2013, ജൂൺ 8, ശനിയാഴ്‌ച

വാടകക്കൊരു ചെരുപ്പ്



കുറെ ദൂരെയാണ് മനക്കുളങ്ങര സ്കൂള്‍ . അഞ്ചാം തരം പഠിച്ചത് അവിടെയാണ്. നല്ല വഴിയിലൂടെയാണെങ്കില്‍ മൂന്നു കിലോമീറ്റര്‍ നടക്കണം, പാടവരമ്പത്തൂടെയാണെങ്കില്‍ രണ്ടു കിലോമീറ്റര്‍ മതി. മഴക്കാലമായാല്‍ പാടത്തുകൂടെ പോകാന്‍ പറ്റില്ല. തോടുകള്‍ നിറഞ്ഞു കവിഞ്ഞൊഴുകും, നടവരമ്പുകള്‍ അപ്രത്യക്ഷമാകും. അങ്ങനെയാണ് ഞാനൊരിക്കല്‍ പാടത്തുള്ള ഒരു കിണറില്‍ അറിയാതെ വീണത്‌ . പലതവണ മുങ്ങി പൊങ്ങിയ എന്നെ കൂട്ടുകാരാണ് കൈപിടിച്ച് വലിച്ചു കയറ്റിയത്. മഞ്ഞുകാലത്ത് വയലുകളില്‍ ആരെങ്കിലും കപ്പലണ്ടി കൃഷി ചെയ്യും. ഞങ്ങള്‍ സ്കൂളു വിട്ടു വരുമ്പോള്‍ കപ്പലണ്ടിച്ചെടിയുടെ കട പറിച്ച്കുടഞ്ഞ്‌ തോടു പൊട്ടിച്ചു പച്ചക്കപ്പലണ്ടി കഴിക്കും, വയലുടമ ഓടിക്കുന്നതുവരെ.


രാവിലെ ഒന്‍പതുമണിയോടെ വീട്ടില്‍നിന്നും ഇറങ്ങിയാല്‍ ഓരോരുത്തരുടെയും വീടിന്‍റെ പടികളില്‍ കാത്തുനിന്ന് കൂട്ടുകാരെയെല്ലാം ആനയിച്ചു മന്ദം മന്ദം നടന്നുനീങ്ങും സ്കൂളിലേക്ക്. ഇല്ല്യാത്തതും ഉള്ളതുമായ കഥകള്‍ അതിശയോക്തി കലര്‍ത്തി വര്‍ണ്ണിച്ചു നടക്കുമ്പോള്‍ വഴിയുടെ നീളം കുറഞ്ഞു വരും.



ഷാനിയുടെ അലുമിനിയത്തിന്‍റെ ചോറ്പാത്രത്തിലാകും എന്‍റെ ശ്രദ്ധ. വീട്ടില്‍നിന്നും കഴിക്കുന്ന പ്രാതല്‍ അമ്മയെ ബോധ്യപ്പെടുത്താന്‍ മാത്രം. സ്കൂളെത്തുംമുന്‍പേ ഏതെങ്കിലും വേലിയരികില്‍ ഒതുങ്ങിയിരുന്ന് ഷാനൂന്‍റെ പാത്രം തുറക്കും. റേഷനരിച്ചോറിന്‍റെ കുത്തുന്ന മണം പൊങ്ങും. അതിന്‍റെ ഒരു വശത്തെവിടെയെങ്കിലും കാണും ഒരു മുളക് ചമ്മന്തി. ചിലപ്പോള്‍ ചോറില്‍ കുഴഞ്ഞു അത് കാണാതിരിക്കാനും മതി. ആര്‍ത്തിയോടെ അത് വാരിയുണ്ണും. ഉച്ചഭക്ഷണത്തിനു മണിയടിച്ചാല്‍ ഷാനൂനു എന്‍റെ ചോറു കൊടുക്കും. ഞാന്‍ ദേവസ്യേട്ടന്‍റെ പീടികേന്നു പല്ലൊട്ടി മിഠായിയോ പുളിയുണ്ടയോ തേന്‍നിലാവോ വാങ്ങി കഴിക്കും. 


എവിടുന്നാണ് അതിനുള്ള കാശെന്നല്ലേ? അതൊരു കഥയാണ്‌, പറയാം.


