2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

മലമുകളില്‍ നിന്നും തെരുവീഥികളിലൂടെ ഒരു പ്രയാണം (Paris Part 6)


ഒരു കുന്നിനു മുകളില്‍ നിന്നുള്ള പാരീസിന്‍റെ രൂപലാവണ്യം കാണണമെങ്കില്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് മോണ്ട് മാര്‍ട്ട് എന്ന് കേട്ടപ്പോള്‍ അങ്ങോട്ട്‌ തിരിച്ചു. മുന്‍കാലങ്ങളില്‍ വധ ശിക്ഷയുടെ ഭാഗമായി തൂക്കിലേറ്റിയും കഴുത്തറുത്തും ആയിരക്കണക്കിനു ജീവനുകള്‍ ക്രൂശിക്കപ്പെട്ടിരുന്ന സ്ഥലം കൂടിയാണിത്. അതിനു ശേഷമാണ് അവിടെ ഇപ്പോഴുള്ള നൂറു വര്‍ഷത്തോളം പഴക്കമുള്ള ബസലിക്ക ഉയര്‍ന്നത്. 
 ചവിട്ടുപടികള്‍ ഒരു പിടി കയറിയിട്ടുവേണം വെളുത്ത താഴികക്കുടവുമായി അഴകോടെ നില്‍ക്കുന്ന മോണ്ട് മാര്‍ട്ടിലെത്തുവാന്‍. അന്ന് മഴയ്ക്ക് ശക്തി കൂടിയ ദിവസമായിരുന്നു. നാട്ടിലെ തരക്കേടില്ലാത്ത ഒരു മഴയിലേക്ക് കുടയില്ലാതെ ഇറങ്ങിയപോലെയായി.
തണുത്തു വിറച്ച് പല്ലുകള്‍ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു. ഒരു ചൂടു ചായ കുടിക്കാന്‍ ഞാന്‍ ഇത്രയേറെ ആഗ്രഹിച്ച ഒരു നിമിഷം വേറെ ഉണ്ടായിട്ടുണ്ടാവില്ല. പള്ളിയുടെ അകത്തേക്കൊന്നു എത്തിനോക്കിയ ശേഷം തിരിച്ച് പടികളിറങ്ങി. താഴെ ഒരു ഛായാ ചിത്രത്തിലെന്നപോലെ പാരിസ് നഗരം ലാസ്യതയോടെ കിടക്കുന്നു.

ഈ കുന്നിന്‍റെ അടിവാരത്തിലായി പരന്നു കിടക്കുന്ന മോണ്ട് മാര്‍ട്ട് വില്ലേജിന് ഇതുവരെ കണ്ടതില്‍ നിന്നൊക്കെ വ്യത്യസ്തമായ, തനതായ ഒരു ശൈലിയുണ്ട്. തെരുവിലുടനീളം കടകളാണ്.ഷോപ്പിങ്ങിനു പറ്റിയ സ്ഥലം. പണ്ടുകാലങ്ങളില്‍ ഈ പരിസരം കലാപ്രേമികളുടെ കേദാരമായിരുന്നു. നിപുണരായ കലാകാരന്മാര്‍ നിമിഷ നേരം കൊണ്ട് പെന്‍സില്‍ കൊണ്ടും വാട്ടര്‍ കളര്‍ കൊണ്ടും ഛായാചിത്രങ്ങള്‍ വരച്ചു തരുന്ന സ്ഥലങ്ങള്‍ ഇപ്പോഴും ഈ വീഥിയിലുണ്ട്. തോള്‍ സഞ്ചിയിലും കയ്യിലും നിരവധി കരകൗശല വസ്തുക്കള്‍ തൂക്കിയിട്ട തെരുവു വില്‍പ്പനക്കാര്‍ മഴ നനഞ്ഞും കീശ നിറക്കുന്നതില്‍ വ്യാപൃതരായിരുന്നു. അവരെ ബോധപൂര്‍വ്വം ഒഴിവാക്കിക്കൊണ്ട് ചെറിയ കടകളില്‍ കയറി ഒന്ന് രണ്ടു തൊപ്പികള്‍ വാങ്ങി. തൊട്ടടുത്തുള്ള ചിക്കന്‍ കോര്‍ണറില്‍ കയറി. പാക്കിസ്ഥാനികളാണ് നടത്തിപ്പുക്കാര്‍. നല്ല രുചിയുള്ള , ചുടുചുടുക്കന്‍ ചിക്കന്‍ പൊരിച്ചത് വാങ്ങി കഴിച്ചു. തണുപ്പിനൊരു ശമനം കിട്ടി, വിശപ്പിനും. ഇന്നിനി നഗര വീഥികളിലൂടെ ഒരുപാട് നടന്നു കാണാനുള്ളതാണ്. മൊത്തത്തിലുള്ള ഒരു അവലോകനം. തളര്‍ച്ചയും വിളര്‍ച്ചയും കാര്യമാക്കാതെ ഞങ്ങള്‍ യാത്ര തുടര്‍ന്നു.

പാരീസിന്‍റെ തണുത്ത രാത്രികള്‍ക്ക് മാദകത്വം പകരുന്ന കാബറേകള്‍ അരങ്ങേറുന്ന പ്രശസ്തമായ മോളെന്‍ റോഷിനു മുന്നിലൂടെയായിരുന്നു പിന്നെ നടന്നുകൊണ്ടിരുന്നത്‌. അവിടെ ദീപങ്ങള്‍ക്ക് ചുവപ്പ് നിറമായിരുന്നു. കാലേകൂട്ടി ടിക്കറ്റുകള്‍ ഉറപ്പാക്കിയാല്‍ മാത്രമേ ഇവിടത്തെ ഈ പ്രത്യേക നൃത്ത സംഗീത പ്രകടനം കാണുവാന്‍ കഴിയുകയുള്ളൂവത്രേ!. 


അവിടെനിന്നും ഒരു മെട്രോയില്‍ കയറി പോയത് ഷോസെലീസേ(champs Elysee) ലേക്കായിരുന്നു ലോകപ്രസിദ്ധമായ ഒരു രാജവീഥിയാണ് പാരീസിലെ ഷോസെലീസേ. വിലകൂടിയ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ കടകളാണ് അധികവും. എന്തിനും ഏതിനും പത്തിരട്ടിയോളം വില കൂടുതലും. 
 
ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും, അഭിനേതാക്കള്‍ ഉള്‍പ്പെടെ പ്രസിദ്ധരായ പലരും, , ആരാധകരില്‍ നിന്നും രക്ഷപ്പെട്ട്, ആരാലും തിരിച്ചറിയപ്പെടാതെ ജീവിതം ആസ്വദിക്കാനായി ഇടയ്ക്ക് ,ഈ വീഥികളില്‍ എത്താറുണ്ടുപോലും!.
                              
പ്രശസ്തമായ ആര്‍ക്ക് ഡി ട്രിയോംഫ് അങ്ങേ അറ്റത്തായി ദീപങ്ങളില്‍ കുളിച്ചു നില്‍ക്കുന്നുണ്ട്. ഫ്രഞ്ച് വിപ്ലവത്തില്‍ പൊരുതിയ സൈനികരുടെ ഓര്‍മ്മകള്‍ അനശ്വരമാക്കുന്ന വിജയ ഗോപുരം! ഈ ആര്‍ച്ചിനു ലോകത്തിലെ ഏറ്റവും വലിയ ആര്‍ച്ച്‌ എന്ന ഖ്യാതിയും ഉണ്ട്. ആര്‍ച്ചിന്‍റെ അകത്തും പുറത്തുമെല്ലാം യുദ്ധങ്ങളുടെയും വിജയങ്ങളുടെയും വിശദാംശങ്ങള്‍ ചിത്രസഹിതം രേഖപ്പെടുത്തിവച്ചിട്ടുണ്ട്. 1806 ലാണ് ആര്‍ക്ക് ഡി ട്രിയോംഫ് രൂപകല്പന ചെയ്യപ്പെട്ടത്‌.
രാത്രിയില്‍ തണുപ്പിന് കാഠിന്യം കൂടി വരുന്നുണ്ടായിരുന്നു. അടുത്ത ദിവസത്തേക്കുള്ള പദ്ധതികള്‍ ആലോചിച്ചുറപ്പിച്ചുകൊണ്ട് മെട്രോ ലക്ഷ്യം വച്ച് നടന്നു. കുറച്ചു നേരം കാത്തിരിക്കേണ്ടതുണ്ട് വണ്ടി എത്താന്‍. കഴിഞ്ഞ ആറു ദിവസങ്ങളായി ഞങ്ങള്‍ മെട്രോയും ട്രാമും ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. കയ്യോ കാലോ എടുത്തു വയ്ക്കുന്നതില്‍ ഒരല്‍പ്പം പിഴവ് സംഭവിച്ചാല്‍ പിന്നെന്തുണ്ടാവുമെന്നു പറയുക വയ്യ. അത്രയ്ക്ക് കൃത്യതയും വേഗതയുമുള്ള വാഹനങ്ങളാണിവ. അപകടങ്ങള്‍ ഒന്നും ഉണ്ടായില്ലെന്ന് പറഞ്ഞുകൂടാ. ഒരിക്കല്‍ ഞങ്ങള്‍ എട്ട് പേരില്‍ നാല് പേര്‍ ട്രാമില്‍ കയറി, ബാക്കിയുള്ളവര്‍ കടക്കും മുന്‍പേ വാതിലുകള്‍ അടഞ്ഞ് വണ്ടി നീങ്ങി. ഇറങ്ങേണ്ടിടത്ത്‌ ഇറങ്ങിയെങ്കിലും, അടുത്ത വണ്ടിയില്‍ അവര്‍ എത്തും വരെ നെഞ്ചിടിപ്പോടെ കാത്തിരിക്കേണ്ടി വന്നു. തലയ്ക്കു മുകളില്‍ നഗരത്തെ വഹിച്ചുകൊണ്ട് അനന്തമായി കിടക്കുന്ന ഭൂഗര്‍ഭ തീവണ്ടിപ്പാതകളും സ്റ്റേഷനുകളും ഏതോ നിഗൂതാവളങ്ങളെ ഓര്‍മ്മിപ്പിച്ചു. ജാഗ്രതയോടെ നടന്നില്ലെങ്കില്‍ വഴിതെറ്റി പോകും എന്ന് മാത്രമല്ല മോഷണത്തിനും പിടിച്ചുപറിക്കും വരെ സാദ്ധ്യതകള്‍ ഏറെ. തികച്ചും അരക്ഷിതവും ഭീതിതവും ആയ ഒരു അന്തരീക്ഷം അവിടമാകെ മൂടിക്കെട്ടി നിന്നിരുന്നു. ഇത്തരം സ്ഥലങ്ങളില്‍ ഇരുണ്ട ഭൂഖണ്ഡത്തില്‍ നിന്നുമുള്ള ആളുകളെ കൂടുതലായി കാണാന്‍ കഴിഞ്ഞുവെന്നുള്ളതാണ് മറ്റൊരു കാര്യം. മയക്കുമരുന്നിന്‍റെ ലഹരിയില്‍, ചെവിയില്‍ തിരുകിയ ശ്രവണ സഹായിയിലൂടെ ഒഴുകുന്ന സംഗീതത്തില്‍ ലയിച്ച് ലക്ഷ്യമില്ലാതെ ഉഴറുന്ന, അല്പം അരക്കിറുക്കുള്ള ചെറുപ്പക്കാര്‍. ചിലപ്പോഴൊക്കെ അവര്‍ പരിസരം മറന്ന് നൃത്തച്ചുവടുകളും വച്ചു.

