2013, സെപ്റ്റംബർ 7, ശനിയാഴ്‌ച

ഓളങ്ങളില്‍ ഒരു പൂവ്

അയാള്‍ കാത്തു നില്‍ക്കുകയായിരുന്നു കായലോരത്ത്, കാറ്റിന്‍റെ മര്‍മരം ശ്രവിച്ചുകൊണ്ട് .

പച്ച പായലുകള്‍ക്കിടയില്‍ സമൃദ്ധിയില്‍ പടര്‍ന്നു കിടന്ന പാഴ്ച്ചെടികളില്‍ വയലറ്റ് നിറമുള്ള മണമില്ലാത്ത പൂക്കള്‍ കൂട്ടത്തോടെ വിരിഞ്ഞു നിന്നു. 

അവളോ അയാളെ കണ്ടെത്താനുള്ള ഉദ്വേഗത്തിലായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷമുള്ള കണ്ടുമുട്ടല്‍ . ഇല്ല,കാണാതിരിക്കാനാവില്ല.

കായലിന്റെ കാഴ്ചകളില്‍ , പടികടന്നുപോയ ഓര്‍മ്മകള്‍ ഒന്നൊന്നായി കേളികൊട്ടോടെ തിരികേയെത്തുകയായി.

അന്നൊരു നാള്‍ പകുതി ചാരിയ വാതിലിന്‍റെ വിടവിലൂടെ പുറത്തേക്കു നോക്കിയ അവള്‍ കണ്ടു, വിടര്‍ന്ന, വലിയ കണ്ണുകള്‍ . മുറ്റത്തു വിരിഞ്ഞുനിന്നിരുന്ന പത്തുമണി പൂക്കള്‍ക്കരികെയായിരുന്നു അയാള്‍ അപ്പോള്‍ . വിളിച്ചില്ല, പറഞ്ഞില്ല, എന്നിട്ടും ആ നോട്ടത്തിന്റെ അര്‍ത്ഥം അവളറിഞ്ഞു. പുറത്തേക്കു ചെന്നപ്പോള്‍ അയാള്‍ നടന്നു, കൂടെ അവളും.പാഴ്ച്ചെടികള്‍ വളര്‍ന്നു മറഞ്ഞു കിടന്നിരുന്ന കിണറിന്‍റെ വക്കത്ത് അയാളുടെ ഒപ്പം ഇരുന്നു. കിണറിനു ഉള്‍വശത്ത് എവിടെയോ ഇരുന്ന്‌ നീല പ്രാവുകള്‍ കുറുകുന്നുണ്ടായിരുന്നു. പച്ചപ്പടര്‍പ്പിന്റെ നിഴലുകള്‍ വീണു കിടന്ന വെള്ളം നിശ്ചലമായിരുന്നു.

"വിരസമായ ദിനങ്ങള്‍ക്ക് യുഗങ്ങളേക്കാള്‍ ദൈര്‍ഘ്യമായിരുന്നു.....! തിരിച്ചെത്താനുള്ള വെമ്പലിലായിരുന്നു ഞാന്‍ ”.

ഒരു ദൂര യാത്രയിലുളവായ ക്ഷീണത്തേക്കാള്‍ അയാളുടെ വാക്കുകളില്‍ നിറഞ്ഞത്‌ തന്നെ അകന്നു നിന്നതിന്‍റെ വേദനയാണെന്ന അറിവില്‍ അവള്‍ അഹങ്കരിച്ചു.

“കൈ കാണിക്കു” അയാള്‍ പറഞ്ഞു.

നാണത്തോടെ നീട്ടിയ കയ്യില്‍ അയാള്‍ വച്ചു കൊടുത്തത് ഒരു ചന്ദന ചെപ്പും, അതിലൊരു ഇന്ദ്ര നീലം പതിച്ച വെള്ളി മോതിരവും.

ആദ്യത്തെ സ്നേഹോപഹാരം!. അയാളത് അവളുടെ മോതിരവിരലിൽ അണിയിച്ചു.

അയാള്‍ നല്‍കിയ സമ്മാനങ്ങള്‍ ഓരോന്നും അലമാരിയിലെ പ്രത്യേക അറയ്ക്കുള്ളില്‍ അവള്‍ സൂക്ഷിച്ചു വച്ചു. കൂട്ടത്തില്‍ മിന്നുന്ന മഞ്ഞയില്‍ വാടാമല്ലികള്‍ വാരി വിതറിയ ഒരു പട്ടുചേലയും.
വാരിച്ചുറ്റിയ മഞ്ഞ ചേലയില്‍ അവളെ കണ്ടപ്പോഴുള്ള അയാളുടെ ഇമ വെട്ടാതെയുള്ള നോട്ടം, ആ പട്ടിന്‍റെ മിനുപ്പില്‍ പിന്നീടെല്ലായ്പ്പോഴും മയങ്ങിക്കിടന്നു.

