2015, മേയ് 13, ബുധനാഴ്‌ച

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി -വായന



ഓരോ വായനയും വ്യത്യസ്തമായ അനുഭവമാണ്. എങ്കിലും " സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി" എന്ന നോവല്‍ നല്‍കുന്നത് ഒരു പുതിയ വായനാനുഭവം തന്നെയാണ്.. ഇതുവരെ പരിചയപ്പെട്ടിട്ടില്ലാത്ത ആഖ്യാനശൈലി, വൈവിധ്യമാര്‍ന്ന പ്രമേയം. ചരിത്രവുംമിത്തും രാഷ്ട്രീയവും വ്യക്തിയും സംഘടനയും ശരീരവും ആതമാവും എല്ലാം കൂടി കലര്‍ന്ന് കഥയും യാഥാർത്ഥ്യവും ആവുന്ന വിശിഷ്ടമായ വായനാനുഭൂതി പകരുന്ന എഴുത്ത്.

സമകാലികമായി പറഞ്ഞാല്‍ എൽ ടി ടി ഇ ഉൾപ്പെടെയുള്ള ശ്രീലങ്കയിലെ തമിഴ് വിമോചന പോരാട്ടത്തിന്‍റെയും അവിടെ നിലനിന്നിരുന്നതോ ഇപ്പോഴും നിലനില്‍ക്കുന്നതോആയ ഫാസിസത്തിന്‍റെ ക്രൂരമായ പശ്ചാത്തലത്തില്‍ തനിക്ക്പ്രിയപ്പെട്ട ആണ്ടാള്‍‍ ദേവനായകിയുടെ കഥ പറയുകയാണ്‌ ടി ഡി രാമകൃഷ്ണന്‍‍.

ഒരു കടലിന്‍റെ അകലത്തിൽ നമ്മുടെ തൊട്ടരികിൽ കിടക്കുന്ന ശ്രീലങ്കയെന്ന കൊച്ചു രാജ്യത്ത് നടക്കുന്ന ആഭ്യന്തരയുദ്ധവും കൂട്ടക്കൊലകളും മാനഭംഗങ്ങളും നാം നിസ്സംഗതയോടെ നോക്കി നിൽക്കുന്നതിൽ നിന്നും ഉളവായ വേദനയാണ് ഈ നോവൽ എഴുതാനുണ്ടായ പ്രേരണ എന്ന് നോവലിസ്റ്റ്‌ പറയുന്നുണ്ട് .

തമിഴ്പുലികളെ കുറിച്ചുള്ള എന്‍റെ അറിവ് ഏറെക്കുറെ രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ തനുവിലും ശിവരശനിലും ഒതുങ്ങി നില്‍ക്കുന്നതായിരുന്നു. അതിലുംഎത്രയോ ആഴത്തില്‍ വേരോടിക്കിടക്കുന്ന അടിച്ചമർത്തപ്പെട്ട ഒരു പ്രസ്ഥാനമായിരുന്നുഅതെന്ന് മനസ്സിലാവുന്നത് നോവലില്‍ പരക്കെ പ്രതിപാദിക്കപ്പെട്ടിട്ടുള്ള, തമിഴ് പുലികളും സിംഹളരും തമ്മിലുള്ള രക്തം ചീറി ഒഴുകുന്ന കൂട്ടകുരുതികളിലൂടെയാണ്, എല്ലിനുള്ളിലേക്ക്തുളഞ്ഞു കയറുന്ന ദാരുണമായ ശിക്ഷാനടപടികളിലൂടെയാണ്, ലങ്കയിലെ ആക്ടിവിസ്റ്റുകളായ ഏതാണ്ടെല്ലാ സ്ത്രീകളും ഒരു പ്രാവശ്യമെങ്കിലും റേപ്പ് ചെയ്യപ്പെട്ടിട്ടുണ്ടാകും എന്ന ഞെട്ടിപ്പിക്കുന്ന അറിവിലൂടെയാണ്. 

ഏകദേശം ഒരു വര്‍ഷം മുമ്പായിരുന്നു ഈ ദ്വീപു രാജ്യത്തേക്കുള്ള എന്‍റെ യാത്ര. ലോകസാംസ്കാരിക പൈതൃക ആസ്ഥാനങ്ങളുടെ പട്ടികയില്‍‍ ഇടം പിടിച്ചിട്ടുള്ള അതി പുരാതനമായ പട്ടണമായ സിഗിരിയയിലേക്ക് ഞാൻ നടത്തിയ സന്ദര്‍ശനം തികച്ചും ആകസ്മികമായിരുന്നു. ആ അനുഭവം ഉള്ളില്‍ വച്ചുകൊണ്ട് എല്ലാം കണ്മുന്നില്‍ കാണുന്ന പ്രതീതിയായിരുന്നു ഈ നോവല്‍ വായനയില്‍ എനിക്കുണ്ടായത്.

