2013, ജൂൺ 1, ശനിയാഴ്‌ച

കുൽസു“ഞമ്മടെ ബീടിന്‍റെ മുന്നാമ്പര്‍ത്തെ വയ്മല് ബെല്ല്യൊരു കുയീണ്ട്, പടി എറങ്ങണോടത്തില് തന്നെ. ബല്ലാത്ത എടങ്ങേറാണ്. ഈ മയേത്ത് അതിൽ തോനെ ബെള്ളം ബന്നു മൂടി. അച്ചെങ്ങായിമാര് ഒന്ന് “ആക്ഷേപിച്ചാൽ” ഗവേർമെന്റ്റ് ബന്നു “ഫുൾപാത്ത്” കെട്ടി തരും. അതെങ്ങന്യാ , ബല്ല ഒത്തൊരുമീംഇണ്ടായാലല്ലേ!"

“ഞമ്മള്  ഓരൊപ്പനെ സോഹാര്‍ദ്ദത്തിലാണി , പശ്ശെ പറഞ്ഞിട്ട് കാര്യല്ല്യ.ഇക്കാനോട് ഞാമ്പറഞ്ഞി നുമ്മക്ക് ആക്ഷേപിക്കാംന്നു.മൂപ്പര് "തമ്മസി"ക്കുന്നില്ല. എന്നിട്ടിപ്പോ ഇക്കു കുയി നീന്താറായി . ഓരൊക്കെ അപ്പര്‍ത്തെ മതില് ചാടി കടന്നു ബരേം പോവേം ചെയ്യണ്. ഞമ്മക്ക് എടങ്ങേറായി. അല്ലാത്തപ്പയൊക്കെ ആ ബല്ല്യ ബണ്ടി ബന്നു ബെള്ളം കോരി കൊണ്ടോം. മയ പെയ്തീനിക്കൊണ്ട് ആ ബണ്ടീം ബന്നില്ല”. “അതാ ബരാന്‍ ബെയ്കീത്”.


ഇതും പറഞ്ഞു കുൽസു കോണി പടി കയറി പോയി , അലക്കിയ തുണികൾ വിരിച്ചിടാൻ.


മഴ പെയ്തപ്പോള്‍ വീടിനു മുന്പിലുള്ള കുഴിയില്‍ വെള്ളം കെട്ടി കിടക്കുന്നു. ഒന്ന് അപേക്ഷിച്ചാല്‍ ഗവേർമെന്റ്റ് കുഴി മൂടി ഫുട്പാത്ത് കെട്ടിതരും , അതിനു കെട്ട്യോനെന്നു പറയപ്പെടുന്ന ആള് സമ്മതിക്കുന്നില്ല എന്നാണു കുല്‍സു പറഞ്ഞത്. കുല്‍സു പറയാന്‍ തുടങ്ങിയാല്‍ പിന്നെ എന്‍റെ ശബ്ദം മുങ്ങിപോകും. വല്ലതും പറയണമെങ്കില്‍ ഞാന്‍ ഉച്ചത്തില്‍ ഓളിയിടണം. അത് കേട്ടാല്‍ വഴക്കു കൂടുകയാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും. അതുകൊണ്ട് കുല്‍സൂന്‍റെ സിദ്ധാന്തങ്ങള്‍ കേട്ട് അധികവും ഞാന്‍ മിണ്ടാതെ നില്‍ക്കും.