“സാരിയില്‍ നീയൊരു കല്ല്യാണികുട്ടിയാണ്, നിനക്കേറ്റവും ചേരുന്നതും അത് തന്നെ”! അത് കേട്ട് അവളുടെ നുണക്കുഴികള്‍ വിരിഞ്ഞു.

ഓളങ്ങളില്‍ ഉലഞ്ഞ കെട്ടുവള്ളത്തില്‍ ചകിതയായിരുന്നപ്പോള്‍ അയാളെ ചുറ്റിപ്പിടിച്ച തന്‍റെ കരതലങ്ങളെടുത്ത് ലാളിച്ച ആ നിമിഷത്തിലായിരുന്നു ആദ്യ സ്പര്‍ശം. തുടിക്കുന്ന നെഞ്ചിന്‍റെ താളത്തില്‍ ലയിച്ച് സ്വയം മറന്നു നില്‍ക്കുമ്പോള്‍ നെറുകയില്‍ വീണ ചുടു നിശ്വാസങ്ങളേറ്റു ഉണര്‍ന്നത് പിന്നീട്.

ഒടുവില്‍ ഓര്‍മകളും ഒരു ചെപ്പിലാക്കി മനസ്സിന്‍റെ ഉള്ളറയില്‍ നിക്ഷേപിക്കേണ്ടിവരുമെന്ന് അവള്‍ നിനച്ചുകാണില്ല.

മഴ തൂളി തുടങ്ങിയിരുന്നു.

“അയാള്‍ എവിടെയാണ് നില്‍ക്കാമെന്നു പറഞ്ഞത്”? അവള്‍ തിരഞ്ഞു.

അകലെ ഒരു കെട്ടുവള്ളം കാഴ്ചയില്‍ നിന്നും മറയുന്നു.

തണുത്ത കാറ്റില്‍ ഇളകിയ അളകങ്ങളെ മാടിയൊതുക്കി തിരിഞ്ഞപ്പോള്‍ അവള്‍ കണ്ടു, 
അവിടെത്തന്നെ, കായല്‍ക്കരയില്‍ , അതേ സ്ഥലത്ത് നില്‍പ്പുണ്ട്.

“വരില്ലെന്നാണ് കരുതിയത്‌”. വിവശമായ ഒരു ചിരിയോടെ അയാള്‍ അടുത്തേക്ക് ചെന്നു.

“വരാതിരിക്കാന്‍ കഴിയില്ലല്ലോ”! അവള്‍ മന്ദഹസിച്ചു.

ചെമ്പിച്ച മുടികളില്‍ പലയിടത്തും നരവീണിട്ടുണ്ട്. അല്പം തടിച്ചിട്ടുണ്ട്. കായലോളം ആഴമുള്ള വിടര്‍ന്ന കണ്ണുകളില്‍ ഇപ്പോഴും അതേ മാസ്മര ഭാവം! ഒരു നോക്കില്‍ അവള്‍ അയാളെ മുഴുവനായും ഒപ്പിയെടുത്തു.

തനിക്കും ഉണ്ടാവില്ലേ പ്രായം കോറിയിട്ട മുദ്രകള്‍ വരുത്തിയ മാറ്റങ്ങള്‍ .. എന്തെങ്കിലും പറയാതിരിക്കില്ല. ഒരു പക്ഷേ ,തന്‍റെ ഈ വരവുതന്നെ അയാള്‍ അപക്വമായി കരുതിക്കാണുമോ?! അതായിരുന്നു അവളെ കൂടുതല്‍ ജിജ്ഞാസുവാക്കിയത്.

തീക്ഷ്ണമായ കണ്ണുകള്‍ തന്നെ ചൂഴ്ന്നെടുക്കുന്നുവെന്ന തോന്നലില്‍ അവള്‍ക്കു വല്ലായ്മ തോന്നിയെങ്കിലും, എന്നത്തേയും പോലെ അവളതിഷ്ടപ്പെട്ടു.

എന്ത് പറഞ്ഞു തുടങ്ങണം?. കടലോളം കഥകള്‍ കൈമാറണമെന്ന് മോഹിച്ചതെല്ലാം വെറുതേയാവുമോ?.....

അവളുടെ ആത്മഗതം കേട്ടിട്ടെന്നോണം മൗനം ഭഞ്ജിച്ചുകൊണ്ട് അയാള്‍ പറഞ്ഞു,
“നമുക്കു നടക്കാം”
പറയും മുന്‍പേ അവളും നടന്നു തുടങ്ങിയിരുന്നു.

