2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

ഐഫലും ഡയാനയും വിട ചൊല്ലുമ്പോള്‍ (Paris Part 7)




ഡിസംബര്‍ മുപ്പത്തിയൊന്ന് (2013). പാരീസ് പര്യടനത്തിന്‍റെ പരിസമാപ്തിയായി. രാവിലെ പുറപ്പെട്ടു, ഐഫല്‍ എന്ന വിസ്മയം പകല്‍ വെളിച്ചത്തില്‍ നേരില്‍ കാണാന്‍.   നോവോട്ടെലില്‍ നിന്നും നടക്കാവുന്ന ദൂരമേയുള്ളൂ. അംബരചുംബിയായ ഗോപുരം  അകലെനിന്നു കാണുമ്പോള്‍ അഹങ്കാരത്തോടെ ആകാശത്തേക്ക് കുതിക്കാന്‍ നില്‍ക്കുന്ന ഒരു അസ്ഥിപഞ്ജരം! അടുത്തെത്തി നോക്കുമ്പോള്‍ ഒരു തകരക്കൂടം!
 


വ്യാവസായിക വിപ്ലവത്തിന്‍റെ തുടക്കത്തില്‍ ഫ്രാന്‍സിന്‍റെ പ്രശസ്തി ലോകമെമ്പാടും ഉയര്‍ത്തിക്കാണിക്കാനായി ഒരു പ്രദര്‍ശനത്തിന്‍റെ ഭാഗമായി കെട്ടിപ്പടുത്തതാണ് ഐഫല്‍ ഗോപുരം. ഗുസ്താവ് ഐഫല്‍ (Gustave Eiffal) എന്ന എഞ്ചിനീയറുടെ കീഴിലുള്ള ഒരു കമ്പനിയാണ് 1889 ല്‍ പാരീസിലെ ഏറ്റവും ഉയരം കൂടിയ ഈ രൂപഘടനയുണ്ടാക്കിയത്. മൂന്നു നിലകളിലായി മുന്നൂറ്റി ഇരുപത്തിനാല് മീറ്റര്‍ ( 324 m)ഉയരത്തില്‍ ഏഴായിരം ടണ്‍ ഇരുമ്പു കൊണ്ടുണ്ടാക്കിയ ഒരു ചട്ടക്കൂട്. ആദ്യത്തെ രണ്ടുനിലകളില്‍ സന്ദര്‍ശകര്‍ക്കായി ഭോജനശാലകളുണ്ട്. മൂന്നാം നിലയിലായി നിരീക്ഷണാലയവും.

ഇന്നത്തെ കാലഘട്ടത്തില്‍ ഐഫലിന്‍റെ പ്രസക്തി എന്ന് പറയാവുന്നത് അതിന്‍റെ ആകാരസൗഷ്ടവം മാത്രമാണ്. ചുറ്റുപാടുകളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന ഒരു ഗര്‍വിന്‍റെ സൗന്ദര്യവും ഐഫലിനുണ്ട്. ഉയരവും നീളവും വലുപ്പവും ആകാരവുമെല്ലാം കൊട്ടിഘോഷിക്കപ്പെട്ട ഒരുപാട് കെട്ടിടങ്ങള്‍ ലോകത്തിന്‍റെ പലഭാഗങ്ങളിലായി ആകാശത്തോളം ഉയര്‍ന്ന് ഊറ്റം കൊണ്ടെങ്കിലും ഐഫലിന്‍റെ കാല്പനികതയെ കവച്ചു വയ്ക്കുവാന്‍ അവക്കൊന്നിനും ആയില്ല എന്നതാണ് വാസ്തവം. മലേഷ്യയിലെ ഇരട്ടഗോപുരങ്ങളായ പെട്രോണാസ് പോലുള്ള പടുകൂറ്റന്‍ കെട്ടിടങ്ങളുടെ യെല്ലാം പ്രാധാന്യം അവ അംബരം ചുംബിച്ചതിനേക്കാള്‍ വേഗത്തില്‍ താഴോട്ട് കുതിക്കുകയായിരുന്നല്ലോ. അവയ്ക്കിടയില്‍ ഇന്നും അഹന്തയോടെ നില്‍ക്കുന്നു സാമ്യമകന്ന മനോഹാരിതയുടെ വശ്യമന്ത്രവുമായി ഐഫല്‍!

