2016, ജൂൺ 10, വെള്ളിയാഴ്‌ച

കൈത പൂത്ത രാവുകള്‍...


"ന്നിട്ട് പിന്നെ ആ നിധി ആർക്കാ കിട്ട്യേ അച്ഛമ്മേ.. ?"

"ആർക്കും കിട്ടീല്ല്യ കുട്ട്യേ..അതിപ്ലും ആ കുളത്തിലുണ്ട്. കുളത്തിനോട് ചേർന്നുള്ള ആ കെണറു കണ്ടിട്ടില്ല്യേ നീ..അതിന്റെ വക്കത്തുള്ള എഴിലമ്പാലേല് നിധി കാക്കുന്ന യക്ഷികളുണ്ട്. തൊടീയ്ക്കില്ല്യ . തൊടാൻ നോക്ക്യോർക്കൊക്കെ മുഴുപ്പ്രാന്ത് വന്നിട്ടുണ്ട്. 
കോവിലകത്തെ തമ്പ്രാൻ വിശ്വസിച്ച് സൂക്ഷിക്കാൻ കൊടുത്തതല്ലേ നിധി. ഈ കോലോത്തും കുളോം അവരട്യായിരുന്നു.." 

"പിന്നെങ്ങനെ ഇപ്പൊ നമ്മട്യായി? "

"അതിങ്ങനെ ജന്മി കുടിയാൻ വ്യവസ്ഥയ്ക്കൊക്കെ മാറ്റം വന്നപ്പോ തിരിഞ്ഞും മറിഞ്ഞും നമ്മടെ കയ്യില് വന്നു പെട്ടതാ.കണ്ടില്ല്യേ, ഈ പറമ്പ് മുഴോനും തുളസിച്ചെടികൾ കാടുപോലെ വളർന്നു നിക്കണേ..നംബൂര്യാരടെ പറമ്പായിരുന്നൂന്നുള്ലേനു ഇതീക്കൂടുതൽ തെളിവെന്തു വേണം..?"

"ഈ തമ്പ്രാൻ ന്നു പറഞ്ഞാ എന്താ ? ദൈവാണോ..?"
"തമ്പ്രാനും തമ്പ്രാട്ടീമൊക്കെ മനുഷ്യര് തന്ന്യാ. ജാതീല് ഉന്നതരാന്നു മാത്രം."

“ജാതി ആരാണ്ടാക്ക്യേ ?”

“അതൊക്കെ അങ്ങനെ ണ്ടായി വന്നതാ. പണ്ട് കോലോത്തെ ആൾക്കാര് പൊറത്തെറങ്ങ്യാല് നമ്മളൊക്കെ ഓടി വഴി മാറണം..നിന്റെ കൂട്ടുകാരി ശ്യാമളേടെ അമ്മയും കൂട്ടരുമാണ് തമ്പ്രാട്ടി നീരാട്ടിനു വരുംബ്ലും പോകുമ്പ്ലും വഴീന്നു ആൾക്കാരെ ആട്ടിപ്പായിക്കാൻ മുന്നില് നടക്കാറുള്ളത്.. വിഷ്ണൂന്റെ അമ്പലല്ല്യെ , അതിന്റെ കെഴക്കോറെ ആണ് പണ്ടത്തെ ഇല്ലം. ഇപ്പൊ ഇടിഞ്ഞു പൊളിഞ്ഞ്, കഷ്ടാണ്‌ അവസ്ഥ. വെല്ല്യമ്പ്രാട്ടി വിഷംതീണ്ടി മരിച്ചു... കൊച്ചമ്പ്രാന് പ്രാന്ത് പിടിച്ചിട്ട് ചങ്ങലക്കിട്ടേർക്ക്വാ . അച്ഛനോട് ചോദിച്ചാൽ അറിയാം പഴയ കഥയെല്ലാം. അവനു നല്ല ഓർമ്മ കാണും.”

കാറ്റിനു തുളസിപ്പൂവിന്‍റെ മണം.!

