2014, ജൂലൈ 2, ബുധനാഴ്‌ച

വ്രതശുദ്ധിയില്‍ ഒമാന്‍നന്ദി, മിഡില്‍ ഈസ്റ്റ്‌ ചന്ദ്രികക്ക്..., പിന്നെ എന്‍റെ കൂട്ടുകാരി റെജീനക്കും...
( ജൂലൈ രണ്ടിന് മിഡില്‍ ഈസ്റ്റ് ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ച എന്‍റെ ലേഖനം..)


 
നാട്ടില്‍ നിന്നേ കൂട്ടു വന്നിരുന്നു, വ്രതകാലം. മുസ്ലിം സമുദായത്തില്‍ പെട്ട സുഹൃത്തുക്കള്‍ ഒരു മാസം വ്രതമനുഷ്ഠിക്കുന്നതും പെരുന്നാളു കൂടുന്നതുമൊക്കെ തൊട്ടരികെ നിന്ന് കാണാറുണ്ടായിരുന്നു. വിശുദ്ധ മാസം അവരില്‍ വരുത്തുന്ന മാറ്റങ്ങള്‍ ആദരവോടെ അറിഞ്ഞിരുന്നു. അതുവരെ ബഹളം വെച്ച് നടന്നിരുന്നവര്‍ പോലും നോമ്പ് കാലമാവുമ്പോള്‍ ആളാകെ മാറുന്നു. മതം പകരുന്ന ജീവിതബോധത്തിലേക്ക് അവര്‍ തല കുനിക്കുന്നു. അന്നപാനീയങ്ങള്‍ വെടിയുന്നു. ദാനകര്‍മ്മങ്ങളില്‍ മുഴുകുന്നു. ആചാരാനുഷ്ഠാനങ്ങള്‍ക്ക് സ്വയം സമര്‍പ്പിക്കുന്നു. നമസ്കാരപ്പള്ളികള്‍ നിറഞ്ഞു കവിഞ്ഞ് പുറത്തേക്കു നീളുന്നതും കാണാറുണ്ടായിരുന്നു.

എന്നാല്‍, 14 വര്‍ഷമായി ഞാന്‍ നില്‍ക്കുന്ന ഈ ഒമാന്‍ മണ്ണാണ് വ്രതാനുഷ്ഠാനങ്ങളെ ഏറ്റവും അരികെ നിന്ന് കാണാന്‍ പഠിപ്പിച്ചത്. വിശുദ്ധമായ അതിന്‍റെ  വരവുകള്‍ ചുറ്റിലുമുണ്ടാക്കുന്ന പരിണാമങ്ങളെ അടുത്തറിഞ്ഞത്.

ഉച്ചിയില്‍ വെയില്‍ തിളച്ചു നില്ക്കുമ്പോള്‍ ഒരു തുള്ളി വെള്ളം പോലും ഇറക്കാതെ ദിവസങ്ങളോളം നീളുന്ന നോമ്പു കാലത്തിലേക്ക് മനുഷ്യര്‍ ഇറങ്ങി നില്‍ക്കുന്നത് ആദരവോടെയാണ് നോക്കി നിന്നു പോയത്. പ്രായഭേദമന്യേ, ഏവരും സ്വയം വിശുദ്ധമാവുന്ന രാപ്പകലുകള്‍. കുഞ്ഞു നാള്‍ മുതല്‍ ശീലിച്ചു പോരുന്ന ഇത്തരം ആചാരാനുഷ്ഠാനങ്ങളായിരിക്കണം ആത്മസംയമനത്തിന്റെഇ വിത്തുകള്‍ പാകി ഇവരെ ശുദ്ധീകരിക്കുന്നത്. മരുഭൂമിയിലെ മനുഷ്യര്‍ക്കു മാത്രം കഴിയുന്ന ശാന്തതയുണ്ടായിരുന്നു ഈ നാളുകളില്‍ ചുറ്റിനും.

