2013, മേയ് 31, വെള്ളിയാഴ്‌ച

കാത്തിരുന്ന കണ്മണി




ഒരു പാട് കാലം കാത്തിരുന്നിട്ടും കണ്മണി വന്നില്ല. മനസിന്‍റെ ഒരു കോണിൽ ആരോരും കാണാതെ അമ്മ സൂക്ഷിച്ചു വച്ച കിങ്ങിണിയും കണ്മഷിയും കരിവളയും അവിടെയിരുന്നു കനം തൂങ്ങി.

പ്രതീക്ഷകളെല്ലാം അസ്തമിക്കാൻ തുടങ്ങിയ ഒരു വേളയിൽ ഒരു കുഞ്ഞു മാലാഖ യായി അവൾ പിറന്നു വീണു. അമ്മ തന്‍റെ ഞെട്ടൽ മറയ്ക്കാൻ ശ്രമിച്ചുവെങ്കിലും ആ പിഞ്ചു പൈതല്‍ അതറിഞ്ഞു.

"അമ്മക്കെന്തേ ഒരു സന്തോഷവും ഇല്ലാത്തത് ?". മുട്ടത്തോട് പൊട്ടിച്ചു പുറത്തുവന്ന ഒരു പക്ഷി കുഞ്ഞിനെപോലെ അമ്മയോട് പറ്റിച്ചേര്‍ന്നു കിടന്നുകൊണ്ട്  അവള്‍ ചോദിച്ചു.

“എണ്ണ കറുപ്പുള്ള ഈ മുടിയിഴകൾക്കിടയിൽ വെളുപ്പ്‌ നിറം പടരുവാനിനി താമസമില്ല... കരിമാംഗല്ല്യം വീണ കവിളുകളും ഞാൻ കാലേകൂട്ടി കാണുന്നു.! അമ്മക്ക് സന്ദേഹമാണ് കണ്മണീ.. . കൈകുമ്പിളില്‍ നിന്നെ കോരിയെടുത്ത് , ഹൃദയത്തോടു ചേര്‍ത്ത് വച്ച്, നന്മകളൊക്കെയും പകര്‍ന്നുതന്ന്, നേരിന്‍റെ വഴിയിലേക്ക് നിന്നെ യാത്രയാക്കുമ്പോഴേക്കും, അമ്മയ്ക്കും പുറപ്പെടാറാവില്ലേ മറ്റൊരു വഴിക്കു.....”

തളിരില പോലെ ചുവന്ന, ആ കുഞ്ഞു മാലാഖ, ചിരിക്കാന്‍ മറന്ന പൈതലായി, ഇമ വെട്ടാതെ അമ്മയെത്തന്നെ നോക്കികിടന്നു. വാരിയെടുക്കാന്‍ ശ്രമിച്ച അമ്മയുടെ ബലമില്ലാത്ത കൈകളില്‍ അത് ഒട്ടിപ്പിടിച്ചു, തന്നെ വിട്ടു പോകരുതേയെന്നു അപേക്ഷിക്കും പോലെ.

അമ്മ ഉറങ്ങിയില്ല. കാടുകള്‍ കടന്നു കടലുകള്‍ കടന്നു അമ്മയുടെ മനസ്സ് വരും കാലങ്ങളില്‍ , അനന്തതയില്‍ മേഞ്ഞു നടന്നു.

കാലചക്രം തിരിഞ്ഞു തുടങ്ങുംമുന്‍പേ, ഒരു നിമിഷവും പാഴാക്കാതെ അമ്മ തിരിച്ചുവന്നു. ഇരട്ടി ഊര്‍ജ്ജവും പതിന്മടങ്ങ്‌ ശോഭയും ഉള്‍ക്കൊണ്ടുകൊണ്ട് അമ്മ പുനര്‍ജനിച്ചു.

“തളരുവാനാവില്ല മകളേ എനിക്ക് നിന്‍
തളിരിളം മേനി തലോടിടുമ്പോള്‍ ”.....

അമ്മയുടെ കണ്ണും മെയ്യും ഉണര്‍ന്നു, കണ്മണിക്കൊപ്പം വളര്‍ന്നു. പുലരിയും സന്ധ്യയും രാത്രിയും പകലും മിഴികള്‍ ചിമ്മും പോലെ വന്നു പോയി. അമ്മയുടെ നോവിന്‍റെ നേരിപോടില്‍ ഹര്‍ഷബാഷ്പം തൂളിക്കൊണ്ട് കിങ്ങിണി കെട്ടി കണ്മണി ആടിപ്പാടി. കരിവളകള്‍ കിലുങ്ങി.. അമ്മ ചിരിച്ചു. നിറഞ്ഞ ചിരിയുടെ ഓളങ്ങളില്‍ കണ്മണി ഒഴുകി നടന്നു. വീഴാതെ, വിതുമ്പാതെ തളരാതെ, തൂവാതെ ഊഷ്മള സ്നേഹത്തില്‍ അമ്മയും കണ്മണിയും അലിഞ്ഞുചേര്‍ന്നു.

2 അഭിപ്രായങ്ങൾ:

  1. “എണ്ണ കറുപ്പുള്ള ഈ മുടിയിഴകൾക്കിടയിൽ വെളുപ്പ്‌ നിറം പടരുവാനിനി താമസമില്ല... കരിമാംഗല്ല്യം വീണ കവിളുകളും ഞാൻ കാലേകൂട്ടി കാണുന്നു.! അമ്മക്ക് സന്ദേഹമാണ് കണ്മണീ.. . കൈകുമ്പിളില്‍ നിന്നെ കോരിയെടുത്ത് , ഹൃദയത്തോടു ചേര്‍ത്ത് വച്ച്, നന്മകളൊക്കെയും പകര്‍ന്നുതന്ന്, നേരിന്‍റെ വഴിയിലേക്ക് നിന്നെ യാത്രയാക്കുമ്പോഴേക്കും, അമ്മയ്ക്കും പുറപ്പെടാറാവില്ലേ മറ്റൊരു വഴിക്കു.....”

    മറുപടിഇല്ലാതാക്കൂ
  2. വൈകി വന്ന കണ്മണി. അവളുടെ ഭാവിയെക്കുറിച്ച് അമ്മയുടെ ആശങ്ക.

    മറുപടിഇല്ലാതാക്കൂ