ഇന്ന് രാത്രി പുതുവത്സരാഘോഷം ഐഫലിനു താഴെ. പകല്‍ മുഴുവന്‍ ഒന്നുകൂടി ചുറ്റിക്കറങ്ങാനുള്ള അവസരം പാഴാക്കാതെ ഐഫലിനോട് ഒരു താല്‍ക്കാലികവന്ദനം പറഞ്ഞുകൊണ്ട് ഞങ്ങള്‍ ഒസ്സേയ് മ്യൂസിയത്തിലേക്ക് തിരിച്ചു.

സെയിന്‍ നദിയുടെ ഇടതു കരയില്‍ നീണ്ടുകിടക്കുന്ന മ്യൂസിയം മുന്‍കാലങ്ങളില്‍ ഒരു റെയില്‍വേ സ്റ്റേഷന്‍ ആയിരുന്നു. കെട്ടിടത്തിന്‍റെ ഇരുവശങ്ങളിലായി പഴയ രണ്ടു വലിയ നാഴികമണികളും കാണാം.

ഇതും ഒരു മഴ ദിവസം തന്നെ. ക്യൂവില്‍ നിന്ന് തളര്‍ന്ന ഞാന്‍ ചുമലില്‍ ചായ്ക്കുന്ന മകളെയും കൊണ്ട്, അവിടെ കണ്ട പടികളില്‍ ഒന്നില്‍ ഒരു മൂലയിലായി ഇരുപ്പുറപ്പിച്ചു. മഴത്തുള്ളികളില്‍ നിന്നും രക്ഷ നേടാന്‍ കയ്യില്‍ കരുതിയിരുന്ന പുതപ്പ് മോളെയും ചേര്‍ത്ത് ദേഹമാകെ ചുറ്റി. പരിസരം മറന്നങ്ങിനെ ഇരിക്കുന്നതിനിടയിലാണ് ആളുകള്‍ എന്‍റെ നേര്‍ക്കു തുറിച്ചു നോക്കുന്നത് ശ്രദ്ധിക്കുന്നത്. ആ നോട്ടത്തില്‍ എന്തോ ഒരു പന്തികേടില്ലേ.!! പൊടുന്നനെ ഓര്‍മ്മ വന്നത് പലയിടത്തായി കണ്ട ഭിക്ഷാടനത്തിന്‍റെ നേര്‍ക്കാഴ്ചകളാണ്. അതും സംഭവിച്ചു കൂടായ്കയില്ല. നാണയത്തുട്ടുകള്‍ എന്‍റെ മുന്‍പിലേക്ക് വീഴും മുന്‍പ് മരവിച്ച കാലുകള്‍ വലിച്ചു വെച്ച് കുഞ്ഞിനേയും കൊണ്ട് ഞാന്‍ ഓടുകയായിരുന്നു, ക്യൂവില്‍ മുന്‍പേ സ്ഥാനമുറപ്പിച്ചിരുന്ന എന്‍റെ കൂട്ടരുടെ അടുത്തേക്ക്!. കഷ്ടിച്ച് രക്ഷപ്പെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ!

വലിയ ബഹളങ്ങളൊന്നും ഇല്ലെങ്കിലും അത്യാവശ്യം ആസ്വാദകരുടെ തിരക്കുണ്ടായിരുന്നു ഗാലറികളില്‍. താരതമ്യേന ഇടുങ്ങിയ മുറികളിലായിരുന്നു ചിത്ര പ്രദര്‍ശനം.


