2020, ജനുവരി 18, ശനിയാഴ്‌ച

ബോസ്ഫറസിലൂടെ ഒരു ക്രൂയിസ് യാത്ര - ഭാഗം 2

തീരങ്ങള്‍ തഴുകിയൊഴുകി...

ബോസ്ഫറസ് ക്രൂയിസ് നീങ്ങുന്നതിനനുസരിച്ച് ഓരോ കെട്ടിടങ്ങളെപ്പറ്റിയും ഗൈഡ് വിശദീകരിച്ചുകൊണ്ടിരുന്നു. പത്തൊന്പതാം നൂറ്റാണ്ടില്‍ ജൂതസമൂഹം വാസസ്ഥലമായി ഉപയോഗിച്ചിരുന്ന, യൂറോപ്യന്‍ഭാഗത്തുള്ള ഗലാറ്റാഗോപുരം അദ്ദേഹം സന്ദർശകരുടെ ശ്രദ്ധയില്‍പ്പെടുത്തി.


1856 മുതല്‍ 1887 വരെ ഭരണകാര്യനിർവ്വഹണങ്ങളുടെ കേന്ദ്രസ്ഥാനമായി ഉപയോഗിച്ചിരുന്ന ഡോൾബാച്ചെ കൊട്ടാരത്തേയും ( Dolmabahce palace),ഇന്ന് ഒരു പഞ്ചനക്ഷത്രഹോട്ടലായി മാറിയ പുരാതന ഓട്ടോമന്‍ കൊട്ടാരമായിരുന്ന സിറഗനേയും (Ciragan) പുറകിലാക്കി കപ്പല്‍ മുന്നോട്ടു നീങ്ങി.


ബോസ്ഫറസ് പാലത്തിനുസമീപം, ഇസ്താംബൂളിന്റെ മധ്യയൂറോപ്യന്‍ ഭാഗത്തായാണ് middle village എന്നർത്ഥം വരുന്ന ഓർട്ടക്കോയ് (Ortakoy).ഇവിടെ ചിത്രശാലകള്‍, നിശാക്ലബ്ബുകള്‍, ഭോജനശാലകള്‍, മദ്യശാലകള്‍, എന്നിവയുടെ ഒരു സമുച്ചയമാണ്‌. കപ്പല്‍  ബോസ്ഫറസ് പാലത്തിനടിയിലൂടെ പോകുന്നതിനു മുന്‍പ്  മുകളിലേക്ക് ചൂണ്ടി ഗൈഡ് പറഞ്ഞു, "ലോകത്ത് മറ്റൊരിടത്തും കാണാനാവാത്ത കാഴ്ചയാണത്, ജനങ്ങള്‍ ഒരു വൻകരയിൽ നിന്നും മറ്റൊരു വന്കരയിലേക്ക് ഒരു പാലത്തിലൂടെ യാത്ര ചെയ്യുന്നു. തുർക്കികള്‍ ജോലിയ്ക്കും
 മറ്റാവശ്യങ്ങൾക്കുമായി രാവിലെ യൂറോപ്പില്‍ നിന്ന്‍ ഏഷ്യയിലേക്ക് (മറിച്ചും )പുറപ്പെടുകയും വൈകീട്ട് തിരിച്ചു വീട്ടിലെത്തുകയും ചെയ്യുന്നു  എന്ന വസ്തുത ഒട്ടൊരു കൌതുകത്തോടെയാണ് മനസ്സിലാക്കിയത്. 

കാറ്റിനൊപ്പം വെയിലിനും ശക്തികൂടിവരുന്നുണ്ടായിരുന്നെങ്കിലും തണുപ്പിന് കുറവുണ്ടായിരുന്നില്ല.

