2020, ഫെബ്രുവരി 7, വെള്ളിയാഴ്‌ച

തണുത്ത രാത്രിയിലെ സൂഫിനൃത്തം

കപ്പഡോഷ്യയിലെ യാത്രകൾക്ക് അവസാനമാകാറായി. ചൂടുവാതകം നിറച്ച ബലൂണുകളിൽ ആളുകൾ പൊങ്ങിപ്പറക്കുന്നത് ഹോട്ടൽ മുറിയിലിരിയ്ക്കുമ്പോള്‍ ജനലിലൂടെ കാണാമായിരുന്നു.അതിനുള്ള ടിക്കറ്റ് എടുക്കട്ടെ എന്ന് അലി പലപ്രാവശ്യം ചോദിച്ചിരുന്നു. ഞങ്ങള്‍ ഭയക്കും പോലെയുള്ളത്ര അപകടസാധ്യത ഇല്ലെന്നും അയാള്‍ ഉറപ്പുനല്‍കി. എന്നിട്ടും ധൈര്യക്കുറവ് മൂലം ഭാഗ്യപരീക്ഷണം വേണ്ടെന്ന് വച്ചു. കൊച്ചുകൂടാരങ്ങള്‍ പോലെ മന്ദംമന്ദം നീങ്ങുന്ന നിറക്കൂട്ടുകളില്‍ ആകാശത്തിന് ചാരുതയേറുന്നതും നോക്കിയിരുന്നതേയുള്ളൂ.

ഒരാഴ്ച എത്ര പെട്ടെന്നാണ് ഓടിമറഞ്ഞത്‌! കണ്ടുതീരാനിനിയും    കാഴ്ചകളെത്രയോ ബാക്കി!. തണുപ്പിലൂടെ നടക്കുമ്പോള്‍ ഇടയ്ക്കെല്ലാം ഓർഹൻ പാമുക്കിന്റെ മഞ്ഞു വന്ന് വിചാരങ്ങളെ മൂടിയിരുന്നു.

ടർക്കിയിൽ വരുന്ന സഞ്ചാരികൾ കാണാതെ പോകരുതെന്ന് ഉറപ്പിച്ചുപറയാവുന്ന സ്ഥലമാണ് വടക്കുപടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന പുരാതന ട്രോയ് നഗരം. ഹോമര്‍ അനശ്വരമാക്കിയ, ഇതിഹാസവും ചരിത്രവും കൈകോർക്കുന്ന ട്രോയ് നഗരം പണ്ട് റോമക്കാരുടെ അധീനതയിലായിരുന്നു. കഴിഞ്ഞ അയ്യായിരം വര്‍ഷങ്ങളില്‍ ഒന്നല്ല ഒന്‍പതുപ്രാവശ്യം വൻതോതില്‍ നാശത്തിനിരയാവുകയും പുനർനിർമ്മാണം ചെയ്യപ്പെടുകയും ചെയ്ത പ്രാക്തനഭൂമി!. ഇന്നവിടെ കാണാൻ കഴിയുന്നത് പൗരാണിക ട്രോയുടെ നാമമാത്രമായ അവശിഷ്ടങ്ങളാണ്. മരക്കുതിരയെ കാണാനാണെങ്കില്‍ ഒരു ഇംഗ്ലീഷ് സിനിമയ്ക്കായി പണിതീര്‍ത്ത ഭീമാകാരൻ മരക്കുതിരയുടെ അരികിലെത്തി ആശ്വസിക്കാം. 

ടര്‍ക്കിയില്‍ ഇനി ഒരുരാത്രികൂടിയാണ് ബാക്കിയുള്ളത്. സൂഫിനൃത്തം കാണുന്നതിനുള്ള ടിക്കറ്റെടുത്ത് അധികം ഇരുട്ടുംമുൻപേ അലിയോടൊപ്പം പുറപ്പെട്ടു. 