അച്ഛമ്മ പറഞ്ഞത് ശെര്യാ. പറമ്പ് നിറയെ വയലറ്റ് തണ്ടുകളും നീലയുടെ കലർപ്പുള്ള പച്ച ഇലകളുമുള്ള കൃഷ്ണ തുളസീം , രാമ തുളസീം തടഞ്ഞിട്ടു നടക്കാൻ വയ്യ. പൊലി കൂട്ടുമ്പോ മാമ്വേട്ടൻ കൂട്ടത്തോടെ വെട്ടി നിരത്തും കാടു പിടിച്ച തുളസിക്കടകൾ. സന്ധ്യാദീപത്തിനു പൊട്ടിക്കണ തുളസ്യെല പൂജയ്ക്ക് ശേഷം മുടീല് തിരുക്യാല്‍ തലേല് പേൻ വരില്ല്യ. രണ്ടെണ്ണം കയ്യിലിട്ടു തിരുമ്മി ഉറങ്ങാൻ കിടന്നാൽ സുഗന്ധമുള്ള സ്വപ്നങ്ങൾ കാണാം .

അന്നു രാത്രി സ്വപ്നത്തിൽ സ്വർണ്ണകുംഭത്തിൽ നിധിയുമായി കോലോത്തുംകുളത്തീന്ന് ഒരു ദേവത പൊന്തി വന്നു.

നറു നിലാവ് തൂവുന്ന രാത്രിയിൽ കുളത്തിലെ വെള്ളത്തിൽ കാലിട്ടിളക്കി ഞാനിരിക്ക്യായിരുന്നു.
കണ്ണിലടിച്ച സ്വർണ്ണ പ്രഭയിൽ അറിയാതെ മുഖം പൊത്തിപ്പോയി..

ചിരി കേട്ട് കണ്ണ് തുറക്കാൻ ശ്രമിയ്ക്കുമ്പോൾ ദേവത അരികിൽ. 

അഴകുള്ള വിഗ്രഹം പോലെ ചിറകുള്ള ദേവത!!

തുറന്നു പിടിച്ച ഉള്ളം കയ്യീന്ന് വെളുത്ത മുത്തുകൾ കുളത്തിലെ വെള്ളത്തിലേയ്ക്ക് ഉതിർന്നു വീണു കൊണ്ടേയിരിയ്ക്കുന്നു.

മിഴിച്ചു നോക്കിയപ്പോള്‍  ദേവത ചോദിച്ചു.
"ഈ കുടത്തിൽ എന്തൊക്ക്യാ ഉള്ളേന്നറിയ്വോ കുട്ടിയ്ക്ക് ..?" 

"ഇല്ല്യ.."

"മാണിക്ക്യോം മരതകോം ഇന്ദ്രനീലോം പതിച്ച സ്വർണ്ണാഭരണങ്ങളാ..". "കുട്ടിയ്ക്ക് കാണണോ?"

ദേവത കുടത്തിന്റെ അടപ്പ് തുറക്കാൻ തുടങ്ങുമ്പോൾ രണ്ടു സ്വർണ്ണമത്സ്യങ്ങൾ വെള്ളത്തിന്‌ മുകളിലേയ്ക്ക് മത്സരിച്ചു പിടഞ്ഞു ചാടി. ഞാനവയെ തൊടാൻ കുനിഞ്ഞതും, 
പെട്ടെന്ന് ഒരു ഒച്ചപ്പാടും ബഹളോം. അമ്മേം വനജേച്ചീം തട്ടിപ്പിടഞ്ഞെഴുന്നേറ്റു. 
കോഴിക്കൂട്ടീന്നു കോഴികൾടെ കരച്ചിൽ. അമ്മ ടോർച്ചുമായി പുറത്തേയ്ക്ക് നടന്നു.

“കോക്കാനാവും ..” 