ഒരു ഇന്ത്യന്‍ സിനിമാ നിര്‍‍മാതാവായ പീറ്റര്‍ ‍ ജീവാനന്ദത്തിലൂടെയാണ് കഥ മുന്നേറുന്നത്. ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തിലെ മനുഷ്യാവകാശ ധ്വംസനങ്ങളെ വെള്ള പൂശി കാണിക്കാനുള്ള ഗവര്‍മെന്റിന്റെ പ്രവര്‍‍ത്തനങ്ങളുടെ ഭാഗമായി " Woman behind the Fall of Tigers" എന്ന ചലച്ചിത്രത്തിലൂടെ, തമിഴ് പുലികൾ കൊലപ്പെടുത്തിയ രജനി തിരണ ഗാമയുടെ ജീവിതം ചിത്രീകരിക്കാനായാണ് പീറ്റര്‍‍ ശ്രീലങ്കയില്‍ എത്തുന്നത്.

രജനിയായി അഭിനയിക്കാൻ, ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുൻപ് ശ്രീലങ്കയിൽ വന്നപ്പോൾ തന്‍റെ ഹൃദയം കവർന്ന, തമിഴ്പുലിയായിരുന്ന സുഗന്ധിയെ തേടുന്നു പീറ്റര്‍. ആ അന്വേഷണത്തില്‍ ‍ പീറ്റര്‍ ചെന്നെത്തുന്നത് പാരീസിലെ ശ്രീലങ്കന്‍ തമിഴ് അഭയാര്‍‍ഥികളുടെ " കറുപ്പ്" എന്ന രഹസ്യ സംഘടനയുടെ വെബ്സയിറ്റില്‍ ആണ്.

ശ്രീലങ്കയിലെ സിഗിരിയയിൽ നിന്നും കണ്ടെടുത്ത, ശ്രീ വല്ലഭ ബുദ്ധനാർ രചിച്ച , ആയിരം വർഷം പഴക്കമുള്ള, " സുസാന സുപിന" ( സ്വപ്നങ്ങളുടെ ശ്മശാനം) എന്ന താളിയോല ഗ്രന്ഥത്തിൽ പറയുന്ന ദേവനായകിയുടെ കഥ മീനാക്ഷി രാജിരത്തിനം "കറുപ്പ്" എന്ന മാസികയിലൂടെ പുനരാഖ്യാനം ചെയ്യുകയാണ്.

ഈയക്കം വിട്ടു പുറത്തുപോയ പെണ്‍പോരാളിയായ സുഗന്ധിയില്‍ ‍നിന്നും ഒരു സഹസ്രാബ്ദം മുന്‍പ് ജീവിച്ചിരുന്ന സുഗന്ധി എന്ന ആണ്ടാള്‍‍ ദേവനായകിയിലേക്കുള്ള യാത്ര ഇവിടെ നിന്നാണ് തുടങ്ങുന്നത്. വർത്തമാനകാലത്തിൽ നിന്നും ഭൂതകാലത്തേക്കും അവിടെനിന്നു തിരിച്ചും പ്രായാണം നടത്തിക്കൊണ്ടിരിക്കുന്ന ഇടവേളകളില്ലാത്ത മുഹൂർത്തങ്ങൾ..

ഈഴത്തച്ചി എന്ന തൂലികാനാമത്തില്‍ എഴുതിയിരുന്ന സുഗന്ധിയുടെ, കഥയോ ലേഖനമോ എന്ന് വ്യക്തമാക്കാത്ത “ദേവനായകിതന്‍ കതൈ” യിലൂടെ പീറ്റര്‍ നമ്മെ കൊണ്ടുപോകുന്നത് ആയിരം വര്‍ഷങ്ങള്‍ക്കു പുറകില്‍‍ കുലശേഖര സാമ്രാജ്യത്തിന്‍റെ തെക്കേ അറ്റത്തെ കാന്തള്ളൂര്‍ എന്ന സൈനികവിജ്ഞാനപരിശീലനകേന്ദ്രത്തിലേക്കും അവിടത്തെ രാജവാഴ്ചയിലേക്കും വേറെത്തന്നെ ഒരു കാലഘട്ടത്തിലേക്കും ആണ്.

അഗസ്ത്യകൂടത്തില്‍ മാത്രം കാണപ്പെടുന്ന കാന്തയെന്നു പേരുള്ള ബ്രഹ്മി പോലെയൊരു ചെടിയുടെ നീരും ഇളം നെല്ലും മുളനെല്ലും ചേര്‍‍ത്ത് വാറ്റിയെടുക്കുന്ന വിശിഷ്ട മദ്യമായിരുന്നു കാന്തള്ളൂര്‍ ശാലയുടെ പ്രശസ്തിക്കു കാരണമെന്നും പറയുന്നുണ്ട്. കാന്തള്ളൂര്‍ ശാലയില്‍ ‍ കാന്തയെ പാനം ചെയ്ത് കാന്തയെ മറന്ന് അന്യ കാന്തയെ പുണരുന്ന കാന്തന്മാരായ യോദ്ധാക്കളെ പറ്റി അന്നത്തെ ആസ്ഥാനകവികളില്‍ ഒരാളായ പൊന്മണി പാണനാര്‍ പാടിയിട്ടുണ്ടത്രേ!

