2013, ജൂൺ 3, തിങ്കളാഴ്‌ച

പൂക്കുന്നിതാ കൊന്ന...ഇതൊരു വിസ്മയക്കാഴ്ചയല്ലെങ്കില്‍ പിന്നെന്താണ്! മെയ്-ജൂണ്‍ മാസങ്ങളില്‍  ഒമാനില്‍ വഴിയോരത്തും കടലോരത്തും ഉടനീളം പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്ന മരങ്ങള്‍ ......ഒരു അത്ഭുതം തന്നെ!. മേടമാസത്തില്‍ അല്ലെങ്കില്‍ ഏപ്രിലില്‍ നമ്മുടെ കേരളത്തില്‍ പൂക്കുന്ന കണിക്കൊന്നകള്‍ കാവടിയാടാന്‍ ഈ മരുഭൂമിയിലെത്തുന്നത് മെയ്‌ മാസത്തില്‍ . !...! !.


വിഷുപ്പുലരിയില്‍ കണികാണാന്‍ ഒരു കുല പൂവിനു വേണ്ടി കണ്ണും മനവും പരതുമ്പോള്‍ കിട്ടുന്നത് കടല്‍ കടന്നെത്തുന്ന വാടിയതും കരിഞ്ഞതുമായ കൊന്ന പൂക്കള്‍ . പേരിനൊരു പൂവ്!ഓരോ വിഷുവിനും മനസ്സ് പറക്കും ഓര്‍മയില്‍ ആദ്യം തെളിഞ്ഞ വിഷു കണി കാണുവാന്‍ . അമ്മ കണ്ണുപൊത്തിപ്പിടിച്ചു കൊണ്ടുപോയി കാണിച്ച കണിവിസ്മയം. വാഴയിലയില്‍ ചൂടോടെ പരത്തിയ വിഷുകട്ടയുടെ നറുമണത്തില്‍ പുലരുന്ന വിഷു. കറുപ്പും വെളുപ്പും ചിറകുകള്‍ വിരിച്ചുപിടിച്ചു പൂന്തോട്ടത്തില്‍ പാറിപ്പറന്ന കൊച്ചു വിഷുതുമ്പികള്‍ . ആഹ്ലാദത്തിന്റെ ചിറകടികള്‍ . നാട്ടു മാവിന്‍റെ ചില്ലകള്‍ കുലുക്കി താഴേക്കിട്ട മാമ്പഴം കൊണ്ടുണ്ടാക്കുന്ന മാമ്പഴ പുളിശ്ശേരി, വടക്കേ മുറ്റത്തെ താമരപ്ലാവിലെ, ഇടതൂര്‍ന്നു വിളഞ്ഞു പഴുത്തു കിടന്ന ഉണ്ടച്ചക്കകളുടെ തേനൂറുന്ന സമൃദ്ധി.ഇരുളില്‍ വിരിഞ്ഞമര്‍ന്ന വര്‍ണ്ണപ്പൊലിമ. മടിച്ചു നിന്ന നിലാവൊളിക്കു മാറ്റുകൂട്ടുവാന്‍ മാവിന്‍കൊമ്പില്‍ തൂക്കിയിട്ട ശരറാന്തലിലെ മിന്നുന്ന പൊന്‍തിരി. പൊട്ടിച്ചിരികളും പൊട്ടിത്തെറികളും. അരങ്ങുകെട്ടിയ മാലപടക്കത്തിനു പൂത്തിരി കൊളുത്തി തീ പടര്‍ന്നപ്പോള്‍ കാലില്‍ തട്ടിത്തെറിച്ച ഒറ്റപ്പടക്കങ്ങള്‍ , തിരിയാന്‍ മടിച്ചു ഗര്‍ജിച്ചു കിടന്ന തലച്ചക്രത്തെ ഒന്ന് തൊട്ടപ്പോള്‍ കൈവെള്ളയിലിരുന്നു ചീറിയ തീഗോളം, കമ്പിത്തിരിയുടെ കറുത്തു മെലിഞ്ഞ ഉടലില്‍ നിന്നും ചിന്നിച്ചിതറി തെറ്റി തെറിച്ചു മേലാകെ വീണ മഞ്ഞളിച്ച സ്വര്‍ണ്ണപ്പൂക്കള്‍ , ആകാശംമുട്ടനെ ഉയര്‍ന്നു പൊങ്ങി വെള്ളിതിരമാല തീര്‍ത്ത മേശപൂക്കള്‍ .!! .. ..കാലബന്ധമില്ലാതെ ഓടിയെത്തുന്ന ഓര്‍മകളില്‍ നനഞ്ഞ കണ്ണിന്‍റെ പകുതികാഴ്ചയില്‍ സ്മൃതിപദങ്ങളിലെ വസന്തങ്ങള്‍പോലെ.......... ഇവിടെ ഈ വഴികളില്‍ കാലം തെറ്റി വിരുന്നിനെത്തുന്ന മഞ്ഞപൂക്കള്‍ !!.... ...... .9 അഭിപ്രായങ്ങൾ:

