2013, മേയ് 31, വെള്ളിയാഴ്‌ച

കിണറ്റിലേക്കൊരുസവാരി


" ഇരുട്ടും മുൻപ് താഴത്തെ പറമ്പിലെ കിണറ്റിൽ നിന്നും തേങ്ങ മുഴുവനും പെറുക്കിയെടുക്കണം". പശുവിനെ കറന്ന പാല് പോണിയിലേയ്ക്കു പകർത്തി ഒഴിച്ചുകൊണ്ട് അമ്മ പറഞ്ഞു.

കേട്ട പാടെ കേൾക്കാത്ത പാടെ ഞാനും അനുജത്തി, കോവിയും താഴത്തെ പറമ്പിലേക്ക് ഓടി. അവൾക്കും ഇഷ്ടാണ് കയറിൽ കെട്ടി ഞാത്തിയ കുട്ടയിൽ കയറി കിണറ്റിലേക്ക് ഇറങ്ങാൻ. ഞങ്ങൾ താഴേക്കു ഓടുന്നതിനിടയിൽ നിലവിളിച്ചുകൊണ്ട്, കിളിയമ്മയും പിന്നാലെ കൂടി. അവൾക്കും വരണം കൂടെ. കിളിയമ്മ എന്റെ രണ്ടാമത്തെ അനുജത്തിയാണ്. തീരെ ചെറുതാണ്. കിണറ്റിൽ ഇറങ്ങാൻ അവൾക്കു പേടിയാണ്. എന്നാലും അവൾ വരും കാണാൻ. 

ഓർമകളിൽ അലയുന്നതിനിടയിൽ അമ്മ വീണ്ടും വന്നു.

"വേഗം കയറിയിരിക്കു കൊട്ടക്കുള്ളിൽ. ഇരുട്ടും മുൻപ് ഇറങ്ങിയില്ലെങ്കിൽ തേങ്ങ എവട്യാ കെടക്കണേന്നു കാണൂല്ല്യ” . 

കോവിക്ക് പേടിയാണ്, എന്നാലും എന്റെ ധൈര്യത്തിൽ അവളും കുട്ടക്കുള്ളിൽ കയറിയിരുന്നു. പേടിച്ചിട്ടു അവൾ എന്റെ കൈയ്യിൽ മുറുകെ പിടിച്ചിരുന്നു. 

അമ്മ പറഞ്ഞു "ഒട്ടും ഭയം വേണ്ട , ഞാനില്ലേ ഇവിടെ"? എന്നിട്ട് മുളയിൽ പിടിച്ചു ആഞ്ഞു വലിച്ചു ഞങ്ങളെ പതുക്കെ പതുക്കെ താഴേയ്ക്ക് ഇറക്കി. 

താഴത്തെ കിണറിനു ദീർഘ ചതുരാകൃതിയാണ് . മൂന്നേക്കറോളം വരുന്ന വീട്ടു വളപ്പ് നനക്കാനാണ് അന്ന് ആ കിണർ വലുതാക്കിയെടുത്തത്. തൊട്ടടുത്ത് തന്നെ ഒരു ചെറിയ മോട്ടർ പുര പണിതു അതിലൊരു മോട്ടറും വച്ചിരുന്നു. കിണറിനു ചുറ്റും നിറയെ മരങ്ങളായിരുന്നു. കടപ്ളാവു , മാവ്, പ്ളാവു, തെങ്ങ് എന്ന് വേണ്ട, ഒരു പാട് മരങ്ങൾ. മാവിന്റെയും പ്ലാവിന്റെയും പലയിനങ്ങൾ. 

കിണറുപണി നടക്കുമ്പോൾ ഉപയോഗിക്കാനായിരുന്നു ത്ലാക്കൊട്ട കെട്ടി ഞാത്തിയത്. പണ്ട് ത്ലാക്കൊട്ട അല്ലെങ്കിൽ ഏത്തക്കൊട്ട ഉപയോഗിച്ചാണ് ആഴമുള്ള കുഴികളിൽ നിന്നും മറ്റും വെള്ളമെടുത്തിരുന്നത്. കിണറിന്റെ പണി കഴിഞ്ഞപ്പോൾ മാമുവേട്ടനോട് പറഞ്ഞ് അമ്മ ത്ലാക്കൊട്ടക്ക് പകരം മുളയും കയറും കൊണ്ടുണ്ടാക്കിയ, വട്ടത്തിലുള്ള ഒരു വലിയ കുട്ട ആ കയറിൽ കെട്ടിത്തൂക്കി. അതിൽ കയറി ഇരുന്നാണ് കിണറ്റിൽവീഴുന്ന തേങ്ങകൾ ഞങ്ങൾ എടുത്തിരുന്നത്. 

