2014, മാർച്ച് 7, വെള്ളിയാഴ്‌ച

എന്റെ മിഴിയിലെ പൂമ്പാറ്റഒരു ദിവസം രാവിലെ ഉമ്മറത്തെ ചവിട്ടു പടിയില്‍ ഇരിക്കുമ്പോഴാണ് ചെടികള്‍ക്കിടയില്‍ നിന്നും തെറിച്ചു വീണത്‌, ആ ചിത്ര ശലഭം. പാവം, പറക്കമുറ്റിയിട്ടില്ല. കൊക്കൂണീന്ന് ദാ, ഇപ്പോ ഇറങ്ങീട്ടേയുള്ളൂ. അയ്യോടാ..മുറ്റത്ത്‌ ഇഷ്ടികയില്‍ പറ്റി പിടിച്ചിരിക്ക്യാ. ഞാന്‍ അടുത്ത് ചെന്ന് നാല് ക്ലിക്ക്! ഓരോ ക്ലിക്കിലും അത് അറ്റം ചുരുണ്ട ചിറകുകള്‍ മെല്ലെ മെല്ലെ വിടര്‍ത്തി പറക്കാന്‍ ശ്രമം നടത്തുന്നുണ്ട്. സ്വപ്നങ്ങളുടെ വര്‍ണ്ണ പൊട്ടുകള്‍ ചിറകുകളില്‍ ഒതുക്കിവച്ച്, ഒരു ജീവന്‍ കൂടി ഈ ഭൂമിയിലേക്ക്‌! എന്തെന്തു ആഗ്രഹങ്ങൾ..എന്തെന്തു പ്രതീക്ഷകൾ.. എല്ലാം സഫലമാകട്ടെ പൂമ്പാറ്റേ ... ഈ ഉല്ലാസപ്പൂങ്കാറ്റിൽ നീ പാറിപ്പറക്കൂ.. ജീവിതം നമുക്കിതൊന്നു മാത്രം! നോക്കിയിരിക്കേ, അതിന്റെ ചിറകുകള്‍ കൂടുതല്‍ വിരിഞ്ഞുവന്നു... അല്പനേരം സംശയിച്ചിരുന്നശേഷം പയ്യേ പറന്നുയര്‍ന്നു, ആദ്യം ഒരു ചെടിയില്‍, പിന്നെ ഒരു പൂവില്‍, വീണ്ടും ഒരു കൂട്ടം പൂക്കളില്‍...പിന്നെയെവിടെയൊക്കെയോ..ഒരു പൂങ്കാവനം തേടിയോ കൂട്ടരോടൊപ്പം ചേരാൻ മോഹിച്ചോ മറഞ്ഞു പോയതാവാം പക്ഷേ ആ മഞ്ഞപ്പൂമ്പാറ്റയെ ഞാനെന്റെ മിഴികളിൽ കെട്ടിയിട്ടു, പറന്നകലാതെ, എന്റെ അരികിലായ്..

2014, മാർച്ച് 1, ശനിയാഴ്‌ച

താമരച്ചക്കകൊണ്ടൊരു അമൃതേത്ത്


ഒരു കിളി എന്‍റെ ഫോണിലിരുന്നു നിര്‍ത്താതെ ചിലച്ചു. ഞാന്‍ ഫോണ്‍ എടുത്തു.

“ഹലോ”

“ ടാ..ഞാന്‍ അപ്പ്വേട്ടനാണ്. നാളെ അങ്ങോട്ട്‌ പുറപ്പെട്വാണ്. നിനക്കെന്താ കൊണ്ടുവരേണ്ടത്?”

ഉത്സവം കൂടാനെന്നു പറഞ്ഞ് പത്തു ദിവസത്തെ അവധിക്ക് നാട്ടില്‍ പോയതാണ് അപ്പ്വേട്ടന്‍, എന്‍റെ വലിയച്ഛന്‍റെ മകന്‍.

കിട്ടിയ താപ്പിന് ലിസ്റ്റ് നിരത്താതെ, ഞാന്‍ മര്യാദക്കാരിയായി പറഞ്ഞു,

“എനിക്കൊന്നും വേണ്ടപ്പാ..എല്ലാം ഇവിടെ കിട്ടൂലോ..”

“ഹേയ് എന്നാലും എന്തെങ്കിലും പറയടാ”

“ശരി, എന്നാല്‍ കുറച്ച് ചക്കക്കുരു..”