സൈനീക കേന്ദ്രത്തിന്റെ തലവനായ കാന്തള്ളൂർ പെരിയ കോയിക്കന്റെ നാലാമത്തെ മകളാണ് ഈ കഥയിലെ നായികയായ ദേവനായകി.

ഒതുങ്ങിയ അരക്കെട്ടും തുളുമ്പുന്ന മാറിടവും നീണ്ട മനോഹരമായ കണ്ണുകളും എണ്ണക്കറുപ്പുള്ള അഴകാർന്നമുടിയും ഇളം ഗോതമ്പിന്റെ നിറവും അപ്സരസ്സുകളെക്കാൾ കരുത്തും ലാവണ്യവും ഉണ്ടായിരുന്ന, വശ്യമായ പുഞ്ചിരിയും നോട്ടവും കൈമുതലായുള്ള ദേവനായകി. നിരവധി യോദ്ധാക്കളുടെയും പ്രഭുക്കന്മാരുടെയും ഉറക്കം കെടുത്തിയ സൗന്ദര്യധാമം. എന്നിട്ടും അവരെയൊന്നും ശ്രദ്ധിക്കാതെ സംഗീതവും നൃത്തവും അർത്ഥശാസ്ത്രവും രാഷ്ട്ര തന്ത്രവും ആയോധനമുറകളും പഠിക്കുന്നതിൽ വ്യാപൃതയായ മിടുമിടുക്കി.ആടാനും പാടാനും മാത്രമല്ല, പുരുഷന്മാരെപ്പോലെ രാജഭരണത്തിലും പ്രധാന പങ്കു വഹിക്കാൻ കഴിയണം എന്ന് ആഗ്രഹിച്ച നിപുണയായ നായകി..

ഒരുദിവസം പദ്മനാഭ സ്വാമിയുടെ മുൻപിൽ രണ്ടുകണ്ണും അടച്ച്, ആണ്ടാളിന്‍റെ തിരുപ്പാവൈ പാടി ഭക്തി നിർഭരയായി നിന്ന ദേവനായകിയുടെ മധുരമായ സ്വരവും ജ്വലിക്കുന്ന സൗന്ദര്യവും, താമരപ്പൊയ്കയിൽ നീരാടി തൊഴാനെത്തിയ കാന്തള്ളൂർ മഹാരാജാവായ മഹേന്ദ്രവർമ്മനെ ഭ്രമിപ്പിക്കുകയും രാജസഭ നിർത്തി വച്ച് അവളോട്‌ കൊട്ടാരത്തിലേക്ക് എത്താൻ ഉത്തരവിടുകയും ചെയ്യുന്നു.. അവൾക്കതിലാദ്യം വലിയ സന്തോഷം തോന്നിയില്ല എന്ന് മാത്രമല്ല..തന്‍റെ അറിവോ കഴിവോ ഒന്നും തിരിച്ചറിയാതെ രാജാവ് തന്റെ വെറും ശാരീരിക സൌന്ദര്യത്തിൽ മാത്രം മയങ്ങിപ്പോയതോർത്ത് ജാള്യത തോന്നുകയും ചെയ്തു.

എതിർത്താൽ ജയിക്കാൻ കഴിയാത്ത യുദ്ധത്തിനു ഇറങ്ങരുതെന്നും നയത്തിൽ നിന്ന് മാന്യമായ സ്ഥാനം ഉറപ്പാക്കുകയുമാണ് വേണ്ടതെന്നു രാഷ്ട്ര തന്ത്രത്തിൽ പഠിച്ചത് ഓർത്തുകൊണ്ട്‌ ഇതൊരു അവസരമായി ഉപയോഗിക്കുന്നതാണ് ബുദ്ധിയെന്നു അവൾക്കു തോന്നി. അവിടെനിന്നും തുടങ്ങുന്നു ദേവനായകിയുടെ പോരാട്ടം..

അർത്ഥശാസ്ത്രത്തിന്‍റെയും കാമസൂത്രത്തിന്‍റെയും സമുന്വയമായിരുന്നു ദേവനായകിയുടെ മനസ്സും ശരീരവും .. സർവ്വരെയും സർവ്വതിനെയും കീഴടക്കാൻ പോന്ന മനസ്സും ശരീരവും തന്നെയായിരുന്നു ദേവനായകിയുടെ കരുത്തും.. പിന്നീട് രാജരാജ ചോളൻ കാന്തള്ളൂർ ശാല ആക്രമിച്ചു കീഴ്പ്പെടുത്തുകയും മഹേന്ദ്രവർമ്മൻ കൊല്ലപ്പെടുകയും ചെയ്യുന്നതോടെ ദേവനായകിക്കെന്തു സംഭവിച്ചു എന്ന ചോദ്യത്തിന് പല കഥകളും ഉപകഥകളും ലഭ്യമാണ്.

