2020, ജനുവരി 17, വെള്ളിയാഴ്‌ച

ബോസ്ഫറസിലൂടെ ഒരു ക്രൂയിസ് യാത്ര-- ഭാഗം ഒന്ന്

അല്പം തുര്‍ക്കി ചരിത്രം:
ഹോട്ടൽ റിസപ്ഷനിലെ പയ്യനാണ് ബോസ്ഫറസ് ക്രൂയിസ് പ്ലസ് ബസ് പാക്കേജ് ടൂര്‍ ഏർപ്പാടാക്കിയത്. രാവിലെ പത്തുമണിക്ക് ഹോട്ടലിനുമുന്നില്‍ വന്നുനിന്ന ബസില്‍ കയറി കുറച്ചുദൂരം യാത്രചെയ്ത് ഗോൾഡൻ ഹോണ്‍(Golden Horn) കടലിടുക്കിനരികിലെത്തി. ഇതിന്റെ സമീപത്തു നിന്നാണ് ബോസ്ഫറസ് ക്രൂയിസ് പുറപ്പെടുന്നത്. സൂര്യോദയത്തിലും അസ്തമയത്തിലും വെള്ളത്തിനെ ദീപ്തമാക്കുന്ന മഞ്ഞകിരണങ്ങള്‍ കാരണമാവാം ഈ അഴിമുഖത്തിന് അങ്ങനെയൊരു പേര് വന്നത്. ഗോൾഡൻ ഹോണിനുകുറുകേയുള്ള ഗലാറ്റപാലമാണ് പുരാതനഇസ്താംബൂളിലെ (old city )എമിനോനുവിനെയും തെക്ക് ഗലാറ്റയേയും ബന്ധിപ്പിക്കുന്നത്.


എമിനോനുവില്‍ നങ്കൂരമിട്ടിരുന്ന ആഢംബരയാനങ്ങള്‍ പയ്യെ കാറ്റിലുലയുന്നത്‌ നോക്കിനില്ക്കേ ഞങ്ങൾക്കുപോകാനുള്ള ക്രൂയിസ് എത്തി. അതിന്റെ തുറന്ന മേല്ത്തട്ടിലേക്ക് കയറിയിരിക്കാന്‍ ഗൈഡിന്റെ നിര്‍ദ്ദേശം വന്നു. പലനാടുകളില്‍ നിന്നുമെത്തിയ മൂന്നു നാലു ദമ്പതികളും, ഒരു അമ്മയും മകനും, പിന്നെ കുട്ടികളടക്കമുള്ള രണ്ടു കുടുംബങ്ങളുമാണ് ഞങ്ങളോടൊപ്പം കപ്പലിലുണ്ടായിരുന്നത്.


മെഡിറ്ററേനിയൻ കടലിനെ മർമറയിലേയ്ക്കും(sea of Marmara ) അതുവഴി കരിങ്കടലിലേയ്ക്കും ബന്ധിപ്പിക്കുന്ന ഏകജലമാർഗ്ഗമാണ് ബോസ്ഫറസ് കടലിടുക്ക്. ഇസ്താംബൂളിന്റെ ചരിത്രത്തിന്റെ വലിയൊരു ഭാഗം ഈ കടലിടുക്കും ഗ്രീസും റോമും ഓട്ടോമന്‍ സാമ്രാജ്യവുമായി വേർതിരിക്കാനാവാത്ത വിധത്തില്‍ ഇഴചേർന്നുകിടക്കുകയാണ്. ഈ കടൽവഴിയാണ് ഇസ്താംബൂളിനെ യൂറോപ്യൻഭാഗമെന്നും (ത്രെയ്സ്) ഏഷ്യന്‍ഭാഗമെന്നും (അനറ്റോളിയ (ഏഷ്യ മൈനര്‍) ) വേർതിരിയ്ക്കുന്നത്.