നാവിന്‍ തുമ്പത്ത് വന്നത് അങ്ങ് പറഞ്ഞൂന്നേയുള്ളൂ.

“ഹെന്‍റെ പോന്നു മോളേ, നിനക്ക് വേറൊന്നും കിട്ടീലേ..ഞാനീ പാതിരാക്ക്‌ എങ്ങോട്ട് പോകും ചക്കക്കുരുവിന്?”

ചോദിച്ച് കുടുങ്ങി, പുലിവാലുപിടിച്ച പോലെ ചേട്ടന്‍ പരുങ്ങി.

“എന്നാ വേണ്ട.”. ഞാന്‍ ഫോണ്‍ വച്ചു.

പിറ്റേന്ന് വൈകീട്ട് എനിക്കൊരു പാര്‍സല്‍ വന്നു, ചേട്ടന്‍ കൊണ്ടുവന്നതാണ്.

രണ്ട് കൊച്ചു താമരച്ചക്കകളും കുറച്ച് ചക്കക്കുരുവും.

കൊതിതീരാനില്ലെങ്കിലും, പത്തെങ്കില്‍ പത്തു ചുള ചക്കപ്പഴം... എത്ര വല്ല്യ നിധി കിട്ടിയ സന്തോഷമാണ് എനിക്ക് ആ പൊതി തുറന്നപ്പോള്‍ കിട്ടീതെന്നോ!!

വിഷുക്കാലത്താണ് ചക്ക പഴുക്കുക എന്നായിരുന്നു എന്‍റെ ഒരു ധാരണ. അതുകൊണ്ട് ഒട്ടും പ്രതീക്ഷിക്കാതെ ഈ മകരത്തില്‍ പഴുത്ത ചക്ക കണ്ടപ്പോള്‍ ഗ്രഹണി പിടിച്ച പോലെ ആര്‍ത്തി!.

ചക്കപ്പഴം വയറു മറന്ന് കഴിച്ച കാലം ഓര്‍മ്മയിലേ ഉള്ളൂ.. എന്‍റെ അമ്മ എന്നെ വിളിച്ചിരുന്നത്‌ “ചക്കക്കൊതിച്ചീ”ന്നാ. പത്താംക്ലാസ് കഴിഞ്ഞതില്‍ പിന്നെ അധികവും ഞാന്‍ ഹോസ്റ്റലിലായിരുന്നു. അവധിക്കു വീട്ടില്‍ ചെല്ലുമ്പോള്‍ അമ്മ എനിക്കായി പഴുത്ത താമര ചക്കകള്‍ കയ്യാലയില്‍ സൂക്ഷിച്ചു വയ്ക്കുമായിരുന്നു. മാമ്വേട്ടനാണ് പ്ലാവില്‍ കയറി ചക്കകള്‍ കയറില്‍ കെട്ടി താഴെ ഇറക്കുക. അല്ലെങ്കില്‍ താഴെ വീണു ചക്ക ചതഞ്ഞു പോകുമെന്നു മാത്രമല്ല, ശരിക്ക് പഴുത്തു കിട്ടുകയും ഇല്ല. താമരച്ചക്കയോട് കിടപിടിക്കാന്‍ മറ്റേതു ചക്കക്കുമാവില്ല. എന്‍റെ വീടിന്‍റെ വടക്കേ എതയിലുള്ള താമരപ്ലാവിലെ ഉണ്ടച്ചക്കയുടെ പെരുമ ആ വേലിക്കെട്ടിനുള്ളില്‍ നിന്നും എത്രയോ ദൂരേക്ക്‌ പരന്നിരിക്കുന്നു!!. തൈ ആയും കുരുവായും പലരും കൊണ്ടുപോയി നട്ടു വളര്‍ത്തിയിട്ടുമുണ്ട്. വീട്ടിലെ താമര പ്ലാവ് ഇപ്പോ വയസ്സനായി. അറുപതു വയസ്സില്‍ ഒട്ടും കുറയില്ല..എന്നാലും ഇപ്പോഴും തടി കാണാത്ത വിധം തിങ്ങി നിറഞ്ഞു കായ്ക്കും. താമരയോടുള്ള ഉപമ എങ്ങനെ വന്നുവെന്ന് മാത്രം എനിക്കറിയില്ല.

