2016, മേയ് 22, ഞായറാഴ്‌ച

കപ്പൽച്ചേതം വന്ന നാവികൻ: എന്റെ വായന..വായനയെകുറിച്ചുള്ള വായനയും കാഴ്ചകളെപ്പറ്റിയുള്ള കാഴചപ്പാടുമായി ഓർമകളിലൂടെ, ജീവിതങ്ങളിലൂടെ , സ്‌നിഗ്‌ദ്ധമായ ഒരു യാത്രയാണ് കപ്പൽച്ചേതം വന്ന നാവികനിലൂടെ സാധ്യമാവുന്നത്..


തന്റെ ജീവിതത്തെ അത്രമേൽ സ്വാധീനിച്ച ലോകോത്തരസാഹിത്യകൃതികൾ , പ്രശസ്ത സിനിമകൾ ,വ്യക്തികൾ, ഓർമ്മകൾ, എന്നീ മേഖലകളെ കുറിച്ച് അതിസൂക്ഷമവും ആഴമേറിയതുമായ നിരീക്ഷണങ്ങളുടെ അത്യപൂർവ്വമായ ലേഖനങ്ങൾ, "വായന , ജീവിതം, ഓർമ്മ കാഴ്ച" എന്നീ നാലുഭാഗങ്ങളിലായി സമാഹരിച്ചിരിക്കുകയാണ്, കപ്പൽച്ചേതം വന്ന നാവികനിൽ , സാഹിത്യ നിരൂപകനും നാടകകൃത്തുമായ എൻ ശശിധരൻ. 

"വായന"യെന്ന ഒന്നാം ഭാഗത്ത് വിശ്വോത്തരസാഹിത്യത്തിലെ മികവുറ്റ എഴുത്തുകാരിലൂടെയും അവരുടെ കൃതികളിലൂടെയുമുള്ള സഞ്ചാരമാണ് ഒരുക്കി വച്ചിരിയ്ക്കുന്നത്.. "കഥകളില്ലായിരുന്നെങ്കിൽ വെറുമൊരു ഓട്ടക്കലം മാത്രമായി എന്റെ സ്വത്വം കാലത്തിന്റെ പുറമ്പോക്കിൽ എന്നേ ഉടഞ്ഞു ചിതറിയേനെ”, എന്ന ലേഖകന്റെ തുറന്നു പറച്ചിലിൽതന്നെ നമുക്ക് മനസ്സിലാവും, കഥയാണ്‌ അദ്ധേഹത്തിന്റെ ശ്വാസവും, വിശ്വാസവും ആശ്വാസവും എന്ന്. തികച്ചും പ്രാകൃതവും ഉല്ലാസരഹിതവുമായ ജീവിത പരിസരങ്ങളിൽ നിന്നും ഒളിച്ചോടി കഥയെന്ന ഗുഹയിൽ അഭയം തേടി, അതിന്റെ മാസ്മരികതയിൽ എല്ലാം മറക്കാൻ ശ്രമിയ്ക്കുന്ന ഒരു ബാലന്റെ, വായനയിലെ വളർച്ച താളുകളിലൂടെ നമുക്ക് അനുഭവപ്പെടും..

ആർത്തുപെയ്യുന്ന മഴയുടെ സംഹാരാത്മകതയും വെയിലിന്റെ മുട്ടകളുമായി മരത്തോപ്പുകളിൽ ഒളിച്ചു നടന്ന വേനലിന്റെ ഊഷ്മളതയും നെയ്പ്പുല്ലിന്റെ മണവും കിളിയൊച്ചകളുമായി എതിരേറ്റ മഞ്ഞുകാല പുലരികളുടെ ഗൃഹാതുരതയും കഥകളിൽ ചാലിച്ച വർണ്ണങ്ങളും ചിത്രങ്ങളുമായി മനസ്സിൽ കോറിയിട്ടിരുന്ന , ഏതു കാലവും കാലാവസ്ഥയും അനുഭവവും ഏതെങ്കിലുമൊരു കഥയുടെ അഥവാ പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ മാത്രം ഓർമ്മിച്ചെടുക്കാനാവുന്ന , വിശേഷാൽ സ്വഭാവത്തിന്റെ ഉടമയായ ലേഖകന് , കഥകളിലൂടെ സ്വരൂപിക്കപ്പെട്ട ഒരു ഗ്രന്ഥപ്പുര മാത്രമാണ് ഓർമ്മകൾ.. 

