2013, മേയ് 31, വെള്ളിയാഴ്‌ച

വാകമരം





വാകമരം മുറിച്ചു കളഞ്ഞതോ, അതോ തനിയെ കടപുഴകി  വീണതോ. ഓർമ്മയില്ല. ഓർമ്മയിലുള്ളതിനൊക്കെ വാകപ്പൂക്കളുടെ നിറമാണ്. 

തറവാടിന്റെ കിഴക്കുവശത്തെ അരമതിലിനോട് ചേർന്നായിരുന്നു ആ വലിയ മരം തണൽ വിരിച്ചു നിന്നിരുന്നത്..അതിനെ ചുറ്റിപ്പടർന്ന് എക്കാലവും നിറയെ പൂത്തു നിന്നിരുന്ന ഒരു കടലാസ്സു റോസിന്റെ ചെടിയും .!

ലോകം അവസാനിക്കുന്നതിനു തൊട്ടു മുന്പുള്ള ഒറ്റപ്പെട്ട ഒരു സ്ഥലത്താണ് ആ തറവാടെന്നാണ് അന്നെന്റെ കുഞ്ഞു മനസ്സിന് തോന്നിയിരുന്നത്. മണ്ണുവെട്ടുവഴിയുടെ ഇരുവശത്തുമായുള്ള നാല് വീടുകൾ കൂടി കഴിഞ്ഞാൽ പിന്നെ കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടന്നിരുന്ന വയലുകളായിരുന്നു .. ഇടുങ്ങിയ വെട്ടുവഴിയിൽ നിന്നും വീട്ടിലേക്കുള്ള നടപ്പാത കൊച്ചുകൊച്ചു ചാലുകളും കല്ലുകളും നിറഞ്ഞ ഒരു ഇറക്കമായിരുന്നു. മഴ പെയ്താൽ അവയൊക്കെ നീർച്ചാലുകളാവും, അവ എന്റെ ഭാവനയിലെ അരുവികളും കാട്ടാറുകളുമൊക്കെയാവും . മിനുസമുള്ള ഉരുളൻ കല്ലുകൾ പെറുക്കിയെടുത്തു ഞാൻ കൂട്ടുകാരോടൊപ്പം കൊത്തങ്കല്ലും കളിച്ചിരുന്നു. 

വഴിയുടെ ഇരുവശത്തും ആകാശത്തേയ്ക്ക് നോക്കി ധ്യാനിച്ച്‌ നിന്നിരുന്ന ,വെളുത്ത ഉടലുകളുള്ള യൂക്കലിപ്റ്റസ് മരങ്ങളായിരുന്നു. വനം വകുപ്പിൽ ജോലി ചെയ്തിരുന്ന അച്ഛൻ കൊണ്ടു വരാറുണ്ടായിരുന്ന തൈകൾ അമ്മ കരുതലോടെ നട്ടു പിടിപ്പിച്ചുണ്ടാക്കിയതായിരുന്നു അവയെല്ലാം. .വേനലിൽ യൂക്കാലിപ്റ്റസ് മരങ്ങൾപാമ്പുകളെ ഓർമ്മിപ്പിച്ചുകൊണ്ട്‌ തൊലിയുരിക്കുമായിരുന്നു . ഓരോ മരത്തിലും ഇലകൾ ഓരോ തരമായിരുന്നു. ചിലതിൽ വീതി കൂടിയും കുറുകിയും.ചിലതിൽ നീണ്ടു മെലിഞ്ഞും ചിലതിൽ അല്പം നിറം മാറിയും. നടപ്പാതയിൽ ചെറിയ മണികൾ പോലുള്ള യൂക്കാലിപ്റ്റസ് കായ്കൾ വാടിയും കരിഞ്ഞും വീണു കിടപ്പുണ്ടാവും.അത് കയ്യിലിട്ടു തിരുമ്പി മൂക്കിനോടടുപ്പിച്ചാൽ ഉണ്ടാവുന്ന മണമായിരുന്നു അച്ഛന്റെ, ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ഓഫീസിന്. 


ഇറക്കം അവസാനിക്കുന്നത് അരമതിൽ കെട്ടി നിർത്തിയിരുന്ന മുറ്റത്തേയ്ക്കെത്തുന്ന പടികളിൽ ചെന്നായിരുന്നു.. അവിടെയാണ് വാകമരം നിന്നിരുന്നത്. ഓർമ്മകൾ പൂത്തു ലഞ്ഞ ആ വാകമരവും കടലാസുറോസും.


