2014, ജൂലൈ 1, ചൊവ്വാഴ്ച

മഞ്ഞില്‍ മാഞ്ഞ മഴവില്ല്


അവളെ സ്വപ്നം കാണാന്‍ പഠിപ്പിച്ചത് അവനാണ്.

റിസോര്‍ട്ടിലെ മുറിയില്‍ ജനല്‍പാളിയില്‍ വീഴുന്ന മഞ്ഞലകളില്‍ വിരല്‍ചിത്രം വരച്ചു നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്നും പുണര്‍ന്നു കൊണ്ട് അവളുടെ കഴുത്തില്‍ അവന്‍ ഉമ്മകള്‍ വര്‍ഷിച്ച ആ പുലരിയില്‍ അവള്‍ പറഞ്ഞു,

“നമുക്കും വേണം ഇങ്ങനെ മഞ്ഞില്‍ അലിഞ്ഞു നില്‍ക്കാനൊരു വീട്”.

“തീര്‍ച്ചയായും” അവന്‍ പറഞ്ഞു.

“നമ്മുടെ ആ വീടിന് വെളുത്ത നിറമായിരിക്കും....വെളുത്ത കര്‍ട്ടനുകളെ ഉലച്ചു കൊണ്ടെത്തുന്ന ഒളിച്ചു നോട്ടക്കാരന്‍ കാറ്റിനെ ഞാന്‍ കമ്പിളിപ്പുതപ്പില്‍ തളച്ചിടും ”

അവളുടെ വാക്കുകളിലെ  കുസൃതി,  കണ്ണുകളിലെ കറുപ്പായി തിളങ്ങി.

“ഈ ജനലിന്നരികില്‍ ഇരുന്നുകൊണ്ട് നമുക്ക് പൂക്കളോട് നിറങ്ങള്‍ കടം ചോദിക്കാം..പൂങ്കുയിലിനോട് ഗാനവും..പിന്നെയാ കൊച്ചുശലഭത്തോട് ചുണ്ടുകളും..”

“ചുണ്ടുകളോ ?”

ചോദ്യം അവളുടെ കാതുകളിലെത്തും മുന്‍പേ അവന്‍ ഒരു ശലഭമായി മാറിക്കഴിഞ്ഞിരുന്നു.

ഏതോതന്ത്രികളിൽ ഒരു അപൂർവ്വരാഗം ശ്രുതിചേരാനായി ഒരുക്കംകൂട്ടി.നനുനനുത്ത കാറ്റ് അതേറ്റു പാടി ഇലച്ചാര്‍ത്തുകളിലെ മഞ്ഞിന്‍കണങ്ങളെ ചുംബിച്ചുണർത്തി.

അവന്‍റെ കണ്ണുകളില്‍ തെളിഞ്ഞു കണ്ട തന്‍റെ പാരവശ്യത്തില്‍ അവള്‍ ലജ്ജയോടെ ഇമകള്‍ കൂമ്പി. കറുപ്പും ചോപ്പും നൂലുകള്‍ കെട്ടിയ ആ കരങ്ങളില്‍ കിടന്ന് അവള്‍ പിടഞ്ഞു.കാറ്റില്‍ ശ്വാസം നിലച്ചേക്കുമെന്നു ഭയന്ന ഒരു പൂവ് മഞ്ഞലകളില്‍ വീണുറങ്ങി.

ഒരിക്കലൊരു മയക്കത്തില്‍ നിന്നും നിറസന്ധ്യയിലേക്കുണരുമ്പോള്‍ അവള്‍ കുന്നിന്‍ ചെരിവിലെ തടാകക്കരയില്‍, അവന്‍റെ മടിയില്‍ തല ചായ്ച്ചു കിടക്കുകയായിരുന്നു.

വെള്ളി മേഘങ്ങള്‍ നീലസരോവരത്തില്‍ അരയന്നങ്ങളായി നീന്തിത്തുടിച്ചു.

“ഈ താഴ്വാരം മുഴുവനും നമുക്ക് മഞ്ഞ ഡാഫോഡില്‍സ് വിരിയിക്കാം. ആ കാണും കുന്നുകള്‍ക്കു മീതേ മേഘമായി ഒഴുകി അലയാം..മരങ്ങള്‍ക്ക് താഴെ,കാറ്റില്‍ തത്തിപ്പാറുന്ന പൂക്കളുടെ നൃത്തം കാണാം...”

വിശ്വ മഹാകവിയുടെ ഭാവസാന്ദ്രമായ കവിത ഓര്‍ത്തുകൊണ്ട്‌ അവള്‍ പറഞ്ഞു.

