2014, ഫെബ്രുവരി 7, വെള്ളിയാഴ്‌ച

നോത്രദാമിലേക്കൊരു റിക്ഷ സവാരി (Paris Part 3)



 
റിക്ഷയും റിക്ഷാവാലയും അന്യംനിന്നുപോയെന്നു കരുതിയിരുന്നതിനാല്‍ പാരീസിന്‍റെ തിരക്ക് പിടിച്ച റോഡിലൂടെ ഓടുന്ന സുന്ദരമായ റിക്ഷാവണ്ടികള്‍ കൗതുകക്കാഴ്ചയായി. ഇലക്‌ട്രിക്എഞ്ചിന്‍ ഘടിപ്പിച്ച സൈക്കിള്‍ റിക്ഷകള്‍ അനായാസമായി ഓടിക്കുന്ന പാരീസിയന്‍ റിക്ഷാവാലകള്‍. അതിലൊന്ന് കയറണമെന്ന മോഹം ഇനി ബാക്കിയാവരുതല്ലോ.  ലൂവര്‍ മ്യൂസിയത്തില്‍ നിന്നും ഒരു റിക്ഷയില്‍ കയറി സെയിന്‍ നദിയുടെ അക്കരയിലേക്ക് യാത്ര തിരിക്കുമ്പോള്‍ നേരം സന്ധ്യയായിരുന്നു. തുറന്ന റിക്ഷയില്‍ ഇരുന്ന് വഴിയോരക്കാഴ്ചകള്‍ കണ്ടുകൊണ്ടുള്ള രസകരമായ യാത്രക്കൊടുവില്‍, നദിക്കരയില്‍, കിഴക്കോട്ടു തിരിഞ്ഞ്, ഒരു വലിയ കപ്പലിന്‍റെ ആകൃതിയില്‍ നില്‍ക്കുന്ന നോത്രദാം ദേവാലയം ദൃഷ്ടിഗോചരമായി. മുറ്റത്ത്‌ നില്‍ക്കുന്ന കൂറ്റന്‍ ക്രിസ്തുമസ് മരമാകെ നക്ഷത്രപ്പൂക്കള്‍ കത്തി വിടര്‍ന്നു നിന്നു.


 

എണ്ണൂറ്റി അമ്പതിലധികം വര്‍ഷങ്ങളുടെ പഴക്കമുണ്ട് പാരീസിന്‍റെ പ്രതീകാത്മകമായ ദേവാലയമായ നോത്രദാമിന്. ശില്പ ചാരുതയുടെ തലയെടുപ്പോടെ നില്‍ക്കുന്ന പ്രോജ്ജ്വലമായ ഗോഥിക് കലയുടെ, കാലാതീതമായ ദൃഷ്ടാന്തമാണ് നോത്രദാം.! പുറം ഭിത്തിയില്‍, ഒരേ നിരയില്‍, നിറമുള്ള പളുങ്കില്‍ പരിലസിക്കുന്ന ഇരുപത്തിയെട്ടു ചക്രവര്‍ത്തിമാരുടെ രാജകീയ പ്രൌഡി. ജ്യൂടായില്‍ നിന്നും ഇസ്രായേലില്‍ നിന്നുമുള്ള ക്രിസ്തുവിന്‍റെ പൂര്‍വ്വപിതാമഹന്‍മാര്‍! ഇതിനു മുകളില്‍ മുഖപ്പിന്‍റെ ഇരുവശങ്ങളിലായി ആദാമും ഹവ്വയും. നടുവില്‍ പത്തു മീറ്ററോളം വരുന്ന റോസ് ജനലില്‍ , ഒരു പ്രഭാവലയത്തോടെ വിളങ്ങുന്ന കന്യാമറിയത്തിന്‍റെ പ്രതിമ.



അമ്പത് ഏക്കറോളം വരുന്ന വനത്തിലെ ഓക്ക് മരങ്ങള്‍ മുറിച്ചാണ് അയ്യായിരത്തിലേറെ പേര്‍ക്കിരിക്കാവുന്ന, മുപ്പത്തിയഞ്ചു മീറ്ററോളം ഉയരമുള്ള ഈ ഐതിഹാസികമായ അത്ഭുതം ഉണ്ടാക്കിയിരിക്കുന്നത്. ഈ ആശയം കൊണ്ടുവന്നത് ബിഷപ്പ് മോറിസ് ( Maurice de Sully) ആയിരുന്നു. പോപ്പ് അലെക്സാണ്ടര്‍ മൂന്നാമനും, കിംഗ്‌ ലൂയിസ് ഏഴാമാനും ചേര്‍ന്ന് 1163 ല്‍ ഇതിന്‍റെ തറക്കല്ലിട്ടെങ്കിലും പണി പൂര്‍ത്തിയാക്കാന്‍ പിന്നെയുമെടുത്തു നൂറു വര്‍ഷങ്ങള്‍. സ്ത്രീ-പുരുഷ ഭേദമന്യേ അഞ്ചു തലമുറകളുടെ അദ്ധ്വാനവും വൈദഗ്ദ്ധ്യവും പരിചയസമ്പന്നരായ ശില്‍പികളുടെ മേല്‍നോട്ടവും ഈ ദേവാലയം പടുത്തുയര്‍‍ത്തിയതിനു പിന്നിലുണ്ട്. നൂറ്റാണ്ടുകളിലൂടെ വികസിപ്പിച്ചെടുത്ത പലതരം സാങ്കേതികവിദ്യകളും ഇതിന്‍റെ നിര്‍മാണത്തിനായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കല്ലുകള്‍ കുട്ടകളിലാക്കി മുതുകില്‍ ചുമന്നും, മഞ്ചലില്‍ ഏറ്റിയും സാവധാനത്തില്‍ മുന്നേറിയ പണി ഒറ്റച്ചക്രകൈവണ്ടിയുടെ വരവോടെ വേഗത്തിലായി. കപ്പിയും കയറും ഉപയോഗിച്ച് ഭാരമുയര്‍ത്തുന്നതിനുള്ള ഉപകരണങ്ങളുടെ കണ്ടുപിടുത്തത്തോടെ, ദേവാലയത്തിന്‍റെ കമാനാകൃതിയിലുള്ള മേല്‍ത്തട്ട് മുപ്പത്തിമൂന്നു മീറ്ററും, ഗോപുരം അറുപത്തിയൊന്‍പതു മീറ്ററും, സ്തൂപികാ ശിഖരം തൊണ്ണൂറു മീറ്ററും ഉയരത്തില്‍ കെട്ടിപ്പടുക്കുവാന്‍ തൊഴിലാളികള്‍ക്ക് കഴിഞ്ഞു. പല കാലങ്ങളിലൂടെ, പല സാങ്കേതിക വിദ്യകളിലൂടെ, പല തലമുറകളുടെ അദ്ധ്വാനം! ദൈവത്തിനും മാതാവിനും വേണ്ടി സമര്‍പ്പിക്കപ്പെട്ട ഒത്തൊരുമയും പരിശ്രമവും! രാഷ്ട്രീയവും മതപരവുമായ ഒട്ടേറെ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള നോത്രദാം ദേവാലയം ഒരു ചരിത്ര പുസ്തകം തന്നെയാണ് എന്ന് ചരിത്രകാരനായ മീഷ്ലേയ് ( Michelet) രേഖപ്പെടുത്തിയിരിക്കുന്നതില്‍ ഒട്ടും അതിശയോക്തി ഇല്ല.

പ്രപഞ്ചത്തെ വെളിച്ചത്തിലേക്ക് നയിച്ച യേശുനാഥനെ പ്രതിനിധീകരിച്ചുകൊണ്ട്, ഈ ദേവാലയം, ഉദയസൂര്യന് അഭിമുഖമായി, ഒരു കുരിശിന്‍റെ രൂപത്തിലാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. പ്രാര്‍ത്ഥനയുടെയും സമാധാനത്തിന്‍റെയും ശാന്തിതീരത്ത് ദിനംതോറും എത്തുന്ന നിരവധി ആളുകള്‍ തങ്ങളുടെ സങ്കടവും സന്തോഷവും കഷ്ടപ്പാടുകളും ദൈവവുമായി പങ്കു വയ്ക്കുന്നു.


വിസ്താരമേറിയ മൂന്നു വളഞ്ഞ വാതായനങ്ങള്‍ സ്വാഗതമരുളി നില്‍പ്പുണ്ട്. അകത്തേക്ക് കാലെടുത്തു വച്ചപ്പോള്‍ മുതല്‍ അനുഭവിക്കാനായി ഒരു പ്രത്യേകതരം  വിശുദ്ധി! വര്‍ണ്ണാഭയോടെ വിരിഞ്ഞു നില്‍ക്കുന്ന ഇതളുകള്‍ സ്വരൂപിച്ച് മെനഞ്ഞെടുത്ത, റോസാപ്പൂവിന്‍റെ ആകൃതിയിലുള്ള വലിയ മൂന്നു റോസ് ജനലുകളിലൂടെ എത്തുന്ന വെളിച്ചം അകത്തളത്തിലൊരു പ്രത്യേകതരം പ്രകാശം വിതറിയിരുന്നു. ജനലിലെ നിറക്കൂട്ടിലൂടെ അകത്തെത്തുന്ന പകല്‍ വെളിച്ചത്തിന് ഓരോ സമയത്ത് ഓരോ ഭാവങ്ങളാണ് പോലും!അതറിയണമെങ്കില്‍ ഇനിയൊരു പകല്‍ ഇവിടെ ചിലവഴിക്കേണ്ടി വരും.

പതിമൂന്നു മീറ്റര്‍ വലുപ്പമുള്ള ഈ മൂന്നു റോസ് ജനലുകളുടെ പണി പൂര്‍ത്തിയാവുന്നതും കാത്ത് സെയിന്‍റ് ലൂയിസ് ( Saint Louis the King) രണ്ടാം കുരിശുയുദ്ധത്തിനുള്ള തന്‍റെ പുറപ്പാട് മാസങ്ങളോളം വൈകിപ്പിച്ചതായി പറയപ്പെടുന്നു. ആയിരത്തി ഇരുന്നൂറ്റി എഴുപതിലാണ് (1270) ഇത് സംഭവിക്കുന്നത്‌. കുരിശുയുദ്ധം കഴിഞ്ഞ് അദ്ദേഹം പിന്നീടൊരിക്കലും തിരിച്ചു വരികയുമുണ്ടായില്ല.

റോസ്ജനാലക്കു ചുറ്റും വരച്ചു ചേര്‍ത്തിട്ടുള്ള പളുങ്കു ചിത്രങ്ങള്‍ക്കു നടുവിലായി ഉണ്ണിയേശുവിനെ തോളിലേന്തിയ പരിശുദ്ധമാതാവിന്‍റെ രൂപം! നോത്രദാം ദേവാലയം കന്യാമറിയത്തിനായി അര്‍പ്പിക്കപ്പെട്ടിട്ടുള്ളതാണ്. മുപ്പത്തിയേഴ് ചിത്രങ്ങളാണ് കന്യാമറിയത്തിന്റേതായി ഇതിനകത്തുള്ളത്. പഴയ നിയമത്തിലെ സന്ദര്‍ഭങ്ങളും ഒട്ടനവധി ചിത്രങ്ങളിലൂടെ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്.


നീണ്ട ഇടനാഴിയിലൂടെ വലത്തോട്ട് നടന്നാല്‍ കാണുന്ന ചെറിയ പ്രദര്‍ശനാലയത്തിനകത്ത് വിശിഷ്ടപുരാവസ്തുക്കളുടെ പ്രത്യേക ശേഖരമുണ്ട്. മനുഷ്യനേത്രങ്ങള്‍ക്ക് പരോക്ഷമാവുന്ന, ദൈവത്തിനു വേണ്ടി മാത്രം സമര്‍പ്പിക്കപ്പെട്ടിട്ടുള്ള പലതും ദേവാലയത്തിനകത്ത് ഉണ്ടെന്നാണ് പറയപ്പെടുന്നത്. കുരിശു യുദ്ധങ്ങളുടെ കാലത്ത് ജെറുസലേമില്‍ നിന്നുംകൊണ്ടുവന്നിട്ടുള്ള ചില തിരുശേഷിപ്പുകളും ഈ ശേഖരത്തിലുണ്ട്.

   


ഇടുങ്ങിയ കോണിപ്പടികള്‍ കയറി മുകളിലെത്തിയാല്‍ കാണുന്ന മണി ഗോപുരത്തിലാണ് പതിമൂന്നു ടണ്‍ ഭാരം വരുന്ന ഇമ്മാനുവല്‍ മണിയടക്കം പ്രസിദ്ധമായ നാല് പള്ളിമണികള്‍ വച്ചിരിക്കുന്നത്. വിക്ടര്‍ ഹ്യൂഗോയുടെ, വിരൂപനായ കൂനന്‍ ക്വാസിമോദ ഇവിടെയെവിടെയോ മറഞ്ഞു   നില്‍ക്കുന്നുണ്ടാകുമോ ? വര്‍ഷങ്ങള്‍ക്ക് പിറകില്‍,  ക്ലാസ്സുമുറിയില്‍ അദ്ധ്യാപകന്‍ വിവരിക്കുന്ന  കഥ കേട്ട് കൗതുകപ്പെട്ടിരിക്കുന്ന കുഞ്ഞുപാവാടക്കാരി ഒരുവേള കൂനനെ എത്തിനോക്കി ഓടിപ്പോയി. അന്ന് ഭയമായിരുന്നു ക്വാസിമോദയെ. ഇപ്പോള്‍ ഒന്ന്, കാണാനായെങ്കിലെന്ന തോന്നലും! 

ഇരുണ്ട ഇടനാഴിയിലൂടെ നടക്കുമ്പോള്‍, അള്‍ത്താരക്കരികിലായി വെളുത്ത വസ്ത്രം ധരിച്ച വലിയ, നീണ്ട മുഖമുള്ള ഫാദര്‍ നില്‍ക്കുന്നത് കണ്ടു. കേരളത്തിലെ വയലുകളില്‍ കണ്ടു വരാറുള്ള പൊക്കത്തിലുള്ള പാതിരികൊക്കുകളെ അപ്പോള്‍ ഞാന്‍ വെറുതേ ഓര്‍ത്തു. കുര്‍ബാനക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. കുന്തിരിക്കത്തിന്‍റെ ഗന്ധം അവിടമാകെ പരന്നു. ചിത്രപ്പണികളോടെ കടഞ്ഞെടുത്ത ഓക്കുമരത്തിന്‍റെ പീഠത്തില്‍ വച്ചിരിക്കുന്ന ഓര്‍ഗനില്‍ നിന്നും ശ്രുതിമധുരതരംഗങ്ങള്‍ അലയടിച്ചുയര്‍ന്നു. നൂറ്റാണ്ടുകളിലൂടെ ഒഴുകിയ ദേവാലയസംഗീതം ലോകത്തിലെതന്നെ ഏറ്റവും വലിയതെന്നു അവകാശപ്പെടാവുന്ന പ്രശസ്തമായ ആ ഓര്‍ഗനില്‍ ഇന്നും സുരക്ഷിതം. 

അല്പസമയത്തിനുള്ളില്‍ ദൈവാരാധനക്കായി വന്നവരും, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ സന്ദര്‍ശകരുമായി ഇരിപ്പിടങ്ങളില്‍ ആളുകള്‍ നിറഞ്ഞു. ഇരിക്കാനൊരിടം കണ്ടെത്തി. ഇത്രയധികം ആളുകള്‍ കൂടിയിട്ടും, അവിടെ നിറഞ്ഞു നിന്ന നിശബ്ദതയും ശാന്തസുന്ദരമായ സമാധാനത്തിന്‍റെ അന്തരീക്ഷവും ഒരു അത്ഭുതത്തോടെ മാത്രമേ അനുഭവിക്കാനാവൂ.തൂണിലും തുരുമ്പിലും മാത്രമല്ല, അവിടത്തെ ഓരോ വായുകണത്തിലും ദൈവസാന്നിധ്യം ഉണ്ടെന്ന് തോന്നി. അദൃശ്യമായ ആ ദൈവസാന്നിധ്യമാണ് ദേവാലയത്തിനകത്തെ നിധികളില്‍ ഏറ്റവും വിശിഷ്ടമായതെന്നാണ് വിശ്വാസികളുടെ പക്ഷം.

സങ്കടമോ, സന്തോഷമോ, എന്ന്  വേര്‍തിരിച്ചറിയാനാവാതെ  ഒരു വികാരത്തില്‍  അല്‍പനേരം  കണ്ണുകളടച്ചിരുന്നു.  അനിര്‍വചനീയമായ ഒരു വിശേഷാനുഭൂതി!.

യാത്ര ചൊല്ലും മുന്‍പ് അവിടെ കണ്ട ഒരു മെഷീനില്‍ പൈസയിട്ട് ഒരു നാണയം എടുത്തു. നാണയത്തിന്‍റെ ഒരു വശത്ത് മുദ്രണംചെയ്ത ദേവാലയ ചിത്രം, മറുവശത്ത് ഒരു കപ്പലിന്‍റെ ചിത്രത്തിനു താഴെ “850 years Notre Dame De Paris” എന്ന് കൊത്തിയിട്ടുണ്ട്.

 
                                 
പുറത്ത് നല്ല ഇരുട്ട്. ചാറ്റല്‍ മഴക്ക് ശക്തി കൂടി. സെയിന്‍ നദിയുടെ ഓരം ചേര്‍ന്ന് നടക്കുമ്പോള്‍ സന്ദര്‍ശകരെ കയറ്റിയ ഒരു ക്രൂയിസ് പോകുന്നത് കണ്ടു. പള്ളിയില്‍ നിന്നും മണി മുഴങ്ങി. രാത്രിയുടെ മണിനാദം. കണ്ണും കാതും നിറഞ്ഞു നിന്ന നോത്രദാം ഇനി എനിക്കൊരു ഓര്‍മ്മ മാത്രം. മഴത്തുള്ളികള്‍ വീണ വഴികളിലൂടെ, കാറ്റിന്‍റെ താളത്തില്‍ കുണുങ്ങിയും കിതച്ചും റിക്ഷകള്‍ നിര്‍ത്താതെ ഓടിക്കൊണ്ടിരുന്നു. 
 

11 അഭിപ്രായങ്ങൾ:

  1. മഴത്തുള്ളികള്‍ വീണ വഴികളിലൂടെ, കാറ്റിന്‍റെ താളത്തില്‍ കുണുങ്ങിയും കിതച്ചും റിക്ഷകള്‍ നിര്‍ത്താതെ ഓടിക്കൊണ്ടിരുന്നു.

    മറുപടിഇല്ലാതാക്കൂ
  2. നല്ല വിവരണങ്ങള്‍.
    റിക്ഷ രസായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. Like you had told me, it s only getting better …
    You are really getting deeper into the heart of this classical city…
    And by the way, if you visit UP, you can still see cycle rickshaw vaalas… :P
    so you were moving around in rickshaw ?

    മറുപടിഇല്ലാതാക്കൂ
  4. ലൂവര്‍ മ്യൂസിയം യൂറോപ്പിലെ ഏറ്റവും നീളമേറിയ ബില്‍ഡിംഗ് ആനെന്ന് ഡാന്‍ ബ്രൌണ്‍ എഴുതിയിട്ടുണ്ട്. ശരിയാണോ?

    നഗരത്തിലൂടെ ഒഴുകുന്ന പുഴയുടെ ഭംഗി കണ്ടെന്റെ ചിന്ത പോയത് മദ്രാസിലെ കൂവം നദിയാണ്. നഗരത്തിലെ മൊത്തം അഴുക്കും അതിലാണൊഴുകുന്നത്. പരിസരത്ത് മൂക്ക് പൊത്താതെ നമുക്ക് പോവുക സാദ്ധ്യമല്ല. മദ്രാസിലെ മാത്രമല്ല, നമ്മുടെ പുഴകളുടെ എല്ലാ സ്ഥിതിയും വ്യത്യസ്തമല്ലല്ലോ. എന്നാണ് നമ്മുടെ ദേശവും കാടത്തത്തില്‍ നിന്ന് മനുഷ്യത്വത്തിലേയ്ക്ക് ഒന്ന് വളരുകയെന്ന് ഇതുപോലുള്ള ദൃശ്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു.

    നല്ല വിവരണം, എനിക്ക് ഇഷ്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
  5. വായിച്ചത് ശരിയാണ്..ലൂവര്‍ യൂറോപ്പിലെ ഏറ്റവും നീളമേറിയ കെട്ടിടം തന്നെ!thank u Ajit Bai..

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍2022, ഡിസംബർ 25 6:32 PM

    നോത്രദാ ദേവാലയത്തിൽ എത്തിയ ഫീലിംഗ്.... ചാറ്റൽ മഴത്ത് നിന്ന പ്രതീതി..... നല്ല അവതരണം.... Very nice Habby mam... 👍👍❤️❤️

    മറുപടിഇല്ലാതാക്കൂ