2020, ജനുവരി 24, വെള്ളിയാഴ്‌ച

അത്ഭുതനഗരമായ കപ്പഡോഷ്യ

കേയ്സേരിയില്‍നിന്നും വിമാനമാർഗ്ഗം ചെന്നിറങ്ങി വീണ്ടും ഒരു മണിക്കൂറോളം ടാക്സിയില്‍ യാത്രചെയ്താണ് അതിപ്രാചീനമെന്ന് തോന്നിപ്പിക്കുന്ന കപ്പഡോഷ്യ എന്ന സ്ഥലത്തെത്തുന്നത്‌. ഇസ്താംബൂളിന്റേതില്‍നിന്നും  വ്യത്യസ്തമായ ഭൂപ്രകൃതിയാണ് കപ്പഡോഷ്യയ്ക്ക്. 

ചെറുപ്പക്കാരനായൊരു ഗൈഡാണ് വിമാനത്താവളത്തിലിറങ്ങിയ ഞങ്ങളെ താമസിക്കാന്‍ ഏര്‍പ്പാടാക്കിയ ഹോട്ടലിലേക്ക് കൊണ്ടുപോയത്. തന്നെ "അലി " എന്ന് വിളിച്ചാല്‍ മതിയെന്ന്‍  ആ ചെറുപ്പക്കാരന്‍ എല്ലാവരോടുമായി പറഞ്ഞു. മൂന്നു ദിവസങ്ങള്‍കൊണ്ട് കപ്പഡോഷ്യയില്‍ പരമാവധി പര്യവേക്ഷണം ചെയ്യാനായിരുന്നു പദ്ധതി.


രാവിലെ ഞങ്ങളെ ഹോട്ടലില്‍നിന്നും കൂട്ടിക്കൊണ്ടുപോകാന്‍ അലി വന്നു. “ഇനിയുള്ള മൂന്നുദിവസങ്ങള്‍ നിങ്ങൾക്ക് മറ്റെല്ലാം മറന്ന്ആസ്വദിക്കാനുള്ളതാണ്” എന്നുപറഞ്ഞാണ് അലി ഞങ്ങളെ സ്വാഗതം ചെയ്തത്. ഊര്‍ജ്ജ്വസ്വലമായ സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും ആളുകളെ ആകർഷിക്കുന്ന വ്യക്തിത്വമാണ് അലിയുടേതെന്ന് പെട്ടെന്ന് മനസ്സിലാക്കാനായി. യാത്രയില്‍ അയാള്‍ പറഞ്ഞതെല്ലാം വിസ്മയങ്ങള്‍ ഒരുപാട് ഒളിപ്പിച്ചുവയ്ക്കുന്ന കപ്പഡോഷ്യയെപ്പറ്റിയായിരുന്നു. 


ഭൂഗർഭഗുഹകള്‍ , അഗ്നിപർവ്വതങ്ങള്‍, പ്രാവുകളുടെ താഴ്വാരം, പ്രകൃതിദത്തമായ നീലക്കല്ലുകള്‍, തുകല്‍വ്യവസായം, വീഞ്ഞുണ്ടാക്കാനായി വളർത്തുന്ന പഴത്തോപ്പുകള്‍, സൂഫിനൃത്തം,എന്നിങ്ങനെ ജിജ്ഞാസയുണര്‍ത്തുന്ന വിഷയങ്ങള്‍ പലതും മാറിമാറി വന്നു.

ആദ്യം ഞങ്ങളെ കൊണ്ടുപോകുന്നത് ഭൂഗർഭഗുഹകളിലേക്കാണെന്ന്  അറിഞ്ഞപ്പോള്‍ നാട്ടില്‍ വീടിനടുത്ത്‌ ആറേശ്വരം അമ്പലത്തിനോടു ചേർന്നുള്ള ആ ചെറിയ പുനര്‍ജ്ജനിഗുഹയാണ് ഓർമ്മയിൽ തെളിഞ്ഞത്. തൊഴാന്‍ പോകുമ്പോള്‍ കണ്ടിട്ടുണ്ടെന്നതല്ലാതെ ഉള്ളില്‍ കയറിയിട്ടില്ല. പാപമോക്ഷം ആഗ്രഹിച്ച് അതിലൂടെ കടക്കാന്‍ ശ്രമിച്ചവരില്‍ ചിലര്‍ അകത്തു കുടുങ്ങുകയും വെളിച്ചപ്പാട് വന്ന് വടിയിട്ടുകുത്തി പുറത്തേയ്ക്കെടുക്കുകയും ചെയ്തിട്ടുണ്ടെന്ന തരത്തിലുള്ള  ഭീകരകഥകള്‍ പലതും ശ്രവിച്ചശേഷം ഗുഹയെന്നു കേൾക്കുമ്പോഴേ ശ്വാസം നിലയ്ക്കുന്ന അവസ്ഥയിലെത്തുന്ന ആളായ ഞാൻ ഭൂമിയ്ക്കടിയിലെ ഗുഹ എങ്ങിനെയാവും എന്നോര്‍ത്ത് നടുങ്ങി. 

