2013, മേയ് 31, വെള്ളിയാഴ്‌ച

അച്ഛമ്മ
“കറുത്ത പെണ്ണേ കരിങ്കുഴലീ
നിനക്കൊരുത്തന്‍ കിഴക്കുദിച്ചു ...

തിന തിന്നാന്‍ കിളിയിറങ്ങി

കിളീനാട്ടാന്‍ പെണ്ണിറങ്ങി

പെണ്ണിന്റൊരു വള കിലുങ്ങി
കിളികളൊക്കെ മലകേറിപോയ്‌ ...”.

അച്ഛമ്മ പാടിത്തരാറുള്ള പാട്ടാണ്. ചുമലുകളില്‍ മുട്ടി കിടക്കുന്ന വലിയ തുളയുള്ള കാതുകളാട്ടി പാട്ടിനൊപ്പം താളത്തിലങ്ങനെ മുന്നോട്ടും പിന്നോട്ടും ആഞ്ഞ് ചുണ്ണാമ്പു തേച്ച വെറ്റിലയും, പുകയിലയും, അടയ്ക്കനുറുക്കും കൂട്ടി കൊച്ചു ഉരലില്‍ വച്ചു ഇടിച്ചിടിച്ചു പൊടിക്കും. പുതിയവീട്ടിലെ പൂവിഷ്ടിക വിരിച്ച നടുവകത്തിരുന്നാണീ പണി. ഓരോ ഇടിയും കൊള്ളുന്നത്‌ അമ്മയുടെ നെഞ്ചത്താണ്. ആര് ഗൌനിക്കുന്നു? എന്റെ മകന്‍റെ വീടല്ലേ ,ഞാന്‍ ഇനീം ഇടിക്കും എന്ന ഭാവത്തില്‍ പൊടിഞ്ഞ മുറുക്കാന്‍ ഒന്നുകൂടി ഇടിയ്ക്കും അച്ഛമ്മ. തറവാട് പൊളിച്ചു പണിതതിന്‍റെ പ്രതിഷേധം ഓരോ ഇടിയിലും മുഴങ്ങും. ഒട്ടും കൂസലില്ലാതെ മുറുക്കാനെടുത്തു വായിലിട്ടു ഒരു വശത്തു വച്ചു കടിച്ചുചവച്ച് നീരിറക്കും. ചിലപ്പോള്‍ അവിടെത്തന്നെ ഇരുന്നു പുറത്തേക്കു നീട്ടി തുപ്പും. അമ്മ നിന്നു ജ്വലിക്കും. അച്ഛമ്മയുടെ ഒരു നോട്ടം ആ ജ്വാലകളെ വിഴുങ്ങും. എന്നിരുന്നാലും ഇഷ്ടികകളില്‍ ഒന്നിനു ചിന്നല്‍ വന്നതോടെ നടുവകത്തിരുന്നുള്ള മുറുക്കാനിടി നില്‍ക്കുകയും അച്ഛമ്മ പിണങ്ങുകയും ചെയ്തു.

പേരകുട്ടികളില്‍ ആരോടാണ് അച്ഛമ്മക്കു പെരുത്തിഷ്ടം എന്ന് ചോദിച്ചാല്‍ അച്ഛമ്മ ഒന്നും പറയില്ല. അച്ഛമ്മയുടെ ആറു ആണ്‍മക്കള്‍ക്കും നാല് പെണ്മക്കള്‍ക്കും കൂടി അമ്പതോളം പേരകുട്ടികളുണ്ട്. ഞങ്ങളുടെ കൂടെ കല്ല്‌ കളിക്കാനും കവടി കളിക്കാനും മച്ചിങ്ങകൊണ്ട് അമ്മാനമാടാനും വരും. മടുപ്പില്ലാതെ പാട്ടുകളും പാടിത്തരും. എങ്കിലും അച്ഛമ്മക്കിഷ്ടം അച്ഛമ്മയോടുതന്നെ!