എന്‍റെ  ഫ്ളാറ്റില്‍ ഇരുന്നാല്‍ കേള്‍ക്കാം, ബാങ്കൊലി. എല്ലാ പള്ളികളിലും സജ്ജീകരിച്ചിട്ടുള്ള നോമ്പ് തുറകളിലേക്ക് ഒഴുകുന്ന ബംഗാളികളെയും പാക്കിസ്ഥാന്‍ കാരെയും ഇന്ത്യക്കാരെയും മറ്റു രാജ്യക്കാരെയും കാണാം. സൂര്യോദയം മുതല്‍ അസ്തമനം വരെ ഭക്ഷണവും വെള്ളവും ഉപേക്ഷിക്കുന്നതിനൊപ്പം തന്നെ കാമ ക്രോധങ്ങള്‍ അടങ്ങുന്ന വികാരങ്ങളുടെ എല്ലാ വേലിയേറ്റങ്ങളും അടക്കേണ്ടതുണ്ട്.ഒരു വാഗ് വാദത്തിലും പെടാതെ 'ഞാന്‍ നോമ്പുകാരന്‍/ നോമ്പുകാരി' ആണ് എന്ന് പറഞ്ഞ് മാറി നില്‍ക്കുമ്പോള്‍ ആ ശീലം ഒരു സാധാരണ മനുഷ്യന്‍റെ ആന്തരീക ശുദ്ധീകരണത്തില്‍ നല്ല പങ്ക് വഹിക്കുന്നു . ആ സ്ഫുടം ചെയ്തെടുക്കല്‍ ആവും ഉപവാസത്തിന്‍റെ  ഏറ്റവും വലിയ മേന്‍മയും .

നോമ്പെന്ന് കേള്‍ക്കുമ്പോള്‍ എനിക്കിപ്പോള്‍ മനസ്സില്‍ ഈ ദേശം മാത്രമേയുള്ളൂ. ഈ മണ്ണ് എന്നില്‍ തീര്‍ത്ത അനന്ത വിസ്മയങ്ങള്‍ക്കൊപ്പം മഹത്തായ ആ സംസ്കാരം കൊണ്ടു നടക്കുന്ന ഈ ആചാരാനുഷ്ഠാനങ്ങളും ഞാന്‍ കൊണ്ടു നടക്കുന്നു. അതിനോടുള്ള എല്ലാ ആദരവുകളും ഒമാന്‍ എന്ന ഈ മണ്ണിനോടുള്ള എന്‍റെ  പ്രണയത്തെ ജ്വലിപ്പിക്കുന്നു.

പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഒമാന്‍ എന്ന ഈ മരുഭൂമിയിലേക്കുള്ള എന്‍റെ  കന്നിയാത്ര. അനന്തമായി നീണ്ടു പോകുന്ന മണലാരണ്യം. ഒട്ടകക്കൂട്ടങ്ങള്‍. പച്ചപ്പ് ഒന്നെത്തിനോക്കുക പോലും ചെയ്യാത്ത,തിളച്ച വെയില്‍ വീഴുന്ന പഴുത്ത മണലുള്ള മരുപ്രദേശം. ആടിന്റെ പൂടയും ഒട്ടകപ്പാലിന്റെ കട്ടിപ്പും അടിഞ്ഞു കിടക്കുന്ന, ഉണക്ക ഇലയുടെ നിറമുള്ള, പൂക്കളുടെ സുഗന്ധമില്ലാത്ത ഒരിടം. അതായിരുന്നു അന്ന് മനസ്സിലെ ചിത്രം.

