2018, നവംബർ 2, വെള്ളിയാഴ്‌ച

പാവങ്ങളുടെ സ്വിറ്റ്സര്‍ലന്‍ഡ് -ജോര്‍ജിയ



തുഷാരഹാരത്താൽ അലംകൃതമായ മാമലകളെ ആലിംഗനം ചെയ്തുകിടക്കുന്ന മനോജ്ഞതീരം! ഭൂമിയിൽ നിന്നും പൊന്തിവന്ന കൊച്ചു സ്വര്‍ഗ്ഗം ! “നിലം ഉഴുതുമറിക്കുന്നവന്‍” എന്നര്‍ത്ഥമാക്കുന്ന ഗ്രീക്ക് വാക്കായ ജോര്‍ജോസില്‍ നിന്നുമുത്ഭവിച്ച കര്‍ഷകഭൂമി! ഗൂര്‍ഗന്‍ എന്ന പേര്‍ഷ്യന്‍ വാക്കിന്‍റെ പിന്‍ബലമുള്ള “ലാന്‍ഡ്‌ ഓഫ് വൂള്‍ഫ്”!. പരമ്പരാഗതനിഷ്ഠകളുള്ള, സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള , ഒട്ടനവധി പള്ളികളുടെ ചൊല്‍ക്കൊണ്ട നാട്! വടക്കുനിന്നും ഉള്‍പ്പൂകാനെത്തുന്ന കൊടുംശൈത്യത്തെയുംതെക്കുനിന്ന് വീശിയടുക്കുന്ന വരണ്ട ഉഷ്ണക്കാറ്റിനേയും പ്രതിരോധിച്ച്, സന്തുലിതമായ കാലാവസ്ഥ നിലനിര്‍ത്തിക്കൊണ്ട് രാജ്യത്തെ സംരക്ഷിക്കുന്ന കോക്കസ്സസ് മലനിരകള്‍അതിരിടുന്ന, വൈവിധ്യമാര്‍ന്നതും സമൃദ്ധവുമായ ഈ ഭൂപ്രദേശം കരിങ്കടലിനും കാസ്പിയന്‍ കടലിനുമിടയില്‍ ആലസ്യത്തിലാണ് !



റഷ്യക്കുമുന്നില്‍ കാലങ്ങളോളം മുട്ടുകുത്തിനില്‍ക്കേണ്ടിവന്നിട്ടും, മുപ്പതിലേറെ തവണകള്‍ നാനാവിധത്തിലുള്ള ആക്രമണങ്ങള്‍ക്ക് വിധേയപ്പെട്ടിട്ടും വീര്യംചോരാതെ,മുറിവുകള്‍ തുന്നിക്കെട്ടി അടിപതറാതെ മുന്നേറിക്കൊണ്ടിരിക്കുന്ന രാജ്യം ! കേട്ടറിവിനാല്‍ പലതവണ ഭ്രമിപ്പിച്ച സ്ഥലമാണ് പാവങ്ങളുടെ സ്വിറ്റ്സര്‍ലാന്‍ഡ് എന്നുകൂടി അറിയപ്പെടുന്ന ജോര്‍ജിയ!


മഞ്ഞുമലകളിലൂടെ തെന്നിമറിഞ്ഞു കളിക്കാമെന്ന മോഹം തല്‍ക്കാലത്തേയ്ക്ക് മാറ്റിവച്ചുകൊണ്ടാണ് ഗ്രീഷ്മത്തിനൊടുവില്‍, ശരത്കാലം വരവറിയിക്കും മുന്‍പേ പുറപ്പെട്ടത്.
പുലര്‍ച്ചെ രണ്ടുമണിയ്ക്ക് തിബിലിസി അന്താരാഷ്‌ട്രവിമാനത്താവളത്തിന്‍റെ പുറത്തേയ്ക്കിറങ്ങുമ്പോള്‍ ഗൈഡുകളുടെയും ഡ്രൈവര്‍മാരുടേയും തിരക്കുണ്ടായിരുന്നു. ആശയവിനിമയത്തിനായുള്ള ആദ്യശ്രമത്തില്‍ ബോധ്യപ്പെട്ടത്, ഇവരില്‍ ഇങ്ക്ലീഷ്ഭാഷ സംസാരിക്കാനറിയുന്നവര്‍ കുറവാണെന്നും ഇവിടത്തെ ജനതയ്ക്ക് തനതായ ഭാഷയുണ്ടെന്നുമുള്ള വസ്തുതയാണ്. എങ്കിലും ഗൈഡായി നിയോഗിക്കപ്പെട്ട പെണ്‍കുട്ടി നല്ല ഒഴുക്കുള്ള ഇങ്ക്ലീഷില്‍ത്തന്നെയാണ് സംസാരിച്ചത്.
മലകളില്‍ നിന്നുള്ള പുലരിക്കാറ്റു വീശിക്കൊണ്ടിരിക്കവേ തലസ്ഥാനനഗരിയായ ടിബിലിസ്സിലേക്ക് പോകാനുള്ള വണ്ടിവന്നു. മുറിയിലെത്തിയതും യാത്രാക്ഷീണത്താല്‍പിറ്റേന്ന് വെയിലുദിക്കുവോളം ഉറങ്ങിപ്പോയി.



ആദ്യദിവസം മെട്രോസൗകര്യം ഉപയോഗപ്പെടുത്തി ടിബിലിസിയിലും പരിസരത്തും ചുറ്റിക്കറങ്ങാന്‍ തീരുമാനിച്ചു. ഭൂഗര്‍ഭത്തിലുള്ള സ്റ്റേഷനിലേയ്ക്ക് കുത്തനെ ഇറങ്ങുന്നഎസ്കലേറ്റര്‍ അല്പം അസ്വസ്ഥതയുണ്ടാക്കി.


തിബിലിസി

മട്കവാരി നദീതീരത്തുള്ള തിബിലിസിയുടെ നഗരവീഥികളില്‍ ഉച്ചനേരത്തും തിരക്കുണ്ടായിരുന്നു. റഷ്യ, ടര്‍ക്കി, അര്‍മേനിയ അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങള്‍ അതിരിടുന്ന ജോര്‍ജിയക്ക്‌, യൂറോപ്പിന്റെയും ഏഷ്യയുടെയും ,സമ്മിശ്രമുഖഛായയാണുള്ളത്. പലരാജ്യങ്ങളില്‍നിന്നുള്ള മനുഷ്യരിവിടെ ഇടകലര്‍ന്ന് സൗഹാര്‍ദ്ദത്തോടെ ജീവിക്കുന്നു. പഴയകെട്ടിടങ്ങളും കല്ലുവിരിച്ച വഴികളും യൂറോപ്പിലേതു പോലെ. കെട്ടിടങ്ങളുടെ മുറ്റത്ത്‌ തണല്‍പാകുന്ന പന്തലുകളില്‍ മുന്തിരിക്കുലകള്‍ വിളഞ്ഞു പഴുത്തുകിടന്നിരുന്നു.