“തുണി മടക്കി ബന്നിട്ടു ഓഫൻ തുടക്കാം”. കുൽസു മുൻപ് നിന്നിരുന്ന വീട്ടില്‍ ഇത് പോലെ വലിയ ഓവൻ ഉണ്ടായിരുന്നുത്രേ. ഓവനില്‍ വച്ചുണ്ടാക്കുന്ന ഒരുപാട് വിഭവങ്ങള്‍ കുല്‍സൂനറിയാം. ഒരു ദിവസം കുൽസു ഓവനിൽ നല്ലൊരു നോണ്‍ സ്ടിക്കിൻറെ പാത്രം എടുത്തങ്ങു വച്ചു. മുൻപരിചയം ഉള്ളതാണല്ലോ എന്ന് വിചാരിച്ചു ഞാനൊട്ടു ആ വശത്തേക്ക് ശ്രദ്ധ്ധിച്ചതുമില്ല. അര മണിക്കൂർ കഴിഞ്ഞു നോക്കുമ്പോൾ ഓവനിൽ നിന്നും എടുത്ത പാത്രവുമായി കുൽസു നില്ക്കുന്നു. അതിന്‍റെ പ്ളാസ്റ്റിക് പിടി മുഴുവനും ഉരുകിയൊലിച്ചിരുന്നു . ഞാനൊന്നും പറയാതെ നോക്കി നിന്നപ്പോൾ കുൽസു പറഞ്ഞു തുടങ്ങി. "ആ സുഡാനിത്തള്ള മേടം” ഇങ്ങനത്തെ പാത്രങ്ങളൊക്കെ ഓഫെനിൽ വക്കാറുണ്ട്. ഒന്ന്വാവില്ല്യ. ഇബടത്തെ ഓഫെനു എന്തോ കൊയപ്പണ്ടായ്നെകൊണ്ടാ”.


പച്ചക്കറി അരിയാനോ ഉള്ളി തൊലി കളയാനോ കുല്‍സുവിനെ ഏല്‍പ്പിച്ചാല്‍ പിന്നെ വേറൊരു പണിയും അന്ന് നോക്കണ്ട. തിരക്ക് കൂട്ടിയാല്‍ പറയും, “ ആടക്ക്, പുയൂണ്ടോന്നു നോക്കണ്ടീനു”. ആഴ്ചയില്‍ രണ്ടു തവണ കുളിമുറികള്‍ കഴുകും കുല്‍സു. ഇടയിലൊരു തവണ കൂടി കഴുകാന്‍ പറഞ്ഞാല്‍ വരും മറുപടി “ഇങ്ങക്കു കുളിക്കുമ്പോ ലേശം ബെള്ളം പാര്‍ന്നു ബൈവറോണ്ട് ബ്രുത്യാക്കികൂടേനൂ, ലാബിഷായിട്ടു കയുകാന്‍ നിക്കണ്ട” .

"ലാവിഷ്” , വൈപ്പര്‍ "എന്നൊക്കെയാകും  ഉദ്ദേശിക്കുന്നതെന്ന് ഞാന്‍ ഊഹിക്കും.


ഫ്രിഡ്ജിന്‍റെ മുകള്‍ ഭാഗം തുടയ്ക്കാന്‍ പറഞ്ഞാല്‍ പറയും “അയ്ന്‍റെ മോളില് പൊത്തിപിടിച്ച്‌ കേറീട്ടു എടങ്ങേറാവാന്‍ ഇയ്ക്ക് ബയ്യെന്‍റെ റബ്ബേ, ഇമ്മാതിരി പണിയൊന്നും ഇയ്ക്കു ശീലല്ല്യ.”


ഇനീപ്പോ എന്ത് പണി കൊടുക്കും കുല്‍സൂനു?


“ആ മീനൊന്നു കഴുകി മസാല തേച്ചു തരാമോ”? ഞാന്‍ ചോദിക്കും.


“ന്‍റെ പൊന്നാര ഹാബീ ഇയ്ക്ക് മീന്‍ നേര്യാക്കി ശീലല്ല്യ. ഇന്‍റെ ബീട്ടില് ബരേയ്ക്കും ഇക്കാനോട് പറയലാണ് ഞാന്‍
അയിറ്റാല് കഴിഞ്ഞീസം ഞാന്‍ ഇബടന്നു മീന്‍ നന്നാക്കീട്ടു ബണ്ടീല്‍ കേറീപ്പോ ഇക്കയ്ക്ക് ചൂടായിനു. മൂപ്പര് പറഞ്ഞു “അന്നെ മീന്‍ മണക്കണല്ലോ ശെയ്താനെ, ബണ്ടി മുയോന്‍ ബെടാക്കാക്കീ ഇയ്യ്. ഇത് ബാടക ഓടണ ബണ്ട്യാണ്, ഇമ്മാതിരി മണോം കൊണ്ട് കേറ്യാല്‍ ഓരെന്നെ തല്ലും”

“അന്നു ഇക്കയ്ക്ക് നല്ലോം ദേശ്യം പിടിച്ചീനു”.. കുല്‍സു നെറ്റി ചുളിച്ചു.

