2020, ജനുവരി 16, വ്യാഴാഴ്‌ച

വീണ്ടും വിളിക്കുന്ന ഇസ്താംബൂള്‍



ദേശങ്ങളും തിരികെ വിളിക്കും, ഓർമകളെപ്പോലെ. 2012 Dec 14 -ചരിത്രം ഒരേ സമയം ഉറങ്ങുകയും ഉണർന്നിരിക്കുകയും ചെയ്യുന്ന ഇസ്താംബൂളിലേക്ക് ആദ്യമായെത്തുന്നത് അന്നാണ്. ചരിത്രവേരുകള്‍ മുഴുവനായും തേടിപ്പിടിക്കണമെങ്കില്‍ ,മിനാരങ്ങളുടെ ഈ നാട്ടിലേക്ക് ഇനിയുമെത്രയോ യാത്രകള്‍ വേണ്ടിവന്നേക്കാമെന്ന് അന്നേ മനസ്സിലായിരുന്നു. എത്രകണ്ടാലും കണ്ടുതീരാത്ത  ഭൂമികയായ ടർക്കി, യൂറോപ്പ്- ഏഷ്യ എന്നീ രണ്ട് ഭൂഖണ്ഡങ്ങളിലായി പരന്നു കിടക്കുന്ന ലോകത്തിലെ ഒരേയൊരു രാജ്യമാണെന്ന് ഗൈഡ് പറഞ്ഞത് അത്ഭുതത്തോടെയാണ്‌ കേട്ടിരുന്നത്. അഞ്ചു ദിവസത്തെ പര്യടനം കഴിഞ്ഞ് തിരിച്ചുപോരുമ്പോള്‍ മനസില്‍ കുറിച്ചിട്ടിരുന്നു, "വരണം ഒരിക്കല്‍ കൂടി , മറ്റൊരു ഋതുവില്‍" എന്ന്. ഏഴു വർഷങ്ങൾക്കുശേഷം വീണ്ടും വിളിക്കുകയായിരുന്നു ഇസ്താംബൂൾ. കാലം ചിലതൊക്കെ നമുക്കു മുന്നില്‍ പുനര്‍ജ്ജനിപ്പിക്കുമെന്ന് വിശ്വാസമായത് ഈ രണ്ടാം വരവിലാണ്. 

വിമാനത്താവളത്തിനുള്ളിലൂടെ റോന്തുചുറ്റുന്ന പോലീസുകാരെ കണ്ടപ്പോള്‍ സുരക്ഷാസംവിധാനങ്ങള്‍ പഴയതിലും കൂടുതല്‍ ശക്തമായിട്ടുണ്ടല്ലോ എന്നോർത്തു. തോക്കേന്തിയ ചെറുപ്പക്കാരികളായ സുരക്ഷാഉദ്യോഗസ്ഥരെ ഒന്നുകൂടി തിരിഞ്ഞുനോക്കാതിരിക്കാനായില്ല. ആറടിയോളം ഉയരവും അത്രയ്ക്കും പ്രൌഡമായ നടത്തവും തലയെടുപ്പുമുള്ള യുവതികള്‍.! ടാക്സിക്കായി പുറത്ത് കടന്നപ്പോൾ പരിചിതമായ, സുഖകരമായ അതേ തണുപ്പ്! ടാക്സിയ്ക്കകത്ത് ക്രമീകരിച്ചു നിർത്തിയിരുന്ന ചൂടില്‍ തണുപ്പലിഞ്ഞുചേർന്നു. 

