2013, ജൂൺ 16, ഞായറാഴ്‌ച

വില്വേച്ചിക്ക് കല്ല്യാണം


വില്വേച്ചി എന്തിനാ ഇങ്ങനെ നാണിച്ച് താഴേക്കുതന്നെ നോക്കിയിരിക്കണേ?


അല്ലെങ്കില്‍ എപ്പോ വന്നാലും വില്വേച്ചിക്ക് വെള്ളം കോരാനും, വാഴയില കൂട്ടി കരിപിടിച്ച പാത്രങ്ങള്‍ ചാരമിട്ടു കഴുകാനും, പാളാക്കു കൊണ്ട് നിലത്ത് ചാണകം മെഴുകാനുമുളള തിരക്കായിരിക്കൂലോ. ഇന്നിപ്പോ എന്താ ഇങ്ങനെ! 
 
ഇന്ന് വില്വേച്ചീടെ കല്ല്യാണമായിരുന്നു. അതാണ്‌ രാവിലെ തലയില്‍ ഒരു വട്ടേപ്പം കമഴ്ത്തിയ പോലെ മുല്ലപൂവും ഇടയിലോരോ ജമന്തി പൂവും വച്ചു പന്തലിനു നടുവിലിരുന്നത്. ആരുടെയോ മുടിവാറു കടംവാങ്ങി കൂട്ടി മെടഞ്ഞിട്ട്, മുട്ടോളം ഇറങ്ങി കിടന്നിരുന്നു മുടി. അതിലൊക്കെ പൂവുണ്ടായിരുന്നു. ഇപ്പോ ഒന്നൂല്ല്യ, കറുത്ത ഈര്‍ക്കിലി സ്ലയിടുകള്‍ ഊരിയെടുത്ത്‌ ഒരു ചെപ്പിലാക്കി, വാടിയ പൂക്കള്‍ ദേവക്യേച്ചി മുറ്റത്തേക്ക് എറിഞ്ഞു കളഞ്ഞു. മുടിവാറ് മുറിയിലെ ഓലച്ചുമരില്‍ തിരുകി വച്ചിട്ടുണ്ട്. ഇപ്പോ വില്വേച്ചി പഴയ ആളായി. പക്ഷെ എന്തിനാ ഇങ്ങനെ താഴേക്കു നോക്കിയിരിക്കണേന്നു മാത്രം മനസ്സിലാവണില്ല്യ. 


ഞാന്‍ സൂക്ഷിച്ചു നോക്കി, എങ്ങോട്ടാണ് നോട്ടം?. ഉറുമ്പുകള്‍ പഞ്ചാരയും തേങ്ങാപീരേടെ പൊടീം കൊണ്ടുപോകണത് നോക്ക്വാവും. എനിക്കും ഇഷ്ടാണ്, അത് നോക്കിയിരിക്കാന്‍ . കൊച്ചു ചൊമന്നുറുമ്പാണെങ്കില്‍ ഞാന്‍ വിരലുകൊണ്ട് ഒറ്റ തേമ്പ് കൊടുക്കും. എന്നെ കടിച്ചതിന്‍റെ ദേഷ്യം തീര്‍ക്കണ്ടേ!. കറുത്ത ഇക്കിളിയുറുമ്പുകളാണെങ്കില്‍ തൊടില്ല, മേലൊക്കെ കേറി ഇക്കിളിയാക്കും അവര്‍. കട്ടുറുമ്പാണെങ്കിലും തൊടാന്‍ പോവില്ല്യ, തലയിലെ തേങ്ങാത്തരി തട്ടിയിട്ട വാശിക്ക് നല്ല ഇറുക്ക്‌ വച്ചുതരും അത്.

ഇവിടിപ്പോ ഉറുമ്പൊന്നും ഇല്ല്യാലോ. അല്ലെങ്കിലും ഉറുമ്പിനെ നോക്കണേനു വില്വേച്ചിക്ക് എന്തിനാ ഇത്ര നാണം? എന്‍റെ ചോദ്യം കേട്ടപോലെ ചേച്ചി പറഞ്ഞു, “അതേയ്, കല്ല്യാണ പെണ്ണിന് നാണം ഉണ്ടാവുംന്നാ പറയണേ. അത് ഗോപ്യേട്ടനെ കണ്ടിട്ടാണ്”. 



എനിക്കെട്ടു വയസ്സ്, ചേച്ചിക്ക് ഒൻപതര, അന്യേത്തിക്ക് ഏഴ്. മൂന്നാളും വീട്ടീന്ന് കണ്ണ് വെട്ടിച്ച് കല്ല്യാണ വീട്ടിലെ വിശേഷം അറിയാന്‍ പോന്നതാണ്. മാമ്വേട്ടന്‍റെ പെങ്ങളാണ് വില്വേച്ചി. അവരുടെ വീടിന്‍റെ താഴത്താണ് ഞങ്ങളുടെ തറവാട്. നല്ല വിഷമുള്ള പുല്ലാനി മൂര്‍ഖന്‍ പങ്ങിയിരിക്കണ പുല്ലാനിക്കാട് കടന്നാണ് ഇങ്ങോട്ടെത്തിയത്.



ഞായറാഴ്ച്ചയായതിനാല്‍ അച്ഛനുണ്ട്‌ വീട്ടില്‍. ഞങ്ങളിങ്ങോട്ടു പോന്നതറിഞ്ഞാല്‍ വഴക്കു പറയും. എന്നാലും ഇവിടെന്താണ് നടക്കണേന്നറിയാതെ എങ്ങന്യാ അവിടിരിക്ക്യാ..? പഠിക്ക്യാനിരുത്തിയ മുറീന്നു ഒളിച്ചു പോന്നതാണ്. വേഗം തിരിച്ചു പോകാമെന്നാണ് വിചാരിച്ചത്. അതിനു വില്വേച്ചി ഇങ്ങനെ ഇരുന്നാലെങ്ങനെയാണ്!!



ആകെ രണ്ടു മുറിയുള്ള ഓലപ്പുരയില്‍ ചായിപ്പെന്നു വിളിക്കണ കുഞ്ഞു മുറീല് നിലത്തൊരു പായേലാണ് വില്വേച്ചി ഇരിക്കണേ. കയ്യില്ലാത്ത വെള്ള ബനിയനും പുള്ളിമുണ്ടുമുടുത്ത് ഗോപ്യേട്ടൻ ഇറയത്തു നടക്കണുണ്ട്. ഞങ്ങള്‍ മൂന്നുപേരും അവരെ മാറിമാറി നോക്കികൊണ്ടിരുന്നു. വല്ല്യ വീട്ടിലെ പിള്ളേരല്ലേ...അതോണ്ടാവും അവരു പോകാന്‍ പറയാത്തത്. ഇരുട്ട് വീണിട്ടും ഞങ്ങള്‍ അവിടെത്തന്നെ നിന്നു.



“ഇന്ന് നിങ്ങളെ ഞാന്‍ ..."


ഇടിമുഴക്കം പോലെ അച്ഛന്‍റെ ശബ്ദം   കേട്ടപാടെ അതിലും വലിയൊരു ശബ്ദം കൂടി കേട്ടു, എന്‍റെ നെഞ്ചീന്നു... കൊട്ട്ലുങ്ങല്‍ ഉത്സവത്തിന്‍റെ ചെണ്ട കൊട്ടുതന്നെ!. 

“നടക്കെടീ...” 

അച്ഛനെ അനുസരിച്ചു ഞങ്ങള്‍ മൂന്നും നടന്നു, പിന്നാലെ അച്ഛനുണ്ടെന്നു അറിയണ കാരണം നടന്നിട്ട് കാലു നീങ്ങാത്ത പോലെ..


വീടെത്താറായപ്പോ വെറുതേ തിരിഞ്ഞു നോക്കിയതാണ്, അച്ഛനെകാണാനില്ല്യ, പുല്ലാനിക്കാട്ടീന്നുവടിയൊടിക്ക്യാണ് .