 
കയ്യിലെ ക്യാമറ കണ്ടപ്പോള്‍ ജീവനക്കാര്‍ അടുത്തു വന്നു. ഫോട്ടോ എടുക്കുവാന്‍ പാടില്ലെന്ന് വളരെ സൗമ്യമായി നിര്‍ദ്ദേശിച്ചു. 1848- 1915 കാലയളവിലെ പെയിന്റിങ്ങുകളും ഛായാപടങ്ങളുമായിരുന്നു മ്യൂസിയത്തിലെ ശേഖരങ്ങളില്‍ ഉള്ളത്. 
 
അക്കാലത്ത് ഫ്രാന്‍സില്‍ ഉത്ഭവിച്ച ഒരു ചിത്ര രചനാ രീതിയാണ് ഇമ്പ്രെഷനിസവും പോസ്റ്റ്‌ ഇമ്പ്രെഷനിസവും. (Impressionism and Post Impressionism). വാന്‍ ഗോഗ്, ( Vincent Van Gogh) മോണേ(Monet) , മാനേ(Manet), പോള്‍ ഗോഗിന്‍ (Paul Gauguin) തുടങ്ങിയവരുടെ പെയിന്റിങ്ങുകളാണ് മുഖ്യ ആകര്‍ഷണം. 

 

തല ഒരു വശത്തേക്ക് ചെരിച്ച് പിടിച്ച് ഒരു ചെവി മാത്രം കാണാവുന്നവിധത്തിലുള്ള വാന്‍ഗോഗിന്‍റെ സെല്‍ഫ് പോര്‍ട്രെയ്റ്റ്- മുറിച്ചുമാറ്റിയ ചെവിയുടെ വേദന ആ ചിത്രത്തിലും പടര്‍ന്നിട്ടുണ്ടോ.? 
 

വാന്‍ഗോഗിന്‍റെ പല ചിത്രങ്ങളിലും നാരില്ലാത്ത ബ്രഷോ, അല്ലെങ്കില്‍ ബ്രഷിന്‍റെ കടഭാഗമോ ഉപയോഗിച്ച് അമര്‍ത്തിയുള്ള വരകളാണ് തെളിഞ്ഞു കണ്ടത്. 

 
നല്ലൊരു ബ്രഷു പോലും സ്വന്തമാക്കാന്‍ കഴിവില്ലാതിരുന്ന ആ വിശ്വ ചിത്രകാരന്‍ ദരിദ്രനായി ജീവിച്ച് ദരിദ്രനായി മരിച്ചു എന്ന യാഥാര്‍ത്ഥ്യം പരിതാപകരം തന്നെ! എന്നാല്‍ ഇന്ന് അവ ഫ്രാന്‍സിന്‍റെ അമൂല്യ നിധികളായി മാറിയിരിക്കുന്നു എന്നത് തികച്ചും സ്തുത്യര്‍ഹവും!
മറ്റുള്ള      പെയിന്റിങ്ങുകളും കൂടി കണ്ടു   മടങ്ങുമ്പോള്‍ സായാഹ്നമായിരുന്നു. മുറിയില്‍ ചെന്നശേഷം ഒരു ചെറുമയക്കത്തിലേക്ക് വീണു. ഉണരുമ്പോള്‍ പുതുവത്സരത്തെ വരവേല്‍ക്കാന്‍ നഗരം ആകെ ഒരുങ്ങിക്കഴിഞ്ഞിരുന്നു. രാത്രിമഞ്ഞിന്‍റെ മൂടുപടവും അണിഞ്ഞുകൊണ്ട് കളകളാരവവുമായി കുണുങ്ങിയൊഴുകുന്ന സെയിന്‍! പുഴയോരത്തുകൂടെ മുട്ടിയുരുമ്മിയും കെട്ടുപിണഞ്ഞും നടക്കുന്ന കമിതാക്കള്‍.. മദ്യവും വീഞ്ഞും സിരകളില്‍ പകര്‍ന്ന ലഹരിയില്‍ കണ്ണുകള്‍ മിഴിയാതെ ചെറുപ്പക്കാര്‍... വണ്ടികളുടെ പ്രവാഹം വഴികളില്‍ നിശ്ചലമായി. എല്ലാ കണ്ണുകളും കാലുകളും ലക്ഷ്യം വയ്ക്കുന്നത് ഐഫലിലേക്ക്.
        പാതകളെല്ലാം അടഞ്ഞു, കവലകളില്‍ തിക്കിത്തിരക്കുന്ന ജനം. ഞങ്ങള്‍ പകുതി ദൂരം ടാക്സിയിലും ബാക്കി ദൂരം നടന്നും ഐഫലിനരികിലെത്തി. പ്രകാശത്തില്‍ മുങ്ങിക്കുളിച്ച് ഐഫല്‍ ഒരു നവോഢയെപോലെ അണിഞ്ഞൊരുങ്ങിയിരിക്കുന്നു. സര്‍വാഭരണഭൂഷിതയായ രൂപവതി! പകല്‍ കണ്ട കറുത്ത സുന്ദരിക്ക് രാത്രിയില്‍ ഈ അപ്സര സൗന്ദര്യം കൈവന്നതെങ്ങനെ ?