അമ്മയ്ക്ക് ഒന്നിനേം പേടീല്ല്യ. എപ്പഴുമിങ്ങന്യാ. ശബ്ദം കേട്ടാൽ വാതില് തുറന്നു നോക്കും. ഉറക്കെ നായ്ക്കുട്ട്യേ വിളിയ്ക്കും. അവൻ വാലാട്ടി അടുത്ത് വരും വരെ അമ്മ അകത്തേയ്ക്ക് കേറൂല്ല്യ.
 
"പാതിരായ്ക്കൊന്നും മുറ്റത്തിറങ്ങണ്ട മണ്യേ.. തേർവാഴ്ചള്ളതാ.വല്ലോംകണ്ടു പേടിയ്ക്കണ്ട..".  
അച്ഛമ്മ ജനൽപ്പടിയിൽ കയ്യൂന്നി നിന്നുകൊണ്ട് താക്കീത് കൊടുത്തു.

സ്വപ്നം നഷ്ടപ്പെട്ട സങ്കടത്തിൽ പുതപ്പു വലിച്ചു തലയിലൂടെ ഇട്ട് ദേവതയെ ധ്യാനിച്ച്‌ ഉറക്കം കാത്തു കിടക്കുമ്പോ പുറത്ത് കോക്കാൻ പൂച്ച മോങ്ങുന്ന ശബ്ദം കേട്ടു. മാങ്കൊമ്പിലിരുന്ന കൂമന്റെ മൂളലിന് കാതു കൂർപ്പിച്ച് കിടന്ന ആ കിടപ്പിൽ നിധികുംഭം മറ്റൊരു സ്വപ്നത്തിലേക്ക് ഒഴുകിപ്പോയി.. ഓർത്തെടുക്കാനാവാത്ത വിധം ഉറക്കത്തിൽ ആണ്ടു പോയ അവ്യക്തസ്വപ്നം.. 

"എന്താ അച്ഛമ്മേ ഈ തേർവാഴ്ച..? "

രാവിലെ താളിയൊടിയ്ക്കാൻ നിക്കുമ്പോ, തലേന്ന് ചോദിയ്ക്കണമെന്ന് നിശ്ചയിച്ചിരുന്ന സംശയം ചോദിച്ചു.

"അത് ദുർദേവതകൾടെ കളിവിളയാട്ടം.. അവര് പടിഞ്ഞാറ്ന്ന് ങ്ങട് കേറി വരും. കോലോത്തുംകുളത്തിന്റെം അപ്രത്തുന്നാ വരവ്" .

"അതെന്തിനാ?"

"കെഴക്കേപ്ര്യല്ലേ മ്മടെ തറവാട്ടമ്പലം. ദേവ്യേകൂട്ടാന്‍വരണതാ അവര്. രാത്ര്യായാ ദേവി രൗദ്രരൂപം പൂണ്ട് അവരോടൊപ്പം കെഴക്കോട്ടും പടിഞ്ഞാട്ടും നടക്കും പുലരോളം. അതിന്യാ ഈ തേര്‍വാഴ്ച ന്നുപറയ്വാ.” 

അപ്പൊ ദുര്‍ദേവതകള്‍ മ്മടെ പറമ്പീക്കൂടി പൂവുമ്പോ മ്മക്ക് ദോഷല്ലേ അച്ഛമ്മേ..? "

"ആണ്കുട്ട്യേ,ആണ്. അതിനല്ലേ നീശനേം നമ്പൂര്യച്ചനേം കുടിയിരുത്ത്യേർക്കണേ..! "

നേരാ..തെക്ക് പടിഞ്ഞാറ് ഭാഗം കണ്ട് ഒരു കൂവള മരത്തിന്റെ ചോട്ടില് പ്രതിഷ്ഠിച്ചേക്കണ നമ്പൂര്യച്ചനു തിരി വെയ്ക്കാൻ അമ്മായീടെ കൂടെ ഞാനല്ലേ പോകാറ്! അവരാത്രേ ഈ വീടും പറമ്പും കാക്കണേ .!