കിണറിനുള്ളിലെ ചെങ്കൽ ഭിത്തിയിൽ അങ്ങിങ്ങായി കുറെ പൊത്തുകൾ ഉണ്ടായിരുന്നു.അതിലൊക്കെ പൊന്മകൾ മുട്ടയിട്ടു നിറച്ചു. കൂർത്തു നേർത്തു , അല്പം വളഞ്ഞ കൊക്കുള്ള, നീലയും മഞ്ഞയും തവിട്ടും കലർന്ന ചിറകുകളുള്ള പൊന്മകൾ കിണറ്റിൽ നിന്നും മീൻ കൊത്തി പൊന്തുന്നത് കാണുമ്പോൾ കൌതുകമായിരുന്നുവെങ്കിലും മീൻ പിടയ്ക്കുന്നത് എന്റെ നെഞ്ചിൽ കിടന്നായിരുന്നു .അവയുടെ ആയുസ്സെത്തിയിരുന്നത് പൊന്മകളുടെ കൊക്കിലും. 

കിണറ്റിനുള്ളിലേക്കുള്ള ആ സവാരി രസകരമായിരുന്നു . കാൽ വിരലുകൾക്കിടയിലൂടെ ഒരു തരിപ്പ് വരും, പേടിച്ചു വിറയ്ക്കും. എന്നാലും എനിക്കിഷ്ടമായിരുന്നു ആ പേടി. ബഹളം കേട്ട് പൊന്മകൾ പറന്നുയർന്നു അടുത്തുള്ള മരക്കൊമ്പിലിരുന്നു ഞങ്ങളെ വീക്ഷിക്കും, മുട്ടകൾ മോഷ്ടിക്കാൻ വന്നതാണോ എന്ന സംശയത്തോടെ .താഴെ എത്തിയാലുടൻ ഞങ്ങൾ വെള്ളത്തിൽ കൈ കൊണ്ട് തുഴയും , ഉറക്കെ ശബ്ദമുണ്ടാക്കും , പ്രതിധ്വനി കേട്ട് ആർത്തു ചിരിക്കും .കൈ എത്തിച്ചു തേങ്ങ എടുക്കും . ഇതെല്ലാം കണ്ടു കൊതിയോടെ കിളിയമ്മ മുകളിൽ നില്ക്കും. അമ്മ കുട്ട അങ്ങോട്ടുമിങ്ങോട്ടും ഇളക്കികൊണ്ടിരിക്കും. ഞങ്ങൾ കുറെ തേങ്ങകൾ പെറുക്കിയിടും.

“ഇനി മതി ..കൊട്ടേല് ഇരിയ്ക്ക്യാൻ സ്ഥലല്ല്യല്ലോ .. ഇനി നാളെ.. “ അമ്മ മുളവടിയുടെ മറ്റേ അറ്റം പിടിച്ചു താഴ്ത്തും..അപ്പോൾ ഞങ്ങൾ തേങ്ങകളു മായി മുകളിലെത്തും..

കിളിക്കുട്ടി ഓടിവരും..

“എന്താ നിങ്ങള് അവിടെ കണ്ടത്..”അവൾ തിരക്ക് കൂട്ടും..

“അതില്ല്യേ..കിളിക്കുട്ട്യേ..അവടെ വേറൊരു ലോകണ്ടേയ്"

“വേറെ ഏത് ലോകം..”? 

“ഒരു അത്ഭുത ലോകം..”

“എന്താള്ളത് അവടെ..”?

“അവട്യോ..അവടെ നിറയെ ജലകന്യകമാർ!! 
അവരടെ ദേഹത്ത് പളപളാമിന്നുന്ന കുപ്പായണ്ടേയ്... ന്തൊരു ചന്താന്നോ കാണാൻ..”

“രാത്ര്യാവുമ്പൊ അവർക്ക് . ചിറകു മുളയ്ക്കും ..ന്നിട്ട് അവര് പറന്നുയരും..”

“ദാ ആ തെങ്ങോലത്തുമ്പത്തൊക്കെ അവര് ഊഞ്ഞാലാടും”

പാവം കിളിക്കുട്ടി എല്ലാം വിശ്വസിച്ചു കേട്ട് നില്ക്കും..കുഞ്ഞിക്കണ്ണുകളിൽ കണ്ണുനീര് തിളങ്ങും..