പുല്‍ക്കൊടിത്തുമ്പില്‍നിന്നും ഇറ്റു വീഴാന്‍ ഒരുങ്ങിനിന്ന മഞ്ഞു തുള്ളിയെടുത്ത് അവന്‍ അവളുടെ നെറ്റിയില്‍ അര്‍പ്പിച്ചു. അനുരാഗത്തിന്‍റെ ഒരു ഹേമന്തം അവളെ ആലിംഗനമായി പൊതിഞ്ഞു. ഒരു പൂക്കാലം അതുകണ്ട് കോരിത്തരിച്ചു. നാണത്തിന്‍റെ പുതുഗന്ധം നുകര്‍ന്നുകൊണ്ട് കാറ്റെങ്ങോ വിരുന്നു പോയി.

അവളെ സ്വപ്നങ്ങളുടെഏണിപ്പടികള്‍ കയറാന്‍ പഠിപ്പിച്ചത് അവനാണ്.

നേരിയസുഗന്ധവുമായി, ഇളംചുവപ്പും വെളുപ്പും നിറമുള്ള ചെറിപുഷ്പങ്ങളുടെയും പീച്ചുപുഷ്പങ്ങളുടെയും പരാഗം വഹിച്ചെത്തുന്ന ആ പൂമ്പൊടിക്കാറ്റിലേക്ക് ഉറക്കച്ചടവോടെ ഉണരാന്‍, ടുലിപ്സ് പൂക്കളുടെ ചാരുതയില്‍ മയങ്ങാന്‍, സില്‍വര്‍ ബിര്‍ച്ചു മരങ്ങള്‍ തണല്‍ വിരിക്കുന്ന പാതയോരങ്ങളില്‍ അലയാന്‍, മേപ്പിള്‍മരങ്ങള്‍ ഇല പൊഴിക്കുമ്പോള്‍ മരച്ചോട്ടിലിരുന്നുകൊണ്ട്‌ അവയെ കൈനീട്ടി പിടിക്കാന്‍.., ഋതുഭേദങ്ങളറിഞ്ഞു ജീവിതം നുകരാന്‍.. എല്ലാം പഠിപ്പിച്ചത് അവനാണ്. ഇടയ്ക്കെപ്പോഴാണ് പൂക്കള്‍ വിരിയാത്ത വസന്തങ്ങളും   ഇലകള്‍ കൊഴിയാത്ത ശിശിരങ്ങളും അവരെ അസ്വസ്ഥരാക്കിയത്? അറിയില്ല. അപരിചിതത്വം ഒരു വന്മരമായി അവര്‍ക്കിടയില്‍ വളര്‍ന്നതും അത്ര പെട്ടെന്നായിരുന്നില്ല.
 

ഒടുവില്‍ പുലരിയും സന്ധ്യയും പൂക്കളും പുഴകളും, വെളുത്ത ചായം പൂശിയ അവരുടെ സ്വന്തം മേടയിൽ ഘോഷം മുഴക്കി വന്നണഞ്ഞപ്പോഴേക്കും അവര്‍ക്കിടയില്‍ വാക്കുകള്‍ ഉറയാൻ തുടങ്ങിയിരുന്നു.

വാതില്‍പ്പാളികളിലും പൂമുഖത്തെ കൈവരിയിലും അവളുടെ മോഹം പോലെ ഹിമകണങ്ങള്‍ പറ്റിപ്പിടിച്ചിരുന്നു. ചില്ലു ജാലകങ്ങളില്‍ മഞ്ഞിന്‍റെ തിരശീല വീണിരുന്നു.

തനിച്ചായിപ്പോയ ഒരു ഗുല്‍മോഹര്‍ ആരുടെയോ കത്തിയെരിയുന്ന സ്വപ്‌നങ്ങള്‍ നെറുകയിലേറ്റി മുറ്റത്ത് കുങ്കുമച്ഛായ വീഴ്ത്തിനിന്നിരുന്നു.


പകലുകളിൽ മൌനം നരച്ചു. രാത്രികൾ ഉദാസീനമായി.മനസ്സുകളിൽ ഊഷരതനിറഞ്ഞു.

ഊഷ്മളം എന്ന്പറയാവുന്ന,അവശേഷിച്ച വളരെ കുറച്ചു ഓര്‍മ്മകളെ,നെഞ്ചിലേറ്റി ഇടയ്ക്കൊരു ദീര്‍ഘ നിശ്വാസത്തിന് വഴിമാറി അവളും, അത് കണ്ടാലും കണ്ടില്ലെങ്കിലും നിസ്സംഗതയുടെ മൂര്‍ത്തിമദ്ഭാവമായി അവനും ഒരേ വീട്ടില്‍ ഒരുപാടകലത്തില്‍ കഴിഞ്ഞു.പകരാത്ത ചുംബനത്തിന്‍റെ പതിക്കാത്ത നിശ്വാസത്തിനായ് കാത്തിരുന്ന് അവള്‍ ഘനീഭവിച്ചു.