മുട്ടത്തു വർക്കിയുടെ "ഇണപ്രാവുകൾ" വായിച്ചു തീർന്ന് തട്ടിൻ പുറത്തെ നീണ്ട മേശമേൽ കമഴ്ന്നു കിടന്ന്പൊട്ടിക്കരഞ്ഞ , ഓർമ്മയിലെ ആ നനഞ്ഞ സായാഹ്നം, വായനയുടെ ജ്ഞാനസ്നാനമാണ് ഈ എഴുത്തുകാരന് സമ്മാനിയ്ക്കുന്നത്. അവിടന്നങ്ങോട്ട് വായിച്ച ആയിരക്കണക്കിന് എഴുത്തുകാർക്കിടയിലും വായനയുടെ തലതൊട്ടപ്പനായി ലേഖകൻ കാണുന്നത് മുട്ടത്തു വർക്കിയെയാണ്. 


വായനക്കാരന് ജീവിക്കാൻ മറ്റൊരു അപരലോകം നിർമ്മിച്ച്‌ കൊടുക്കുന്നു എന്നതാണ് ഫിക്ഷൻ എന്ന സാഹിത്യ സംവർഗ്ഗത്തിന്റെ മൗലീകമായസവിശേഷതയായി ഇദ്ദേഹം കാണുന്നത്.


"ദസ്തയേവ്സ്കിയുടെ കാരമസോവ്‌ സഹോദരന്മാർ" ആദ്യം വായിക്കുന്ന ആൾക്ക് മുന്നിൽ ലോകത്തിന്റെ വാതിലുകൾ വലിയ ശബ്ദത്തോടെ തുറക്കപ്പെടുന്നതും പലവട്ടം അത് വായിച്ചു തീർത്ത ഒരാൾ , മറ്റൊരു കൃതി വന്നു തന്നെ തൊട്ടുണർത്തുംവരെ ആ വാതിലുകൾ കൊട്ടിയടയ്ക്കുന്നതും വിസ്മയത്തോടെയല്ലാതെ വായിക്കാനാവില്ല. മനുഷ്യന്റെ ഏകാന്തതയേയും ഓർമ്മകളെയും സ്വരൂപിച്ചു സർഗ്ഗാത്മകമാക്കുന്ന പ്രവൃത്തിയാണ്‌ കഥയെഴുത്തെന്നു ലേഖകൻ സ്ഥാപിയ്ക്കുമ്പോൾ , "ഒരാൾ ജീവിച്ചു തീർത്തത് എന്ത് എന്നല്ല , ഒരാൾ എന്ത് ഓർമ്മിക്കുന്നു എന്നതാണ് അയാളുടെ ജീവിത” മെന്ന് മാർകേസ് പറഞ്ഞു വെച്ചിട്ടുള്ളതിന്റെ അർത്ഥംകൂടുതൽ വ്യക്തമാവുന്നു..


"ഏകാന്തതയുടെ നൂറുവർഷങ്ങ"ളുടെ വായനയിൽ , മക്കെണ്ടോ എന്ന സാങ്കല്പ്പികനഗരത്തിന്റെ ജൈവ പ്രകൃതിയും മനുഷ്യപ്രകൃതിയും ഒരുക്കുന്ന രാവണൻ കോട്ടയിലൂടെ വെടികൊണ്ട പന്നിയെപ്പോലെ തന്റെ "ഏകാന്തത" മുരണ്ടു നടക്കുന്ന അനുഭവം വിവരിക്കുന്നതിലൂടെ , വായനയെ, സ്വന്തമായ ഭൂമിയും ആകാശവുമുള്ള ഒരു സ്വതന്ത്രസ്വത്വമായി കാണുന്ന ലേഖകനെ നമുക്ക് അടുത്തറിയാനാവും..