പന്ത്രണ്ടാം നൂറ്റാണ്ടോളം പഴക്കമുള്ള, മുസ്ലീംമതാധിഷ്ഠിതമായ ഒരു ചടങ്ങായ സൂഫിനൃത്തം മനുഷ്യന്‍റെ ആത്മീയാരോഹണത്തിലേയ്ക്കുള്ള അജ്ഞേയമായ യാത്രയാണെന്നാണ് കേട്ടുകേള്‍വി. സ്നേഹത്തിലടിയുറപ്പിച്ച് പരമാര്‍ത്ഥത്തേയും പരിപൂര്‍ണ്ണതതേയും തേടുകയാണ് ഇവര്‍ ചെയ്യുന്നത്. ആത്മീയയാത്രയില്‍നിന്നും തിരിച്ചുവരുന്ന മനുഷ്യന് എല്ലാ ജീവജാലങ്ങളേയും സ്നേഹിക്കാനും അവര്‍ക്കായി സേവനമനുഷ്ഠിക്കാനും കഴിയും എന്നാണ് സൂഫിവിശ്വാസം. 

വലിയൊരു കെട്ടിടത്തിന്റെ ഏതോ ഒരു നിലയിൽ പ്രത്യേക ഇരിപ്പിടസംവിധാനങ്ങളുള്ള മുറിയിലായിരുന്നു നൃത്തം അവതരിക്കപ്പെട്ടത്. പ്രവേശിക്കുന്നതിന് മുൻപായി, അകത്ത് കർക്കശമായും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെപ്പറ്റി ഉത്തരവാദിത്തപ്പെട്ട പ്രതിനിധികൾ ചെറിയൊരു വിശദീകരണം നൽകിയിരുന്നു. 
ഹാളിനുള്ളില്‍ പേടിപ്പെടുത്തുന്ന നിശബ്ദാന്തരീക്ഷമായിരുന്നു . അജ്ഞാതമായ എന്തോ ഒന്നിന്‍റെ സാന്നിധ്യം അവിടമാകെ നിറഞ്ഞുനിന്നിരുന്നപോലെ!. 


ഒരുവശത്ത് തട്ടുകളായി വിന്യസിച്ചിരുന്ന ഇരിപ്പിടങ്ങളിലായി ഞങ്ങളിരുന്നു.കറുത്തവേഷവും ത്രികോണാകൃതിയിലുള്ള വെളുത്ത നീളൻതൊപ്പിയും ധരിച്ച പത്തുപേർ രംഗപീഠത്തിൽ വന്ന് വൃത്തത്തില്‍ നിലയുറപ്പിച്ചു. ഓരോ നീക്കങ്ങള്‍ക്കും പ്രത്യേകം അര്‍ത്ഥങ്ങളുണ്ടെന്ന് അലി പറഞ്ഞുതന്നു. 

ഭൂമിയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നു എന്ന് സൂചിപ്പിക്കുംവിധം പുറമേ ധരിച്ചിരുന്ന കറുത്തവസ്ത്രം അവര്‍ അഴിച്ചുമാറ്റി.

ഇപ്പോള്‍ വെളുത്തതൊപ്പിയും ജാക്കറ്റും നീളന്‍ പാവാടയുമാണ് അവരുടെ വേഷം. ആകെ ധവളമയം!തൊപ്പി ശ്മശാനസ്തംഭത്തെയും ജാക്കറ്റ് ശവകുടീരത്തെയും പാവാട ശവക്കച്ചയെയുമാണ് പ്രതിനിധാനം ചെയ്യുന്നത്.

ദൈവത്തില്‍ വിലയം പ്രാപിക്കുന്നുവെന്നതിന്റെ സൂചകമായി ഓരോരുത്തരും കൈകള്‍ രണ്ടും നെഞ്ചില്‍ പിണച്ചുവച്ചുനിന്നു.