അല്പം അകലെ ഉയർന്നൊരു നിരപ്പിലായിരുന്നു ഓടു മേഞ്ഞ പശുത്തൊഴുത്ത്. ഓടിൻപുറത്തു കെട്ടുപിണഞ്ഞും പുണർന്നും കിടന്നിരുന്ന മുല്ലവള്ളികളിൽ റോസാപ്പൂവിനോളം വലുപ്പമുള്ള പൂക്കളുണ്ടാവും. സന്ധ്യാ ദീപം കൊളുത്തുമ്പോൾ അവിടമാകെ മുല്ലപ്പൂവിന്റെയും പശുംപാലിന്റെയും ചാണകത്തിന്റെയും കർപ്പൂരത്തിന്റെയും ഇടകലർന്നൊരു മണമായിരുന്നു. ഗോവണി വച്ച് കയറി ഓടിൻ പുറത്തിരുന്നാണ് മാമ്വേട്ടൻ മൊട്ടുകൾ പറിച്ചെടുത്ത് തരിക. ഞാനത് പാവാടയിലിട്ടു വരാന്തയിൽ കൊണ്ട് വയ്ക്കും. അമ്മ തൂണും ചാരിയിരുന്നു വാഴവള്ളികൊണ്ട് പൂക്കൾ കെട്ടി, മുടിയിൽ ചൂടാൻ മാല ഉണ്ടാക്കി തരും. അമ്മയ്ക്ക് പൂക്കൾ ഇഷ്ടമായിരുന്നു . ജമന്തിയും പിച്ചിയും കനകാംബരങ്ങളും മുറ്റത്തു നട്ടു വളർത്തിയിരുന്നത് പൂമാലകൾ കെട്ടാനായിരുന്നു. 

കിഴക്കുവടക്ക് മൂലയിലായി ഒരു കൂവള മരത്തിന്റെ ചോട്ടിൽ കെട്ടിയിരുന്ന തറയിലായിരുന്നു നമ്പൂര്യച്ചന്റെ ഇരിപ്പ്. ഏകദേശം ത്രികോണാകൃതിയിലുള്ള പരന്ന കരിങ്കല്ലിന്റെ കഷ്ണങ്ങൾ ആയിരുന്നു നീശനും നംബൂര്യച്ചനും. സന്ധ്യക്ക്‌ അവിടെയും തിരി കൊളുത്തിവയ്ക്കാൻ എന്നെ പഠിപ്പിച്ചത് അമ്മായിയാണ്. അച്ഛന് പ്രമേഹരോഗ ശമനത്തിന് അരച്ച് കൊടുക്കാൻ കൂവളത്തിന്റെ ഇല പറിയ്ക്കുമ്പോൾ , കൂർത്ത മുള്ളുകൾ കൈയ്യിൽ കോറിവേദനിയ്ക്കുമ്പോൾ കൂവളമരത്തിലെ ശിവസാന്നിധ്യം ഞാൻ അറിയാറുണ്ട്.

പറമ്പിന്റെ അങ്ങേയറ്റത്തായിരുന്നു കപ്പൽ മാവ്. കപ്പല് പോലെ വലുപ്പമുള്ള മാങ്ങകൾ ഉണ്ടാവുമെന്നതായിരുന്നുഅതിന്റെ പ്രത്യേകത. കിണറ്റിൻ കരയിലിരുന്ന് കാഞ്ചനേച്ചി പൂളിത്തന്നിരുന്ന പഴുത്ത മാങ്ങകൾക്ക് ഒരുപോലെ പുളിപ്പും മധുരവും ആയിരുന്നു. 

കിണറിന്നരികില്‍ ഒരു ഇലുംബന്‍പുളിമരമുണ്ടായിരുന്നു. അതിന്റെ ശിഖരങ്ങളിൽ പറ്റിപ്പിടിച്ച് കടും ചോരയുടെ നിറമുള്ള നേർത്ത പൂക്കളുടെ കുഞ്ഞുകുലകൾ ഉണ്ടാവും. അവ വിരിഞ്ഞ് ഇളം പച്ച നിറത്തിലുള്ള ഉണ്ണിപ്പുളികൾ ഉണ്ടാവും. നേരിയ പുളിരസമുള്ള ആ ഉണ്ണിപ്പൂക്കളും പുളികളും എന്റെ വിരസത അകറ്റിയിരുന്ന കൂട്ടുകാരായിരുന്നു. പക്ഷേ ഒരുനാൾ ആ കൊച്ചുമരം എനിക്ക് വേദനയുടെ ചുവന്ന പൂക്കൾ സമ്മാനിച്ചു. 
ഒരുച്ചയ്ക്കായിരുന്നു അത് സംഭവിച്ചത്. വയസ്സനായ ചാത്തച്ചാച്ചൻ വിളഞ്ഞ പുളികൾപറിച്ചെടുക്കാൻ വന്നതായിരുന്നു.ചെങ്കല്ലിന്റെ നിറം പുരണ്ട ഒറ്റ തോർത്തുമുണ്ടുടുത്താണ് അപ്പൂപ്പൻ വരാറുള്ളത്. മരത്തില്‍ കയറിയതും വീട്ടിലെ റെക്സ എന്ന പുലി പോലുള്ള അൽസേഷൻ നായ അപ്പൂപ്പനെ ചാടിപിടിച്ചു. പാവം പ്രാണരക്ഷാര്‍ത്ഥം പുളി മരത്തിന്‍റെ മുകളിലേക്ക് വലിഞ്ഞു കയറാന്‍ നോക്കിയെങ്കിലും നായ അപ്പൂപ്പന്‍റെ കാലിലെ മാംസം കടിച്ചു പറിച്ചു കുടഞ്ഞു താഴേക്കിട്ടു. എന്റെ ചെവിയും തുളഞ്ഞു പോയൊരു ദീനരോദനം അങ്ങ് ദൂരേയ്ക്ക് കേട്ടു. . പിന്നെ അപ്പൂപ്പൻ മാസങ്ങളോളം കാലില്‍ കെട്ടുമായി മരുന്നിനുള്ള കാശു വാങ്ങാന്‍ വരുമായിരുന്നു .കുറെ നാളുകളെടുത്തു കാലിലെ മുറിവുണങ്ങാൻ. അതിൽപ്പിന്നെ ഞാൻ പുളിമരത്തിന്നരികിൽ പോകാറില്ല. പുളി പറിയ്ക്കാറുമില്ല .

അങ്ങനെയാണ് എനിയ്ക്ക് റെക്സയെ കൂടുതൽ പേടിയായത്. ഒരു വേട്ടനായയുടെ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്ന റെക്സയ്ക്ക് തവിട്ടു നിറമായിരുന്നു. ചുണ്ടിന്റെയും മൂക്കിന്റെയും ഭാഗത്ത് വല്ലാത്തൊരു കറുപ്പു നിറവും. ചെവികൾ തലക്കിരുവശത്തും തെറിച്ചു മുകളിലേയ്ക്ക് നില്ക്കും. തെക്കേപ്പുറത്തായിരുന്നു അതിന്റെ കൂട്. ഇരുമ്പഴികൾ ഇട്ട വലിയ കൂട്. മത്സ്യവും മാംസവും മാത്രമേ അത് കഴിക്കാറുണ്ടായിരുന്നുള്ളൂ .രാത്രി അതിനെ അഴിച്ചു വിട്ടാൽ പരിസരമാകെ പോലീസുകാരനെ പോലെ റോന്തു ചുറ്റും. കള്ളന്മാരെ പേടിക്ക്യെ വേണ്ടെന്നു അമ്മ പറയുമായിരുന്നുവെങ്കിലും റെക്സയുടെ കുര കേട്ടു ഞാൻ പേടിച്ചുണരാത്ത രാത്രികൾ കുറവായിരുന്നു. 