തൊട്ടു മുന്നില്‍ ഒരു യുവതി മദ്യ ലഹരിയില്‍ കാലിടറിക്കൊണ്ട് എന്തൊക്കെയോ പുലമ്പുന്നു. കൂട്ടുകാരി സമാശ്വസിപ്പിച്ചു കൊണ്ട് കൂടെയുണ്ട്. കയ്യിലുണ്ടായിരുന്ന ചഷകം അവള്‍ ഈര്‍ഷ്യയോടെ വലിച്ചെറിഞ്ഞു, ആരെയോ ചീത്ത വിളിച്ചു. പ്രേമനൈരാശ്യമാവാം... അവരെ ചുറ്റിപ്പറ്റി കുറച്ച് ചെറുപ്പക്കാര്‍.

കൗണ്ട് ഡൌണ്‍ തുടങ്ങി..ടിക്ക് ടിക്ക് ടിക്ക് .....മണി പന്ത്രണ്ടായത്തോടെ ഒരു വെടിക്കെട്ടില്‍ ഐഫലിന്‍റെ ധവള പ്രകാശം അലിഞ്ഞു. അമിട്ടുകള്‍ വിരിഞ്ഞമര്‍ന്നു. ഷാമ്പയിന്‍ ചിതറുന്നു. ഗ്ലാസ്സുകള്‍ നിറയുന്നു. ആരവങ്ങളില്‍ ആര്‍ത്തുല്ലസിച്ചു കൊണ്ട് പാരീസിയന്‍സും വിനോദ സഞ്ചാരികളും ആശംസകള്‍ കൈമാറുന്നു. 
ഒരു വര്‍ഷം കൂടി ഭൂമിയിലേക്ക്‌ പിറന്നു വീഴുന്നു. സ്വല്‍പനേരം കഴിഞ്ഞപ്പോള്‍ ആള്‍കൂട്ടം പതിയെ പിന്‍വാങ്ങവേ ലഹരി അപഹരിച്ച സ്വബോധം ചികഞ്ഞെടുക്കാന്‍ ഒരു വിഫല ശ്രമം നടത്തിക്കൊണ്ടു കുഴയുന്ന കാല്‍വയ്പ്പുകളോടെ യുവതി കൂട്ടുകാരോടൊത്ത് എങ്ങോ മറയുന്നു. ശുഭരാത്രി!

