2013, സെപ്റ്റംബർ 14, ശനിയാഴ്‌ച

എനിക്കായൊരുങ്ങിയ പൊന്നോണങ്ങള്‍ !





കൊയ്ത്തും മെതീം കഴിഞ്ഞ് പത്തായങ്ങളില്‍ പുന്നെല്ല് ........... . കൊച്ചു കയ്യാലപ്പുരയില്‍ കായക്കുലകളും! നേന്ത്രപഴം, കണ്ണന്‍ , കദളി , പൂവന്‍ , പാളയന്തോടന്‍ , ഞാലിപ്പൂവന്‍ , റോബസ്റ്റ്..... കാഴ്ചയിലേ മനസ്സ് നിറയുന്ന ഒന്നിനൊന്നു മികച്ച പഴക്കുലകള്‍ !

കലവറയില്‍ തകര ചെപ്പുകളില്‍ , ഏത്തക്കായ വട്ടത്തിലരിഞ്ഞു വറുത്തു കോരിയതും  ശര്‍ക്കരവരട്ടിയും!



ഓണത്തിനുള്ള ഒരുക്കങ്ങളാണ്. 

“അമ്മിണികളേ......ബാ.... ഞമ്മക്ക് പാടത്ത് പോയി ചളി എടുത്തു കൊണ്ട് വരാം”.

മാമ്വേട്ടന്‍ വിളിക്കുമ്പോള്‍ , 

“എന്തിനാ മാമ്വേട്ടാ ചളി”? എന്ന് ഞാന്‍ ചോദിക്കും.

“ഞമ്മക്ക് തൃക്കാക്കരയപ്പനെ ഉണ്ടാക്കണ്ടേ വാവക്ടാവേ... അതിനു കളിമണ്ണു വേണം”.

ഞാന്‍ മാമ്വേട്ടന്റെ പിന്നാലെ നടക്കും.

പറമ്പിന്റെ അങ്ങേ അറ്റത്ത്‌ ഞാറു നടാനുള്ള നാല് കണ്ടങ്ങളുണ്ട്, മാമ്വേട്ടന്‍ കയ്ക്കോട്ടു കൊണ്ട് കണ്ടത്തില്‍ ആഞ്ഞു കിളച്ച് ഏറ്റവും അടിയിലെ പശപോലുള്ള മണ്ണെടുക്കും. പിന്നെ കളത്തില്‍ കൊണ്ടിട്ട് വെള്ളം ചേര്‍ത്ത് കുഴച്ച് ഉരുട്ടി, അടിച്ചു പരത്തി നീണ്ട ത്രികോണത്തിന്റെ ആകൃതിയിലാക്കുന്നതും നോക്കി നില്‍ക്കുന്ന അമ്മയോട് ചോദിക്കും,

“ചേടത്ത്യേയ് ..എത്ര എണ്ണം വേണം?”

“അഞ്ചാറെണ്ണം ആയിക്കോട്ടെ മമ്വോ... ഉമ്മറത്തും പിന്നെ മാവിന്‍ തറയിലും വയ്ക്കണ്ടേ”?

“വനജേ... ആ ചെങ്കല്ലെടുത്തു ഉരച്ചു ചാന്തുണ്ടാക്കി വയ്ക്കു..”

അമ്മ മറ്റു കാര്യങ്ങളിലേക്ക് കടക്കും..

മാമ്വേട്ടന്‍ എനിക്കും തരും ഒരു കുഞ്ഞു തൃക്കാക്കരയപ്പനെ! ഞാന്‍ അതിനെ മിനുക്കി കുട്ടപ്പനാക്കി വക്കും.

പൂക്കുലകള്‍ കുത്താനുള്ള കൊച്ചു സുഷിരങ്ങളിട്ട, ചെങ്കല്ലരച്ചു തേച്ച തൃക്കാക്കരയപ്പന്മാര്‍ വെയിലത്ത്‌ കിടന്നുണങ്ങി ഉറയ്ക്കുന്നതുവരെ കാത്തിരിക്കണം.