 1. വിഷുപ്പുലരിയില്‍ കണികാണാന്‍ ഒരു കുല പൂവിനു വേണ്ടി കണ്ണും മനവും പരതുമ്പോള്‍ കിട്ടുന്നത് കടല്‍ കടന്നെത്തുന്ന വാടിയതും കരിഞ്ഞതുമായ കൊന്ന പൂക്കള്. പേരിനൊരു പൂവ്!

  മറുപടിഇല്ലാതാക്കൂ
 2. നമ്മള്‍ പരിസ്ഥിതിയെ കൊന്നുകൊണ്ടിരിക്കുന്നു, അപ്പോള്‍ കാലം മാറി കൊന്ന പൂക്കുന്നു. പൂക്കാത്തിടത്തും. ഇനി കാണാം ഈന്തപ്പനയും കേരളത്തില്‍ പൂത്തുലയുന്ന കാഴ്ച...

  കൂടെ പെട്രോള്‍ ഊറ്റാവുന്ന കിണറുകളും വന്നാല്‍ മതിയായിരുന്നു....

  മറുപടിഇല്ലാതാക്കൂ
 3. അത് കൊള്ളാം പ്രകാശേട്ടാ.....സംഭവിച്ചേക്കാം...

  മറുപടിഇല്ലാതാക്കൂ
 4. കര്‍ണ്ണികാരം പൂത്തുതുടുത്തൂ
  കല്പനകള്‍ താലമെടുത്തൂ

  മറുപടിഇല്ലാതാക്കൂ
 5. കൊന്നപ്പൂക്കളുടെ ഹൃദ്യത ഈ വരികള്‍ക്കും പകരാനായി.ഒപ്പം മാമ്പഴത്തിന്റെ മധുരവും കമ്പിത്തിരിയുടെ മന്ദസ്മിതവും..

  മറുപടിഇല്ലാതാക്കൂ

 6. ‘കാലബന്ധമില്ലാതെ ഓടിയെത്തുന്ന ഓര്‍മകളില്‍ നനഞ്ഞ കണ്ണിന്‍റെ പകുതികാഴ്ചയില്‍ സ്മൃതിപദങ്ങളിലെ വസന്തങ്ങള്‍പോലെ.......... ഇവിടെ ഈ വഴികളില്‍ കാലം തെറ്റി വിരുന്നിനെത്തുന്ന മഞ്ഞപൂക്കള്‍!!.... ...... .‘


  ഹാബിക്ക് എഴുത്തിന്റെ
  ഒരു വരം തന്നേയുണ്ട് കേട്ടോ


  മറുപടിഇല്ലാതാക്കൂ
 7. ഇവിടെ മുഴുവൻ കൊന്ന പൂത്ത്, റോഡായറോഡിലൊക്കെ പീതവർണം പ്രഭപരത്തി നിൽക്കയാണ്! :)

  വിഷു ആശംസകൾ :)

  മറുപടിഇല്ലാതാക്കൂ
 8. വിഷുക്കാഴ്ചകൾ... കാലം തെറ്റി പൂക്കുന്ന കൊന്ന. ഒരു കവിതയായിട്ടുണ്ട് ഇത്..

  മറുപടിഇല്ലാതാക്കൂ
 9. കുറച്ച് കൊന്നപ്പൂക്കള്‍ കമ്പോട് കൂടി ഇങ്ങോട്ട് അയക്കുക... അയക്കാനുള്ള സയ്യാര കിട്ടാനില്ലെങ്കില്‍ നീ തന്നെ നെല്ല് കറ്റ കെട്ടുന്ന മാതിരി കെട്ടി കിഴക്കോട്ട് നടന്നാല്‍ തൃശ്ശൂരായി.. കറ്റ തലയില്‍ വെക്കുമ്പോള്‍ പാറുകുട്ടിയെപ്പോലെ മുട്ടുവരെയുള്ള മുണ്ടും ജാക്കറ്റും മതി. അപ്പോള്‍ ചൂട് വരുമ്പോള്‍ കൂളിങ്ങ് കിട്ടും...

  i thought this is a brand new post.. U may write immediately a new post in connection with KONNA and VISHU. otherwise i have to send SLAPS by post.

  മറുപടിഇല്ലാതാക്കൂ