വീടിന്നകം മറ്റൊരു ലോകമാണ് . ഇരുട്ടടഞ്ഞു നില്ക്കുന്ന, തട്ടിട്ട കുറെ കുഞ്ഞുകുഞ്ഞു മുറികളും ഒരു വലിയ സ്വീകരണ മുറിയും അതിനടുത്ത്ഒരു ചായ്പ്പും. കുട്ട്യോൾക്ക് ചായ്പ്പിൽ കയറാൻ അനുവാദമില്ല. അതിലായിരുന്നു പത്തായവും പഴക്കുലകളും. അത് കഴിഞ്ഞൊരു കോണിച്ചോട്! തട്ടിന് മുകളിൽ രണ്ടു മുറികൾ. താഴെ കോണിയകം കടന്നു ചെന്നാൽ ഉരൽ മുറി. വലിയ വായ് വിസ്താരമുള്ള ആട്ടുകല്ലും ഉരലും ഇട്ടിരുന്ന ഉരലകം. ആ മുറിയിൽ വെളിച്ചമുണ്ട്. മുകളിൽ ഒന്നു രണ്ടു ഓടുകൾക്കു പകരം വെളിച്ചം കടക്കുന്ന ഒരു ചില്ല് വച്ചിരുന്നു. പിന്നെ അടുക്കള . മങ്ങിയ വെളിച്ചത്തിൽ കിണ്ണങ്ങൾ തിളങ്ങും. കിഴക്കോട്ടു മുഖം തിരിഞ്ഞു നിന്നാൽ ഒരേ നിരയിൽ എപ്പോഴും കനലുകളും ചാരവും നിറഞ്ഞിരുന്ന നാല് അടുപ്പുകൾ . 
മൂന്നാലു ഉറികൾ ഉത്തരത്തിൽ നിന്നും തൂങ്ങി കിടന്നിരുന്നു . ഉറിയിലാണ് അമ്മ വെണ്ണ സൂക്ഷിച്ചിരുന്നത്, ഉറുമ്പരിക്ക്യാതിരിക്ക്യാൻ. കടോല് കൊണ്ട് അമ്മ മോര് കടയുമ്പോൾ വെണ്ണ തിരിഞ്ഞു മുകളിൽ വരുന്നതും നോക്കിയിരിയ്ക്കും ഞാൻ. മഞ്ഞ നിറമുള്ള വെണ്ണ. മോരിൽ നിന്നും കടോലിന്റെ കട കൊണ്ട് വെണ്ണയെടുത്ത് അമ്മ എന്റെ വായിൽ വച്ചുതരും മോരിന്റെ പുളിയോടുകൂടിയ വെണ്ണ...അതിന്റെ സ്വാദൊന്നും പറഞ്ഞറിയിയ്ക്കാൻ എനിയ്ക്ക് വാക്കുകൾ മതിയാവില്ല. അടുക്കളയോട് ചേർന്നുള്ള കിണറിന്റെ മൂന്നു വശവും ചുമരായിരുന്നു. തുറന്ന വശത്ത് ചെണ്ട പോലെ ഒരു കപ്പിയും തുടിയും അതിനെ ചുറ്റി നീണ്ട ഘനമുള്ള കയറു കെട്ടിയ ബക്കറ്റും കൊട്ടത്തളവും. കാഞ്ചെനേച്ചി ബക്കറ്റു മുക്കിത്തുടിച്ചു വെള്ളം കോരിയെടുത്ത് ചെമ്പിലും ചെപ്പുക്കുടങ്ങളിൽ നിറയ്ക്കും. ആ വെള്ളത്തിന് പോലും വല്ലാത്തൊരു സ്വാദായിരുന്നു. 

മഴക്കാലം എനിക്കെന്നും വിഷാദത്തിന്റെതായിരുന്നു. 

വീടിനു ചുറ്റോടു ചുറ്റും വരാന്തയാണ് . അവിടെ നിന്നു കൊണ്ടാണ് ഞാൻ മഴ കാണാറുള്ളത്‌. ഓടിൽ നിന്നും ഒലിച്ചു താഴേക്ക്‌ വീഴുന്ന വെള്ളം കൈക്കുമ്പിളിൽ ആക്കും..ചിലപ്പോ കുടിയ്ക്കും. മഴവെള്ളത്തിനു നൂറു ഗുണമാണെന്ന് അമ്മ പറയാറുണ്ട്‌. ചാറ്റൽ മഴയാണെങ്കിൽ മുറ്റത്തിറങ്ങി കളിയ്ക്കും. ഈറൻതട്ടി മേലും തലയും ഒക്കെ നനയും. പനീം പിടിയ്ക്കും. 

അമ്മ പറഞ്ഞറിവുള്ള ഒരു കഥയുണ്ട്. മൂന്നോ നാലോ വയസ്സുള്ളപ്പോൾ ഒരിയ്ക്കൽ ഒരാഴ്ച്ചയോളം ഞാൻ പനിപിടിച്ചു കിടന്നുത്രെ . ഒരു ദിവസം വീട്ടിൽ ആരുമില്ലാത്തപ്പോൾ ഞാൻ ചായ്പ്പിനകത്തേയ്ക്ക് കടന്നു. അവിടെ ഒരു കുപ്പിയിൽ നിറയെ കടല. എന്റെ പ്രിയ ഭക്ഷണം. ഞാൻ അത് കയ്യിലേയ്ക്കു കുടഞ്ഞിട്ട്‌ കുറെ കഴിച്ചു. ബാക്കി വന്ന കടല അമ്മയ്ക്ക് കൊണ്ട് കൊടുത്തു. അത് എലിയ്ക്ക് വച്ച വിഷമായിരുന്നു. കടലയിൽ കലർത്തിയ എലിവിഷം. 