പച്ചച്ച പുല്‍ത്തകിടിയിലേക്ക് വെളുവെളുത്ത പാലപ്പൂക്കള്‍ പമ്പരംതിരിഞ്ഞുവീണുകൊണ്ടിരുന്ന ഒരു വരണ്ട സായാഹ്നത്തില്‍, സൂര്യകിരണങ്ങള്‍ കടലാഴങ്ങളില്‍ ഒളിക്കാന്‍ തുടങ്ങുന്നതിനു തൊട്ടു മുന്‍പ്, നിശബ്ദത, റോസാപ്പൂവിന്‍റെ മുള്ളുപോലെ അവളുടെകവിളില്‍ കോറി.

വാക്കുകള്‍ക്ക് ഒച്ചയില്ലാതെ, നോട്ടങ്ങള്‍ക്ക്‌ അര്‍ത്ഥമില്ലാതെ ഇരിക്കവേ ഇടനെഞ്ചില്‍ നേര്‍ത്ത ഒരീണവുമായി ഒരു കിളി അവരെയും കടന്ന്  ചിറകടിച്ചുപോയി.

അപ്പോള്‍ ആകാശത്ത്, ഒരു മഴവില്ലിനെ തിരയുകയായിരുന്നു അവള്‍.

അവന്‍ ചോദിച്ചു..

“ഇപ്പോള്‍ നീ സ്വപ്നം കാണാറില്ലേ..?”

അപ്രസക്തമായ ആ ചോദ്യം ഗൌനിക്കാതെയോ, അതോ കേള്‍ക്കാതെയോ, അവള്‍ പറന്നുപോയ പക്ഷിയെമാത്രംഓർത്തു.

തേക്കുമരത്തിന്‍റെചില്ലയില്‍ കൂട് കൂട്ടിയിരിക്കുന്നു ആ ഒറ്റക്കിളി.

“എന്തേ കിളി നീ ഒറ്റയ്ക്ക്..”? അവളുടെ ശബ്ദം ചിലമ്പി.

“മഞ്ഞുണ്ട്, മഴയുണ്ട്, മലയുണ്ട്, കാറ്റുണ്ട്, കാടുണ്ട്‌, കാട്ടാറും ഉണ്ട്, പോരുന്നോ കൂട്ട് കൂടാന്‍? വരുന്നോ ഈ കൂട്ടിലേക്ക്”..

അവള്‍ കൂട്ടിലേക്ക് നോക്കി.

മഴവില്ലു കൊണ്ടൊരു ചേലുള്ളകൂട്!

അതിന്‍റെയൊരു ചീന്തെടുത്ത് കിളി അവള്‍ക്കു സമ്മാനിച്ചു.

അവള്‍ അത് കൈക്കുമ്പിളില്‍ കോരിയെടുത്തു. ഹൃദയത്തോട് ചേര്‍ത്തുവച്ച്, മെടഞ്ഞു കെട്ടി ഊഞ്ഞാലുണ്ടാക്കി.

ആകാശവും തുളച്ചുവളർന്നുപോയ മരത്തിന്‍റെ ശിഖരത്തില്‍ മേഘക്കീറുകള്‍ക്കിടയിലൂടെ മഴവില്ലൂഞ്ഞാലില്‍ അവളിരുന്നാടി.

ഏഴു നിറങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും ചേതോഹരമായ ഒരു കാലം.

ഒരു നാള്‍ അവൾ ആ മഴവില്ലിനോടൊപ്പം പൂർണ്ണമായും മഞ്ഞിലലിഞ്ഞുപോവുകയുംചെയ്തു.

അവളെ സ്വപ്നം കാണാന്‍ പഠിപ്പിച്ചത് അവനാണ്. ഏഴു നിറങ്ങളുള്ള സ്വപ്‌നങ്ങള്‍!