ഭർത്താവിനെ കൊന്ന ,വിജയശ്രീ ലാളിതനായ രാജരാജ ചോളനെ അന്തപ്പുരത്തിലേക്ക് ആനയിക്കുന്ന ദേവനായകിയെ നോക്കി ജനം നെറ്റി ചുളിക്കുമ്പോൾ ശ്രീ വല്ലഭ ബുദ്ധനാർ തന്നെ പറയുന്നുണ്ട് "പെണ്ണൊരു പുഴയാണ് എപ്പോഴും ഒഴുകാൻ കൊതിക്കുന്ന പുഴ."

അവർക്ക് ഒരു കുഞ്ഞു ജനിക്കുന്നു.കൂവേണി എന്ന പെണ്‍‍കുഞ്ഞ്. കുഞ്ഞിനു മൂന്നു വയസ്സ് പ്രായമുള്ളപ്പോൾ, ഒരു ദിവസം ദേവനായകി ത്യാഗരാജ ക്ഷേത്രത്തിൽ നാച്ചിയാർ തിരുമൊഴി പാടി നൃത്തം ചെയ്തുകൊണ്ടിരിക്കെ, കൂവേണിയെ കാണാതാവുന്നു. സിംഹള ചാരന്മാർ മയക്കു മരുന്ന് മണപ്പിച്ചു ബോധം കെടുത്തി കൊണ്ടുപോയ കൂവേണിയെ ക്രൂരമായ ലൈംഗീക പീഡനത്തിന്നിരയാക്കുകയും ചിദംബരം ക്ഷേത്രത്തിനു മുന്നിൽ മൃതദേഹം ഉപേക്ഷിക്കുകയും ചെയ്യുന്നു.

ഇതോടെ മാനസികമായി തകർന്ന ദേവനായകി ബുദ്ധമതം സ്വീകരിക്കാനായി ബുദ്ധനാരുടെ അടുത്തെത്തി എങ്കിലും കാമക്രോധ ചിന്തകളിൽ നിന്നും മുക്തി നേടിയ ശേഷം വരാൻ പറഞ്ഞ് അവളെ തിരിച്ചയച്ചു..

തിരുവാരൂർ കൊട്ടാരത്തിൽ ദേവനായകി തിരിച്ചെത്തുമ്പോൾ രാജരാജ ചോളന്‍റെ മകനായ രാജേന്ദ്ര ചോളൻ കൃഷ്ണശിലയിൽ ജ്ഞാന സരസ്വതി ശിൽപം നിർമ്മിച്ചുകൊണ്ടിരിക്കുകയായിരുന്നു. മുക്കാൽ ഭാഗം പൂർത്തിയായ ശില്പത്തിന്‍റെ നാഭിയിൽ നിന്നും മുകളിലോട്ടു കഴുത്ത് വരെയുള്ള ഭാഗങ്ങൾ എങ്ങനെ ചെയ്യണം എന്നറിയാതെ ആലോചനയിൽ ആണ്ടിരിക്കുമ്പോൾ അങ്ങോട്ട്‌ പ്രവേശിക്കുന്ന ദേവനായകിയിൽ കാമരൂപിണിയായ സരസ്വതിയെ കാണുന്ന രാജേന്ദ്രൻ അവളിലൂടെ തന്‍റെ ശിൽപം പൂർത്തിയാക്കുന്നതും അവർ ഗുരുവും ശിഷ്യനും എന്ന ബന്ധം വിട്ടു വെറും സ്ത്രീയും പുരുഷനും ആവുന്നതും കഥയിൽ പ്രതിപാദിക്കുന്നുണ്ട്.

രാജരാജന്‍റെ കൂടെ തുടർന്ന് ജീവിക്കാൻ ഇഷ്ടപ്പെടാതിരുന്ന ദേവനായകി ഒരു രാത്രി വിശ്വസ്തരായ എഴു പേരോടൊപ്പം അറബിക്കുതിരപ്പുറത്തുയാത്രയാവുന്നു.

തന്‍റെ മകളെ കൊന്ന സിംഹള രാജാവ് മഹീന്ദനോടുള്ള പക വീട്ടലാണ് പിന്നീട് ദേവനായകിയുടെ ജീവിതം. മഹീന്ദന്‍റെ "ആകാശസ്വർഗം" ( ലങ്കയിലെ സിഗിരിയ) എന്ന രഹസ്യ കേന്ദ്രത്തിലേക്ക് എത്തിപെടാനുള്ള ശ്രമത്തിൽ ആ സ്ഥലത്തേക്ക് എപ്പോഴും പ്രവേശനമുണ്ടായിരുന്ന ഒരു രത്നവ്യാപാരിയുടെ വെപ്പാട്ടിയായി കഴിയുന്നു. ഒടുവിൽ അവർ സിഗിരിയ എന്ന ആ പുരാതനമായ പട്ടണത്തിൽ എത്തുകയാണ്..