പാറപ്പുറത്തിന്റെ, "തേൻ വരിക്ക" എന്ന നോവൽ, തന്റെ വായനയുടെ പ്രകൃതത്തെ കുറിച്ചുള്ള ആദ്യത്തെ ഓർമയായി കൊണ്ടുനടക്കുന്നുണ്ട് ലേഖകൻ. കാടകത്തെ വാടകവീടിന്റെ വരാന്തയിലിരുന്നു ദസ്തയേവ്സ്കിയുടെ " ഭൂതാവിഷ്ടർ" വായിച്ചു തീർന്നശേഷം, ശ്വാസം നിലയ്ക്കുമെന്ന അവസ്ഥയിൽ ഒന്ന് കണ്ണടയ്ക്കാൻ ഭാവിക്കവേ തന്റെ മുന്നിൽ വന്നു നില്ക്കുന്ന പറമ്പ് കിളക്കാരൻ "ചന്ത"നിലൂടെ , സ്ഥലകാലങ്ങൾ കീഴ്മേൽ മറിഞ്ഞ് 1967 ലെ ഓണക്കാലത്ത് ആകാശവാണിയിൽ എം ടി നേരിട്ടവതരിപ്പിച്ച 12 വർഷം ഉറങ്ങിയ പൂക്കളിലെ "ചന്ദ"നിലേയ്ക്ക് എത്തുമ്പോൾ , എം ടിയുടെ ശബ്ദത്തിൽ കഥയുടെ അവസാന വാക്യങ്ങൾ ലേഖകൻ വീണ്ടും കേൾക്കുന്നതിങ്ങനെ:


"ചന്ദൻ"


"എന്റെ പേര് ചന്ദനെന്നല്ല സ്വാമീ .." 

"അതേ എനിയ്ക്ക് മാത്രമറിയുന്ന രഹസ്യം ! 

പ്രഭാതത്തിൽ 12 വർഷം കഴിഞ്ഞ് വിടർന്ന പൂക്കളെ അന്വേഷിച്ചു വന്ന മനുഷ്യനെത്തേടി ഒരു സുന്ദരി വരും..അപ്പോൾ പറയേണ്ടത് ഇത്രമാത്രം: 

അദ്ദേഹം കയറിപ്പോയ വഴി ഇതിലേ ഇതിലേ !" വായനക്കാരനെയും അമ്പരപ്പിക്കുന്ന തരത്തിലുള്ള  മാസ്മരികതയാണ്  ഈ വരികളിലൂടെ തൊട്ടറിയുന്നത്.


തുടർന്ന് , പാരീസ് നഗരത്തിന്റെ സ്വത്വമുദ്രയുള്ള എഴുത്തുകാരൻ പാട്രിക് മോദിയാനോ , അർജ്ജന്റീനിയൻ എഴുത്തുകാരൻ തൊമസ് എലോയ് മാർത്തിനെസ്സ്, "ഞാൻ കഥകൾ പറയുന്നു, കഥപറയാൻ എനിയ്ക്ക് എന്റേതായ രീതികളുണ്ട് , പക്ഷെ നിങ്ങൾ വായിക്കേണ്ടത് ഞാനെഴുതിയ കഥയല്ല, നിങ്ങൾ സ്വയം നിർമ്മിച്ച നിങ്ങളുടെ കഥകളാണ് "എന്ന എഴുതപ്പെടാത്ത സത്യവാങ്ങ് മൂലത്തിന്റെ അകമ്പടിയോടെ വായനക്കാർക്ക് തന്റെ ഓരോ രചനയും സമർപ്പിക്കുന്ന ഒർഹാൻ പാമുക്‌ , സ്ത്രീ കഥാ പാത്രങ്ങള്ക്കു കൂടുതൽ തിളക്കവും ആഴവും കൊടുക്കുന്ന ജാപ്പനീസ് എഴുത്തുകാരൻ ഹാരുകി മുറാകാമി, ചിലിയൻ എഴുത്തുകാരൻ അന്റോണിയോ സ്കാർമെത്ത, , സെർബിയൻ എഴുത്തുകാരി സ്ലാവങ്ക ഡ്രാക്കുലിക്ക്, ഹ്യൂഗി എന്ന വൃദ്ധന്റെ കഥ ആഖ്യാനം ചെയ്യുന്ന, യൂഹ്വായുടെ ചൈനീസ് നോവലിന്റെ മലയാള പരിഭാഷയായ "ജീവിക്കാനായി", ഇതേ പുസ്തക വിചാരത്തിലൂടെ എടുത്തു പറയുന്ന , സ്വാതന്ത്ര്യാനന്തര കാലത്ത് , ഇന്ത്യയിലെയും കേരളത്തിലെയും യുവത്വം ഏറ്റവും ആവേശപൂർവ്വം നോക്കിയിരുന്ന മാവോയിസ്റ്റ് ചൈന , നൂറുപൂക്കൾ വിരിയട്ടെ എന്ന വിമോചന സ്വപ്നത്തിന്റെ സൂത്രവാക്യത്തിന്റെ ഓർമ്മപ്പെടുത്തൽ എന്നിങ്ങനെ , എഴുത്തുകാരിലെയും എഴുത്തിലെയും സൂക്ഷ്മത അനാവരണം ചെയ്യുന്ന വിശകലനത്തിന്റെ വായനാപർവ്വം ചെന്നവസാനിക്കുന്നത്, കെ ജി ശങ്കരപ്പിള്ളയുടെ കവിതകളിലും വിക്ടർ യൂഗോയുടെ പാവങ്ങളിലുമാണ്.

"വായനയെ കുറിച്ച് വായിച്ചവസാനിപ്പിക്കുന്ന ഏതൊരു വായനക്കാരനെയും/ക്കാരിയെയും പുതിയൊരു ലോകത്തേയ്ക്ക് കൊണ്ടെത്തിയ്ക്കുന്ന സവിശേഷമായ ഒരു കാന്തിക വലയം വാക്കുകളിൽ തീർക്കാൻ ലേഖകന് നിഷ്പ്രയാസം സാധിച്ചിട്ടുണ്ട് എന്നത് തർക്കമില്ലാത്ത വിഷയമാണ്. 

ജീവിതത്തിൽ, തന്നെ അങ്ങേയറ്റം സ്വാധീനിച്ച വ്യക്തികളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകളാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. അരങ്ങിൽ തിളങ്ങിനിന്നിരുന്ന പ്രതിഭാശാലികളായ കെ. ഭാസ്കരനെയും ബാബു അന്നൂരിനെയും ഓർമ്മിക്കുമ്പോൾ, മലയാളത്തിന്റെ വേദികളിൽ അവർ പകർന്നാടിയ വേഷങ്ങളുടെ സാംസ്കാരീക മൂല്യങ്ങളുടെ തിരുശേഷിപ്പുകൾ ഒന്നും തന്നെ പുതിയ തലമുറക്കായി ഇല്ലെന്നുള്ള ഖേദം, ലേഖകൻ വരികളിൽ വരച്ചിടുന്നുണ്ട്. 


അഹന്തയോ ആത്മ നിന്ദയോ ഇല്ലാതെ "സ്വപ്ന പ്രഭു" എന്ന് സ്വയം വിശേഷിപ്പിക്കുന്ന ലേഖകന് വായിച്ച പുസ്തകങ്ങളിൽ പലതും സ്വപ്നാനുഭവങ്ങളും കണ്ട സ്വപ്നങ്ങളിൽ ചിലത് പുസ്തകാനുഭവങ്ങളും ആണ്. വരും കാലങ്ങളിൽ ഒരു പുരാവസ്തു മൂല്യം മാത്രമുള്ള ഒന്നായി മാറിയേക്കാവുന്ന, കറ പുരളാത്ത ഒരു സംസ്കൃതിയുടെ അവശേഷിപ്പുകൾ മനസ്സുകളിൽ സൃഷ്ട്ടിച്ചിരുന്ന ,വാസുവേട്ടന്റെത് പോലുള്ള ചായപ്പീടികകളെ കുറിച്ചും സ്വത്വം വീണ്ടെടുക്കാൻ മറ്റു മാർഗ്ഗങ്ങളില്ലാത്ത, മരിച്ചു കൊണ്ടിരിയ്ക്കുന്ന , തലശ്ശേരി എന്ന നഗരത്തിലെ ജനപഥത്തെ കുറിച്ചുമുള്ള ആശങ്കകളോടെയാണ് , ജീവിതമെന്ന രണ്ടാം ഭാഗത്തിന് ലേഖകൻ വിരാമമിടുന്നത്‌.
ഓർമ്മ പർവ്വതത്തിൽ, വീണ്ടും, ചുറ്റിപ്പറക്കുന്ന ശലഭക്കൂട്ടങ്ങളായി മാർകേസും, കാതറീന വിഡ് മർഎന്ന സുന്ദരിയിലൂടെ കസാന്ദ് സാക്കീസും, ജീവിതത്തെയും മരണത്തെയും സ്നേഹത്തെയും കുറിച്ചുള്ള അറിവുകളുടെ സത്യവചനങ്ങൾ ഓതിക്കൊടുത്ത ചടയൻ ഗോവിന്ദനും , മലയാളിയുടെ പരമ്പരാഗതമായ മൂല്യബോധത്തിലും സദാചാര സങ്കല്പ്പങ്ങളിലും അത്രയേറെ അഴിച്ചുപണി നടത്തിയ , ആൺക്കോയ്മയുടെ ധർമ്മബോധത്തിനെതിരെ സ്നേഹ സങ്കല്പ്പങ്ങളെക്കൊണ്ട് പൊരുതിയ , മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയും, ഒരു ചേങ്ങിലയുടെ മുഴക്കത്തോടെ മനസ്സിൽ തെളിയുന്ന കടമ്മനിട്ടയും , മലയാളിയുടെ സ്വത്വപ്രതിനിധാനങ്ങളായ കാഴ്ചകൾക്കും കല്പനകൾക്കും സ്വപ്നതുല്യമായ ഗാനലോകം നല്കിയ പി ഭാസ്കരനും , ബാബുരാജും നിറയുന്നതിനോടൊപ്പം ആത്മഗന്ധങ്ങളും പെരുമഴക്കാലവും കൂട്ടിനെത്തുന്നുണ്ട്.


ഗന്ധങ്ങൾ ഓർമ്മകളുടെ പിൻവിളിയാണെന്നും ആത്മഗന്ധങ്ങൾ ചേർത്തുവെച്ചാൽ ആത്മകഥയായെന്നും നിരീക്ഷിയ്ക്കുന്ന ലേഖകൻ ജീവിതത്തിന്റെ ഗന്ധങ്ങളിലേയ്ക്ക് തിരിഞ്ഞു നോക്കുന്നത്, കാലത്തോടൊപ്പം ചോർന്നുപോകാത്ത തനിമ നിലനിർത്തിക്കൊണ്ടാണ്‌. വമനേച്ഛയുടെ വിദ്യുദ്‌പ്രവാഹമുണർത്തുന്ന കൊട്ടോപ്പട്ടിക്ക യുടെ രൂക്ഷ ഗന്ധം , ആനന്ദത്തിന്റെ വാതിൽ തുറക്കുന്ന അരിപ്പൂവിന്റെ ഗന്ധം, തീയിലുരുകുന്ന ചക്ക വെളഞ്ഞറിന്റെ ഗന്ധം, , അമൂർത്തമായ ആദ്യാനുരാഗത്തിന്റെ ഓര്മ ഉണർത്തുന്ന നന്ദ്യാർവട്ടത്ത്തിന്റെ പ്രണയ ഗന്ധം, പാപ ബോധമുണർത്തുന്ന കുമലുകളിലെ രേതസ്സിന്റെ ഗന്ധം, പാൽക്കഞ്ഞിയുടെയും പുഴുക്കിന്റെയും ബാല്യകാല ഗന്ധം, , ചീഞ്ഞ കളയുടെ കർക്കിടക ഗന്ധം, അച്ചിങ്ങയുടെ ജൈവ ഗന്ധം, കറിവേപ്പിന്റെ പൌരാണിക ഗന്ധം, കീഴാർനെല്ലിയുടെ മനം പുരട്ടിക്കുന്ന ഗന്ധം , അച്ഛന്റെ വിയർപ്പിലെ സ്നേഹത്തിന്റെ പച്ച ഗന്ധം , സ്ത്രീ ശരീരത്തിന്റെ പുതുധാന്യ ഗന്ധം, വാർദ്ധക്യത്തിന്റെ പൂത്ത ഗന്ധം. 