ചിലപ്പോ ഒരു തേങ്ങയോളം , അല്ലെങ്കില്‍ അതിലും കുറവ്.അത്രയേ ഉള്ളൂ ഒരു ചക്കയുടെ വലിപ്പം. കസ്തൂരിമഞ്ഞളിന്‍റെ നിറമാണ്, പഴുത്ത ചുളകള്‍ക്ക്! മധുരമോ, പറയുകയേ വേണ്ട..ഇത്ര വിശേഷാല്‍ ചക്ക ഈ ലോകത്ത് വേറെയുണ്ടെന്നു പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല. ഒരിക്കല്‍ ഈ ചക്ക കഴിച്ചവരെ , വേറെ ഏതു ചക്ക കൊടുത്തും തൃപ്തിപ്പെടുത്താനാവില്ല. അതാണ്‌ താമര ചക്ക! കാണാനും അതീവ സുന്ദരിയാണ്. ഉരുണ്ട്, ഒതുങ്ങിയ ചക്കകള്‍! നന്നേ കട്ടി കുറഞ്ഞ മുള്ളില്ലാത്ത മടലിനുള്ളില്‍ , തൂവല്‍ പോലുള്ള ചവിണികള്‍ക്കിടയില്‍ പുഷ്യരാഗം പോലെ അഴകുള്ള ചുളകള്‍. എന്തൊരു രുചിയാണെന്നോ!!!

ഇന്നലെകളുടെ മായാന്‍ കൂട്ടാക്കാത്ത നിഴലായി ഇന്ന് താമരച്ചക്കയും! വര്‍ഷങ്ങള്‍ തന്നെ ആയിരിക്കുന്നു, കൊതി മാറുവോളം താമരച്ചക്ക കണ്ടിട്ടും കഴിച്ചിട്ടും! വലുപ്പത്തില്‍ ചെറുതാണെങ്കിലും, രണ്ടുമൂന്ന് ചക്കയൊക്കെ ഒരൊറ്റ ദിവസം കൊണ്ട് ഞാന്‍ അകത്താക്കുമായിരുന്നു!

അത് കാണുമ്പോള്‍ അമ്മ പറയും,

“ഈ പെണ്ണിന് വല്ല ദഹനക്കേടും പിടിക്കൂലോ ഈശ്വരാ” എന്ന്.

എന്നിട്ട് ചുക്കു പൊടിച്ചത് ഒരു പിഞ്ഞാണിയില്‍ വച്ചുതരും, കുറേശ്ശെയായി വായിലിട്ട് ഇറക്കാന്‍ പറയും. മനസ്സിലും നാവിലും എനിക്ക് ചുറ്റുമുള്ള വായുവിലും പടരുന്ന മധുരമൂറുന്ന ചക്കയുടെ ഗന്ധം ഭേദിക്കുന്ന ചുക്കിനെ എനിക്കത്ര ഇഷ്ടമല്ല. അത് കഴിച്ചില്ലെങ്കില്‍ ഒരു ചുക്കുമില്ലെന്ന ഭാവത്തില്‍ ഞാന്‍ മുഖം ചുളിക്കും.

“ചക്ക തിന്നാല്‍ ചുക്കെന്നാ..നാളേയും ചക്ക കഴിക്കണമെങ്കില്‍ മതി”. അമ്മയുടെ ഭീഷണിയില്‍ ഞാന്‍ ചുക്കുപൊടി വിഴുങ്ങും. എന്നിട്ട് മേമ്പൊടിയായി പിന്നേം രണ്ടു ചുളകള്‍ കൂടി കഴിക്കും.

“അമ്മേ, ഉച്ചക്ക് എനിക്ക് ചക്കക്കുരു കൂട്ടാന്‍ ട്ടാ..” പുസ്തകവുമായി പാടത്തേക്ക് നടക്കുമ്പോള്‍ ഞാന്‍ വിളിച്ചുപറയും. പാടം നികത്തിയ വലിയ തെങ്ങിന്‍പറമ്പാണ് അത്. പഠിപ്പെന്നും പറഞ്ഞ് പാടത്തേക്ക് പോയാല്‍ അവിടെയുള്ള ചെന്തെങ്ങിന്‍റെ കരിക്കുകള്‍ കയ്യെത്തിച്ച് പിരിച്ചിട്ട്, മോട്ടോര്‍ പുരയില്‍ ഒളിപ്പിച്ച വെട്ടുകത്തിയെടുത്ത് ചെത്തി കുടിക്കും.തെങ്ങ് ഏകദേശം വെളുപ്പിച്ചപോലെയാക്കും. ഒന്ന്, രണ്ട്, മൂന്ന്, നാല്..ഹാവൂ ഇനി വയറ്റില്‍ സ്ഥലമില്ല..മതിയാക്കാം.. ഞാന്‍ തിരിച്ചു വീട്ടിലേക്ക് പോകും. ഉച്ചയൂണിനു വിളിക്കു കാതോര്‍ത്തു ഇരിക്കും.