ബോസ്ഫറസിനുകുറുകെ പണികഴിപ്പിച്ച മൂന്നുപാലങ്ങള്‍ രണ്ടു ഭൂഖണ്ഡങ്ങളിലേക്കുമുള്ള യാത്ര സുഗമമാക്കുന്നു. ഇതില്‍ ഏറ്റവും ആദ്യം ( 1973ല്‍ ) പണി കഴിപ്പിച്ചതാണ് ബോസ്ഫറസ് പാലം. ബോസ്ഫാറസ് എന്ന വാക്കിന് ഗ്രീക്ക് മിത്തോളജിയില്‍ “പശു ഓടിപ്പോയ വഴി” എന്നാണർത്ഥം . (ബോസ്-പശു, ഫോറസ് –നദിവഴി) പശുവായി രൂപമാറ്റം ചെയ്യപ്പെട്ട സ്യൂയസ്സിന്റെ കാമുകി “ലോ” ഈച്ചകളെ ഭയന്ന് നദിയിലൂടെ ഓടിപ്പോയ വഴിയെന്നത്രേ പുരാവൃത്തം!

കരിങ്കടലിനെ മെഡിറ്ററേനിയനുമായി ബന്ധിപ്പിക്കുന്ന ബോസ്ഫറസ് കടലിടുക്ക് ലോകത്തിലെ ഏറ്റവും തിരക്കുപിടിച്ച ജലമാർഗ്ഗങ്ങളിലൊന്നാണ്. നൂറ്റാണ്ടുകൾക്ക് മുന്‍പേ നൂറുകണക്കിന് ഭരണാധികാരികളും ചക്രവർത്തികളും ഈ കടലിടുക്കിന്റെ തന്ത്രപ്രാധാന്യം മനസ്സിലാക്കിയിട്ടുണ്ട്. പുരാതനഗ്രീക്കുകാര്‍ ഇതുവഴി ധാന്യങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നു, പലപ്പോഴായി റോമാക്കാരും ഓട്ടോമനും ബോസ്ഫറസിനു ചുറ്റിലേക്കും അവരുടെ സാമ്രാജ്യം വികസിപ്പിച്ച് കരിങ്കടലിന്റെ പൂർണ്ണനിയന്ത്രണം ഏറ്റെടുത്തിരുന്നു.

ക്രൂയിസ് ചലിച്ചു തുടങ്ങിയപ്പോള്‍, മൈക്കിലൂടെ കേൾക്കാവുന്ന ഗൈഡിന്റെ വിവരണം കാറ്റില്‍ ഉലഞ്ഞുപോകാതെ ശ്രവിയ്ക്കാന്‍ ശ്രദ്ധയോടെയിരുന്നു.വളരെ വ്യക്തവും കൃത്യവുമായിരുന്നു വിവരണം.

ടർക്കിയുടെ ഭൂമിശാസ്ത്രമറിയാതെ ബോസ്ഫറസ് കടലിടുക്കിന്റെ പ്രാധാന്യം മനസിലാക്കുക പ്രയാസമാണ്.

ബൾഗേറിയ, ഗ്രീസ്, ജോർജിയ , അർമേനിയ, അസർബൈജാൻ,ഇറാന്‍,ഇറാക്ക്,സിറിയ എന്നീ എട്ട് അയല്‍രാജ്യങ്ങളുള്ള ഒരു രാജ്യമാണ് തുര്‍ക്കി. തെക്ക് മെഡിറ്ററേനിയന്‍ കടലും പടിഞ്ഞാറ് ഈജിയന്‍(Aegean Sea) കടലും വടക്ക് കരിങ്കടലുമാണ് ജലാതിർത്തികള്‍. യൂറോപ്പും ഏഷ്യയും തമ്മില്‍ ഭൂമിശാസ്ത്രജ്ഞര്‍ അതിരുകൾ തിരിക്കുന്ന മർമറ കടല്‍ തുർക്കിയിലായതിനാല്‍ തുർക്കി അന്തർഭൂഖണ്ഡരാജ്യമെന്നും അറിയപ്പെടുന്നു.

AD374 നു മുൻപ് ഈ സ്ഥലം ഭരിച്ചിരുന്നത് റോമാക്കാരായിരുന്നു. സാമ്രാജ്യവിപുലീകരണത്തിന്റെ ഭാഗമായി ബൈസാന്റിനെന്ന രാജാവ് ഇവിടെയെത്തുകയും, സ്ഥലനാമം ബൈസന്റയിനെന്നാക്കുകയും ചെയ്തു. സുഗമമായ ഭരണസൗകര്യത്തിനായി പാശ്ചാത്യമെന്നും പൗരസ്ത്യമെന്നും വേർതിരിച്ച റോമില്‍ പിന്നീട് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുകയും അന്നത്തെ പാശ്ചാത്യറോമിലെ ചക്രവർത്തിയായ കോണ്സ്റ്റാന്റിൻ പൗരസ്ത്യറോമിന്റെ തലസ്ഥാനമായിരുന്ന ബൈസന്റയിൻ പിടിച്ചടക്കുകയും കോൺസ്റ്റാന്റിനോപ്പിൾ ആക്കുകയും ചെയ്തു എന്നതാണ് ചരിത്രത്തിന്‍റെ രത്നച്ചുരുക്കം.

എത്ര അറിഞ്ഞാലും അറിഞ്ഞുതീരാത്തത്രയും വലിയൊരു ചരിത്രവഴിയുണ്ട് ഇന്നത്തെ ആധുനിക ഇസ്താംബൂളിന് പിന്നിലെന്ന്‍ അത്ഭുതത്തോടെയാണ്‌ മനസ്സിലാക്കിയത്.‍ ഗ്രീസില്‍ നിന്നും തുടങ്ങി, റോമിലൂടെ , ഒട്ടോമാന്‍ സാമ്രാജ്യത്തിലൂടെ, ഇന്നത്തെ റിപ്പബ്ലിക്കിലേക്ക് എത്തിനില്ക്കുന്ന ഇസ്താംബൂള്‍ചരിത്രം ഒരൊഴുക്കില്‍ എഴുതിത്തീരുന്നതല്ല.


കപ്പല്‍ പിന്നോട്ടുതള്ളുന്ന ഓളങ്ങള്‍ക്കു മുകളിലൂടെ ഊളിയിടാനെത്തുന്ന കടല്‍ക്കാക്കകള്‍ ചിറകുകളടിച്ച് ബഹളം വച്ചുകൊണ്ടിരുന്നു.
ചിലത് ശ്രമപ്പെട്ട്‌ കപ്പലിന്റെ കൈവരിയില്‍ വന്നിരിക്കുന്നുണ്ടായിരുന്നു. ക്രൂയിസ് യാത്രയിലെ വലിയൊരു ആകർഷണമാണ് ആയിരക്കണക്കിനു വരുന്ന ഇണക്കമുള്ള ഈ കടൽപ്പറവകൾ !




കടലിടുക്കിന്റെ ഇരുവശങ്ങളിലും നദീതടത്തിലേയ്ക്ക് മുഖം തിരിച്ച് കൈയ്യടക്കലുകളുടെ ചരിത്രകഥകൾ നിശബ്ദമായിവിളിച്ചോതി നിലയുറപ്പിച്ചിട്ടുണ്ട്, തിങ്ങിനിറഞ്ഞ മേടകളും രാജമന്ദിരങ്ങളും!. ചിലതെല്ലാം ഓട്ടോമന്‍ കാലഘട്ടത്തില്‍ മരത്തില്‍ പണികഴിപ്പിച്ച സൗധങ്ങള്‍! പുറകില്‍ പച്ചക്കാടുകള്‍.എല്ലാംകൊണ്ടും പൌരാണികതയുടെ മനോജ്ഞതീരം! വർണ്ണനാതീതമാണ് ആ കടല്‍ത്തീരക്കാഴ്ചയുടെ ചേതോഹാരിത.

തുടരും...

3 അഭിപ്രായങ്ങൾ: