2013, മേയ് 31, വെള്ളിയാഴ്‌ച

കളവാണ്യമ്മായി




കാറാങ്കിളികൾ മുറ്റത്തെ മാവിൻചുവട്ടിൽ ഇരുചെവി കേൾപ്പിക്കാതെ ചിലയ്ക്കുന്നത് കേട്ട്, വായിച്ചുകൊണ്ടിരുന്ന പത്രം മടിയിലിട്ട്, കുറച്ചു നേരം അവരെ നോക്കിയിരുന്നു . കളവാണ്യമ്മായി ഇങ്ങനെ ആയിരുന്നു. നിർത്താതെ ചിലയ്ക്കും.. കാറിക്കൊണ്ടിരിയ്ക്കും... 

അവജ്ഞയും അരിശവും കൂടിക്കലര്‍ന്ന ഒരു ഭാവമായിരുന്നു അമ്മായീടെ മുഖത്തെപ്പോഴും. വല്ലപ്പോഴുമേ ചിരിക്കാറുള്ളു. അപ്പോഴാണെങ്കില്‍ തെളിഞ്ഞ മാനം പോലെ, നല്ല ചന്തവും.. അടയ്ക്കാമരത്തിന്റെ നാല് കാലുകളിൽ വെച്ചുകെട്ടിയ കൂര ഭാഗീഗമായേ മറച്ചിരുന്നുള്ളൂ. അതിനകത്തായിരുന്നു , ആരോടോ വാശി തീർക്കും പോലെ അമ്മായീടെ ഒറ്റയ്ക്കുള്ള വാസം. 

നന്നേ ചെറുപ്പത്തിൽത്തന്നെ അമ്മായീടെ കല്ല്യാണം കഴിഞ്ഞിരുന്നു. അതിലൊരു മകളുമുണ്ടായി. ഇടക്കാലത്ത്, മറ്റൊരു സ്ത്രീയുമായുള്ള രഹസ്യ ബന്ധം അങ്ങാടിപ്പാട്ടായപ്പോഴാണ് അമ്മായി കുഞ്ഞയ്പ്പനമ്മാനെ ഉപേക്ഷിച്ചു ഒറ്റത്തടിയായത്. വർഷങ്ങളോളം അവർ വേർപിരിഞ്ഞു ജീവിച്ചു. മകളെ കല്ല്യാണം കഴിച്ചയച്ച ശേഷം അമ്മാവൻ വീണ്ടും അമ്മായീടെ സംബന്ധ ക്കാരനായി . ഇടയ്ക്ക് തല കാണിക്കാൻ എത്തുന്ന അമ്മാവൻ മുറ്റത്തെത്തും മുൻപേ, അമ്മായീടെ ചീറലും കാറലും കേൾക്കാം. 

“ഹെന്ത്യേയ് പോന്നേ ആ മൂദേവീടെ അടുത്തുന്ന്??..തന്തയ്ക്കു മത്യായാ..നാണല്ല്യാണ്ടേ വന്നിരിക്ക്യാ സംബന്ധത്തിന് !”
അവസാനിക്കാത്ത മാലപ്പടക്കത്തിനു തിരികൊളുത്തും അമ്മായി..

പയ്യെ പയ്യേ കോലാഹലങ്ങൾ കെട്ടടങ്ങുമ്പോൾ അപൂർവ്വമായി കേൾക്കാറുള്ള ചിരിയും കളിയുമാവും. രണ്ടോ മൂന്നോ ദിവസം അവരൊരുമി ച്ചുണ്ടാകും.. ഇടയ്ക്കിടെ ചീറ്റപ്പുലിയെ പോലെ ചീറിയടുത്തും കാറാങ്കിളിയെപ്പോലെ ചിലച്ചാട്ടിയുംവളരെ വിരളമായി മാത്രം , പ്രേമമയിയായി മാറിയും അമ്മായീടെ ഉത്സവക്കാലം .

എത്ര വഴക്ക് കേട്ടാലും "പ്രിയേ..ചാരുശീലേ ചന്ദ്ര മുഖീ" എന്ന് തുടങ്ങുന്ന ഈരടികൾ പലതും മൂളി അമ്മാവൻ ചാണം മെഴുകിയ തറയിൽ മരത്തൂണിൽ ചാരി നിർവികാരനായി ഇരിക്കുകയേ ഉള്ളൂ . 
ഇടയ്ക്ക് അമ്മായിയെ ചൊടിപ്പിയ്ക്കാൻ ചുവടു മാറ്റി പാടും..

“കല്ല്യാണീ കളവാണീ കുന്നത്ത് പുര കെട്ടി 
കോത്തായിരാമന്‍റെ ....... കട്ടു”....

“ കട്ടത് തന്റെ മൂദേവീടെ അച്ചാച്ചൻ...ദേ മനുഷ്യാ. എന്നെക്കൊണ്ട് വെറുതേ.. ഹ്ഉം.പറഞ്ഞില്ലെന്നു വേണ്ടാ.. ......” അമ്മായി കിട്ടിയത് കയ്യിലെടുത്ത് ഓങ്ങും.

അമ്മാവൻ പോയശേഷം ഒറ്റയ്ക്കാവുമ്പോൾ രാത്രി കിടക്കാൻ അമ്മായി എന്‍റെ വീട്ടിലേക്കു വരികയാണ് പതിവ്. തലയിലൂടെ ഒരു പുതപ്പിട്ടു മൂടി മുറിയുടെ മൂലയില്‍ വിരിച്ച തഴപ്പായയിൽ ചുരുണ്ടുകൂടി കിടക്കും. കഥ പറഞ്ഞു തരുമോ എന്ന് ചോദിച്ചു ചെന്നാല്‍ അമ്മായി ദേഷ്യത്തില്‍ നോക്കും. കുറെ നിര്‍ബന്ധിച്ചാല്‍ പ്രാകിയിട്ടാണെങ്കിലും കഥ പറയാന്‍ തുടങ്ങും. പ്രേതത്തിന്‍റെയും ചെകുത്താന്‍റെയും യക്ഷീടെയും കഥകള്‍ . അപ്പോ അമ്മായിക്ക് ദേഷ്യമൊക്കെ പോയി നല്ല ഉണര്‍വ്വാകും. കഥ പറഞ്ഞു തുടങ്ങുമ്പോഴേക്കും ഞാന്‍ വിറക്കാന്‍ തുടങ്ങും. തൊണ്ട വറ്റി വരളും. അമ്മായിയെ കെട്ടിപിടിച്ചു കഥ കേട്ട് കിടക്കും. രാത്രി ദുസ്വപ്നം കണ്ടു എഴുന്നേറ്റു കരയും. 

അമ്മയ്ക്ക് എന്നും പറയാനുണ്ടാവും “മനുഷ്യനെ കെടത്തി ഒറക്കില്ല്യ......” 

" മോളിങ്ങട്പോരെറീ ക്രാവേ ... നിനക്ക് ഞാൻ നങ്ങേലീടേം ഭൂതത്തിന്റെം കഥ പറഞ്ഞു തരാം.."
എന്നോട് മാത്രമായി ചിരിച്ച് അമ്മായി വിളിയ്ക്കും..

ചില വാരാന്ത്യങ്ങളിൽ ഞാൻ അമ്മായീടെ ഓലപുരയില്‍ പായ വിരിച്ചു കാറ്റുകൊണ്ടു കിടക്കും. ഒരേയൊരു മുറിയേ ഉള്ളൂ വീടിന്. കിഴക്ക് വടക്കേ മൂലയിലായി മൂന്നു കല്ലിട്ടു ഒരു അടുപ്പും. അതില്‍ ഓലക്കുടിയും ചുള്ളികമ്പുകളും വച്ചു തീ പിടിപ്പിച്ച്, അമ്മായി ഊതിയൂതി കത്തിക്കും.

കനലില്‍ ചുട്ട മുളകും പുളിയും ഉപ്പും കോര്വപലകയില്‍ വച്ചു അരച്ച ചമ്മന്തീം റേഷനരി അടുപ്പത്തിട്ട് തിളപ്പിച്ച്‌ കോരിയതും ആണ് അമ്മായീടെ കുടിയിലെ സ്ഥിരമായ ഭക്ഷണം.. അതിന്‍റെ രസം നുണയാന്‍ അമ്മേടെ കണ്ണ് വെട്ടിച്ച് വേലി ചാടി പോകുന്ന എന്നെ കയ്യോടെ പിടികൂടി അമ്മ പറയും,
“ഇതെന്തൊരു ജന്മം!. ഇവിടെ ഇമ്മാതിരി കഴിക്കാനുണ്ടായിട്ടാണ് അവള്‍ ആ ചമ്മന്തികൂട്ടി കൊടല് കത്തിക്കാന്‍ പോണേ”. 

മഴക്കാലത്ത് വീട്ടിലെ പറമ്പിലെ ചവറിൽ വീണു കിടന്നു കിളിർത്ത കശുവണ്ടിയുടെ പരിപ്പെടുത്തു അമ്മായി കറി ഉണ്ടാക്കും.. ഇളം പച്ച നിറത്തിൽ വിടർന്നു നില്ക്കുന്ന അണ്ടിപ്പരിപ്പ് അടർത്തിയെടുക്കുന്നതിൽ ഒട്ടുമുക്കാലും കറിയാക്കുംമുൻപേ ഞാൻ കഴിച്ചുതീർക്കും .

“നീയിങ്ങനെ തിന്നാ ഞാമ്പിന്നെ എന്തൂട്ടാടി കൂട്ടാൻ വെയ്ക്ക്യാ? 

അമ്മായീടെ നെറ്റി ചുളിയുമ്പോ ഞാൻ കയ്യിട്ടു വാരൽ നിർത്തും.

ഇടയ്ക്കു ഒരു പാത്രവുമായി അമ്മായി വീട്ടിലേക്കു വരും.

“ഇച്ചിരി കൂട്ടാന്‍ തന്നേറീ ക്രാവേ ..”

കൊടുത്താൽ ഉടനെ പാത്രത്തിലാക്കിയ കൂട്ടാന്‍ എടുത്തു വായിലിടും. അമേധ്യം വായിലിട്ട ഭാവത്തില്‍ നെറ്റി ചുളിച്ചു പിടിക്കും. എന്നിട്ട് പറയും,
“ഇതെന്തൂട്ട് പൊട്ട കൂട്ടാനണ്ടീ..ന്നാലും മേണ്ടില്ല്യ തെല്ലൂടി ഇങ്ങട് ഇട്”.

“ഈ തള്ളേടെ ഈ പുച്ചസ്വഭാവാ എനിക്ക് പിടിയ്ക്കാത്തേ.. ന്നാ പിന്നെ ന്റെ കൂട്ടാൻ വേടിയ്ക്കാൻ ങ്ങട് വരണാ..?”

വനജേച്ചി കെറുവിച്ചു അകത്തു കേറിപ്പോകും.
ഒരിയ്ക്കൽ , ഞാൻ അമ്മയിലരച്ച പച്ച മഞ്ഞൾ മുഖത്ത് തേയ്ച്ചു പിടിപ്പിക്കുന്നതിനിടയിൽ അമ്മായി “പൊട്ടക്കൂട്ടാൻ” വാങ്ങാൻ വന്നു.

“ഇതൊന്നും തേച്ചിട്ട് കാര്യല്ല്യ ക്രാവേ ..എന്റെ കയ്യില്‍ ഒരു ഒറ്റമൂലിണ്ട്. പക്ഷെ പറഞ്ഞു തരാമ്പറ്റില്ല്യാ ”

വെളുക്കുമെങ്കിൽ ചാണകം വരെ മുഖത്ത്‌ വാരി പൊത്താന്‍ തയാറായിരുന്ന ഞാന്‍ അമ്മായിയെ വിട്ടില്ല..

“എന്താമ്മായീ...ന്റെ പൊന്നമ്മായീ ഞാനൊന്ന് വെളുത്തു സുന്ദര്യായിക്കോട്ടേ...”

“ഇല്ല്യറി ക്രാവേ കേട്ടാലും നീയിതു ചെയ്യില്ല്യ..”

“ഉവ്വ്..എത്ര ബുദ്ധിമുട്ട്യാലും ഞാൻ ചെയ്യും..”

“അതിനു നീ വയസറിയിച്ചാ.. ?”

“ഉവ്വല്ലോ..എത്രയോ നാളായി!!..”

“തക തെയ് അപ്പൊ ഞാനീ പൂരമൊന്നും അറിഞ്ഞില്ലേ.. മണി പറഞ്ഞില്ലല്ലാ”

ന്നാ പറഞ്ഞു തരാം വാ.. പക്ഷെ നീയിതു വേറെ ആരോടും പറയരുത്..പറഞ്ഞാൽ ഫലം പൂവും...”
ന്നിട്ട് അമ്മായി സ്വകാര്യമായി ചെവിയില്‍ പറഞ്ഞു തന്നു....

ഞാൻ അസ്തപ്രജ്ഞയായിരുന്നുപോയി.. . കൂടെ ഒരു തലകറക്കം പോലെയും. അറപ്പുകൊണ്ട് ഞാൻ ചൂളി. രക്തത്തിൽ പുരണ്ട എന്റെ ഭീഭൽസമുഖം ഓർത്ത് ഞാൻ കൂടെക്കൂടെ ഞെട്ടി..

വിശ്വസിക്കാന്‍ പ്രയാസമുള്ള ആ രഹസ്യം ഇന്നോളം ആരോടെങ്കിലും പറയാനോ പരീക്ഷിച്ചു നോക്കാനോ ഞാന്‍ മെനക്കെട്ടിട്ടില്ലെന്നു മാത്രമല്ല അതിലും ഭേദം ഇത്തിരി കറുത്തിരിക്കുന്നതാണ് എന്ന നിഗമനത്തിൽ എത്തുകയും ചെയ്തു..

അമ്മായീടെ മകള്‍ ദമയന്തി സുന്ദരിയായിരുന്നു. തെക്കുനിന്ന് വന്ന കറുത്ത് മിനുത്ത ഗോപാലേട്ടനാണ് കുറെ വർഷങ്ങൾക്കു മുൻപ് ദമയന്ത്യേച്ചിയെ കല്ല്യാണം കഴിച്ചു ബോംബേക്കു കൊണ്ട് പോയത് . അതിനു ശേഷം രണ്ടോ മൂന്നോ കൊല്ലം കൂടുമ്പോൾ ദമയന്ത്യേച്ചി കുട്ട്യോളെയും കൊണ്ട് ഈ ഓലക്കുടിലിൽ പാർക്കാൻ വരുമായിരുന്നു. രണ്ടു പെണ്‍കുട്ട്യോളാണ്, എന്‍റെ സമപ്രായക്കാര്‍ . ബോംബയിലാണെങ്കിലും ദമയന്ത്യേച്ചി അവരെ മലയാളത്തില്‍ സംസാരിക്കാന്‍ പഠിപ്പിച്ചിരുന്നതുകൊണ്ട് ഞാനവരുമായി വേഗത്തിൽ ചങ്ങാത്തമായി.

ഒറ്റമുറി മാത്രമുള്ള അമ്മായീടെ ഓലപുരയില്‍ ഒന്നിനും സൌകര്യമില്ലാത്ത കാരണം അവര്‍ വന്നാല്‍ എന്‍റെ വീട്ടിലായിരുന്നു താമസം. രാത്രികളില്‍ , ഇരുണ്ട വെളിച്ചത്തിൽ ഞങ്ങള്‍ ഒളിച്ചു കളിച്ചു, ഓടിത്തൊട്ടു കളിച്ചു. കടലാസ്സു ചുരുട്ടി ഒരറ്റം കത്തിച്ചു മറ്റേയറ്റം വായില്‍ വച്ചൂതി സിഗരറ്റാക്കി വലിച്ചു രസിച്ചു. 

അവരെന്നെ ഹിന്ദി പഠിപ്പിക്കാമെന്ന് പറയുമ്പോൾ ആഗ്രഹമുണ്ടെങ്കിലും ക്ഷമയോടെ ഒരു നിമിഷം അടങ്ങിയിരിക്കാന്‍ ഇഷ്ടമില്ലാത്ത ഞാന്‍, ഹിന്ദി പഠിക്കുന്നതിന് പകരം, മരത്തിൽ കയറുന്നതെങ്ങനെയെന്ന് അവർക്ക് കാണിച്ചുകൊടുത്തു. പേരമരത്തിന്റെ തുഞ്ചത്താടി പഴുത്ത പേരക്കായ പറിച്ചു ഞാൻ അവർക്ക്നേരെ എറിഞ്ഞു കൊടുക്കുമായിരുന്നു..

