തു കിടക്കുന്ന മാങ്ങകളില്‍ ഇളം ചുവപ്പിന്‍റെയും കടുംമഞ്ഞയുടെയും വര്‍ണ്ണ രാജി നിറയും. കൊതിയൂറുന്ന മണവും. ഒന്ന് തൊടുമ്പോഴേക്കും ഞെട്ടറ്റു വീഴും അവ. പറിച്ചെടുത്ത്‌ കൊമ്പിലുരച്ചു ഞെട്ടിലെ പശയും കളഞ്ഞു ഉടച്ചുടച്ചു കുടിക്കും.ആഹാ..!

ഒരു ദിവസം അത്യുന്നതങ്ങളിൽ വിഹരിയക്കുമ്പോൾ,
"വാച്ചീ .. ദാ താഴേയ്ക്ക് നോക്ക്.. "അന്യേത്തി വിറച്ചുകൊണ്ട് പറഞ്ഞൊപ്പിച്ചു.

അമ്മ! മാവിന്ച്ചുവട്ടിലൂടെ നടന്നു പോകുന്നു.!!

പേടിച്ചരണ്ട് ചില്ലകള്‍ക്കിടയില്‍ ഒളിക്കാന്‍ ശ്രമിയ്ക്കുന്നതിനിടയിൽ നിര്‍ഭാഗ്യമെന്നേ പറയേണ്ടു, എന്‍റെ കയ്യിലെ മാങ്ങായണ്ടി അമ്മയുടെ തലയിലേക്ക് വീണു. 
അമ്മ മുകളിലേക്ക് നോക്കി. ഞങ്ങളെ കണ്ടു. അമ്മയുടെ മുഖം വിളറി. ഞങ്ങൾ അന്യഗ്രഹജീവികളെ പോലെ ചളുങ്ങിയ മുഖവുമായി പരുങ്ങി . ഒന്നുകൂടെ ഉറച്ചു നോക്കിയിരുന്നെങ്കിൽ അമ്മയുടെ തലയിലേയ്ക്ക് അടുത്തതായി വിറച്ചു വീഴാൻ പോകുന്നത് ഞാനായിരുന്നു. 
അത് മനസ്സിലാക്കിയിട്ടാവണം , അമ്മ ഒന്നും പറയാതെ പശുവിനെ മാറ്റിക്കെട്ടി വീട്ടിലേയ്ക്ക് പോയി.


ഒരാഴ്ചക്ക് ശേഷം മാമുവേട്ടന്‍റെ കൂടെ കുറച്ചാളുകള്‍ വന്നു, അവര്‍ ആ നാട്ടുമാവ് കടയോടെ വെട്ടി മാറ്റി. മാവിന്‍റെയും ഞങ്ങളുടെയും അഹങ്കാരം അതോടെ നിലം പൊത്തി. മാവിനേക്കാൾഉച്ചത്തിലായിരുന്നു എന്റെ കരച്ചിൽ.

മരംകേറി കുട്ട്യോളുണ്ടായാല്‍ ഒരമ്മ വേറെന്തു ചെയ്യണം?

ഉയരം കുറഞ്ഞു പടര്‍ന്നു നിന്നിരുന്ന മൂവാണ്ടന്മാവിലായി പിന്നത്തെ കളി.

കയ്യാല വെയ്ക്കാനുള്ള സ്ഥാനത്തായിരുന്നതിനാല്‍ വലിയ കപ്പല്‍ മാവിന് ആയുസ്സ് കുറവായിരുന്നു. വനജേച്ചി വലിയ മാമ്പഴം പൂളി തരുന്നതിന്‍റെ ചെറിയൊരു ഓര്‍മയുണ്ട്. തൊലി കയ്പന്‍ മാവിലെ മാങ്ങ കല്ലെറിഞ്ഞു വീഴ്ത്താന്‍ പഠിപ്പിച്ചത് അയല്‍വാസി വിശോകനാണ്.

താഴത്തെ പറമ്പിലെ സുന്ദരിമാവിന് സൌന്ദര്യം കൂടിയതിനാലാവാം അത് എന്‍റെ അച്ഛനുറങ്ങുന്ന മണ്ണില്‍ ചിതാഭസ്മത്തില്‍ അലിഞ്ഞു ചേര്‍ന്നു. വെട്ടിയതോ വീണതോ കത്തിയതോ കരിഞ്ഞതോ ഒന്നും ഞാന്‍ അറിഞ്ഞതേയില്ല. 

പ്രിയൂര്‍ മാവിനെ തനിച്ചാക്കി പ്രിയപ്പെട്ടവരോടൊപ്പം മാവുകളും പോയി. മായാത്ത മറയാത്ത ഓര്‍മകളുടെ തടവറയായി അന്നും ഇന്നും പ്രൌഡിയോടെ നില്‍ക്കുന്നു, ആളൊഴിഞ്ഞ വീടിനു കാവലായി എന്റെ പ്രിയ പ്രിയൂരുമാവ്‌ . 

അതിന്റെ ചുവട്ടില്‍ നിൽക്കുമ്പോൾ ഞാനോർക്കും..

“എല്ലാരെയും നീ തോല്പ്പിച്ചു.. ഇനി നീയോ ഞാനോ ആദ്യം”?. 

മാവ് അപ്പോഴും വട്ടത്തിലാടിയുലഞ്ഞു ചിരിക്കുകയേ ഉള്ളൂ..

കിണറ്റിലേക്കൊരുസവാരി


" ഇരുട്ടും മുൻപ് താഴത്തെ പറമ്പിലെ കിണറ്റിൽ നിന്നും തേങ്ങ മുഴുവനും പെറുക്കിയെടുക്കണം". പശുവിനെ കറന്ന പാല് പോണിയിലേയ്ക്കു പകർത്തി ഒഴിച്ചുകൊണ്ട് അമ്മ പറഞ്ഞു.

കേട്ട പാടെ കേൾക്കാത്ത പാടെ ഞാനും അനുജത്തി, കോവിയും താഴത്തെ പറമ്പിലേക്ക് ഓടി. അവൾക്കും ഇഷ്ടാണ് കയറിൽ കെട്ടി ഞാത്തിയ കുട്ടയിൽ കയറി കിണറ്റിലേക്ക് ഇറങ്ങാൻ. ഞങ്ങൾ താഴേക്കു ഓടുന്നതിനിടയിൽ നിലവിളിച്ചുകൊണ്ട്, കിളിയമ്മയും പിന്നാലെ കൂടി. അവൾക്കും വരണം കൂടെ. കിളിയമ്മ എന്റെ രണ്ടാമത്തെ അനുജത്തിയാണ്. തീരെ ചെറുതാണ്. കിണറ്റിൽ ഇറങ്ങാൻ അവൾക്കു പേടിയാണ്. എന്നാലും അവൾ വരും കാണാൻ. 

ഓർമകളിൽ അലയുന്നതിനിടയിൽ അമ്മ വീണ്ടും വന്നു.

"വേഗം കയറിയിരിക്കു കൊട്ടക്കുള്ളിൽ. ഇരുട്ടും മുൻപ് ഇറങ്ങിയില്ലെങ്കിൽ തേങ്ങ എവട്യാ കെടക്കണേന്നു കാണൂല്ല്യ” . 

കോവിക്ക് പേടിയാണ്, എന്നാലും എന്റെ ധൈര്യത്തിൽ അവളും കുട്ടക്കുള്ളിൽ കയറിയിരുന്നു. പേടിച്ചിട്ടു അവൾ എന്റെ കൈയ്യിൽ മുറുകെ പിടിച്ചിരുന്നു. 

അമ്മ പറഞ്ഞു "ഒട്ടും ഭയം വേണ്ട , ഞാനില്ലേ ഇവിടെ"? എന്നിട്ട് മുളയിൽ പിടിച്ചു ആഞ്ഞു വലിച്ചു ഞങ്ങളെ പതുക്കെ പതുക്കെ താഴേയ്ക്ക് ഇറക്കി. 

താഴത്തെ കിണറിനു ദീർഘ ചതുരാകൃതിയാണ് . മൂന്നേക്കറോളം വരുന്ന വീട്ടു വളപ്പ് നനക്കാനാണ് അന്ന് ആ കിണർ വലുതാക്കിയെടുത്തത്. തൊട്ടടുത്ത് തന്നെ ഒരു ചെറിയ മോട്ടർ പുര പണിതു അതിലൊരു മോട്ടറും വച്ചിരുന്നു. കിണറിനു ചുറ്റും നിറയെ മരങ്ങളായിരുന്നു. കടപ്ളാവു , മാവ്, പ്ളാവു, തെങ്ങ് എന്ന് വേണ്ട, ഒരു പാട് മരങ്ങൾ. മാവിന്റെയും പ്ലാവിന്റെയും പലയിനങ്ങൾ. 