ട്രാം നീങ്ങിത്തുടങ്ങി. കാഴ്ചക്ക് ഒരു പരസ്യ സുന്ദരിയുടെ അഴകുള്ള ഒരു പെണ്‍കുട്ടി, ട്രാമില്‍ ഇരുന്ന എല്ലാവരുടെയും മടിയില്‍ ഓരോ കാര്‍ഡ്‌ ഇട്ടു നടന്നു നീങ്ങിയപ്പോള്‍ കാര്യം മനസ്സിലാവാതെ ഞാന്‍ പകച്ചു. വായിച്ചു നോക്കിയപ്പോള്‍, ഭിക്ഷക്കുള്ള യാചാനാപത്രം. പൈസ കൊടുക്കുമ്പോള്‍ നക്ഷത്രം പോലെ തിളങ്ങിയ ആ കണ്ണുകളെ ഒഴിവാക്കാന്‍ ഞാന്‍ പ്രയാസപ്പെട്ടു. അന്തസ്സായി ഭിക്ഷ യാചിക്കുന്ന ആളുകളെ ആദ്യമായി കാണുന്നതും ഈ യാത്രക്കിടയില്‍ തന്നെ. പാരീസിലെത്തിയ ആദ്യത്തെ ദിവസംതന്നെ റോഡ്‌ മുറിച്ച് കടക്കുന്നതിനിടയില്‍, വഴിയരികില്‍ ഒരു കമ്പിളി പുതപ്പു വിരിച്ച്, അതിന്മേല്‍ മഴ നനഞ്ഞിരിക്കുന്ന ഒരു യുവതിയെയും അവരുടെ മൂന്നു കുട്ടികളെയും കണ്ടിരുന്നു. ഭിക്ഷക്കാര്‍ എന്നാല്‍ എന്‍റെ സങ്കല്‍പ്പത്തില്‍ കീറി പറിഞ്ഞ വസ്ത്രം ധരിച്ച് ഒട്ടിയുണങ്ങിയ രൂപമുള്ള പട്ടിണിപ്പാവങ്ങള്‍ എന്നായിരുന്നു. ഇവിടെ കണ്ടവരെല്ലാം സിനിമാതാരങ്ങളെയും വെല്ലുന്ന, നല്ല ലക്ഷണമൊത്ത യാചകര്‍. ഒന്നാന്തരം കമ്പിളിക്കുപ്പായങ്ങളും കയ്യുറകളും കാലുറകളും ധരിച്ച ആഭിജാത്യമുള്ള ആളുകള്‍ എന്തിനിങ്ങനെ ഭിക്ഷ ഇരക്കേണ്ടി വരുന്നു എന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല. ഇതിനിടയില്‍ ട്രാമിലെ യാചകസുന്ദരി കിട്ടിയ പൈസ ശേഖരിച്ച് ഏതോ സ്റ്റേഷനില്‍ ഇറങ്ങിപ്പോയിരുന്നു. എനിക്കിറങ്ങാനുള്ള സ്റ്റേഷനില്‍ ശബ്ദത്തോടെ വണ്ടി നിന്നപ്പോഴേക്കും ഞാന്‍ പരിക്ഷീണയായിരുന്നു. നാളെയുടെ കാഴ്ചകള്‍ക്കായി, ഉണര്‍വോടെ ഒരു സുപ്രഭാതത്തെക്കൂടി വരവേല്‍ക്കാനായി ഇന്നിനി ഒരു സുഖനിദ്രക്കുള്ള ഒരുക്കം കൂട്ടട്ടെ.

7 അഭിപ്രായങ്ങൾ:

 1. പാരീസിലെത്തിയ ആദ്യത്തെ ദിവസംതന്നെ റോഡ്‌ മുറിച്ച് കടക്കുന്നതിനിടയില്‍, വഴിയരികില്‍ ഒരു കമ്പിളി പുതപ്പു വിരിച്ച്, അതിന്മേല്‍ മഴ നനഞ്ഞിരിക്കുന്ന ഒരു യുവതിയെയും അവരുടെ മൂന്നു കുട്ടികളെയും കണ്ടിരുന്നു. ഭിക്ഷക്കാര്‍ എന്നാല്‍ എന്‍റെ സങ്കല്‍പ്പത്തില്‍ കീറി പറിഞ്ഞ വസ്ത്രം ധരിച്ച് ഒട്ടിയുണങ്ങിയ രൂപമുള്ള പട്ടിണിപ്പാവങ്ങള്‍ എന്നായിരുന്നു. ഇവിടെ കണ്ടവരെല്ലാം സിനിമാതാരങ്ങളെയും വെല്ലുന്ന, നല്ല ലക്ഷണമൊത്ത യാചകര്‍. ഒന്നാന്തരം കമ്പിളിക്കുപ്പായങ്ങളും കയ്യുറകളും കാലുറകളും ധരിച്ച ആഭിജാത്യമുള്ള ആളുകള്‍ എന്തിനിങ്ങനെ ഭിക്ഷ ഇരക്കേണ്ടി വരുന്നു എന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല. ഇതിനിടയില്‍ ട്രാമിലെ യാചകസുന്ദരി കിട്ടിയ പൈസ ശേഖരിച്ച് ഏതോ സ്റ്റേഷനില്‍ ഇറങ്ങിപ്പോയിരുന്നു.

  മറുപടിഇല്ലാതാക്കൂ
 2. അന്തസ്സായി ഭിക്ഷ യാചിക്കുന്ന യാചകര്‍.
  അത് കൊള്ളാലോ.
  വിവരണം ഇഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
 3. ഹഹ
  ഭിക്ഷക്കാര്‍ക്ക് പോലും എന്തു സ്റ്റാന്‍ഡാര്‍ഡ് ആണ്!!

  മറുപടിഇല്ലാതാക്കൂ
 4. യാത്രകൾ വിവരിക്കുകയാണെങ്കിൽ
  ഇങ്ങിനെ വേണം
  നന്നായി വിവരിച്ചിരിക്കുന്നൂ...

  മറുപടിഇല്ലാതാക്കൂ