ഇവിടെ മിത്ത് ചരിത്രത്തിനു വഴിമാറുന്നതായാണ് എനിക്ക് അനുഭവപ്പെട്ടത്..എന്‍റെ ശ്രീലങ്കൻ പര്യടനത്തിൽ ഞാനീ സ്ഥലം സന്ദർശിക്കാനിടവന്നിട്ടുള്ളതുകൊണ്ടും അന്നേ വഴികാട്ടിയായി കൂടെ വന്ന ഗൈഡ് പറഞ്ഞു തന്ന കഥകൾ കേട്ട് അസ്തപ്രജ്ഞയായി നിന്നുപോവുകയും ചെയ്തിട്ടുള്ളതിനാൽ ഈ നോവലിൽ പരാമർശിച്ചിട്ടുള്ള സിഗിരിയയിലെ ഓരോ നിമിഷവും അതിഭാവുകത്വം കൂടാതെ കണ്മുന്നിൽ കാണുവാൻ എനിക്കായി. 

ലോക സാംസ്കാരിക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുള്ള സിഗിരിയ...സ്വപ്നം പോലെ യാഥാർത്ഥ്യമായ ഒരു അത്ഭുത ചരിത്രമാണ്. സിംഹശൈലം, ആകാശത്തിലെ സ്വർഗ്ഗം, എന്നൊക്കെയും ഇതിനു പേരുകൾ ഉണ്ട്. സംഗീതവും നൃത്തവും മദ്യവും മദിരാക്ഷിയും പുഴപോലെ ഒഴുകുന്ന സ്വർഗ്ഗം..പല രാജ്യങ്ങളിൽ നിന്നും നൂറുകണക്കിനു രാജാക്കന്മാരും റാണിമാരും മന്ത്രിമാരും വ്യാപാരികളും സുന്ദരിമാരും ചൂതാട്ടക്കാരും ആഘോഷത്തിനായി വന്നു ചേരുന്ന ഭൂമിയിലെ സ്വർഗ്ഗം. ഏറ്റവും മികച്ച എല്ലാം കിട്ടുന്ന സ്ഥലം. തെറ്റുകൾ ഇല്ലാത്ത, ശരികൾ മാത്രമുള്ള ഇടം. രാജ്യം നഷ്ടപ്പെട്ട മഹീന്ദൻ ഒളിച്ചു കഴിയുന്ന സങ്കേതം. ഇവിടെ പകൽ നടക്കുന്ന ചൂതാട്ടങ്ങളിൽ നിന്നും രാത്രി നടക്കുന്ന സുഖവ്യാപാരങ്ങളിൽ നിന്നും വലിയൊരു ഓഹരി മഹീന്ദനു ലഭിച്ചിരുന്നു.

സ്വപ്നനഗരിയിൽ എത്തുന്ന ഓരോ സുന്ദരിയുടെയും ചിത്രം സിംഹശൈലത്തിന്‍റെ പടിഞ്ഞാറേ മുഖ ഭാഗത്ത് വരപ്പിച്ചു വച്ചിരുന്നു എന്ന് നോവലിൽ പറയുന്നത് ഞാൻ നേരിട്ട് കണ്ടതിന്‍റെ നിർവൃതിയോടെയാണ് വായിച്ചത്. ഒരിക്കലും നിറം മങ്ങാത്ത ഖനിജ ചായങ്ങൾ ഉപയോഗിച്ചാണ് ആ ചിത്രങ്ങൾ വരച്ചിരുന്നത്.

രത്ന വ്യാപാരിയോടൊപ്പം സ്വപ്നനഗരിയിൽ എത്തുന്ന ദേവനായകി അവിടെ , തന്‍റെ പിഞ്ചു കുഞ്ഞിന്‍റെ കൊലപാതകത്തിന്‍റെ സൂത്രധാരനായ മഹീന്ദന്‍റെ കൈകളിലമർന്ന് അയാളുടെ സിംഹഭോഗത്തിനു ഇരയായി കഴിയുന്നു. ക്രമേണ ദേവനായകിയെന്ന ലഹരിയിൽ മഹീന്ദൻ മയങ്ങുന്നു. ദേവനായകി സ്വപ്ന നഗരത്തിന്‍റെ റാണിയും ആവുന്നു. പാമ്പിൻ വിഷം രക്തത്തിൽ കലർത്തി അയാളെ കൊല്ലാനുള്ള ഉപാധികൾ തിരയുമ്പോഴും പുറമേക്ക് ശാന്തഭാവം നടിക്കുന്നു ദേവനായകി.

ഇതിനിടയിൽ നിശാങ്ക വജ്രൻ എന്ന ബുദ്ധ സന്ന്യാസിയെ സ്വപ്നനഗരിയിലേക്ക് വിളിച്ചു വരുത്തി ദേവനായകി അയാളിൽ നിന്നും താന്ത്രികാനുഷ്ടാനങ്ങളുടെ പാഠങ്ങൾ പഠിക്കുന്നു..ആത്മാവും ശരീരവും ഒന്നാണെന്നും ശരീരവും പ്രപഞ്ചവും ഒന്നാണെന്നും ഉള്ള തിരിച്ചറിയലിലൂടെ ആനന്ദത്തിലൂടെ നിർവാണത്തിൽ എത്താനുള്ള വിദ്യകൾ സ്വയവത്താക്കുന്നു.. അവർ പ്രകൃതിയും പുരുഷനുമായി പരമാനന്ദത്തിൽ എത്തുന്ന നിമിഷത്തിൽ ഗുരു തന്റെ എല്ലാ ചൈതന്യവും ശിഷ്യയിലേക്ക് പകർന്നുകൊടുത്തുകൊണ്ട് സിംഹ ശൈലത്തിന്റെ വിഹായസ്സിലേക്ക് കൃഷ്ണപ്പരുന്തായി പറന്നു പോയെന്ന് ഐതിഹ്യം..