ടർക്കിയുടെ ഏഷ്യന്‍ഭാഗത്താണ് വിമാനത്താവളം. താമസത്തിനായെടുത്ത ഹോട്ടൽമുറി ഇസ്താംബൂളിന്റെ യൂറോപ്യന്‍ഭാഗത്തുള്ള ടക്സിം സ്ക്വയറിനടുത്തായതിനാല്‍ അറുപത് കിലോമീറ്ററിലധികം യാത്രചെയ്തു വേണം അവിടെയ്ക്കെത്താൻ. യാത്രാക്ഷീണം വകവയ്ക്കാതെ വഴിയരികുകളിലെ കാഴ്ചകളിലേക്ക് മിഴികൾ കൗതുകത്തോടെ നീണ്ടു. ശരത്കാലം ശിശിരത്തിനു വഴിമാറിയെങ്കിലും മരങ്ങൾക്ക് പൊഴിയ്ക്കാനായി ഇലകളിനിയും ബാക്കി വച്ചിട്ടുണ്ട്. കഴിഞ്ഞ വരവില്‍ വഴിയരികിലെല്ലാം ഒരിലപോലുമില്ലാതെ ഉണങ്ങിയ ശിഖരങ്ങളുമായി തപസ്സിലാണ്ട മരങ്ങളായിരുന്നു. അന്ന് ചെറുകാറ്റിനൊപ്പം ചാറ്റൽമഴയും ചിണുങ്ങി നിന്നിരുന്നതുകൊണ്ടാണ് തെരുവോരത്ത് കണ്ട കുടവില്പനക്കാരന്റെ കയ്യിൽനിന്നും ഒരു കുട വാങ്ങിയത്. മുപ്പത്തിനാലോളം ചെറുകമ്പികൾ വട്ടത്തിൽ പാകി, പതിനേഴുപാളികളുള്ള, അതുവരെ കണ്ടിട്ടില്ലാത്ത തരം വട്ടക്കുട. ഭംഗിയിൽ “ത” എഴുതിയപോലെ, പ്രത്യേകചന്തമുള്ള ആ കുട വർഷങ്ങളോളമാണ് കൊണ്ടുനടന്നത്. അപ്പോഴൊക്കെ കുടവിരിച്ച തണലില്‍ ഇസ്താംബൂളിനെക്കുറിച്ചുള്ള ഓർമ്മകൾ വീണ്ടുംവീണ്ടും വരച്ചിട്ടിരുന്നു. ഒടിഞ്ഞുതൂങ്ങിയ കമ്പികളുമായി നിവരാന്‍ പ്രയാസപ്പെടുന്ന കുടയെ അടുത്തകാലത്ത്‌ ഉപേക്ഷിച്ചത് സങ്കടത്തോടെയാണ്. 

ടാക്സിക്ക് വേഗത കൂടുതലുണ്ടോ?.കാഴ്ചകള്‍ മിന്നിമാഞ്ഞുപോകുന്നതെത്ര പെട്ടെന്നാണ്! അല്പനേരത്തേയ്ക്ക് കാറിന്റെ് ചില്ലുകള്‍ താഴ്ത്തിയിട്ടു. മഴ പെയ്തുതുടങ്ങിയിട്ടില്ല. മഞ്ഞിന്റെറ മണമുള്ള കാറ്റ് സ്വാഗതമരുളിക്കൊണ്ട് കവിളുകളെ തലോടി. തണുത്ത കാറ്റും നേരിയ മഞ്ഞുമാണ് എങ്ങും. ഋതുഭേദങ്ങളില്‍ വന്ന വ്യതിയാനം എല്ലാദേശങ്ങളിലുമെന്നപോലെ ഇസ്താംബൂളിലും എത്തിനോക്കിയിട്ടുണ്ടാവണം. 

മഞ്ഞുകാലത്തിന്റെ ചില്ലകളില്‍തൂങ്ങി വിടപറയാന്‍ മടിച്ചുനില്ക്കുന്നു ശരത്ക്കാലം. ചില മരങ്ങൾ ഇലപൊഴിച്ചുകൊണ്ടേയിരിക്കുന്നു, ഓറഞ്ചും മഞ്ഞയും കടുംചുവപ്പും നിറങ്ങളില്‍ ,പൂക്കള്‍ പോലെയുള്ള ഇലകൾ! എന്തൊരു സൗന്ദര്യമാണവയ്ക്ക്! എന്തൊരു സൗന്ദര്യമാണോരോ പൊഴിച്ചിലിനും. നേർത്ത മഞ്ഞുകാറ്റിൽ താളത്തിൽ ചുറ്റിത്തിരിഞ്ഞ്, നൃത്തച്ചുവടുകളോടെ ചിറകുവിരിക്കുന്നു മേപ്പിളിന്റെയും ബെർച്ചിന്റേയും മറ്റു മരങ്ങളുടേയും ഭംഗിയുള്ള പൂവിലകൾ!
ടാക്സി ഒരു വളവു തിരിഞ്ഞപ്പോൾ അത്ര അകലെയല്ലാതെ കിഴക്കേ ആകാശച്ചെരുവിൽനിന്നും കൊതിപ്പിയ്ക്കുന്ന ഓറഞ്ചുനിറത്തിൽ ഒരു മിന്നാട്ടം. അത്ഭുതത്തോടെ വീണ്ടും നോക്കുംമുമ്പേ അത് മറഞ്ഞുപോവുകയും ചെയ്തു. താഴ്വാരത്തിൽ മഞ്ഞും മേഘവും ഇടകലർന്ന് മേഞ്ഞുനടക്കുകയാണ്. അവ ഒന്നിച്ചുപാറി  സൂര്യനെ മറയ്ക്കാന്‍ മത്സരിക്കുന്നു. മലമടക്കുകളിലേയ്ക്ക് തോറ്റുപിൻവാങ്ങുന്ന സൂര്യൻ അല്പം കാത്തശേഷം വീണ്ടും തെളിയുന്നു. കുസൃതിയോടെയുള്ള ഒളിച്ചുകളി കണ്ടിരിയ്ക്കാന്‍ നല്ല രസം !.