രാവിലെ തലനിറയെ എണ്ണ തേച്ചു അച്ഛമ്മ കോലോത്തും കുളത്തിലേക്ക് പുറപ്പെടും. വടി കുത്തിപ്പിടിച്ചു ഇരുവശത്തേക്കും ചാഞ്ഞു ആടിയാടി അച്ഛമ്മ നടക്കും കുളത്തിലേക്ക്. വേലിയില്‍ പടര്‍ന്ന നീരോലിത്താളി ഒടിച്ചു കുളക്കരയിലെ അലക്കുകല്ലിലുരച്ചു നീരെടുത്ത് തലയില്‍ തേക്കും. കുളത്തിലിറങ്ങിയാല്‍ അച്ഛമ്മ പല അഭ്യാസങ്ങളും കാണിക്കും. മലക്കം മറിയും, മലര്‍ന്നും കമഴ്ന്നും ചെരിഞ്ഞും നീന്തും. മുങ്ങാങ്കുഴിയിട്ടെന്നെ പേടിപ്പിക്കും. ഏഴു വയസ്സു കഴിഞ്ഞ എന്നേക്കാള്‍ ചുറുചുറുക്കായിരുന്നു എഴുപതു കഴിഞ്ഞ അച്ഛമ്മക്ക്‌. കുളിക്കാന്‍ വന്നവരെല്ലാം കഥ മറന്നു നില്‍ക്കും. അവരെ കാണിക്കാനായി അച്ഛമ്മ മണിക്കൂറുകളോളം കുളത്തില്‍ പ്രകടനം നടത്തും.

കുളി കഴിഞ്ഞാല്‍ വെള്ള മുണ്ടും റൌക്കയും അണിഞ്ഞ് വടി കുത്തിപ്പിടിച്ച്‌ നേരെ പോകും കശുമാവിന്‍തോട്ടത്തിലേക്ക്. പഞ്ചാരമാങ്ങ ചക്കരമാങ്ങ അങ്ങനെ പലയിനങ്ങള്‍ ! തുടുത്തു പഴുത്ത കശുമാങ്ങകള്‍ പൊട്ടിച്ച്‌ നീരുവലിച്ചു കുടിക്കും. കശുവണ്ടി ഉരിഞ്ഞു ഒരു പാത്രത്തിലിടും. പച്ചകശുവണ്ടി പേനാക്കത്തി വച്ചു കീറി ഉള്ളിലെ പരിപ്പെടുത്തു കഴിക്കും. കറ പുരണ്ട വെള്ള മുണ്ടുകള്‍ വനജേച്ചി തല്ലിയലക്കും.

തൊണ്ണൂറിനോട് അടുത്തപ്പോള്‍ അച്ഛമ്മക്കു പഴയ ഉശിരൊക്കെ പോയി. മാങ്ങയുടെയും കശുവണ്ടിയുടെയും പശ വീണു പൊള്ളിയ വായ്ക്കു ചുറ്റും അമ്മ നെയ്യോ വെണ്ണയോ പുരട്ടി കൊടുക്കും.. പല്ലുകളെല്ലാം പോയി കറുമുറെ കടിച്ചുതിന്നാന്‍ പറ്റാതായപ്പോള്‍ അച്ഛമ്മക്ക്‌ മൂക്കിന്‍ തുമ്പത്തെ ശുണ്‍ഠി ഇരട്ടിയായി. അമ്മ കപ്പലണ്ടിയും കശുവണ്ടി ചുട്ടു തല്ലിയതും തൊലി കളഞ്ഞു ഇടിച്ചുപൊടിച്ചു കൊടുത്തു. തിരക്കിട്ടുള്ള ഓട്ടത്തിനിടയില്‍ അച്ഛമ്മ പലതവണ പറമ്പിലും പാടത്തും കുളത്തിലും വീണു കയ്യും കാലും മുതുകും ഒടിഞ്ഞു ഒരുവര്‍ഷത്തോളം കിടന്നു.