അതുവരെ എന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ലായിരുന്ന തുർക്കി യുവാവും യുവതിയും കപ്പലിനകത്തെ മുറിയില്‍ നിന്ന് ക്യാമറയുമായി പ്രത്യക്ഷപ്പെട്ടു. യുവതി കുശലാന്വേഷണങ്ങളുമായി നിറഞ്ഞ ചിരിയോടെ നിന്നു. യുവാവ് ഓരോരുത്തരുടെ അരികിലേക്കും വന്നു, പങ്കാളികളുടെ നെഞ്ചിലേക്ക് ചാരിയും പരസ്പരം കണ്ണിലേക്ക് നോക്കിയും കൈകോർത്തും തല ചെരിച്ചും ചായ്ച്ചും ഫോട്ടോയ്ക്ക് പോസ് ചെയ്യാനുള്ള നിർദ്ദേശങ്ങള്‍ നല്കിയപ്പോള്‍ ചിലര്‍ ഒട്ടും സങ്കോചമില്ലാതെയും ചിലര്‍ അല്പം ജാള്യതയോടെയും അനുസരിച്ചു. പ്രത്യേക ശ്രദ്ധയോടെ കുട്ടികളുടെ ചിത്രങ്ങളും കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും പകർത്തിയ ശേഷം യുവാവ് അകത്തേയ്ക്ക് പോയി. നേവല്‍ അക്കാദമിയുടെ കെട്ടിടവും, മറ്റുപല ഓട്ടോമന്‍സൗധങ്ങളും ഇതിനിടയില്‍ പുറകോട്ടു മറഞ്ഞുപോയിരുന്നു. 




ചരിത്രഭാണ്ഡത്തിന്റെ കെട്ടഴിച്ചുകൊണ്ട് മൈക്ക് വീണ്ടും ശബ്ദിക്കാന്‍ തുടങ്ങി.

കോൺസ്റ്റാന്റിനെന്ന രാജാവിന്റെ അധീനതയിലായിരുന്ന ഈ രാജ്യം തുർക്കികൾ ഉന്നം വയ്ക്കാനുണ്ടായ പല കാരണങ്ങളിലൊന്ന് അറബികളുടെ കുത്തകയായിരുന്ന വാണിജ്യസാമ്രാജ്യത്തില്‍ യൂറോപ്പുകാർ കൈകടത്താൻ തുടങ്ങിയെന്നതായിരുന്നു. ഏതുവിധേനയും അത് തടയുക എന്നത് അറബികളുടെയും  റോമിലേക്കുള്ള പേർഷ്യക്കാരുടെ കടന്നുകയറ്റത്തിന് അറുതി വരുത്തണം എന്നത് റോമാക്കാരുടെയും ലക്ഷ്യമായി മാറി. ഇതിനുള്ള ആദ്യത്തെ പോംവഴി, മർമറ കടലില്‍ നിന്നും കരിങ്കടലിലേയ്ക്കുള്ള ഏക ജലമാർഗ്ഗമായ ബോസ്ഫറസിലൂടെയുള്ള യാത്രാനിരോധനമായിരുന്നു. ഇതിനായി അവര്‍ ഗോൾഡന്‍ ഹോണ്‍ കടലിടുക്കിനു കുറുകെ വെള്ളത്തിനടിയിലൂടെ കനത്തില്‍ ഒരു ചങ്ങല കെട്ടി അക്കരെയും ഇക്കരെയുമായി അറ്റങ്ങളുറപ്പിച്ചു. 

തുർക്കികള്‍ കോൺസ്റ്റാന്റിനോപ്പിള്‍ കീഴടക്കി:

ആയിരത്തി നാനൂറ്റി അമ്പത്തി മൂന്ന് (1453) മേയ് (May 29) ഇരുപത്തി ഒന്പതിന് തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കി എന്ന് പാഠപുസ്തകത്തിൽ പഠിയ്ക്കുന്ന കാലത്ത് അതിന്റെ ചരിത്രവേരുകൾ ഇത്ര ആഴത്തില്‍ ആണ്ടുപോയിട്ടുണ്ടാകും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. നിർവികാരതയോടെമാത്രം പഠിച്ചിരുന്ന ചരിത്രപാഠങ്ങളോട് പ്രത്യേകിച്ചൊരിഷ്ടവും അക്കാലത്ത് തോന്നിയിരുന്നില്ല. 