നേരിയ സംഗീതത്തിന്‍റെ പശ്ചാത്തലത്തില്‍ വലതുകൈ ആകാശത്തേയ്ക്കുയര്‍ത്തിയും (ദൈവത്തിൽ നിന്നും ശ്രേഷ്ഠത വരിയ്ക്കാൻ ) , ഇടതുകൈ ഭൂമിയിലേയ്ക്ക് ചൂണ്ടിക്കൊണ്ടും (ഭൂമിയിൽ ദൈവനന്മയിലേക്കുള്ള മാർഗ്ഗം), വലത്തുനിന്നും ഇടത്തോട്ടായി അവർ നിന്നിടത്തു നിന്ന് തിരിഞ്ഞുതുടങ്ങി. ചിലര്‍ കഴുത്ത് പിന്നിലേക്ക്‌ ഒടിച്ചിട്ടപോലെയും ചിലര്‍ ഒരു വശത്തേയ്ക്ക് അല്പം ചെരിച്ചും ആണ് വച്ചിരുന്നത്. 

സംഗീതത്തിന്‍റെ തീവ്രത കൂടിക്കൊണ്ടിരുന്നു. അതിനനുസരിച്ച് ശുഭ്രവസ്ത്രധാരികൾ, പ്രത്യേക നിര്‍വൃതിയില്‍ യോഗാത്മകതയിലേക്ക് ലയിക്കുംപോലെ വേഗത്തിൽ കറങ്ങിക്കൊണ്ടിരുന്നു. ഒഴുകിക്കിടന്ന പാവാടകള്‍ വലിയ വട്ടങ്ങള്‍ തീര്‍ത്തുകൊണ്ട് നിര്‍ത്താതെ തിരിഞ്ഞു. കാണികളായ ഞങ്ങള്‍ സത്യത്തില്‍ അല്പം അന്ധാളിപ്പോടെ കൂടിയ ഹൃദയമിടിപ്പോടെ രംഗം വീക്ഷിച്ചിരുന്നു. 

രണ്ടുമൂന്ന് വ്യത്യസ്തസംഘങ്ങള്‍ മാറിമാറി വന്ന് നൃത്തംചെയ്തു. ഒരുമണിക്കൂറിനു ശേഷം നൃത്തം അവസാനിച്ചപ്പോള്‍ സംഘം സാവധാനത്തില്‍ കറുത്ത മേലങ്കിയെടുത്തണിഞ്ഞു. ഭൗതികലോകത്തേയ്ക്ക് തിരിച്ചെത്തിയെന്നതിന്‍റെ സൂചന! ആദ്യമായി കാണുന്നതിനാലോ അതോ നൃത്തത്തിന്റെ ആത്മീയപരിവേഷം മൂലമോ എന്നറിയില്ല, ആദ്യാവസാനം വരെ വളരെയധികം ജിജ്ഞാസയോടെയാണ് ഇരുന്നത്. 

ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ലയനം ,പലമതങ്ങൾ പലതരത്തിൽ പറയുന്നെങ്കിലും എല്ലാ മനുഷ്യരും ഒടുവിലെത്തുന്നത് ഒന്നിലേയ്ക്കുതന്നെ!. രാത്രിയേറെ ചെന്നിട്ടും മനസ്സില്‍നിന്നും ഇറങ്ങിപ്പോകാതെ ഉറക്കംകെടുത്തിയ സൂഫിനൃത്തം ഇപ്പോഴും ഇടയ്ക്കൊക്കെ വെളുത്ത പാവാടച്ചിറകുമായി കണ്മുന്നില്‍ ചുവടുകള്‍ വച്ച് തിരിയാറുണ്ട്. അപ്പോഴെല്ലാം നിശബ്ദതയെ മുറിച്ച് ഒഴുകിവരുന്നൊരു സംഗീതം അന്തരാത്മാവിനെ തൊടുന്നതിന്റെ നിഗൂഢമായ അനുഭൂതിയോടൊപ്പം അകാരണമായ ഭയവും എന്നെ വന്നു പൊതിയാറുണ്ട്.