കിണറുപണി നടക്കുമ്പോൾ ഉപയോഗിക്കാനായിരുന്നു ത്ലാക്കൊട്ട കെട്ടി ഞാത്തിയത്. പണ്ട് ത്ലാക്കൊട്ട അല്ലെങ്കിൽ ഏത്തക്കൊട്ട ഉപയോഗിച്ചാണ് ആഴമുള്ള കുഴികളിൽ നിന്നും മറ്റും വെള്ളമെടുത്തിരുന്നത്. കിണറിന്റെ പണി കഴിഞ്ഞപ്പോൾ മാമുവേട്ടനോട് പറഞ്ഞ് അമ്മ ത്ലാക്കൊട്ടക്ക് പകരം മുളയും കയറും കൊണ്ടുണ്ടാക്കിയ, വട്ടത്തിലുള്ള ഒരു വലിയ കുട്ട ആ കയറിൽ കെട്ടിത്തൂക്കി. അതിൽ കയറി ഇരുന്നാണ് കിണറ്റിൽവീഴുന്ന തേങ്ങകൾ ഞങ്ങൾ എടുത്തിരുന്നത്. 

കിണറിനുള്ളിലെ ചെങ്കൽ ഭിത്തിയിൽ അങ്ങിങ്ങായി കുറെ പൊത്തുകൾ ഉണ്ടായിരുന്നു.അതിലൊക്കെ പൊന്മകൾ മുട്ടയിട്ടു നിറച്ചു. കൂർത്തു നേർത്തു , അല്പം വളഞ്ഞ കൊക്കുള്ള, നീലയും മഞ്ഞയും തവിട്ടും കലർന്ന ചിറകുകളുള്ള പൊന്മകൾ കിണറ്റിൽ നിന്നും മീൻ കൊത്തി പൊന്തുന്നത് കാണുമ്പോൾ കൌതുകമായിരുന്നുവെങ്കിലും മീൻ പിടയ്ക്കുന്നത് എന്റെ നെഞ്ചിൽ കിടന്നായിരുന്നു .അവയുടെ ആയുസ്സെത്തിയിരുന്നത് പൊന്മകളുടെ കൊക്കിലും. 

കിണറ്റിനുള്ളിലേക്കുള്ള ആ സവാരി രസകരമായിരുന്നു . കാൽ വിരലുകൾക്കിടയിലൂടെ ഒരു തരിപ്പ് വരും, പേടിച്ചു വിറയ്ക്കും. എന്നാലും എനിക്കിഷ്ടമായിരുന്നു ആ പേടി. ബഹളം കേട്ട് പൊന്മകൾ പറന്നുയർന്നു അടുത്തുള്ള മരക്കൊമ്പിലിരുന്നു ഞങ്ങളെ വീക്ഷിക്കും, മുട്ടകൾ മോഷ്ടിക്കാൻ വന്നതാണോ എന്ന സംശയത്തോടെ .താഴെ എത്തിയാലുടൻ ഞങ്ങൾ വെള്ളത്തിൽ കൈ കൊണ്ട് തുഴയും , ഉറക്കെ ശബ്ദമുണ്ടാക്കും , പ്രതിധ്വനി കേട്ട് ആർത്തു ചിരിക്കും .കൈ എത്തിച്ചു തേങ്ങ എടുക്കും . ഇതെല്ലാം കണ്ടു കൊതിയോടെ കിളിയമ്മ മുകളിൽ നില്ക്കും. അമ്മ കുട്ട അങ്ങോട്ടുമിങ്ങോട്ടും ഇളക്കികൊണ്ടിരിക്കും. ഞങ്ങൾ കുറെ തേങ്ങകൾ പെറുക്കിയിടും.

“ഇനി മതി ..കൊട്ടേല് ഇരിയ്ക്ക്യാൻ സ്ഥലല്ല്യല്ലോ .. ഇനി നാളെ.. “ അമ്മ മുളവടിയുടെ മറ്റേ അറ്റം പിടിച്ചു താഴ്ത്തും..അപ്പോൾ ഞങ്ങൾ തേങ്ങകളു മായി മുകളിലെത്തും..

കിളിക്കുട്ടി ഓടിവരും..

“എന്താ നിങ്ങള് അവിടെ കണ്ടത്..”അവൾ തിരക്ക് കൂട്ടും..

“അതില്ല്യേ..കിളിക്കുട്ട്യേ..അവടെ വേറൊരു ലോകണ്ടേയ്"

“വേറെ ഏത് ലോകം..”? 

“ഒരു അത്ഭുത ലോകം..”

“എന്താള്ളത് അവടെ..”?

“അവട്യോ..അവടെ നിറയെ ജലകന്യകമാർ!! 
അവരടെ ദേഹത്ത് പളപളാമിന്നുന്ന കുപ്പായണ്ടേയ്... ന്തൊരു ചന്താന്നോ കാണാൻ..”

“രാത്ര്യാവുമ്പൊ അവർക്ക് . ചിറകു മുളയ്ക്കും ..ന്നിട്ട് അവര് പറന്നുയരും..”

“ദാ ആ തെങ്ങോലത്തുമ്പത്തൊക്കെ അവര് ഊഞ്ഞാലാടും”

പാവം കിളിക്കുട്ടി എല്ലാം വിശ്വസിച്ചു കേട്ട് നില്ക്കും..കുഞ്ഞിക്കണ്ണുകളിൽ കണ്ണുനീര് തിളങ്ങും..

“ നിയ്ക്കും കാണണം അവരെ.. ങ്ങീ ..ങ്ങീ ..” അവൾ ചിണുങ്ങും..

“കരയണ്ടാ കിളിക്കുട്ട്യേ നീ കൊർച്ചൂെടെ വെൽതാവട്ടെ ട്ട്വോ.. അപ്പൊ ചേച്ചീടെ മടീലിരുത്തി കൊണ്ടോവാം..ഇപ്പൊ കുട്ടിയ്ക്ക് ചേച്ചി ഇമ്മിണി കഥോള് പറഞ്ഞു തരാട്ടോ..”

ഞാനവളെ ചേർത്തു പിടിയ്ക്കും..

ഇരുട്ട് വീണു പൊന്മകൾ പൊത്തുകളിൽ ഒളിയ്ക്കും വരെ ഞങ്ങൾ അവിടെയിരിയ്ക്കും..

അങ്ങനെ എത്രയോ തവണ ഞാനും കോവിയും ആ വട്ടകുട്ടയിൽ സവാരിനടത്തിയിരിക്കുന്നു! ഓരോ തവണയും പുതിയ പുതിയ കഥകളുമായി കിളിക്കുട്ട്യെ പറ്റിച്ചിരിക്കുന്നു!. മിന്നുന്ന കുപ്പായമിട്ട എത്രയോ ജല കന്യകമാർ അവളുടെ മനസ്സിൽ നീന്തിത്തുടിച്ചിരിയ്ക്കുന്നു!

ഒരിയ്ക്കൽ എന്റെ മടിയിലിരുന്നു കിണറ്റിലേയ്ക്ക് ഇറങ്ങും വരെ അവൾ അതെല്ലാം വിശ്വസിച്ചിരുന്നു.
അന്ന് കിണറ്റിലെ തേങ്ങയും പെറുക്കി കരയിലെത്തുമ്പോൾ കിളിക്കുട്ടി മ്ലാനവദനയായിരുന്നു..

ചേച്ചി അവളെ പറ്റിച്ചതാണെന്നോ അതോ.. ജലകന്യകമാർ അവളോട്‌ പിണങ്ങിയതാണെന്നോ എന്തായിരുന്നിരിയ്ക്കും അവള്ടെ മനസ്സിൽ?

"മക്കളേ, തേങ്ങ പെറുക്കാൻ പോകേണ്ടേ ? പേട്യാവുന്നുണ്ടോ, വേണ്ടാട്ടോ ,ഞാനില്ലേ കൂടെ ?"

ഞാൻ ഞെട്ടി തിരിഞ്ഞു ചുറ്റുപാടും നോക്കി...ഇല്ല..ആരുമില്ല. ഞാൻ കേട്ട ശബ്ദം ആരുടേതായിരുന്നു?!.