“ഇപ്പോ ഇയ്യൊരു പണി ചെയ്യ്‌. ആ “ഫെര്‍ഫ്യും” ഇങ്ങടെടുതാള. ഞാന്‍ ബേം ബേം നേര്യാക്കിത്തരാം”. കുല്‍സു പറഞ്ഞു.

എന്‍റെ വീട്ടില്‍ ഞാന്‍ പണിക്കാരിയും കുല്‍സു “മേട”വും ആണ്. മടിയിലിട്ടു പേരിട്ട പോലെയാണ് കുല്‍സു എന്നെ വിളിക്ക്യാ. “മേടം” പറയുന്നത് ഞാന്‍ അനുസരിക്കണമല്ലോ. അങ്ങനെ മീനേക്കാള്‍ വിലയുള്ള എന്‍റെ perfume bottle ഞാന്‍ അടുക്കളയില്‍ കൊണ്ട് വച്ചു. മീന്‍ നന്നാക്കാനുള്ളപ്പോഴൊക്കെ കുല്‍സു മേലാകെ സുഗനധം വാരിപൂശി പോയി.

കുല്‍സു ...ഞാന്‍ വിളിച്ചു.

“എന്തെയ്നു” കുല്‍സു ചോദിച്ചു.

“ഉമ്മറം വല്ലാതെ വൃത്തികേടായിരിക്കുന്നു. ഒന്ന് അടിച്ചുവാരാമായിരുന്നു”.

“അത് ലാസ്റ്റ്ല് സമാധാനപരമായി ചെയ്യാം. ഇരുടാവട്ടെ. അല്ലെങ്കില്‍ അപ്പര്‍ത്തൊള്ള കൂട്ടര് നോക്കി നിക്കും. ഇയ്ക്ക് കൊറച്ചിലാവും. തന്ന്യോല്ല ഇപ്പൊ പൊറത്ത് നല്ല കാറ്റാണ്. ആ പൂയി ഒന്നായി ന്‍റെ കണ്ണിലും മൂക്കിലും കേറും. പിന്നെ ആകെ ചൊറയാകും”. എല്ലാം “സമാധാനപരമായി” ചെയ്യുന്ന കുല്‍സു മണിക്കൂറിനു പൈസയുടെ കണക്കു പറയുമ്പോ പോകുന്നത് എന്‍റെ സമാധാനമാണ്. ( ഇടയ്ക്കിടെ കുല്‍സു തെറ്റില്ലാതെ പറയുന്ന വാക്കാണ്‌ “സമാധാനപരമായി” ).

“ഇയ്ക്കൊരു പത്തു റിയാല്‍ ബേണം, ന്‍റെ ക്രീമൊക്കെ തീര്‍ന്നുപോയി”. കുല്‍സൂനു മുഖത്തു പുരട്ടാന്‍ ഫെയര്‍ ആന്‍ഡ്‌ ലൌലി, മേല് പുരട്ടാന്‍ യാര്‍ഡ്‌ലി ക്രീം , പിന്നെ നല്ല മണമുള്ള അത്തറു.. മാസം പത്തു റിയാല്. . .

വര്‍ഷങ്ങളായി കുല്‍സുവും ഞാനും ഇങ്ങനെ “എടങ്ങേറും ചൊറ”യുമായി വളരെ “സമാധാനപരമായി” പോകുന്നു. ഇതെല്ലാം കാണുന്ന ഗൃഹനാഥന്‍ ചോദിക്കും “എന്നാപിന്നെ കുല്‍സൂനെ മാറ്റി വേറെ ആളെ എടുത്തുകൂടെ”? 

ഞാന്‍ പറയും “കക്കില്ല, ഏഷണി പറയില്ല. ഒരു ദിവസം പോലും മുടങ്ങില്ല. അതൊരു വല്ല്യ കാര്യമല്ലേ! കുല്‍സു തട്ടീം മൂളീം ഇവിടെ നില്‍ക്കട്ടെ. ഞാന്‍ സഹിച്ചു.”