തെരുവോരങ്ങളില്‍ ,ജ്യൂസുണ്ടാക്കുന്ന മെഷീനുകളുമായി കൊച്ചു കടകള്‍ സുലഭമായുണ്ട്. മാതളം, മൂസംബി, ആപ്പിള്‍, ചക്കരമത്തന്‍ , ചെറുനാരങ്ങ എന്നിവയുടെ ഫ്രഷ്‌ ജ്യൂസ്! ഒരു ജ്യൂസിന് അഞ്ചു “ലാറി”. ( ജോര്‍ജിയന്‍ കറന്‍സി) ഒരു ഗ്ലാസ്‌ മാതളനീരു വാങ്ങിക്കുടിച്ചു. കടുംചുവപ്പ് നിറം. നല്ല ചവര്‍പ്പും, അതിലേറെ രുചിയും.
അലങ്കാരവസ്തുപോലെ കടകളില്‍ തൂക്കിയിട്ടിരിക്കുന്ന ചോര്‍ച്ഹേല ( Church Khela) എന്ന ജോര്‍ജിയന്‍ സ്വീറ്റ്, ആദ്യമായി കാണുന്നവരില്‍ കൗതുകം ജനിപ്പിക്കും. വോള്‍നട്ടും ഹേസല്‍നട്ടും കട്ടിയുള്ള മേപ്പിള്‍പാനിയിലോ മുന്തിരിച്ചാറിലോ മുക്കി, കോര്‍ത്തെടുത്ത് ഉണക്കിയുണ്ടാക്കുന്ന പലനിറങ്ങളിലുള്ള പ്രത്യേകതരം മധുരപലഹാരമാണത്.



വഴിയോരത്തുകൂടി കാഴ്ചകള്‍ കണ്ടുനടക്കുന്നതിനിടയിലാണ് ഒരു ജോര്‍ജിയന്‍ സുന്ദരി ബോട്ടുയാത്രയ്ക്ക് ക്ഷണിച്ചത്. അല്‍പനേരം നദിക്കരയിലെ തണലില്‍ മുന്തിരിവീഞ്ഞും വോട്ക്കയും നല്‍കി അവര്‍ ഞങ്ങളെ സല്‍ക്കരിച്ചിരുത്തി. മട്കവാരിനദിയിലൂടെ ഇളംവെയിലേറ്റുകൊണ്ടുള്ള ബോട്ടുയാത്ര രസകരമായിരുന്നു. ഇരുകരകളിലും,പഴയതും പുതിയതുമായ കെട്ടിടങ്ങളും പാര്‍ലിമെന്റും പ്രസിഡന്‍റ്സ് ഹൗസും പുഴയ്ക്കു കാവലെന്നോണം നില്പുണ്ട്. നദിയ്ക്ക് കുറുകേ , കാല്‍നടയ്ക്കായി മാത്രം കെട്ടിയ സമാധാനത്തിന്‍റെ പാലത്തിലൂടെ (bridge of peace) ആളുകള്‍ പതുക്കെ നടന്നുനീങ്ങുന്നുണ്ടായിരുന്നു.





ബോട്ടുയാത്ര കഴിഞ്ഞപ്പോഴേയ്ക്കും വിശപ്പിന്‍റെവിളി ശക്തമായി. തീരത്തുള്ള ജോര്‍ജിയന്‍ റെസ്റ്റോറന്റിനു മുന്നില്‍ നിരത്തിയിട്ട കസേരകളില്‍ ഇടംപിടിച്ച് തെരുവോരക്കാഴ്ചകള്‍ക്കൊപ്പം പരമ്പരാഗതമായ ജോര്‍ജിയന്‍ ഭക്ഷണം ആസ്വദിച്ചിരുന്നു.പൊതുവീഥികളിലൂടെ ജനം അലസമായും തിരക്കിട്ടും ഒഴുകിക്കൊണ്ടിരുന്നു.നായയുടെയും ചെന്നായയുടെയും കലര്‍പ്പുള്ള നായ്ക്കള്‍ മനുഷ്യര്‍ക്കിടയിലൂടെ സ്വതന്ത്രരായി നടക്കുന്നുണ്ട്. യജമാനന്മാര്‍ എവിടെയോ ഉണ്ടായിരിയ്ക്കണം. ലൈസെന്‍സുള്ള നായ്ക്കളാണെന്ന്അവയുടെ ചെവിയില്‍ ഘടിപ്പിച്ചിരിയ്ക്കുന്ന ടാഗ്‌ കണ്ടപ്പോള്‍ മനസ്സിലായി. വുള്‍ഫ് ക്രോസ്സ് നായകള്‍ ഇവിടെ സാധാരണ കാഴ്ചയാണെന്ന് പിന്നീടുള്ള ദിവസങ്ങളില്‍ വ്യക്തമായി.


നിറംവാര്‍ന്ന ചുമരുകള്‍! പുരാതനമായ കെട്ടിടങ്ങള്‍! ഓള്‍ഡ്‌ ടിബിലിസിയ്ക്ക് മങ്ങിയ ഭാവമാണ്. കുന്നിന്‍റെ മുകളിലാണ് നരിക്കലക്കോട്ടയും അതിനോടുചേര്‍ന്ന പള്ളിയും. റോപ് വേയിലൂടെ മുകളിലെത്തിയാല്‍ ഇടതുകയ്യില്‍ മുന്തിരിവൈനും വലതുകയ്യില്‍ വാളുമേന്തിനില്‍ക്കുന്ന മദര്‍ ഓഫ് ജോര്‍ജിയയുടെ വലിയ പ്രതിമയ്ക്കടുത്തെത്താം. താഴെ തട്ടുകളായി തിരിച്ച വിശാലമായ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍.. കുറച്ചധികം പടികളിറങ്ങണം. നടത്തത്തിനിടയില്‍ വഴിയില്‍നിന്നും വാങ്ങിയ ആപ്പിളെടുത്ത് കടിച്ചു. പിങ്ക് നിറത്തിലുള്ള മധുരമുള്ള ആപ്പിള്‍. ഇവിടത്തെ ആപ്പിളിനുമുണ്ട് പ്രത്യേകമായ രുചി.


ടിബിലിസിയിലെ സള്‍ഫര്‍ബാത്ത് പാര്‍ലറുകള്‍ പ്രസിദ്ധമാണ്. ഔഷധഗുണമുള്ള വെള്ളത്തിലുള്ള തിരുമ്മിക്കുളി കഴിഞ്ഞാല്‍ ചര്‍മ്മസംബന്ധമായ പല അസുഖങ്ങളും മാറും എന്നാണ് പറയപ്പെടുന്നത്‌. ജോര്‍ജിയന്‍ ഭാഷയില്‍ ടിബിലിസി എന്ന വാക്കിന് “warm spring” എന്നാണ് അര്‍ത്ഥം. രസകരമായ ഒരു കഥയുണ്ട് ഇതിന് പിന്നില്‍. ആയിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ജോര്‍ജിയന്‍ രാജാവ് മട്കവാരി നദീതീരത്തുള്ള കാട്ടില്‍ വേട്ടയാടിക്കൊണ്ടിരിക്കവേ മുറിവേറ്റൊരു കൊറ്റി അരുവിയില്‍വീഴുകയും ഇളംചൂടുള്ള വെള്ളത്തില്‍ മുങ്ങിപ്പൊങ്ങി പെട്ടെന്നുതന്നെ സുഖംപ്രാപിച്ച് പറന്നുപോകുകയും ചെയ്തുപോലും !. വെള്ളത്തിന്‍റെ അത്ഭുതശക്തി മനസ്സിലായ രാജാവ് ഈ സ്ഥലത്തിന് ടിബിലിസ് എന്ന് നാമകരണം ചെയ്തുവെന്നും കാലക്രമേണ അത് സള്‍ഫര്‍ബാത്തിന്റെ കേന്ദ്രമായി മാറി എന്നുമാണ് പഴങ്കഥ.