തീമഴ
“പാഠം ഒന്ന് സൂര്യന്‍. സൂര്യനില്‍ നിന്നും നമുക്ക് ചൂടും വെളിച്ചവും കിട്ടുന്നു.” 

പപ്പി ടീച്ചര്‍ പഠിപ്പിക്ക്യാണ്. ഒന്നാം ക്ലാസ്സിലെ ബെഞ്ചിലിരുന്നു മടിയില്‍ വച്ചിരിക്കുന്ന പുസ്തകത്തില്‍ നോക്കി ഞങ്ങളും ടീച്ചറുടെ കൂടെ ഉച്ചത്തില്‍ വായിച്ചു. ബോര്‍ഡില്‍ ചോക്ക് കൊണ്ട് വരച്ച ഒരു സൂര്യനുണ്ട്.

“ക്ണിം”. ടീച്ചര്‍ ചൂരല്‍കൊണ്ട് രമേഷ് ബാബുവിന്‍റെ തലയില്‍ ഒരു കൊട്ട്. 

പാളികളില്ലാത്ത വലിയ ജനലിലൂടെ പുറത്തേക്ക് നോക്കി മുറ്റത്തെ മാവില്‍ കിളികള്‍ വന്നിരിക്കുന്നതും പറന്നു പോകുന്നതും ശ്രദ്ധിച്ചിരിക്ക്യായിരുന്നു രമേഷ് ബാബു. തലയില്‍ കൊട്ട് കിട്ടിയപ്പോള്‍ അവന്‍ കരഞ്ഞു. കൂടെ ഞാനും.

“നീയെന്തിനാ കരയണത്”? ടീച്ചര്‍ക്ക് അത്ഭുതമായി.

“ന്‍റെ രമേഷ് ബാബൂനെ എന്തിനാ തലയില്‍ കൊട്ടീത്‌ ” ങ്ങീ..ങ്ങീ ..ങ്ങീ...ഞാന്‍ കരച്ചില്‍ നിര്‍ത്തിയില്ല.

പപ്പി ടീച്ചര്‍ കുടുകുടെ ചിരിച്ചു.

എന്‍റെ കൈ കോര്‍ത്തു പിടിച്ചു കഥപറഞ്ഞു കളിപറഞ്ഞു നടക്കണ കൂട്ടുകാരനാണവന്‍. അവനെയല്ലേ പപ്പി ടീച്ചര്‍ തല്ലിയത്. എന്നിട്ട് കളിയാക്കിച്ചിരിക്ക്യാ?

കളിക്കാനുള്ള മണിയടിച്ചാല്‍ അവനെയുംകൊണ്ട് പുന്നമരച്ചോട്ടിലേക്ക് ഓടണം, പുന്നക്കായ പൊട്ടിക്കാന്‍. പാവം രമേഷ് ബാബു.

ഷീബയും ബീനയും വിനുവും കൃഷ്ണനും ഗോപനും ദിനേശനും ചിത്രയും പ്രീതയും കറുത്ത പുഴുപല്ലുകളുള്ള ശശികലയും എന്‍റെ കൂട്ടുകാരാണ്.

രമേശന്റെ സങ്കടം മാറ്റി പുന്നക്കായ്കള്‍ പെറുക്കുമ്പോള്‍ പ്രീത വിളിച്ചു, 

“ ഗേബീ, വാ നമുക്ക് കുഞ്ഞാഞ്ഞ വെച്ച് കളിയ്ക്കാം” മൈതാനത്തിന്റെ അരികിലുള്ള മാവിന്റെയും കശുമാവിന്റെയും വേരുകൾ പടർന്ന മണ്ണിലായിരുന്നു ഞങ്ങൾ കുഞ്ഞാഞ്ഞ വെച്ച് കളിച്ചിരുന്നത്.

“ നിന്നോട് ഞാന്‍ എത്ര തവണ പറഞ്ഞിട്ടുണ്ട് ന്‍റെ പേര് “ ഗേബീ” ന്നല്ല ..ഹാബി ..പറഞ്ഞേ..ഹാബി” എനിയ്ക്ക് ദേഷ്യം കയറി.

“ എനിക്കിങ്ങനെയേ അറിയുള്ളൂ, നിന്റമ്മ യ്ക്ക് വേറെ പേരൊന്നും കിട്ടീലേ ഇടാന്‍? “ ചെറിയ കരമീശയുള്ള ചുണ്ടുകള്‍ കൊണ്ട് അവള്‍ കോക്കിരി കാണിച്ചു. 

ഞാനവളോട് പിണങ്ങൂല, അവള്‍ക്ക് അച്ഛനില്ലാത്തതല്ലേ ..പാവം!

അവള്‍ക്ക് മാത്രല്ല, വേറെ കുറെ കുട്ട്യോള്‍ക്കും എന്‍റെ പേര് ശരിക്ക് പറയാന്‍ അറിയില്ല്യ. “ഗേബീ”ന്നുള്ള വിളികേള്‍ക്കുമ്പോള്‍ ഗോപനാണ്‌ സന്തോഷം. എന്നാലല്ലേ അവനെന്നെ കളിയാക്കി ചിരിക്കാന്‍ പറ്റുള്ളൂ. ഗോപന്‍റെ അച്ഛനും അമ്മയും ദൂരെയാണ്. അവന്‍ അമ്മാവന്‍റെ വീട്ടില്‍ നിന്നാണ് പഠിക്കുന്നത്. എന്നോട് വഴക്ക് കൂടലാണ് അവന്റെ വിനോദം. വഴക്ക് കൂടിയാൽ ഞാനവനു പുസ്തകം പൊതിയാൻ മിനുസമുള്ള കടലാസ്സ് കൊടുക്കില്ല. 

അന്ന് വീട്ടിൽ ചില റഷ്യന്‍ മാഗസിനുകൾ തപാലില്‍ വരുമായിരുന്നു. “ സോവിയെറ്റ് യൂണിയൻ” ഇംഗ്ലീഷിലും “ സോവിയറ്റ് നാട്” മലയാളത്തിലും. ഞാനത് വായിക്കാറില്ലെങ്കിലും അതിലെ താളുകള്‍ തുറന്നു വാസനിയ്ക്കും. ഹാ...അച്ചടി മഷീടെ മണം മാറാത്ത താളുകള്‍! നിറയെ ചിത്രങ്ങളുണ്ടാവും. പുതിയത് വന്നാല്‍ പഴയവ കീറി പുസ്തകം പൊതിയും. സ്കൂളില്‍ “ അമ്പടി ഞാനേ” എന്ന ഭാവത്തിൽ നടക്കും. കൂട്ടുകാർക്കും കൊണ്ടുകൊടുക്കും പുസ്തകം പൊതിയാനുള്ള മിനുസകടലാസ്സുകള്‍. 

ചിത്രയ്ക്കാണ് കൂടുതലും കൊടുക്കാറുള്ളത്. 

ചിത്രയ്ക്ക് രണ്ടു വയസുള്ളപ്പോള്‍ അമ്മ മരിച്ചു.അവള്‍ക്ക് ഓര്‍മ്മ പോലുമില്ല അമ്മേടെ മുഖം. അവള്‍ അമ്മയെ കുറിച്ച് പറയുമ്പോഴെല്ലാം മാലാഖ മുഖമുള്ള ഒരു അമ്മയെ ഞാന്‍ കാണാറുണ്ടായിരുന്നു.

അവളുടെ അമ്മാവന്‍ ശശീധരനാണ് സ്കൂളില്‍ ഉപ്പുമാവ് ഉണ്ടാക്കുന്നത്‌. നഴ്സറി ക്ലാസ്സില്‍ കിട്ടിയിരുന്നപോലെയല്ല, ഇത് ഗോതമ്പുകൊണ്ടാണ് ഉണ്ടാക്കുന്നത്‌. ഉപ്പുമാവ് വേവുന്ന മണം കേട്ടാല്‍ നാവില്‍ വെള്ളമൂറും.ഒന്ന് ബെല്ലടിച്ചിരുന്നെങ്കിലെന്ന വിചാരവുമായാണ് പിന്നെ ക്ലാസ്സിലെ ഇരിപ്പ്. 