വണ്ടി ചെന്നുനിന്നത് വലിയൊരു ഭൂഗർഭഗുഹയുടെ പുറത്താണ്. ഒരു വശത്തായി വള, മാല, ബാഗ്‌, പഴ്സ്, കമ്പിളിവസ്ത്രങ്ങള്‍ തുടങ്ങിയവയുടെ ചെറിയ വില്‍പ്പനശാലകള്‍   ഉണ്ടായിരുന്നു.



ഗുഹയിലേക്ക് പ്രവേശിക്കുംമുൻപ് അലി ചോദിച്ചു, നിങ്ങളിലാർക്കെങ്കിലും ക്ലസ്ട്രോഫോബിയ ( ഇടുങ്ങിയ സ്ഥലങ്ങളോടുള്ള ഭയം) ഉണ്ടോ..?” ഉള്ളതുപറഞ്ഞാല്‍  പരിപാടി റദ്ദായാലോ എന്ന് കരുതി ചെറുതായൊരു ബുദ്ധിമുട്ടുണ്ടെന്ന് മാത്രം മറുപടി പറഞ്ഞ് മറ്റുള്ളവരോടൊപ്പം ഞാനും ഉത്സാഹവതിയായി. 

മങ്ങിയ വെളിച്ചത്തില്‍ ഇടനാഴികളും പടികളും വളവുകളും തിരിവുകളും കടന്നു പോകവേ കയ്യിലെ ടോർച്ച് കാണിച്ച് അലി ചോദിച്ചു, “വെളിച്ചമണച്ച് ഇരുട്ടിലൂടെ നടക്കാന്‍ ആർക്കെങ്കിലും താല്പര്യമുണ്ടോ? അന്നേരം  നമുക്കീ ടോർച്ച് തെളിയിക്കാം.” 
“അയ്യോ വേണ്ട” എന്ന എന്റെ മറുപടി പെട്ടെന്നായിരുന്നു. അല്ലെങ്കില്‍ത്തന്നെ കുറേശ്ശെ ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നുണ്ടോ എന്ന സംശയം തലപൊക്കിത്തുടങ്ങിയിരുന്നു. തോന്നലാണല്ലോ പല  പ്രശ്നങ്ങള്‍ക്കും നിദാനം.


അലി പറഞ്ഞ അത്ഭുതകഥകള്‍ ...

“ഇരുന്നൂറിലധികം ഭൂഗർഭഗുഹകളാണ് ഈ പ്രദേശത്താകെ കണ്ടെത്തിയിട്ടുള്ളത്. ഇനിയും കൂടുതല്‍ കണ്ടെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ശൈത്യത്തിൽ നിന്നും ശത്രുക്കളിൽനിന്നും രക്ഷ നേടാനായി പുരാതനമനുഷ്യര്‍  ഉപയോഗിച്ചിരുന്ന താമസയിടങ്ങളായിരുന്നു ഇവ.

ജെറുസലേമില്‍ നിന്നും പുറത്താക്കപ്പെട്ട ക്രിസ്തുമതവിശ്വാസികള്‍ തങ്ങൾക്ക് ഒളിച്ചു കഴിയാനുള്ള സുരക്ഷിതമായ രഹസ്യസ്ഥലങ്ങള്‍ നോക്കി നടക്കുന്നതിനിടെയാണ് ഇവിടെ കണ്ട ഭൂഗർഭഗുഹകളില്‍ അഭയം തേടുന്നത്.
റോമാക്കാരില്‍ നിന്നും ഒളിച്ചുകഴിഞ്ഞ ഇവര്‍ ക്രമേണ ഈ പരിസരങ്ങളില്‍ ക്രിസ്തീയ കോളനികള്‍ സ്ഥാപിക്കുകയായിരുന്നു.