ജ്ഞാനോദയം നേടിയ ദേവനായകി പ്രതികാരം മറന്ന് സ്നേഹിക്കാൻ മാത്രമറിയാവുന്ന മറ്റൊരാളായി മാറി.. പക്ഷേ ബുദ്ധനാരെ കൊന്നവൾ എന്ന അപഖ്യാതി സ്വപ്ന നഗരിയിൽ പരന്നു. മഹീന്ദനുൾപ്പെടെ എല്ലാവരും അവൾക്കെതിരായി തിരിഞ്ഞു.. ദേവനായകിയുടെ ആഗമനോദ്ദേശവും ചാരപ്രവൃത്തികളും ഇതിനോടകം മണത്തറിഞ്ഞ മഹീന്ദൻ രോഷാകുലനായി അവളുടെ മാറിടങ്ങൾ അരിഞ്ഞു വീഴ്ത്തുന്നു. പെട്ടെന്ന് അമാനുഷിക സിദ്ധി ലഭിച്ച ദേവനായകി ആകാശത്തോളം വളരുകയും ഒരു കാൽ സിഗിരിയയിലും മറ്റേ കാൽ ശ്രീപാദമലയിലും വച്ചുകൊണ്ട് നടന്നു പോവുകയും ചെയ്യുന്നു. ചോരപ്പുഴയിൽ പാപക്കറ കഴുകി കളഞ്ഞ ദേവനായകി അന്ന് മുതൽ ആണ്ടാൾ ദേവനായകി ആയി അറിയപ്പെടുന്നു..

തുടർന്ന് ചോളപ്പടയുടെ ആക്രമണത്തിൽ തകർന്നു തരിപ്പണമാവുന്ന സിഗിരിയ ആയിരക്കണക്കിന് ശവങ്ങൾ അഴുകുന്ന ഭൂമിയായി മാറുന്നു. സ്വപ്ന നഗരം ശ്മശാന നഗരമായിമാറുന്നു . കഴുകന്മാർ നിറഞ്ഞ ആ സിംഹശൈലത്തെയാണ് ശ്രീ വല്ലഭ ബുദ്ധനാർ "സുസാന സുപിന" (സ്വപ്നങ്ങളുടെ ശ്മശാനം ) എന്ന് വിളിച്ചത്. സ്വപ്നങ്ങളുടെ ശ്മശാനമെന്നാൽ മോക്ഷം .ദുഖത്തിന് ഹേതുവാകുന്ന എല്ലാ ആഗ്രഹങ്ങളും ജീവിതത്തിൽ നിന്നും അപ്രത്യക്ഷമാവുന്ന അവസ്ഥ.. ..അതെഴുതി തീർന്നനിമിഷം ബുദ്ധനാർ നിർവ്വാണം പ്രാപിച്ചു എന്നാണു കരുതപ്പെടുന്നത്.

ശ്രീലങ്കയിലെ ഉൾഗ്രാമമായ "എലഹഗല" യിൽ ഇന്നും ദേവനായകിക്കോലം കെട്ടിയാടുന്നു.ഇന്നത്‌ ദൈവക്കോലമെന്നുഅറിയപ്പെടുന്നു. പത്തൊന്പതാം നൂറ്റാണ്ടിന്‍റെ തുടക്കം വരെ സിംഹള ഭരണാധികാരികൾ അറിയാതെ ഈ ഗ്രാമവാസികൾ ദേവനായകിക്കോലം ആടുകയും ഏറ്റവും സുന്ദരിയായ യുവതിയെ അതിനായി കുരുതി കൊടുക്കുകയും ചെയ്തിരുന്ന ആചാരം നിലവിലുണ്ടായിരുന്നുവത്രേ. ബ്രിട്ടീഷുകാരാണ് പിന്നീടത്‌ പ്രാകൃതമായ ആചാരം എന്നതിന്‍റെ പേരിൽ നിർത്തലാക്കിയത്‌.

"ദേവനായകി തന്‍ കതൈ" വായിച്ചവസാനിക്കുമ്പോള്‍ ഒരു സഹസ്രാബ്ദത്തിനു മുന്‍പ് ജീവിച്ചിരുന്ന ദേവനായകിയുടെ തുടര്‍‍ച്ചയായ സുഗന്ധിയുടെ കഥയിലേക്ക്‌, ആസിഡു ഒഴിച്ച് മുഖം വികൃതമാക്കപ്പെട്ടിട്ടും രണ്ടു കൈകളും വെട്ടി മാറ്റപ്പെട്ടിട്ടും കാനഡയില്‍ ‍ ഇരുന്നുകൊണ്ട് പാട്ടുകളിലൂടെയും കഥകളിലൂടെയും ലങ്കയിലെ എകാധിപത്യത്തിനെതിരെ പോരാട്ടം നടത്തുന്ന സുഗന്ധിയിലേക്ക്, നാം വീണ്ടും തിരിച്ചെത്തുന്നു. പീറ്ററിന്‍റെയും സംഘത്തിന്‍റെയും ചര്‍ച്ചകള്‍ " സുസാന സുപിന" മിത്തുകൂടി ഉപയോഗിച്ച് എങ്ങനെ സിനിമ മെച്ചപ്പെടുത്താമെന്നാവുന്നു.