നീങ്ങാത്ത കാലുകള്‍ക്ക് എവിടുന്നിത്ര വേഗത വന്നൂന്നു അറിയില്ല്യ.. ഞങ്ങള്‍ വാണംവിട്ട പോലെ ഓടി. എന്‍റെ കാലിന്‍റെ ഉപ്പുറ്റി ഏകദേശം കഴുത്തുവരെ മുട്ടുന്നുണ്ടായിരുന്നു.

ഓടിച്ചിട്ടു തല്ലി, വടിയും കാലും ഒടിയണതുവരെ. മൂന്നാള്‍ക്കും മോശല്ല്യാണ്ട് കിട്ടി. നിലവിളി ഉയര്‍ന്നപ്പോ പറഞ്ഞു, “മിണ്ടിപ്പോകരുത്, ഇനീം കിട്ടും പുറത്തുകൂടെ തൊഴി.” 

അമ്മേടെ അടി മുട്ടില്ല്യാതെ ദിവസവും കൊള്ളുന്നതാണ്. ആദ്യായാണ് അച്ഛന്‍ തല്ലുന്നത്. ഇങ്ങനെ തല്ലിയാല്‍ മനുഷ്യന്‍ ചത്തു പോവില്ലേ? ആ കാട് വെട്ടിക്കളയാന്‍ മാമ്വേട്ടനോട് പറയണം. ഹോ!എന്തൊരു പുകച്ചിലാണ് ആ വടികൊണ്ടുള്ള അടിക്ക്! ചോരയൊലിക്കുന്നുണ്ടോ?...


വീട്ടില്‍ ചെന്നു കയറിയ ഉടനെ അമ്മയോട്,



“വളര്‍ത്തു, വളര്‍ത്തു, ഇങ്ങനന്ന്യാ വളര്‍ത്തേണ്ടതും. കണ്ടവന്‍റെ വീട്ടിലെ കല്ല്യാണ വിശേഷം അറിയാന്‍ പോയേക്ക്വാ മൂവന്തി നേരത്ത് വര്‍ക്കത്തില്ല്യാത്തോറ്റങ്ങള്!! ഞാന്‍ ചെല്ലുമ്പോ അവിടെ വായിലുനോക്കി നില്‍ക്കണു, എക്കേത്തിനേം ശര്യാക്കും ഞാന്‍ ”...തീ തുപ്പുന്ന  അച്ഛന്‍  

കാലില്‍ പതിഞ്ഞ പുല്ലാനിവടീടെ ചോരപ്പാടുകള്‍ നോക്കി ശബ്ദമുണ്ടാക്കാതെ ഏങ്ങലടക്കി .







തൊടിയിലെ പച്ചപ്പിൽ പച്ചളിപ്പാമ്പിനെ തിരഞ്ഞു നടന്ന ഒരു ദിനം വേലിക്കപ്പുറം നടന്നു മറയുന്ന നാലഞ്ചു പേരോടൊപ്പം വില്വേച്ചിയെയും ഒരു നോക്ക് കണ്ടു. വില്വേച്ചി കരയുകയായിരുന്നു. പൂക്കളുള്ള സാരിയുടെ തലപ്പുകൊണ്ട് എത്ര തുടച്ചിട്ടും തോരാതെ കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു.

കല്ല്യാണം കഴിഞ്ഞാൽ ഗോപ്യേട്ടന്റെ വീട്ടിലേയ്ക്കു കൊണ്ടുപോകും എന്ന് വല്യമ്മ പറഞ്ഞിരുന്നു.   അതിനിപ്പോ വില്വേച്ചിയെ സങ്കടപ്പെടുത്തുന്ന എന്താണ് ഉണ്ടായത്?  പുല്ലാനി കഷായത്തിന്റെ ഓർമയിൽ,      ദൂരെ മറയുന്ന ആൾരൂപങ്ങളെ നോക്കി
ക്കൊണ്ട് ഒരു കുഞ്ഞു മനം എന്തിനെന്നറിയാത്ത  വിതുമ്പലിൽ കുരുങ്ങി നിന്നു...