ലോകചരിത്രത്തില്‍ തന്നെ ഏറെ പ്രാധാന്യമുള്ള റുമേലികോട്ടയിലേക്കാണ് നാമിനി പോകുന്നതെന്ന അറിയിപ്പോടെ ടർക്കിയുടെ യൂറോപ്യന്‍ഭാഗത്തുള്ള റുമേലിക്ക് മുന്നില്‍ ക്രൂയിസ് പതുക്കെ നങ്കൂരമിട്ടു. 


ഗോൾഡന്‍ഹോണിനു കുറുകെ കെട്ടിയ ചങ്ങലയെ മറികടന്ന് കോണ്സ്റ്റാന്റിനോപ്പിളില്‍ എത്തിയ ഓട്ടോമന്‍ ചക്രവര്‍ത്തിയായ ഇരുപത്തിയൊന്നു വയസുകാരന്‍ സുല്‍ത്താന്‍ മെഹ്മെദിന്റെ നേതൃത്വത്തിലുള്ള മൂവായിരത്തോളം വരുന്ന സൈന്യം നാലരമാസങ്ങള്‍ കൊണ്ട് പണികഴിപ്പിച്ചതാണ് “റോമാക്കാരുടെ മണ്ണിലെ കോട്ട” എന്ന അർത്ഥം വരുന്ന റുമേലികോട്ട. കട്ടിയുള്ള ചുമരുകളോടുകൂടിയ മൂന്നു വലിയ ഗോപുരങ്ങളും പതിമൂന്ന് കാവൽഗോപുരങ്ങളും അടങ്ങുന്നതായിരുന്നു കോട്ട. തൂണുകളിലും ചുമരുകളിലുമുള്ള കണ്ണീര്‍ചിത്രങ്ങള്‍,കോട്ടയുടെ നിര്‍മ്മാണവേളയില്‍ ചോരയും വിയര്‍പ്പും അര്‍പ്പിച്ചവരുടെയും പൊലിഞ്ഞുപോയവരുടെയും സ്മരണകള്‍ ഉണര്‍ത്തുന്നവയാണ്. 

കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത ഓട്ടോമന്‍, ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ ജലമാര്‍ഗ്ഗം കോണ്‍സ്റ്റാന്റിനോപ്പിളില്‍ എത്തിയിരുന്ന സര്‍വ്വതിനെയും തടഞ്ഞുനിര്‍‍ത്തി. റോമാക്കാര്‍ക്ക് നില്‍ക്കക്കള്ളിയില്ലാതായി.

ഓട്ടോമന്‍പട യുദ്ധകാഹളം മുഴക്കി അരികിലെത്തിയപ്പോള്‍ റോമക്കാര്‍ യൂറോപ്യന്‍ സഖ്യത്തിനോട് സഹായം അഭ്യർത്ഥിച്ചുവെങ്കിലും ആർക്കും കാര്യമായൊന്നും ചെയ്യാനായില്ല എന്ന് മാത്രമല്ല ലഭിച്ച സഹായങ്ങള്‍ അരികില്‍  എത്തുമ്പോഴേക്കും വൈകിപ്പോയിരുന്നു. 

ഒട്ടോമന്റെ ഒരു ലക്ഷം പോരാളികൾക്കും അറുപത്തിയൊന്പത് പീരങ്കികള്‍ക്കും നൂറ്റിയിരുപത്തിയാറ് പടക്കപ്പലുകള്‍ക്കും മുന്നില്‍ ബസന്റയിന്‍ പട്ടാളത്തിന്റെ പന്ത്രണ്ട് പീരങ്കികളും ഇരുപത്തിയാറ് കപ്പലുകളും ഏഴായിരം പോരാളികളും നിഷ്പ്രയാസം തകർന്നു വീഴുകയായിരുന്നു. 