രാത്രി മുറിയിലേക്കുള്ള മടക്കയാത്രയില്‍, വഴിയോരത്തെ വില്‍പ്പനക്കാരില്‍ നിന്നും തുടുത്ത പീച്ചുപഴങ്ങളും മധുരമുള്ള മുന്തിരിക്കുലകളും വാങ്ങി.
പിറ്റേന്ന് പ്രശാന്തസുന്ദരപുലരിയിലേയ്ക്കുണരുമ്പോള്‍ അന്നേദിവസം പോകാനുള്ള സ്ഥലങ്ങളെക്കുറിച്ചായിരുന്നു ചിന്ത.



അന്നാനൂറി

തലസ്ഥാനത്തു നിന്ന് എഴുപതുകിലോമീറ്റര്‍ യാത്ര ചെയ്‌താല്‍, “അന്നാനൂറി”യായി. ഇവിടെയാണ്‌ പച്ചപ്പുതപ്പിട്ട കോക്കസസ് മലകളുടെ താഴ്വാരത്തില്‍ “അരാഗ്വി“(Aragvi)നദിക്കരയില്‍ ഉയര്‍ന്നു നില്‍ക്കുന്ന കോട്ടസമുച്ചയം (architectural complex) . പതിനേഴാംനൂറ്റാണ്ടിലേതെന്നുപറയപ്പെടുന്ന രണ്ടുപള്ളികളും ചതുരത്തിലും വൃത്താകൃതിയിലും നിര്‍മിച്ചിട്ടുള്ള രണ്ടു കാവല്‍കോട്ടകളുമടങ്ങുന്ന സമുച്ചയം.
പ്രധാനമായും ചെമ്മിരിയാടിന്റെ രോമം കൊണ്ടുണ്ടാക്കിയ പലതരം കമ്പിളിപ്പുതപ്പുകളും പരമ്പരാഗത വസ്തുക്കളുടെ മാതൃകകളും വില്‍പ്പനയ്ക്ക് വച്ചിട്ടുള്ള സ്റ്റാളുകളുടെ നിര കഴിഞ്ഞ് , അല്പം താഴേക്കിറങ്ങിയാണ് പള്ളികള്‍. ഒന്നിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും രണ്ടാമത്തേത് നന്നായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. അസംഷന്‍ചര്‍ച്ചിന്റെ പുറംചുമരുകള്‍ കൊത്തുപണികളാല്‍ അലംകൃതമാണ് . തെക്കുവശത്തെ ചുമരിലാണ് പ്രസിദ്ധമായ ഗ്രേപ് വൈന്‍ക്രോസ് കൊത്തിവച്ചിട്ടുള്ളത്. ഉള്‍ച്ചുമരില്‍കരവിരുതില്‍ മെനഞ്ഞ വമ്പന്‍കുരിശ്. പതിനെട്ടാം നൂറ്റാണ്ടിലുണ്ടായ വലിയ തീപിടുത്തത്തില്‍ നാശത്തിന്റെ വക്കിലെത്തിയ പലതും പുനരുദ്ധരിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. വിനോദസഞ്ചാരികളെ കൂടാതെ, തദ്ദേശവാസികളും അള്‍ത്താരയില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിയ്ക്കുന്നവരിലുണ്ടായിരുന്നു.
പള്ളിയ്ക്കു മുന്നില്‍ ജോര്‍ജിയയുടെ ദേശീയവസ്ത്രമണിഞ്ഞ് ഫോട്ടോകളെടുക്കാനുള്ള സജ്ജീകരണമൊരുക്കിയിട്ടുണ്ട്. ഓരോന്നിനും അഞ്ചും പാത്തും ലാറി വീതമാണ് ഈടാക്കുന്നത്.






കസ്ബേഗി മലകള്‍

അന്നനൂറിയില്‍നിന്നും ഗുദൗരിയിലേക്കുള്ള സഞ്ചാരവീഥിയില്‍ മലകളും താഴ്വാരങ്ങളും ചിലമ്പിക്കൊണ്ടൊഴുകുന്ന നദിയും ചേര്‍ന്നൊരുക്കുന്ന നയനാഭിരാമമായ കാഴ്ച മണിക്കൂറുകളോളം കൂടെപോന്നിരുന്നു.
ഇരുവശങ്ങളിലും അണിനിരക്കുന്ന പൂക്കളും പഴങ്ങളും തിങ്ങിയ മരങ്ങളും മലയോരത്തിലൂടെ ഒഴുകുന്ന നദിയുടെ ചിലമ്പലും അത്രമേല്‍ ഹൃദയത്തെ തൊടുന്നതാണ്. പഞ്ഞിക്കെട്ടുപോലെ പുല്‍മേടുകളിലൂടെ ഒഴുകുന്നത് വെണ്മേഘക്കൂട്ടങ്ങളല്ലേയെന്ന് സംശയിച്ച് സൂക്ഷിച്ചു നോക്കുമ്പോഴാണ് താഴ്വാരങ്ങളില്‍ മന്ദംമന്ദം പുല്ലുമേഞ്ഞു നടക്കുന്ന വെളുത്ത ചെമ്മിരിയാട്ടിന്‍പറ്റങ്ങളെ കാണാനാവുക.





ശിശിരത്തില്‍ ആ മലകളെല്ലാം മഞ്ഞുതൊപ്പിയണിയുമെന്നും അപ്പോള്‍ സ്കീയിങ്ങിനായി വരുന്ന വിനോദസഞ്ചാരികളുടെ തിരക്കാവുമെന്നും ഗൈഡ് പറഞ്ഞു.മലകളായ മലകളെയൊക്കെയും താഴ്വാരമാകുന്ന താഴ്വാരങ്ങളെയൊക്കെയും നിശ്ചലമാക്കിക്കൊണ്ട് മഞ്ഞുകാലമെത്തുമ്പോള്‍ ആ പ്രദേശത്തിനുണ്ടാകുന്ന മാറ്റം ഭാവനയിലെത്തി. ഹിമപാളികളില്‍ നിലാവുപൊഴിയ്ക്കുന്ന രാത്രികള്‍ക്ക് എന്തൊരു മാസ്മരികതയായിരിയ്ക്കും.! തൂമഞ്ഞിന്‍റെ കണമുതിര്‍ക്കുന്ന മരച്ചില്ലകളെ സ്പര്‍ശിച്ചു കടന്നുപോകുന്ന ഹിമക്കാറ്റെത്ര മൃദുവായിരിയ്ക്കും !
ചിന്തകള്‍ ലഹരിപിടിച്ച് കാടുകയറും മുന്‍പ് കസ്ബേഗി മലനിരകളുടെ നെറുകയിലെത്തിയിരുന്നു. കടല്‍നിരപ്പില്‍ നിന്നും 5047 മീറ്റര്‍ ഉയരത്തിലുള്ള കസ്ബേഗിമലകള്‍ക്ക് ജോര്‍ജിയയില്‍ മൂന്നാംസ്ഥാനമാണ്. വണ്ടിയില്‍ നിന്നും ഇറങ്ങിയപ്പോള്‍ ആരവത്തോടെ വീശിയ ശീതക്കാറ്റിന്‍റെ സുഗന്ധം സിരകളെ മയക്കി. ഉജ്ജ്വലമായ മലമടക്കുകളിലൂടെ ഒഴുകിവരുന്ന അരുവിയുടെ മോഹനസൗന്ദര്യത്തില്‍ ഹൃദയംനിലച്ചേക്കുമോയെന്ന് തോന്നി. ആശ്ചര്യം ജനിപ്പിക്കുംവിധം ഇരമ്പിയും കിതച്ചും മലമുകളില്‍നിന്നും താഴേത്തട്ടുകളിലേക്ക് ഒഴുകിവീഴുന്ന വെള്ളം കണ്ണീരിനേക്കാള്‍ തെളിമയാര്‍ന്നതും പരിശുദ്ധവുമാണ്.
കാലങ്ങളായി വെള്ളമൊഴുകിക്കൊണ്ടിരിയ്ക്കുന്ന ആ പാറകളില്‍ ഒട്ടും വഴുക്കലില്ലാതെ,എങ്ങനെ ചവിട്ടിനടക്കാനാവുന്നുവെന്ന് അത്ഭുതപ്പെടുമ്പോള്‍ ഗൈഡ് പറഞ്ഞു, “ ഈ കാണുന്നതൊക്കെയും 
സാന്‍റ് സ്റ്റോണാണ് , (sand stone) മാത്രമല്ല, ഒഴുകിവരുന്ന വെള്ളത്തില്‍ അയഡിന്‍, കാത്സ്യം , അയേണ്‍ , കാര്‍ബണ്‍ എന്നിവയടങ്ങിയിട്ടുമുണ്ട്. തീരെ വഴുക്കലില്ലാത്തതിനു കാരണമതാണ്” . മുഖം കഴുകിയും കാലുകള്‍ നനച്ചും ഒഴുക്കിലൂടെ നടക്കുന്നതിനിടയില്‍, മലയിടുക്കിലൂടെ ചീറ്റിത്തെറിക്കുന്ന ജലം കൈക്കുമ്പിളില്‍ ശേഖരിച്ച് കുടിച്ചു. വര്‍ണ്ണനാതീതമെന്നുവേണം ആ അനുഭവത്തെ വിശേഷിപ്പിയ്ക്കാന്‍! അത്രമേല്‍ തണുപ്പും പരിശുദ്ധിയുമുള്ള ജലം, അതിലേറെ നിര്‍വൃതിയും !