വിമാനത്താവളത്തില്‍ നിന്ന് താമസ സ്ഥലത്തേക്കുള്ള യാത്രയിലാണ് ആ ചിത്രത്തിലെ നരച്ചനിറങ്ങളെ ഒരു ചൂടുകാറ്റ് പറത്തിക്കൊണ്ടു പോയത്. പകരം ആരവങ്ങളോടെ വന്നു കയറിയ ചായക്കൂട്ടുകള്‍ക്ക് ഇന്നോളം മങ്ങലേറ്റിട്ടില്ല. പുഷ്പങ്ങള്‍ കൊണ്ടുള്ള പരവതാനികളാണോ പാതയോരങ്ങളില്‍ നിറയുന്ന പൂനിരകള്‍ എന്നാദ്യം സംശയിച്ചു. ഇലകളെ വെളിച്ചം കാണിക്കാതെ, കൊതിപ്പിക്കുന്ന നിറങ്ങളില്‍ തിങ്ങി വിടരുന്ന പൂക്കള്‍,എരിയുന്ന ചൂടിലും മരുവില്‍ വിരിയുന്ന നിത്യവസന്തം.

ഇത് വെറുമൊരു മരുഭൂമിയല്ല, തനതായ സംസ്കാരപൈതൃകമുള്ള ഒരു സുന്ദരഭൂമിയാണ്. ഒരായിരം കോട്ടകളുടെ നാട് എന്നായിരുന്നു ഒമാന്‍ ഒരു കാലത്ത് അറിയപ്പെട്ടിരുന്നതുതന്നെ. നിസ്വ, ബഹല, ജബ്രീന്‍ തുടങ്ങിയ വളരെ കുറച്ച് കോട്ടകള്‍ മാത്രമാണ് ഇന്ന് അവശേഷിക്കുന്നവയില്‍ ചിലത്.ബഹല കോട്ടയില്‍ പ്രേതാത്മാക്കള്‍ ഉണ്ടെന്നൊരു ശ്രുതി കേട്ടിട്ടുണ്ട്. ഒരിക്കല്‍ കണ്ടുമുട്ടണം അവരെ!

ഒമാന്‍റെ  അന്തരാത്മാവിനെ തൊട്ടറിയണമെങ്കില്‍ ഉള്‍പ്രദേശങ്ങളിലെ ഗ്രാമങ്ങളിലേക്ക് പോകണം. ഒരു ഫലജിനെ ചുറ്റിപറ്റി പച്ചവിരിക്കുന്ന തണുപ്പിടങ്ങള്‍. അവിടെ കാണാം പരിഷ്കാരങ്ങളൊന്നും തൊട്ടുതീണ്ടാതെ കൃഷി ചെയ്തും മാടുകളെ മേയ്ച്ചും, ഒരുപാട് ജീവിതങ്ങള്‍. അതിനപ്പുറം ഒരു ലോകമുണ്ടെന്ന ഒരു വിദൂര സ്വപ്നം പോലും ഇല്ലാത്ത നിഷ്കളങ്കര്‍. വയസ്സരില്‍ ചിലര്ക്ക് മിക്കവാറും ഒരു കണ്ണ് മാത്രമേ കാണൂ. ഈന്തപ്പനയുടെ മുള്ളുകള്‍ കുത്തികയറി ഉണ്ടാവുന്ന അപകടം പക്ഷേ അവര്‍ക്കൊരു വിഷയമേയല്ല.

ഇവിടത്തെ മനുഷ്യര്‍ക്കുമുണ്ട് പ്രത്യേകത. പെരുമാറ്റത്തിലെ സഹിഷ്ണുത. പഴം തലമുറകള്‍ പകര്‍ന്ന അതിജീവനത്തിന്‍റെ  പാഠങ്ങള്‍ മനസ്സിലേറ്റുന്നതുകൊണ്ടാവാമിത്. അന്യദേശങ്ങളില്‍ നിന്നും തൊഴില്‍ അന്വേഷിച്ച് ഇവിടെ എത്തുന്ന ആളുകളെ വരത്തനെന്ന അയിത്തം കല്‍പ്പിച്ച് ദുരവസ്ഥയിലേക്ക് തള്ളിവിടാതെ സ്നേഹാദരങ്ങളോടെ സ്വീകരിക്കുന്ന ഇവരുടെ ആതിഥ്യ മര്യാദ വാക്കുകള്‍ക്കും അപ്പുറം ആദരണീയമാകുന്നു.