എന്റെ മഹാഭാഗ്യം കൊണ്ടോ എന്തോ വടയ്ക്കെ വളപ്പിലെ ചേട്ടനെ സ്കൂളീന്ന് കത്തി കുത്തും ചോരയുമായി കൊണ്ടുവന്ന ഒരു കാർ ആ സമയത്ത് അതിലേപോയി. അത് തിരിച്ചു പോകുമ്പോൾ എന്നെ അതിൽ കയറ്റി അമ്മയും മമ്വേട്ടനും ആശുപത്രിയിലേയ്ക്ക് കൊണ്ട് പോയി. അവിടെ എത്തുമ്പോഴേയ്ക്കും വയറൊക്കെ വീർത്തു മുട്ടിയിരുന്നു. മൂക്കിലും വായിലും ട്യൂബിട്ടു വിഷം ഇറക്കാൻ കിടത്തിയ എന്നെ കണ്ടിട്ട് അമ്മയ്ക്ക് ബോധക്കേടും ഉണ്ടായീത്രേ.. മാസങ്ങൾക്കു ശേഷം എന്റെ ദേഹം മുഴുവനും വെളുത്ത പോളങ്ങൾ വന്നു പൊട്ടിയൊലിച്ചപ്പോൾ അമ്മ കുറ്റബോധത്തിന്റെ കണ്ണുനീർഒപ്പുന്നത് എന്റെ ഓർമയിലുണ്ട്. അന്നുമുതൽവയ്യാത്ത കുട്ടിയെന്നും പറഞ്ഞു ഞാൻ അമ്മയുടെ മനസ്സിൽ പ്രത്യേക സ്ഥാനം പിടിച്ചിരുന്നു. അമ്മേടെ ചേലത്തുമ്പിൽനിന്ന് മാറാതെ ഞാനും. 

പിന്നെ ഒരു കൊക്കരിണിക്കാലം..

പടിഞ്ഞാറേ അറ്റത്ത്‌, പിന്നാമ്പുറത്തായിരുന്നു കൊക്കരണി. അധികം ആഴമില്ലാത്തതും കിണറിനെക്കാള്‍ വിസ്താരമുള്ളതും കുളത്തെക്കാള്‍ വലിപ്പം കുറഞ്ഞതും ആയ ഒരു പൊയ്ക. ആരും കൂട്ടില്ലാതെ കൊക്കരണിയില്‍ കുളിക്കാന്‍ പോകാന്‍ പാടില്ല . അമ്മയോ കാഞ്ചനേച്ചിയോ കൂടെ ഉണ്ടാവാറുണ്ടെങ്കിലും ഇടുങ്ങിയ ചാലുകളിലൂടെ ഇറങ്ങുമ്പോള്‍ പേട്യാവാറുണ്ട്. വളഞ്ഞു പുളഞ്ഞു താഴെ എത്തിയാൽ നല്ല തെളിവെള്ളം നിറഞ്ഞു കാണും. ആകാശം മറച്ചു നിന്നിരുന്ന മണ്‍ചുവരുകളിൽ നിറയെ പാമ്പിന്റെയും പൊന്മയുടെയും പൊത്തുകൾ ഉണ്ടായിരുന്നു. എന്റെ ശ്വാസം അവിടെയെത്തുമ്പോൾ നിലയ്ക്കും പോലെ തോന്നാറുണ്ട്. “പേടിയ്ക്കണ്ട കുട്ട്യേ..”ന്ന് പറഞ്ഞിട്ട് കാഞ്ചനേച്ചി കുയിലിന്റെ ശബ്ദം ഉണ്ടാക്കും. അപ്പോൾ അകലെ മറ്റൊരു കുയിൽ കൂവും പോലെ പ്രതിധ്വനി കേൾക്കും. കൊക്കരണിയിലെ വെള്ളത്തിനു കൊടുംതണുപ്പായിരുന്നു. കുളിക്കുമ്പോള്‍ തണുത്തു വിറയ്ക്കും. കുറെ കാലം അതവിടെ ഉണ്ടായിരുന്നു. പിന്നീട് അത് നികത്താന്‍ ആളുവന്നു. ഒരു രഹസ്യ ലോകം അടയുന്നതും നോക്കി നിന്നപ്പോൾ ഇറുകെ പൂട്ടിയ എന്റെ കണ്ണുകളിലെ ഇരുട്ടിൽ, തണുപ്പിൽ പൊന്മകൾ ചിറകടിച്ചുയർന്നു. മനസ്സിൽ ഒരു കുയിൽകുഞ്ഞ് പിടഞ്ഞുകരഞ്ഞു.