“അതെ, തുർക്കികള്‍ കോണ്സ്റ്റാന്റിനോപ്പിള്‍ കീഴടക്കി”.
ഗൈഡ് പറഞ്ഞു നിർത്തി .

സാവധാനത്തില്‍ ചെറിയ പടികള്‍ കയറി ഞങ്ങള്‍ കോട്ടയ്ക്കകത്തെത്തി. 

അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു വശത്ത് കാണുന്നത് കരിങ്കല്ലിൽ തീർത്ത പ്രാക്തനവും ഭീമാകാരവുമായ പീരങ്കിയും വെടിയുണ്ടകളുമാണ്. ഈ പീരങ്കിയില്‍ ഉണ്ട നിക്ഷേപിക്കാന്‍ മൂന്നു മണിക്കൂറാണ് പോലും വേണ്ടി വന്നിരുന്നത്. തൊട്ടടുത്ത്‌ ചെറുതും വലുതുമായ മറ്റു പീരങ്കികളും ഉണ്ടകളും കിടപ്പുണ്ട്. ഇടതുവശത്തുള്ള കുടുസുമുറികളിൽ പ്രാചീനശേഷിപ്പുകള്‍ പലതും സൂക്ഷിച്ചിട്ടുണ്ട്. ഗോൾഡൻ ഹോണിനടിയിലൂടെ വിലങ്ങനെ സ്ഥാപിച്ചിരുന്ന ആ പടുകൂറ്റന്‍ ചങ്ങലയുടെ കഷണങ്ങള്‍ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. രണ്ടടിയോളം വരുന്ന ഓരോ കണ്ണികള്‍, ഏഴു കണ്ണികള്‍ ചേരുന്നിടത്ത് കുറുകെ ഒരു കൊളുത്ത്. അങ്ങനെയാണ് ചങ്ങലയുടെ ഘടന. വെള്ളത്തില്‍ ഒഴുകിക്കിടക്കാനാണ് അത്തരം സംവിധാനം എന്നാണ് ഗൈഡ് പറഞ്ഞത്. തന്ത്രപൂർവ്വമായ പ്രതിരോധത്തിന്റെയും കീഴടങ്ങലിന്റെയും ചരിത്രയാഥാർത്ഥ്യങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ചങ്ങലക്കണ്ണികള്‍ അധികാരം വിച്ഛേദിക്കപ്പെട്ട് ഭദ്രമായ ചരിത്രയോർമ്മയായി.


റുമേലികോട്ടയുടെ നല്ലൊരുഭാഗം പിന്നീടുണ്ടായ തീപ്പിടുത്തത്തില്‍ നശിച്ചു പോയെങ്കിലും അവശേഷിച്ച ഭാഗങ്ങള്‍ സംരക്ഷിച്ചിട്ടുണ്ട്. പത്തോളം പടികള്‍ കയറുമ്പോള്‍ കാണുന്നത് ചെറിയൊരു കൊത്തളത്തിനുള്ളിലെ വിദഗ്ദമായ പുരാതനജലസംഭരണസംവിധാനമാണ്(cistern).



പുറത്തിറങ്ങി മുകളിലേക്കുള്ള പടികള്‍ കയറിപ്പോകുമ്പോള്‍ വലതുവശത്ത് തട്ടുകളായി പണിതിട്ടുള്ള തുറന്നനാടകശാലയാണ്. അതിനുചുറ്റും മനോഹരമായ ഉദ്യാനങ്ങള്‍. 