ന്നാലും നിധീടെ കാര്യം പറഞ്ഞത് വിശ്വാസായില്ല്യ.. വാസ്തവമറിയാൻ അമ്മയോട് ചോദിയ്ക്കണം..
 
വെയിൽ ചായുന്നതും നോക്കി പടിഞ്ഞാറേ കളത്തിലിരിയ്ക്കുമ്പോ അമ്മ പനമ്പിൽ വിരിച്ചിട്ട നെല്ലിന്റെ ഉണക്കം നോക്കാൻ വന്നു..

“പുല്ലൂട്ടിൽ ഒന്നൂല്ല്യല്ലോ മാമ്വോ.. വൈക്കോത്തുറൂന്ന് കൊർച്ച്‌ വലിച്ചിട്ടു കൊടുക്ക്..”

സന്ധ്യക്ക്‌ മുൻപേ പുറം പണികളൊക്കെ ഒതുക്കുന്ന തിരക്കിലാണ് അമ്മ.. അരികെ പറ്റിക്കൂടി ചോദിച്ചു ,
“അമ്മേ അച്ഛമ്മ പറയ്യാ കോലോത്തും കുളത്തിൽ നിധീണ്ടെന്ന്. സത്യാണോ? . അമ്മയ്ക്കറിയ്വോ..?”

“ആ.. അങ്ങന്യൊക്കെ ആളുകള് പറയണുണ്ട്.. ടിപ്പൂന്റെ പടയോട്ടക്കാലത്ത് കുളത്തിൽ കൊണ്ടു മുക്കീതാന്നും കേള്‍ക്കണുണ്ട്.. ആരാപ്പോ ഇതൊക്കെ അന്വേഷിക്കാൻ പോണേ..”

" വിളക്കുവെടി കേൾക്കുംമുമ്പ് നീ വനജേടെ കൂടെ പോയി കുളിച്ചിട്ടു വാ . ഇരുട്ടാൻ നിക്കണ്ട.." 

കുളക്കടവില്‍ നല്ല തിരക്കാണ്. തുണികളലക്കി കഴിഞ്ഞാലേ വനജേച്ചി കുളത്തിലിറങ്ങാൻ സമ്മതിയ്ക്കൂ.. . തീവണ്ടി പാത കടന്നു വരുന്ന വെളൂരിയും കൂട്ടരും എത്തുന്ന നേരമാണ്. പാലുപോലെ വെളുത്ത വെളൂരീടെ ശരിക്കുള്ള പേര് എന്താണെന്ന് ആർക്കെങ്കിലും അറിയുമോന്നറിയില്ല്യ. ആ വിളിപ്പേരിൽ വെളൂരിയ്ക്കും പരിഭവല്ല്യായിരുന്നു. 

നാട്ടുവർത്തമാനത്തിന്റെ കെട്ടഴിച്ചു വിരിച്ച്
കുത്തി തിരുമ്മലും തല്ലിയലക്കലും ഊരലും പിഴിയലുമായി 
 ആകെ ബഹളമായപ്പോൾ വനജേച്ചീടെ കണ്ണ് വെട്ടിച്ച് കൈതക്കാടിന്നരികിലേയ്ക്ക് നീങ്ങി.

കൈതപൂത്ത മണം വരുന്നുണ്ട്. അച്ചമ്മേടെ പെട്ടീല് വയ്ക്കാൻ ഈ കാട്ടീന്നാ മമ്വേട്ടൻ കൈതപ്പൂ പറിച്ചുകൊടുക്കാറുള്ളത്. പന്ത്രണ്ടുവര്‍ഷത്തില്‍ ഒരിയ്ക്കലേ പൂക്കൈത പൂക്കൂ. ഇളംമഞ്ഞനിറമുള്ള പൂക്കുലയുടെ ഉള്ളില്‍നിന്നും വരുന്ന അറ്റംകൂര്‍ത്ത പോളകള്‍! മാസങ്ങളോളം മായാതെ നില്‍ക്കുന്ന സുഗന്ധം! 