റോഡ്‌ മുറിച്ച് അപ്പുറത്തേയ്ക്ക് കടന്നാല്‍ തേനും പഴങ്ങളും ചോര്‍ച്ഹേലയും കമ്പിളിപ്പുതപ്പുകളും വില്‍ക്കാന്‍വച്ചിട്ടുള്ള കടകളാണ്. “ശുദ്ധമായ മലന്തേനാണ്. ഏറെ ഔഷധഗുണമുണ്ട്. വിശ്വസിച്ചു വാങ്ങിക്കോളൂ” ഒരു തേന്‍തവി കയ്യിലൊഴിച്ചു തന്നിട്ട് വില്‍പ്പനക്കാരന്‍ പറഞ്ഞു. അതെ, കാട്ടുതേനിന്റെ തനതായ സ്വാദ് !
പഴക്കടയില്‍നിന്നും കറുപ്പ്, ചുവപ്പ്, നീല എന്നീ നിറങ്ങളിലുള്ള ഫ്രഷ്‌ ബ്ലാക്ക് ബെറിയും , റാസ്പ്ബെറിയും,ബ്ലൂ ബെറിയും വാങ്ങിക്കഴിച്ചു. മഞ്ഞിന്‍കണമിറ്റുന്ന സ്വാദേറും പഴങ്ങള്‍!


താഴ്വാരത്തിലെവിടെയോ ഒരു മഞ്ഞുഗ്രാമമുണ്ട്. തിരിച്ചുപോകുന്ന വഴിയില്‍ പലയിടങ്ങളിലും വെള്ളച്ചാട്ടങ്ങളും കണ്ടു. വഴിയോരങ്ങളില്‍ പഴങ്ങളുടെ ഭാരം ചായ്ച്ച ചില്ലകളുമായി തൊഴുതുനില്‍ക്കുന്ന പലതരം മരങ്ങള്‍. ആപ്രിക്കോട്ട് , പീച്ച്, ബെറികള്‍, ആപ്പിള്‍, മുന്തിരി, പ്ലം, എന്നിവ നിറഞ്ഞുവിളഞ്ഞുകിടക്കുന്ന കൊതിപ്പിക്കുന്ന കാഴ്ചകള്‍വിസ്മയത്തോടെയാണ് നോക്കിയിരുന്നത്.


ഹോളി ട്രിനിറ്റി ചര്‍ച്ച്

കസ്ബേഗി മലകള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന മറ്റൊരു കൌതുകമാണ് ചരിത്ര പ്രധാനമുള്ള “ദി ഹോളി ട്രിനിറ്റി ചര്‍ച്ച്”. ട്രെക്കിങ്ങിന് താല്പര്യമുള്ളവര്‍ ഒന്നര-രണ്ടു മണിക്കൂര്‍ കൊണ്ട് കുന്നും കുഴിയും കല്ലുകളും നിറഞ്ഞ വഴി നടന്നാണ് പള്ളി സന്ദര്‍ശിക്കാനെത്തുന്നത്. ജീപ്പിലിരുന്ന് കുത്തിക്കുലുങ്ങി അര മണിക്കൂര്‍ കൊണ്ട് കയറ്റം പിന്നിടുമ്പോള്‍ ചിന്തിച്ച കാര്യം മറ്റൊന്നാണ്, ദൈവങ്ങളെല്ലാം ഈ ദുര്‍ഘടം പിടിച്ച വഴികളും താണ്ടി ഇത്ര ഉയരങ്ങളില്‍ ചെന്നിരിക്കുന്നത് എന്തിനായിരിയ്ക്കാം ?. മനുഷ്യര്‍എത്തിപ്പെടാതിരിയ്ക്കാനോ അതോ, അത്രയും ഓജ്ജസ്സും മനോവീര്യവും ഉള്ളവര്‍മാത്രം ദൈവത്തിനരികില്‍ ചെന്നെത്തിയാല്‍ മതിയെന്നോ !




പതിനാലാം നൂറ്റാണ്ടില്‍ പണികഴിച്ച പള്ളി ഇന്നേവരെ നവീകരണ പ്രക്രിയയ്ക്ക് വിധേയമായിട്ടില്ലെന്നതും ഏഴു നൂറ്റാണ്ടുകള്‍ക്കുശേഷവും അത് കേടുപാടുകള്‍ കൂടാതെ അതിജീവിക്കുന്നു എന്നുള്ളതും തികച്ചും അതിശയകരമാണ്. യുദ്ധകാലങ്ങളില്‍ രാജ്യത്തിന്‍റെ വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിച്ചുവച്ചിരുന്നത് ഈ പള്ളിയ്ക്കകത്തായിരുന്നു എന്ന് ചരിത്രം സൂചിപ്പിക്കുന്നു.
പ്രവേശനകവാടത്തിനരികില്‍ ഭിക്ഷയ്ക്കായി കൈനീട്ടിയിരിയ്ക്കുന്ന ഗ്രാമവാസിസ്ത്രീകളെ കണ്ടപ്പോള്‍ വളരെയധികം പ്രയാസം തോന്നി.
പള്ളിയ്ക്കുള്ളില്‍ കുറഞ്ഞതല്ലാത്ത തിരക്കുണ്ടായിരുന്നു. താഴ്വാരഗ്രാമത്തിലെ ജനങ്ങളും ഈ ദേവാലയത്തില്‍ ആരാധനയ്ക്കായെത്തുന്നവരിലുണ്ട് എന്നതും ഒരു കാരണമാവാം. അള്‍ത്താരയ്ക്കു സമീപം കറുത്തവസ്ത്രം ധരിച്ചുനിന്നിരുന്ന ആറടിയോളം പൊക്കം വരുന്ന അച്ചന് ഒരു നിഗൂഢഭാവമില്ലേ ! എന്തോ, അങ്ങനെ തോന്നി. ചിരിയുടെ ചെറിയ അടയാളം പോലുമില്ലാത്ത മുഖം. ആത്മീയമായ ആ അന്തരീക്ഷത്തില്‍ ലയിച്ച് മൗനപ്രാര്‍ത്ഥനയോടെ മെഴുകുതിരി കത്തിച്ചുവച്ച് പുറത്തിറങ്ങി.