ഫോർട്ടിനുൾഭാഗവും പരിസരങ്ങളും നടന്നുകാണുന്നതിനിടയില്‍ കുറേ കോളേജ് കുട്ടികള്‍ അദ്ധ്യാപകരോടൊപ്പം ചിരിച്ചുകൊണ്ട് അടുത്തേക്ക് വന്ന് ഞങ്ങള്‍ എവിടെ നിന്ന് വരുന്നെന്നും ഇസ്താംബൂള്‍ ഇഷ്ടമായോ എന്നും കൂടെനിന്ന് ഫോട്ടോ എടുക്കട്ടെ എന്നും ചോദിച്ചു. നല്ല പ്രസരിപ്പുള്ള, പരിഷ്ക്കാരി കുട്ടികളും അദ്ധ്യാപകരും. അവരുടെ സൗഹാർദ്ദത്തോടെയുള്ള ഇടപെടലില്‍ വളരെ സന്തോഷം തോന്നി. 

ടര്‍ക്കിയില്‍ തൊണ്ണൂറ്റിയഞ്ചു ശതമാനം ജനങ്ങളും മുസ്ലീങ്ങളായിരുന്നിട്ടും മൊത്തം സ്ത്രീകളില്‍ ഏകദേശം അറുപത് ശതമാനത്തോളമാണ് തട്ടം ധരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ ശിരോവസ്ത്രമണിഞ്ഞ്‌ പ്രത്യക്ഷപ്പെടുന്നത് ഗവര്‍മെന്റ് നിരുല്‍സാഹപ്പെടുത്തിയതിനാലാണോ പാശ്ചാത്യസ്വാധീനം മൂലമാണോ ഈ മാറ്റം ? എന്തായാലും ഏഷ്യയേക്കാള്‍ യൂറോപ്പിന്റെ സ്വാധീനമാണ് തുർക്കികളുടെ സംസ്കാരത്തിലും പെരുമാറ്റത്തിലും കൂടുതലായി പ്രതിഫലിക്കുന്നതെന്ന് ആളുകളുമായി അതുവരെയുണ്ടായ ഇടപെടലുകളില്‍ നിന്നും പൊതുസ്ഥലങ്ങളിലൂടെയുള്ള നടത്തങ്ങളില്‍ നിന്നും സംശയലേശമെന്യേ മനസ്സിലായി. അധികം വൈകാതെ ഈ രാജ്യത്തിന് യൂറോപ്യന്‍ യൂണിയനിലേക്കുള്ള അംഗത്വം കിട്ടാനിടയുണ്ടെന്നൊരു പരാമര്‍ശവും  ഗൈഡ് ഇടയ്ക്കെപ്പോഴോ  നടത്തിയിരുന്നു. 

തുർക്കിയുടെ വഴിയോരങ്ങളിലും പാർക്കുകളിലും ധാരാളമായി കാണുന്ന, കമ്പിളി പുതച്ചപോലെ രോമങ്ങളുള്ള വലിയ പൂച്ചകളും അവയ്ക്കായി പലയിടങ്ങളിലായി കരുതി വയ്ക്കുന്ന ഭക്ഷണവും യാത്രയിൽ കൗതുകത്തോടെ ശ്രദ്ധിച്ച മറ്റൊരു കാര്യമാണ്. നബിയെ സർപ്പത്തിൽ നിന്നും രക്ഷിച്ച ഒരു പൂച്ചയിലേക്കെത്തുന്ന നീണ്ടകഥയുണ്ട് അതിനു പിന്നില്‍. പൂച്ചയെ തുർക്കികൾ വിശുദ്ധ മൃഗമായി കരുതിപ്പോരുന്നു. 




കോട്ടയ്ക്ക് പുറത്തെത്തിയപ്പോള്‍ എതിർവശത്തായുള്ള, ഏഷ്യന്‍ഭാഗത്ത് ഓട്ടോമന്‍ സുല്ത്താന്‍ മെഹ്മൂദിന്റെ മുത്തച്ഛന്‍ പണികഴിപ്പിച്ച അനഡോലു കോട്ടയെ (Anadolu Hisari Fortress Pier), കുറിച്ചായി ഗൈഡിന്റെ വിവരണം. ഞങ്ങള്‍ ക്രൂയിസിന്റെ തുറന്ന മേല്ത്തട്ടിലേക്ക് തിരിച്ചെത്തി, യാത്ര തുടർന്നു .