“ നിയ്ക്കും കാണണം അവരെ.. ങ്ങീ ..ങ്ങീ ..” അവൾ ചിണുങ്ങും..

“കരയണ്ടാ കിളിക്കുട്ട്യേ നീ കൊർച്ചൂെടെ വെൽതാവട്ടെ ട്ട്വോ.. അപ്പൊ ചേച്ചീടെ മടീലിരുത്തി കൊണ്ടോവാം..ഇപ്പൊ കുട്ടിയ്ക്ക് ചേച്ചി ഇമ്മിണി കഥോള് പറഞ്ഞു തരാട്ടോ..”

ഞാനവളെ ചേർത്തു പിടിയ്ക്കും..

ഇരുട്ട് വീണു പൊന്മകൾ പൊത്തുകളിൽ ഒളിയ്ക്കും വരെ ഞങ്ങൾ അവിടെയിരിയ്ക്കും..

അങ്ങനെ എത്രയോ തവണ ഞാനും കോവിയും ആ വട്ടകുട്ടയിൽ സവാരിനടത്തിയിരിക്കുന്നു! ഓരോ തവണയും പുതിയ പുതിയ കഥകളുമായി കിളിക്കുട്ട്യെ പറ്റിച്ചിരിക്കുന്നു!. മിന്നുന്ന കുപ്പായമിട്ട എത്രയോ ജല കന്യകമാർ അവളുടെ മനസ്സിൽ നീന്തിത്തുടിച്ചിരിയ്ക്കുന്നു!

ഒരിയ്ക്കൽ എന്റെ മടിയിലിരുന്നു കിണറ്റിലേയ്ക്ക് ഇറങ്ങും വരെ അവൾ അതെല്ലാം വിശ്വസിച്ചിരുന്നു.
അന്ന് കിണറ്റിലെ തേങ്ങയും പെറുക്കി കരയിലെത്തുമ്പോൾ കിളിക്കുട്ടി മ്ലാനവദനയായിരുന്നു..

ചേച്ചി അവളെ പറ്റിച്ചതാണെന്നോ അതോ.. ജലകന്യകമാർ അവളോട്‌ പിണങ്ങിയതാണെന്നോ എന്തായിരുന്നിരിയ്ക്കും അവള്ടെ മനസ്സിൽ?

"മക്കളേ, തേങ്ങ പെറുക്കാൻ പോകേണ്ടേ ? പേട്യാവുന്നുണ്ടോ, വേണ്ടാട്ടോ ,ഞാനില്ലേ കൂടെ ?"

ഞാൻ ഞെട്ടി തിരിഞ്ഞു ചുറ്റുപാടും നോക്കി...ഇല്ല..ആരുമില്ല. ഞാൻ കേട്ട ശബ്ദം ആരുടേതായിരുന്നു?!.

4 അഭിപ്രായങ്ങൾ:

  1. കിണറിനുള്ളിലെ ചെങ്കൽ ഭിത്തിയിൽ അങ്ങിങ്ങായി കുറെ പൊത്തുകൾ ഉണ്ടായിരുന്നു.അതിലൊക്കെ പൊന്മകൾ മുട്ടയിട്ടു നിറച്ചു. കൂർത്തു നേർത്തു , അല്പം വളഞ്ഞ കൊക്കുള്ള, നീലയും മഞ്ഞയും തവിട്ടും കലർന്ന ചിറകുകളുള്ള പൊന്മകൾ കിണറ്റിൽ നിന്നും മീൻ കൊത്തി പൊന്തുന്നത് കാണുമ്പോൾ കൌതുകവും ഒപ്പം വേദനയും തോന്നുമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  2. അനുഭവസമ്പന്നമായ ഒരു ബാല്യം. കിണറ്റിലേക്കൊരു സവാരി..

    മറുപടിഇല്ലാതാക്കൂ
  3. "ഓർമകളിൽ അലയുന്നതിനിടയിൽ അമ്മ വീണ്ടും വന്നു..." ഇതോര്‍ത്താല്‍‍ അവസാനഭാഗം മനസ്സില്‍ സ്പര്‍ശിക്കാതിരിക്കില്ല! ഹൃദ്യമായിരിക്കുന്നു രചന. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. "ഓർമകളിൽ അലയുന്നതിനിടയിൽ അമ്മ വീണ്ടും വന്നു..." ഇതോര്‍ത്താല്‍‍ അവസാനഭാഗം മനസ്സില്‍ സ്പര്‍ശിക്കാതിരിക്കില്ല! ഹൃദ്യമായിരിക്കുന്നു രചന. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