നിസ്സര്‍ഗ്ഗസുന്ദരമായ ചുറ്റുപാട്. റോസാപ്പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന പാതയോരങ്ങള്‍, മലഞ്ചെരിവുകളില്‍ കാറ്റിലുലയുന്ന ഒലീവ് മരങ്ങള്‍. ദൂരെ , പച്ചതാഴ്വാരത്തില്‍നിശബ്ദശയനത്തിലാണ്ട ചാരുഗ്രാമം. മേടുകളില്‍ മേഞ്ഞു നടക്കുന്ന വെളുത്ത ആട്ടിന്‍പറ്റങ്ങള്‍. കുന്നിറങ്ങി തിരിച്ചു പോരുമ്പോഴും കറുത്ത വസ്ത്രം ധരിച്ച അച്ചന്‍റെമുഖമായിരുന്നു മനസ്സില്‍.


സന്ധ്യമയങ്ങിത്തുടങ്ങിയപ്പോള്‍ പാരാഗ്ലൈഡിംങ്ങിനു പോകാന്‍ താല്പര്യമുണ്ടോ എന്ന് ഗൈഡ് അന്വേഷിച്ചു. കേട്ടപ്പോള്‍ത്തന്നെ ഉള്‍ത്തീപോലെ ഭയം പുറത്തേയ്ക്ക് തലനീട്ടി. മലകള്‍ക്കിടയിലൂടെ, താഴ്വാരത്തിനുമീതെ , മഴവില്ലുപോലെ വളഞ്ഞ വര്‍ണ്ണപ്പീലിക്കുടകള്‍ക്കുള്ളില്‍ തൂങ്ങി കാറ്റിലൂയലാടുന്ന മനുഷ്യപ്പൊട്ടുകളെ ആരാധനയോടെ നോക്കിയിരുന്നതേയുള്ളൂ.

ഇരുട്ടാവുമ്പോഴേക്കും ജോര്‍ജിയന്‍ മിലിട്ടറി ഹൈവേക്കും ജുവാരി പാസ്സിനും ഇടയിലുള്ള റഷ്യ ജോര്‍ജിയ സൗഹൃദസ്മാരകത്തിനടുത്തെത്തി. ഉള്ളിലേക്ക് കടന്നാല്‍ ജോര്‍ജിയയുടെയും റഷ്യയുടെയും ചരിത്രം വരച്ചു കാണിക്കുന്ന നീണ്ട ചുമര്‍ ചിത്രങ്ങളാണ്.





അത്താഴത്തിന് ജോര്‍ജിയന്‍ വിഭവങ്ങളായ കച്ചാപ്പൂരിയും സുല്‍ഗുനിയും കഴിച്ചു. കുഴച്ചു പരത്തിയ മാവിനകത്ത്, ഉപ്പുരസം മുന്നില്‍ നില്‍ക്കുന്ന പലതരം ചീസ് ചേര്‍ത്ത പരമ്പരാഗതമായ അടുപ്പില്‍ പൊത്തിവച്ച് ചുട്ടെടുത്ത് ഒടുവിലായി മുട്ട പൊട്ടിച്ചൊഴിച്ച് ഉണ്ടാക്കുന്ന ഭക്ഷണമാണ് കച്ചാപൂരി. സുല്‍ഗുനിയും ഒരു ചീസ് വിഭവം തന്നെ. അറുപതിലധികംതരം ചീസുകള്‍ വില്‍ക്കുന്ന ഒരു കടയില്‍ നിന്നാണ് അവ വാങ്ങിയത്. ഭാരപ്പെട്ട ഭക്ഷണത്തിനോടൊപ്പം ക്ഷീണവും കൂടിയായപ്പോള്‍ പെട്ടെന്നുറങ്ങിപ്പോയി.


ജുവാരി –ഹോളി ക്രോസ്സ് ചര്‍ച്ച്


ചരിത്രമുറങ്ങുന്ന, വാസ്തുവിദ്യയുടെ അത്ഭുതങ്ങള്‍ ഒളിച്ചുകിടക്കുന്നിടം തേടി പിറ്റേന്നു പോയത് ആറാം നൂറ്റാണ്ടില്‍ പണിത ഹോളി ക്രോസ്സ് ചര്‍ച്ചിലേയ്ക്കാണ്. കിഴക്കന്‍ജോര്‍ജിയയിലെ മെഷ്കെറ്റയിലെ ജുവാരി ദേവാലയം. ജുവാരി എന്നാല്‍ വലിയ കുരിശെന്ന് അര്‍ത്ഥം.




ചരിത്രത്തിന്‍റെ വേരുകള്‍ ചികയുമ്പോൾ കൗതുകമുണര്‍ത്തുന്ന പുരാവൃത്തങ്ങളാണ് ഇതിനെക്കുറിച്ചറിയാനാവുന്നത്. നൂറ്റാണ്ടുകള്‍ക്കു മുന്‍പൊരു സുവിശേഷപ്രസംഗകന്‍ഈ മലമുകളില്‍ ഒരു കുരിശു പ്രതിഷ്ഠിച്ചുവത്രേ!. അതിന് അത്ഭുത സിദ്ധികള്‍ ഉണ്ടെന്നവാര്‍ത്ത പരന്നതോടെ തീര്‍ഥാടകപ്രവാഹമാകുകയും കാലങ്ങള്‍ക്കുശേഷം കുരിശിന്‍റെ ശേഷിപ്പുകള്‍ക്കു ചുറ്റുമായി ഒരു പള്ളി പണിതുയര്‍ത്തി അത് “ചെറിയ ജുവാരി” എന്ന പേരിലറിയപ്പെടുകയുമാണുണ്ടായത് . പള്ളിയുടെ മുന്‍വശത്തായി മുദ്രണം ചെയ്തുവച്ചിരിയ്ക്കുന്നതുപ്രകാരം ഇപ്പോഴത്തെ പള്ളി പണിതിട്ടുള്ളത് ഏകദേശം 590നും 605 നും മദ്ധ്യത്തിലാണ്. ചുറ്റിനും മതിലും ഗെയ്റ്റും ഉണ്ടാക്കി സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും , പള്ളി പണിതിട്ടുള്ള സാന്‍റ് സ്റ്റോണിന്‍റെ ഒട്ടുമിക്കഭാഗങ്ങളും നാശത്തിന്റെ വക്കിലാണ്. ആകർഷകമായ ചുമര്‍ചിത്രങ്ങളോ മറ്റലങ്കാരങ്ങളോ ഇല്ലാത്ത പരുക്കനും ലളിതവുമായുള്ള അള്‍ത്താരയില്‍ സമാധാനാന്തരീക്ഷം നിറഞ്ഞു നിന്നിരുന്നു. കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് കൊലുന്നനെയുള്ള അച്ചന്‍ (father ) ഒരിടത്ത് നിശബ്ദനായി ഇരിയ്ക്കുന്നുണ്ട്. ട്രിനിറ്റി പള്ളിയിലും കണ്ടത് സമാനമായ മുഖഭാവവും വസ്ത്രധാരണവും ഉള്ള അച്ചനെയായിരുന്നു എന്ന് ഓര്‍ത്തു. കത്തിച്ചു വച്ച മെഴുകുതിരികളുടെ നാളങ്ങള്‍ പയ്യെ കാറ്റില്‍ ഉലയുന്നുണ്ടായിരുന്നു.