ഗന്ധങ്ങളിലെ ഈ അലിഞ്ഞു ചേരലിനൊടുവിൽ ലേഖകൻ സ്വയം ചോദിയ്ക്കുന്നു, "ഈ നൂറായിരം മണങ്ങളിൽഈ മണ്ണും പ്രകൃതിയും വിട്ടുപോകുമ്പോൾ ഏതാവും എന്റെ കൂടെ പോരിക.."! 
കാലം തെറ്റി, പെയ്യാതെ പോകുന്ന കാലവർഷക്കാലത്തിൽ മഴച്ചില്ലകളിൽചേക്കേറിയ തന്റെ വായനയുടെ ഓർമ്മകൾ പങ്കുവയ്ക്കുമ്പോഴും പെയ്യാത്ത മഴകളെ ജീവന്റെ പുസ്തകത്തിലെ നഷ്ടപ്പെട്ട താളുകളായി അടയാളപ്പെടുത്തുമ്പോഴും ഓരോ മഴയും ഓരോ മനുഷ്യനിലും പലതായി പെരുകുന്ന ജീവ ചൈതന്യമാണെന്നും ഒരേ മഴ ആരും നനയുന്നില്ലെന്നും ലേഖകൻ തിരിച്ചറിയുന്നു. ഇന്ന് കുറുക്കന്റെ കല്ല്യാണം പോലെ പെയ്തൊടുങ്ങുന്ന മഴ നോക്കിയിരിക്കുമ്പോൾ , നാല് വർഷവും പതിനൊന്നു മാസവും രണ്ടു ദിവസവും നിർത്താതെ നിന്ന് പെയ്ത ആ മഴ, മാർകേസിന്റെ, മക്കൊണ്ടോയിലെ ആ മഹാമാരി , ലേഖകനോടൊപ്പം , ഏതൊരുവായനക്കാരനും കൊതിച്ചു പോകും.

നാലാം ഖണ്ഡത്തിൽ, സിനിമയിലെ കലയും ജീവിതവും കണ്ടു വിസ്മയിക്കുന്ന ലേഖകനിലൂടെ ലോകചലച്ചിത്രരംഗത്തെ പ്രധാനപ്പെട്ട സംവിധായകരെയും രചനകളെയും പരിചയപ്പടുത്തുന്നതിലൂടെ ആന്ദ്രേ താര്‍ക്കോവ്‌സ്‌കി, ഗില്ലര്‍മോ ദെല്‍ തോറോ, ഋത്വിക് ഘട്ടക്, ഫ്‌ളോറിയന്‍ ഹെങ്കല്‍വോണ്‍ ഡോണര്‍സ്മാര്‍ക്ക്, ലൂയി ഫര്‍ണാന്റോ കാര്‍വാലോ തുടങ്ങി പ്രതിഭാധനരുടെ കലാവൈഭവ്യം നേരിട്ടനുഭവിക്കാനാവുന്നുണ്ട്. 
പുസ്തകം വായിച്ചു തീരുന്നതോടെ, അത്രമേൽ വായനയെ , കലയെ, സാഹിത്യത്തെ നെഞ്ചോട്‌ ചേർത്ത എൻ ശശിധരൻ എന്ന മഹദ് വ്യക്തിയുടെ , കപ്പൽച്ചേതം വന്ന നാവികനിൽ നിന്നും , വിട്ടുപോരാൻ കഴിയാതെ വായനക്കാരന്റെ മനസ്സും, പുസ്തകം നല്കുന്ന അറിവിന്റെ അപാരതയിൽ നങ്കൂരമിട്ടു കൊണ്ട് വ്യത്യസ്ത ചിന്തകളാൽ നിറഞ്ഞ പുതിയൊരു ലോകത്തെ കുറിച്ച് അതിശയത്തോടെ ഓർത്തുകൊണ്ടിരിയ്ക്കും..