ഒരിടവേള നല്കിക്കൊണ്ട് ചൂടുള്ള ആപ്പിള്‍ ടീ കപ്പുകളില്‍ ആവിപറത്തി.വീശിയടിക്കുന്ന ശീതക്കാറ്റില്‍നിന്നും താല്ക്കാലികാശ്വാസം ലഭിച്ചു. 

വെയിലിന് ശക്തി കൂടിവന്നു. ഫോട്ടോഗ്രാഫർ ചിത്രങ്ങൾ ആൽബത്തിലാക്കി ഓരോരുത്തരെയായി സമീപിച്ചു. പാക്കേജിന്റെ ഭാഗമായാണ് ഫോട്ടോ എടുത്തതെന്ന് കരുതിയവർക്ക് നിരാശയായി. നൂറ് ലിറ കൊടുത്താലേ ഒരു ആൽബം കിട്ടുകയുള്ളു. വില കൂടുതലാണ് എങ്കിലും യാത്രയുടെ ഓർമയ്ക്കിരിയ്ക്കട്ടെ എന്നു കരുതി പറഞ്ഞ പൈസ കൊടുത്ത് ആൽബം വാങ്ങി. കൂടെ മോളുടെ ആല്ബം സൗജന്യമായി നല്കി.

തിരിച്ചും മറിച്ചും നോക്കി ചിത്രങ്ങള്‍ ആസ്വദിച്ചിരിയ്ക്കുമ്പോള്‍ തൊട്ടരികിലിരുന്നിരുന്ന അമ്മയും മകനും യുവാവിനോട് ആൽബത്തിനു വിലപേശുന്നുണ്ടായിരുന്നു. ഒരു ഫോട്ടോ മാത്രമായി കുറഞ്ഞ പൈസയ്ക്ക് തരാമോ എന്ന് ചോദിച്ചതോടെ യുവാവ് അനുരഞ്ജനത്തിന് തയ്യാറാവാതെ ആൽബവുമായി തിരികെപ്പോയി. യുഎസ്സിൽ കോളേജ് അധ്യാപികയായ അമ്മയും ഇലക്ട്രിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന മകനും സ്വദേശമായ പാക്കിസ്ഥാനിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ ഇസ്താംബൂളിൽ മൂന്നുദിവസം തങ്ങിയതാണ്. ഏതാനും ഫോട്ടോകൾക്കായി ഇത്രയധികം പൈസ ചെലവാക്കേണ്ട കാര്യമില്ലെന്ന് ചിന്തിച്ചത് അവരുടെ യുക്തി. സ്വന്തം കീശയിലെ കാശ് എങ്ങനെ ചിലവാക്കണം എന്ന് തീരുമാനിക്കേണ്ടതും അവനവനാണല്ലോ !

മറ്റു പലരും ആല്‍ബം വാങ്ങാന്‍ വിസമ്മതിച്ചു. അയാള്‍ക്ക്‌ അവരുടെ ചിത്രങ്ങള്‍ ഉപകരിക്കാന്‍ പോകുന്നില്ല. പിന്നെ എന്തിനാണ് ആല്‍ബം അവർക്ക് കൊടുക്കാതിരുന്നത് എന്നതിന്റെ പൊരുള്‍ പിടി കിട്ടാതെ ഞാനിരുന്നു. 

ബോട്ട് ഇതിനകം മൂന്നു പാലങ്ങളുടേയും അടിയിലൂടെ കടന്നു പോയിക്കഴിഞ്ഞിരുന്നു.പാലങ്ങൾ കൂടാതെ രണ്ടു ടണലുകളും ഇരുവൻകരകളേയും ബന്ധിപ്പിച്ചു കൊണ്ട് പണി കഴിപ്പിച്ചിട്ടുണ്ട്. 