എയര്‍പോര്‍ട്ടിലേക്കു പോകാനുള്ള ടാക്സി നന്നേ പുലര്‍ച്ചക്ക് വന്നു.തലേന്ന് പാതിരാവില്‍ ആഘോഷങ്ങളില്‍ മന്ദീഭവിച്ചുപോയ നഗരം ഉണര്‍ന്നിട്ടില്ല ഇനിയും. ഡ്രൈവര്‍, മദ്ധ്യവയസ്കനായ ഒരു ശ്രീലങ്കനായിരുന്നു. ഞങ്ങള്‍ക്ക് നേരത്തെ എത്തിച്ചേരേണ്ടതുണ്ടെന്നു പറഞ്ഞപ്പോള്‍ അയാള്‍ എളുപ്പവഴികളിലൂടെ അല്പം വേഗത്തില്‍ തന്നെ വണ്ടിയോടിച്ചു. സംസാരപ്രിയനായ അയാള്‍ക്ക്‌ കാതോര്‍ത്തുകൊണ്ട് ഞങ്ങളിരുന്നു. ഇരുപതു വര്‍ഷത്തോളമായി അയാളിവിടെ കുടുംബസമേതം ജീവിക്കുന്നു. തലേന്നത്തെ കോലാഹലങ്ങള്‍ക്കിടയില്‍ അല്ലറചില്ലറ അപകടങ്ങളും ഐഫലിനു താഴെയായി ഒന്ന് രണ്ടു മരണങ്ങളും ഉണ്ടായെന്ന് അയാള്‍ പറഞ്ഞു. റോഡിന്‍റെ വലതു വശത്തായി അങ്ങകലെ ഐഫല്‍ എല്ലാത്തിനും മൂക സാക്ഷിയായി നില്‍പ്പുണ്ടായിരുന്നു. ഐഫല്‍ കണ്ണില്‍ നിന്നും മാഞ്ഞുകഴിഞ്ഞയുടന്‍ ഞങ്ങള്‍ ഒരു തുരങ്കത്തിലൂടെ സഞ്ചരിക്കാന്‍ തുടങ്ങി.

അയാള്‍ പറഞ്ഞു, “ഈ തുരങ്കത്തില്‍ ഇതാ ഏതാണ്ട് ഇവിടെവച്ചാണ് ഡയാനാ രാജകുമാരിയുടെ  അപമൃത്യു സംഭവിച്ചത്.” ഞങ്ങളുടെ ആകാംക്ഷ മനസ്സിലാക്കിയെന്നോണം അയാള്‍ തുടര്‍ന്നു. “ഹാരോട്സ് (Harrods) കമ്പനികളുടെ ഉടമസ്ഥനും ഈജിപ്ഷ്യന്‍ കോടീശ്വരനുമായ മുഹമ്മദ്‌ അല്‍ ഫയിദ് ( Mohamed Al Fayed )ന്‍റെ മകനായ ഡോഡി ഫായെദ് ( Dodi Fayed) എന്ന തന്‍റെ കാമുകനുമൊത്ത് കാറില്‍ യാത്ര ചെയ്യവേ ഈ തുരങ്കത്തിനുള്ളില്‍ വച്ചാണ് ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു പേരും 1997 ആഗസ്റ്റ്‌ മുപ്പത്തി ഒന്നിന് മരണപ്പെട്ടത്”. പത്രപ്രവര്‍ത്തകരില്‍ നിന്നും ഓടിയൊളിക്കാന്‍ ശ്രമിക്കവെ യാദൃശ്ചികമായി സംഭവിച്ചുപോയെന്നുള്ള കഥയ്ക്കാണ് പ്രചാരമെങ്കിലും നടന്നത് മറ്റൊന്നാണ് എന്നാണ് ഡ്രൈവറുടെ പക്ഷം. ഫായെദില്‍ നിന്നും ഗര്‍ഭിണിയായ ഡയാന കൊട്ടാരത്തിനും ബ്രിട്ടണും അപകീര്‍ത്തി ഉണ്ടാക്കുമെന്ന ദീര്‍ഘവീക്ഷണത്തില്‍ ആസൂത്രണം ചെയ്യപ്പെട്ട കൊലപാതകമാണ് അതെന്ന് അയാള്‍ വിശദീകരിച്ചു. സുന്ദരിയായ രാജകുമാരിയുടെ അതിദാരുണമായ അന്ത്യമോര്‍ത്ത് ഒരിക്കല്‍ക്കൂടി ഞാന്‍ പരിതപിച്ചു. മരണം, ആര്‍ക്ക്, എങ്ങനെ, എപ്പോള്‍ എവിടെ വച്ച് എന്ന് നിര്‍ണ്ണയിക്കാന്‍ ആര്‍ക്കുമാവില്ല. ജനനം കൊട്ടാരത്തിലോ കുടിയിലോ എന്ന വ്യത്യാസമില്ലാതെ അത് നമ്മളെ പിന്തുടരുന്നു. 