10 അഭിപ്രായങ്ങൾ:

  1. ഞാന്‍ സൂക്ഷിച്ചു നോക്കി, എങ്ങോട്ടാണ് നോട്ടം?. ഉറുമ്പുകള്‍ പഞ്ചാരയും തേങ്ങാപീരേടെ പൊടീം കൊണ്ടുപോകണത് നോക്ക്വാവും. എനിക്കും ഇഷ്ടാണ്, അത് നോക്കിയിരിക്കാന്‍. കൊച്ചു ചൊമന്നുറുമ്പാണെങ്കില്‍ ഞാന്‍ വിരലുകൊണ്ട് ഒറ്റ തേമ്പ് കൊടുക്കും. എന്നെ കടിച്ചതിന്‍റെ ദേഷ്യം തീര്‍ക്കണ്ടേ!. കറുത്ത ഇക്കിളിയുറുമ്പുകളാണെങ്കില്‍ തൊടില്ല, മേലൊക്കെ കേറി ഇക്കിളിയാക്കും അവര്‍. കട്ടുറുമ്പാണെങ്കിലും തൊടാന്‍ പോവില്ല്യ, തലയിലെ തേങ്ങാത്തരി തട്ടിയിട്ട വാശിക്ക് നല്ല ഇറുക്ക്‌ വച്ചുതരും അത്.

    മറുപടിഇല്ലാതാക്കൂ
  2. കമ്മുനിസ്റ്റ്‌പ്പ ചതച്ചു നീര് അടികിട്ടിയ ഭാഗത്ത്‌ വെച്ചാല്‍ മതി ..മുറിവ് പെട്ടെന്ന് ഉണങ്ങും ! :).......


    രസായിട്ട്വോ ...ഈ വായന
    അസ്രൂസാശംസകള്‍
    http://asrusworld.blogspot.in/

    മറുപടിഇല്ലാതാക്കൂ
  3. നല്ലോണം കിട്ടീല്ലേ....
    അങ്ങനെ വേണം

    എന്തായാലും സംഭവം വായിയ്ക്കാന്‍ രസമുണ്ടായിരുന്നു

    മറുപടിഇല്ലാതാക്കൂ
  4. കഥയിലെ കുറുമ്പ് ഇഷ്ടമായി

    മറുപടിഇല്ലാതാക്കൂ
  5. ഇവിടിപ്പോ ഉറുമ്പൊന്നും ഇല്ല്യാലോ. അല്ലെങ്കിലും ഉറുമ്പിനെ നോക്കണേനു വില്വേച്ചിക്ക് എന്തിനാ ഇത്ര നാണം?
    എന്‍റെ ചോദ്യം കേട്ടപോലെ ചേച്ചി പറഞ്ഞു, “അതേയ്, കല്ല്യാണ പെണ്ണിന് നാണം ഉണ്ടാവുംന്നാ പറയണേ. അത് ഗോപ്യേട്ടനെ കണ്ടിട്ടാണ്”.


    മൂന്ന് കട്ടുറുമ്പുകൾ ഇങ്ങന്യേ നോക്കി നിൽക്കുമ്പോൾ ഗോപ്യേട്ടൻ എങ്ങന്യാ വില്വേച്ചീടെ നാണം കളയാ..അല്ലേ..!

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍2013, ഓഗസ്റ്റ് 4 9:29 AM

    ooomm...ooommmm..ennu randu moolal mooliyal mathiyayirunnu....kochu pillarude valiya karanoshanangal....

    മറുപടിഇല്ലാതാക്കൂ
  7. മൂളിയ കഥ ഇനി വേറെയുണ്ട്...ഇത് വളരെ ചെറുപ്പത്തിലെ കഥയാണ്‌...മൂളിയത് വര്‍ഷങ്ങള്‍ക്കു ശേഷം...

    മറുപടിഇല്ലാതാക്കൂ
  8. ഉറുമ്പുകളെ എങ്ങനെ കൈകാര്യം ചെയ്യാം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് ഉണ്ടല്ലേ

    മറുപടിഇല്ലാതാക്കൂ
  9. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