1865 ഇല്‍ നിർമ്മിച്ച (Beylerbeyi Summer palace) ബെയ്ലെര്ബെയി സമ്മര്‍ പാലസ്, കാന്ലിക്കസ്തംഭം (Kanlica Pier), കുകുക്സു കൊട്ടാരം, Kukuksu palace 1856, എന്നിങ്ങനെ നിരവധി മണിഹർമ്യങ്ങളുടെ ചരിത്രകഥകളിലൂടെ കപ്പലും ഞങ്ങളും മുന്നോട്ടു നീങ്ങി. 

കുറേക്കൂടി പോരുമ്പോള്‍ ജലമദ്ധ്യത്തില്‍ ഒറ്റയ്ക്ക് നില്ക്കുന്ന ഒരു കെട്ടിടം ആരുടേയും ദൃഷ്ടിയില്‍ പെടും.അതാണ് മെയ്‌ഡന്‍സ് ടവര്‍.

ഒരുകാലത്ത് നാവികരില്‍ നിന്നും നികുതി ശേഖരിക്കാനുള്ള സെന്റര്‍ ആയും പ്രതിരോധകേന്ദ്രമായും ലൈറ്റ് ഹൗസായും ഉപയോഗിച്ചിരുന്ന ടവര്‍ ആയിരത്തി എണ്ണൂറ്റിമുപ്പതില്‍ (1830) കോളറ പടർന്നുപിടിച്ചപ്പോള്‍ രോഗബാധിതരെ മാറ്റിപ്പാർപ്പിക്കാനുള്ള ഇടമാക്കി പരിവർത്തനം ചെയ്യപ്പെട്ടു. വിളക്കേന്തിയ വനിതയ്ക്കൊപ്പം നഴ്സുമാരുടെ ഒരു സംഘം കോളറക്കാലത്ത് രോഗബാധിതരെ ചികിത്സിക്കാനായി അവിടേയ്ക്ക് ചെന്നിരുന്നതായും അറിയാന്‍ കഴിഞ്ഞു. 

1964 ല്‍ പ്രതിരോധമന്ത്രാലയത്തിനു കൈമാറ്റം ചെയ്യപ്പെട്ട കെട്ടിടം വർഷങ്ങൾക്കുശേഷം പുനരുദ്ധാരണം ചെയ്യപ്പെടുകയും സമീപകാലത്തായി സന്ദർശകർക്കു വേണ്ടി തുറക്കുകയും ചെയ്തു. ഇതിനകത്ത് ഒരു റെസ്റ്റോറന്‍ടും മ്യൂസിയവും പ്രവർത്തിക്കുന്നുണ്ടെന്ന് കേട്ടെങ്കിലും, ഭീകരമായ വേദനയുടെ മരവിച്ചകുടീരം പോലെ ഒറ്റപ്പെട്ടുനിന്ന ആ കെട്ടിടത്തിനോടൊപ്പം കരയിലെ ഫ്ലോറന്സ് നൈറ്റിംഗേല്‍ മ്യൂസിയവും( Florence Nightingale museum) മനസിൽ വിഷാദം പരത്തി . 

ക്രൂയിസ് കരയോട് അടുത്തപ്പോള്‍ ഒരാള്‍ ഗൈഡിനോട് ചോദിച്ചു, “ഇന്ന് ഈ ബോസ്ഫറസ് കടലിടുക്ക് ആരുടെ നിയന്ത്രണത്തിലാണ്”?