“ഒരുപാട് വൈകിയാല്‍ ബുദ്ധിമുട്ടാകും. ഭാര്യയുണ്ട്, ഒരു തൊട്ടാവാടിയാണ്. പിന്നെ മകളും”.

നാലഞ്ചു വർഷം മുൻപായിരുന്നു അയാളുടെ വിവാഹം. ബഹുകേമമായിരുന്നുവെന്നാണ് 
 കേട്ടത് . പൊന്നുകൊണ്ടു മൂടിയിട്ട് വധുവിനെ കാണാനില്ലായിരുന്നൂത്രേ!

കൂടുതല്‍ കേള്‍ക്കാനിഷ്ടപ്പെടാതെ അവള്‍ പറഞ്ഞു,

“ഉവ്വ്, ഞാന്‍ അറിയുന്നുണ്ടായിരുന്നു”.

തനിക്കിനി ആ ജീവിതത്തില്‍ ഇടമില്ലെന്നാണോ അര്‍ത്ഥമാക്കുന്നത്? താനുമത് ആഗ്രഹിക്കുന്നില്ലല്ലോ!. 

അവള്‍ അസ്വസ്ഥയായി.

“ഞങ്ങള്‍ കാനഡയില്‍ സ്ഥിരമാക്കി. അദ്ദേഹവും, മകനും ഇത്തവണ വന്നില്ല, അവര്‍ക്ക് നാടിനോടുള്ള ഇഷ്ടം എന്നോ നഷ്ടമായിക്കഴിഞ്ഞിരിക്കുന്നു!”. 

അവള്‍ നടത്തം നിര്‍ത്തിയിട്ട് ചോദിച്ചു , 

“പക്ഷേ....എനിക്കീ വേരുകള്‍ എളുപ്പത്തില്‍ മുറിച്ചു മാറ്റാനാവുമെന്നു കരുതുന്നുണ്ടോ”? 

“ഒന്നും ഇങ്ങനെയായിതീരരുതായിരുന്നു” അയാള്‍ വരണ്ട ശബ്ദത്തില്‍ തുടര്‍ന്നു.

“തെറ്റ് എന്റെതായിരുന്നില്ലല്ലോ.? അവള്‍ ചൊടിച്ചു .

“ആഗ്രഹിച്ചതെന്തോ...നേടിയത് മറ്റെന്തോ...” ഒരു പതര്‍ച്ചയോടെയാണ് അയാളത് പറഞ്ഞത്.

“ഇനിയും ഉണങ്ങാത്ത മുറിവുകള്‍ ..., എന്നിട്ടും ദാ നോക്കു ഞാന്‍ തേടി വന്നില്ലേ?”

അവള്‍ തന്‍റെ സ്നേഹത്തിന്‍റെ ആഴം അറിയിക്കാന്‍ ശ്രമിച്ചു..

“നീ ഇപ്പോഴും ആ പഴയ കാ‍ന്താരി തന്നെ”!

അയാള്‍ അവളുടെ മൂക്കിന്‍ തുമ്പു ഞെരിച്ചുകൊണ്ട് പറഞ്ഞു.

“ഒന്ന് കാണുവാനുള്ള ആഗ്രഹം തീവ്രമായിരുന്നു. ഇനിയൊരു വരവ് അടുത്തൊന്നും.........” 
അവള്‍ മുഴുവനാക്കിയില്ല.

“നീയെവിടെയായിരുന്നാലും എന്റെ മനസ്സിലെന്നും...” 

അയാളും അര്‍ദ്ധവിരാമത്തില്‍ നിര്‍ത്തി.

ഓര്‍ക്കാനിഷ്ടപ്പെടാത്ത ഇന്നലെകള്‍ .. എന്നിട്ടും, അവള്‍ സ്നേഹിച്ചു, നിഷ്കാമമായ സ്നേഹം.... 

ചാറ്റല്‍ മഴക്കു ശക്തി കൂടിയപ്പോള്‍ കായല്‍ പരപ്പില്‍ വീണ ഉദകപ്പോളകള്‍ കൊച്ചു വൃത്തങ്ങളായി നൃത്തം വച്ചു. 

അയാള്‍ അവളുടെ കയ്യിലിരുന്ന പൂക്കളുടെ ചിത്രമുള്ള കുട വാങ്ങി നിവര്‍ത്തി. തോളിലൂടെ ചുറ്റിപ്പിടിച്ച കൈകളേകിയ ചൂടിലും അവള്‍ മഴയുടെ കുളിരറിഞ്ഞു. മഴയില്‍ അലിഞ്ഞുചേര്‍ന്നു നടക്കുമ്പോള്‍ അവര്‍ക്കിടയിലുണ്ടായിരുന്ന അകലം നേര്‍ത്തു വന്നു. അവളുടെ വിരലിലെ ഇന്ദ്രനീലത്തിന്റെ മോതിരത്തിൽ അയാ
ള്‍
 ചുണ്ടുകൾ അമർത്തി.
 അവര്‍ നടന്നുകൊണ്ടേയിരുന്നു. ജന്മജന്മാന്തരങ്ങളായി അവര്‍ അതു തുടരുകയായിരുന്നുവെന്നപോലെ.  

“നിനക്കിപ്പോഴും അരിമുല്ലപ്പൂവിന്‍റെ മണമാണ്”!
അയാള്‍ പറഞ്ഞപ്പോള്‍ കാറ്റില്‍ പരന്ന കൊച്ചരിമുല്ലയുടെ സുഗന്ധം ഒരത്ഭുതമായി അവളും അറിഞ്ഞു.

കാറിന്‍റെ സീറ്റില്‍ അവള്‍ ചാഞ്ഞിരുന്നു. വണ്ടിയോടിക്കുന്നതിനിടയില്‍ ഒരു നോട്ടത്തില്‍ ഉടക്കിയ കണ്ണുകള്‍ പിന്‍വലിക്കാനാവാതെ അവള്‍ വ്രീളാവിവശയായി. ജനിമൃതികള്‍ മറന്നിരുന്ന കുറെ നിമിഷങ്ങള്‍ അവര്‍ക്ക് മാത്രമായി പിറന്നുവീണു.

“ഇങ്ങനെ നോക്കാതെ!..”

ആ പ്രായത്തിലും അവളുടെ കവിളുകളില്‍ മിന്നിമറയുന്ന അരുണോദയം!

അയാള്‍ കണ്ണാടിയിലൂടെ നോക്കി ചിരിച്ചു..

“ഇനിയും കുറേ ദൂരമുണ്ടോ”? അവള്‍ ചോദിച്ചു.

“ഇല്ല, ഏതാനും നിമിഷങ്ങള്‍ ”.

“കുറെ നേരം കൂടി ഇങ്ങനെ യാത്ര ചെയ്യാമായിരുന്നു”! അവള്‍ നൈരാശ്യം പ്രകടിപ്പിച്ചു.

“വിമാന താവളത്തിലെത്താന്‍ വൈകും”. അയാള്‍ തിടുക്കപ്പെട്ടു.

അയാള്‍ക്കായിരുന്നു എപ്പോഴും തിരക്കെന്ന് അവള്‍ ഓര്‍ക്കാതിരുന്നില്ല.

വിട പറയുമ്പോള്‍ വാക്കുകള്‍ക്കായി ചികഞ്ഞു.

മനസ്സിലാരോ ഒരു പിടി തീക്കനല്‍ കോരിയിട്ട പ്രതീതി.!

ഒരു പേമാരിക്കുള്ള ഒരുക്കത്തില്‍ ആകാശം വീണ്ടും തമോവൃതമായി.
തന്‍റെ തപ്തനിശ്വാസങ്ങളില്‍ നിന്നും ഒരു ചക്രവാതം ഉരുത്തിരിഞ്ഞു വരുന്നതറിഞ്ഞുകൊണ്ട് അവള്‍ തിരിഞ്ഞു നോക്കാതെ നടന്നകന്നു.

19 അഭിപ്രായങ്ങൾ:

  1. അയാള്‍ അവളുടെ കയ്യിലിരുന്ന പൂക്കളുടെ ചിത്രമുള്ള കുട വാങ്ങി നിവര്‍ത്തി. തോളിലൂടെ ചുറ്റിപ്പിടിച്ച കൈകളേകിയ ചൂടിലും അവള്‍ മഴയുടെ കുളിരറിഞ്ഞു. മഴയില്‍ അലിഞ്ഞുചേര്‍ന്നു നടക്കുമ്പോള്‍ അവര്‍ക്കിടയിലുണ്ടായിരുന്ന അകലം നേര്‍ത്തു വന്നു. അവര്‍ നടന്നുകൊണ്ടേയിരുന്നു. ജന്മജന്മാന്തരങ്ങളായി അവര്‍ അതു തുടരുകയായിരുന്നുവെന്നപോലെ...

    മറുപടിഇല്ലാതാക്കൂ
  2. വീണ്ടുമൊരു സംഗമം
    കഥ നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  3. ഇന്ന് പുനഃസമാഗമത്തിന്റെ ദിവസമാണോ?