ഞങ്ങളുടെ കൂട്ടത്തില്‍ കുറെ തലതെറിച്ച ആണ്‍കുട്ടികളുണ്ടായിരുന്നു. വീടിന്‍റെ പരിസരം വിട്ടാല്‍ അവര്‍ കണ്ട പറമ്പിലെയൊക്കെ കശുമാവിലെ കശുമാങ്ങ എറിഞ്ഞുവീഴ്ത്തി പെറുക്കിക്കൂട്ടും. ഞാനും കൂടും അവരുടെ കൂടെ. കശുവണ്ടി ബാഗില്‍ ഇട്ടു സ്കൂളിലേക്ക് നടക്കും, അവിടെച്ചെന്നാല്‍ നേരെ ദേവസ്യേട്ടന്‍റെ പെട്ടിക്കടയിലേക്ക് പായും. ആരെങ്കിലും കാണും മുന്‍പ് “വേഗം പൈസ തരു” എന്ന് പറയും. ദേവസ്യേട്ടനാണെങ്കില്‍ ഇതുതന്നെ താപ്പെന്നു കരുതി പകുതി പൈസ പോലും തരില്ല. ഒന്നും പറയാതെ, കിട്ടുന്ന പൈസക്ക് മിഠായികള്‍ വാങ്ങി കഴിക്കും.



കളിക്കാനുള്ള മണിയടിക്കുന്ന സമയത്ത് വരുന്ന ഐസ് ഫ്രൂട്ട് കാരന്‍റെ പെട്ടിയിലെ കോലൈസും പാലൈസും വാങ്ങാനുള്ള പൈസ മിച്ചം വയ്ക്കും. സ്കൂളിന്‍റെ മതിലില്‍ ചാരി നിന്നു ഐസ് കഴിക്കുന്നത്‌ വലിയച്ഛന്‍റെ മകന്‍ അതിലേ സൈക്കിളില്‍ പോകുമ്പോള്‍ കണ്ടു, അമ്മയോട് പറഞ്ഞു, തല്ലും കിട്ടി. അതിനു ശേഷം പാത്തും പതുങ്ങിയുമാണ് ഐസ്ഫ്രൂട്ട് വാങ്ങികഴിക്കാറുള്ളത്. ഇതൊരു സ്ഥിരം കലാപരിപാടിയായി അരങ്ങേറിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഒരു സംഭവം ഉണ്ടായി..

എന്‍റെ ബന്ധുകൂടിയാണ് കശുമാവു തോട്ടത്തിന്‍റെ ഉടമ, ഇന്താണിയമ്മൂമ്മ. അമ്മൂമ്മക്ക്‌ സ്വല്പം വട്ടുണ്ടെന്നു കുട്ട്യോളൊക്കെ പറയാറുണ്ട്. “ഇന്താണി” കുറ്റപ്പേരാണ്, ശരിക്കുള്ള പേര് എനിക്കറിയില്ല. ഒരു ദിവസം ഇന്താണി ഞങ്ങളെ ഒളിച്ചിരുന്നു പിടിച്ചു.

“നീയേതാടീ ഈ ആണ്‍പടക്കിടയില്‍ പെണ്ണൊരുത്തി?”
വീട്ടുപേരെന്താടി? തല്ലുമോ എന്ന് പേടിച്ച് ഞാന്‍ ഉള്ളത് പറഞ്ഞു.

“മുണ്ടക്കല്‍ വിജയന്‍റെ മകളാണ്”.

“ഹമ്പടി നീയാളു കൊള്ളാലോ.” –അമ്മൂമ്മ പറഞ്ഞു. ഞാന്‍ നിന്‍റെ അച്ഛനെ കാണട്ടെ. ഹും .. ഇപ്പോ നീ പൊയ്ക്കോ.”

തല്‍ക്കാലം തല്ലുകിട്ടിയില്ല, എന്നോടൊപ്പം മറ്റുള്ളവരും രക്ഷപ്പെട്ടു.പക്ഷെ അധികം താമസിയാതെ ശരിക്കു തല്ലുകൊള്ളിക്കാനുള്ള വകുപ്പുമായി ഇന്താണി രംഗത്ത് വന്നു.

ഒരു ഞായറാഴ്ച , ബന്ധുവിന്‍റെ കല്ല്യാണത്തിന് പോകാന്‍ അമ്മക്ക് ഒഴിവില്ല്യാത്തതിനാല്‍ പകരം എന്നെ അയച്ചു. തല കാണിച്ചെന്നു വരുത്തണം എന്നുള്ള കല്ല്യാണങ്ങള്‍ക്കു എന്നെയാണ് അയച്ചിരുന്നത്. കുറെ മുതിര്‍ന്ന ആള്‍ക്കാരുടെയിടയില്‍ ഞാന്‍ മാത്രമുണ്ടാകും ഒരു കുട്ടി. അവിടെ കയ്യും കാലും കെട്ടിയിട്ടപോലെ ഇരിക്കണം. എനിക്ക് ഇത്രയും വെറുപ്പുണ്ടാക്കിയിരുന്ന ഒരു പരിപാടി വേറെയില്ലായിരുന്നു. അങ്ങനെ ആ കല്ല്യാണത്തിനും ഞാനിരയാകേണ്ടിവന്നു.