ജോലി കഴിഞ്ഞെത്തിയാല്‍ അച്ഛന്‍ അച്ഛമ്മയുടെ അടുത്തുപോയിരിക്കും. അച്ഛമ്മയുടെ അടുത്തിരിക്കാന്‍ ഞങ്ങളെയും നിര്‍ബന്ധിച്ചു. ശുശ്രൂഷിക്കാനായി പെണ്മക്കള്‍ എത്തുകയും ഇടയ്ക്ക് വഴക്കിട്ടു പോകുകയും ചെയ്തു. ആരുമില്ലാത്തപ്പോള്‍ അമ്മതന്നെ അഴുക്കു തുണികളും വിരികളും ഡെറ്റോള്‍ ഇട്ടു കഴുകി. അച്ഛമ്മയെ വാസനസോപ്പിട്ടു കുളിപ്പിച്ചു. ആഴമുള്ള വലിയ മുറിവുകള്‍ വൃത്തിയാക്കി മരുന്നു വയ്ക്കാന്‍ അടുത്തുള്ള ആശുപത്രിയിലെ കമ്പൌണ്ടര്‍ വന്നു. ഒടുവിലായപ്പോള്‍ അച്ഛമ്മക്ക്‌ ഓര്‍മ്മയും പോയി. ഒരു ദിവസം അച്ഛനും ഞങ്ങളും നോക്കിനില്‍ക്കെ അച്ഛമ്മ അവസാനത്തെ ശ്വാസം വലിച്ചു. അന്ന് എന്‍റെ അച്ഛന്‍ കരയുന്നത് ഞാന്‍ കണ്ടു. ചുമലില്‍ ഇട്ടിരുന്ന വെള്ളത്തോര്‍ത്തുകൊണ്ട് കണ്ണുകള്‍ അമര്‍ത്തിത്തുടക്കുന്നതും കണ്ടു.

“മുറ്റത്തു ഞാനോരു മുല്ല നട്ടു
മുല്ലക്കൊരു കുടം വെള്ളോഴിച്ചു
മുല്ല പടര്‍ന്നങ്ങു പന്തലിച്ചു”......


വിറയ്ക്കുന്ന ശബ്ദത്തില്‍ അച്ഛമ്മയുടെ പാട്ടുകള്‍ ഇന്നും  കാതുകളില്‍ .

14 അഭിപ്രായങ്ങൾ:

 1. പേരകുട്ടികളില്‍ ആരോടാണ് അച്ഛമ്മക്കു പെരുത്തിഷ്ടം എന്ന് ചോദിച്ചാല്‍ അച്ഛമ്മ ഒന്നും പറയില്ല. അച്ഛമ്മയുടെ ആറു ആണ്‍മക്കള്‍ക്കും നാല് പെണ്മക്കള്‍ക്കും കൂടി അമ്പതോളം പേരകുട്ടികളുണ്ട്. ഞങ്ങളുടെ കൂടെ കല്ല്‌ കളിക്കാനും കവടി കളിക്കാനും മച്ചിങ്ങകൊണ്ട് അമ്മാനമാടാനും വരും. മടുപ്പില്ലാതെ പാട്ടുകളും പാടിത്തരും. എങ്കിലും അച്ഛമ്മക്കിഷ്ടം അച്ഛമ്മയോടുതന്നെ!

  മറുപടിഇല്ലാതാക്കൂ
 2. murukkanidiyude ee thalavum thololam varunna kaadhinte aatavum ente achammaye ormippikkunnu habby....orikkalum thirichu varadhe ormakalil maathram odiyethunna aa kaalam...innum aa thaalam manasil...thank you very much.

  മറുപടിഇല്ലാതാക്കൂ
 3. അജ്ഞാതന്‍2013, ഓഗസ്റ്റ് 4 9:52 AM

  kannu niranju poyi...ormakalude pinnampurangalilekku maranja nizhalukale thirichu vilicha ee kurippu...nandiyundu....orupadu nandi..

  മറുപടിഇല്ലാതാക്കൂ
 4. ഇപ്പഴൊക്കെ അച്ഛമ്മമാര്‍ക്ക് ഇങ്ങനെ പരിഗണന കിട്ടുകയാണെങ്കില്‍ ഭാഗ്യം.
  നല്ല അച്ഛമ്മ. ഇത്തിരി കുറുമ്പുണ്ടെങ്കിലെന്താ....

  മറുപടിഇല്ലാതാക്കൂ
 5. അച്ഛമ്മ വളരെ മിഴിവുള്ള ഒരു അതിമാനുഷിക കഥാപാത്രമായി മനസ്സിൽ.

  മറുപടിഇല്ലാതാക്കൂ
 6. നല്ല ഒരു ഓര്മ കുറിപ്പ് ... ഇഷ്ടപെട്ട ഒരു വാക് ....

  ഞങ്ങളുടെ കൂടെ കല്ല്‌ കളിക്കാനും കവടി കളിക്കാനും മച്ചിങ്ങകൊണ്ട് അമ്മാനമാടാനും വരും. മടുപ്പില്ലാതെ പാട്ടുകളും പാടിത്തരും. എങ്കിലും അച്ഛമ്മക്കിഷ്ടം അച്ഛമ്മയോടുതന്നെ!

  മറുപടിഇല്ലാതാക്കൂ