പള്ളിമതില്‍ക്കെട്ടിനുള്ളില്‍നിന്ന് താഴ്വാരത്തിലേയ്ക്ക് നോക്കുമ്പോള്‍ കാത്തിരിയ്ക്കുന്നത് രണ്ടു ദിശകളില്‍നിന്നും കളകളംചൊല്ലിയൊഴുകിവരുന്ന രണ്ടു നദികളുടെഹൃദയഹാരിയായ സംഗമമാണ്.
ടര്‍ക്കിയില്‍ നിന്നും ഉത്ഭവിയ്ക്കുന്ന “കുറ” (Kura) നദി ജോര്‍ജിയയിലെത്തി, കോക്കസസ് പര്‍വതങ്ങളുടെ താഴ്വാരങ്ങളിലൂടെ ഒഴുകി ഒടുവില്‍ കാസ്പിയന്‍ കടലില്‍എത്തിച്ചേരുന്നു. ജോര്‍ജിയയിലെത്തുമ്പോള്‍ ഈ നദി മട്കവാരി (Mtkvari) എന്ന മാറ്റപേരിലറിയപ്പെടുന്നു. ആയിരക്കണക്കിനു വര്‍ഷങ്ങളോളം ജോര്‍ജിയക്കാര്‍ ഈ നദി മുഖേന വാണിജ്യവും കൃഷിയും നടത്തി പോന്നിട്ടുണ്ടെന്നാണ് വസ്തുത. മട്കവാരിയും അരാഗ്വിയും ചേര്‍ന്ന് ഒന്നാവുന്ന ചേതോഹരമായ ഈ കാഴ്ചയാണ് ജുവാരി ദേവാലയത്തിന്‍റെ ചുറ്റുപാട് അത്രയും ആകര്‍ഷകമാക്കുന്നത്. രണ്ടുനിറങ്ങളിലൊഴുകിയെത്തുന്ന നദികളൊന്നാകുന്നതോടെ പുതുനിറത്തില്‍, പുതുഭാവത്തില്‍നവവധുവിനെപ്പോലെ ഒഴുകിയകലുന്ന ആ പുഴയുടെ ഭംഗി വിവരണങ്ങള്‍ക്കും അപ്പുറമാണ്.





പള്ളിയ്ക്ക് പുറത്തിറങ്ങുമ്പോള്‍ വഴിയരികില്‍ പ്രതീക്ഷയോടെ നോക്കിനില്‍ക്കുന്ന പഴക്കച്ചവടക്കാരുണ്ട്. പൊതുവേ വിനയാന്വിതരാണ് ജോർജിയക്കാർ. തോട്ടത്തില്‍നിന്നും അപ്പോള്‍ പറിച്ചെടുത്ത പീച്ച് , ആപ്രിക്കോട്ട് , ചെറി, പ്ലം, പലതരം ബെറികള്‍ , പച്ചയും വയലറ്റും നിറങ്ങളിലുള്ള അത്തിപ്പഴം, ആപ്പിള്‍, മുന്തിരി, എന്നിവ നിരന്നിരിയ്ക്കുന്നനയനസുഭഗമായ കാഴ്ച ആരെയും കൊതിപ്പിയ്ക്കും!
ഒരു പൊതിയില്‍ നിറയെ പച്ചനിറത്തിലുള്ള മുഴുത്തുപഴുത്ത അത്തിപ്പഴങ്ങള്‍ വാങ്ങി. മഞ്ഞിന്‍റെ നനവ്‌ വിട്ടിട്ടില്ല, ടിഷ്യൂ പേപ്പര്‍ കൊണ്ട് നന്നായി തുടച്ച് നാലഞ്ചെണ്ണം കഴിക്കുന്ന നേരത്ത് അത്തിമരത്തിലെ കുരങ്ങച്ചന്‍റെ കഥയോര്‍ത്തു. മുതലമ്മ വെറുതെയല്ലല്ലോ അത്രയും നാടകം കളിച്ചതെന്ന് ബോധ്യപ്പെടുക തന്നെ ചെയ്തു. എന്തൊരു സ്വാദ് ! വയലറ്റ് നിറത്തിലുള്ള അത്തിപ്പഴത്തേക്കാള്‍ മധുരം ഇതിനാണ്. പഴങ്ങളുടെ വൈവിധ്യം രുചിച്ചറിയണമെങ്കില്‍ ഈ ഋതുവില്‍ ( september)തന്നെ ഇവിടെ എത്തിപ്പെടണം എന്ന് തോന്നുന്നു. തൊടിയുടെ മണം മാറാത്ത അത്രയും ഫ്രഷായ പഴങ്ങള്‍, എത്ര കഴിച്ചാലും മതിവരാത്തത്.





അപ്പ്ളിസികിയിലെ ഗുഹാഗ്രാമങ്ങള്‍:


ഗോറി പട്ടണത്തില്‍ നിന്നും അരമണിക്കൂര്‍ ഡ്രൈവ് ചെയ്‌താല്‍ “Uplistsikhe” അപ്പ്ളിസികി എന്ന ഗുഹാഗ്രാമത്തിലെത്തും. റഷ്യയെ അടക്കിവാണ സ്റ്റാലിന്റെ ജന്മദേശമാണ് ഗോറി. 
“Is there any chance for us to visit Stalin’s house.”? ഗൈഡിനോട് ചോദിച്ചു. 
ഇഷ്ടമോ അനിഷ്ടമോ പ്രകടിപ്പിക്കാതെയുള്ള ഒരു നോട്ടമായിരുന്നു ഉത്തരം. വലിയ പ്രോത്സാഹനം നല്‍കാന്‍ താല്പര്യപ്പെടാത്ത പോലെ. തോന്നലാണോ? അറിയില്ല. സ്റ്റാലിന്റെ വസതിയും അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കളും, സ്മാരകമായി സംരക്ഷിക്കപ്പെട്ടിരിയ്ക്കുന്നുണ്ടെന്നു വായിച്ചറിഞ്ഞ കൗതുകത്തിലായിരുന്നു ചോദ്യം. അതേതായാലും നടക്കാന്‍ പോകുന്നില്ലെന്ന് മനസ്സിലായി.
“അപ്പ്ളിസികിയിലേക്ക് ഇപ്പോള്‍ പുറപ്പെട്ടില്ലെങ്കില്‍ എല്ലാ പദ്ധതികളും തെറ്റും, നമുക്ക് ഒന്നിനും കൂടുതല്‍ സമയമില്ല” ഗൈഡ് ഓര്‍മിപ്പിച്ചു.