ഓടിപാഞ്ഞ് ചെല്ലുമ്പോള്‍ ശശീധരേട്ടന്‍ പറയും,
“ ചോറ് കൊണ്ടുവരുന്നവര്‍ക്ക് ഉപ്പുമാവില്ല , കുട്ടി പോയി ചോറുണ്ണൂ” 

“ ആരും കാണണ്ട നീ കഴിച്ചോ” കുറച്ചു നേരം കഴിയുമ്പോ ഇലയില്‍ പൊതിഞ്ഞ ഉപ്പുമാവുമായി ചിത്ര അടുത്തുവരും. വീട്ടില്‍ നിന്നും അമ്മ തന്നയക്കുന്ന ചോറിനേക്കാള്‍ സ്വാദാണ് ആ ഉപ്പുമാവിന്. അമ്മയോടത് പറഞ്ഞാല്‍ അടി കിട്ടും.

വറീത് മാഷെ കണ്ടാല്‍ത്തന്നെ പേട്യാകും. ചെവിയിലും മൂക്കിലും കയ്യിലും നീണ്ട മുടിയുള്ള മാഷ് എന്തെങ്കിലും ചോദിക്കും മുന്‍പേ രണ്ടാം ക്ലാസ്സിലെ ജനലരികിലെ ‍ബെഞ്ചില്‍ ഇരുന്ന് ഞാന്‍ കിടുകിടാ വിറക്കും. ഗോപനും ദിനേശനും മാഷുടെ നുള്ളില്‍ നിന്നു മുള്ളും. മാഷുടെ ഭാര്യ നല്ല സ്നേഹമുള്ള ടീച്ചര്‍ ആയിരുന്നു. ടീച്ചറുടെ ക്ലാസ്സില്‍ ഇരിക്ക്യാന്‍ ഭാഗ്യം കിട്ടിയ കുട്ടികളോട് എനിക്ക് അസൂയയായിരുന്നു. 

മൂന്നാം ക്ലാസ്സിലേയ്ക്ക് ജയിച്ചപ്പോഴുള്ള സന്തോഷം ഒന്ന് വേറെയായിരുന്നു. കുട്ട്യോള്‍ക്കൊക്കെ ഇഷ്ടായിരുന്നു മൂന്നിലെ രാമ്മാഷെ . ദൂരെ നിന്നും ഒരു സൈക്കിളിലായിരുന്നു മാഷ്‌ വരാറുള്ളത്.

"ഇവിടെ വന്നേ കുട്ട്യേ.."

ഒരു ദിവസം, ക്ലാസ്സിനിടയിൽ കിട്ടിയ ഒഴിവു സമയത്ത് രാമാഷ് എന്നെ വിളിച്ചു.

“ വാ തുറന്നേ.. പല്ല് കാണട്ടെ..” 

വീട്ടിൽ ആരെയും കാണിയ്ക്കാതെ കൊണ്ടു നടക്കുന്ന ഇളകിയ പല്ലുകൾ രാമാഷ് കണ്ടെത്തി .
ഞാൻ ചിണുങ്ങി..

“ ഒന്നുണ്ടാവില്ല്യാട്ടോ. കണ്ണടച്ച് നിന്നോ നീയ്” 

“ ഉം”.. ഞാൻ കണ്ണുകൾ അമർത്തി അടച്ചു.

ഒട്ടും വേദനിപ്പിയ്ക്കാതെ പല്ല് പറിച്ചു കയ്യില്‍ തന്നിട്ട് മാഷ്‌ പറഞ്ഞു, 

“മുറ്റത്ത്‌ കൊണ്ടുപോയി ആകാശത്തേക്ക് എറിഞ്ഞോളുട്ടോ , പുതിയ പല്ല് വേഗം വരും” 

രാമ്മാഷുടെ സ്നേഹവായ്പ്പില്‍ പാല്‍പ്പല്ലുകള്‍ എല്ലാം വേരുകള്‍ പറിഞ്ഞ്‌ ആകാശം കണ്ടു.

വെള്ള ഷര്‍ട്ടിന്റെ കോളറിനുള്ളില്‍ ഒരു ടവ്വല്‍ വയ്ക്കും മാഷ്‌. അതിന്റെ മടക്കില്‍ നല്ല മണമുള്ള പൌഡര്‍ ഉണ്ടാകും. ഇടയ്ക്കിടെ അതെടുത്തു നെറ്റിയിലെ വിയര്‍പ്പു തുടയ്ക്കും. സ്കൂള് വിട്ടു പോകുമ്പോ ഞാൻ മാഷ്‌ടെ സൈക്കിളിന്റെ പിന്നിൽ പെടച്ചു കയറി കെട്ടിപിടിച്ചിരിയ്ക്കും. വീട്ടിലേയ്ക്കുള്ള വളവെത്തുമ്പോൾ മാഷെന്നെ ഇറക്കി തന്നിട്ട് പറയും,

“ഇനി കുട്ടി പൊയ്ക്കോളില്ലേ ?” ഞാനപ്പോള്‍ മാഷുക്ക് ടാറ്റാ കൊടുക്കും. 

നാലിലേയ്ക്ക് ജയിയ്ക്കാന്‍ ഇഷ്ടമില്ലായിരുന്നു. കൂട്ടി കുറുക്കി കരഞ്ഞാണ് "ഏഡു മാഷ്‌ടെ" ക്ലാസിലേയ്ക്ക് ചെന്നിരുന്നത്.

പെന്‍സില് പോലെ മെലിഞ്ഞ ഹിറ്റ്ലർ മീശക്കാരൻ നാരായണന്‍ മാഷുടെ മുഖച്ഛായ ഇപ്പോപ്പോലും ഓര്‍ക്കാനെനിക്ക് പേട്യാണ്. “ഏഡു മാഷ്‌ ” ന്നാണു എല്ലാവരും പറയ്യ്യ. അത് “ ഹെഡ് മാഷ്‌” എന്നായിരുന്നൂന്നു കുറേക്കാലം കഴിഞ്ഞാണ് ഞാന്‍ അറിഞ്ഞത്. കയ്യില്‍ ചൂരല്‍വടി ഇല്ലാതെ ഏഡിനെ കാണുന്നത് അപൂര്‍വ്വം. വറീത് മാഷുടെ നുള്ളില്‍ നിന്നും ഒരു കണക്കിന് രക്ഷപ്പെട്ട ദിനേശനും ഗോപനും ഏഡു മാഷുടെ ചൂരലില്‍ പൊള്ളി വിയര്‍ത്തു. 

“ സ്റ്റാന്റ് അപ്പ്” എന്നെ ചൂണ്ടി ഏഡു മാഷ് പറഞ്ഞു .
പുറത്ത് ചാടാറായ കണ്ണുകള്‍ ഒന്നുകൂടെ തുറിപ്പിച്ച്‌ ഞാന്‍ നിന്നു.

“ നിനക്ക് കേട്ടെഴുത്തിനെത്ര്യാ? കൂട്ട റയിറ്റാ?”

“ അതേ” വിക്കിവിക്കി പറഞ്ഞൊപ്പിച്ചു.

“ ന്നാ ഇവടെ വാ ..” 

വിറയ്ക്കുന്ന കയ്കളില്‍ മാഷ്‌ ചോക്ക് വെച്ച് തന്നു.
പോയി എല്ലാരടേം സ്ലെയ്റ്റ് നോക്കി മാര്‍ക്കിട്ടു കൊടുക്കു.

അങ്ങനെ ഞാന്‍ മാഷത്ത്യാരായി, ക്ലാസ്സിലെ താരമായി .

സ്കൂളിന്‍റെ പരിസരത്തുള്ള വീടുകളില്‍ ഒഴിവുള്ളപ്പോഴൊക്കെ ഞങ്ങള്‍ കയറിയിറങ്ങും. വേലിത്തലപ്പുകളില്‍ നിന്നും സ്ലേറ്റു മായ്ക്കാനുള്ള മഷിത്തണ്ടുകള്‍ ശേഖരിക്കും. തൊട്ടു മുന്‍പിലുള്ള കരുവാന്‍റെ ആലയില്‍ പോയിരുന്ന് ഇരുമ്പ് കത്തികള്‍ ഉലയിലൂതി പഴുപ്പിക്കുന്നതു നോക്കിനില്‍ക്കും.

കുറച്ചു നീങ്ങിയാല്‍ കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടന്നിരുന്ന റബ്ബര്‍ തോട്ടമാണ്. മരങ്ങളില്‍ കെട്ടി വച്ചിരിക്കുന്ന ചിരട്ടകളിലെ പശ എടുക്കാന്‍ വരുന്ന ഒരു കുറിയ മനുഷ്യനെ ചിലപ്പോഴൊക്കെ കാണാമെന്നതൊഴിച്ചാല്‍ പേടിപ്പെടുത്തുന്ന ഏകാന്തതയാണ് അവിടമാകെ.എന്നാലും ഞങ്ങള്‍ കൂട്ടുകൂടി പോയി റബ്ബറുംകായകള്‍ പെറുക്കും.