വെളുത്ത മുഖവും മങ്ങിയകറുത്ത കൊച്ചുടലുമുള്ള കുളക്കോഴികൾ “ക്വക്ക് ക്വക്ക്”എന്ന് ശബ്ദമുണ്ടാക്കി കൂട്ടിൽ കയറാതെ മടിച്ചു നില്പ്പാണ്‌.. ചെറുമീനുകളെ കൊത്തി തിന്നു മതിയായില്ലേ? കൈതക്കാടിനുള്ളിൽ അവയുടെ കൂടുകൾ കാണും..ചിലതിൽ ചുവന്ന നിറമുള്ള മുട്ടകളും..

“വാവേ ..ആ കാട്ടിനുള്ളിൽ തലേടാൻ പൂവാൻ ആരേ പർഞ്ഞേ. വല്ലപാമ്പുംണ്ടാവും. .ഈ കുട്ട്യേക്കൊണ്ട് തോറ്റല്ലോ ഭഗവതീ..വേഗം വന്നു കുളിച്ചോളൂ...”

കടവൊഴിഞ്ഞതോ ഇരുട്ട് വീഴാന്‍ തുടങ്ങീതോ ഒന്നുമറിഞ്ഞില്ല. 
അസ്തമയസൂര്യന്റെ അവസാന കിരണങ്ങളേറ്റ് ഏഴിലംപാലയുടെ ഇലകള്‍ ചുവന്നു.

നീണ്ട നാരുകളുള്ള ചണ്ടികള്‍ വകഞ്ഞ് കുളത്തിലിറങ്ങിയപ്പോള്‍ ഭയമായി..

കഥകളുടെ സാഗരവുമായി മുങ്ങി നിവരുമ്പോ നിധി കാക്കുന്ന ദേവതയ്ക്ക് പകരം ഭൂതത്തെയാണ് മുന്നില്‍കണ്ടത്. ഒരു നിമിഷം ശ്വാസം കിട്ടാതായി. 

" ഇന്നെന്തേ  വാവേ വേഗം കുളിച്ചു കയറ്യെ ?" 

" ഒന്നൂല്ല്യ വനജേച്ചി ..ഇരുട്ടീല്ല്യെ ..അതാ.." 

രാത്രിയ്ക്ക് കനംകൂടിവന്നു. കൂമന്‍ ഇരുത്തിമൂളി. നിശബ്ദതകൾ പൂക്കുന്ന കൈതക്കാടുകളിൽ അന്തിയുറങ്ങുന്ന കുളക്കോഴികളെയോർത്ത് വെളുക്കുവോളം നെടുവീര്‍പ്പുകളില്‍ മുഖമമര്‍ത്തിക്കിടന്നു. വെളുത്ത ഉടലില്‍നിന്നും നീണ്ടുവന്ന എഴിലംപാലയുടെ കൈകള്‍ മാടിമാടി വിളിച്ചപ്പോള്‍ തണുത്തുമരവിച്ചു. 

യക്ഷികളും ദേവതകളും ഭൂതങ്ങളും നടത്തിയ തേര്‍വാഴ്ച്ചകളില്‍ പിന്നെയുമെത്രയോ രാത്രികള്‍ അപഹരിയ്ക്കപ്പെട്ടു. കോലോത്തുങ്കുളം പായല്‍വന്നുമൂടി. 
ഇളംചുവപ്പ്മുട്ടകള്‍ വിരിഞ്ഞ് കുളക്കോഴികള്‍ പെരുകി. കഥയറിഞ്ഞവരോ പറഞ്ഞവരോ മരിച്ചവരുടെ ലോകംപൂണ്ടു. 
നിഗൂഢമായ
 ഒരു അനുഭൂതി ബാക്കിവച്ചുകൊണ്ട് ഓര്‍മ്മയുടെ ചെപ്പുക്കുടത്തിലിപ്പോഴും ആ വനദേവതയുണ്ട്. കൈതപ്പൂവിന്റെ മണമുള്ള പനിച്ച രാത്രികളുമുണ്ട്.