12 അഭിപ്രായങ്ങൾ:

 1. ഒരു പുസ്തകം വായിച്ചതിനു ശേഷം ഒരു ദീർഘനിശ്വാസത്തോടെ അടച്ച് വെച്ച് പിന്നെ അതിനെപ്പറ്റി മറന്ന് കൃത്യാന്തരബഹളങ്ങളിലേക്ക് തിരിയുകയല്ല വേണ്ടത്.. ഗൗരവമായ വായന മാത്രമല്ല വായിച്ചതിനെ ഗഹനമായി മനനം ചെയ്ത് കിട്ടുന്ന അനുഭൂതി വായനക്കാരിലേക്ക് പകരുമ്പോഴാണ് പുസ്തകത്തോടും എഴുത്തുകാരനോടുമുള്ള വായനക്കാരന്റെ കടമ പൂർത്തിയാവുന്നത്.. ഹേബിയുടെ വായന ഈയർത്ഥത്തിൽ ഒരു പൂർണമായ വായന തന്നെയാണ്. ഉജ്വലവും മൂലകൃതിയോട് നീതി പുലർത്തുന്നതുമായ ആസ്വാദനക്കുറിപ്പ്...

  മറുപടിഇല്ലാതാക്കൂ
 2. അഭിനന്ദനങ്ങള്‍ ഹേബി... പുസ്തകം വായിച്ചിട്ടില്ല. വായിക്കണം!

  മറുപടിഇല്ലാതാക്കൂ
 3. വായനയുടെ വസന്തം അവസാനിച്ചിട്ടില്ല. അവസാനിക്കുകയുമില്ല. ഓർമ്മകളും വായനയും ഇല്ലെങ്കിൽ മനുഷ്യകുലം തന്നെ ഇല്ല. ഹാബിയുടെ വിലയിരുത്തലുകളും കപ്പൽ ചേതം വന്ന നാവികൻ എന്ന പുസ്തകവും പറയുന്നതും സാക്ഷ്യപ്പെടുത്തുന്നതും അതാണ്‌.

  മറുപടിഇല്ലാതാക്കൂ
 4. സന്തോഷം, നന്ദി മുബി , രാജ്സർ ഭാനു..

  മറുപടിഇല്ലാതാക്കൂ
 5. വായനയും,എഴുത്തും....
  ഇപ്പോള്‍ കൊതിതോന്നുന്നു!
  കണ്ണും,മനസ്സും,ആലസ്യവും....
  എങ്കിലും ഈ വയസ്സാംകാലത്തും......
  പരമാവധി വായനയിലും,എഴുത്തിലുമാണ് ശ്രദ്ധ.
  ഒരു പുസ്തകം വായിച്ചുതീര്‍ത്തുക്കഴിയുമ്പോള്‍ ഉണ്ടാകുന്ന........
  ഒരു എഴുതി പൂര്‍ത്തികരിക്കുമ്പോള്‍....
  മാര്‍ക്വേസ് പറഞ്ഞപോലെ എഴുതികൊണ്ടിരിക്കുമ്പോള്‍ കഥാപാത്രങ്ങളോടൊപ്പം അഗാധമായ സാഗരത്തിലൂടെ സഞ്ചരിക്കവേ അനുഭവവേദ്യമാകുന്ന വ്യഥകളും,മാനസികസംഘര്‍ഷങ്ങളും,കരയിലെത്തുമ്പോള്‍ മനസ്സിലേക്ക് കടന്നുവരുന്ന ശാന്തിയും,സമാധാനവും................
  വായനയുടെ വഴിത്താരയിലൂടെ സഞ്ചരിക്കുമ്പോള്‍ നന്മയുടെ പ്രസരണം നമ്മിലുണ്ടാവുമെന്നത് തീര്‍ച്ചയാണ്.
  കൃതകൃത്യമായ വായന...
  തുടരുക...
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. back to form again...
  and this one is a different perspective as well from your otherwise lavish writings on re-living memories...
  glad that you chose this topic.. it s only apt at this point in time to write revolving around reading

  മറുപടിഇല്ലാതാക്കൂ
 7. നല്ല വിലയിരിത്തലുകൾ ..
  വായന വിജ്ഞാനവും വിവേകവും മാത്രമല്ല
  ഒപ്പം തന്നെ നല്ല വിവരവും സന്തോഷവും നമുക്ക്
  സമ്മാനിക്കുന്നു

  മറുപടിഇല്ലാതാക്കൂ