ഉള്‍നാടന്‍ ഗ്രാമങ്ങളിലൂടെയായിരുന്നു അങ്ങോട്ടുള്ള യാത്ര . കാറ്റിന്റെ തലോടലിൽ ചായാനായുന്ന കണ്ണുകള്‍ വഴിയോരക്കാഴ്ചകള്‍ക്കായി തുറന്നു പിടിച്ചത് ഭാഗ്യമായി. വഴിയരികിലെല്ലാം മുന്തിരിത്തോട്ടങ്ങള്‍. കറുപ്പും പച്ചയും ചോപ്പും മുന്തിരികള്‍, പല വലുപ്പത്തില്‍ കുലകളായി തൂങ്ങിക്കിടക്കുന്നു. പച്ചക്കാട് പോലെ ഇലപ്പന്തലുകൾ. ജോര്‍ജിയയില്‍ അഞ്ഞൂറിലേറെ ഇനം മുന്തിരികള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്‌. ലോകത്തിലെ തന്നെ ഏറ്റവുംമുന്തിയയിനം മുന്തിരി വൈന്‍ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ജോര്‍ജിയ.മുന്തിരി കൃഷിയും വൈന്‍ നിര്‍മ്മാണവും ഇവിടത്തെ പ്രധാന വരുമാനമാര്‍ഗമാണ്.
“ദൈവത്തിന്‍റെ കോട്ട” “The fortress of Lord” -അതാണ്‌ അപ്പ്ളിസികിയുടെ അര്‍ത്ഥം. മൂവായിരം വര്‍ഷങ്ങളോളം ജോര്‍ജിയന്‍ ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ട പങ്കുവഹിച്ച അപ്പ്ളിസികി, ഇവിടത്തെ വ്യാപാര വ്യവസായ മത രാഷ്ട്രീയ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ സഹായകമായ കേന്ദ്രമായിരുന്നു.
കഠിനമായ ശിലകളില്‍ കൊത്തിയെടുത്ത ഗുഹാഗൃഹങ്ങള്‍, കമാനങ്ങള്‍,മതപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന അറകള്‍, എന്നിവ ഒരു പുരാതന സംസ്കാരത്തിന്‍റെ ഗാംഭീര്യം വിടാത്ത അവശേഷിപ്പുകളായി പഴയ സില്‍ക്ക് റൂട്ടിന്റെ അതേ പാതയില്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നു. താഴെ ശാന്തമായൊഴുകുന്ന മട്കവാരി നദി.
പുരാവസ്തു ഗവേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ പല അറകളുടെയും പേരുകള്‍ അടയാളപ്പെടുത്തിവച്ചിട്ടുണ്ട്. മരുന്നുകള്‍ ശേഖരിച്ചു വച്ചിരുന്ന ചെറിയ അറകളുള്ള ഫാര്‍മസി, വൈന്‍ സെല്ലാര്‍ , മുന്തിരി അമര്‍ത്തിപ്പിഴിയാനുള്ള അറ, മുന്തിരിച്ചാറു ശേഖരിക്കാനുള്ള കുഴി, എന്നിങ്ങനെ ഓരോരോ ഭാഗങ്ങള്‍. രാജ്ഞിയുടെ ഇരിപ്പിടം, കിടപ്പറ ഇവയെല്ലാം പ്രത്യേകം കൊത്തിയെടുത്തിട്ടുണ്ട്.
ഗുഹകളുടെ മേല്‍ത്തട്ടില്‍ കാര്യമായ അലങ്കാരങ്ങള്‍ ഒന്നും കണ്ടില്ല. ബലഹീനമായ ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് തൂണുകള്‍ പുനസ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
ഏറ്റവും അടിത്തട്ടിലായി ഗുഹാഗ്രാമത്തിന്‍റെ ശേഷിപ്പുകള്‍- മണ്മറഞ്ഞു പോയൊരു മഹത്തായ സംസ്കാരത്തിന്റെ പ്രാക്തനശേഷിപ്പ്!
ബി സി ആറാം നൂറ്റാണ്ടിനും എ ഡി ഒന്നാം നൂറ്റാണ്ടിനും ഇടയ്ക്ക് ഈ ഗുഹകള്‍ രാഷ്ട്രീയവും മതപരവുമായ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതിനു തെളിവുകള്‍ ഉണ്ട്. സൂര്യനെയായിരുന്നു അന്ന് അവര്‍ ആരാധിച്ചിരുന്നത്. പത്താം നൂറ്റാണ്ടോടെയാണ് ഇവിടം സില്‍ക്ക് റൂട്ടിലെ പ്രധാന വ്യാപാര കേന്ദ്രമായിത്തീരുന്നത്.
ഏറ്റവും മുകളിലായി കാണുന്ന കല്ലും കട്ടയും വച്ചുണ്ടാക്കിയ പള്ളി, (പത്താം നൂറ്റാണ്ടില്‍ നിര്‍മിച്ചിട്ടുള്ള) ഇപ്പോഴും പ്രവര്‍ത്തനനിരതമാണ്.





ഉച്ചവെയില്‍ ഉച്ചിയിലെത്തി. താഴെ മട്കവാരി പുഴയില്‍ നിന്നും വന്നതണുത്ത കാറ്റ് അല്പം കുളിര്‍മ പകര്‍ന്നു. ഒരുവശത്തായി ഏകദേശം മുപ്പതു മീറ്ററോളം പാറ കുത്തനെ തുരന്ന് ഒരു രഹസ്യവാതില്‍ ഉണ്ടാക്കിയിട്ടുണ്ട്, ഇത് തുറക്കുന്നത് നദിക്കരയിലേക്കാണ്. അപകടസമയങ്ങളില്‍ രക്ഷപ്പെടാനും ശത്രുക്കള്‍ക്ക്‌ പെട്ടെന്ന് കയറി ആക്രമിക്കാന്‍ കഴിയാതിരിയ്ക്കാനുമുള്ള രീതിയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഈ ഗുഹാഗ്രാമം അതിശയപ്പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തന്നെ.


പള്ളികളുടെ നഗരമായത് കൊണ്ട്, യാത്രയുടെ തുടക്കവും അവസാനവും പള്ളിയില്‍ തന്നെയായിപ്പോയതില്‍ അത്ഭുതപ്പെടാനില്ല. യുനെസ്കോയുടെ ലോകപൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്വേത്തിഷ്കൊവേലി ( Svetiskhoveli) കത്തീഡ്രലിലാണ്അവസാനമായി എത്തിയത്.





യേശുവിനെ കുരിശിലേറ്റുന്ന സമയത്ത് സമീപത്തുണ്ടായിരുന്ന ഒരുയഹൂദന്‍ യേശുവിന്‍റെ തിരുവസ്ത്രത്തിന്‍റെ ഒരു ഭാഗം ജോര്‍ജിയയിലേക്ക് എത്തിച്ചെന്നും അത് കയ്യില്‍വച്ച് മൃതിയടഞ്ഞ അയാളുടെ സഹോദരിയുടെ ശവകുടീരത്തിനരികില്‍ വലിയൊരു സിഡാര്‍മരം വളര്‍ന്നു വലുതായെന്നും ആ മരം ഉപയോഗിച്ച് പള്ളിയുടെ ഏഴുതൂണുകള്‍ പണിതെന്നും ഇതിവൃത്തം. വലുപ്പത്തില്‍ ജോര്‍ജിയയില്‍ രണ്ടാംസ്ഥാനമാണ് ഈ പള്ളിക്കുള്ളത്.
പ്രാര്‍ഥനയുടെ സമയമായതിനാല്‍ നല്ല തിരക്കുണ്ടായിരുന്നു. ശിരോവസ്ത്രം ധരിച്ച് ഉള്ളില്‍ കയറുമ്പോള്‍ സംഗീതസാന്ദ്രമായ പ്രാര്‍ത്ഥന ചൊല്ലുകയാണ് ആരാധകര്‍. ശാന്തിയും സമാധാനവും നിറഞ്ഞ ആ ആത്മീയാന്തരീക്ഷത്തില്‍ കുറച്ചു നേരം ചിലവഴിച്ചു. ഏതോ ഒരു രാജ്യത്ത് ഏതോ ഒരു പള്ളിയില്‍ അറിയാത്ത ഒരുപാടാളുകള്‍ക്കൊപ്പം ഞാനും കുരിശു വരച്ചു പ്രാര്‍ത്ഥിക്കാന്‍ ഇടയാകുന്നതിന്റെ പൊരുളെന്തായിരിയ്ക്കുമെന്നോര്‍ക്കാതിരിയ്ക്കാനായില്ല.