അതാ വരുന്നു മറ്റൊരു സുഗന്ധം.!!! ചക്കക്കുരൂം മാങ്ങേം പച്ചമുളകും വേപ്പിലേം മഞ്ഞള്‍ പൊടീം ഇട്ടു വേവിച്ച്, പച്ച തേങ്ങ അരച്ച് ഒഴിച്ച്, കടുക് താളിച്ച മഞ്ഞക്കൂട്ടാന്‍. എന്‍റെ പ്രിയവിഭവം. അന്ന് ഒരു കുന്നോളം കുത്തരിച്ചോറിനുമീതെ ആവി പറക്കുന്ന കൂട്ടാനൊഴിച്ച് ഒരു പിടി പിടിക്കും ഈ ഞാന്‍. ഉപദംശകമായി മുളക് കൊണ്ടാട്ടം വറുത്തതും കടുമാങ്ങാ അച്ചാറും ഉണ്ടാവും. ഒരു ചെറിയ ചക്കക്കുരു കൂടി ഇനിയങ്ങോട്ട് ഇറങ്ങില്ലാന്നാവുമ്പോ അടിയന്‍ മതിയാക്കും.

“ഭക്ഷണം കഴിക്കാനിരുന്നാല്‍ പെണ്ണ് പിന്നെ ഒരക്ഷരം മിണ്ടില്ല. ഹോ, അപ്പോഴെങ്കിലും മനുഷ്യന് ഒരു സ്വൈര്യം കിട്ടൂലോ”!!!. അമ്മയുടെ കണ്ടുപിടുത്തം!

ശരിയാ..ഞാന്‍ അങ്ങനെയാണ്. എനിക്കിഷ്ടമുള്ള ഭക്ഷണം കിട്ടിയാല്‍ പിന്നെ എന്‍റെ മുന്‍പില്‍ അത് മാത്രമേയുള്ളൂ..രുചിയറിഞ്ഞ്‌, നുണഞ്ഞ് കഴിക്കും. പയ്യെയൊന്നുമല്ല , നല്ല വേഗത്തില്‍ കഴിക്കും, പക്ഷേ കഴിയുംവരെ മിണ്ടൂലാന്നു മാത്രം. എന്തെങ്കിലും പാനീയമാണെങ്കില്‍ തീരും വരെ കണ്ണടച്ചിരുന്നു കുടിക്കും. അതങ്ങനെയൊരു ശീലം!

നാടും വീടും വിട്ടു പോന്നിട്ടും ചക്കക്ഷാമം അറിഞ്ഞിരുന്നില്ല. ആരെങ്കിലും നാട്ടീന്നു വരുമ്പോള്‍ അവരുടെ ബുദ്ധിമുട്ടൊന്നും വകവയ്ക്കാതെ അമ്മ സ്വാര്‍ത്ഥമതിയാവാറുള്ളതിനാല്‍ ഞാന്‍ അടിക്കടി ചക്ക മോഹം തീര്‍ത്തു കൊണ്ടിരുന്നു.

അമ്മയോടുകൂടി എല്ലാം നഷ്ടമായി. പക്ഷേ പിന്നാമ്പുറങ്ങളിലൊളിക്കാതെ ഇന്നും പലതിന്‍റെയും സ്വാദും നിറവും ചന്തവും ഗന്ധവുമെല്ലാം എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. വീടിന്‍റെ വടക്കേപ്പുറത്തെ ഇറയത്തിരുന്നു കാലാട്ടിക്കൊണ്ട് അമ്മ തരുന്ന ഭക്ഷണം കഴിക്കുമ്പോള്‍ ഉണ്ടായിരുന്ന സുഖമുണ്ടല്ലോ....മറ്റേതൊരു രസത്തെയും നാണിപ്പിക്കുന്ന ഒരു വല്ലാത്ത സായൂജ്യമായിരുന്നു അതെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. ഓരോ കാലങ്ങളില്‍ ഓരോ ജീവിതങ്ങള്‍! മാറ്റങ്ങള്‍ അനിവാര്യമാണ്, എന്നിരുന്നാലും, മാറ്റമില്ലാതെ നമ്മളെ പിന്തുടരുന്നു ചില താളുകള്‍, നൊമ്പരം നിറച്ചുകൊണ്ട്, എക്കാലവും! എനിക്കറിയാത്ത ഏതോ ഒരിടത്തിരുന്ന് അമ്മ ഓര്‍ക്കണുണ്ടോ ആവോ ഇത് വല്ലതും...