11 അഭിപ്രായങ്ങൾ:

 1. പുല്‍ക്കൊടിത്തുമ്പില്‍നിന്നും ഇറ്റു വീഴാന്‍ ഒരുങ്ങിനിന്ന മഞ്ഞു തുള്ളിയെടുത്ത് അവന്‍ അവളുടെ നെറ്റിയില്‍ അര്‍പ്പിച്ചു. അനുരാഗത്തിന്‍റെ ഒരു ഹേമന്തം അവളെ ആലിംഗനമായി പൊതിഞ്ഞു. ഒരു പൂക്കാലം അതുകണ്ട് കോരിത്തരിച്ചു. നാണത്തിന്‍റെ പുതുഗന്ധം നുകര്‍ന്നുകൊണ്ട് കാറ്റെങ്ങോ വിരുന്നു പോയി.

  മറുപടിഇല്ലാതാക്കൂ
 2. ഹാബി ...തീക്ഷ്ണമായ സ്നേഹം മൌനത്തിൽ ഉറഞ്ഞ്‌ പോയല്ലോ...അവസാനം ധൃതിപ്പെട്ടോ അത് എഴുതി തീർക്കാൻ ?

  മറുപടിഇല്ലാതാക്കൂ
 3. "അനുരാഗത്തിന്‍റെ ഒരു ഹേമന്തം അവളെ ആലിംഗനമായി പൊതിഞ്ഞു. ഒരു പൂക്കാലം അതുകണ്ട് കോരിത്തരിച്ചു. " വെള്ളി മേഘങ്ങള്‍ നീലസരോവരത്തില്‍ അരയന്നങ്ങളായി നീന്തിത്തുടിച്ചു" "നിശബ്ദത, റോസാപ്പൂവിന്‍റെ മുള്ളുപോലെ അവളുടെകവിളില്‍ കോറി."

  പ്രണയനഷ്ടം അതിമനോഹരമായി വരച്ചു കാട്ടിയ ഒരു ഗദ്യകവിതയാണിത്. എനിക്കേറെ ഇഷ്ടം.

  മറുപടിഇല്ലാതാക്കൂ
 4. മഞ്ഞുണ്ട്, മഴയുണ്ട്, മലയുണ്ട്, കാറ്റുണ്ട്, കാടുണ്ട്‌, കാട്ടാറും ഉണ്ട്, പോരുന്നോ കൂട്ട് കൂടാന്‍? വരുന്നോ ഈ കൂട്ടിലേക്ക്”..

  അവള്‍ കൂട്ടിലേക്ക് നോക്കി.

  ഓടിച്ച് പറഞ്ഞത് പോലെ അനുഭവപ്പെട്ടു.
  മനോഹരം ഈ ഓര്‍മ്മകള്‍.

  മറുപടിഇല്ലാതാക്കൂ
 5. ചില പ്രണയങ്ങൾ അങ്ങിനെയാണ് വിമാനത്തിൽ സഞ്ചരിക്കുന്നത് പോലെ എത്ര വേഗത്തിൽ പറക്കുന്നുന്ടെങ്കിലും നമ്മൾ അറിയില്ല. അത്രയ്ക്ക് തീവ്രമായിരിക്കും നമ്മുടെ വികാരങ്ങൾ, പ്രണയം എന്ന വികാരം മഞ്ഞു പോലെ ഉറഞ്ഞാൽ അത് പോലെ മധുരിക്കും എന്നും മഞ്ഞു പോലെ മാഞ്ഞു പോകുമെന്നും ഈ വരികൾ പറയുകയല്ല അനുഭവിപ്പിക്കുകയാണ്‌ ടിപ് ഓഫ് ഐസ് ബർഗ് കൊണ്ട് മഞ്ഞു മലയുടെ ആഴം അളക്കുന്നു കഥ മൊത്തത്തിൽ

  മറുപടിഇല്ലാതാക്കൂ
 6. ‘ഊഷ്മളം എന്ന്പറയാവുന്ന,അവശേഷിച്ച വളരെ കുറച്ചു ഓര്‍മ്മകളെ,നെഞ്ചിലേറ്റി ഇടയ്ക്കൊരു ദീര്‍ഘ നിശ്വാസത്തിന് വഴിമാറി അവളും, അത് കണ്ടാലും കണ്ടില്ലെങ്കിലും നിസ്സംഗതയുടെ മൂര്‍ത്തിമദ്ഭാവമായി അവനും ഒരേ വീട്ടില്‍ ഒരുപാടകലത്തില്‍ കഴിഞ്ഞു.പകരാത്ത ചുംബനത്തിന്‍റെ പതിക്കാത്ത നിശ്വാസത്തിനായ് കാത്തിരുന്ന് അവള്‍ ഘനീഭവിച്ചു....”

  എല്ലാ അടുപ്പങ്ങളും ഇങ്ങിനെ ഒരിക്കൽ ആകും അല്ലേ...?

  മറുപടിഇല്ലാതാക്കൂ