ആറാം നൂറ്റാണ്ടില്‍ പേര്‍ഷ്യയുടെ ഭരണത്തിന്‍ കീഴിലായിരുന്നു ഒമാന്‍. അവരാണ് ഒമാനില്‍ ആദ്യമായി 'ഫലജ്' എന്ന ജലസേചനസംവിധാനം കൊണ്ടുവന്നത്. ഭൌെമോപരിതലത്തിലൂടെയും ഭൂഗര്‍ഭങ്ങളിലൂടെയും ഒഴുക്കിക്കൊണ്ടു വരുന്ന നീര്‍ച്ചാലുകളുടെ ഒരു ശൃംഖല നൂറ്റാണ്ടുകളുടെ കഥകള്‍ പറഞ്ഞുകൊണ്ട് കൃഷിയിടങ്ങളിലേക്കും ഈന്തപ്പനത്തോട്ടങ്ങളിലേക്കും ഇന്നും ധാരയായി ഒഴുകുമ്പോള്‍ ഫലജ് ഒരു അത്ഭുതമാവുന്നു.

കോടാനുകോടി വര്‍ഷുങ്ങള്‍ക്ക് മുമ്പ്, ഒമാന്‍ കടലിന്റെ അടിത്തട്ടില്‍ ആയിരുന്നുവെന്നതിന് തെളിവാണ്, ഈ മരുഭൂമിയില്‍ ഇന്നും നാം കാണാനിടയാവുന്ന കക്കകളുടെയും പവിഴപുറ്റുകളുടെയും ഫോസിലുകളും പിന്നെ ചില പ്രത്യേകയിനം സസ്യജാലങ്ങളുംസവിശേഷഭൂപ്രകൃതിയും അനന്തതയിലേക്ക് പരക്കുന്ന മരുഭൂമികളും, തീരദേശങ്ങളും, നിമ്നോന്നതമായ മലനിരകളും അവയെ മുറിച്ചൊഴുകിക്കൊണ്ട് വരുന്ന താഴ് വാരങ്ങളിലെ നദീതടങ്ങളും(വാദി) ചേരുമ്പോള്‍ ഒമാന്‍റെ  ഭംഗിയായി.

വഹൈബയിലെ ചുവന്ന പൂഴി മണല്‍ത്തട്ടുകളില്‍ കാറ്റ് ഞൊറിയുന്ന നൈസര്‍ഗിക ചിത്രവേലകള്‍ കണ്ടാല്‍, ഉലയുന്ന ഉടയാട ശരിയാക്കിക്കൊണ്ട് നില്ക്കു ന്ന അക്ഷമയായ ഒരു സുന്ദരിയെയാണ് ഓര്‍ മ്മ വരിക. പനയോല മേഞ്ഞ കൊച്ചു കുടിലില്‍ രണ്ടു പകലുകള്‍, രാത്രികള്‍! ആ രാവുകളിലൊന്നില്‍ ആകാശത്തുനിന്നും നക്ഷത്ര പൂക്കളെ കയ്യെത്തിച്ച് പിടിക്കാന്‍ ശ്രമിച്ചത് ഞാനിന്നും സൂക്ഷിക്കുന്ന കുളിരോര്‍മ.