18 അഭിപ്രായങ്ങൾ:

 1. “ഞമ്മടെ ബീടിന്‍റെ മുന്നാമ്പര്‍ത്തെ വയ്മല് ബെല്ല്യൊരു കുയീണ്ട്, പടി എറങ്ങണോടത്തില് തന്നെ. ബല്ലാത്ത എടങ്ങേറാണ്. ഈ മയേത്ത് അതിൽ തോനെ ബെള്ളം ബന്നു മൂടി. അച്ചെങ്ങായിമാര് ഒന്ന് “ആക്ഷേപിച്ചാൽ” ഗവേർമെന്റ്റ് ബന്നു “ഫുൾപാത്ത്” കെട്ടി തരും. അതെങ്ങന്യാ , ബല്ല ഒത്തൊരുമീംഇണ്ടായാലല്ലേ!"

  മറുപടിഇല്ലാതാക്കൂ
 2. കുത്സു പറയണതൊക്കെ ഒന്ന് മനസ്സിലാക്കിയെടുക്കാന്‍ ഇത്തിരി പാടുപെട്ടു കേട്ടോ

  മറുപടിഇല്ലാതാക്കൂ
 3. ആദ്യമൊക്കെ ഞാനും കുറേ പാടു പെട്ടു ...thank u so much Ajit

  മറുപടിഇല്ലാതാക്കൂ
 4. കുല്‍സുചരിതം വളരെ രസകരമായാണ് അവതരിപ്പിച്ചിരിക്കുന്നത്.കുല്‍സുവിനെ വായിക്കുന്നവരും ഇഷ്ടപ്പെട്ടു പോകുന്ന ഹൃദ്യമായ അവതരണവും അവസാനവും..

  മറുപടിഇല്ലാതാക്കൂ
 5. ഹാബി ചേച്ചീ ...കുൽസു കലക്കി ട്ടോ ... "ഇയ്ക്ക് ഓളെ സമാധാനപരമായിട്ട്‌ ഒന്ന് കണ്ടാ കൊള്ളാർന്ന്... " :P

  മറുപടിഇല്ലാതാക്കൂ
 6. അനിലകുട്ടീ .....താങ്ക്സ് ..ഈ കുല്‍സു എന്‍റെ വീട്ടില്‍ ഇപ്പോഴും ജീവനോടെയുണ്ട്. ആദ്യമൊക്കെ ആ ഭാഷ മനസിലാക്കാന്‍ ഞാനും ബുദ്ധിമുട്ടി. ഇപ്പോ ശീലമായി.

  മറുപടിഇല്ലാതാക്കൂ
 7. എല്ലാവര്‍ക്കും നന്ദി....

  മറുപടിഇല്ലാതാക്കൂ
 8. കുത്സുവിനെ കാണാന്‍ എന്റെ കൂട്ടുകാരില്‍ ചിലരൊക്കെ ബന്നിട്ടുണ്ടല്ലോ..? ഇനിയും വരും, ബന്നുകൊണ്ടേയിരിക്കും..

  മറുപടിഇല്ലാതാക്കൂ
 9. chirikkadhirikkan vayya habby..kulsu nannayittundu..

  മറുപടിഇല്ലാതാക്കൂ
 10. kulusu kalakki tto chirichu chirichu vayaru vedanikkunu ha ha ha

  മറുപടിഇല്ലാതാക്കൂ
 11. എന്താണപ്പാ ആ ഭാഷ.. ഞമ്മടെ വടക്കൻ മലബാർ ഭാഷ.. നോസ്റ്റാൽജിയ.. ആരാ ഖദ്ദാമ,ആരാ മേടം..

  മറുപടിഇല്ലാതാക്കൂ
 12. ഇബടെ ബരാൻ ബൈകി ന്നാലും എടങ്ങേരാകാണ്ട് ബായിച്ച് ഞാൻ കൈച്ചലാകാണേയ് :)

  മറുപടിഇല്ലാതാക്കൂ