നല്ല ഒന്നാന്തരം സദ്യ ഉണ്ടശേഷം ഉഷ്ണം തീര്‍ക്കാനായി പങ്ക കറങ്ങുന്ന ഒരു മുറിയില്‍ ഞാനും ബന്ധുജനത്തിന്‍റെ കൂടെയിരുന്നു. അപ്പോള്‍ എന്നെ നടുക്കിക്കൊണ്ട് അതാ ആ ശബ്ദം......

“ ഡീ.... നീ വിജയന്‍റെ മോളല്ലേ?”

“ഇന്താണി അമ്മൂമ്മ ഇവിടെയും അവതരിക്കേണ്ട കാര്യം എന്താണി” എന്ന് ഞാന്‍ ആത്മഗതം നടത്തുമ്പോഴേക്കും...

“അതേ”...എന്തേ?”

ആകാംക്ഷയോടെ മറുപടി പറഞ്ഞത് ഞാനല്ല...കൂടെയിരുന്നിരുന്ന ആരോ ആയിരുന്നു.

“ഹമ്പടി കേമീ...”

“ഇവളാണ് എന്‍റെ കശുമാവ് മുഴുവനും തല്ലിക്കൊഴിച്ചു കശുവണ്ടി കക്കുന്നവള്‍ . ഇവളെ ഞാന്‍ പിടിക്ക്യാനിരിക്ക്യായിരുന്നു. എവിടെ ഇവള്‍ടെ അമ്മ?”

മുറിയില്‍ തിരിയുന്ന പങ്കയെക്കാള്‍ വേഗത്തില്‍ എന്‍റെ തല കറങ്ങി. എനിക്ക് കണ്ണ് കാണുന്നില്ലേ? ഇല്ല്യ..ആരെയും കാണുന്നില്ല..എല്ലാം ഒരു പുക പോലെ...

“അന്ന്...ആ കശുമാവിന്‍തോട്ടത്തില്‍ വച്ചു കയ്യോടെ പിടിച്ചപ്പോള്‍ എന്നെ തല്ലാമായിരുന്നില്ലേ ഭ്രാന്തത്തിയമ്മൂമ്മേ...എന്തിനാണിന്താണി എന്നെ ഇങ്ങനെ നാണം കെടുത്തിയത്”.....എനിക്ക് അലറി കരയാന്‍ തോന്നി.

ഈ സംഭവത്തോടെ കശുവണ്ടി വിറ്റ് പല്ലൊട്ടി വാങ്ങാമെന്ന പ്രതീക്ഷ അസ്ഥാനത്തായി. പക്ഷെ അടുത്തുതന്നെ വേറൊരു വഴി തുറന്നു.

സ്കൂളിനു യൂണിഫോം ഇല്ലാത്ത കാരണം ഗള്‍ഫീന്ന് ബന്ധുക്കള്‍ തരുന്ന നല്ല ഉടുപ്പുകളണിഞ്ഞു, ചെരിപ്പിട്ട് വാച്ചും കെട്ടിയാണ് ഞാന്‍ പോയിരുന്നത്. കൂട്ടത്തിലാര്‍ക്കും അത്തരം ഉടുപ്പുകളോ ചെരുപ്പോ വാച്ചോ ഇല്ലായിരുന്നു. എന്‍റെ വാച്ചും ചെരുപ്പും അവരിലാരെങ്കിലും ഇടാന്‍ ചോദിക്കുമ്പോള്‍ കൊടുത്തിട്ട് ഞാന്‍ കല്ലും മുള്ളും ചവിട്ടി സ്കൂള്‍ വരെ നടക്കും. അതൊരു സ്ഥിരം ഏര്‍പ്പാടായപ്പോള്‍ എനിക്ക് കാലു വേദനിക്കാന്‍ തുടങ്ങി. വാച്ച് കെട്ടിക്കോട്ടെ, പക്ഷെ ചെരിപ്പിടാതെ നടക്കാന്‍ പ്രയാസം...

കുറച്ചു ദിവസം ചെരുപ്പ് കിട്ടാതായപ്പോള്‍ രമ ചോദിച്ചു:
“വാടക തരാം, ഇടാന്‍ തര്വോ”

ഞാന്‍ ആശങ്കയിലായി.

അവള്‍ പറഞ്ഞു, “പതിനഞ്ചു പൈസ തരാം, ഒരു ദിവസം അങ്ങോട്ടുമിങ്ങോട്ടും ചെരുപ്പിടാന്‍ തരണം.” മറ്റുള്ളവരും അതേറ്റു പിടിച്ചു.

കശുവണ്ടിക്കച്ചവടമാണെങ്കില്‍ ഇന്താണി കുന്തത്തില്‍ കോര്‍ത്തില്ലേ.

മനസ്സില്‍ ഒരു പല്ലൊട്ടി പൊട്ടി. പതിനഞ്ചു പൈസക്ക് മൂന്നു പല്ലൊട്ടി കിട്ടും..