മാസ്മരികതയുടെ നഗരത്തില്‍ ഇനിയും ബാക്കിയാവുന്നു  കണ്ടുതീരാതെ  അത്ഭുതങ്ങള്‍ !.ഒരു സ്ഥലത്തെ പ്രണയിക്കുക സാധ്യമാണെന്ന് ആ നഗരം എന്നെ വീണ്ടും വീണ്ടും ഓര്‍മിപ്പിച്ചു കൊണ്ടേയിരുന്നു.

രാവിലെ അലിയോടും കപ്പഡോഷ്യയോടും വിടപറയുമ്പോൾ അലി വാചാലനായി. "കൂട്ടുകാരോടെല്ലാം പറയണം തുർക്കിയുടെ രമണീയതയെ പറ്റി, അതൊളിപ്പിച്ചിട്ടുള്ള അത്ഭുതങ്ങളെപ്പറ്റി, വ്യത്യസ്തമായ സംസ്ക്കാരത്തെ പറ്റി.. പിന്നെ ഈ അലിയെ പറ്റിയും." 
നിറഞ്ഞ സംതൃപ്തിയോടെ ഒരു ചിരിയിലൊതുക്കി ഉത്തരം.

വിമാനത്തിന്റെ കൊച്ചുജനലിലൂടെ, മഞ്ഞുപാളികള്‍ക്കിടയിലൂടെ താഴെ പരന്നുകിടന്ന പച്ചപ്പിലേയ്ക്കും മലനിരകളിലേയ്ക്കും നോക്കി, വെറുതേ ചോദിച്ചു, " ഇവിടെയ്ക്ക് ഇനിയൊരു യാത്രയുണ്ടാകുമോ"?..

നഗരം കട്ടിയുള്ള മഞ്ഞുപുതപ്പും കാത്തുകിടന്നു. നശ്വരമായ ജീവിതത്തിന്‍റെ ആക്സ്മിതകളെപ്പറ്റി കൌതുകപ്പെട്ടുകൊണ്ട് വിമാനത്തിന്റെ ഇരമ്പലില്‍ ഞാനും ഉയരങ്ങളിലേക്ക് ചിറകുകളില്ലാതെ പറന്നു.

7 അഭിപ്രായങ്ങൾ:

  1. ജീവാത്മാവും പരമാത്മാവും
    ലയിച്ചു ചേരുന്ന സൂഫി സംഗീതവും നൃത്തവും 

    മറുപടിഇല്ലാതാക്കൂ
  2. വായിച്ചപ്പോൾ നിറഞ്ഞ സംതൃപ്തിയോടെ എന്റെ മുഖത്തും വന്നു ഒരു പുഞ്ചിരി

    സ്നേഹപൂര്‍വ്വം
     രൂപ 

    മറുപടിഇല്ലാതാക്കൂ
  3. യാത്രാവിവരണം ലളിതവും ആകര്ഷണീയവും ആയിരുന്നു. തുർക്കിയിൽ ഉള്ള കപ്പഡോഷ്യ എന്ന സ്ഥലത്തെക്കുറിച്ചു  ഞാൻ ആദ്യമായാണ് കേൾക്കുന്നതും അറിയുന്നതും. 
    ആശംസകൾ നേരുന്നു.
    http://ettavattam.blogspot.com/

    മറുപടിഇല്ലാതാക്കൂ
  4. സൂഫി സംഗീതവും നൃത്തവും അലൗകിക ആനന്ദം പകരുന്നു

    മറുപടിഇല്ലാതാക്കൂ
  5. സൂഫി സംഗീതവും നൃത്തവും അലൗകിക ആനന്ദം പകരുന്നു
    https://facebook.com/jossyvarkey

    മറുപടിഇല്ലാതാക്കൂ