ഒരു വേനലവധിയ്ക്ക് വന്നപ്പോഴാണ് ആ കുട്ട്യോൾ എന്നെ കേയ്ക്കുണ്ടാക്കാൻ പഠിപ്പിച്ചുതന്നത് . നല്ല ബ്രൌണ്‍ നിറത്തിലുള്ള പ്ലം കേക്ക്.അന്നാദ്യമായാണ് കേയ്ക്കുണ്ടാക്കുന്ന ഓവൻ ഞാൻ കാണുന്നതും.

അവധി കഴിയുമ്പോൾ അവരെ യാത്രയാക്കാന്‍ അമ്മ എന്നെയും കൊണ്ട് റെയില്‍വേ സ്റ്റേഷനില്‍ പോകാറുണ്ട്,. അവര്‍ക്ക് കായ വറുത്തതും ചക്ക വറുത്തതും പൊതിഞ്ഞു കൊടുക്കും..ട്രെയിന്‍ കയറി അവര്‍ പോകുമ്പോള്‍ എനിക്ക് സങ്കടം വരാറുണ്ട്. ബോംബേയില്‍ ചെന്നാല്‍ അവര്‍ എനിക്ക് കത്തുകളയക്കും. ഇങ്ക്ലീഷിലെഴുതിയ കത്തുകള്‍......വാക്കുകൾ പെറുക്കിക്കൂട്ടി വെച്ച് ഞാനെന്റെ ഒഴുക്കില്ലാത്ത ഇങ്ക്ലീഷിൽ അവരുമായി വിശേഷങ്ങൾ കൈമാറിപ്പോന്നിരുന്നു.

പിന്നെ അവര്‍ വരാതായി. അവര്‍ക്ക് ബോംബേയിലെ ജീവിതമേ പിടിക്കുള്ളൂത്രേ! ക്രമേണ കത്തെഴുത്തു നിന്നു. ഒരു തിരിച്ചു വരവില്ലെന്ന ഘട്ടവും വന്നു പിന്നീട്.

ശാസം മുട്ടും ദീനവും പിടിപെട്ട് അമ്മായി കിടപ്പിലായപ്പോൾ കുഞ്ഞയ്പ്പനമ്മാൻ അമ്മായീടെ കൂരയിൽ സ്ഥിരതാമസമുറപ്പിച്ചു .

കഞ്ഞീം വെള്ളോം വായിൽ കോരിക്കൊടുത്തും കുളിപ്പിച്ചും തോർത്തിയും അരികിൽ നിന്നും മാറാതെ അമ്മാവനുണ്ടായിരുന്നു കൂടെ . ഒരു പക്ഷെ അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല കാലമായിരുന്നിരിക്കണം ആ ദീനകാലം. ശബ്ദമില്ലാതെ ബഹളമില്ലാതെ ആ ഓലപ്പുരയിൽ സ്നേഹം നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. 

ഞാൻ കോളെയ്ജിൽ നിന്നും തിരിച്ചു വന്ന ഒരു സന്ധ്യയ്ക്ക് ആ കൂരയെ പൊതിഞ്ഞു ആളുകളെ കണ്ടു. ഉച്ചക്കെപ്പോഴോ അമ്മായി വിട ചൊല്ലിയിരുന്നു.

കശുമാവിൻ ചുവട്ടിൽ മൂകനായി ഇരുന്നിരുന്ന അമ്മാവനെ അകലെനിന്നു നോക്കിയേയുള്ളൂ. അടുത്ത് ചെല്ലാൻ, ആശ്വസിപ്പിക്കാൻ, ഞാൻ ധൈര്യപ്പെട്ടില്ല.

ഇരുട്ടും മുൻപേ കശുമാവിന്റെ ഇലകൾക്കിടയിലൂടെ ഉയരുന്ന പുകയിൽ പലതരം ഭാവങ്ങളിൽ അമ്മായി കാറിക്കാറി ചിരിച്ചു..

“പത്രം മടിയിലിട്ട് വാവയെന്താ ആലോചിച്ചിരിക്കണേ ...?”

മാമ്വേട്ടൻ സൈക്കിൾ മുറ്റത്തെ മാവിൽ ചാരി വെച്ച് വരാന്തയിലേയ്ക്കു കയറി..

വർഷങ്ങൾ എത്ര പിന്നിട്ടു..ഒരു മഴയിൽ ആ കൂര ഇടിഞ്ഞു വീണു..അതിനും എത്രയോ മുൻപേ അമ്മാവനും മരിച്ചുപോയി! 