അങ്ങനെ ഞാന്‍ വീണ്ടും കല്ലും മുള്ളും ചവിട്ടി നടക്കാന്‍ തുടങ്ങി, ആരെങ്കിലുമൊക്കെ ചെരുപ്പിടും, എനിക്ക് പതിനഞ്ചു പൈസ തരും. പത്തു പൈസയേ ഉള്ളൂവെങ്കില്‍ പകുതി വഴിവരെയേ കൊടുക്കുള്ളൂ. അല്ലെങ്കില്‍ ഒരു ചെരുപ്പ് അവരും ഒരു ചെരുപ്പ് ഞാനും ഇട്ടു നടക്കും. പിന്നീട് പൈസ ഒപ്പിക്കാന്‍ രമയ്ക്കും കൂട്ടുകാര്‍ക്കും പറ്റാതായി. അപ്പോഴേക്കും ഒരു കൊല്ലം അവസാനിക്കാറായിരുന്നു. ചെരിപ്പില്ലാത്ത പാദങ്ങളുമായി അവര്‍ നടന്നകന്നു, പല വഴികളിലേക്ക്. ഞാന്‍ കൊടകര ഗവര്‍മെന്റ് ഗേള്‍സ്‌ ഹൈസ്കൂളിലേക്കും. തിരിഞ്ഞു ചിന്തിക്കുമ്പോള്‍ അറിയുന്നു, എന്തൊരു നികൃഷ്ടജീവിയായിരുന്നു ഞാന്‍ !  പക്ഷേ വെറുതെയല്ലല്ലോ “പല്ലൊട്ടീം ഐസ്രൂട്ടും” വാങ്ങാനല്ലേ! അല്ലപിന്നെ!

11 അഭിപ്രായങ്ങൾ:

  1. സ്കൂളെത്തുംമുന്‍പേ ഏതെങ്കിലും വേലിയരികില്‍ ഒതുങ്ങിയിരുന്ന് ഷാനൂന്‍റെ പാത്രം തുറക്കും. റേഷനരിച്ചോറിന്‍റെ കുത്തുന്ന മണം പൊങ്ങും. അതിന്‍റെ ഒരു വശത്തെവിടെയെങ്കിലും കാണും ഒരു മുളക് ചമ്മന്തി. ചിലപ്പോള്‍ ചോറില്‍ കുഴഞ്ഞു അത് കാണാതിരിക്കാനും മതി. ആര്‍ത്തിയോടെ അത് വാരിയുണ്ണും.

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2013, ജൂൺ 8 1:16 PM

    Habby, pallotty AANA CHAVITTY yano...???indhani ammoommakku idhinte vella kaaryom undayirunno..chumma pillere minakkeduthan...

    മറുപടിഇല്ലാതാക്കൂ
  3. ആരാണ് അഭിപ്രായം എഴുതിയതെന്നു കൂടി എഴുതാമായിരുന്നു..ഞാന്‍ എങ്ങനെ അറിയാനാണ്!

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2013, ജൂൺ 8 10:35 PM

    habssssssssss adhu ee paavan njana..............

    മറുപടിഇല്ലാതാക്കൂ
  5. അപ്പോ പണ്ടൊരു ഷൈലോക്ക് ആയിരുന്നൂല്ലേ...

    ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷരുള്ളകാലംന്ന് ഒരു കവി പാടീതുപോലെയാണോ ഇപ്പോഴും കാര്യങ്ങള്‍? ഹഹഹ..

    മറുപടിഇല്ലാതാക്കൂ
  6. മനസ്സില്‍ ഒരു പല്ലൊട്ടി പൊട്ടി..

    പതിനഞ്ചു പൈസക്ക് മൂന്നു പല്ലൊട്ടി കിട്ടും..!

    വീണ്ടും മനസ്സില്‍ മൂന്ന് പ പല്ലൊട്ടി പൊട്ടി....

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍2013, ഓഗസ്റ്റ് 4 9:47 AM

    kashtam..oru pallotti mittayikku vendi.......???????? vadakakkoru cheruppu....

    മറുപടിഇല്ലാതാക്കൂ
  8. എന്താ ദേവസ്യേട്ടന്റെ പെട്ടിക്കടേലെ പേര് തേൻ നിലാവ്..ആഹാ....ഐസ്രൂട്ടും പാലൈസും പഞ്ഞിമുട്ടായിയുമൊക്കേ ചെറുപ്പത്തില് നമ്മടേം വീക്നെസ് ആയിരുന്നു..പിന്നെ ഞങ്ങടെ നാട്ടിൽ പറയുന്ന റബ്ബറ് കട്ട. അതന്യാവും പല്ലെല്ലൊട്ടി. നല്ല സരസമായെഴുത്ത്..

    മറുപടിഇല്ലാതാക്കൂ