ഏതൊക്കെ പൂക്കള്‍ വയ്ക്കണം? അത്തക്കളമിടാന്‍ പറിക്കുന്ന പൂക്കളില്‍ എനിക്കേറ്റവും ഇഷ്ടം മഞ്ഞ കോളാമ്പിപ്പൂവും ചെമപ്പ് കൊങ്ങിണിപ്പൂവും പിന്നെ വേലിയില്‍ ഒരു കുറ്റിച്ചെടി പോലെ വലുതായി നില്‍ക്കുന്ന കണലി മരത്തില്‍ തുരുതുരാന്നു പൂക്കുന്ന നീല പൂക്കളുമാണ്. മഞ്ഞ നിറത്തില്‍ മണികള്‍ പോലുണ്ടാകുന്ന കണലിക്കായകള്‍ക്കും ചാരുതയേറെയാണ്. മാമ്വേട്ടന്‍ ഉണ്ടാക്കിത്തരുന്ന മുളകൊണ്ടുള്ള കൊട്ടത്തോക്കിനുള്ളില്‍ കണലിക്കായകളിട്ട് ഞാനും ഭരതനും “ടിഷ്യും…. ടിഷ്യും…” എന്ന് പൊട്ടിച്ചു കളിക്കാറുണ്ട്.

രണ്ടോ മൂന്നോ ഓണങ്ങള്‍ക്ക് അമ്മായിമാരും കുട്ട്യോളും വിരുന്നിനെത്തിയതോര്‍മ്മയുണ്ട്. ആ ഉത്രാട രാത്രികള്‍ വലിയവരുടെ ഉത്സവമേളമായിരുന്നു. പെങ്ങന്മാരെ കണ്ടാല്‍ പിന്നെ അച്ഛനു അവര് മതി എന്നും പറഞ്ഞു അമ്മ അടുക്കളവശത്ത് കെറുവിച്ചു നില്‍ക്കും. ഏറ്റവും ഇളയ അമ്മായി അമ്മയുടെ കഴുത്തിലൂടെ കൈച്ചുറ്റി പിടിച്ചു വലിച്ചു കൊണ്ട് പറയും, 

“ഡി മണിച്ചീ... ( എന്റെ അമ്മയെ കൊച്ചമ്മായി അങ്ങനെയാണ് വിളിക്കാറ്) നീ കുശുമ്പു വിചാരിച്ചിട്ട് കാര്യല്ല്യ, “കൊച്ചു കുഞ്ഞേട്ടന്” ഞങ്ങള്‍ കഴിഞ്ഞേ നീയുള്ളു, പക്ഷേ, ഇതിപ്പോ രണ്ടു ദിവസത്തെ കാര്യല്ലേ ഉള്ളൂ ? ഞങ്ങളങ്ങു പോകുമ്പോള്‍ എന്റെ കുഞ്ഞാങ്ങളയെ നീ മുഴുവനായും എടുത്തോളൂ”.

അപ്പോ അമ്മ ചിരിച്ചുകൊണ്ട് അവരുടെ കൂടെ കൂടും. പിന്നെ പാതിരാത്രിയാവോളം കഥപറച്ചിലായി, കളിയാക്കലായി...ഞങ്ങള്‍ ബഹളം വച്ചുകൊണ്ട് ഊഞ്ഞാലില്‍ മത്സരിച്ചാടും. അതിനിടയില്‍ തൃക്കാക്കരയപ്പനെ വെളുത്ത പുള്ളികള്‍ കൊണ്ട് അലങ്കരിക്കും. ഇലയില്‍ നിറച്ച തുമ്പപ്പൂക്കളില്‍ വച്ച് ചെത്തിപൂക്കുല ചാര്‍ത്തും, ഇലയടയുണ്ടാക്കി വയ്ക്കും.തേങ്ങ വെട്ടി അതില്‍ തുളസിയില ഇട്ട് ഓണം കൊള്ളും,അച്ഛനും മാമ്വേട്ടനും ഉറക്കെ ആര്‍പ്പാര്‍പ്പോ...... വിളിക്കും.

അമ്മ എല്ലാവരെയും വിളിച്ചു ഓണപ്പുടവ തരും. ചേച്ചിക്ക് ചിന്നാടന്‍ പട്ടിന്‍റെ പാവാടേം ബ്ലൗസും, എനിക്കും കോവിക്കും പുള്ളിപാവാടേം കള്ളിപാവാടേം, കിളിക്കും ഉണ്ണിക്കും കൊച്ചുടുപ്പുകള്‍ , അമ്മക്കു പതിവ് പോലെ കറുത്ത ബ്ലൗസും വോയില്‍ സാരിയും.! വനജേച്ചിക്കും മാമ്വേട്ടനുമുള്ള ഓണപ്പുടവകള്‍ വേറെ! 

ഞാനും കോവീം ചേച്ചീടെ ചിന്നാടന്‍ പട്ടിന്മേല്‍ ദൃഷ്ടിയുറപ്പിച്ചു നില്‍ക്കുമ്പോള്‍ അച്ഛന്‍ ചോദിക്കും, 

“ഇഷ്ടായില്ലേ കുട്ട്യോള്‍ക്ക്”? 