അവിടെയൊക്കെ “ഒടിയന്‍ ” പങ്ങിയിരുപ്പുണ്ടെന്നു പറഞ്ഞു നളിനി പേടിപ്പിക്കും. ആരാണ് ഒടിയനെന്നു ചോദിച്ചാല്‍ നളിനി നീണ്ട കഥകള്‍ പറയും. ഇലകള്‍ക്കിടയിലൂടെ വീഴുന്ന വെയിലു മാഞ്ഞു പോകുമ്പോള്‍ ഞങ്ങള്‍ തിരിച്ചുപോരും. ഒടിച്ചെടുക്കാവുന്ന നേര്‍ത്ത കൈകാലുകളും തുറിച്ച കണ്ണുകളുമുള്ള ഒടിയന്‍ രാത്രികളില്‍ ദുസ്വപ്നമായി വന്ന് എന്നെ ഭയപ്പെടുത്തിയിരുന്നു.

അതുവരെ ആകെ പേടിയുണ്ടായിരുന്നത്‌ ശങ്കുണ്ണി അമ്മാവനെയായിരുന്നു. വഴിയുടെ വളവിലുള്ള പീടികത്തിണ്ണയില്‍ ഇരുന്ന് അമ്മാവന്‍ ഒരിക്കല്‍ പറഞ്ഞു,

“ ഇന്ന് തീമഴ പെയ്യും ക്ടാങ്ങളെ ഓടിക്കോ ..” 

“ തീ മഴ പെയ്യ്വ എങ്ങന്യാ?” സംശയം തീര്‍ക്കാന്‍ ഞാന്‍ ചോദിച്ചു. 

“ തക തെയ്യ് ..നിനക്കതും അറീല്ലെ?” 

“ മേഘങ്ങളൊക്കെ ചുവക്കും പെണ്ണേ പിന്നെയാകാശമാകെ തീ നിറയും..”

“ അയ്യോ അപ്പോ തലയില്‍ തീ വീഴൂലെ ..?” ഞാന്‍ അത് വിശ്വസിച്ചു.

“ വീഴുമല്ലോ മഴവെള്ളത്തിനു പകരം തീ വീഴും മാനത്തൂന്ന്...അതോണ്ടല്ലേ പറഞ്ഞത് ഓടിക്കോളാന്‍”
ഞങ്ങള്‍ തലയില്‍ കയ്യും വെച്ചുകൊണ്ടോടി. 

അമ്മാവന്‍ “ തീമഴ” പ്രയോഗം ഇടയ്ക്കിടെ നടത്തിക്കൊണ്ടിരുന്നു. ആകാശത്തില്‍ ചുവന്ന മേഘങ്ങളെ തിരഞ്ഞ് തീമഴ പെയ്യുന്നതും കാത്ത് ഞങ്ങളിരുന്നു.

ആയിടയ്ക്കായിരുന്നു നിര്‍ണ്ണായകമായ ഒരു സംഭവം ഉണ്ടായത് . 

“ ഇത് കണ്ടോ...തീ” 

സന്ധ്യയ്ക്ക് സ്കൂളില്‍നിന്നും മടങ്ങവേ ഗോപന്‍ ട്രൌസറിന്റെ കീശയില്‍ നിന്നും തീപ്പെട്ടി എടുത്തു കാണിച്ചു. 

ഓരോരുത്തരും മത്സരിച്ച് തീപ്പെട്ടിക്കൊള്ളി ഉരച്ചു കത്തിച്ചെറിഞ്ഞു. അവസാനത്തെ കൊള്ളി, എറിയലിന്റെ ശക്തിയില്‍ ചെന്നു വീണത്‌ ഒരു വീടിന്‍റെ വേലിയില്‍! . ഉണങ്ങിയ വേലിയില്‍ തീ ആളിപ്പടര്‍ന്നു കത്തി. ആകാശത്ത് നിന്നും ഭൂമിയില്‍വന്നു പതിച്ച തീ മഴ കണ്ട് ഞങ്ങള്‍ അമ്പരന്നു നിന്നു. ആ വീട്ടിലെ രണ്ടു പെണ്‍കുട്ടികള്‍ പേടിച്ചു നിലവിളിച്ചു. ആളുകള്‍ കൂടും മുന്‍പേ ഞാനും ഗോപനും കൂട്ടുകാരും ഒളിമ്പിക്സിനെ വെല്ലുന്ന ഓട്ടം ഓടി രക്ഷപ്പെട്ടു.

വീട്ടിലെത്തി ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ ഉറങ്ങാന്‍ കിടന്നെങ്കിലും തീമഴയില്‍ ഉറഞ്ഞു തുള്ളുന്ന ഒടിയനെ ഞാന്‍ വീണ്ടും വീണ്ടും കണ്ടു. ഉറക്കം വീങ്ങിയ കണ്ണുകളുമായി പിറ്റേ ദിവസം ക്ലാസ്സിലെത്തുമ്പോള്‍
ചൂരല്‍വടിയുമായി  “ഏട്മാഷ്‌” മുന്‍പില്‍ .

“ആരാടീ വേലിയില്‍ തീപ്പെട്ടി കത്തിച്ചെറിഞ്ഞത്”?
തീ തുപ്പുന്നു കണ്ണുകള്‍! 

കത്തിയ വേലിയുടെ ഉടമകളായ രണ്ടു പെണ്‍കുട്ടികളും അടുത്തുണ്ട്. അവരെന്നെ നോക്കി ദഹിപ്പിക്കുന്നുണ്ട്. ഗോപനും കൂട്ടരും ചൂരല്‍ പ്രഹര മേറ്റ് ഒരു മൂലയില്‍ നിന്നു കരയുന്നു. ഞാന്‍ വലിയവായില്‍ നിലവിളിച്ചുകൊണ്ട് രാമ്മാഷെ കെട്ടിപിടിച്ചു അലമുറയിട്ടു. ശിക്ഷാവിധി അവിടെ അവസാനിച്ചുവെന്നു കരുതി. വൈകീട്ട് വീട്ടിലെത്തിയപ്പോള്‍ അമ്മയുടെ കയ്യിലും ചൂരല്‍ . തെറ്റ് ചെയ്തിട്ടല്ലേ.. നല്ല സ്വാദോടെ നുണഞ്ഞു ചൂരല്‍ കഷായം. ആ ഓര്‍മ്മകള്‍ക്കിപ്പോഴും കയ്പ്പു തന്നെ! 

അതുവഴി പോകുമ്പോഴൊക്കെ ഒട്ടകപ്പക്ഷിയെ പോലെ ഞാന്‍ തല പൂഴ്ത്തും. 

അപ്പോഴൊരു സംശയം വരും ,
ആ കുട്ടി ഞാന്‍ തന്നെയായിരുന്നോ..

എന്നെങ്കിലുമൊരിക്കല്‍ ചുവന്ന മേഘങ്ങള്‍ താലപ്പൊലി പിടിച്ചു നില്‍ക്കുന്ന ഇരുണ്ട സന്ധ്യകളില്‍ മാനത്തൂന്ന് തീമഴ പെയ്യുന്നതും കാത്തു കാത്തിരുന്ന ആ പെണ്‍കുട്ടി ഞാനല്ലാതെ മറ്റാരാണ്‌!

അമ്മിണി ടീച്ചറും ആനവാൽമോതിരവും..


വാകമരത്തണലിൽ നിന്നും ഒരു ബാല്യം പടികടന്ന് ഒറ്റയടി വെച്ചുകൊണ്ടേ യിരുന്നു. 
ഓരോ ദിനവും പൂ വിരിയുംപോലെ വിടർന്നു കൊഴിഞ്ഞു. ഇലഞ്ഞിമരത്തുമ്പിൽ ഉമ്മ വയ്ക്കുന്ന സൂര്യനെ നോക്കി ഞാൻ കണ്ണിറുക്കിക്കാണിച്ചു. മഞ്ഞക്കിളികൾ ഊയലാടുന്നത്‌ നോക്കി കൊതിച്ചിരുന്നു...ഓരോ മഞ്ഞു തുള്ളി വീഴുന്നതും ഒരിളം കാറ്റ് ഓടിവന്നു കെട്ടിപ്പിടിയ്ക്കുന്നതും ഞാൻ അനുഭവിച്ചുകൊണ്ടിരുന്നു. ലോകം എനിയ്ക്ക് വേണ്ടി ഉദിയ്ക്കുകയും അസ്തമിയ്ക്കുകയും ചെയ്തു.ആലത്തൂരിൽ ഒരു അംഗനവാടി എന്ന സ്വപ്നംപൂവിട്ടു. 

ആദ്യത്തെ ദിവസം അമ്മയോടൊപ്പം നഴ്സറിയിൽ എത്തിയപ്പോൾ തൊണ്ട കനം വെച്ചിരുന്നു. കാർമേഘം ഉരുണ്ടു കൂടി പെയ്യാൻ വിതുമ്പിയിരുന്നു.

അവിടെ അമ്മയെനിയ്ക്ക് ദേവതയെപ്പോലൊരു ടീച്ചറെ കാണിച്ചു തന്നു. കൊലുന്ന ദേഹത്ത് വെളുത്ത സാരി ചുറ്റിയ അമ്മിണി ടീച്ചർ. .ഒരു കെട്ട് പാത്തെച്ചിപൂക്കൾ പോലെ ചിരിച്ചു നിന്ന ടീച്ചർ മെലിഞ്ഞ കൈ നീട്ടി എന്നെ വിളിച്ചു, 

"ശ്ശൊ..എന്തൊരു ശേലാണ് കുട്ട്യേ ഈ പുള്ളിയുടുപ്പ്..ഇതാരേ വാങ്ങി തന്നത് ? "
ഉത്തരം പറയാതെ കാൽച്ചുവട്ടിലെ മണ്ണിൽ തള്ളവിരൽ കൊണ്ട് കോറി വരച്ചുകൊണ്ട് അമ്മയുടെ കൈ വിടാതെ നിന്നു.

"കുട്ടിയ്ക്കൊരു താറാവിനെ കാണണ്ടേ..ആനേം കുതിരേം കാണണ്ടേ...."?

"ആനേം കുതിരേം ണ്ടോ.." കാണാനുള്ള തിരക്ക്! 

"ഉവ്വല്ലോ..വാ ..കുട്ടി വാ” 

ആകാംക്ഷയെ മുറിച്ചുകൊണ്ട് മുറിയുടെ മൂലയില്‍ ഒരു മരക്കുതിരയും മരയാനയും! 

എനിക്കിഷ്ടായില്ല്യ . 

ന്റെ അമ്മിണിപ്പശൂം ചീരുക്കോഴീം എന്ത് നല്ലതായിരുന്നു അവരടെ കൂടെ കളിച്ചാ മത്യാർന്നു... കുളക്കരയിലെ പാറക്കല്ലിൽ ഇരുന്ന് വെള്ളത്തിൽകാലിട്ട് ഇളക്ക്യാൽ മത്യാർന്നു. 

മനസ്സിലെ നീണ്ട മുടിയുള്ള കുതിരയും വലിയ കൊമ്പുള്ള ആനയും മരത്തിൽ ജീവനില്ലാതെ കിടന്നു.

“ ആ-ആന ഇ-ഇല ഉ -ഉറി ഊ - ഊഞ്ഞാൽ ” വലിയ കടലാസ്സുകളിൽ പല നിറങ്ങളില്‍ ഇലയും ഉറിയും ഊഞ്ഞാലും തൂങ്ങിക്കിടക്കുന്നു.

ടീച്ചർ ചൂരൽ വടികൊണ്ട് അക്ഷരങ്ങളിൽ തൊട്ട് ഉറക്കെ 
 വായിച്ചു. കുട്ടികൾ ഏറ്റു ചൊല്ലി. 


"കൊച്ചു പൂച്ച കുഞ്ഞിനൊരു കൊച്ചമളി പറ്റി
കാച്ചി വച്ച ചൂടുപാലിലോടിച്ചെന്നു നക്കി .. "

പൂച്ച കുഞ്ഞു കേണു ത്രേ...

അങ്ങനെത്തന്നെ വേണം. കുറുമ്പിപ്പൂച്ച!

മുറ്റത്തെ ചെറിയ പ്ലാവിൽ ഊഞ്ഞാലുണ്ട്. ഹൊ! എന്തിനാ ഈ കുട്ട്യോളിങ്ങനെ വാശി പിടിച്ചു കരയുന്നെ. എന്റെ വീട്ടിൽ ഇതിലും നല്ല ഊഞ്ഞാലുണ്ടല്ലോ !

ണിം ണിം ണിം..

കുട്ടികൾ ഓടിപ്പോയി വരാന്തയിൽ നിലത്ത് , ചമ്രം 
പടിഞ്ഞിരുന്നു
 .

മഞ്ഞ നിറത്തിലുള്ള ചൂടുള്ള ഉപ്പുമാവ് .. 

നല്ല മണം!

" ഉണ്ണ്യോൾക്ക് കഴിയ്ക്കാൻ വേണ്ടി അമേരിക്കേന്നു വരണതാ.ഈ മഞ്ഞ മാവും പാൽപ്പൊടീം. വേം വെൽതാവും.കുഞ്ഞു കഴിച്ചോ.." ഉപ്പുമാവുണ്ടാക്കുന്ന പരമുവേട്ടൻ പറഞ്ഞു.

വായിൽ ഒട്ടിപ്പിടിയ്ക്കണ ഉപ്പുമാവു എനിയ്ക്കിഷ്ടായി.
പാല് വേണ്ട.. ഒഴിച്ച് വച്ച പാൽ നീക്കി വച്ച് എഴുന്നേറ്റു.


അമ്മിണി ടീച്ചർ പാൽ പാത്രത്തിലാക്കി അടച്ചു തന്നു.വീട്ടിലേക്കു കൊണ്ടുപോയി ജിമ്മിയ്ക്ക് കൊടുത്തു. വെളുത്ത രോമമുള്ള ആ നായകുട്ടിയെ അച്ഛൻ ഒരു കാർഡ് ബോർഡ് പെട്ടീലാക്കി കൊണ്ടുവന്നിട്ട് രണ്ടു മാസമേ ആയിരുന്നുള്ളൂ. അവൻ പാല് മുഴുവനും സ്വാദോടെ നക്കി കുടിച്ചു. 

ദിവസവും ഉച്ചയ്ക്ക് സ്കൂളീന്ന് ഞാനെത്തും വരെ 
അവൻ 
 അക്ഷമനായി കാത്തിരിയ്ക്കാനും തുടങ്ങി . അമേരിക്കൻ പാലിൽ കുഴച്ച ചോറ് കിട്ടും വരെ അവൻ വാലാട്ടിയും നക്കിയും സ്നേഹം പ്രകടിപ്പിച്ചുകൊണ്ടിരിയ്ക്കും.

"ഒന്നാന്തരം പശുമ്പാല് കൂട്ടി ചോറ് ഉണ്ടിരുന്ന നായാർന്നു. ഇപ്പോ അവൻ അമേരിക്കക്കാരനായല്ലോ അമ്മിണ്യേ.." മാമ്വേട്ടൻ അവനെ കള്യാക്കും.

“ആരും അറിയണ്ട.പാല് കൊണ്ട് വന്ന് പട്ടിയ്ക്കു കൊടുത്തൂന്ന് പറയും.പിന്നെ അതുമതി..” അമ്മയ്ക്ക് ആവലാതി.

“ഇല്ലമ്മേആരും അറിയില്ല..അവനിഷ്ടായിട്ടല്ലേ..ഞാൻ കുടിച്ചൂന്നു
വിചാരിച്ചോളൂ അമ്മ..

അമ്മയുടെ കൂട്ടുകാരി കൂടിയായിരുന്നു ടീച്ചർ . ടീച്ചർക്ക്എന്നോട് പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു.വെളുത്ത സാരിയേക്കാൾ വെളുവെളുത്ത മനസ്സുള്ള ടീച്ചർ. ക്ലാസ്സ് കഴിഞ്ഞാൽ വാതിൽ പൂട്ടി എന്നെയും കൂട്ടി നടക്കും, എന്റെ വീട്ടിലേക്ക്. അമ്മയും ടീച്ചറും തുണികളിൽ നൂലുകൊണ്ട് ചിത്രങ്ങൾ തുന്നും. 

"കുട്ടിക്കേതു ചിത്രാ തുന്നിത്തരണ്ടേ?"