ഇതേ സമയത്ത് കൊളംബോ നഗരത്തിലെ ചേരിയില്‍‍, ഒരു തകര്‍‍ന്ന കെട്ടിടത്തിന്‍റെ കുടുസ്സുമുറിയില്‍‍ , ശ്രീലങ്കയുടെ ചരിത്രത്തില്‍ ആദ്യമായി സിംഹളര്‍ ‍, തമിഴര്‍‍, മുസ്ലീങ്ങള്‍ എന്നിങ്ങനെ വേര്‍‍തിരിവുകളില്ലാതെ കുറെ ചെറുപ്പക്കാര്‍ ഒത്തുചേര്‍‍ന്ന് SSF (Save Sree Lanka from Fascism) എന്ന പ്രസ്ഥാനത്തിന്‍റെ പ്രവര്‍‍ത്തനങ്ങള്‍ക്കായി ചൂടുപിടിച്ച ചര്‍‍ച്ച നടത്തുന്നു. 

ഇത്തരം മുന്നേറ്റങ്ങള്‍ ഇന്ത്യ അടക്കം, ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഉള്ള രാജ്യങ്ങളില്‍ ‍ രൂപം കൊണ്ടുതുടങ്ങിയിട്ടുണ്ടെന്നും ശ്രീലങ്കയിലെ സാഹചര്യം അതില്‍ നിന്നെല്ലാം വ്യത്യസ്തമാണെന്നും അവര്‍ വിലയിരുത്തുന്നു. ലോക ചരിത്രത്തിലെ ഏറ്റവും സമര്‍‍ത്ഥനായ ഏകാധിപതിയും ലോകം കണ്ട ഏറ്റവും വലിയ യുദ്ധ കുറ്റവാളി കൂടിയുമായ പ്രസിഡണ്ടിന്‍റെ എല്ലാ പ്രവര്‍‍ത്തികൾക്കും, വെളുത്ത കുപ്പായത്തിനും വെളുക്കെയുള്ള ചിരിക്കും പിന്നില്‍ മറഞ്ഞിരിക്കുന്ന ഫാസിസത്തിന്‍റെ പല്ലും നഖവും കാണാമെന്ന ഭീകരമായ സത്യം അവര്‍ പങ്കു വയ്ക്കുന്നു. ഈഴപ്പോരില്‍ മുക്കാല്‍ ലക്ഷത്തോളം സാധു മനുഷ്യരെ കൊന്നൊടുക്കുകയും മൂന്നു ലക്ഷത്തോളം പേരെ അഭയാര്‍‍ഥികള്‍ ആക്കുകയും ചെയ്തതിന്‍റെ പൂര്‍‍ണ്ണ ഉത്തരവാദിത്തവുംഅദ്ദേഹത്തിനാണെന്ന വസ്തുതക്കൊപ്പം അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്ക്കാര സ്വാതന്ത്ര്യവും അടിച്ചമര്‍‍ത്തപ്പെട്ട ശ്രീ ലങ്കയില്‍ ‍ നിരവധി പത്ര പ്രവര്‍ത്തകര്‍ നിരന്തരം കൊല്ലപ്പെടുകയും ചെയ്യുന്നുണ്ടെന്നും അവര്‍ രോഷം കൊള്ളുന്നു. വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിലെ ആസൂത്രണത്തെയും ശ്രീലങ്കയുടെ ചരിത്രം പോലും വളച്ചൊടിച്ചു വ്യാജമാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെയും അവർ പഴിക്കുന്നു. രജനി തിരണ ഗാമയുടെ ജീവിതം ഈയക്കത്തെ ആക്ഷേപിക്കാനുള്ള ആയുധമെന്ന നിലയില്‍ സിനിമയാക്കുന്നതിനുള്ള ഗവർമെന്റിന്‍റെ നീക്കമാണ് അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമായി അവര്‍ പറഞ്ഞത്.

രാജ്യം ഒരു വലിയ ദുരന്തത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നും ഈഴപ്പോരു രണ്ടു ഫാസിസ്റ്റുകള്‍ തമ്മിലാണ് നടന്നതെന്നും അവര്‍ ഊന്നിപ്പറയുന്നു.ഇന്നല്ലെങ്കില്‍ നാളെ സര്‍‍ക്കാരിനെതിരെ ഒരു ജനകീയ മുന്നേറ്റത്തിന് തയ്യാറാവേണ്ടതിനെ ക്കുറിച്ച് അവര്‍ ബോധാവാന്മാരാവുകയും നവംബറില്‍ കൊളംബില്‍ ‍ നടക്കാനിരിക്കുന്ന കോമണ്‍ വെല്‍ത്ത് ഉച്ചകോടിയെ പ്രസിഡന്റിന്‍റെ ഫാസിസ്റ്റ് രീതികളോട് പ്രതിഷേധിക്കാനുള്ള അവസരമായി ഉപയോഗിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്യുന്നു.