താടിയുഴിഞ്ഞുകൊണ്ട്, പ്രൌഡിയോടെ അയാള്‍ പറഞ്ഞു, “ ടർക്കിക്കാണ് അതിന്റെ ഉടമസ്ഥാവകാശമെങ്കിലും ഏതൊരു സാധാരണ പൗരനും ഈ ജലമാർഗ്ഗത്തിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാം. എന്നാല്‍ സൈനിക –യുദ്ധക്കപ്പലുകള്‍ക്ക് കടന്നു പോകണമെങ്കില്‍ ടര്‍ക്കിയുടെ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്.”

ചരിത്രചിത്രങ്ങള്‍ തലങ്ങും വിലങ്ങും കോറിവരച്ച മനസ്സോടെ യാത്രികരുമൊത്ത് പ്രശസ്തമായ ഒരു ഭക്ഷണശാലയിലേക്ക് ഉച്ച ഭക്ഷണത്തിനായി കയറി. 

തിരിച്ചുള്ള ബസ് യാത്രയില്‍ ഇസ്താംബൂളിലെ ഏറ്റവും പുരാതനഭാഗമായ ഓള്‍ഡ്‌ സിറ്റിയും അതിനെ ചുറ്റിപ്പോകുന്ന അതിപുരാതനമതിലും കണ്ടു. ചുറ്റുമതിലിന് 12മീറ്റര്‍ ഉയരവും 22 കിലോമീറ്റര്‍ നീളവുമുണ്ട്. 

നഗരത്തെ കടലില്‍ നിന്നും കരയില്‍ നിന്നുമുള്ള ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കാനായി അതിനു ചുറ്റുമായി കോണ്‍സ്റ്റാന്റിന്‍ ചക്രവര്‍ത്തിയുടെ കാലത്ത് പണികഴിപ്പിച്ച മതിലിന് അഞ്ചാം നൂറ്റാണ്ടിലേക്ക് നീളുന്നത്ര പഴക്കമുണ്ട്. മതിലിന്റെ  പല ഭാഗങ്ങളും പൊട്ടിയും വീണും പലപ്പോഴായി  പുതുക്കിപ്പണിതും കാണപ്പെട്ടു. 

ഒരൊറ്റദിനം കൊണ്ട് ഏതോ ഒരു പ്രാക്തനയുഗത്തിലേക്ക് വീണുപോയതിന്‍റെ സുഖത്തില്‍ അമര്‍ന്നിരിയ്ക്കുമ്പോള്‍, അന്ന് കണ്ട കാഴ്ചകള്‍ അത്രയും മനസ്സില്‍ നങ്കൂരമിട്ടുകഴിഞ്ഞിരുന്നു.

രാത്രിയില്‍, ഒഴുകുന്ന കപ്പലില്‍ ഒരുക്കിയ അത്താഴത്തിന് (cruise Dinner) ചെന്നപ്പോള്‍ കടലിടുക്കിന്‍റെയും കടലോരക്കാഴ്ചകളുടെയും മുഖച്ഛായ മാറിയിരുന്നു. 

പരമ്പരാഗത വിഭവങ്ങള്‍ രുചിച്ച്, തുര്‍ക്കിയുടെ തനതുകലാരൂപങ്ങളാസ്വദിച്ച് മൂന്നുമണിക്കൂറുകള്‍ കടന്നുപോയതറിഞ്ഞില്ല. പക്ഷെ സൂഫിനൃത്തവും ബെല്ലിഡാന്‍സും അതിനുമാത്രമായുള്ള കേന്ദ്രങ്ങളില്‍ പോയി വിശദമായിത്തന്നെ കണ്ടതിന്‍റെ അനുഭവം മറ്റൊന്നായിരുന്നു. 

രാത്രിയില്‍ മഞ്ഞുകാറ്റിന് ഊറ്റം കൂടി വരുന്നുണ്ടായിരുന്നു. തണുത്ത വിരിപ്പിലേക്കുവീണ് തളര്‍ന്നുറങ്ങുമ്പോള്‍ പാതിരാവും കടന്നുപോയിക്കഴിഞ്ഞിരുന്നു.

2 അഭിപ്രായങ്ങൾ: