2014, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

പ്രതിമയും കൊട്ടാരവും ഉദ്യാനശോഭയില്‍! (Paris Part 5)


മരങ്ങള്‍ ഓരം ചേര്‍ന്നു നിന്നിരുന്ന നടപ്പാതയിലൂടെ കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ അകലെ വേഴ്സായ് കൊട്ടാരത്തിന്‍റെ (versailles Palace Paris) വലിയ മൈതാനം പരന്നു കിടക്കുന്നത് കാണാമായിരുന്നു.
 

വഴിയരികില്‍, തുറസ്സായ ഒരു സ്ഥലത്ത്, വിചിത്ര വേഷം കെട്ടിയ ഒരു പ്രതിമ നില്‍പ്പുണ്ടായിരുന്നു. അല്ല, വിചിത്ര വേഷമെന്ന് ആദ്യം തോന്നിയതാണ്, അടുത്ത് ചെന്നപ്പോള്‍ അതൊരു ഈജിപ്ഷ്യന്‍ മമ്മിയുടെ വേഷമണിഞ്ഞ മനുഷ്യപ്രതിമയാണെന്ന് മനസ്സിലായി. സ്വര്‍ണ്ണത്തിന്‍റെ നിറമുള്ള പളപളാ  മിന്നുന്ന കുപ്പായമിട്ട പ്രതിമ ചക്രവാളങ്ങളില്‍ ദൃഷ്ടികള്‍ ഉറപ്പിച്ച്, നിശ്ചലനായി ഒരേ നില്‍പ്പാണ്. 
                               

പി.പത്മരാജന്‍റെ “പ്രതിമയും രാജകുമാരിയും” വര്‍ഷങ്ങള്‍ക്ക് മുന്‍പ് വായിച്ചത് ഓര്‍മ്മയുണ്ടെങ്കിലും അത്തരം ഒരു പ്രതിമയെ നേരില്‍ കാണുന്നതാദ്യം. പാവം പ്രതിമ! അസ്ഥികള്‍ കോച്ചുന്ന ഈ തണുപ്പില്‍ പാരതന്ത്ര്യത്തിന്‍റെ ചങ്ങലകള്‍ അണിഞ്ഞ് എത്രനേരമിങ്ങിനെ നില്‍ക്കുന്നുണ്ടാവും! നിലാവുദിക്കുന്ന യാമങ്ങളില്‍ ഏതു സ്വര്‍ഗ്ഗ ദ്വീപിലെ ഉത്സവാരവങ്ങള്‍ക്കിടയിലാവും പ്രതിമ തന്‍റെ വന്യമായ വികാരങ്ങളുടെ കെട്ടഴിച്ചു വിടുന്നുണ്ടാവുക?!! തന്‍റെ അംഗലാവണ്യം പ്രദര്‍ശിപ്പിച്ച് പ്രതിമയുടെ മനസ്സും ഇമകളും ഒരു പോലെ ഇളക്കി തോല്‍വി സമ്മതിപ്പിക്കാനെത്തുന്ന ലാസ്യവതിയായ രാജകുമാരി എവിടെ?

താഴെ വച്ചിരിക്കുന്ന കൂടയില്‍ നാണയ തുട്ടുകളും നോട്ടുകളും വീണു കിടപ്പുണ്ടായിരുന്നു. ഞാന്‍ ഒരു ചെറിയ നോട്ട് ഇട്ടു കൊടുത്തപ്പോള്‍ പ്രതിമ അനങ്ങി, കുമ്പിട്ടു വണങ്ങി. ഇത് പച്ചയായ മനുഷ്യന്‍! ഈ കിട്ടുന്ന കാശുകൊണ്ട് ഉപജീവനം കഴിക്കുന്ന ഒരു സായിപ്പ്!


പ്രതിമയെ പിന്നിലാക്കി കൊട്ടാരമുറ്റത്തെത്തുമ്പോള്‍, എവിടെയുമെന്നപോലെ ഇവിടെയും കണ്ടു കണ്ണെത്താത്ത ദൂരത്തോളം നീണ്ടുവളഞ്ഞ ക്യൂ. മൂവന്തി വരെ നിന്നാലും അകത്തു കടക്കാനാവുമെന്ന് തോന്നുന്നില്ല. ഇത്തവണ ഞങ്ങള്‍ തനി മലയാളി സ്വഭാവം പുറത്തെടുത്തു. ക്യൂവിന്‍റെ അരികത്തുകൂടി ഒന്നുമറിയാത്ത പോലെ സൗഹൃദ സംഭാഷണത്തില്‍ മുഴുകി നടന്ന ഞങ്ങള്‍ ഇടയ്ക്കു വരിയില്‍ കയറി നിലയുറപ്പിച്ചത്, പക്ഷേ സംസ്കാരസമ്പന്നരായ, “സഹവരിയന്മാരായ” യൂറോപുകാര്‍ അറിഞ്ഞതുപോലുമില്ല. എവിടെയെങ്കിലും മറ്റൊരു മലയാളിത്തല ഉണ്ടായിരുന്നെങ്കില്‍ ചാടിവീണ് വഴക്കടിച്ച് ഞങ്ങളെ ഏറ്റവും പിറകില്‍ കൊണ്ട് നിര്‍ത്തുമായിരുന്നുവെന്നത് മൂന്നരത്തരം. ഭാഗ്യം! അതുണ്ടായില്ല. അങ്ങനെ ഞങ്ങള്‍ ഒട്ടും കാലവിളംബമില്ലാതെത്തന്നെ പ്രവേശനകവാടത്തിലെത്തിപ്പെട്ടു.


 

സ്വര്‍ണ്ണം പൂശിയ പടിവാതിലുള്ള വലിയ മതില്‍ക്കെട്ടിനുള്ളിലെ കൊട്ടാരത്തിനകത്തേക്ക് കാലെടുത്തു വയ്ക്കുമ്പോഴേ എനിക്ക് തോന്നി, പുസ്തകങ്ങളില്‍ മാത്രം വായിച്ച് പരിചയമുള്ള പാശ്ചാത്യ രീതിയിലുള്ള ഒരു കൊട്ടാരത്തിന് എന്‍റെ മനസ്സില്‍ ഇതേ രൂപവും, ഇതേ ഭാവവും തന്നെയായിരുന്നു എന്ന്. 

 നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഫ്രഞ്ച് രാജാക്കന്മാരുടെ ഔദ്യോഗിക വസതിയായിരുന്ന വേഴ്സായ് പാലസ്, രാജവാഴ്ചയില്‍ അധിഷ്ടിതമായ പുരാതമായ ഭരണ വ്യവസ്ഥയുടെ ഒരു ഉത്തമോദാഹരണമാണ്. 1979 ല്‍ ആണ് വേഴ്സായ് കൊട്ടാരവും, അതിന്‍റെ മതില്‍ക്കെട്ടിനുള്ളിലെ വിശാലമായ പൂങ്കാവനവും, ലോക സാംസ്കാരിക പൈതൃക സ്മാരകങ്ങളില്‍ ഒന്നായി UNESCO രേഖപ്പെടുത്തിയത്.


ആയിരത്തി അറന്നൂറ്റി മുപ്പത്തിനാലില്‍ (1634) ല്‍ ഇഷ്ടികയും കരിങ്കല്ലും ചേര്‍ത്തുണ്ടാക്കിയ ഈ കൊട്ടാരം, ആദ്യം ലൂയി പതിമൂന്നാമന്‍റെ വാസസ്ഥലമാകുകയും 1669ല്‍ ലൂയി പതിനാലാമന്‍റെ കാലത്ത് വീണ്ടും അതിവിപുലമായി പരിഷ്ക്കരിക്കപ്പെടുകയും ചെയ്തു. ചരിത്രത്തില്‍ എക്കാലത്തും പുകഴ്ത്തപ്പെട്ടിട്ടുള്ള ശ്രേഷ്ഠവും ആഡംബരസമൃദ്ധവുമായ അകത്തളത്തോടു കൂടിയ വേഴ്സായ് പാലസിനുള്ളിലെ മുഖ്യ ആകര്‍ഷണം കണ്ണാടി ചുമരുകളുള്ള ആ വലിയ നടപ്പുരയാണ്. ആര്‍ച്ചുകള്‍ക്കുള്ളില്‍ ഘടിപ്പിച്ചിട്ടുള്ള പതിനേഴു കണ്ണാടികള്‍, പതിനേഴു ജനലുകളെ അഭിമുഖീകരിച്ചു നില്‍ക്കുന്നു. ഓരോ ആര്‍ച്ചിലും ഇരുപത്തിയൊന്നു കണ്ണാടികള്‍ വീതം മൊത്തം മുന്നൂറ്റി അമ്പത്തിയേഴു ദര്‍പ്പണങ്ങളാണ് കാഴ്ചപ്രധാനമായ ഈ നടപ്പുരയില്‍ പ്രതിഷ്ഠിച്ചിട്ടുള്ളത്. മുറിയുടെ മുകള്‍ത്തട്ട് അലങ്കൃതമാക്കുന്ന ചിത്രങ്ങള്‍, വിശദാംശങ്ങളോടുകൂടി വരച്ചു ചേര്‍ത്തിട്ടുള്ളത്തിന്‍റെ പിന്നിലെ കഠിനപ്രയത്നം ആര്‍ക്കും നിസ്സംശയം ബോധ്യപ്പെടുന്ന ഒരു വസ്തുതയാണ്. ഇത്തരം ചിത്രപ്പണികളില്‍ സ്വയം മറന്ന് വ്യാപൃതനായിരുന്നതിനാലാണ് ഡാവിഞ്ചിക്ക് ഒടുവില്‍ കാഴ്ച പോലും നഷ്ടമായതെന്ന് പറയപ്പെടുന്നു.

കൊട്ടാരത്തിനകത്ത് രാജാവിന്‍റെയും രാജ്ഞിയുടെയും അന്തപ്പുരങ്ങള്‍,, വായനാമുറി, തുടങ്ങി, പലയിടങ്ങളും അറ്റകുറ്റപ്പണികള്‍ ചെയ്ത് സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. 
 

 
പെയിന്റിങ്ങുകള്‍ക്കു പുറമേ നിരവധി ശില്പങ്ങളും പ്രദര്‍ശനവസ്തുക്കളില്‍ പെടും.


 

 
ഇവിടെ നിന്നും ജനലിലൂടെ പുറത്തേക്കു നോക്കിയാല്‍ കാണുന്നത് മനം കവരുന്ന സുന്ദരോദ്യാനമാണ്. എണ്ണൂറ് ഹെക്ടറില്‍ വിസ്തൃതമായി കിടക്കുന്ന, സവിശേഷമായ ശൈലിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഫ്രഞ്ച് ഗാര്‍ഡനില്‍, ഓരോ ഋതുവിലും ഓരോ നിറങ്ങളില്‍ കാവടി വിരിച്ചാടുന്ന മരങ്ങളും, പ്രത്യേകം വച്ചു പിടിപ്പിച്ചിരിക്കുന്നു. 

 ആന്ത്രെ ലെ നൂതൃ (André Le Nôtre) എന്ന പേരുകേട്ട ഫ്രെഞ്ച് ഉദ്യാനപാലകന്‍ ആണ് ഇതിന്‍റെ ശില്പി. അദ്ദേഹത്തിന്‍റെ നാനൂറാം (400) ജന്മ വാര്‍ഷികം (1613-2013) പ്രമാണിച്ച് വേഴ്സായ് കൊട്ടാരം അടിച്ചിറക്കിയ ഒരു നാണയവും സ്വന്തമാക്കാന്‍ മറന്നില്ല. 








ഫ്രഞ്ച് വിപ്ലവത്തിനു ശേഷം കൊട്ടാരവും പൂന്തോട്ടവുമെല്ലാം ഗണ്യമായ തോതില്‍ നാശനഷ്ടങ്ങള്‍ നേരിട്ടുവെങ്കിലും, പിന്നീടത്‌ ശ്രദ്ധയോടെ സംരക്ഷിച്ച് പൂര്‍വസ്ഥിതിയിലാക്കുകയായിരുന്നു. ആയിരക്കണക്കിനു ചിത്രങ്ങളും ശില്‍പ്പങ്ങളും ഇനിയും പ്രദര്‍ശിപ്പിക്കപ്പെടാതെ കൊട്ടാരത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നും പറഞ്ഞു കേള്‍ക്കുന്നു. 
 
കൊട്ടാരത്തിന്‍റെ പടിഞ്ഞാറേവശത്തായി അനന്തമായി കിടക്കുന്ന, വിശ്വവിശ്രുതമായ ഉദ്യാനത്തിലേക്കിറങ്ങിയപ്പോള്‍ തുളഞ്ഞു കയറിയ ശീതക്കാറ്റില്‍ എല്ലുകള്‍ പോലും തണുത്തുറഞ്ഞുവെങ്കിലും, ഇടക്കുദിച്ച നല്ല തെളിഞ്ഞ വെയിലേകിയ ചൂടേറ്റു നില്‍ക്കുന്നത് സുഖകരമായ അനുഭവമായി. 

മനസ്സ് കടിഞ്ഞാണ്‍ വിട്ട കുതിരയെപ്പോലെ കാണാക്കാഴ്ചകള്‍ക്കായി അകലങ്ങളില്‍ മേഞ്ഞു നടന്നു. ഇടതൂര്‍ന്നു വളര്‍ന്നു നിന്നിരുന്ന മരങ്ങളില്‍ നിറങ്ങളുടെ നൃത്തം. മദ്ധ്യേ അനന്തമായിക്കണ്ട നടപ്പാതകളും ഫൌണ്ടനുകളും ചേര്‍ന്നു സുന്ദരമായ, ആ ആരാമം ഏതൊരു വര്‍ണ്ണനക്കും അതീതമായി തോന്നി. ഒരു കാലം, സുഖലോലുപതയുടെ ഔന്നത്യത്തില്‍ വിളങ്ങിയ മായാപ്രപഞ്ചം. കാടുകള്‍ക്കിടയിലെവിടെയോ വിദൂരമായ കുതിരക്കുളമ്പടികള്‍, നായാട്ടിന്‍റെ വിളികള്‍, ആഹ്ലാദത്തിമര്‍പ്പുകള്‍.. ഇടക്കെപ്പോഴോ വഴി മാറി വന്നു വേറെയും ചിന്തകള്‍.. പള്ളിത്തേരിലിറങ്ങി വരുന്ന രാജാവും രാജ്ഞിയും! എങ്ങനെയായിരുന്നിരിക്കാം ആ കാലങ്ങള്‍! എല്ലാത്തിനും സാക്ഷിയായി നിന്ന ഈ ചൊല്‍ക്കൊണ്ട പൂങ്കാവനത്തിനും പറയാനുണ്ടാവാം ഒത്തിരിയൊത്തിരി കാല്പനികത വിരിയുന്ന കഥകളും കവിതകളും ...

ഒരു ഉണര്‍ച്ചയിലെന്നോണം എന്‍റെ കാഴ്ചകളില്‍ ചുവപ്പ് രാശി വീണു..രമണീയമായ ആ കാലങ്ങള്‍ക്കൊടുവില്‍, ഫ്രെഞ്ചു വിപ്ലവങ്ങളുടെ ക്ലേശങ്ങളേറെയും ഏറ്റുവാങ്ങിയ കൊട്ടാരക്കെട്ടിനു പറയാന്‍ നെഞ്ച് പിളര്‍ന്ന് ചീറ്റിയ ചോരയുടെ നോവുള്ള ഓര്‍മ്മകളും കാണില്ലേ....

രാജവാഴ്ചയുടെ ആര്‍ഭാടത്തിലമര്‍ന്ന പദസ്വനങ്ങളും, എല്ലാം തകര്‍ത്തു തൂത്തെറിഞ്ഞ വിപ്ലവത്തിന്‍റെ നിശ്വാസങ്ങളും ഇളവെയിലില്‍, അകലെ, മരങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയുടെ നിഴലുകളായി വീണുകിടന്നു..

ഓരോ കാലഘട്ടത്തിലായി മനുഷ്യന്‍ മണ്ണില്‍ ഉയര്‍ത്തിയ പ്രൌഢിയുടെ പ്രതീകങ്ങള്‍, കാഴ്ചക്കാരന്‍റെ ചിന്തകളെ ഉദ്വീപിപ്പിക്കുവാന്‍ ഉതകുന്ന തരത്തില്‍, അത്ഭുതങ്ങളായ ചരിത്ര സ്മാരകങ്ങളായിമാറി, തനിമയോടെ നില നില്‍ക്കുന്നുവെന്നത് തന്നെ ആശ്ച്ചര്യമുളവാക്കുന്ന ഒരു വസ്തുതയാകുമ്പോള്‍, കൂടുതല്‍ ചിന്തകള്‍ അപ്രസക്തമാവുന്നു എന്ന് വേണം പറയാന്‍.

6 അഭിപ്രായങ്ങൾ:

  1. പാവം പ്രതിമ! അസ്ഥികള്‍ കോച്ചുന്ന ഈ തണുപ്പില്‍ പാരതന്ത്ര്യത്തിന്‍റെ ചങ്ങലകള്‍ അണിഞ്ഞ് എത്രനേരമിങ്ങിനെ നില്‍ക്കുന്നുണ്ടാവും! നിലാവുദിക്കുന്ന യാമങ്ങളില്‍ ഏതു സ്വര്‍ഗ്ഗ ദ്വീപിലെ ഉത്സവാരവങ്ങള്‍ക്കിടയിലാവും പ്രതിമ തന്‍റെ വന്യമായ വികാരങ്ങളുടെ കെട്ടഴിച്ചു വിടുന്നുണ്ടാവുക?!! തന്‍റെ അംഗലാവണ്യം പ്രദര്‍ശിപ്പിച്ച് പ്രതിമയുടെ മനസ്സും ഇമകളും ഒരു പോലെ ഇളക്കി തോല്‍വി സമ്മതിപ്പിക്കാനെത്തുന്ന ലാസ്യവതിയായ രാജകുമാരി എവിടെ?

    മറുപടിഇല്ലാതാക്കൂ
  2. ഒരു സാഹിത്യമൂഡ് ഉണ്ടല്ലോ ഈ ലക്കം വിവരണത്തിന്. കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  3. you must be watching malayalam tv programs there na?
    you watch shows by TV anchor Dr. Lakshmi Nair?
    you know what, you arent bad at all in vividly describing the beauty of places...
    speak to some channels there :)

    മറുപടിഇല്ലാതാക്കൂ
  4. ഒരു ഉണര്‍ച്ചയിലെന്നോണം എന്‍റെ കാഴ്ചകളില്‍ ചുവപ്പ് രാശി വീണു..രമണീയമായ ആ കാലങ്ങള്‍ക്കൊടുവില്‍, ഫ്രെഞ്ചു വിപ്ലവങ്ങളുടെ ക്ലേശങ്ങളേറെയും ഏറ്റുവാങ്ങിയ കൊട്ടാരക്കെട്ടിനു പറയാന്‍ നെഞ്ച് പിളര്‍ന്ന് ചീറ്റിയ ചോരയുടെ നോവുള്ള ഓര്‍മ്മകളും കാണില്ലേ....

    രാജവാഴ്ചയുടെ ആര്‍ഭാടത്തിലമര്‍ന്ന പദസ്വനങ്ങളും, എല്ലാം തകര്‍ത്തു തൂത്തെറിഞ്ഞ വിപ്ലവത്തിന്‍റെ നിശ്വാസങ്ങളും ഇളവെയിലില്‍, അകലെ, മരങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയുടെ നിഴലുകളായി വീണുകിടന്നു..


    സുന്ദര ഭാഷ...

    മറുപടിഇല്ലാതാക്കൂ