ഇളം പിങ്ക് നിറമുള്ള ഒരു തുണി വിരിച്ചിട്ടിട്ട് ടീച്ചർ ചോദിച്ചു.

"നിയ്ക്ക്.. മാണിക്ക്യചെമ്പഴുക്ക മതി.."

തലയിൽ ചുവന്ന സ്കാഫ് കെട്ടിയ ചെമ്പഴുക്കയെ തുന്നിത്തീരുവോളം ഞാൻ ടീച്ചർടെ അടുത്ത് ഇരിപ്പുറപ്പിച്ചു . 

"ടീച്ചർടെ വീടെവിട്യാ.."?

"ന്റെ വീട് അങ്ങ് ദൂരെയാ കുട്ട്യേ.."

"ടീച്ചർക്ക് ആരൊക്ക്യാള്ളത്?"

"എല്ലാരുംണ്ട് "

"ന്നെ കൊണ്ടോവോ ഒരിയ്ക്കൽ"? 

" ഉവ്വല്ലോ.."

അങ്ങനെയാണ് ഒരാനയെ അടുത്ത് കാണുന്നത്.ടീച്ചറുടെ വീട്ടിലേയ്ക്ക് പോകും വഴി ഒരു വീട്ടിൽ, ഒരു കരിവീരൻ. 

ആനയെന്നു കേട്ടാല്‍ ഓർമ്മയിൽ വരിക കുട്ടൻ ചേട്ടനാണ്. 

"ആന ട്രൌസർ ഇട്വോ കുട്ടൻ ചേട്ടാ" ന്ന് ഞാൻ പണ്ടൊരിക്കൽ ചോദിച്ചത് ഇനി ആലത്തൂര് ആരും അറിയാൻ ബാക്കീല്ല്യ. 

“ആന ട്രൌസർ ഇടോടീ പാറുക്കുട്ടീ"

എപ്പോ കണ്ടാലും എന്നെ കള്യാക്കാൻ കുട്ടൻ ചേട്ടനൊരു കാരണം കിട്ടി.

“അതാ ആ വീട്ടിൽ ജീവനുള്ള ആന..” ഞാൻ സന്തോഷം കൊണ്ടുറക്കെ പറഞ്ഞു.

ആനയെ ചങ്ങലയിട്ടു പൂട്ടിയിരിയ്ക്കുന്നു, ഒരു പുളിമരത്തിൽ . വേലിപ്പത്തലില്‍ തെരുപ്പിടിച്ച് ഞാന്‍ നിന്നു.

"ഇത്രേം വെല്ല്യ ജീവിയ്ക്കു അത്രേം ചെറിയ കണ്ണുകളോ ടീച്ചറേ !"

"കുട്ടി അതിന്റെ ചെവി കണ്ടുവോ..ആ വിശറി പോലുള്ള ചെവികൾ വട്ടം പിടിച്ചിട്ടാണ് കാട്ടിലെ ആന ശത്രുക്കളുടെ അനക്കം ദൂരെ നിന്നേ അറിയുന്നത്.."

“ആനയ്ക്ക് മൂക്കില്ലേ..?"

“ഉണ്ട് കുട്ടീ നീണ്ട മൂക്കാണ് ആനേടെ തുമ്പിക്കൈ. അതിന്റെ പല്ലുകളാണ് കൊമ്പായി പുറത്തേയ്ക്ക് വരണത്.. ”.

" ഓ ..ആണോ.. അതിന്റെ കാലിൽ എന്തിനാ ടീച്ചറെ ചങ്ങലകൾ.. പാവം ! കാലൊക്കെ പൊട്ടി ചോരയൊലിക്കുണൂലോ "!

"അതേ കുട്ട്യേ..ആന ഒരു പാവം ജീവിയാണ്. അതിനു മനുഷ്യരെയെന്നല്ല ഉറുമ്പിനെ പോലും പേട്യാണ്.. കണ്ടില്ലേ അത് നിൽക്കണത് ..അതിനു കെടക്കാൻ പേട്യായിട്ടാണ്"

"അതെന്തിനാ പേടി..?"

"ശത്രുക്കൾ ആരെങ്കിലും ഉപദ്രവിക്കാൻ വന്നാൽ പെട്ടെന്ന് എഴുന്നേല്ക്കാൻ അതിനു വല്ല്യ പ്രയാസാണ്.. അതോണ്ട് ആനകൾ പൊതുവെ കെടക്കാറില്ല്യ".

"ഒരിക്കലും ഇല്ല്യേ ?"

"ഉണ്ടുണ്ട്, നല്ലോണം വയ്യായ വന്നാൽ അത് കെടക്കും..പിന്നെ എഴുന്നേല്ക്കാൻ ബുദ്ധിമുട്ടാവും.. ഉവ്വാവ്വു മാറീല്ലെങ്കിൽ മരിയ്ക്കും വരെ പിന്നെ അതങ്ങനെ ചെരിഞ്ഞു കിടക്കും...."

"ആന മരിയ്ക്ക്വോ ടീച്ചറേ? "

"എല്ലാ ജീവികൾടേം പോലെ ആനേം മരിയ്ക്കും..പക്ഷെ ആന ചെരിഞ്ഞൂന്നാ പറയാ.."
"അതെന്താ? " 

"അതങ്ങനെ ചെരിഞ്ഞു വീണു കെടക്കണ കാരണം.."
"യ്യോ ടീച്ചറേ ആനയ്ക്ക് വിരലില്ല .."

"ഇല്ല്യ കുട്ട്യേ..പക്ഷെ നഖങ്ങള്‍ ഉണ്ട്” 

തൂണ് പോലുള്ള കാലുകളിൽ സൂക്ഷിച്ചു നോക്കി.. 
“ഉം... ഉണ്ട്"
ആന കാലുകൾ പതുക്കെ ചലിപ്പിച്ചു കൊണ്ട് തുമ്പികയ്യിലിരുന്ന തെങ്ങിൻ പട്ട വലിയ വായ്ക്കകത്തേയ്ക്ക് തിരുകി തലയിളക്കി.

"പാവായിട്ടും പിന്നെ എന്തിനാ ആനേടെ കാലില് ചങ്ങല ഇട്ടിരിക്കണേ.."?

"അത് ആനയെ നമുക്ക് പേട്യായി ട്ട് കുട്ട്യേ". 

“ആ മരച്ചോട്ടിൽ കിടക്കുന്ന ആളാണ്‌ പാപ്പാൻ‌.. അയാള് പറയുന്നതൊക്കെ ആന അനുസരിയ്ക്കും..”
ഒരു കുട്ടി ആനയുടെ അടുത്തേയ്ക്ക് ധൈര്യത്തോടെ നടന്നടുത്തു. ആ വീട്ടിലെ കുട്ട്യാണ്‌. ആനക്കാരന്‍ കുട്ടി. 

അവൻ രണ്ടു പട്ടകൾ കൂടി ആനയുടെ അടുത്തേയ്ക്ക് വലിച്ചിട്ടു കൊടുത്തിട്ട് കയ്യിലെ വാഴപ്പഴം നീട്ടി..

"യ്യോ...ദാ ആന ആ കുട്ടീടെ കയ്യീന്ന് പഴം കഴിക്കണ് .."
എനിയ്ക്കാ ശിമട്ടൻ ചെറുക്കനോട് ആനയോടുള്ളതിനേക്കാൾ ആരാധന തോന്നി. ഞാൻ വേലിയരികി ൽ കോരിത്തരിച്ചു നിന്നു. 

പട്ടേം പഴോം മാത്രേ കഴിയ്ക്കുള്ളൂ അത്?

“ അല്ല . നാളികേരോം ശർക്കരേം പുല്ലും കരിമ്പും ഒക്കെ ആനയ്ക്കിഷ്ടാണ്.എല്ലാ തരം പഴങ്ങളും കഴിയ്ക്കും . വേണോങ്കി അടുത്തേയ്ക്ക് പോരു . ആന ഒന്നും ചെയ്യില്ല” . അവന്‍ വിളിച്ചു പറഞ്ഞു.

“വരൂ കുട്ട്യേ. മ്മക്ക് വീട്ടില്‍ പോകാം..അടേണ്ടാക്കി വെച്ചിട്ടുണ്ട്....” ടീച്ചർ ധൃതി പിടിച്ചു.

“ തിരിച്ചു പോകുമ്പോ വരാട്ടോ. അപ്പൊ കുട്ടി ഇവടെ ണ്ടാവ്വോ ?” ഞാന്‍ മടിച്ചു മടിച്ചു ചോദിച്ചു. 
“ ഉവ്വ്, ണ്ടാവും” . അവന്‍ ചിരിച്ചു.

വേലിയുടെ ഓരം പറ്റി ടീച്ചറോടൊപ്പം നടന്നു. 

" ഹേ ആരേ ഇത് .. ഈ കുട്ടി എത്രലാ പഠിക്കണേ.."

ഉമ്മറത്തെ ചാരുകസേരയിൽ ടീച്ചറുടെ അച്ഛൻ.

" അടുത്ത മാസം ഒന്നിലേയ്ക്കാവും..ഇപ്പോ ബാലവാടീല്. മണി ചേച്ചീടെ മോളാ" 

"ആണോ ..ആനയെ ഇഷ്ടായോ..കുട്ടിയ്ക്ക് ?"

"ഇമ്മിണി ഇഷ്ടായി.."

"ന്നാ ഇടയ്ക്കിടയ്ക്ക് ഇങ്ങട് പോരേ ടീച്ചർടെ കൂടെട്ടാ"

"ഉം.."

"കുട്ടി പോയി അട കഴിയ്ക്ക് , വെശ്ക്കണുണ്ടാവും.."

തിരിച്ചു പോകും വഴി ആനേടെ അടുത്ത് പോകണമെന്ന ചിന്തയായിരുന്നു മനസ്സിൽ... 
ഒറ്റയ്ക്ക് അവിടെയൊക്കെ ചുറ്റി നടന്നു..

“ വെയിലാറി. വീട്ടില്‍ പോണ്ടേ” ടീച്ചര്‍ ചോദിച്ചു. 

“ വേണം. ആനയെ കണ്ടിട്ട് വേണം പൂവാൻ .” 

ആനക്കാരന്‍ കുട്ടി അവിടെത്തന്നെ ണ്ടായിരുന്നു. 

“ബാ...ആനയ്ക്ക് പഴം കൊടുക്കാം..”അവൻ വിളിച്ചു. 

“ ഇല്ല്യ.. നിയ്ക്ക് പേട്യാ” 

“ഹേയ് പേടിക്കണ്ട..ഇത് കണ്ട്വോ ..ഈ വടി? ആനയ്ക്ക് ഈ വടി പേട്യാ നീ വന്നോ.. ഒന്നും ചെയ്യൂല..”

അവൻ വടി ആനയുടെ കാലിൽ ചാരി വച്ചു. ആന അനങ്ങാതെ നിന്നു .

ഞാന്‍ അടുത്തേയ്ക്ക് ചെന്നു.

ഒരു പഴം എന്‍റെ കയ്യില്‍ വച്ച് തന്നിട്ട് അവന്‍ പറഞ്ഞു; 

“ കൊടുക്ക്‌ ..കൈ നീട്ടിപ്പിടിക്ക് .” 

പേടി കൊണ്ടെന്‍റെ കൈ പൊന്തിയില്ല്യ.

“ പേടിക്കണ്ട. ദാ ഇങ്ങനെ...” 

അവന്‍ എന്‍റെ കൈ പിടിച്ച് ആനയുടെ അടുത്തേയ്ക്ക് നീട്ടി.

പാമ്പിനെ പോലെയുള്ള തുമ്പിക്കൈ വളച്ച് ആന ഒറ്റ എടുക്കലായിരുന്നു പഴം.. ഞാന്‍ പേടിച്ചു വിറച്ചു കണ്ണുകള്‍ ഇറുക്കി അടച്ചു.

“നേരം വൈകുണൂ കുട്ട്യേ.. “ വേലിയ്ക്കപ്പുറത്തു നിന്നും ടീച്ചർ വിളിക്കുന്നു.

“കുട്ടി ഇനീം വര്വോ” അവൻ ചോദിച്ചു.

“ഉം..നീം വരാം..”

ഒന്നാം ക്ലാസ്സിൽ വെല്ല്യ സ്കൂളിൽ പോയിട്ടും അമ്മിണി ടീച്ചറോടുള്ള ബന്ധം തുടർന്നു പോന്നു.

എന്റെ അന്യേത്തിക്കുട്ടീം ടീച്ചർടെ ബാലവാടിയിൽ പോയിരുന്നു.

വഴിയില് കാണുന്നവരോടൊക്കെ കിലുകിലാന്നു വർത്തമാനം പറഞ്ഞിരുന്ന കിളിക്കുട്ടി. അങ്കനവാടിയിലെ കുട്ടികളെ ദൂരെ എവിടെയോ, മത്സരത്തിനു കൊണ്ടുപോയി തിരിച്ചു വരുന്ന വഴി ഒരു ദിവസം അമ്മിണി ടീച്ചർ അവളെയും കൊണ്ട് വീട്ടിലേക്കു വന്നു. 

കിളി തുള്ളിച്ചാടികൊണ്ട് തത്തമ്മപച്ച നിറത്തിലുള്ള സോപ്പുപെട്ടി കാണിച്ചു ചിരിച്ചു. “എനിക്ക് സമ്മാനം കിട്ടിയതാണ്”. ആ കുഞ്ഞികണ്ണുകളിൽ ലോകം കീഴടക്കിയ ഭാവം! 

ടീച്ചർ എന്നെ നോക്കി കണ്ണിറുക്കി. 

“സമ്മാനം കിട്ടാതെ കരച്ചിലായിരുന്നു, ഞാനൊരു കടേന്നു വാങ്ങി ക്കൊടുത്തതാ “ അമ്മിണി ടീച്ചർ മലരുപോലെ വെളുക്കെ ചിരിച്ചു. 

“ചേച്ചീടെ കിളിക്കുട്ടിയ്ക്ക് ഉമ്മ..” അവൾ കിലുകിലാന്നു ചിരിച്ചു കൊണ്ട് ഓടിപ്പോയി. 

എത്ര വേഗമാണ് ഞാൻ ചേച്ചിയായി മാറിയത് !

“കുട്ടി പോരുന്നോ വീട്ടിലേയ്ക്ക്.. “ടീച്ചർ ചോദിച്ച പാടെ ഞാൻ കൂടെ പുറപ്പെടാൻ തയ്യാറായി .

ആനയും ആനക്കാരൻകുട്ടിയും മനസ്സിലേയ്ക്ക് ഓടിയെത്തി.

അന്നാണ് അവൻ എന്നോട് പറഞ്ഞത് ആനവാൽ മോതിരത്തെ പറ്റി.

“ആനവാൽ മോതിരമോ..അതെങ്ങന്യാ ണ്ടാക്ക്വാ.?” എനിക്കൽഭുതമായി.

“അതോ.. അതാ ആ വാലിലെ മുടി കണ്ടില്ലേ..അതീന്നു ഒന്ന് പറിച്ചെടുക്കും. ന്നിട്ട് മോതിരം കെട്ടും..”

“ആനയ്ക്ക് വേദനിയ്ക്കില്ലേ..”

“ഉം..വേദനിയ്ക്കും..”

“ന്നാ നിയ്ക്ക് വേണ്ടാട്ടോ ആ മോതിരം..” ഞാൻ മടങ്ങി.

ഏറ്റവും ഒടുവിലായി ടീച്ചറുടെ വീട്ടിലേയ്ക്ക് പോയ ദിവസം ഞാൻ ആനയുടെ വീടെത്തീപ്പോ നിന്നു. 

“അയ്യോ കുട്ട്യേ..അങ്ങട് പോണ്ട.. ആ ആനയ്ക്ക് മദമിളകിയിരിക്ക്യാ അടുത്ത് പോകാൻ പറ്റില്ല്യ..” .

അതിന്റെ മുഖത്ത് കൂടെ കണ്ണീരൊഴുകും പോലെ തോന്നി.

ആനയ്ക്കെന്തോ വലിയ അസുഖമാണെന്ന് മനസ്സിലാക്കി ഞാൻ മിണ്ടാതെ നിന്നു.

പാപ്പാൻ‌ പുളിമരം ചാരിയിരിപ്പുണ്ട്. അവനെ എവിടെയും കണ്ടില്ല.

ആനയും കുട്ടിയും മോതിരവും എന്റെ ഓർമ്മച്ചെപ്പിലെ കുഞ്ഞറകളിൽ ഭദ്രമായി.അവനെ പിന്നെ കണ്ടിട്ടേയില്ല. ആനയുടെ വേദനയിൽ ആനവാൽ മോതിരം ഒരു മോഹമല്ലാതെയുമായി..