പുലരിയില്‍ പാരീസ് വിളറി നിന്നു. ഒപ്പം എന്‍റെ മനസ്സും. എന്നെന്നേക്കുമായുള്ള ഒരു വിടവാങ്ങലോടെ ഞാന്‍ വിമാനത്താവളത്തിനകത്തേക്ക് പയ്യേ നടന്നു. ഓര്‍ക്കാന്‍ ഒരുപാട് സുന്ദര നിമിഷങ്ങളുടെ പീലിത്തലോടലിനൊപ്പം ഒരു വിഷാദ രാഗത്തിന്‍റെ നേര്‍ത്ത വിങ്ങലും മനസ്സില്‍ ബാക്കിയായി. പാരീസ് ഇനി വീണ്ടും ഒരു സ്വപ്നമാവുന്നു.....

7 അഭിപ്രായങ്ങൾ:

  1. ഒരു വര്‍ഷം കൂടി ഭൂമിയിലേക്ക്‌ പിറന്നു വീഴുന്നു. സ്വല്‍പനേരം കഴിഞ്ഞപ്പോള്‍ ആള്‍കൂട്ടം പതിയെ പിന്‍വാങ്ങവേ ലഹരി അപഹരിച്ച സ്വബോധം ചികഞ്ഞെടുക്കാന്‍ ഒരു വിഫല ശ്രമം നടത്തിക്കൊണ്ടു കുഴയുന്ന കാല്‍വയ്പ്പുകളോടെ യുവതി കൂട്ടുകാരോടൊത്ത് എങ്ങോ മറയുന്നു. ശുഭരാത്രി!

    മറുപടിഇല്ലാതാക്കൂ
  2. You seem to really love history…
    If somebody had tossed a few coins that would have been quite an experience : P
    Other day in National geography, they were showing a documentary on Kolkatta and comparing the city with Paris… a lot of similarities in fact!

    മറുപടിഇല്ലാതാക്കൂ
  3. നല്ലൊരു യാത്ര തരപ്പെട്ടു. ഈഫൽ ടവർ സ്വർണ്ണവർണ്ണമായതും കണ്ടു.
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  4. ‘പുലരിയില്‍ പാരീസ് വിളറി നിന്നു. ഒപ്പം എന്‍റെ മനസ്സും. എന്നെന്നേക്കുമായുള്ള ഒരു വിടവാങ്ങലോടെ ഞാന്‍ വിമാനത്താവളത്തിനകത്തേക്ക് പയ്യേ നടന്നു. ഓര്‍ക്കാന്‍ ഒരുപാട് സുന്ദര നിമിഷങ്ങളുടെ പീലിത്തലോടലിനൊപ്പം ഒരു വിഷാദ രാഗത്തിന്‍റെ നേര്‍ത്ത വിങ്ങലും മനസ്സില്‍ ബാക്കിയായി. പാരീസ് ഇനി വീണ്ടും ഒരു സ്വപ്നമാവുന്നു.....‘


    അതെ ഈ ലോക നഗരസുന്ദരിയായ പാരീസിനോടടുത്താൽ അവളെ പിരിയാനുള്ള വിഷമം ഇതിൽ പരം എങ്ങിനെ പറയാനാണ് അല്ലേ

    മറുപടിഇല്ലാതാക്കൂ
  5. എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി..

    മറുപടിഇല്ലാതാക്കൂ