പള്ളിയോടു ചേര്‍ന്ന് ചെറിയൊരു അങ്ങാടി പോലൊരു സ്ഥലമാണ്. കമ്പിളിപ്പുതപ്പുകൾ, ജോര്‍ജിയന്‍ സ്വീറ്റ്സ്, വൈൻ, വൈന്‍ഐസ്ക്രീം, കരകൌശലവസ്തുക്കൾ തുടങ്ങിയവയുടെ വില്‍പ്പനശാലകളായിരുന്നു ഇരുവശങ്ങളിലും. സൌമ്യരും വിനയാന്വിതരും നര്‍മ്മബോധമുള്ളവരുമായ സ്വദേശികള്‍ പുഞ്ചിരിച്ച മുഖത്തോടെയാണ് വരവേറ്റത്. അതിഥികളെ ദൈവത്തില്‍ നിന്നുമുള്ള പാരിതോഷികങ്ങളായി കാണുന്നവരാണ് ജോര്‍ജിയന്‍സ്.
ഒരു ഗ്ലാസ്‌ വൈന്‍ വാങ്ങിക്കുടിച്ച് വൈന്‍ ഐസ്ക്രീമും നുണഞ്ഞ് ആ തെരുവിലൂടെ പതുക്കെ നടക്കുമ്പോള്‍ ആകാശത്ത് ചുവപ്പ് രാശി പടരാൻ തുടങ്ങിയിരുന്നു.




വലിയൊരു ജോര്‍ജിയന്‍ റെസ്റ്റോറന്റിലേക്കാണ് പിന്നീട് പോയത്. വിഭവ സമൃദ്ധമായ അത്താഴം. മീറ്റും ചീസും കൂണും മുന്തിരിയിലയും ചേര്‍ത്ത വിഭവങ്ങളും സാലട്സും വൈനും ബിയറും ശീതളപാനീയങ്ങളും വലിയ മേശപ്പുറത്ത് നിരന്നു.
ഇതുവരെ രുചിച്ചു നോക്കിയിട്ടില്ലാത്ത കിങ്കാലി കഴിക്കാമെന്ന് കരുതി, ഒന്നെടുത്തു കടിച്ചു.. ഹൊ! ഗംഭീരസ്വാദ്! മാവ് കുഴച്ചു പരത്തി, പലതരം മീറ്റ്‌ ചേര്‍ത്തു വേവിച്ച മസാല നടുവില്‍വച്ച്, ഞൊറിഞ്ഞ് ചുറ്റി വെളുത്തുള്ളിക്കുടത്തിന്റെ ആകൃതിയിലാക്കി, വെള്ളത്തിലിട്ട് പുഴുങ്ങി എടുക്കുന്ന ജോര്‍ജിയന്‍ ദേശീയഭക്ഷണം. ഇത് കഴിക്കാനും ഒരു വൈദഗ്ദ്ധ്യം ആവശ്യമാണ്‌, ഇല്ലെങ്കില്‍ കിങ്കാലിയ്ക്കുള്ളിലെ ചാറു മുഴുവനും പുറത്തേയ്ക്ക് ഒഴുകും. മൂന്നോ നാലോ എണ്ണം കഴിച്ചു. പിന്നെ മുന്തിരിയില കൊണ്ടുള്ള വിഭവവും ഒലീവുകളും പച്ചമുളകും തക്കാളിയും. ആനന്ദലബ്ധിയ്ക്കിനിയെന്ത് വേണം !




ദിവസങ്ങളോളം നടന്നു കണ്ടിട്ടും ജോര്‍ജിയ എന്ന കൊച്ചു സുന്ദരി മോഹിപ്പിച്ചു കൊണ്ടേയിരുന്നു, കണ്ടുകൊതിതീരാത്ത പോലെ!


പുലര്‍ച്ചെ രണ്ടുമണിയ്ക്കായിരുന്നു തിരിച്ചുപോരാനുള്ള ഫ്ലൈറ്റ്.
ബാക്കിയായ മോഹങ്ങളുള്ളിലടക്കി മടങ്ങി പോരുമ്പോള്‍ മനസ്സിലുറപ്പിച്ചു, ഇനിയൊരു ഹേമന്തത്തില്‍ വരണം, ദൈവം തനിയ്ക്കായി മാറ്റി വച്ചതാണെന്ന് പറയപ്പെടുന്ന പ്രാക്തനമായ ഈ സുരഭിലഭൂമിയിലേയ്ക്ക്, ഹിമക്കട്ടകളില്‍ തെന്നി നീങ്ങാനായി, ഹിമാക്കാറ്റേറ്റ് സ്വര്‍ഗ്ഗകവാടം തിരഞ്ഞുനടക്കാനായി, അത്തിമരക്കൊമ്പില്‍ കുരങ്ങന്‍റെ ഹൃദയമെടുത്തു വച്ചിട്ടുണ്ടോ എന്ന് ഒളിഞ്ഞുനോക്കാനായി.. താഴ്വാരത്തിലൂടെ പീലിക്കുടയിലേറി പറന്നിറങ്ങാനായി, തണുത്തുവിറച്ച് മഞ്ഞിന്‍റെ പുതപ്പില്‍ഒളിക്കാനായി, വരണം ഇനിയും വരണം..

4 അഭിപ്രായങ്ങൾ:

  1. ജോർജ്ജിയയെ കുറിച്ച് മലയാളത്തിൽ
    സഞ്ചാര വിവരണങ്ങൾ ആദ്യമായി വായിക്കുകയാണ് .
    പാവങ്ങളുടെ സ്വിറ്റ്സൻലാൻഡിലെ ചരിതങ്ങൾ അടക്കം
    ജോർജ്ജിയയിലെ മനോഹാരിതകൾ മുഴുവൻ വർണ്ണിക്കുന്ന
    അസ്സൽ യാത്രാവിവരണമാണിത് കേട്ടോ ഹാബി

    മറുപടിഇല്ലാതാക്കൂ
  2. ഇതാ ഇപ്പോഴാണ് ജോർജിയൻ യാത്രാനുഭവം വായിച്ച് തീർത്തത്! ജോർജിയയിലേക്ക് തിരക്കിട്ട് ഒരു യാത്ര പോയി വന്ന അനുഭവം. മുന്തിരിക്കുലകളും, കിങ്കാലിയും മുന്തിരിയിലയും വൈനും! ഒരു രണ്ട് മൂന്ന് എപ്പിസോഡ് ആക്കാമായിരുന്നു എന്നൊരഭിപ്രായം ഉണ്ടെനിക്ക്.. തിരക്കിട്ടെഴുതിയ പോലെ! ബ്ലോഗിലെഴുതിയപ്പോൾ കുറച്ച് കൂടി നല്ല അനുഭവമായി.. ചിത്രങ്ങൾ കൂടുതൽ കൊണ്ടാവും. നല്ല യാത്രാവിവരണം..

    മറുപടിഇല്ലാതാക്കൂ
  3. ഇതുപോലെ ഇനിയും യാത്രകൾ ചെയ്യാൻ ഭാഗ്യമുണ്ടാകട്ടെ... യാത്രാവിവരണങ്ങൾ വായിക്കാൻ ഞങ്ങൾക്കും...

    മറുപടിഇല്ലാതാക്കൂ