ഞാനിപ്പോ അവരെ ഓർക്കുമെന്ന് ആരോർത്തു..!

ഒന്നും പറയാതിരുന്നപ്പോൾ മാമ്വേട്ടൻ പടിഞ്ഞാമ്പ്രത്തേയ്ക്കു പോയി.

കിളികൾ അടുത്ത മുറ്റമോ മരമോ തേടി പറന്നു പോയി .
പത്രം വായിക്കപ്പെടാതെ കസേരയിൽത്തന്നെ കിടന്നു..

5 അഭിപ്രായങ്ങൾ:

  1. വെളുക്കുമെങ്കില്‍ ചാണകം വരെ മുഖത്ത്‌ വാരി പൊത്താന്‍ തയാറായിരുന്ന ഞാന്‍ അമ്മായിയെ വിട്ടില്ല...സ്വൈര്യം കെട്ടപ്പോള്‍ അമ്മായി സ്വകാര്യമായി ചെവിയില്‍ പറഞ്ഞു.... വിശ്വസിക്കാന്‍ പ്രയാസമുള്ള ആ രഹസ്യം ഇതുവരെ ആരോടെങ്കിലും പറയാനോ പരീക്ഷിച്ചു നോക്കാനോ ഞാന്‍ മെനക്കെട്ടില്ല. അതിലും ഭേദം ഇത്തിരി കറുത്തിരിക്കുന്നത് തന്നെ!.

    മറുപടിഇല്ലാതാക്കൂ
  2. ഏറെ ഇഷ്ടായി.. അമ്മായിടെ കഥ. മരം കേറാൻ പഠിപ്പിച്ച മക്കളുടെയും. പിന്നെ കടലാസ് ചുരുട്ട് സിഗരറ്റ് വലിച്ചതു ഓടിത്തൊട്ടു കളിച്ചതും. ഞാനും പലരെം പഠിപ്പിച്ചു മരം കേറാനും കടലാസു ചുരുട്ടി സിഗരറ്റ് വലിക്കാനും. അമ്മായിടെ ഫേസ്പാക്കിന്റെ സീക്രറ്റ് പേറ്റന്റ് വിറ്റ് കോടീശ്വരിയാവാം. ഷഹ് നാസ് ഹുസൈനെ പ്പോലെ. :)

    മറുപടിഇല്ലാതാക്കൂ
  3. വളരെ നല്ല കഥ..മനസ്സില്‍ തട്ടിയ വരികള്‍...അഭിനന്ദനങ്ങള്‍...എല്ലാവര്‍ക്കും ഉണ്ടാകും ഭൂതക്കാലത്തിലെ കുറേ ഓര്‍മ്മകള്‍...അതിനോളം രസം ഒരു വര്‍ത്തമാന കാലത്തിനും ഇല്ല...എന്‍റെ ഓര്‍മ്മയിലും ഒരാളുണ്ട്...നാരായണി തള്ള...വായില്‍ നിറയെ ചുവന്ന മുറുക്കാനും, ആരെ കണ്ടാലും സ്നേഹത്തോടെ വിളിക്കുന്ന നല്ല പുളിച്ച തെറിയും..പിന്നെ ഗ്രാമീണ മനസ്സിലെ കരിങ്കണ്ണ്‍ എന്ന സാങ്കല്പികമായ മനസ്സികാവസ്ഥയും...നാരായണി തള്ള ഒരു കരിങ്കണ്ണ്‍ ഏറു കൊണ്ട് ഒരൊറ്റ രാത്രി പകലായി പിറക്കുന്നതിനു മുന്‍പേ മാങ്ങ കൊണ്ട് ജ്വലിച്ച് നിന്നിരുന്ന പ്രിയൂര്‍ മാവിനെ വെറും തരിശാക്കി മാറ്റിയ ചില നാട്ടു കഥകള്‍..സത്യത്തേക്കാള്‍ പൊടിപ്പും തോങ്ങലുമായിരുന്നു അതിനെല്ലാം പിന്നില്‍...നല്ല കഥ..തുടര്‍ന്നും എഴുതുക...കഴിയുമെങ്കില്‍ പുസ്തകമാക്കുക....ആശംസകള്‍....

    മറുപടിഇല്ലാതാക്കൂ