ബാലസൂര്യന്റെ ഉദിച്ചുപൊങ്ങാനുള്ള തത്രപ്പാട് പിന്നെയും തുടർന്നു.വണ്ടി അടുത്തൊരു വളവ് തിരിഞ്ഞ് കിഴക്കോട്ട് നീങ്ങിയപ്പോൾ അതാ അവിടെ വീണ്ടും ഓറഞ്ചുതളിക.! കടുത്ത ഓറഞ്ചിൽ നിന്നും അല്പം സ്വർണ്ണമഞ്ഞയിലേക്ക് നിറംവാർന്നു തുടങ്ങിയ സൂര്യൻ മങ്ങിമങ്ങി പയ്യേ പ്രകാശിച്ച് പടർന്നു, മേഘങ്ങളുംമഞ്ഞും ഞാനും ഒന്നിച്ച് സൂര്യനു നേരെ കണ്ണുകളടച്ചു. 
മലകളും താഴ്വരകളും മരങ്ങളാല്‍ തിങ്ങിനിറഞ്ഞിരിക്കുന്നു. പഴങ്ങളുടെ സീസൺ അവസാനിച്ചുകൊണ്ടിക്കുന്നു. വഴിയോരങ്ങളിൽ ചിലയിടങ്ങളിൽ ഇലകളില്ലാത്ത മരങ്ങള്‍ ചുള്ളിക്കമ്പുകൾ പോലുള്ള ശാഖകൾ നീട്ടി നിശ്ചലമായി നിൽപ്പുണ്ട്.ശിശിരം അവയിലേക്ക് നേരത്തേ ചേക്കേറിയതാവാം. മാറിവരുന്ന ഋതുക്കളെ വരവേൽക്കാനുള്ള ഊർജ്ജം സംഭരിക്കാൻ അവ കാലേക്കൂട്ടി സുഷുപ്തിയിലാണ്ടതാവാം. 

ചിന്തകൾ കാടുകയറുന്നു. മഞ്ഞയിൽ ചുവപ്പുകലർന്ന ഇലകളിളക്കി മറ്റൊരു നിര മരങ്ങൾ കാഴ്ചയിലൂടെ പിന്നിലേക്ക് മറഞ്ഞു പോയി. മുക്കാല്‍മണിക്കൂറോളം നീണ്ടയാത്ര അവസാനിപ്പിച്ച് ഹോട്ടലിനുമുന്നിൽ വണ്ടി നിന്നു. 
രണ്ടുമൂന്നു ജീവനക്കാര്‍ അരികിലേക്ക് വന്ന് ആതിഥേയമര്യാദകളോടെ സ്വീകരിച്ചു. തുർക്കികൾക്ക് വിനോദസഞ്ചാരികളോടുള്ള ആദരവും അടുപ്പവും പണ്ടേ അറിയാവുന്നതായതിനാല്‍ അത്ഭുതം തോന്നിയില്ല. മുറിയിലെ ജനലഴികളേയും വിരിപ്പിനേയും മഞ്ഞ് നനുനനുപ്പായി പുണർന്നു കിടന്നിരുന്നു. 

പ്രഭാതകൃത്യങ്ങൾക്കും പ്രാതലിനും ശേഷം സായാഹ്നംവരെ നീളുന്നൊരു സവാരിയിലേയ്ക്കിറങ്ങി. മഞ്ഞുകാറ്റിന്റെ പരിലാളനമേല്ക്കാൻ തുടങ്ങിയപ്പോള്‍ പതുക്കെ കമ്പിളിക്കുപ്പായത്തിന്റെ ചൂടിനുള്ളിലേയ്ക്ക് വലിഞ്ഞു.
തെരുവോരങ്ങളില്‍ കണ്ട ഉന്തുവണ്ടികളില്‍ നിന്നും ചൂടുള്ള വറുത്ത ചെസ്റ്റ്നട്ടുകള്‍ (chestnut) പൊതിഞ്ഞുവാങ്ങി കൊറിച്ചുകൊണ്ട് ടക്സിം സ്ക്വയറിലേക്ക് നടന്നു.


1 അഭിപ്രായം:

  1. ചരിത്രം ഒരേ സമയം ഉറങ്ങുകയും
    ഉണർന്നിരിക്കുകയും ചെയ്‌യുന്ന മനോഹരമായ
    ഇസ്താംബൂളിനെ കുറിച്ചുള്ള   അസ്സലായ സഞ്ചാര കാഴ്ച്ചകൾ ...

    മറുപടിഇല്ലാതാക്കൂ