    മുല്ലയുടെ ഒരു കഥ വായിയ്ക്കൂ:
    http://mimmynk.blogspot.com/2013/09/blog-post_9.html

    മറുപടിഇല്ലാതാക്കൂ
  4. your അമ്മൂമ്മ is still there?
    she seems to know a lot of beauty tips.. well which അമ്മൂമ്മ doesnt. alle?

    മറുപടിഇല്ലാതാക്കൂ
  5. ഞാനും ഇപ്പോൾ മുല്ലയുടെ കഥ വായിച്ചതെയുള്ളൂ .മനസ്സിൽ ഓർത്തത്‌ തന്നെ അജിത്തേട്ടനും പറഞ്ഞിരിക്കുന്നു.
    ഇഷ്ട്ടായി ഈ കഥയും .

    മറുപടിഇല്ലാതാക്കൂ
  6. മുല്ലയുടെ കഥ നന്നായിരിക്കുന്നു.... ഒരു എം. ടി ടച്ച്‌. ഉണ്ട്. പക്ഷേ എന്റെ കഥ അതിനു അടുത്തു പോലും എത്തില്ല. ഒരു ഭാവന ഇട്ടു നോക്കിയതാണ്. എല്ലാ comments നും നന്ദി..

    മറുപടിഇല്ലാതാക്കൂ
  7. ബന്ധങ്ങളുടെ നൊസ്റ്റാൾജിയ മഴയാണ് കൂടുതൽ അടുപ്പിച്ചത്

    മറുപടിഇല്ലാതാക്കൂ

  8. ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ പഴയ കുറെ ഓര്‍മ്മകള്‍ ഇങ്ങനെ പിന്നില്‍ നിന്ന് വിളിക്കുന്നത്‌ പോലെ ഒരു തോന്നല്‍ .........ഏല്ലാവരും ഇതു പോലെ ഉള്ള കണ്ടു മുട്ടലുകള്‍ പ്രേധിശിക്കുണ്ടാവും ...കഥ നല്ല മനോഹരമായിരിക്കുന്നു ...........

    മറുപടിഇല്ലാതാക്കൂ
  9. അയാൾ ...
    ഈ ഞാൻ തന്നെയായിരുന്നുവോ..?
    ചുമ്മാ വായിച്ചപ്പോൾ സ്വന്തം
    കഥയാണിതെന്ന് നിനച്ചുപോയി ...!

    മറുപടിഇല്ലാതാക്കൂ
  10. ഹാബി എന്നാണ് എഴുതി തുടങ്ങിയത്? നന്നായിട്ടുണ്ട് .കൂടുതൽ ഇഷ്ടപെട്ടത് അവസാനത്തെ രണ്ടു കഥകളാണ് . ഇത്രയും ചെറിയ കഥകളിലുടെ പറയാനുള്ളത് പറയാന് കഴിയുന്നത്‌ വലിയ കാര്യമാണ് .പിന്നെ , വാക്കുകളിലുടെ ദൃശ്യം വരയ്ക്കുന്നതാണ് ഏറ്റവും നന്നായിരിക്കുന്നത്‌. ഭാഷ കുറച്ചു കൂടി ശ്രദ്ധിക്കണം എന്ന് തോന്നുന്നു.ഒരു പാട് എഴുതകാര് ഉപയോഗിച്ചതു ഒഴിവാക്കാന് ശ്രദ്ധിച്ചാല് കൊള്ളാം. You can!


    മറുപടിഇല്ലാതാക്കൂ
  11. ചന്ദനച്ചെപ്പും ഇന്ദ്രനീലം പതിച്ച വെള്ളി മോതിരമണിഞ്ഞ ചെറുവിരലും പിന്നെ വാരിച്ചുറ്റിയ മഞ്ഞ സാരിയിലെ വാടമല്ലിയും അതണിഞ്ഞ കല്യാണിക്കുട്ടിയും " ഹൃദയഹാരിയായ ഒരു പ്രണയകഥ.

    മറുപടിഇല്ലാതാക്കൂ
  12. മനോഹരമായിട്ടുണ്ട്, പല വരികളും ലാളിത്യവും മനോഹാരിതയും കലർന്ന് വായനക്കാരനെ വല്ലാതെ രസിപ്പിക്കുന്നു.. ഇഷ്ടായി ശരിക്കും

    മറുപടിഇല്ലാതാക്കൂ
  13. കഥ തീരുമ്പോൾ മനസ്സിലും ഒരു മേഘം കറുത്ത് നിറയുന്നു.

    മറുപടിഇല്ലാതാക്കൂ