പിന്നീട് നമുക്ക് കാണാനാവുന്നത് പദ്ധതികള്‍ ദയനീയമായി പരാജയപ്പെടുന്നതാണ് എങ്കിലും നമ്മുടെ മനസ്സിൽ അടയാളങ്ങൾ അവശേഷിപ്പിച്ചുകൊണ്ട് തന്നെയാണ് സുഗന്ധി വിടവാങ്ങുന്നത്.

കോമണ്‍ വെല്‍ത്ത് ഉച്ചകോടി നടക്കുന്ന ദിവസം രണ്ടു കയ്യും ഇല്ലാത്ത ഒരു സ്ത്രീ ഒറ്റക്കൊരു ബെന്‍‍സ് കാര്‍ ഓടിച്ചു വന്ന് മനുഷ്യ ബോംബായി പൊട്ടിത്തെറിക്കുകയും ആളിക്കത്തുന്ന തീയില്‍ നിന്നും ആകാശത്തേക്ക് പറന്നുയരുകയും ചെയ്തു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നതെന്നു പറയുന്നിടത്ത് സുഗന്ധിയെന്ന ആണ്ടാള്‍ ദേവനായകിയുടെ കഥ അവസാനിക്കുന്നു .

പക്ഷേ ചിലപ്പതികാരത്തിലെ കണ്ണകിയായും സുസാന സുപിനയിലെ ആണ്ടാൾ ദേവനായകിയായും രജനി തിരണ ഗാമയായും സുഗന്ധിയായും ഗായത്രിയായും മീനാക്ഷിയായും ഈ ലോകത്തിൽ പുനർജ്ജനിച്ചുകൊണ്ടേയിരിക്കുന്നത് ഒരേ സ്ത്രീ ശക്തി തന്നെയാണ്.

കൗടില്യന്‍റെ അർത്ഥശാസ്ത്രത്തിലും രാജതന്ത്രപരമായ മറ്റു ഗ്രന്ഥങ്ങളിലും സാധാരണ ജനങ്ങളെ കൊന്നൊടുക്കുന്നതിനെക്കുറിച്ചോ സ്ത്രീകളെയും കുട്ടികളെയും മാനഭംഗ പ്പെടുത്തുന്നതിനെക്കുറിച്ചോ പറയുന്നില്ലെന്നും ദേവനായകി ബുദ്ധനാരോട് പറയുമ്പോൾ അവർ എല്ലാ സ്ത്രീകളിലും ജീവിക്കുന്ന ആണ്ടാൾ ആയി മാറുന്നു. നിർവ്വാണത്തിന്‍റെ എത്ര പരമമായ അവസ്ഥയിലെത്തിയാലും പെണ്ണിന്‍റെ കണ്ണുനീർ വീഴുന്നിടത്തെല്ലാം അവർ ഓടിയെത്തുന്നു..തെറ്റ് ചെയ്യുന്നവരുടെ നഗരങ്ങൾ ചുട്ടെരിക്കുന്നു.

എല്ലാ യുദ്ധങ്ങളും സ്ത്രീകൾക്കെതിരെയാണ് എന്ന് നോവലിൽ എവിടെയോ പറയുന്നത് എത്ര സത്യമാണ്! രാഷ്ട്രീയം എന്നാൽ വിപ്ലവ പ്രസ്ഥാനങ്ങളും വിമോചന സമരങ്ങളും അർത്ഥ ശൂന്യമായ ജനാധിപത്യവും ഹിംസാത്മകതയും സ്ത്രീ- ബാല പീഡനങ്ങളും മാത്രമാണ്.

ശ്രീലങ്കൻ സർക്കാരിന്‍റെ പീഡനാലയമായ ഡിവൈൻ പേളിൽ നടക്കുന്ന പീഡന മുറകളെക്കുറിച്ച് വായിക്കുക മാത്രമല്ല യൂട്യൂബിൽ കാണുക കൂടി ചെയ്തതോടെ ഇനി മരവിക്കാൻ മനസ്സിൽ ഒരിത്തിരിയിടം പോലും ബാക്കിയില്ലാതായി. ടി ഡി രാമകൃഷ്ണൻ ഒരു പാട് ആഴത്തിൽ ഗവേഷണം നടത്തിയിട്ടാണ് ഇതെഴുതിയത് എന്നുള്ളതിന് നോവലിലെ ഓരോ വാക്കും തെളിവാണ്.. ഇത് നിങ്ങൾ വായിച്ചിരിക്കേണ്ട ഒരു അതിമഹത്തരമായ കൃതിയാണ് എന്നതിന് രണ്ടു അഭിപ്രായമില്ല എന്നുതന്നെ പറയട്ടെ.