കര്‍ക്കിടക മാസത്തില്‍ കുട്ട്യോള്‍ടെ സ്ക്കൂള്‍ അടക്കുന്ന സമയത്ത് നാട്ടില്‍ പോകുമ്പോ കിട്ടുന്ന ചക്കക്ക് ഒരു രുചിയും ഉണ്ടാവില്ല. മഴവെള്ളമിറങ്ങി മുള വന്ന ചക്ക. എനിക്കത് ഇഷ്ടമേയല്ല. ഒരു തേളിനെപ്പോലെ ചുളകള്‍ക്കുള്ളില്‍ വേരുകള്‍ പടര്‍ത്തിയിരിക്കും ചക്കക്കുരു. മഴക്കാലത്ത് ഇഷ്ടം ചക്കയടയോടും, ചക്ക വരട്ടിയതിനോടും ആണ്. പിന്നെ കറുമുറെ സേവിക്കാന്‍ ചക്ക വറുത്തതും! നല്ല പഴുത്ത ചക്ക കിട്ടാത്ത സങ്കടം ഞാന്‍ തല്‍ക്കാലത്തേക്ക് ഒന്ന് മറക്കുകയാണ് പതിവ്!

ഗള്‍ഫില്‍ സൂപ്പര്‍ മാര്‍ക്കെറ്റുകളില്‍ കിട്ടും മുറിച്ച ചക്ക. നാല് ചുളക്ക് നാനൂറ് ഉറുപ്പിക എന്ന അവസ്ഥയാണ്. യാതൊരു മണമോ ഗുണമോ ഇല്ലാത്തത്. കൊടുക്കുന്ന കാശു മുതലാവണമെങ്കില്‍ മടലും കൂടി വിഴുങ്ങണമെന്ന അവസ്ഥ! എന്നാലും ഞാന്‍ വാങ്ങും, കുട്ട്യോളും അറിയണമല്ലോ എന്താണീ ചക്ക എന്ന്. ഓരോ അവധിക്കു നാട്ടില്‍ പോകുമ്പോഴും, “ഈ മരത്തിലാണ് ചക്ക ഉണ്ടാവുക, ഇതിനെയാണ് പ്ലാവെന്നു പറയുക”, എന്നൊക്കെ അവരോട് പറയേണ്ടി വരുമ്പോള്‍, സത്യത്തില്‍ ഒരു വീര്‍പ്പുമുട്ടലാണ്‌…….. തലമുറകള്‍ തോറും സംഭവിക്കുന്ന ഈ അന്തരം എവിടെ ചെന്നവസാനിക്കും!! അവരുടെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന സ്മരണകളില്‍, ചക്കയോ ചുക്കോ സ്ഥാനം പിടിക്കില്ലെന്ന് മാത്രമല്ല, മാതാപിതാക്കളുടെ സ്നേഹം പോലും ഒരു ഓര്‍മ്മയോ ഓര്‍മ്മത്തെറ്റോ ആയി മാറിയേക്കുമോ ഈശ്വരാ...

അപ്പ്വേട്ടന്‍റെ സമ്മാനപ്പൊതിയിലൂടെ ആയിരം കാതങ്ങള്‍ക്കുമപ്പുറത്തുനിന്നുള്ള സ്നേഹത്തിന്‍റെ ഊഷ്മളത, അതിന്‍റെ പതിന്മടങ്ങ്‌ തീവ്രതയുള്ള ഒരനുഭൂതിയായി എന്നില്‍ നിറയുമ്പോള്‍ അമ്മയുടെ ഇളം ചൂടുള്ള മധുരതരമായ ഓര്‍മ്മകളെന്നെ തൊട്ടുതലോടുന്നതറിയുന്നു.

“കൊതിച്ചിപ്പാറൂന് ഇത് മത്യാവോ..” അമ്മ കളിയാക്കുന്നോ?

എന്തിനാപ്പോ എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകണേ....

അറിയില്ല..ഒഴുകട്ടെ.. കല്ലുകെട്ടിയിട്ട പോലെയുള്ള ആ ഭാരം എപ്പോഴെങ്കിലും ഒന്ന് ഒഴുകിത്തീരട്ടെ...