"ഡെറിങ്കുയു" ആണ് കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ശ്രദ്ധേയമായത്. 1963ല്‍ വളരെ ആകസ്മികമായാണ് ഈ ഗുഹ കണ്ടെത്തുന്നത്. പ്രദേശവാസികളായ ഒരു കുടുംബം തങ്ങളുടെ ഭവനപുനരുദ്ധാരണവേളയില്‍ ഭൂഗർഭഅറകളിലേക്ക് തുറക്കുന്ന ഒരു ചുമര് കാണാനിടയാവുകയായിരുന്നു. പാർപ്പിടങ്ങള്‍, പ്രാർത്ഥനാലയങ്ങള്‍, ശവകുടീരങ്ങള്‍,കടകള്‍, ശുദ്ധജലസംഭരണശാലകള്‍ ,വളർത്തുമൃഗങ്ങള്‍ എന്നിവയ്ക്കുള്ള പ്രത്യേക അറകളടങ്ങുന്ന രൂപരചനയാണ് അതിന്റെ ഉള്ളിലുള്ളത്. ഹിമയുഗത്തില്‍ അതിശൈത്യത്തില്‍നിന്നും രക്ഷപ്പെടാനായിരിയ്ക്കാം പുരാതനമനുഷ്യര്‍ ഇത്തരം ഗുഹകളുണ്ടാക്കിയിരുന്നതെന്ന് ന്യായമായും  ചിന്തിക്കാവുന്നതാണ്. എങ്കിലും ഇരുപതിനായിരത്തോളം ആളുകൾക്ക് പാർക്കാവുന്നത്രയും വലുപ്പത്തില്‍ പതിനൊന്നുനിലകളിലായി ഒരുക്കിയെടുത്തിട്ടുള്ള ഗുഹയിലെ  സുദൃഢവും സങ്കീർണ്ണവുമായ സുരക്ഷാസംവിധാനങ്ങള്‍ പരിശോധിക്കുമ്പോള്‍, ഭയപ്പെടുത്തുന്ന എന്തില്‍നിന്നോ ഒളിച്ചിരിക്കാനുള്ള വ്യഗ്രതയും അന്തേവാസികള്‍ക്കുണ്ടായിരുന്നില്ലേ എന്ന സംശയത്തിന്‍റെ നിഴലുകള്‍ കൂടി  ബാക്കിയാവുന്നുണ്ട്.   

പ്രവേശനകവാടങ്ങള്‍ അടയ്ക്കാനായി ഉപയോഗിച്ചിരുന്നത് പടുകൂറ്റന്‍ പാറകളാണ്. ഇതേ രീതിയിൽത്തന്നെയാണ് ഓരോ നിലകളും മറ്റുള്ള നിലകളില്‍ നിന്നും അടച്ച് ഭദ്രമാക്കിയിട്ടുള്ളതും. തച്ചുശാസ്ത്രത്തിലും പ്രാദേശിക ഭൂമിശാസ്ത്രത്തിലും അന്നത്തെ മനുഷ്യർക്കുണ്ടായിരുന്ന അസാമാന്യമായ നിപുണത ഗുഹക്കുള്ളില്‍ നിന്നും വ്യക്തമാണ്. ആ ഗുഹ എപ്പോള്‍, ആര്, നിർമ്മിച്ചു , ഉപയോഗിച്ചു എന്നതിനുള്ള തെളിവുകളൊന്നും നിലനില്ക്കു്ന്നില്ല. നൂറ്റാണ്ടുകളിലൂടെ വിവിധ സംസ്കാരങ്ങളിലൂടെ കടന്നുപോയ ഗുഹകളില്‍ പലയിടത്തും ദ്രവീകരണത്തിന്റെ ലക്ഷണങ്ങളുണ്ട്‌.”

ഞങ്ങള്‍ കയറിയ ഗുഹയിലെ ഓരോ ഭാഗങ്ങളെക്കുറിച്ചും മങ്ങിയ വെട്ടത്തില്‍ നിന്നുകൊണ്ട്  അലി  വിശദീകരിക്കുമ്പോഴെല്ലാം അതിനകത്ത്  ജീവിച്ചിരുന്ന മനുഷ്യരെപ്പറ്റിയും ആ പ്രാക്തനയുഗത്തെപ്പറ്റിയുമായിരുന്നു എന്‍റെ  ചിന്ത. കേട്ട കഥകളില്‍ നിന്നും കേള്‍ക്കാത്ത കഥകളിലേയ്ക്കുള്ള  ഏണിപ്പടികള്‍ പരതിപ്പോകാനുമുണ്ടല്ലോ ഒരു കൗതുകം !