ഞാന്‍ ഉവ്വെന്നു തലയാട്ടുമ്പോള്‍ തുമ്പപൂവിനും പൂവടയ്ക്കുമിടയിലിരുന്നു തൃക്കാക്കരപ്പനെന്നെ നോക്കി ചിരിക്കും.

പുത്തനുടുപ്പുകള്‍ അണിഞ്ഞ് പുല്ലു പായയില്‍ ചമ്രം പിണഞ്ഞിരുന്ന് നാക്കിലയില്‍ വിളമ്പിയ ഊണ് കഴിക്കാനുള്ള തിരക്കാണ് പിറ്റേന്ന്. ഓണസദ്യയില്‍ എന്നും കെങ്കേമന്‍ ഞങ്ങളുടെ വീട്ടുവളപ്പില്‍ ഉണ്ടാക്കിയിരുന്ന പച്ചപ്പയര്‍ ഉരിച്ച്‌ കാച്ചി ഉലര്‍ത്തിയ ആ വിഭവം തന്നെ!. വിറകടുപ്പില്‍ വച്ച വലിയ കുഴിയുള്ള കാഞ്ഞ ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് ഇടിച്ച മുളകും ചെറുള്ളിയും ചേര്‍ത്ത് അമ്മ ഉലര്‍ത്തിയെടുക്കുന്ന മണിപ്പയറോളം ഇഷ്ടപ്പെട്ട ഒരു ഓണ വിഭവം വേറെയുണ്ടെന്നു എനിക്ക് തോന്നിയിട്ടില്ല.

“മാമ്വോ... ആ കസേരകളൊക്കെ വട്ടത്തില്‍ ചേര്‍ത്തിട്ടേക്കൂ, ചീട്ടുകളി തുടങ്ങണ്ടേ?” 

അച്ഛന്‍ എന്നുമില്ലാത്ത ഉത്സാഹത്തോടെ പറയുമ്പോള്‍ അമ്മ മുഖം കനപ്പിക്കും. 

നാട്ടു പ്രമാണിയും അല്‍പ്പം അന്തര്‍മുഖനുമായ അച്ഛനെ ഭയഭക്തിബഹുമാനത്തോടെ മാത്രം കണ്ടിരുന്നവര്‍ക്ക് പോലും അടുത്തിരുന്നു ചീട്ടു കളിക്കാനുള്ള സുവര്‍ണ്ണാവസരമാണ്! വിരുന്നുകാര്‍ക്കു വേണ്ടി എപ്പോഴും ഒരുങ്ങിക്കിടന്നിരുന്ന കിഴക്കേ മുറി ചീട്ടുകളിക്കാര്‍ക്ക് ഇരിക്കാനുള്ള ഇടമായി മാറും. ഞങ്ങള്‍ക്ക് പ്രവേശനവും നിഷേധ്യമാവും. കയ്യില്‍ വിശറി പോലെ പരത്തിപ്പിടിച്ച ചീട്ടുകളുമായി അവര്‍ ഇരുട്ടും വരെയിരിക്കും. ചിലര്‍ പച്ചീര്‍ക്കിലിയില്‍ കോര്‍ത്ത മച്ചിങ്ങ കാതിലണിഞ്ഞും ചിലര്‍ പ്ലാവില കൊണ്ടുള്ള തൊപ്പി തലയില്‍ വച്ചും ഇരിക്കുന്നത് ഇടയ്ക്കിടെയുള്ള ഒളിഞ്ഞു നോട്ടങ്ങളില്‍ ഞാന്‍ കാണും. 

മുറിയിലെ കസേരകളും മേശകളും എന്ന് വേണ്ടാ കട്ടിലുപോലും, വലിച്ചും തിരിച്ചും മറിച്ചും കളിക്കാര്‍ ഒടിച്ചിട്ടു പോകുമ്പോള്‍ , സന്തോഷമോ, സങ്കടമോ എന്നറിയാത്ത ഒരു ഭാവത്തോടെ അമ്മ പൂമുഖത്തിരിക്കും. അന്ന് അമ്മ എങ്ങോട്ടും പോകില്ല. തറവാട്ടമ്മയായ എന്റെ അമ്മയെ കാണാന്‍ വല്യമ്മമാരും മറ്റു ബന്ധുക്കളും വീട്ടിലെത്തുകയാണ് പതിവ്. 

ഞങ്ങള്‍ മാമ്വേട്ടന്റെ കൂടെ ഓണംകളി കാണാന്‍ പോകും. ഓണംകളിയുടെ തലതൊട്ടപ്പന്മാരായ അമ്മിണ്യേച്ചീം സംഘവും വലിയ വട്ടത്തില്‍ നിരന്ന് ചാടി മറിഞ്ഞ് കൈകൊട്ടികളിക്കുന്നത് കാണാന്‍ നാട്ടുകാര്‍ ഒത്തു കൂടും. 

“കോഴി കൂവുന്നൊരു ശബ്ദം കേട്ടു....

ഗൗതമന്‍ സ്നാനത്തിനായി പോയീ .......”

പ്രത്യേക ഈണത്തില്‍ നീട്ടിപ്പാടുന്ന കൈക്കൊട്ടിക്കളിയുടെ പാട്ടുകള്‍ അധികവും പുരാണ കഥകളാകും.

ക്ഷീണമേതുമില്ലാതെ അവര്‍ തകര്‍ത്ത് മുന്നേറുമ്പോള്‍ മണ്ണിലും, മതിലിലും മരത്തിലുമൊക്കെ ഇരുന്നു മടുപ്പില്ലാതെ ഞങ്ങള്‍ കളി കാണും.

രണ്ടാം ഓണത്തിന് മാമുവേട്ടനോ അയല്‍പക്കത്തെ അമ്മായിയോ ഞങ്ങളെ സിനിമക്കു കൊണ്ടുപോകും. മാമ്വേട്ടന്റെയും അമ്മായീടെയും കുട്ട്യോളും കൂടെയുണ്ടാകും.. വയലുകളും പറമ്പുകളും താണ്ടി കൊടകരയുള്ള ഓല ടാക്കീസിലേക്ക്!. അമ്പാടി, ദ്വാരക, വൃന്ദാവന്‍ .... ഏതെങ്കിലുമൊന്നില്‍ മൂട്ട കടി കൊണ്ടുള്ള സിനിമ കാണല്‍ !  

തൃശൂര് രാഗത്തിലും സ്വപ്നയിലും രാമദാസിലും മാറുന്ന നല്ല സിനിമകള്‍ ഒന്ന് പോലും വിടാതെ കാണിക്കാന്‍ അമ്മയും അച്ഛനും കൊണ്ടുപോകാറുണ്ട്. പക്ഷേ ഓണത്തിന് ഈ ഓലടാക്കീസുവരെ നടന്നെത്തി ബെഞ്ചിലിരുന്നുകൊണ്ടുള്ള സിനിമ കാണല്‍ ഒരു പുതിയ അനുഭവമായിരുന്നു. 

പിന്നെ ചതയാഘോഷം, പുലിക്കളി....നാലും അഞ്ചും ദിവസങ്ങള്‍ നീളുന്ന ആഘോഷങ്ങള്‍ അവസാനിക്കുമ്പോഴേക്കും സ്കൂളുകള്‍ തുറക്കും..... ഇനിയും വരുമെന്ന പ്രതീക്ഷകളില്‍ അടുത്ത ഓണത്തിനുള്ള ആവേശം അപ്പോഴും ബാക്കി വയ്ക്കും. 

പിന്നെ പിന്നെ മാറ്റത്തിന്‍റെ നാളുകള്‍ ! ഓരോ വര്‍ഷവും ഓരോന്നോരോന്നായ് അപ്രത്യക്ഷമായി. പൂവിളിയും ആര്‍പ്പു വിളിയും ഇല്ലാതായി, ഓണങ്ങള്‍ നാല് ചുമരുകളില്‍ , നാലാളുകളില്‍ ഒതുങ്ങി.

പാട്ടിന്റെയും, കളികളുടെയും, തുമ്പികളുടെയും, തുമ്പപ്പൂക്കളുടെയും സ്പന്ദനമേറ്റു വാങ്ങിയ പൊന്നോണങ്ങളൊക്കെയും എങ്ങെങ്ങോ പോയിമറഞ്ഞു! ഓര്‍മകളില്‍ നിന്നു പോലും അവ ഇന്നെത്രയോ ദൂരെ!

എങ്കിലും ഞാന്‍ വിസ്മരിക്കുന്നില്ല , ഇന്ന് ഞാനൊരുക്കീടുന്ന തിരുവോണത്തേക്കാള്‍ ഞാന്‍ ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്നു, അന്ന് എനിക്കായി മാത്രമൊരുങ്ങിയ ആ പോന്നോണങ്ങളെന്ന് !

9 അഭിപ്രായങ്ങൾ:

  1. ഞാനും കോവീം ചേച്ചീടെ ചിന്നാടന്‍ പട്ടിന്മേല്‍ ദൃഷ്ടിയുറപ്പിച്ചു നില്‍ക്കുമ്പോള്‍ അച്ഛന്‍ ചോദിക്കും,

    “ഇഷ്ടായില്ലേ കുട്ട്യോള്‍ക്ക്”?