ഒമാന് സ്വന്തമായൊരു സുഗന്ധം പോലുമുണ്ട്. ഉണ്ണിയേശുവിനെ വരവേല്‍ക്കാനായി എത്തിയ മൂന്നു പാരിതോഷികങ്ങളില്‍ ഒന്നായിരുന്നുവത്രേ കുന്തിരിക്കം (ഫ്രാങ്കെന്‍സെന്‍സ്)! ദോഫാറില്‍ വളരുന്ന കുന്തിരിക്കമരങ്ങള്‍ ലോകനിലവാരത്തില്‍ ഒന്നാമതായി വരും. റബ്ബര്‍ മരത്തില്‍ നിന്നു പാലെടുക്കും പോലെയാണ് ഇതില്‍ നിന്നും പശ എടുക്കുന്നത്. അതുണക്കി കത്തിച്ചാല്‍ അവിടമാകെ
പരക്കും മൂക്ക്തുളച്ചുകയറുന്ന ഒരു മാസ്മരഗന്ധം. തിന്മകളെയൊക്കെ എരിച്ച് കളഞ്ഞ് ഓരോ മനുഷ്യന്‍റെ  ഉള്ളിൽ നിന്നും ഉയരട്ടെ അത് പോലെ  നന്മയുടെ സുഗന്ധം . ലോകത്തിലെ എല്ലാ ദുരിതങ്ങൾക്കും മീതെ ആ നന്മയുടെ സുഗന്ധം പരക്കട്ടെ .

( ഹാബി സുധൻ ,ഒമാനിലെ ഇന്റർ നാഷണൽ കോളേജ് ഓഫ് എൻജിനീയരിംഗ് & മാനേജ്മെന്റിൽ ഇൻഫർമേഷൻ ഓഫീസർ ആയി ജോലി ചെയ്യുന്നു )
— with Sapna Anu B. George and 3 others.16 അഭിപ്രായങ്ങൾ:

 1. നന്ദി മലയാളി..നന്ദി റാംജി..

  മറുപടിഇല്ലാതാക്കൂ
 2. വ്രതനിഷ്ഠയുടെ മഹനീയത ഉൾക്കൊള്ളുന്ന നല്ല ലേഖനം.അഭിനന്ദനങ്ങൾ.


  ശുഭാശംസകൾ.....


  മറുപടിഇല്ലാതാക്കൂ
 3. Good one. Nalla ezhuthaanallo ishta. Enikkum ee naadum reethikalumaayum okke odukkathe love aanu.

  മറുപടിഇല്ലാതാക്കൂ
 4. ചന്ദ്രികയിൽ അലിഞ്ഞ് ചേർന്ന് ഒരു മാധ്യമ പുത്രിയായതിന് അഭിനന്ദനങ്ങൾ കേട്ടൊ ഹാബി.

  മറുപടിഇല്ലാതാക്കൂ
 5. ചന്ദ്രികാശംസകൾ.....റംസാൻ നിലാവ് എഴുത്തിൽ മനോഹരമായി നിറഞ്ഞു നിന്നു. അഭിനന്ദനങ്ങൾ, ഹേബി.

  മറുപടിഇല്ലാതാക്കൂ
 6. നന്ദി....നന്ദി..നന്ദി..ajith Bai, sougandikam, visalamanaskan,RAjagopal sir, Prakash meonon sir

  മറുപടിഇല്ലാതാക്കൂ
 7. കറുത്ത മഷിയിലാണ് അച്ചടിച്ചിരിക്കുന്നതെങ്കിലും നിറഞ്ഞു നിൽക്കുന്നത്‌ വർണ്ണങ്ങളുടെ മേളനം ...സുദരം ഹബ്ബി

  മറുപടിഇല്ലാതാക്കൂ
 8. ഇത് ചന്ദ്രികയിൽ വായിച്ചിരുന്നു . നല്ല കുറിപ്പ് ട്ടോ .

  പക്ഷേ ഈ ബൂലോകത്ത് കുറേ കാലം തെണ്ടിതിരിഞ്ഞിട്ടും ഹാബിയുടെ ബ്ലോഗ്‌ ഞാൻ കാണാതെ പോയത് എന്തുകൊണ്ടാവും ??

  ചെലപ്പോ കവിത കണ്ടപ്പോൾ തിരിഞ്ഞോടിയാതാവും . അത്രക്കും പൊരുത്തമാണ് ഞാനും കവിതയും തമ്മിൽ .

  മറുപടിഇല്ലാതാക്കൂ