എനിയ്ക്ക്  അഞ്ചു വയസ്സ് കഴിഞ്ഞപ്പോൾ ആണ് തറവാട് പൊളിച്ചത്. കുറച്ചു മുകളിലേക്ക് മാറി, ആധുനിക സൌകര്യങ്ങളോടു കൂടിയ പുതിയ വീട് വച്ചു. പൊളിഞ്ഞു കിടന്ന തറവാട്ടിലെ ഒടിഞ്ഞ ചൂരല്‍ കസേരകളില്‍ കുറെനാളുകള്‍ അന്യേത്തി മാരോടൊത്ത് ഞാൻ കുഞ്ഞാഞ്ഞ വച്ചു കളിച്ചു. പിന്നെ അതും തട്ടിനിരത്തി. കിണറിനും കൊക്കര്‍ണിയ്ക്കും തറവാടിനും മീതെ ചുവന്ന മണ്ണ് വീഴുമ്പോൾ നംബൂര്യച്ചൻ മാത്രം ദൃക്സാക്ഷിയായി , കൂടെ നീശനും. 

വാകമരം മുറിച്ചു കളഞ്ഞതോ..അതോ തനിയെ കട പുഴകി വീണതോ..ഓർമ്മയില്ല..ഓർമ്മയിലുള്ളതിനൊക്കെ വാകപ്പൂക്കളുടെ ചുവന്ന നിറവും നേരിയ സുഗന്ധവും ആണ്, ഇപ്പോഴും..

5 അഭിപ്രായങ്ങൾ:

  1. ഇന്നത്തെ ഒരു ബൂലോഗപര്യടനവേളയിലാണ്
    ഈ പുത്തൻ കൊടകര പുരാണത്തിലെത്തിപ്പെട്ടത്..!

    നല്ല കുറിപ്പുകൾ കേട്ടൊ ഹാബി.

    പിന്നെ
    ഈ ‘വഴിത്താരകളിൽ‘
    ഫോളൊയിങ്ങ് ഓപ്ഷൻ കൊടുക്കണം. അപ്പോൾ പിന്തുടരുന്നവർക്കെല്ലാം അപ്പപ്പോൾ പുതുപോസ്റ്റ്കൾ അവരുടെ ഡാഷ് ബോർഡിൽ കാണാറാകും.

    മറുപടിഇല്ലാതാക്കൂ
  2. എലിവ്ഷം തിന്ന ഹേബി എന്ന് പിൽക്കാലത്ത് അറിയപ്പെടാതിരുന്നത് ഭാഗ്യം.

    മറുപടിഇല്ലാതാക്കൂ
  3. ഹേബിയുടെ 'വഴിത്താരകൾ' ഒരു പുസ്തകമാവണമെന്നാണ് എന്റെ ആഗ്രഹം. എഴുത്തുകാർ നമ്മളെ അവരുടെ കഥാഭൂമികയിലേക്ക് കൂട്ടിക്കൊണ്ട് പോകുമ്പോൾ, ഇത് എനിക്കു പരിചയമുള്ള സ്ഥലമാണല്ലോ, കഥാപാത്രങ്ങൾ ഞാൻ കണ്ട് മറന്ന, എനിക്ക് കൂടി വേണ്ടപ്പെട്ട ആരെയോ കുറിച്ചാണല്ലോ എന്ന തോന്നലാണ് വായനക്കാരെ പിടിച്ചിരുത്തി വായിപ്പിക്കുന്നത്. "മനുഷ്യനു ഒരു ആമുഖം" വായിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ തച്ചനക്കരയിലെ അയ്യാട്ടുമ്പിള്ളി തറവാട്ടിലായിരുന്നു താമസം. അതിലെ കഥാപാത്രങ്ങളായിരുന്നു എനിക്ക് വേണ്ടപ്പെട്ടവർ. അവർ ദു:ഖങ്ങളിൽ ഞാൻ സങ്കടപ്പെട്ടു, സുഖങ്ങളിൽ സന്തോഷിച്ചു, ക്രൂരതകളിൽ അമർഷം കൊണ്ടു.

    മറുപടിഇല്ലാതാക്കൂ