“ടർക്കിയിലെ ഗ്രാമപ്രദേശമായ "ഗോപെക്ലി തെപ്പേ"യിലും സമാനപഴക്കമുള്ള ഭൌമാന്തർഗതമായ മറ്റൊരു ഗുഹയുണ്ട്. പക്ഷെ അത് രഹസ്യമായി മൂടപ്പെട്ട രീതിയിലാണ് ഉള്ളതെന്ന് മാത്രമല്ല, കൃഷിയുടെയോ കൃഷിയായുധങ്ങളുടേതോ ആയ യാതൊരു തെളിവുകളും അവിടെനിന്നും കണ്ടെത്താനായിട്ടില്ല. ആടിനെ മേയ്ക്കാന്‍ വന്ന ഒരു ഇടയ ബാലനാണ് 1994ല്‍  നീളന്‍ കല്ലില്‍ കൊത്തിയ ഒരു പ്രത്യേക ജീവിയുടെ ചിത്രം ആകസ്മികമായി കാണാനിടയായത്‌. അതിലൂടെ ചുരുളഴിഞ്ഞുകൊണ്ടിരിയ്ക്കുന്നത്  ഒളിപ്പിച്ചുവച്ചൊരു ഭൌമാന്തര്‍ഗുഹയുടെ നിഗൂഢമായ  കഥയും. മെസപ്പൊട്ടോമിയന്‍ സംസ്കാരത്തെക്കാള്‍ ഏറെ പഴക്കമുണ്ടെന്ന് ഊഹിക്കപ്പെടുന്ന ഇതിന്റെ് പശ്ചാത്തല ചരിത്രത്തെക്കുറിച്ച് പതിമൂന്ന് വർഷങ്ങളായി ജർമ്മന്‍ പുരാവസ്തുശാസ്ത്രവിഭാഗം പഠനം തുടരുന്നുണ്ടെങ്കിലും ഗുഹയുടെ വെറും അഞ്ചുശതമാനം മാത്രമാണ് ഇതുവരെ അനാവരണം ചെയ്യാന്‍ സാധിച്ചിട്ടുള്ളത് എന്നാണ് പറയുന്നത്.”

ഒന്നര മണിക്കൂര്‍ കഴിയുമ്പോഴേയ്ക്കും അലി  ഞങ്ങളെ  ജിജ്ഞാസയോടെ കഥ കേള്‍ക്കുന്ന ഒരു കൂട്ടം ആളുകളാക്കി മാറ്റിയിരുന്നു.  . ഇതിനിടയില്‍ ഗുഹക്കകത്ത്‌ അങ്ങുമിങ്ങും ഇരുന്ന് ചിത്രങ്ങള്‍ പകര്‍ത്തിത്തരാനും അലി മറന്നില്ല. 


പുറത്തെ തണുപ്പിലേക്ക് ഇറങ്ങി നടന്നപ്പോഴാണ് ഓർത്തത്, ഗുഹയ്ക്കുള്ളില്‍ സുഖകരമായ താപനിലയായിരുന്നു. കഥകളില്‍ മുഴുകിയുള്ള നടപ്പില്‍  ക്ലസ്ട്രോഫോബിയയും ശ്വാസംമുട്ടലും  എവിടെയോപോയൊളിച്ചിരുന്നു. 


എന്തിനായിരിക്കാം അവസാനം സൂചിപ്പിച്ച ആ ഗുഹ മൂടപ്പെട്ടിരുന്നത്? ആരിൽ നിന്നൊളിക്കാനും ഒളിപ്പിക്കാനുമായിരിയ്ക്കാം? ആരായിരുന്നിരിക്കാം അവിടെ താമസിച്ചിരുന്നത് ? ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക് പിടിതരാതെ ഭൗമാന്തര്‍ഗുഹകള്‍ ഒരു വിസ്മയമായി മനസ്സിൽ കിടന്നു.

5 അഭിപ്രായങ്ങൾ:

  1. കാപ്പഡിയോസയെ കുറിച്ച് ആദ്യമായി  അറിയുകയാണ് ...

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2022, ഏപ്രിൽ 26 8:06 PM

    ഇത്രയും ഗഹനമായി ഒന്നും ഞാൻ പഠിച്ചില്ല കേട്ടോ 😂👌🏻

    മറുപടിഇല്ലാതാക്കൂ
  3. ഗംഭീര വിവരണം. ഞാനും ആദ്യമായി കേട്ടതാണ്. ഊഷ്മളമായ പറഞ്ഞു. യഥാർത്ഥത്തിൽ അവിടെ എത്തിയതുപോലെ.

    മറുപടിഇല്ലാതാക്കൂ