    ഞാന്‍ ഉവ്വെന്നു തലയാട്ടുമ്പോള്‍ തുമ്പപൂവിനും പൂവടയ്ക്കുമിടയിലിരുന്നു തൃക്കാക്കരപ്പനെന്നെ നോക്കി ചിരിക്കും.

    മറുപടിഇല്ലാതാക്കൂ
  2. Every malayali, where s/he is will be united in spirit during this season to scribble a few lines, speak a few sentences, party a while, recollect the joyous days of Onam celebrations…

    I guess everyone would have memories പൊന്നോണങ്ങള് hidden in hearts

    Happy Onam to you and family…

    മറുപടിഇല്ലാതാക്കൂ
  3. നല്ല ഓർമ്മകൾ നല്ല വരികളിൽ കുറിച്ചിട്ടിരിക്കുന്നു.മനോഹരമായിരിക്കുന്നു എഴുത്ത്.‘പളുങ്കു മണികൾ’ വളരെ ഇഷ്ടമായി.നല്ല അനുഭവങ്ങളിലൂടെയാണു നല്ല എഴുത്തുകൾ പിറക്കുക എന്നു കേട്ടിട്ടുണ്ട്. ഈ ബ്ളോഗ് അതിനു തെളിവാണെന്ന് അല്പം പോലും അതിശയോക്തി കലർത്താതെ പറഞ്ഞു കൊള്ളട്ടെ..

    മറുപടിഇല്ലാതാക്കൂ
  4. പറമ്പിന്റെ അങ്ങേ അറ്റത്ത്‌ ഞാറു നടാനുള്ള നാല് കണ്ടങ്ങളുണ്ട്, മാമ്വേട്ടന്‍ കയ്ക്കോട്ടു കൊണ്ട് കണ്ടത്തില്‍ ആഞ്ഞു കിളച്ച് ഏറ്റവും അടിയിലെ പശപോലുള്ള മണ്ണെടുക്കും. പിന്നെ കളത്തില്‍ കൊണ്ടിട്ട് വെള്ളം ചേര്‍ത്ത് കുഴച്ച് ഉരുട്ടി, അടിച്ചു പരത്തി നീണ്ട ത്രികോണത്തിന്റെ ആകൃതിയിലാക്കുന്നതും നോക്കി നില്‍ക്കുന്ന അമ്മയോട് ചോദിക്കും,Habby aa kalam kannil kanunnu. valare lalithamayi bhangiyayi ezhuthirikkunu. ningalkkevarkkum njagalude Sneham Niranja Onanasamsakal

    മറുപടിഇല്ലാതാക്കൂ
  5. ippol aa onakaloke kathakalile ullu habby.aa nalla kalathileku kurachu neram kondu poyathinu thanks a lot....

    മറുപടിഇല്ലാതാക്കൂ
  6. എല്ലാവര്‍ക്കും എന്റെ സ്നേഹവും നന്ദിയും....

    മറുപടിഇല്ലാതാക്കൂ
  7. പിന്നെ പിന്നെ മാറ്റത്തിന്‍റെ നാളുകള്‍ ! ഓരോ വര്‍ഷവും ഓരോന്നോരോന്നായ് അപ്രത്യക്ഷമായി. പൂവിളിയും ആര്‍പ്പു വിളിയും ഇല്ലാതായി, ഓണങ്ങള്‍ നാല് ചുമരുകളില്‍ , നാലാളുകളില്‍ ഒതുങ്ങി.

    പാട്ടിന്റെയും, കളികളുടെയും, തുമ്പികളുടെയും, തുമ്പപ്പൂക്കളുടെയും സ്പന്ദനമേറ്റു വാങ്ങിയ പൊന്നോണങ്ങളൊക്കെയും എങ്ങെങ്ങോ പോയിമറഞ്ഞു! ഓര്‍മകളില്‍ നിന്നു പോലും അവ ഇന്നെത്രയോ ദൂരെ!


    അതെ അന്നത്തെയൊക്കൊ പോന്നോണങ്ങൾ എങ്ങോ പോയി മറഞ്ഞുകഴിഞ്ഞൂ.

    മറുപടിഇല്ലാതാക്കൂ
  8. "പൂവിളിയും ആര്‍പ്പു വിളിയും ഇല്ലാതായി, ഓണങ്ങള്‍ നാല് ചുമരുകളില്‍ , നാലാളുകളില്‍ ഒതുങ്ങി".

    മറുപടിഇല്ലാതാക്കൂ